Monday, 7 May 2012

വെഞ്ചിരിപ്പ്



ഈ പള്ളിയില്‍ വാഹനങ്ങള്‍ വെഞ്ചിരിക്കുന്നതിന് നിരവധിപ്പേര്‍ വരാറുണ്ട്. എന്തോ.. വിശ്വാസികള്‍ക്ക് പെരുത്ത വിശ്വാസമാണ്. നാട്ടില്‍ വേറെ എത്ര പള്ളികളുണ്ട്. പക്ഷേ ഇവിടുത്തെ വികാരിയച്ചന്റെ ശക്തിയിലുള്ള വിശ്വാസമാകാം.

ഒരു ദിവസം സന്ധ്യക്ക് ഒരു പുത്തന്‍ കാറുമായി ചിലരെത്തി. കാറ് വെഞ്ചിരിക്കുന്നതിന് രാത്രിയോ പകലോ എന്തിനു നോക്കണം. വികാരിയച്ചനും എതിര്‍പ്പില്ല.കപ്യാരേയും കൂട്ടി പ്രാര്‍ത്ഥന പുസ്തകവും അനുബന്ധ സാമഗ്രികളുമായി അച്ചനെത്തി. പ്രാര്‍ത്ഥന പുസ്തകം തുറന്ന് പ്രാര്‍ത്ഥന ആരംഭിക്കാന്‍ തുടങ്ങിയപ്പോളാണ് ശക്തമായി കാററു വീശിയത്. ഉടന്‍ കറണ്ടും പോയി. നമ്മുടെ നാട്ടിലങ്ങനെയാണല്ലോ. ഒരു കാറ്റ് വീശിയാല്‍ മതി അപ്പോള്‍ കറണ്ട് പോകും.

കപ്യാരുടെ സമയോചിതമായ ഇടപെടല്‍ മൂലം മെഴുകുതിരി വെളിച്ചത്തില്‍ വെഞ്ചിരിപ്പ് പൂര്‍ത്തിയാക്കി. എല്ലാവരും പിരിഞ്ഞു.

ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞുകാണും, കാറ് വെഞ്ചിരിക്കാന്‍ വന്നവരില്‍ ഒരാള്‍ പള്ളിമേടയില്‍ ഓടിയെത്തി. അയാളുടെ പരവേശം കണ്ട് അച്ചന്‍ കാര്യം തിരക്കി. അപ്പോഴാണറിഞ്ഞത് വെഞ്ചിരിച്ചുകൊണ്ടു പോയ കാര്‍ തോട്ടില്‍ വീണെന്ന്. അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്ന് പറഞ്ഞ് അച്ചന്‍ തന്റെ മുറിയില്‍ ചെന്ന് പ്രര്‍ത്ഥനപുസ്തകം എടുത്തുനോക്കി. അച്ചന്റെ മുഖത്തെ ജാള്യത കണ്ട് ചോദ്യഭാവത്തില്‍ നിന്ന അയാളോട് അച്ചന്‍ പറഞ്ഞു 'ഒരബദ്ധം പറ്റി. കാറ്റ് വീശി കറണ്ടും പോയ നേരത്ത് പ്രര്‍ത്ഥന പുസ്തകത്തിന്റെ പേജ് മറിഞ്ഞ് പോയി. കാറിന്റെ വെഞ്ചിരിപ്പ് പ്രാര്‍ത്ഥനക്ക് പകരം ചൊല്ലിയത് ബോട്ടിന്റെ വെഞ്ചിരിപ്പ് പ്രാര്‍ത്ഥനയായിരുന്നു.' 

No comments:

Post a Comment