Tuesday, 23 July 2013

അനുഗ്രഹ വര്‍ഷം ...............


.
ഞാന്‍ പത്തില്‍ പഠിക്കുന്ന കാലം. 

ഇംഗ്‌ളീഷ്‌ പഠിപ്പിക്കുന്നത്‌ ബഹുമാന്യനായ പുളിക്കത്താഴെ പി.ജെ തോമസ്‌ സാര്‍.
നന്നായി പഠിപ്പിക്കും. കുട്ടികളോട്‌ ചോദ്യങ്ങള്‍ ചോദിക്കും ഉത്തരമറിയില്ലെങ്കില്‍ നല്ല കിഴുക്കും കിട്ടും. 
അന്ന്‌ ഞങ്ങളുടെ ക്‌ളാസ്സില്‍ ഏറ്റവും ഉയരം കുറഞ്ഞവര്‍ ഞാനും ഒരു കേശവന്‍ നമ്പൂതിരിയുമായിരുന്നു. 
അതുകൊണ്ട്‌ തന്നെ മുന്‍ ബഞ്ചിലായിരുന്നു ഞങ്ങളുടെ സ്ഥാനം.
എന്തുവേണ്ടി എന്നും ചോദ്യം ഞങ്ങളോട്‌. 
കിഴുക്കുമേടിച്ച്‌ മടുത്ത ഞങ്ങള്‍ രക്ഷപെടാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി ഗവേഷണം നടത്തിയപ്പോള്‍ ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. 
ചെവിക്ക്‌ പിടിക്കുമ്പോഴേ കരയാമെങ്കില്‍ രക്ഷപെടാം. ഇതൊന്നു പരീക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പതിവ്‌പോലെ സാര്‍ ഞങ്ങളോട്‌ അന്നും ചോദിച്ചു. Kill അര്‍ത്ഥമെന്ത്‌?
ഞങ്ങള്‍ രണ്ടുപേരും പതിവുപോലെ കണ്ണുമിഴിച്ച്‌ നിന്നു.
സാര്‍ ആദ്യം കേശവന്‍ നമ്പൂതിരിയുടെ ചെവിക്കു പിടിച്ചു. അയാള്‍ ഒറ്റക്കരച്ചില്‍. സാര്‍ പിടിവിട്ടു. എനിക്കാശ്വാസമായി. പണിയേറ്റു.
എന്റെ ചെവിയിലായി അടുത്ത ഊഴം. ഞാന്‍ കരയാന്‍ ആവത്‌ ശ്രമിച്ചുനോക്കി, പക്ഷേ പറ്റുന്നില്ല. സ്ഥിരമുള്ളത്‌ വാങ്ങി സീറ്റിലിരുന്നു.

ആ ഞാന്‍പോലും കഴിഞ്ഞ ദിവസം കരഞ്ഞുപോയി.
എന്തിനെന്നല്ലേ. കഴിഞ്ഞ ദിവസം എന്റെ അപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട്‌.
എന്നേക്കുറിച്ച്‌ അറിയാവുന്നവര്‍ തീര്‍ച്ചയായും ചോദിക്കും. അപ്പന്‍ മരിച്ചിട്ട്‌ 31 വര്‍ഷമായി പിന്നെ താനെങ്ങിനെ കഴിഞ്ഞ ദിവസം കേള്‍ക്കും എന്ന്‌.
ശരിക്കും പറഞ്ഞാല്‍ ഏതാണ്ട്‌ 25 വര്‍ഷം മുമ്പ്‌ തമ്മില്‍ കണ്ടതാണ്‌.
കണ്ടപ്പോഴേ ആകാംഷകൊണ്ട്‌ ചോദിച്ചു സ്വര്‍ഗ്ഗത്തിലെന്തൊക്കെയുണ്ട്‌ വാര്‍ത്തകളെന്ന്‌.
എടാ അതിന്‌ ഞങ്ങളാരും സ്വര്‍ഗ്ഗത്തിലെത്തിയിട്ടില്ല.
ങേ...അപ്പോള്‍ നിങ്ങളിപ്പം എവിടാ ?
അതൊന്നും പറഞ്ഞാല്‍ നിനക്കിപ്പം മനസ്സിലാകത്തില്ല.
നമ്മുടെ പുണ്യാളന്മാരും പുണ്യാളത്തികളുമൊക്കെയോ.............
ഞങ്ങളെല്ലാം ഒന്നിച്ചാന്നേ. തിരക്കിനിടയില്‍ വല്ലപ്പോഴുമൊക്കെ ഓരോരുത്തരെ കാണാം
ഒന്നു ചോദിച്ചോട്ടെ ...ഈ അത്ഭുതങ്ങളുടെ ഒക്കെ എടപാട്‌ എങ്ങനെയാ .
അതിവിടെ ഞങ്ങള്‍ക്കെല്ലാം നിശ്ചിത ക്വോട്ടായുണ്ട്‌.
എന്നിട്ട്‌ കുറച്ചുപേര്‌ മാത്രമല്ലേ അത്ഭുത പ്രവര്‍ത്തകരായി അറിയപ്പെടുന്നുള്ളു?
എടാ നിനക്ക്‌ മനസ്സിലാകുന്ന വിധം പറയാം. നാട്ടില്‍ എന്തുമാത്രം സിനിമാ നടന്മാരുണ്ട്‌, പക്ഷേ സൂപ്പര്‍സ്റ്റാര്‍ പദവി എത്ര പേര്‍ക്കുണ്ട്‌. ഈ പദവിയില്ലാത്തവര്‍ക്ക്‌ അഭിനയിക്കാനറിയില്ലേ?
അതുമാത്രമല്ല മനുഷ്യരുടെ സ്വഭാവമറിയാമല്ലോ നേടിയെടുക്കുന്നതെല്ലാം സ്വന്തം കഴിവുകൊണ്ടാണെന്ന അഹന്തക്ക്‌ കുറവില്ലല്ലോ.എന്നുവെച്ചാല്‍ പ്രകടമായ മാറ്റങ്ങള്‍ അത്ഭുതങ്ങളും അല്ലാത്തവയെല്ലാം സ്വന്തം കഴിവും.
അല്ലെങ്കില്‍ നിന്റെ കാര്യം തന്നെയെടുക്ക്‌ . കാര്യങ്ങളൊക്കെ ഈ നിലയില്‍ പോകുന്നത്‌ നിന്റെയൊക്കെ മിടുക്കുകൊണ്ടാണെന്നാ വിചാരം. പിന്നെങ്ങിനെ ഞങ്ങളുടെ അനുഗ്രഹ വര്‍ഷം ശ്രദ്ധിക്കപ്പെടും.
പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞടുത്തതിന്‌ അവിടെല്ലാരും എന്തു പറയുന്നു.
കത്തോലിക്കാ സഭക്ക്‌ പുറത്തും രക്ഷയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞത്‌ ചാച്ചന്‍ കേട്ടോ?
എടാ അത്‌ പുതിയ കണ്ടു പിടുത്തമൊന്നുമല്ല. മത്തായി 22 ല്‍ 2 മുതല്‍ 14 വരെ വായിക്ക്‌. അല്ലെങ്കില്‍ വേണ്ട അതില്‍ നിനക്ക്‌ തര്‍ക്കിക്കാന്‍ പാകത്തിന്‌ ചിലതുണ്ട്‌. അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ലല്ലോ.
നീയൊരു കാര്യം ചെയ്യ്‌, ലൂക്കാ 14 ല്‍ 15 മുതല്‍ 24 വരെ വായിക്ക്‌.
അതു ശരി ഇതിനിടയില്‍ കാലുമാറ്റവും നടന്നോ. ചാച്ചന്‍ ഓര്‍ക്കുന്നുണ്ടോ ഇക്കാര്യത്തില്‍ നമ്മള്‍ തമ്മില്‍ പണ്ട്‌ വലിയ തര്‍ക്കം നടന്നത്‌. അന്നെനിക്ക്‌ 16 വയസ്സ്. ഗാന്ധിജിയൊന്നും രക്ഷപെടില്ലെന്ന്‌ ചാച്ചന്‍ പറഞ്ഞത്‌ മറന്നോ.
ഞാന്‍ കെഞ്ചി ചോദിച്ചിട്ടും കാവില്‍ ഉത്സവം കൂടാന്‍ വിടാതിരുന്നത്‌ ഓര്‍ക്കുന്നുണ്ടോ?
എടാ നീ പറഞ്ഞതൊക്കെ ശരിയാ. അന്ന്‌ അച്ചന്മാര്‌ പറയുന്നതാ വേദവാക്യം. 

അവരെ കണ്ണടച്ചു വിശ്വസിച്ചു. 
 അതിന്റെയൊക്കെ പിണക്കം നിനക്കിപ്പോഴുമുണ്ടോടാ മോനെ.
ഇല്ല ചാച്ചാ ഒരിക്കലുമില്ല. ചാച്ചന്‍ എന്തു മാത്രം അനുഗ്രഹം എന്നില്‍ ചൊരിഞ്ഞിരിക്കുന്നു എന്നെനിക്കറിയാം.
ഇത്‌ പറഞ്ഞ്‌ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. ഉറക്കത്തില്‍ ഏങ്ങലടിച്ചു കരയുന്നത്‌ കേട്ട്‌ ഭാര്യ കാര്യം തിരക്കി. ഒന്നും പറഞ്ഞില്ല.
ഞാനിതെഴുതുമ്പോഴും കരഞ്ഞുപോകുന്നു.


Saturday, 13 July 2013

വിധി

പക്ഷി ശ്രേഷ്‌ഠനായ ഗരുഡന്‍ യാദൃശ്ചികമായി ഒരു പഞ്ചവര്‍ണ്ണക്കിളിയെ കണ്ടുമുട്ടി. 
ആ കിളിയുടെ മനോഹാരിത ഗരുഡനെ അത്ഭുതപ്പെടുത്തി.അപ്പോഴുണ്ട്‌ സാക്ഷാല്‍ കാലന്‍ അതുവഴി ശിവസന്നിധിയിലേക്ക്‌ പോകുന്നു.
വൃക്ഷശിഖരത്തിലിരിക്കുന്ന പഞ്ചവര്‍ണ്ണക്കിളിയെ നോക്കി കാലന്റെ ആത്മഗതം."നീ ഇവിടെനിന്ന്‌ പോയില്ലേ?"
ഗരുഡന്റെ ഹൃദയം മിടിച്ചു. ഈ മനോഹര പക്ഷിക്കും മരണമുണ്ട്‌ എന്ന സത്യം ഗരുഡനെ മഥിച്ചു. 

അതിനെ രക്ഷപെടുത്താന്‍ ഗരുഡന്‍ തീരുമാനിച്ചു.പഞ്ചവര്‍ണ്ണക്കിളിയെ തന്റെ കൊക്കില്‍ സുരക്ഷിതമായി എടുത്തുകൊണ്ട്‌ ശരവേഗത്തില്‍ പറന്ന്‌ പഞ്ചവടി എന്ന വനത്തിലെത്തി. 
അവിടെ ഒരു വൃക്ഷപ്പൊത്തില്‍ കിളിയെ സുരക്ഷിതമായി ഒളിപ്പിച്ചശേഷം ഗരുഡന്‍ വീണ്ടും പറന്ന്‌ വന്ന്‌ സ്വസ്ഥാനത്ത്‌ ഇരുന്നു.
ഗരുഡന്‌ ആശ്വാസമായി.

തെല്ലുനേരം കഴിഞ്ഞപ്പോളുണ്ട്‌ കാലന്‍ ശിവസന്നിധിയില്‍ നിന്നും മടങ്ങി വരുന്നു.
വൃക്ഷശിഖരത്തിലേക്ക്‌ നോക്കിയ കാലനോട്‌ ഗരുഡന്‍ കാര്യമന്വേക്ഷിച്ചു.
കാലന്റെ മറുപടി രസാവഹമായിരുന്നു. 

"പ്രപഞ്ചരഹസ്യം എനിക്കുപോലും അജ്ഞാതമാണ്‌ സുഹൃത്തേ. ആ കിളി മരിക്കാന്‍ അകലെ പഞ്ചവടിയില്‍ ഒരു നാഗം പൊത്തിലിരിക്കുന്നു. നിമിഷങ്ങള്‍കൊണ്ട്‌ ഈ കിളി അത്രയും അകലെയുള്ള ആ വൃക്ഷത്തിന്റെ പൊത്തില്‍ എങ്ങിനെയാണ്‌ എത്തിച്ചേരുക എന്ന അത്ഭുതത്തോടെ ഞാന്‍ നോക്കിപ്പോയതാണ്‌.എന്തായാലും വിധിയില്‍ വെട്ടും തിരുത്തുമില്ല. കിളി അവിടെ എത്തിക്കാണണം. സര്‍പ്പദംശനമേറ്റ്‌ തീര്‍ച്ചയായും അത്‌ കാലപുരിയില്‍ ഇപ്പോള്‍ എത്തിയിരിക്കണം"

ഗരുഡന്‍ ലജ്ജിച്ച്‌ തലതാഴ്‌ത്തി.
സാധാരണ സന്തോഷവാനായ സോമരാജന്‍ പറഞ്ഞ കഥ എന്നെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത്‌ കണ്ട മ്‌ളാനത കണ്ട്‌ ഞാന്‍ ചോദിച്ചു.
"എന്തുപറ്റി മനസ്സിലെന്തോ വിഷമമുണ്ടല്ലോ ?"
"വിഷമം എന്ന്‌ പറയുന്നത്‌്‌ ശരിയാണോ എന്നറിയില്ല. പക്ഷേ എന്റെ മനസ്സിലെന്തോ ഉണ്ട്‌ എന്നത്‌ ശരിയാണ്‌"
ഞങ്ങള്‍ക്കരികിലേക്ക്‌ രണ്ട്‌ ഗ്‌ളാസ്സുമായി വന്ന ഭാനുമതി പറഞ്ഞു "ഇതത്ര നല്ല സ്വഭാവമൊന്നുമല്ല കേട്ടോ"
"ഏത്‌ സ്വഭാവമാ?" സോമരാജന്‍ ഭാര്യയോട്‌ ചോദിച്ചു.
എന്നോടൊപ്പം വല്ലപ്പോഴും സോമരാജന്‍ ഒരു ചെറുത്‌ കഴിക്കുന്നതിന്‌ ഭാനുമതിക്ക്‌ വിരോധമൊന്നുമില്ല. പക്ഷേ കിട്ടുന്നിടത്തുന്നെല്ലാം വലിച്ചു കേറ്റിയിട്ട്‌ ബോധമില്ലാതെ വരുന്നത്‌ ഇഷ്ടവുമല്ല. എന്നുകരുതി അയാളോ ഞാനോ മദ്യപാനികളാണെന്ന്‌ കരുതരുത്‌.
"എടീ ഭാര്യേ ശരിക്കും പറഞ്ഞാല്‍ ഇക്കാര്യത്തില്‍ പുതുതലമുറ ഞങ്ങളെയൊക്ക റോള്‍ മോഡലാക്കേണ്ടതാണ്‌. കാരണം ഞങ്ങള്‍ അഞ്ചെട്ടുപേര്‍ ചേര്‍ന്ന്‌ 50 രൂപ പിരിവിട്ട്‌ ഒരെണ്ണം വാങ്ങും. മിന്നിയാലും ഇല്ലെങ്കിലും അവിടംകൊണ്ട്‌ അവസാനിപ്പിക്കും. " സോമരാജന്‍ പറഞ്ഞു.
"അതൊക്കെ പോട്ടെ... എന്താ ഭാനുമതി സോമരാജന്‌ പതിവില്ലാത്തൊരു മ്‌ളാനത." ഞാന്‍ ചോദിച്ചു.
"ഹേ.. അങ്ങനെയൊന്നുമില്ല......ടെന്‍ഷനൊന്നും ഇല്ലാത്ത ആളാ...പിന്നെന്താ..." ഭാനുമതി അവസരത്തിനൊത്തുയര്‍ന്ന്‌ സോമരാജനെ ഒന്ന്‌ പൊക്കി.
"അതല്ല അങ്കിളേ അച്ഛന്‌ പുതിയ പരിപാടി തുടങ്ങിയതില്‍ പിന്നെ ഇടയ്‌ക്കിടക്ക്‌്‌ ഇങ്ങനെയുള്ളതാ...." അങ്ങോട്ട്‌ വന്ന മകള്‍ ശോഭയുടെ കമന്റ്‌.
"എടീ പട്ടീടെ വേഷംകെട്ടിയാല്‍ കുരയ്‌ക്കണം എന്നാ പ്രമാണം അല്ലാതെ കൊണ്ടൂപ്പറമ്പിലെയാ കോളപ്പാത്തെയാ എന്നൊന്നും പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല. അതുപോലെ തെണ്ടിയുടെ വേഷം കെട്ടിയാല്‍ തെണ്ടണം. വിധിയില്‍ വെട്ടും തിരുത്തുമില്ല." സോമരാജന്റെ വിശദീകരണം കേട്ട്‌ അമ്മയും മകളും സ്ഥലം വിട്ടു.
"എന്താ ഒരു വേദാന്തി ഭാവം" ഞാന്‍ ചോദിച്ചു.
"ആരെയും ബുദ്ധിമുട്ടിക്കാതെ, ആരോടും ഒന്നും ചോദിക്കരുതെന്നാഗ്രഹിച്ച്‌, കൂടുതലൊന്നും പ്രതീക്ഷിക്കാതെ കഴിഞ്ഞുവന്ന എന്റെ ഇപ്പോഴത്തെ അവസ്ഥ പലപ്പോഴും ഒരു തമാശായി തോന്നും. നിങ്ങള്‍ എന്നില്‍ ആരോപിക്കുന്ന ഈ ഭാവ മാറ്റങ്ങള്‍ എന്നില്‍ പണ്ടു മുതലേ ഉള്ളതാണ്‌. അല്ലെങ്കില്‍ തന്നെ ഈ കഥയിലെ കിളിയുടെ കാര്യമെടുക്ക്‌. നമ്മെ വിധിയില്‍ നിന്ന്‌ രക്ഷിക്കാന്‍ ആര്‍ക്കാവും"
"എന്നാല്‍ നമുക്കിനി സരിതയുടെ സോളാറിനെക്കുറിച്ച്‌ സംസാരിക്കാം" എന്ന്‌ പറഞ്ഞ്‌ ഞങ്ങള്‍ മിന്നലിനായി ചിയേര്‍സ്‌ പറഞ്ഞു.

Thursday, 20 June 2013

ചിക്കനും ഡെങ്കിയും.....പിന്നെ നമ്മളും............



രോഗങ്ങളൊന്നും വരാതിരിക്കണേ......
ആശുപത്രിയിലൊന്നും കേറാനിട വരാതിതിരിക്കണേ........

ഇതാണിന്ന്‌ നമ്മുടെയൊക്കെ പ്രാര്‍ത്ഥന
പരിസ്ഥിതിയും, കാലാവസ്ഥയും, ജീവിത ശൈലികളും മാറിയപ്പോള്‍
മരുന്നുകളോട്‌ പ്രതിരോധിക്കാന്‍ ശേഷിയുള്ള
രോഗാണുക്കളുടെ കേളീരംഗമായി മാറി കേരളം.......

പരിസര മലിനീകരണവും , ഫാസ്റ്റ്‌ ഫുഡുമൊക്കെ
രോഗകാരണമായി പൊതുവേ പറയുന്നുണ്ടെങ്കിലും
മരുന്നു കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കാന്‍ വൈറസ്‌ വ്യാപനം
ബോധപൂര്‍വ്വം നടത്തുന്നുണ്ടോ എന്നുപോലും സംശയിക്കത്തക്ക
രീതിയിലാണ്‌ ഇന്ന്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌.

അനാവശ്യ മരുന്നുകളും, ആവശ്യമില്ലാത്ത ടെസ്‌റ്റുകളും
രോഗികള്‍ക്ക്‌ വിധിക്കുന്ന ഇന്നത്തെ ആശുപത്രികള്‍
ആതുരാലയങ്ങളല്ല, മറിച്ച്‌ അറവുശാലകളായിരിക്കുന്നു
എന്ന ആക്ഷേപം പരക്കെ ഉണ്ട്‌.

പക്ഷേ ഇവയുടെ മേലൊന്നും നമുക്ക്‌ നിയന്ത്രണമോ,
സ്വാധീനമോ ഇല്ലാത്ത സാഹചര്യത്തില്‍
നമ്മുടെ മുമ്പില്‍ ഒരു മാര്‍ഗ്ഗമേ അവശേഷിക്കുന്നുള്ളു.
ഒരു രോഗം നമ്മുടെ സാമ്പത്തികാടിത്തറയെ
തകര്‍ക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുക എന്നതുമാത്രം.

അതിന്‌ നമ്മെ സഹായിക്കുന്നത്‌ മെഡിക്കല്‍ ഇന്‍ഷ്വറന്‍സാണ്‌.
നാട്ടില്‍ നിലവില്‍ സര്‍ക്കാരിന്റേതുള്‍പ്പെടെ നിരവധി
മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ പദ്ധതികള്‍ ഇപ്പോഴുണ്ട്‌.
പക്ഷേ അവ നല്‍കുന്ന നാമമാത്ര സഹായം ഒന്നിനും തികയില്ല.


വളരെയേറെ കസ്റ്റമര്‍ ഫ്രണ്ട്‌ലിയായ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌
പോളിസികളേക്കുറിച്ച്‌ അറിയാന്‍ താങ്കള്‍ക്ക്‌ ആഗ്രഹമുണ്ടെങ്കില്‍
വിളിക്കുക. 9446759847
(പൊതുജന താല്‌പ്പര്യാര്‍ത്ഥം . KMJ പയസ്‌ കയ്യാണിയില്‍, തിടനാട്‌)

Wednesday, 19 June 2013

ഒരു നിമിഷം.........തരൂ.......


താങ്കള്‍ ഇന്ന്‌ ചെറുപ്പമാണ്‌.
ആരോഗ്യവും വരുമാനവും ഉണ്ട്‌
ഭാര്യയ്‌ക്കും മക്കള്‍ക്കും വേണ്ടി സമ്പാദിക്കുന്നു.
സ്വന്തം പേരിലും നിക്ഷേപം ഉണ്ടായിരിക്കാം
"അറുപത്‌ കഴിഞ്ഞാല്‍ അത്തും പൊത്തും,
എഴുപത്‌ കഴിഞ്ഞാല്‍ ഏടാകൂടം.
എണ്‍പത്‌ കഴിഞ്ഞാല്‍ എന്തോ ഏതോ...."
എന്ന നാടന്‍ ചൊല്ലിലെ അവസ്ഥയിലേക്ക്‌ താങ്കള്‍ എത്താന്‍
ഇനി എത്ര വര്‍ഷങ്ങള്‍ ശേഷിക്കുന്നുവെന്ന്‌ ചിന്തിച്ചിട്ടുണ്ടോ .
മക്കള്‍ വിവാഹിതരാകും
അവര്‍ വിദൂരത്തേക്ക്‌ നീങ്ങും
നിങ്ങള്‍ ഒറ്റക്കാകും
സമ്പാദ്യമൊക്കെ വീതിക്കപ്പെടും
സ്വന്തം പേരിലുണ്ടെന്നഹങ്കരിക്കുന്ന നിക്ഷേപം പോലും
മക്കള്‍ക്കോ കൊച്ചു മക്കള്‍ക്കോ വേണ്ടി പിന്‍വലിക്കേണ്ടി വന്നേക്കും.
പിന്നെ മരുന്നിനും മന്ത്രത്തിനും മറ്റ്‌ സ്വകാര്യ ആഗ്രഹങ്ങള്‍ക്കും
മക്കളുടെ മുമ്പില്‍ കൈനീട്ടേണ്ട ഗതിയാകും.
മക്കള്‍ നിങ്ങളെ നോക്കിയാലും.........
സ്വന്തമായി വരുമാനമില്ലാത്തതിന്റെ
വേദന നിങ്ങളെ വിഷമിപ്പിക്കും.
മക്കള്‍ തിരിഞ്ഞ്‌ നോക്കിയില്ലെങ്കിലോ.......
നിങ്ങളുടെ കാര്യം ഹാ.....കഷ്ടം.....
ഒന്നാലോചിക്കൂ.......ഈ സമയത്ത്‌
നിങ്ങള്‍ക്കൊരു പെന്‍ഷന്‍ കിട്ടുന്നത്‌
എത്രമാത്രം ആശ്വാസകരമായിരിക്കും.......
പെന്‍ഷനുവേണ്ടി നിക്ഷേപിക്കുന്ന തുക
മറ്റാര്‍ക്കും പിന്‍വലിക്കാനാവില്ലല്ലോ...........
"സമ്പത്ത്‌ കാലത്ത്‌ തൈ പത്ത്‌ വെച്ചാല്‍
ആപത്ത്‌ കാലത്ത്‌ കായ്‌ പത്ത്‌ തിന്നാം" എന്ന്‌ കേട്ടിട്ടില്ലേ
സര്‍ക്കാരുദ്യോഗത്തിന്റെ ആകര്‍ഷണീയത
പെന്‍ഷനല്ലാതെ മറ്റെന്താണ്‌
അപ്പോള്‍ താങ്കള്‍ക്കും വേണ്ടേ ഒരു പെന്‍ഷന്‍ ?
ഞാന്‍ താങ്കളെ സഹായിക്കാം........
വിളിക്കുമോ..................9446759847 KMJ പയസ്‌ കയ്യാണിയില്‍, തിടനാട്‌.

Thursday, 6 June 2013

അപൂര്‍വ്വ സ്വപ്‌നം

അത്മായ ശബ്ദത്തില്‍ വല്ലപ്പോഴുമെങ്കിലും എഴുതാത്ത കോണ്‍ട്രിബ്യൂട്ടേഴ്‌സിന്റെ പേര്‌ 
നീക്കം ചെയ്യുമെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ട്‌ 
എന്തെങ്കിലും കുറിക്കാന്‍ രാത്രി വൈകി ഉറങ്ങാതിരിക്കുകയാണ്‌.
പുറത്ത്‌ മഴ തകര്‍ത്തു പെയ്യുന്നു. 
ഊണ്‌ മുറിയില്‍ ജനാലക്ക്‌ പുറം തിരിഞ്ഞ്‌ ഡൈനിംഗ്‌ ടേബിളില്‍ പേപ്പര്‍ നിവര്‍ത്തി വെച്ചിരിക്കുന്നു.
ജനാലയില്‍ ആരോ തട്ടുന്ന സ്വരം. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ അതാ പുറത്ത്‌ ഒരു താടിക്കാരന്‍.
കൂടല്‍ അച്ചായനാണോ.....പെട്ടെന്നൊരു സംശയം.
കഴിഞ്ഞ വര്‍ഷം അങ്ങേര്‌ എനിക്കൊരു ഓഫര്‍ തന്നിരുന്നു. എവിടെയെങ്കിലും പോയ വഴി 
വാക്കുപാലിച്ചേക്കാമെന്ന്‌ വിചാരിച്ചതാണോ............
ഞാന്‍ ജനാലയ്‌ക്കടുത്ത്‌ ചെന്ന്‌ സൂക്ഷിച്ച്‌ നോക്കി.
"തുറക്കടാ വാതില്‍" പുറത്തു നിന്ന്‌ ഒരു കല്‌പ്പന.
ശ്ശെടാ ഇതെന്തു കളി ഉടയവനെ പിടിച്ചു കെട്ടുന്ന കാലമോ, ഞാനോര്‍ത്തു.
"ആരാ" ഞാന്‍ വളരെ ശ്രദ്ധയോടെ ചോദിച്ചു.
"സൂക്ഷിച്ച്‌ നോക്ക്‌" വീണ്ടും ഗര്‍ജ്ജനം.
"ഒരു ക്‌ളൂവെങ്കിലും" ഞാന്‍
"ങും.....................ഒരു തേവിടിശ്ശി മൂലം എന്റെ തല പോയതാ.........."
"അയ്യയ്യോ ..........ഇത്‌ സ്‌നാപക യോഹന്നാന്‍. OK...... ബുള്ളറ്റ്‌" ഞാന്‍ പെട്ടെന്ന്‌ കതക്‌ തുറന്നുകൊടുത്ത്‌ ചോദിച്ചു "എന്താ ഈ വേഷത്തില്‌"
" എടാ മണ്ടാ പഴയതുപോലെ മരത്തോലും കൊണ്ട്‌ നടന്നാല്‍ ചാനലുകാര്‌ വിടത്തില്ല".
"എങ്ങിനെയെത്തി.....വണ്ടിക്കാണോ ?"
" വണ്ടീം വള്ളോം ഒന്നുമില്ല...................നീ ഈ പാതിരായ്‌ക്ക്‌ എന്തെടുക്കുവാ ?"
സത്യജ്വാല മാസിക മേശപ്പുറത്ത്‌ കിടക്കുന്നത്‌ അപ്പോഴാണ്‌ അദ്ദേഹം കണ്ട
ത്‌.
എടുത്തൊന്ന്‌ മറിച്ചു നോക്കി വലിച്ചൊരേറു കൊടുത്തു.
എന്റെ മുഖത്തെ വാട്ടം കണ്ട്‌ അദ്ദേഹം പറഞ്ഞു. " എന്തു പറ്റി ദേഷ്യം തോന്നിയോ ?
എടാ കൂവേ .... ഞാനതെറിഞ്ഞത്‌ ആ മാസിക മോശമായതുകൊണ്ടല്ല. ഇതല്ല ഇതിനപ്പുറം എഴുതിയാലും ഇവനൊന്നും നന്നാകില്ലല്ലോ എന്നോര്‍ത്താ........"
എനിക്കാശ്വാസമായി. അദ്ദേഹവും നമ്മോടൊപ്പം തന്നെ.
എന്റെ മുഖത്തെ ആശ്വാസം കണ്ട്‌ അദ്ദേഹം തുടര്‍ന്നു.
"നിനക്കറിയാമ്മേലയോ ഞാന്‍ സ്‌നാനപ്പെടുത്തിയ യേശുവിന്റെ വാക്കുകള്‍ എത്ര സ്‌പഷ്ടവും ലളിതവുമാണ്‌. ഏത്‌ പൊട്ടനും മനസ്സിലാകുന്നപോലല്ലേ അവിടുന്ന്‌ എല്ലാം അരുളിച്ചെയ്‌തിട്ടുള്ളത്‌. എന്തിനേറെ ആ മത്തായിയുടെ സുവിശേഷമെങ്കിലും ഇവരൊന്ന്‌ മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍............"
"നീ ഇതുവല്ലതും വായിച്ചിട്ടുണ്ടോ ?"
"വായിച്ചിട്ടുണ്ട്‌"
" ങ....വായിച്ചിട്ടുണ്ടാവും.........അക്ഷരമറിയാമെങ്കില്‍ വായിക്കാനെന്താ പാട്‌. മനസ്സിലാക്കിയിട്ടുണ്ടോ ?"
"എനിയ്‌ക്കിതൊക്കെ വായിക്കുന്തോറും കണ്‍ഫ്യൂഷനാ"
" അപ്പോള്‍ നീ ആ പാട്ടൊന്നു പാടിയാല്‍ മതി. ഏതാ... കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...........എന്ന്‌ തുടങ്ങുന്ന ഒന്നില്ലേ.........."
" ഓ... തമാശ്‌ പറഞ്ഞതാ അല്ലേ......അങ്ങ്‌ തമാശൊക്കെ പറയുമോ....ഇവിടെ എല്ലാവരും ഭയങ്കര സീരിയസ്സാ..............ക്രിസ്സോസ്‌റ്റോം ഒഴികെ."
"അതുപോട്ടെ എന്താ നിന്റെ കണ്‍ഫ്യൂഷന്‍ ?"
" അതിപ്പോള്‍........ഞാനെന്താ അങ്ങയെ വിളിക്കേണ്ടത്‌ ......പിതാവെന്നോ ...പ്രവാചകനെന്നോ.....?"
" എടാ.....പിതാവ്‌ എന്ന്‌ വിളിക്കപ്പെടാന്‍ അര്‍ഹത ആര്‍ക്കാണെന്ന്‌ ബൈബിളിലുണ്ട്‌.പിന്നെ പ്രവാചകനെന്ന്‌ വിളിക്കാന്‍ എളുപ്പമല്ലല്ലോ. അതുകൊണ്ട്‌ നീയെന്നെ തത്‌ക്കാലം യോനാനപ്പൂപ്പാന്ന്‌ വിളി."
"അല്ല യോനാനപ്പൂപ്പാ..........ഈ ബൈബിളില്‍ പറഞ്ഞിരിക്കുന്നതാണോ ശരി അതോ അച്ചന്മാര്‌ പറയുന്നതാണോ ശരി."
"അതെന്താടാ മോനേ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്‌ തന്നല്ലേ സ
യും പഠിപ്പിക്കുന്നത്‌"
" അപ്പൂപ്പന്‍ എന്നെ പരീക്ഷിക്കാന്‍ ചോദിക്കുന്നതാണെന്നറിയാം, എന്നാലും പറയുവാ................നീ പ്രാര്‍ത്‌ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോട്‌ പ്രാര്‍ത്ഥിക്കുക എന്ന്‌ വി. മത്തായിയുടെ സുവിശേഷത്തില്‍ വായിച്ചിട്ടുണ്ട്‌. പിന്നെന്തിനാ തട്ടുപൊളിപ്പന്‍ പാട്ടും ആക്രോശങ്ങളുമൊക്കെ."
"എടാ നിയൊരു കഥ കേട്ടിട്ടില്ലേ........."

"സ്വര്‍ഗ്ഗത്തിലെത്തിയതായി ഒരാള്‍ സ്വപ്‌നം കണ്ടു. 
 കാഴ്‌ചകളൊക്കെ കണ്ട്‌ ആസ്വദിച്ച്‌ സ്വര്‍ഗ്ഗത്തിലൂടെ അങ്ങനെ നടക്കുന്ന സമയത്ത്‌ യേശു വന്ന്‌ അയാളോടൊപ്പം നടന്നു തുടങ്ങുകയും കാഴ്‌ചകളെപ്പറ്റി വിവരിച്ചു കൊടുക്കുകയും ചെയ്‌തു.
പിന്നെ യേശു ഭൂമിയിലെ ഒരു കാഴ്‌ച അയാള്‍ക്ക്‌ കാട്ടിക്കൊടുത്തു. 

അന്നൊരു ഞായറാഴ്‌ചയായിരുന്നു. ഒരു പള്ളി നിറയെ ആള്‍ക്കാര്‍. 
 കുര്‍ബാന നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും പാട്ടുപാടുന്നതും അയാള്‍ക്ക്‌ കാണാന്‍ കഴിയുന്നുണ്ട്‌. 
പക്ഷേ ശബ്ദം കേള്‍ക്കുന്നില്ല. ഓര്‍ഗണ്‍ വായനക്കാരന്റെ വിരലുകള്‍ കീബോര്‍ഡില്‍ നൃത്തം ചെയ്യുന്നുണ്ട്‌ പക്ഷേ സംഗീതം കേള്‍ക്കാന്‍ കഴിയുന്നില്ല.
അയാള്‍ യേശുവിന്റെ നേരെ തിരിഞ്ഞ്‌ കാര്യം തിരക്കിയപ്പോള്‍ യേശു പറഞ്ഞു

 ' കുഞ്ഞേ, ജനങ്ങള്‍ പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്‌ ഹൃദയംകൊണ്ടല്ലെങ്കില്‍ അവ ഇവിടെ കേള്‍ക്കില്ല.'..........."
അലാറം കേട്ട്‌ ഞെട്ടിയുണര്‍ന്ന ഞാന്‍ നല്ലൊരു സ്വപ്‌നം തടസ്സപ്പെട്ട നിരാശയില്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു.


Friday, 17 May 2013

ഇതെന്തു ന്യായം ? ഇതെന്തു നീതി ?


മലയാളിയായ ക്രിക്കറ്റ്‌ താരം ശ്രീശാന്തിനെ വാതുവെയ്‌പ്പ്‌ കേസില്‍ അറസ്റ്റ്‌ ചെയ്‌ത്‌ തടവിലാക്കിയിരിക്കുന്നു.അങ്ങേര്‌ വാതുവെച്ചു എന്നുതന്നെയിരിക്കട്ടെ അതിലെന്താ ഇത്ര വലിയ തെറ്റ്‌ ?നിയമ വിരുദ്ധമാണെന്നായി
രിക്കും.
അപ്പോള്‍ കുതിരപ്പന്തയത്തിന്‌ വാതുവെക്കാന്‍ നിയമം അനുവദിക്കുന്നതോ ?ഒരു പന്തിയില്‍ രണ്ട്‌ വിളമ്പ്‌ . അത്‌ എവിടുത്തെ ന്യായമാ.ഹവാലയും, കള്ളപ്പണവും, അധോലോകവും ഈ വാതുവെപ്പിലുണ്ടുപോലും.ഇതുകേട്ടാല്‍ തോന്നും കുതിരപ്പന്തയവും, IPL ലേലവും ഒന്നും ഇതുമായി പുലബന്ധമില്ലാത്തവയാണെന്ന്‌.തേങ്ങ ചോരുന്നത്‌ കാണാതെ എള്ള്‌ ചോരുന്നത്‌ കാണുന്ന പരിപാടിയാണിത്‌.വാങ്ങിയാല്‍ത്തന്നെ 40 ലക്ഷമേ അങ്ങേര്‍ക്ക് കിട്ടിയുള്ളു. സഹസ്രകോടികള്‍ ഖജനാവില്‍ നിന്നും അമുക്കിയവനൊക്കെ സുപ്രീംകോടതി പരാമര്‍ശിച്ചിട്ടും പുറത്ത്‌ വിലസുന്നു.ആവശ്യത്തിന്‌ തെളിവ്‌, തെളിവ്‌ തിരുത്തിയതിനും തെളിവ്‌ എന്നിട്ടെന്താ ?ശ്രിശാന്തിനെ അകത്തിടാന്‍ ഇവിടാര്‍ക്കും ഒരു തെളിവും വേണ്ട.ഇതെന്തു ന്യായം ? ഇതെന്തു നീതി ?

Thursday, 28 March 2013

Good Friday എങ്ങിനെ ദുഖവെള്ളിയായി

Good Friday എങ്ങിനെ ദുഖവെള്ളിയായി എന്ന ചര്‍ച്ച പുതിയതല്ല. അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ മലയാളിക്ക്‌ Good Friday ദുഖവെള്ളി തന്നെയാണ്‌.

പേരിന്റെ ഉദ്‌ഭവത്തിലേയ്‌ക്ക്‌ കടക്കും മുമ്പേ ആധുനിക സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അന്തിയുറങ്ങുകയും ഉണരുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ അറിവിലേക്ക്‌ ദുഖവെള്ളിയുടെ അത്ര പഴക്കമില്ലാത്ത ഒരു ചിത്രം വ്യക്തമാക്കാം.

തലേന്ന്‌ പെസഹാ വ്യാഴം. നിരവധി വീടുകളിലായി രാത്രി ഏറെ വൈകുവോളം അപ്പം മുറിക്കലും പാന വായനയും നടത്തി താമസിച്ച്‌ കിടന്നുറങ്ങുന്ന വിശ്വാസി വെള്ളിയാഴ്‌ച രാവിലെ പള്ളിയില്‍ പോകുകയും ഉപവാസമാചരിക്കുകയും ചെയ്‌തിരുന്നു. വേഗത്തില്‍ നടക്കാനോ, ചാടാനോ , ഉച്ചത്തില്‍ സംസാരിക്കാനോ, ചിരിക്കാനോ , കളിക്കാനോ കുട്ടികളെപ്പോലും അനുവദിച്ചിരുന്നില്ല. അത്ര തീവ്രമായിരുന്നു അക്കാലത്ത്‌ ദുഖാചരണം.

ഇന്നത്തെ സ്ഥിതി അറിയാമല്ലോ......................

തിരുവെഴുത്തുകള്‍ കിറുകൃത്യമായി പൂര്‍ത്തീകരിക്കപ്പെട്ടതിന്‌ നാം സന്തോഷിക്കുകയല്ലേ വേണ്ടത്‌ ?
പണ്ട്‌ ഈ ചോദ്യം പലരോടും ചോദിച്ചിട്ടുണ്ട്‌
പക്ഷേ ഇപ്പോള്‍ ഞാനറിയുന്നു ദുഖം മലയാളിക്കു മാത്രമാണെന്ന്‌
നമുക്ക്‌ ആരെങ്കിലും നന്നാവുന്നത്‌ കണ്ടു കൂടല്ലോ.
ഇത്‌ വെറും ബഡായിയല്ല.
തമിഴന്‌ ഇത്‌ "പുനിത വെള്ളി". അതായത്‌ പുണ്യവെള്ളി.
കന്നഡക്കാരന്‌ "ശുഭ്‌ ശുക്രവാര്‍" . എന്നുവെച്ചാല്‍ നല്ല വെള്ളി.
തെലുങ്കനോ "തെഡ ശുക്രവാരം". തെഡ എന്നാല്‍ വലുത്‌ എന്നര്‍ത്ഥം.
ഹിന്ദിക്കാര്‍ക്കാകട്ടെ "പവിത്ര ശുക്രവാര്‍".

ഒരു പേരിലെന്തിരിക്കുന്നു എന്ന്‌ ചോദിച്ച്‌ നമുക്കവസാനിപ്പിക്കാം.
കോങ്കണ്ണിക്ക്‌ കമലാക്ഷിയെന്നും കോന്ത്രപ്പല്ലന്‌ മനോഹരന്‍ എന്നും മഹാപാപിക്ക്‌ പയസ്‌ എന്നും ഒക്കെ നാം പേരിടാറുണ്ടല്ലോ............