Thursday, 28 March 2013

Good Friday എങ്ങിനെ ദുഖവെള്ളിയായി

Good Friday എങ്ങിനെ ദുഖവെള്ളിയായി എന്ന ചര്‍ച്ച പുതിയതല്ല. അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ മലയാളിക്ക്‌ Good Friday ദുഖവെള്ളി തന്നെയാണ്‌.

പേരിന്റെ ഉദ്‌ഭവത്തിലേയ്‌ക്ക്‌ കടക്കും മുമ്പേ ആധുനിക സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അന്തിയുറങ്ങുകയും ഉണരുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ അറിവിലേക്ക്‌ ദുഖവെള്ളിയുടെ അത്ര പഴക്കമില്ലാത്ത ഒരു ചിത്രം വ്യക്തമാക്കാം.

തലേന്ന്‌ പെസഹാ വ്യാഴം. നിരവധി വീടുകളിലായി രാത്രി ഏറെ വൈകുവോളം അപ്പം മുറിക്കലും പാന വായനയും നടത്തി താമസിച്ച്‌ കിടന്നുറങ്ങുന്ന വിശ്വാസി വെള്ളിയാഴ്‌ച രാവിലെ പള്ളിയില്‍ പോകുകയും ഉപവാസമാചരിക്കുകയും ചെയ്‌തിരുന്നു. വേഗത്തില്‍ നടക്കാനോ, ചാടാനോ , ഉച്ചത്തില്‍ സംസാരിക്കാനോ, ചിരിക്കാനോ , കളിക്കാനോ കുട്ടികളെപ്പോലും അനുവദിച്ചിരുന്നില്ല. അത്ര തീവ്രമായിരുന്നു അക്കാലത്ത്‌ ദുഖാചരണം.

ഇന്നത്തെ സ്ഥിതി അറിയാമല്ലോ......................

തിരുവെഴുത്തുകള്‍ കിറുകൃത്യമായി പൂര്‍ത്തീകരിക്കപ്പെട്ടതിന്‌ നാം സന്തോഷിക്കുകയല്ലേ വേണ്ടത്‌ ?
പണ്ട്‌ ഈ ചോദ്യം പലരോടും ചോദിച്ചിട്ടുണ്ട്‌
പക്ഷേ ഇപ്പോള്‍ ഞാനറിയുന്നു ദുഖം മലയാളിക്കു മാത്രമാണെന്ന്‌
നമുക്ക്‌ ആരെങ്കിലും നന്നാവുന്നത്‌ കണ്ടു കൂടല്ലോ.
ഇത്‌ വെറും ബഡായിയല്ല.
തമിഴന്‌ ഇത്‌ "പുനിത വെള്ളി". അതായത്‌ പുണ്യവെള്ളി.
കന്നഡക്കാരന്‌ "ശുഭ്‌ ശുക്രവാര്‍" . എന്നുവെച്ചാല്‍ നല്ല വെള്ളി.
തെലുങ്കനോ "തെഡ ശുക്രവാരം". തെഡ എന്നാല്‍ വലുത്‌ എന്നര്‍ത്ഥം.
ഹിന്ദിക്കാര്‍ക്കാകട്ടെ "പവിത്ര ശുക്രവാര്‍".

ഒരു പേരിലെന്തിരിക്കുന്നു എന്ന്‌ ചോദിച്ച്‌ നമുക്കവസാനിപ്പിക്കാം.
കോങ്കണ്ണിക്ക്‌ കമലാക്ഷിയെന്നും കോന്ത്രപ്പല്ലന്‌ മനോഹരന്‍ എന്നും മഹാപാപിക്ക്‌ പയസ്‌ എന്നും ഒക്കെ നാം പേരിടാറുണ്ടല്ലോ............






Wednesday, 27 March 2013

ദൈവത്തിന്റെ ആലയം

ഓശാന ഞായര്‍.........................
രാവിലെ 5.30 ന്റെ കുര്‍ബാനക്ക്‌ അരുവിത്തുറപ്പള്ളിയില്‍ പോയി.........
വളരെ ശ്രദ്ധേയമായ ഒരു പ്രസംഗം കേട്ടു.................
തന്റെ പ്രവര്‍ത്തനങ്ങള്‍ പരസ്യമാക്കരുതെന്ന്‌ പല സന്ദര്‍ഭങ്ങളിലും പറഞ്ഞിരുന്ന യേശു പക്ഷേ ഓശാന ദിനത്തില്‍ സര്‍വ്വരാലും ശ്രദ്ധിക്കത്തക്കവിധം കഴുതപ്പുറത്ത്‌ സഞ്ചരിച്ചു.
ദേവാലയത്തില്‍ പ്രവേശിച്ച യേശു അവിടെയുണ്ടായിരുന്ന കച്ചവടക്കാരേയും നാണയമാറ്റക്കാരേയും അടിച്ചു പുറത്താക്കി.

"ദൈവത്തിന്റെ ആലയം വാണിജ്യകേന്ദ്രമാക്കരുതെന്ന്‌"
ഉദ്‌ബോധിപ്പിച്ചു.

എന്നാല്‍ ഇന്ന്‌ നാം ദൈവാലയങ്ങളെല്ലാം വാണിജ്യകേന്ദ്രങ്ങളാക്കിക്കൊണ്ടിരിക്കുന്നു. ഇതവസാനിപ്പിക്കണം.

തിരിച്ച്‌ ആര്‍ക്കും ഒന്നും പറയാനനുവാദമില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍
അതിനാരും തുനിയാത്തതിനാലോ കുര്‍ബാനയ്‌ക്കിടയിലുള്ള പ്രസംഗത്തില്‍ വൈദികര്‍ക്ക്‌ എന്തും പറയാമെന്നതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്‌ ശ്രദ്ധിക്കാറുള്ളു.
ആ അശ്രദ്ധയിലും ശ്രദ്ധേയമായ, സത്യസന്ധമായ ആ വാക്കുകള്‍ എന്നെ ഉണര്‍ത്തി.
ഞാന്‍ സൂക്ഷിച്ചു നോക്കി....
ഒരു കൊച്ച്‌ അച്ചന്‍ ..............
സത്യങ്ങള്‍ ഇങ്ങനെ തുറന്നു പറഞ്ഞാല്‍........................

ഉദ്ധരണിയിലുള്ള വാക്യത്തിന്റെ ശരിയായ വ്യാഖ്യാനം ക്ഷണിക്കുന്നു