Thursday, 12 January 2012

ഭഗവാന്റെ വഴികള്‍


ഒരു യാചകന്‍ അമ്പല നടയിലിരുന്ന് ‘ഭക്ഷണത്തിനുവേണ്ടി യാചിച്ചു.

 'ഭഗവാനെഓര്‍ത്ത് ഈ പാവത്തിന് എന്തെങ്കിലും തരണേ. ‘ഭഗവാന്‍ നിങ്ങളെ അനുഗ്രഹിക്കും.'” 

പക്ഷേ ‘ഒരു നേരത്തെ ഭക്ഷണത്തിനുള്ള പണം പോലും ഒരിക്കലും അയാള്‍ക്ക് കിട്ടിയില്ല.

കടുത്ത വെറുപ്പും നിരാശയുമായി അയാള്‍ അവിടംവിട്ട് ഒരു ഷാപ്പിന്റെ മുന്നില്‍ പോയിരുന്ന് പഴയതുപോലെ യാചിച്ചു തുടങ്ങി.

 'ദൈവത്തെയോര്‍ത്ത് അല്പം ചില്ലറയെങ്കിലുംതരണേ'. നല്ല പിമ്പിരിയില്‍ അകത്തുനിന്നും ഇറങ്ങി വന്നവര്‍ ചില്ലറയല്ല നോട്ടുകള്‍ തന്നെ അയാള്‍ക്ക് നേരെ എറിഞ്ഞു.

യാചകന്‍ ദൈവത്തിന് നന്ദി പറഞ്ഞു. ’'ഹേയ് ഭഗവാന്‍ അങ്ങയുടെ വഴി അജ്ഞാതം തന്നെ. പറയുന്നതൊരു വിലാസം. താമസിക്കുന്നത് മറ്റൊരിടത്ത്'.’

Wednesday, 11 January 2012

M.A ജോണ്‍ നമ്മെ നയിക്കും



രണ്ട്മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ങ.അ ജോണിനെ നേരില്‍ കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി. വിവരാവകാശ നിയമത്തെക്കുറിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു കഌസ്സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ്‌ന്നെനിക്ക് അദ്ദേഹത്തെക്കുറിച്ച് അറിയാമായിരുന്നത്, എന്റെ ചെറു പ്രായത്തില്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിത്വം എന്നു മാത്രമായിരുന്നു. അതുകൊണ്ട് ആ കണ്ടുമുട്ടല്‍ ഒരു പ്രധാന സംഭവമായി അന്നു കരുതിയിരുന്നില്ല. എന്നാല്‍ ഇന്ന് ആ കണ്ടുമുട്ടല്‍ ഒരു ഭാഗ്യമായി കാണാന്‍ കാരണം അ്‌ദ്ദേഹത്തിന്റെ ദേഹവിയോഗത്തോടനുബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകളാണ്.

ഈരേഴ് പതിനാല് ലോകങ്ങളിലെ സര്‍വ്വ ഐശ്വര്യങ്ങളും യമധര്‍മ്മന്‍ വാഗ്ദാനം ചെയ്തിട്ടും തന്റെ ലക്ഷ്യത്തില്‍ നിന്നോ മാര്‍ഗ്ഗത്തില്‍ നിന്നോ അണുവിട വ്യതിചലിക്കാന്‍ നചികേതസ് തയ്യാറായില്ല. ആദര്‍ശത്തിലുറച്ച് നില്ക്കുന്നവര്‍ക്ക് പ്രേയസ് പറഞ്ഞിട്ടില്ല എന്ന സന്ദേശമാണ് കഠോപനിഷത്തിലെ നചികേദസ്സിന്റെ കഥ നല്‍കുന്നത്. പക്ഷേ അന്നുമിന്നും പ്രേയസ്സിനു പിന്നാലെ പായുന്നവരാണധികവും. ആത്മീയതയുടെ മാര്‍ഗ്ഗം സ്വീകരിച്ചതായി ഭാവിക്കുന്നവര്‍ക്കുപോലും പ്രയസ്സില്‍ മാത്രമാണ് താല്പര്യം. ആര്‍ഭാടങ്ങളും സമ്പല്‍ സമൃദ്ധമായ സ്ഥാപനങ്ങളും ആത്മീയതക്കും ആദര്‍ശത്തിനുമൊക്കെ
അവധി പ്രഖ്യാപിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. രാഷ്ട്രീയ രംഗത്താകട്ടെ ആദര്‍ശധീരന്മാരുടെ വംശം അതിവേഗം അന്യം നില്ക്കുകയാണ്. അവരിലൊരാളാണ് ങ.അ ജോണ്‍.

1978 ല്‍ 43-മത്തെ വയസ്സില്‍കുര്യനാട് മുണ്ടിയാനിപ്പുറം ലൂസ്സിയാമ്മയെ തന്റെ സഹധര്‍മ്മണിയായി സ്വീകരിച്ചത് മതാചാരങ്ങളുടെ അകമ്പടിയോടെ ആയിരുന്നില്ല. വൈകിയാരംഭിച്ച ദാമ്പത്യജീവിതത്തില്‍ ലഭിച്ച രണ്ടു മക്കളേയും സ്‌ക്കൂളില്‍ ചേര്‍ത്തത് സ്‌ക്കൂള്‍ രജിസ്‌ററില്‍ മതം ഉള്‍പ്പെടുത്താതെയാണ്. മക്കള്‍ പ്രായമാകുമ്പോള്‍ ഇഷ്ടമുളള മതം സ്വീകരിക്കട്ടെ എന്നായിരുന്നു അദ്ദാഹത്തിന്റെ വിശദീകരണം.

തീര്‍ന്നില്ല.സഭയും സഭാ നേതൃത്വവും സാധാരണക്കാരന്റെ സ്വകാര്യജീവിതത്തില്‍ സാമാന്ന്യം ശക്തമായ സമ്മര്‍ദ്ദ സാന്നിദ്ധ്യം സൃഷ്ടിച്ചുകൊണ്ടിരുന്ന 90 കളില്‍ തന്റെ മൂത്ത മകള്‍ ജയശ്രീയുടെ വിവാഹം കുര്യനാട് വസതിയിലും പിന്നീട് ഇളയമകള്‍ ജയന്തിയുടെ മംഗല്യം എറണാകുളം ടൗണ്‍ഹാളിലും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടത്തിയെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം വിപഌവപാര്‍ട്ടികളിലെ വീരശൂര പരാക്രമികള്‍ പോലും മക്കളുടെ വിവാഹത്തിനും പിള്ളേരുടെ 28 കെട്ടിനും മതനേതാക്കളുടേയും മതാചാരങ്ങളുടേയും പുറകേപോകുന്ന ദയനീയ കാഴ്ച നാം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്ന് ഇത്രയും ധീരമായ ഒരു നിലപാട് പ്രതീക്ഷിക്കുന്നില്ല എന്നതുതന്നെ.

ഈ സംഭവങ്ങളൊക്കെ ശക്തനായ ഒരു പരിവര്‍ത്തനവാദിയുടെ നേതൃത്വത്തില്‍ നടന്ന കാര്യങ്ങളാണ്. എന്നാല്‍ 2011 ഫെബൃുവരി 22 ന് ഇഹലാകവാസം വെടിഞ്ഞ അദ്ദേഹത്തിന്റെ അന്ത്യ കര്‍മ്മങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയത്. തന്റെ അന്ത്യ കര്‍മ്മങ്ങള്‍ മതവിശ്വാസത്തിന് അധീതമായിരിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഭാര്യയും മക്കളും ബന്ധുജനങ്ങളും നിറവേറ്റി. ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

ജീവിച്ചിരിക്കെ തനിക്കുവേണ്ടി കല്ലറ പണിതിട്ടിരുന്ന ഒരാളെ എന്റെ നാട്ടുകാര്‍ക്കറിയാം. രോഗബാധിതനായി അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ ആ കല്ലറ മക്കള്‍ പൊളിച്ചുനീക്കി.

തന്റെ ഭാര്യയുടേയും മക്കളുടേയും സഹോദരങ്ങളുടേയുമൊക്കെ മനസ്സില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ M.A ജോണിന് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. പരിവര്‍ത്തനവാദികള്‍ക്കും അദ്ദേഹം ഒരു പാഠമാകട്ടെ.

Tuesday, 10 January 2012

ബലേ ഭേഷ്




ഈ എഴുതുന്നതൊക്കെ സാഹിത്യത്തിന്റെ ഏതുശാഖയില്‍ വരുമെന്നെനിക്കറിയില്ല. കാരണം ഞാനൊരു സാഹിത്യകാരനോ ഭാഷാപണ്ഡിതനോ അല്ല. അക്ഷരങ്ങള്‍ കൂട്ടി വായിക്കാനും, എഴുതാനും മാത്രമറിയാവുന്ന ഒരു മലയാളി. കേരളമെന്ന് കേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളയ്ക്കത്തക്ക വികാരമൊന്നുമില്ലാത്ത മലയാളി. മലയാളിയുടെ മുഖമുദ്രയായ അഹങ്കാരവും, തിണ്ണമിടുക്കും, വലിയ വിവരവുമുണ്ടെന്ന ഭാവവുമൊക്കെ എനിക്കുമുണ്ട്.
എനിക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷ സംസാരിക്കാനറിയില്ലാത്തതുകൊണ്ട് മലയാളം സംസാരിക്കുന്നുവെന്നേയുള്ളു. ഞാന്‍ പണ്ടേ മണ്ടനാണ്. എന്നാലും സാംസ്‌കാരിക കേരളമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നുമൊക്കെ വിളിച്ച് നമ്മളെ കളിയാക്കുന്നത് മനസ്സിലാക്കാനുള്ള വിവരമൊക്കെയുണ്ട്.
കുരച്ചാല്‍ പടി തുറക്കില്ലെന്നറിയുന്നൊരു പട്ടിയാണ് ഞാന്‍. 'പിന്നെന്തിനു കുരയ്ക്കുന്നു?' നിങ്ങള്‍ ചോദിക്കും. പക്ഷേ അതെങ്ങിനെ........ പട്ടിയുടെ വേഷം കെട്ടിയാല്‍ കുരയ്ക്കണമെന്നല്ലേ പ്രമാണം. അല്ലെങ്കില്‍തന്നെ കുരക്കുന്ന പട്ടിക്ക് കള്ളനോടോ വീട്ടില്‍ വരുന്നവരോടോ വ്യക്തിപരമായ വൈരാഗ്യം വല്ലതുമുണ്ടോ? ഒന്നുമില്ല. ജനാധിപത്യവും ഇതുപോലെയാണ്. ഭരണപക്ഷം പ്രതിപക്ഷത്തെ നോക്കിയും പ്രതിപക്ഷം ഭരണപക്ഷത്തെ നോക്കിയും കുരയ്ക്കുന്നു.
നമ്മുടെ രാജ്യത്ത് ജനാധിപത്യമാണെന്നാണ് സ്‌കൂള്‍ ക്ലാസ്സില്‍വെച്ച് വര്‍ക്കിസാര്‍ പറഞ്ഞു തന്നിട്ടുള്ളത്. അന്ന് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാകുന്ന പ്രായമല്ലല്ലോ. ഇന്ന് കുട്ടികളങ്ങനെയല്ല.
പ്രസ്സ് എങ്ങിനെയാണ് ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭമാകുന്നതെന്ന് ഞങ്ങളെ പറഞ്ഞ് മനസ്സിലാക്കാന്‍ സാര്‍ ഒത്തിരി ശ്രമിച്ചു. പക്ഷേ അന്നെനിക്കൊന്നും മനസ്സിലായില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം എന്റെ ഇളയകുട്ടി പത്രം വായിച്ചിട്ട് എന്നോടൊരു ചോദ്യം ''പപ്പാ എന്താ ഈ തന്ത്രി മോഡല്‍ ആക്രമണം.' പത്രം വായിച്ചപ്പോള്‍ കണ്ടത് ലോക്കല്‍ പേജിലെ ഒരു വാര്‍ത്തയാണ്. ഞങ്ങളുടെ അടുത്ത സ്ഥലത്ത് നടന്ന സംഭവം. രണ്ടാഴ്ച മുമ്പ് ചോദിച്ച ചോദ്യത്തിന് മറുപടി ഇതുവരെ പറഞ്ഞിട്ടില്ല. ചോദ്യം ഇതാണ് ''പപ്പാ ആ സ്ത്രീയെ മന്ത്രി എന്തു ചെയ്‌തെന്നാ പറയുന്നത്''?
ഭീകരാക്രമണങ്ങള്‍ നടക്കുമ്പോള്‍ ചില പത്രങ്ങള്‍ നല്‍കുന്ന ഇലസ്‌ട്രേഷന്‍ പോലെ ഓരോന്ന് ഇത്തരം സംഭവങ്ങള്‍ക്കും നല്‍കാന്‍ എന്തിനാണ് പത്രക്കാരേ നിങ്ങള്‍ മടിച്ച് നില്‍ക്കുന്നത്?
എന്നേപ്പോലുള്ള അപ്പന്മാരെ നോക്കി പിള്ളേരെക്കൊണ്ട് ''ഈ പപ്പായ്ക്ക് ഒന്നുമറിയില്ല'' എന്നു പറയിക്കാനോ.
കുറ്റപ്പെടുത്തുകയാണെന്ന് കരുതരുത് കേട്ടോ. നിങ്ങള്‍ ഈ മേഖലയില്‍ ഇനിയും കൂടുതല്‍ സംഭാവനകള്‍ രാജ്യത്തിനും വളര്‍ന്നുവരുന്ന തലമുറയ്ക്കും ചെയ്യാനാകും. ഞാന്‍ ദിവസവും 3രൂ. 50 സ പത്രത്തിന് മുടക്കുന്നത് വിവരങ്ങളറിയുന്നതിനല്ല. കാരണം വിവരങ്ങളൊന്നും ഇല്ലല്ലോ. പിന്നെ കുറഞ്ഞ ചെലവില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസവുമാകാമല്ലോഎന്ന് വിചാരിച്ചാണ്. അതുകൊണ്ട് കഴിയുമെങ്കില്‍ പീഢനവാര്‍ത്തകള്‍ എട്ടുകോളവും പതിനാറു കോളവും ഒക്കെ കൊടുക്കുമ്പോള്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ ഇലസ്‌ട്രേഷനുകളും കഴിയുമെങ്കില്‍ നല്ല ഫോട്ടോകളും-ഇരയായവരുടേതാകണമില്ല-ഇടാന്‍ ശ്രമിക്കണം.
ദോഷം പറയരുതല്ലോ, നമ്മുടെ ഭരണകര്‍ത്താക്കളുടെ ബുദ്ധി വൈഭവത്തില്‍ എനിക്കഭിമാനമുണ്ട്. മദ്യനിരോധനം, പുകവലി നിരോധനം, വേശ്യാവൃത്തി നിരോധനം, കഞ്ചാവ് നിരോധനം, എന്നു വേണ്ട ഈ ഭൂമി മലയാളത്തില്‍ നിരോധനമില്ലാത്ത ഒന്ന് 'നിരോധ്' മാത്രമാണെന്ന് തോന്നിപ്പോകും. ഇതില്‍ ഭരണകര്‍ത്താക്കളുടെ ബുദ്ധിയുടെ പ്രസക്തി മനസ്സിലായില്ലെന്നോ? കഷ്ടം!
ചെറുപ്പത്തില്‍ എന്റെ അപ്പന്‍ കാണാതെ പാത്തും പതുങ്ങിയും ഞാന്‍ പുക വലിച്ചിരുന്നു. അന്നത്തെ വലിയില്‍ നിന്ന് എനിക്ക് കിട്ടിയിരുന്നതിന്റെ പകുതി സംതൃപ്തിപോലും ഇന്ന് പുകവലിക്കുമ്പോള്‍ കിട്ടുന്നില്ല. അതുപോലെ അന്ന് വീട്ടിലറിയാതെ പനയ്ക്കപ്പാലം ഷാപ്പില്‍ കയറി ഒരുകുപ്പി കള്ളുകുടിക്കുമ്പോള്‍ കിട്ടിയിരുന്ന സുഖം ഇന്ന് ഒരു 'ഫുള്‍' അകത്താക്കിയാലും കിട്ടുന്നില്ല. എന്തുകൊണ്ട്?
നിരോധനം ഉള്ളത് ചെയ്യുമ്പോള്‍ ഒരാള്‍ക്ക് കിട്ടുന്ന സംതൃപതിയുടെ തോത് വര്‍ദ്ധിച്ചിരിക്കും. ഇപ്പോള്‍ മനസ്സിലാകുന്നുണ്ടോ നിരോധനങ്ങളുടെ പ്രസക്തി. ജനങ്ങള്‍ക്ക് അധികസുഖം ലഭ്യമാകുന്നതോടൊപ്പം ഇതിനൊരു സാമ്പത്തിക ശാസ്ത്രവുമില്ലേ? ഉണ്ടെന്നാണ് മണ്ടനായ എനിക്കുപോലും തോന്നുന്നത്. ഈ സാമ്പത്തികശാസ്ത്രം ഞാന്‍ പഠിച്ചത് പാഠപുസ്തകത്തില്‍ നിന്നല്ല. നാട്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നാണ്. സംഭവം വിവരിക്കാം. മുഹമ്മദ്, വയസ്സ് 60 സ്വന്തമായി മുറുക്കാന്‍ കടയുണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും ബീഡി വലിക്കണമെന്ന് നിര്‍ബന്ധമാണ് മുഹമ്മദിന്. സ്വന്തം കടയിലിരുന്നേ വലിക്കൂ. ഒരു ദിവസം 11 മണി യോടെ രണ്ടുപോലീസുകാര്‍ അയാളുടെ കടയിലെത്തുന്നു. പല പോലീസേമ്മാന്മാരും അവിടെനിന്ന് സിഗരറ്റ് വാങ്ങി ഒതുങ്ങി നിന്ന് വലിക്കാറുണ്ട്. ഇവരും അങ്ങനെ വന്നതാണെന്നേ കരുതിയുള്ളു. പക്ഷേ അവര്‍ വന്നപാടേ പേര് ചോദിച്ച് കുറിച്ചെടുത്തു. അപ്പോഴും അയാളുടെ ചുണ്ടില്‍ ഒരു ബീഡി എരിഞ്ഞിരുന്നു.
ദിവസങ്ങള്‍ക്കുശേഷം മുഹമ്മദിന്റെ തടയില്‍ ഒരു സമന്‍സ് എത്തി. കോടതിയില്‍ ഹാജരാകണം. പുകവലിച്ചതിനുള്ള കേസാണെന്ന് മനസ്സിലായി.
നിശ്ചിതസമയം കോടതിയില്‍ ഹാജരായ മുഹമ്മദിന്റെ കേസ് വിളിച്ചു. കുറ്റപത്രം വായിച്ചു. അന്നേദിവസം രാവിലെ 11 മണിസമയത്ത് കുടിച്ച് മദോന്മത്തനായി ആ കവലയില്‍ ആഭാസനൃത്തമാടി എന്നായിരുന്നു. കുറ്റപത്രത്തിന്റെ ചുരുക്കം. അത് കേട്ട് മുഹമ്മദിന്റെ കണ്ണ് തള്ളി. ഇക്കാലത്തിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം മദ്യപിച്ചിട്ടില്ല. മജിസ്‌ട്രേറ്റ് ചോദിച്ചു. ''നിങ്ങള്‍ കുറ്റം ചെയ്തതാണോ''? ''അതേ'' മുഹമ്മദ് മറുപടി നല്‍കി. ശിക്ഷ 400 രൂപ. പിഴയൊടുക്കി പാവം തിരികെ പോന്നു.
അന്ന് വൈകിട്ട് കടയില്‍ വെച്ച് ഞാന്‍ കാണുമ്പോഴും ചുണ്ടില്‍ ഒരു ബീഡി പുകഞ്ഞിരുന്നു. ''നിങ്ങള്‍ എന്തിന് ചെയ്യാത്ത കുറ്റം സമ്മതിച്ചു?'' ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു '' എന്റെ മോനേ ഞാനതു സമ്മതിച്ചുകൊണ്ട് 400 രൂപയില്‍ കേസ് തീര്‍ന്നു. ഇല്ലെങ്കില്‍ ഞാന്‍ റിമാന്റില്‍, പിന്നെ എനിക്കു വേണ്ടി കേസ് വാദിക്കാന്‍ ഒരു വക്കീല്‍, നീണ്ട കേസവധികള്‍, അന്വേഷണത്തിന് വരുന്ന ഏമാന്മാര്‍. ആകെ പൊല്ലാപ്പാകും.''
അങ്ങനെയാണ് ആ സാമ്പത്തികശാസ്ത്രം എനിക്ക് മനസ്സിലായത്. ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഭരണകര്‍ത്താക്കളെയാണ് ഓരോ വിവരദോഷികള്‍ കുറ്റം പറയുന്നത്. ഭരണകക്ഷിയായിരിക്കുമ്പോള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ തന്നെ അവര്‍ പ്രതി്പക്ഷത്തായിരിക്കുമ്പോള്‍ സമരകാരണമാകും അതുപോലെ പ്രതിപക്ഷത്തിരുന്ന് എന്തിനെതിരെ സമരം ചെയ്‌തോ അവയ്‌ക്കൊക്കെ വേണ്ടിത്തന്നേ ഭരണപക്ഷത്താകുമ്പോള്‍ നിയമനിര്‍മ്മാണം നടത്തും. എങ്കിലും ഞാനവരെ കുറ്റം പറയുന്നില്ല. കാരണം അവര് പൊതുവെ പൊങ്ങുന്ന വെള്ളത്തിന് മുകളില്‍ നില്ക്കുന്നവരാണ്.
എന്നാല്‍ തന്ത്രിമാരുടെയും പിതാക്കന്മാരുടെയും കാര്യമങ്ങനെയല്ലല്ലോ.... എനിക്കവരോട് പണ്ട് മുതലേ ഭയങ്കര സഹതാപമാണ്. മനുഷ്യന്റെ ആത്മാവിനെ രക്ഷിക്കാന്‍ അവരെന്ത് പാടാപെടുന്നത്. ഒറ്റയൊരുത്തനുമില്ല രക്ഷപെടണമെന്ന വിചാരം. എന്നുകരുതി അവരെയൊക്കെ ഉപേക്ഷിക്കാന്‍ പറ്റുമോ. നിന്നെയൊക്കെ രക്ഷപെടുത്തിയിട്ടേയുള്ളു എന്നവര്‍ക്കും വാശി.
ഞങ്ങളുടെ നാട്ടിലൊരു സാറുണ്ട്. സ്‌കൂള്‍ മാഷാണ്. ഭയങ്കര കര്‍ശനക്കാരന്‍. മക്കളോടുപോലും ഒരു വിട്ടുവീഴ്ചയുമുല്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം തല്ല്. വിരോധം കൊണ്ടൊന്നുമല്ല. മക്കള്‍ നന്നാകാനാണ്. പണ്ടൊക്കെ തല്ല് മാത്രമേയുള്ളു. തലോടലില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ മക്കള്‍ക്കും വാശി. എന്നാല്‍ അപ്പനൊന്ന് നന്നാക്ക് എന്നായി. കൊഴയും കുറ്റിയും പറിഞ്ഞ് മക്കള്‍ നടന്നു തുടങ്ങി. ആരാണുത്തരവാദി? അധികമായാല്‍ അമൃതം വിഷം. എന്ന് കേട്ടിട്ടുള്ള ചൊല്ലിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാക്കിത്തന്നത് ഈ മാഷാണ്.
ഇതുപോലെ ഒരനുഭവമാണ് ചാക്കോസാര്‍ എന്നോട് പറഞ്ഞത്. ഞങ്ങളുടെ പട്ടണത്തില്‍ ഒരു ട്യൂട്ടോറിയല്‍ നടത്തുകയാണ് അദ്ദേഹം. ചെറുപ്രായത്തില്‍ തുടങ്ങിയതാണ്. ആദ്യമൊക്കെ കുട്ടികളോട് എന്തൊരു സ്ട്രിക്ട് ആയിരുന്നെന്നോ. എങ്ങനേയും പഠിപ്പിച്ച് എല്ലാവരേയും ജയിപ്പിക്കണമെന്ന ഒരു ചിന്ത മാത്രം. ചോദ്യം, ഇംപോസിഷന്‍, രക്ഷകര്‍ത്താവിനെ വിളിപ്പിക്കല്‍, പ്രോഗ്രസ് റിപ്പോര്‍ട്ട്, ഇറക്കിവിടല്‍ എന്നുവേണ്ട ആകെ ബഹളമയം. ഫലമോ? ആവറേജിന് മുകളിലുള്ള കുട്ടികള്‍ പോലും ഉഴപ്പിത്തുടങ്ങി. ''എന്നാല്‍ താനൊന്ന് പഠിപ്പീര്'' എന്ന ഭാവമായി.
അദ്ദേഹത്തിന് കാര്യത്തിന്റെ ഗൗരവം പെട്ടെന്ന് മനസ്സിലായതിനാല്‍ നയം മാറ്റി. ശാന്തനായി കുട്ടികളോട് സ്‌നേഹപൂര്‍വ്വം പെരുമാറി. സ്ഥാപനത്തിന്റെ റിസള്‍ട്ട് മോശമാകാതിരിക്കാനായെങ്കിലും ഒന്ന് പഠിച്ച് സഹായിക്ക് എന്ന നിലപാടെടുത്തു. ഫലം അത്ഭുതകരമായിരുന്നുവെന്നദ്ദേഹം പറഞ്ഞു. ആദ്യകാലത്തേക്കാള്‍ വളരെ മെച്ചപ്പെട്ട റിസള്‍ട്ട് എല്ലാവര്‍ക്കും സന്തോഷം.
അതുകൊണ്ട് എന്റെ മണ്ടന്‍ ബുദ്ധിയില്‍ തോന്നിയ ഒരു പൊട്ടവിദ്യ പറയുമ്പോള്‍ ആരും പിണങ്ങരുതേ. കുറേക്കാലമായില്ലേ നിങ്ങളീ ആത്മാക്കളെ രക്ഷിക്കാന്‍ കൈകാലിട്ടടിക്കുന്നു. മനുഷ്യന്റെ സൈ്വര്യവും സമാധാനവും നശിപ്പിക്കുന്നു. ഇനി കുറച്ചൊന്നടങ്ങിയിരുന്നേ എന്തു സംഭവിക്കുമെന്നറിയാമല്ലോ.
കേട്ടിട്ടില്ലേ ഒരു പൂവന്‍കോഴിയുടെ ഉടമയായിരുന്ന അമ്മൂമ്മയുടെ കഥ. തന്റെ കോഴി കൂവുന്നതുകൊണ്ടാണ് നേരം പുലരുന്നതെന്ന് ധരിച്ച അമ്മൂമ്മ, അയല്‍വാസിയുമായി പിണങ്ങിയപ്പോള്‍ നേരം പുലരാതിരിക്കാന്‍ കോഴിയുമായി നാടുവിട്ട കഥ.
എന്റെ മണ്ടന്‍ ബുദ്ധിയേ.....''എന്റെ രാജ്യം ഐഹികമല്ല'' എന്നു പറഞ്ഞ യേശുവിന്റെ ശിഷ്യന്മാര്‍ സമ്പാദിച്ചു വെച്ചിരിക്കുന്ന ഐഹികസ്വത്തെല്ലാം എവിടെ ഉപേക്ഷിച്ചുപോകും.
ഇതൊക്കെ വായിച്ച് ഞാനൊരു ദോഷൈകദൃക്കാണെന്ന് മാത്രം പറയല്ലേ. അത്തരക്കാരനായിരുന്നെങ്കില്‍ സി.പി.എം. മന്ത്രിമാര്‍ മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള് ചെലവിട്ടതിനെപ്പറ്റി ഞാന്‍ ദോഷം പറയുമായിരുന്നില്ലേ.
ഒരു മണ്ടനാണെന്ന് കരുതി അത്തരം മണ്ടത്തരമൊന്നും ഞാന്‍ കാണിക്കില്ല. കാലം മാറുമ്പോള്‍ കോലവും മാറണ്ടേ. ഈ നാട്ടില്‍ സോഷ്യലിസം കൊണ്ടുവരാന്‍ എത്ര കാലമായി പട്ടിണിയും പരിവട്ടവുമായി പണിയെടുക്കുന്നവരാണിവര്‍. ഇനിയെയങ്കിലും യാഥാര്‍ത്ഥ്യ ബോധം ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഇപ്പോള്‍ കുറ്റം പറയുന്ന അസൂയക്കാര്‍ തന്നെ ഇവരെ മണ്ടന്മാരെന്ന് വിളിക്കില്ലേ?
അതു മാത്രമോ വെറും അഞ്ചു വര്‍ഷമേ ഈ സൗകര്യങ്ങളൊക്കെ ഇവര്‍ക്കു കിട്ടു എന്ന യാഥാര്‍ത്ഥ്യം എന്തേ ഈ അസൂയക്കാര്‍ മറക്കുന്നു. നമ്മുടെ ബിഷപ്പുമാരെപ്പോലെ ആജീവനാന്തം കൊട്ടാരത്തില്‍ കഴിയാന്‍ പറ്റുമോ?

ഇതാണ് കാര്യങ്ങളെ പോസിറ്റീവ് ആയി കാണണമെന്ന് പറയുന്നത്

Sunday, 8 January 2012

ലാഭം


ഒരു ദിവസം കിന്റര്‍ഗാര്‍ട്ടനില്‍ അഞ്ചു വയസ്സുകാരോട് ടീച്ചര്‍ ഇങ്ങനെ പറഞ്ഞു. ‘’'ജീവിച്ചിരുന്നവരില്‍ ഏറ്റവും പ്രസിദ്ധനായ മനുഷ്യന്‍ ആരായിരുന്നുവെന്ന് പറയുന്നവര്‍ക്ക് ഞാന്‍ 2 ഡോളര്‍ തരാം'’’.
~ഒരു ഐറീഷ് ആണ്‍കുട്ടി എഴുന്നേറ്റ് കൈ ഉയര്‍ത്തി പറഞ്ഞു.’’ 'മിസ്സ്, അത് സെ. പാടിക് ആയിരുന്നു'’’.
ടീച്ചര്‍ പറഞ്ഞു’’ 'ക്ഷമിക്കണം മോനേ ഇത്തരം ശരിയല്ല'’’.
പിന്നെ ഒരു സ്‌കോട്ട്‌ലണ്ട് കുട്ടി കൈ ഉയര്‍ത്തി പറഞ്ഞു.
‘’ 'മിസ്സ്. അത് സെ. ആന്‍ഡ്രുവാണ്.'
ടീച്ചര്‍ വീണ്ടും പറഞ്ഞു ‘'ക്ഷമിക്കണം കുഞ്ഞേ ഉത്തരം ശരിയല്ല'’’.
അവസാനം ഒരു യഹൂദ കുട്ടി കൈകള്‍ ഉയര്‍ത്തിപ്പറഞ്ഞു.
‘’'മിസ്സ് അത് യേശുക്രിസ്തുവാണ്'’’.
ടീച്ചര്‍ പറഞ്ഞു. ‘’ 'വളരെ ശരിയാണ് മോനെ, ഇങ്ങടുത്തു വരൂ…..
ഞാന്‍ കുഞ്ഞിന് 2 ഡോളര്‍ തരാം'’’.
ടീച്ചര്‍ പണം കുട്ടിയുടെ കൈയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു’’ 'നിനക്കറിയുമോ നീയൊരു യൂദനാനായിട്ടും നീ യേശുവിന്റെ പേര് പറഞ്ഞതില്‍ എനിക്കത്ഭുതം തോന്നുന്നു'’’
’'എനിക്കറിയാം മിസ്സ്. ശരിക്കും അത് മോശമാണെന്ന്. പക്ഷേ ബിസിനസ്സ് ബിസിനസ് തന്നല്ലേ;' കുട്ടി പ്രതിവചിച്ചു

Friday, 6 January 2012

പിടിവാശി

വേനല്‍ക്കാലങ്ങളിലൊരു ദിവസം നാല് ആചാര്യന്മാര്‍ ‘'തോറ'’യിലെ ചില ഭാഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. ഒരു ഭാഗത്തെക്കുറിച്ചുള്ള വിശദീകരണത്തോട് മൂന്ന് പേര്‍ യോജിച്ചപ്പോള്‍ നാലാമന്‍ വിയോജിച്ചു. എത്ര വിശദീകരിച്ചിട്ടും തന്റെ അഭിപ്രായത്തോട് മറ്റുള്ളവര്‍ യോജിക്കാത്തതുകൊണ്ട് നാലാമന്‍ കൈകളുയര്‍ത്തി പറഞ്ഞു’’. 'ദൈവമേ ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് ഇവരെ ബോധ്യപ്പെടുത്താന്‍ ഒരടയാളം കാണിക്കണേ'’’. 
പെട്ടെന്ന് ആകാശത്ത് മഴമേഘങ്ങള്‍ പ്രത്യക്ഷപ്പെട്ട് ഇടി മുഴങ്ങി. ഇത് വെറും 'യാദൃശ്ചികം’ എന്ന് മറ്റ് മൂന്നു പേരും പറഞ്ഞു.
അപ്പോള്‍ നാലാമന്‍ കൈകളുയര്‍ത്തി വീണ്ടും പറഞ്ഞു ‘’ 'ദൈവമേ ഈ അഹങ്കാരികള്‍ക്ക് ബോധ്യമാകുന്ന ശക്തമായ തെളിവ് കാണിക്കണേ'’’.
പെട്ടെന്ന് അവരുടെ മുന്നിലുണ്ടായിരുന്ന ഒരു മരത്തിന് ഇടിവെട്ടേറ്റു. പക്ഷേ ആ മൂവര്‍ പറഞ്ഞു.’’ 'കൊള്ളാം, ഇടിയോടുകൂടി മിന്നല്‍ സ്വഭാവികമാണ്. ഇതും യാദൃശ്ചികം തന്നെ.' 



മൂന്നാം പ്രാവശ്യവും കൈകളുയര്‍ത്തി നാലാമന്‍ പ്രാര്‍ത്ഥിച്ചു. ”'ഓ. . . . .ദൈവമേ അങ്ങേയ്ക്കറിയാമല്ലോ ഞാന്‍ പറഞ്ഞതാണ് ശരിയെന്ന്. ഈ മണ്ടന്മാര്‍ സമ്മതിക്കുന്നില്ലല്ലോ. അവര്‍ക്ക് മനസ്സിലാകുംവിധം ഒരടയാളം തരണമേ'”.


പെട്ടെന്ന് മേഘപാളികള്‍ക്കിടയില്‍ ഒരു ദ്വാരം പ്രത്യക്ഷപ്പെട്ടു. അതിലൂടെ ഒരു തീവ്രപ്രകാശ കടന്നുവന്ന് അവര്‍ക്ക് മുന്നിലെത്തിനിന്നു ഇടിമുഴക്കം പോലൊരു ശബ്ദം അപ്പോള്‍ ഉണ്ടായി. 


‘’'അവന്‍ പറയുന്നതാണ് ശരി '‘’. മറ്റ് ആചാര്യന്മാര്‍ ഒരു നിമിഷം ചിന്തിച്ചിട്ട് പറഞ്ഞു. ‘’ 'കൊള്ളാം ഇപ്പോഴും മൂന്നിനെതിരെ രണ്ടുപേരല്ലേയുള്ളൂ'

Thursday, 5 January 2012

ദൈവത്തിന്റെ "ഭാര്യ"


കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡിസംബറിലെ ഒരു തണുത്ത ദിനത്തില്‍ ഒരു കുഞ്ഞു ബാലന്‍ റോഡരികിലുള്ള ചെരിപ്പു കടയിലേയ്ക്ക് നഗ്നപാദമായി നോക്കി നില്‍ക്കുകയാണ്. തണുത്തു വിറക്കുന്ന ആ ബാലനെ കണ്ട് ഒരു സ്ത്രീ അവന്റെ സമീപത്തെത്തി ചോദിച്ചു.’ജനലിന്‍ കൂടി അകത്തേയ്ക്ക് നോക്കി മോന്‍ എന്താ ആഴത്തില്‍ ചിന്തിക്കുന്നത്’?'
‘’'ഒരു ജോഡി ചെരുപ്പ് ഞാന്‍ ദൈവത്തോട് ചോദിക്കുകയായിരുന്നു'’’. കുട്ടി മറുപടി പറഞ്ഞു.
ആ സ്ത്രീ അവന്റെ കയ്യില്‍ പിടിച്ച് കടക്കുള്ളിലേയ്ക്ക് പോയി. കടക്കാരനോട് അര ഡസന്‍ ജോഡി സോക്‌സ് ആവശ്യപ്പെട്ടു. ഉടന്‍ അവര്‍ ഒരു പാത്രം വെള്ളവും ഒരു ടൗവലും ചോദിച്ചു. അതും പെട്ടെന്ന് തന്നെയെത്തി. കടയുടെ പുറകുവശത്തേയ്ക്ക് കുട്ടിയുമായി നീങ്ങിയ ആ സ്ത്രീ, മുട്ടുകുത്തി നിന്ന് കുട്ടിയെ കുളിപ്പിച്ച് വെള്ളം തുടച്ച് മിടുക്കനാക്കി.
അപ്പോഴേക്കും കടക്കാരന്‍ സോക്‌സുമായെത്തി. സോക്‌സ് ധരിപ്പിച്ച്, ഷൂസും അണിയിച്ചു. 'ഇപ്പോള്‍ നീ വളരെ സുന്ദരകുട്ടനായിരിക്കുന്നു' എന്ന് പറഞ്ഞ് ആ സ്ത്രീ പോകാന്‍ തുടങ്ങിയപ്പോള്‍ ആ ബാലന്‍ അവരുടെ കയ്യില്‍ മുറുകിപ്പിടിച്ച്, നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു. ‘’'നിങ്ങള്‍ ദൈവത്തിന്റെ ഭാര്യയാണോ’’?'

Monday, 2 January 2012

വിശുദ്ധ പോക്രിത്തരങ്ങള്‍



'നേര് പറഞ്ഞാല്‍ അപ്പന്‍ അമ്മയെ കൊല്ലും ഇല്ലെങ്കില്‍ അപ്പന്‍ പട്ടി ഇറച്ചിതിന്നും' എന്നു
പറഞ്ഞപോലെയാ ഇവിടുത്തെ കാര്യങ്ങള്‍
ചാക്കോച്ചന്റെ അഭിപ്രായ പ്രകടനം കേട്ട് ഒന്നും പിടികിട്ടാതെ കുട്ടിയമ്മ ചോദിച്ചു
'ഇച്ചായന്‍ ആരുടെ കാര്യമാ പറയുന്നത് എനിെക്കങ്ങും ഒന്നും മനസ്സിലായില്ല'
'ഒന്നും മനസ്സിലാകാത്തതും ഒരു ഭാഗ്യമാ'ചാക്കോച്ചന്‍ 'നിനക്കറിയാമോ നമ്മുടെ നാട്ടില്‍ ഒരു മാനസിക പിരിമുറുക്കവും ഇല്ലാത്ത വിഭാഗമേതാ?'
'എന്റെ ഇച്ചായാ രാവിലെ എഴുന്നേറ്റ് കാപ്പിയും ചോറും തയ്യാറാക്കി പിള്ളേരേം കുളിപ്പിച്ച്
അവര്‍ക്ക് രണ്ടക്ഷരോം പറഞ്ഞ് കൊടുത്ത് പൊതിയും കെട്ടി വേഷേം മാറിച്ച് സ്‌കുള്‍
ബസ് വരുമ്പോഴേക്കും റെഡിയാക്കി നിര്‍ത്താന്‍ പെടാപാടുപെടുന്നതിനിടയില്‍ ഇതൊക്കെ
ചിന്തിക്കാന്‍ എവിടെയാ സമയം.' കുട്ടിയമ്മ തന്റെ പ്രാരാബ്ദം നിരത്തി മുന്‍കൂര്‍ ജാമ്യമെടുത്തു.
''ഞാന്‍ ഒരു പണിക്കും നിന്നെ സഹായിക്കുന്നില്ലെന്നും വെറുതെ കുത്തിയിരിക്കുന്നവര്‍ക്കേ
ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ നേരമുള്ളു എന്നുമൊക്കെയല്ലേ ഈ പറഞ്ഞതിന്റെ അര്‍ത്ഥം'
ചക്കോച്ചന് പരിഭവമായി
''അതേ അങ്ങിനെ തന്നെയാ അര്‍ത്ഥം. പെണ്ണുങ്ങള്‍ ചെയ്യുന്ന പണിക്ക് വല്ല കണക്കുമുണ്ടോ?''
'വീട്ടിലെ വയ്യാവേലികളെല്ലാം എങ്ങനെയെങ്കിലും ഒതുക്കി സ്‌കുളിലേക്ക് ചെന്നാല്‍ അവിടേം
ഇല്ല സമാധാനം'. കുട്ടിയമ്മ ഇന്ന് ഒരു ഉടക്കിനുള്ള തയ്യാറിലാണെന്ന് ചാക്കോച്ചന് മനസ്സിലായി.

''അല്ല സ്‌കൂളിലെന്താ പ്രശ്‌നം ? ഞാന്‍ വിചാരിച്ചു ഏറ്റവും വലിയ പ്രശ്‌നക്കാരന്‍ ഞാനാണെന്ന് ''് ചാക്കോച്ചന്‍ അനുനയപൂര്‍വ്വം കൂടി.'ഇച്ചായനറിയാമോ സ്‌കൂളില്‍ ഒന്നാം ക്ലാസ്സിലേക്ക് പിള്ളേരേ പിടിക്കാന്‍ ഞങ്ങളൊക്കെ വീടു
കയറണമെന്ന് കഴിഞ്ഞ ദിവസം ഹെഡ്മാസ്റ്റര്‍ പറഞ്ഞു'.കുട്ടിയമ്മയുടെ പ്രശ്‌നമതാണ്.

'എടീ അതിന് നീയെന്തിന് പോകണം, ജൂണിയേഴ്‌സല്ലേ പോകേണ്ടത്,.ഡിവിഷന്‍ പോയാല്‍
അവര്‍ക്കല്ലേ പ്രശ്‌നം'. തനിക്കറിയാവുന്ന കാര്യങ്ങള്‍ വെച്ച് ചാക്കോച്ചന്‍ ചോദിച്ചു.

'ഇപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നാ കേട്ടത്. ആര്‍ക്ക് വേണേല്‍ ട്രാന്‍സ്ഫര്‍ കിട്ടാം'
കുട്ടിയമ്മ. 'അതു മാത്രമല്ല ജൂണിയര്‍ ടീച്ചറായ മിനിയുടെ കാര്യമെടുത്തേ മിനിക്ക് ഏതെങ്കിലും വീട്ടില്‍ ചെന്ന് പറയാന്‍ പറ്റുമോ കുട്ടിയെ സാധാരണ സ്‌കൂളില്‍ വിടണമെന്ന്.'

'അതെന്താ കുട്ടിയമ്മേ അങ്ങനെ. മിനി ടീച്ചറിനെന്താ കുഴപ്പം' . ചാക്കോച്ചന് സംശയം.

''ടീച്ചറിനെന്താ കുഴപ്പം ഒന്നുമില്ല.പക്ഷേ ടീച്ചറിന്റെ കുട്ടികളെ ചേനക്കല്ല് സ്‌കൂളിലാ വിടുന്നത്
അപ്പോള്‍ രക്ഷിതാക്കള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക' കുട്ടിയമ്മ വ്യക്തമാക്കി.
''എടീ ചേനക്കല്ല് സ്‌കൂളൊക്കെ എത്ര കാലമായി ഇവിടെ തുടങ്ങിയിട്ട്, നല്ല നിലവാരമുള്ള
കുട്ടികള്‍ക്കേ അവിടെ പ്രവേശനം ലഭിക്കു. അതിന്റെ പേരില്‍ ഇതുവരെ കുട്ടികളുടെ കുറവൊന്നും
നിങ്ങളുടെ സ്‌കൂളിലുണ്ടായില്ലല്ലോ''. ചാക്കോച്ചന് കുട്ടിയമ്മയുടെ വാദം ത്യപ്തിയായില്ല.

''ഇച്ചായാ അത് അംഗികാരമുള്ള സ്‌കൂളാണ് നിലവാരമുണ്ട്.പക്ഷേ ഈ അടുത്ത കാലത്തുണ്ടാക്കിയ അംഗികാരം പോലുമില്ലാത്ത ചില ഇംഗ്ലീഷ് മീഡിയത്തിലേക്ക് കുട്ടികള്‍ പോയി തുടങ്ങിപ്പോഴാണ് പ്രശ്‌നം ആരംഭിച്ചത്'' കുട്ടിയമ്മ വിശദീകരിച്ചു.

''അംഗീകാരമുള്ള നിങ്ങടെ സ്‌കൂളില്‍ വരാതെ കുട്ടികള്‍ അങ്ങോട്ടുപോകുന്നത് നിങ്ങടെ
പഠിപ്പീരിന്റെ വിശേഷം കൊണ്ടായിരിക്കും ''. ചാക്കോച്ചന്‍ കിട്ടിയ അവസരം പാഴാക്കിയില്ല.

''ഇതേ... ഒരു മാതിരി ചൊറിയുന്ന വര്‍ത്തമാനം പറയരുതേ...''കുട്ടിയമ്മക്ക് ദേഷ്യം വന്നു.
''കന്യാസ്ത്രീകള്‍ വീടുകേറി നുണയും പറഞ്ഞു പിള്ളേരേ പിടിക്കുന്നതു കൊണ്ടാ അല്ലാതെ
ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല പിള്ളേര് വരാത്തത് ''്.

അവള് പറഞ്ഞതിലും കാര്യമുണ്ടെന്ന് ചാക്കോച്ചന് തോന്നി. മനുഷ്യരിന്നും കബളിപ്പിക്കപ്പെടാന്‍
കാത്തിരിക്കുകയാണ്. ഏതെങ്കിലും പത്രത്തില്‍ ഒരു പേജ് പരസ്യം ചെയ്യാന്‍ പണമുള്ളവന്
വളരെ എളുപ്പത്തില്‍ പൊതുജനങ്ങളെ കഴുതകളാക്കാം. ഈ തട്ടിപ്പുകാരുടെ പരസ്യപ്പണത്തില്‍
കണ്ണുള്ളതിനാല്‍ ഇവര്‍ക്കെതിരെ ഒരു വാര്‍ത്ത പോലും പത്രക്കാര്‍ പ്രസിദ്ധികരിക്കുകയുമില്ല.

'കണ്ടോ...കണ്ടോ....അവനവന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നായപ്പോള്‍ കന്യാസ്ത്രീകളേയും
കുറ്റം പറയാമെന്നായല്ലേ?' തത്ക്കാലം വിട്ടു കൊടുക്കണ്ടെന്ന് ചാക്കോച്ചന് തോന്നി.

'എടീ. ഇത് തന്നെയാ ഞാനും മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. ലളിതമായി പറഞ്ഞാല്‍ വിശുദ്ധ
പോക്രിത്തരം. മാനേജുമെന്റ് സ്‌കൂളിന്റെ തൊട്ടടുത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് അംഗികാരം
കൊടുത്തത് ആരാ. അരമനയാ. അരമനയുടെ അംഗീകാരമില്ലാതെ ഒരു മഠംകാര്‍ക്കും സ്‌കൂള്‍ ആരംഭിക്കാന്‍ കഴിയില്ല.'
''ഒരു കാര്യം മറക്കരുത്. കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ എത്ര കന്യസ്ത്രീകളെ നിയമിക്കാമോ അത്രയും
നിയമിച്ചിട്ടുണ്ട്. അത് പോരാഞ്ഞാണ് അവര്‍ക്ക് സ്വന്തം പേരില്‍ സ്‌കൂളുകള്‍ അനുവദിക്കുന്നത്.''
ചാക്കോച്ചന്‍ കിട്ടിയ അവസരത്തിന് കുട്ടിയമ്മയെ ബോധവല്ക്കരിച്ചു.
ണിം........ണിം..........ണിം...
മണിയൊച്ച കേട്ട് ചാക്കോച്ചന്‍ ഉമ്മറത്തേക്ക് ചെന്നു. മുറ്റത്തു നില്‍ക്കുന്ന മാഷിനെ കണ്ട്
''ഹലോ മാഷേ കേറി വാ...... കേറിവാ........''
''ഇന്ന് ചാക്കോച്ചന്‍ ലേശം സന്തോഷത്തിലാണല്ലോ'', മാഷ്.
'അതേ മാഷേ . ഇന്ന് കത്തനാരെയല്ല കര്‍ദ്ദിനാളെ കുറ്റപ്പെടുത്തിയാലും കുട്ടിയമ്മ കോപിക്കില്ല'
ചാക്കോച്ചന്‍ ആവേശത്തോടെ പറഞ്ഞു.

''അതിനിപ്പം വിശേഷിച്ച് ഇവിടെ എന്താ സംഭവിച്ചത്''. മാഷ് ചോദിച്ചു.

ചാക്കോച്ചന്റെ വിവരണം കേട്ടിട്ട് മാഷ് , ''ചാക്കോച്ചന്റെ വിശുദ്ധ പോക്രിത്തരം
എന്ന പ്രയോഗം എന്നിക്കിഷ്ടപ്പെട്ടു. കാരണം കഴിഞ്ഞ വിശുദ്ധവാരത്തിലെ ഒരു വിശുദ്ധ പോക്രിത്തരത്തില്‍ ലജ്ജിച്ചു തല താഴ്‌ത്തേണ്ടി വന്നനവനാണ് ഞാന്‍.

'മനസ്സിലായില്ല മാഷേ' - ചാക്കോച്ചന്‍

''ചാക്കോച്ചനറിയാമല്ലോ പാലാ കത്തീഡ്രല്‍ പള്ളിയുടെ ഉടമസ്ഥതയില്‍ പാലായിലുള്ള വ്യാപാരകേന്ദ്രം സാന്തോം കോംപ്ലക്‌സ്. നാനാ ജാതി മതസ്ഥര്‍ അവിടെ വ്യാപാരം നടത്തുന്നുണ്ട്.ഭീമമായ തുക സെക്യുരിറ്റിയും ന്യായമായ വാടകയും കൊടുത്താണ് ഒരോരുത്തരും മുറികളെടുത്തിരിക്കുന്നത്.സത്യക്രിസ്ത്യാനിക്കു മാത്രമേ മുറി വാടകക്ക് നല്‍കു എന്നോ മുറിയെടുക്കുന്നവര്‍ ക്രിസ്തീയ വിശ്വാസം ക്രമേണ സ്വീകരിച്ചു കൊള്ളണമെന്നോ ഒന്നും വാടക ചീട്ടില്‍ വ്യവസ്ഥയില്ല...'' മാഷ് ഒന്ന് നിര്‍ത്തി.

ആ സമയം നോക്കി കുട്ടിയമ്മ ചോദിച്ചു ''മാഷേ ചായ എടുക്കട്ടോ''
''വേണ്ട. കുട്ടിയമ്മ ഇതൊന്ന് കേള്‍ക്ക്. എപ്പോഴും അവരുടെ സൈഡു പിടിക്കുന്നതല്ലേ? മാഷ് പറഞ്ഞു.
'എന്നിട്ട് ' ചാക്കോച്ചന് കേള്‍ക്കാന്‍ ധൃതിയായി
''കഴിഞ്ഞ ദു:ഖവെള്ളിയാഴ്ച അതായത് ഏപ്രില്‍ 2 ന് സാംന്തോം കോപ്ലക്‌സിന്റെ ഗേറ്റുകള്‍
പൂട്ടിയിട്ടു. ഓര്‍ക്കണം ബാങ്ക് ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്കു ക്ലോസ്സിം തിരക്കുളള ദിവസങ്ങളായിരുന്നു അന്ന്. സ്വസ്ഥമായിരുന്നു പണി തീര്‍ക്കാന്‍ വന്നവര്‍ക്ക് കോംപ്‌ളെക്‌സിന് പുറത്ത് നില്‌ക്കേണ്ടി വന്നു. അതിലൊരാള്‍ എന്നെ വിളിച്ചു പറഞ്ഞു. എന്റെ മാഷേ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ. ഇക്കണക്കിന് സംസ്ഥാന ഭരണമോ മറ്റോ നിങ്ങള്‍ക്ക് കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ എന്ന.് കേട്ട് തൊലിയുരിഞ്ഞുപോയി.''

''ഇതാണോ കാര്യം. മാഷേ നമ്മുടെ കര്‍ത്താവ് മരിച്ച ദിവസം അങ്ങനെ ഒരുത്തനും സ്ഥാപനം
തുറക്കേണ്ട'' കുട്ടിയമ്മയുടെ മറുപടി കേട്ട് മാഷും ചാക്കോച്ചനും സ്തംഭിച്ചു നിന്നു.

ദേഷ്യം സഹിക്കവയ്യാതെ തന്റെ കൈയ്യിലിരുന്ന തോര്‍ത്ത് ചുരുട്ടി കുട്ടിയമ്മക്കിട്ട് ഒരേറ് കൊടുത്ത്
ചാക്കോച്ചന്‍ അലറി. ''ഇല്ല നന്നാവില്ല. എത്ര കൊണ്ടാലും ഈ വര്‍ഗ്ഗം നന്നാവില്ല.''