Sunday, 8 September 2013

പോലീസ്‌ രാജേന്ദ്രനു മുമ്പില്‍ കുടുങ്ങി.

പാലായില്‍ നടന്ന ഓണാഘോഷത്തില്‍ റോഡുകള്‍ ബ്‌ളോക്കായതിനെപ്പറ്റി ബേബിച്ചന്റെ പോസ്‌റ്റ്‌ കണ്ടപ്പോള്‍ എന്റെ മനസ്സിലോടിയെത്തിയത്‌ നവാബ്‌ രാജേന്ദ്രന്റെ ഓര്‍മ്മയാണ്‌.
1986 ല്‍ നടന്ന സംഭവമാണ്‌. കോഴിക്കോട്‌ പാളയത്തു നിന്നും KSRTC യിലേക്ക്‌ ഓട്ടോറിക്ഷയില്‍ പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ്‌ നവാബ്‌ രാജേന്ദ്രന്‍ അറിയുന്നത്‌, സാധാരണ പോകുന്ന വഴിയേ പോകാന്‍ പറ്റില്ല. ഇന്നുമുതല്‍ ട്രാഫിക്ക്‌ പരിഷ്‌ക്കാരമാണ്‌ എന്ന്‌.

അപ്പോള്‍ അദ്ദേഹം ചോദിച്ചു" നേരത്തെ ആരോടും പറയാതെ ഒരു ട്രാഫിക്‌ പരിഷ്‌ക്കാരമോ"
അദ്ദേഹം നേരെ പോയത്‌ കോഴിക്കോട്‌ മുന്‍സിഫ്‌ കോടതിയിലേക്കാണ്‌. യാതൊരു അറിയിപ്പുമില്ലാതെ ട്രാഫിക്‌ പരിഷ്‌ക്കാരം നടത്തിയ DIG ഹോര്‍മിസ്‌ തരകനെതിരെ നവാബ്‌ ഹര്‍ജി ഫയല്‍ ചെയ്‌തു.
ട്രാഫിക്‌ അഡൈ്വസറി കമ്മറ്റി വിളിച്ചു ചേര്‍ത്ത്‌ ജനത്തെ മുന്‍കൂട്ടി അറിയിച്ചശേഷം മാത്രമേ ട്രാഫിക്‌ പരിഷ്‌കാരം നടത്താവൂ എന്ന്‌ നവാബ്‌ വാദിച്ചു.
എന്നാല്‍ ഒരു പരീക്ഷണാര്‍ത്ഥം മാത്രമാണ്‌ ട്രാഫിക്‌ പരിഷ്‌കാരമെന്ന്‌ പോലീസ്‌ മറുപടി നല്‍കി.
പരീക്ഷണം നടത്തേണ്ടത്‌ ലബോറട്ടറിയിലാണെന്നും അല്ലാതെ പൊതുനിരത്തിലല്ലെന്നുംനവാബ്‌ വാദിച്ചു. കോടതി നവാബിന്റെ വാദം അംഗീകരിച്ചു.
ട്രാഫിക്കില്‍മാറ്റം വരുത്താന്‍ പോലീസിന്‌ അധികാരമില്ലെന്നും TAC എടുക്കുന്ന തീരുമാനം നടപ്പില്‍ വരുത്താനേ പോലീസിനധികാരമുള്ളു എന്നും കോടതി വിധിച്ചു.
അടിയന്തിര ഘട്ടങ്ങളില്‍ ക്രമസമാധാന പാലനത്തിനായല്ലാതെ റോഡ്‌ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്‌ അധികാരമില്ലെന്നും പൊതുമരാമത്തു വകുപ്പിനു മാത്രമേ അധികാരമുള്ളു എന്നും കോടതി ചൂണ്ടിക്കാട്ടി.
ഏതാണ്ട്‌ പത്ത്‌ വര്‍ഷത്തിനു ശേഷം ഇതുപോലൊരു പരിഷ്‌കാരത്തിന്റെ പേരില്‍ എറണാകുളത്തും പോലീസ്‌ രാജേന്ദ്രനു മുമ്പില്‍ കുടുങ്ങി.
എറണാകുളം കോണ്‍വെന്റ്‌ ജംഗ്‌ഷനില്‍ നിന്നും എം.ജി റോഡിലേക്ക്‌ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന രാജേന്ദ്രനെ ജംഗ്‌ഷനില്‍ പോലീസ്‌ തടഞ്ഞു. അടുത്ത ജംഗ്‌ഷനില്‍ ചെന്ന്‌ തിരിഞ്ഞുപോകാന്‍ പോലീസ്‌ നിര്‍ദ്ദേശിച്ചു. രാത്രി ഏഴരക്കായിരുന്നു സംഭവം. പോലീസും രാജേന്ദ്രനുമായി വാക്കേറ്റം മൂത്തു. വയര്‍ലെസ്‌ സന്ദേശം വഴി കൂടുതല്‍ പോസീസ്‌ സ്ഥലത്തെത്തി. ജംഗ്‌ഷനില്‍ സംഘര്‍ഷാവസ്ഥ. നിയമ വിരുദ്ധമായാണ്‌ വണ്‍വേ ഏര്‍പ്പെടുത്തിയതെന്നും ഇതുവഴി മാത്രമേ യാത്ര ചെയ്യുകയുള്ളുവെന്നും രാജേന്ദ്രന്‍ ശഠിച്ചു. വകുപ്പും നിയമങ്ങളും അരച്ചുകലക്കി സംസാരിച്ച രാജേന്ദ്രനു മുമ്പില്‍ പോലിസ്‌ കീഴടങ്ങി. തടഞ്ഞ വഴിയിലൂടെത്തന്നെ രാജേന്ദ്രന്‍ എം.ജി റോഡിലേക്ക്‌ പോയി.

No comments:

Post a Comment