Saturday, 11 February 2012

എനിക്കിതേ അറിയൂ

 ലോണ്‍റാഗറും ഭൃത്യന്‍ ടോണ്‍ടോയും മരുഭൂമിയില്‍ തങ്ങാനായി പോയി. അവര്‍ അവിടെയെത്തി ഒരു കൂടാരം കെട്ടി. ക്ഷീണിതരായ രണ്ടു പേരും കൂടാരത്തിനുള്ളില്‍ ഗാഢനിദ്രയിലായി.
മണിക്കൂറുകള്‍ക്കുശേഷം ഉണര്‍ന്ന ടോണ്‍ടോ, ലോണ്‍റാഗറെ വിളിച്ചുണര്‍ത്തി പറഞ്ഞു. 

 ‘' സാബ് മുകളിലേയ്ക്ക് നോക്കൂ എന്താണ് കാണുന്നത് ?'
ലോണ്‍റാഗര്‍- 'ലക്ഷോപലക്ഷം നക്ഷത്രങ്ങളെ കാണുന്നു .
'അവ അങ്ങയോട് എന്തു പറയുന്നു.'  ടോണ്‍ടോ ചോദിച്ചു.
ഒരു നിമിഷം ആലോചിച്ച് ലോണ്‍ റാഗര്‍ പറഞ്ഞു.
'ജ്യോതിശാസ്ത്രപരമായി പറഞ്ഞാല്‍, ലക്ഷോപലക്ഷം ഗാലക്‌സികളും
കോടാനുകോടി ഗ്രഹങ്ങളുമുണ്ടെന്ന് അതെന്നോട് പറയുന്നു.
ജ്യോതിഷപരമായി പറഞ്ഞാല്‍, ശനി ചിങ്ങം രാശിയിലാണെന്നും,
സമയാടിസ്ഥാനത്തില്‍ പറഞ്ഞാല്‍ സമയം വെളുപ്പിന് മൂന്ന് കഴിഞ്ഞെന്നും,
തത്വശാസ്ത്രപരമായി പറഞ്ഞാല്‍, ദൈവം സര്‍വ്വശക്തനാണെന്നും,
കാലാവസ്ഥാപരമായി പറഞ്ഞാല്‍, നാളെ നല്ല സുന്ദര ദിനമായിരിക്കുമെന്നും അതെന്നോട് പറയുന്നു.'

'നീ എന്തു പറയുന്നു ടോണ്‍ടോ'’ ടോണ്‍ടോ തലകുലുക്കിയിട്ട് പറഞ്ഞു.

'സാബ് അങ്ങയുടെ ഒപ്പം ബുദ്ധിയൊന്നും എനിക്കില്ല.
എനിക്കിതേ അറിയൂ. നമ്മുടെ കൂടാരം ആരോ മോഷ്ടിച്ചിരിക്കുന്നു.'’ 

Friday, 10 February 2012

തല്ലാം തലോടണം





അല്ലാ........ ഇതാര് മാഷോ ......?
കോളിംഗ് ബെല്ല് കേട്ട് കതകു തുറന്ന മനുവിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ തൃപ്തിയായി.
പ്രതീക്ഷിച്ചത് തന്നെ ........... മാറ്റമൊന്നും വന്നിട്ടില്ല. മൂന്നു വര്‍ഷം കൂടി അവധിക്ക് വന്നതാണ് മനു.
ഗള്‍ഫില്‍ സാമാന്യം തരക്കേടില്ലാത്ത ബിസിനസ്. പണത്തിന് പണം.
സൈഡായി സാഹിത്യവും സാംസ്‌കാരികപ്രവര്‍ത്തനങ്ങളും. അത്യാവശ്യം ജാടയ്ക്ക് ഇതിലേറെയെന്തു വേണം.?
'ഹലോ ........... മനു ഒരു മാറ്റവുമില്ലല്ലോ?'
കൈ പിടിച്ചു കുലുക്കി ഞാന്‍ പറഞ്ഞു.
''വാ മാഷേ അകത്തേക്കിരിക്കാം'' മനു തിരക്കുകൂട്ടി.
അകത്ത് കസേര വലിച്ചിട്ട് എന്നെ ഇരുത്തിയിട്ട് അടുക്കളഭാഗത്തേക്ക് നീങ്ങി.
എന്റെ ആഗമനം അകത്തുള്ളവരെ അറിയിച്ച് മനു തിരികെയെത്തി.
''പറയ് മാഷേ ......... എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.'' ഒരു കസേര വലിച്ചിട്ട് എന്റെ അടുത്തിരുന്ന് മനു ആരംഭിച്ചു.
''സുഖം തന്നെ മനു. എല്ലാവരും സുഖമായിരിക്കുന്നു.''
''ലസ് ലഗേജ് മോര്‍ കംഫര്‍ട്ട്'' എന്നതുപോലെ
''ലസ് വാണ്ട്‌സ് മോര്‍ പ്ലഷര്‍'' എന്ന സിദ്ധാന്തമാണ് എന്റേത്. ഞാന്‍ പറഞ്ഞു.
''അതു കൊള്ളാം മാഷേ. പക്ഷേ എനിക്കിഷ്ടം പഴയ ആപ്തവാക്യം തന്നെയാ.'' മനു
''അതെന്താ പഴമയോടിത്ര സ്‌നേഹം? ഞാന്‍ ചോദിച്ചു.
എന്റെ നിലപാട് വിശദീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ വാക്യമാണിതെന്ന് എനിക്ക് തോന്നുന്നു'' മനുവിന്റെ മുഖത്ത് ആശ്വാസം.
''ഓ....... വിവാഹിതനാകാത്തതിന്റെ വിശദീകരണം അല്ലേ?'' ഞാന്‍ ചോദിച്ചത് മനു കേട്ടില്ലെന്ന് തോന്നി.
''എടാ അപ്പു അതവിടെ വയ്ക്ക്'' മനു കുട്ടിയെയാണ് ശ്രദ്ധിക്കുന്നത്. മനുവിന്റെ ഇളയ പെങ്ങള്‍ സിനുവിന്റെ മോനാണ് അപ്പു.
മഹാ കുസൃതി. മുട്ടമ്മാവന്‍ വന്നതിന്റെ സന്തോഷത്തിലാണവന്‍. അങ്ങനെയാണ് മനുവിനെ അവന്‍ വിളിക്കുന്നത്.
സിനുവിന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് ഒരു ഗ്ലാസ്സ് വെള്ളവുമായി ഓടി വന്നതാണ്. പറഞ്ഞു തീര്‍ന്നില്ല ഗ്ലാസ്സ് താഴെ. ഓടി വന്നപ്പോള്‍ കസേരയില്‍ കാല്‍ തട്ടിയതാണ്. ഭാഗ്യം കുട്ടി വീണില്ല.
ഞങ്ങള്‍ ചില്ലുകള്‍ തൂത്തുവാരി. അവനൊരു കൂസലുമില്ല. അടുത്ത കുസൃതിക്കുള്ള സാദ്ധ്യത തിരയുകയാണ്. ഞങ്ങള്‍ വീണ്ടും കസേരയില്‍ ഉപവിഷ്ടരായി. അപ്പോള്‍ ടീപ്പോയുടെ ഇടയിലൂടെ ഓടിവന്ന് മുട്ടമ്മാവനോട് എന്തൊക്കെയോ അപ്പു പറഞ്ഞുതുടങ്ങി.
ഇടയ്ക്കു മനു പറഞ്ഞു. ''മോനേ നീ അപ്പുറത്തു പോയി കളിക്ക് ഞാന്‍ മാഷിനോടല്പം സംസാരിക്കട്ടെ,'' അവന്‍ പുറത്തേക്ക് ഓടി.
നല്ല അനുസരണയുള്ള കുട്ടി ഞാനോര്‍ത്തു. ''പിന്നെ...... മാഷേ ....'' മനു സംഭാഷണത്തിലേക്ക് കടന്നു.
അതാ പുറത്തേക്ക് പോയവന്‍ ഒരു കവുങ്ങിന്‍ പാളയുമായി ഓടി വരുന്നു. ''മുട്ടമ്മാവാ, എന്നെ ഇതില്‍ ഇരുത്തി ഒന്നു വലിച്ചേ .....''
മനു എഴുന്നേറ്റ് പാള വാങ്ങി പുറത്തേക്ക് ഒരേറ്. അതവന്‍ പ്രതീക്ഷിച്ചില്ല. അവന്‍ വയലന്റായി മനുവിനെ അടിക്കാനും തൊഴിക്കാനും തുടങ്ങി. ടപ്പ് ... ഒരടി..... മുട്ടിനു താഴെ. മുട്ടമ്മാവന്റെ അറ്റകൈ. അതവന്‍ ഒട്ടും പ്രതീക്ഷിച്ചില്ല, ഒറ്റക്കരച്ചിലും ഒരോട്ടവും.
കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന സിനുവിനോട് അവന്റെ പരാതി ''മുട്ടമ്മാവനടിച്ചേ .....'' അമ്മ അവനേയും എടുത്ത് അടുക്കളയിലേക്ക് പോയി.
കൊച്ചുകുട്ടികളുടെ പരാക്രമങ്ങള്‍ കണ്ട് ചിരിച്ചുകൊണ്ടിരിക്കുന്ന മുതിര്‍ന്നവരുടെ ചിത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞു.
എത്രയെത്ര ആതിഥേയരാണ് അതിഥികളായെത്തുന്നവരുടെ കുട്ടികളെക്കൊണ്ട് വശം കെടുന്നത്. എത്രയോ അതിഥികള്‍ ആതിഥേയരുടെ മക്കളെക്കൊണ്ട് പൊറുതിമുട്ടുന്നു.
എന്താണിങ്ങനെ? നമ്മുടെ മാതാപിതാക്കള്‍ക്കെന്തു പറ്റി? കുട്ടികളെ തല്ലാന്‍ പാടില്ല എന്നാണോ ഇവരുടെ ധാരണ?
കുട്ടികള്‍ തെറ്റു ചെയ്താല്‍ തിരുത്താതിരിക്കുന്നതാണോ ആധുനിക മനശാസ്ത്രം? സ്വന്തം അപ്പനും അമ്മയ്ക്കും മാത്രമേ കുട്ടികളെ തിരുത്താനുള്ള ചുമതലയുള്ളൊ?
എന്തോ എനിക്കിതൊന്നും ഉള്‍ക്കൊള്ളാനാകുന്നില്ല. ഞാന്‍ അപ്പന്റെയും അമ്മയുടെയും തല്ല് ഇഷ്ടം പോലെ കൊണ്ടിട്ടുണ്ട്. അപ്പന്‍ ചൂരലിന് രണ്ടടി തരുമ്പോള്‍ അമ്മ കൈയ്യില്‍ കിട്ടിയത് കൊണ്ട് ദേഷ്യം തീരും വരേയോ അടി കൊള്ളുന്നവന്‍ കരയുന്നതുവരെയോ തല്ലും.
എനിക്ക് കരയുവാന്‍ മടിയായിരുന്നതുകൊണ്ട് അമ്മ മടുക്കുന്നതുവരെ അടി വാങ്ങണമായിരുന്നു.
എങ്കിലും ഞാന്‍ പറയുന്നു മക്കളെ ആവശ്യമെങ്കില്‍ തല്ലണം. ഒപ്പം തല്ലുന്ന കൈകൊണ്ട് പിന്നെ തലോടുകയും വേണം. എന്റെയൊക്കെ ചെറുപ്പത്തില്‍ തല്ലേ ഉള്ളു തലോടലില്ല. അത് സ്‌നേഹമില്ലാഞ്ഞല്ല അവര്‍ക്കത് പ്രകടിപ്പിക്കുവാന്‍ നേരവും അറിവുമില്ലായിരുന്നു.
എന്നാല്‍ ഇന്നോ? തല്ലില്ല തലോടല്‍ മാത്രം അധികമായാല്‍ അമൃതും വിഷമെന്നല്ലേ?
'നമുക്ക് മുറ്റത്തിരിക്കാം മാഷെ' എന്ന് പറഞ്ഞ് മനു കസേരയുമെടുത്ത് പുറത്തേക്കിറങ്ങി. പുറകേ ഞാനും.
കഴിഞ്ഞ മുന്നു വര്‍ഷക്കാലത്തെ അനുഭവങ്ങള്‍ ഓരോന്നായി മനു വിവരിച്ചുകൊണ്ടിരുന്നു.
ഞാന്‍ ശ്രദ്ധയോടെ കേട്ടിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പു ഒരു സിഗരറ്റും ചുണ്ടത്തു വെച്ച് മനുവിന്റെ മുമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
മനുവാകട്ടെ അതു കണ്ടതായി നടിച്ചില്ല. ഞങ്ങളുടെ സംസാരം തുടര്‍ന്നു.
അവനതാ വീണ്ടും വരുന്നു. ഇപ്പോള്‍ ചുണ്ടത്ത് കത്തുന്ന സിഗറ്റാണ്. അതിനും മനു പ്രതികരിക്കുന്നില്ല. അവന്‍ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങുന്നില്ലെന്ന് ബോദ്ധ്യമായപ്പോള്‍ കൂടുതല്‍ പ്രകോപനമായി ലക്ഷ്യം. അതിനവന്‍ കണ്ട മാര്‍ഗ്ഗം എന്തെന്നോ? തൊട്ടടുത്ത് മരങ്ങള്‍ക്കിടയില്‍ കടന്നിരുന്ന കരിയിലയ്ക്ക് അവന്‍ തീയിട്ടു.
അപ്പോഴേക്കും ഒന്ന് രണ്ട് കൂട്ടുകാര്‍ കൂടി എത്തി. കുറച്ചുകൂടി മുതിര്‍ന്ന കുട്ടികള്‍. അവര്‍ വെള്ളമൊഴിച്ചും തല്ലിയും തീ കെടുത്തി. വിവരം അമ്മയെ അറിയിച്ചു. അമ്മ വഴക്കു പറഞ്ഞു. മനു അപ്പോഴും വര്‍ത്തമാനത്തിലാണ്.
താമസിച്ചില്ല, ഇതാ അടുത്ത നമ്പര്‍. മുറിയ്ക്കുള്ളില്‍ നിന്ന് ഒരു ടീപ്പോയും വലിച്ചുകൊണ്ടുവരുന്നു. എടുത്താല്‍ പൊങ്ങില്ല. ഉന്തിയും വലിച്ചുമാണ് കൊണ്ടുവരുന്നത്. മുട്ടമ്മാവന്റെ അവഗണന അവന് സഹിക്കാനാവുന്നില്ല.
ഇതുകൊണ്ടും രക്ഷയില്ലെന്ന് മനസ്സിലായപ്പോള്‍ അപ്പു മനുവിന്റെ അരികത്ത് വന്ന് മുട്ടിയുരുമ്മി നിന്നു നോക്കി. അതും ഏശിയില്ല.
എനിക്ക് മടങ്ങാനുള്ള സമയമായി.
''മനു ഞാനിറങ്ങുന്നു. റിസള്‍ട്ട് നാളെ പറയണം.
ഓകെ. മാഷെ ...... മനു എന്നെ യാത്രയാക്കി.
പിറ്റെ ദിവസം പ്രഭാത സവാരിക്കു വന്ന മനു പറഞ്ഞു. ''മാഷേ ഇന്നലെ രാത്രിവരെ എന്റെ അവഗണന നീണ്ടപ്പോള്‍
അപ്പുവും അവന്റെ ജ്യേഷ്ഠനും കൂടി സിനുവിനോട് പറഞ്ഞു മുട്ടമ്മാവന് ഞങ്ങളോടൊക്കെ ദേഷ്യമാണ്. നമുക്ക് നാളെ തിരിച്ചു പോകാമെന്ന്.
മുട്ടമ്മാവന് ദേഷ്യമാണോയെന്ന് നേരിട്ട് ചോദിക്കാന്‍ സിനു പറഞ്ഞപ്പോള്‍ അവന്‍ മടിച്ചു മടിച്ച് എന്റെ അടുത്തു വന്നു. അപ്പോള്‍ ഞാന്‍ അവനെ എടുത്ത് തോളത്തിട്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. അവന്‍ പൂര്‍വ്വാധികം സന്തോഷത്തോടെ എന്റെ ഒപ്പം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി..' 

Thursday, 9 February 2012

പണവും പ്രായവും



ഒരച്ചനും എന്റെ സുഹൃത്ത് ജോയിയും പള്ളി മുറ്റത്തെ തണല്‍ മരത്തിനു ചുവട്ടില്‍ സംസാരിച്ചിരിക്കുന്നു(ഇന്നേതു പള്ളി മുറ്റത്താണ് ആവോ തണലുള്ളത്).
കുറച്ചു കഴിഞ്ഞപ്പോള്‍ ഇടവക പ്രമാണിയായ ചാക്കോച്ചേട്ടന്‍ ഇവര്‍ക്കരികിലേക്ക് വരുന്നത് കണ്ട് അച്ചന്‍ എഴുന്നേറ്റു(കുറച്ച് അച്ചന്മാരെ അങ്ങനെ ചെയ്യാറുള്ളു). 

എന്തോ ജോയി എഴുന്നേറ്റില്ല.
ചാക്കോച്ചേട്ടന്‍ പോയതിനുശേഷം, എഴുന്നേല്‍ക്കാതിരുന്നതിന് അച്ചന്‍ ജോയിയെ വഴക്ക് പറഞ്ഞു.

അച്ചനോട് ജോയി ഇങ്ങനെ ചോദിച്ചു.' പണത്തേയോ പ്രായത്തേയോ ബഹുമാനിക്കേണ്ടത്?'
അച്ചന്‍ പറഞ്ഞു 'പ്രായത്തെ'
' ശരി, എങ്കില്‍ എന്റെ അപ്പന്‍ ഇന്നലെ അച്ചനെ കാണാന്‍ വന്നപ്പോള്‍(അദ്ദേഹത്തിനുമുണ്ട്ചാക്കോച്ചേട്ടന്റെ പ്രായം) അച്ചന്‍ എഴുന്നേറ്റു നിന്ന് ബഹുമാനിക്കാതിരുന്നത് അങ്ങേര് ദളിതനായിരുന്നതുകൊണ്ടല്ലേ?' ജോയി ചോദിച്ചു.


പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെ നിന്ന അച്ചനോട് ജോയി വീണ്ടും പറഞ്ഞു.' അതു പോട്ടേ നിങ്ങള്‍ അച്ചന്മാര് സ്വന്തം വീട്ടില്‍ ചെല്ലുമ്പോള്‍ സ്വന്തം അപ്പന്‍ പോലും എഴുന്നേറ്റ് ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുന്നവരാ. അത് എന്തെങ്കിലുമാവട്ടെ. 


ചാക്കോച്ചേട്ടന്റെ പ്രായമുള്ള എന്റെ അപ്പനെ അദ്ദേഹത്തിന്റെ മക്കള്‍ പേര് വിളിക്കുന്നതോ ?'
അച്ചന്‍ എഴുന്നേറ്റ് ജോയിക്ക് ഒരു ഷേക്ക്ഹാന്‍ഡ് കൊടുത്തിട്ട് പറഞ്ഞു

' ജോയി പറഞ്ഞത് ശരിയാണ് ഞാന്‍ അങ്ങനെയൊരു വശം ചിന്തിച്ചിരുന്നില്ല. നന്ദി'
അവര്‍ നല്ല സുഹൃത്തുക്കളായി പിരിഞ്ഞു.

Tuesday, 7 February 2012

ചെറിയ ഭേദഗതികള്‍



മൃഗരാജന്‍ വനഭരണമേറ്റെടുത്തിട്ട് കാലമേറെയായി.
നാട്ടിലെ മാറ്റങ്ങള്‍ കാടിനേയും ബാധിച്ചു.
നാട്ടിലെ രാജാക്കന്മാര്‍ കാട് വെട്ടി നാട് വളര്‍ത്തി.
തന്റെ രാജ്യത്തിന്റെ കുറയുന്ന വിസ്തൃതിയിലും, വനവാസികളുടെ വര്‍ദ്ധിച്ചു വരുന്ന പ്രശ്‌നങ്ങളിലും വന രാജാവ് ഖിന്നനായിരുന്നു.
എങ്കിലും തടുത്തു നിര്‍ത്താനാവാത്ത കാലപ്രവാഹത്തിന്റെ വെല്ലുവിളികളഭിമുഖീകരിക്കാന്‍ പല പരിഷ്‌ക്കാരങ്ങളും തന്റെ രാജ്യത്ത് അദ്ദേഹം തുടങ്ങി വെച്ചു.
തന്റെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും, പ്രജകളുടെ ക്ഷേമവും കാത്തു സൂക്ഷിക്കുന്നതില്‍ രാജാവ് പ്രതിജ്ഞാബദ്ധനായിരുന്നു.
വനവാസികളില്‍ ഭൂരിഭാഗവും തൃപ്തരായിരുന്നു.
അങ്ങനെയിരിക്കെ, കുറുക്കന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം മൃഗങ്ങള്‍ രാജഭരണത്തിനെതിരെ ഒത്തുകൂടി.
പണ്ടൊരിക്കല്‍ കുറുക്കന്‍ രാജാവാകാന്‍ നടത്തിയ വിഫല ശ്രമമൊക്കെ അവര്‍ മറന്നിരുന്നു.
ഒരു അവകാശ പത്രിക തന്നെ അവര്‍ തയ്യാറാക്കി. കുടുംബവാഴ്ചയില്‍ അധിഷ്ഠിതമായ മൃഗരാജഭരണത്തെ അവര്‍ വിമര്‍ശിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിക്ക് അധികാരം കൈമാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജാവ് നടപ്പാക്കിയ പല പരിഷ്‌ക്കാരങ്ങളും എതിര്‍ക്കപ്പെട്ടു.
ഒരു മാറ്റത്തിനായി ദാഹിച്ചിരുന്ന വനവാസികളില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ കുറുക്കനു കഴിഞ്ഞു.
തന്റെ പ്രജകളുടെ ക്ഷേമം മാത്രമായിരുന്നു വനരാജാവിന്റെ സ്വപ്നം.
കുറുക്കന്റെ പുതിയ നീക്കം തന്റെ പ്രജകളിലുണ്ടാക്കിയ മാറ്റം മനസ്സിലാക്കിയ മൃഗരാജാവ് ഭരണക്കൈമാറ്റത്തിന് തയ്യാറായി.
അങ്ങനെ മൃഗരാജാവിന്റെ സ്ഥാനത്ത് കുറുക്കന്‍ ഭരണാധികാരിയായി. അവരുടെ പുതിയ റിപ്പബഌക്കില്‍ എല്ലാ മൃഗങ്ങളും അനുസരിക്കേണ്ട 10 പ്രമാണങ്ങള്‍ എഴുതിയുണ്ടാക്കി. അത് രാജധാനിയില്‍ ഏവര്‍ക്കും കാണാനായി പ്രദര്‍ശിപ്പിച്ചു
ദിനങ്ങള്‍ ആഴ്ചകള്‍ക്കും, ആഴ്ചകള്‍ മാസങ്ങള്‍ക്കും വഴിമാറി.കുറുക്കന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് അവരുടെ അവകാശപത്രികയിലെ അവകാശങ്ങള്‍ക്കുവേമ്ടി ഒന്നും ചെയ്യാനായില്ല.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. മൃഗങ്ങള്‍ പിറുപിറുത്തു തുടങ്ങി. ഭരണത്തിന്റെ ശീതളഛായയില്‍ മയങ്ങിപ്പോയ കുറുക്കനെതിരെ മന്ത്രിസഭാ യോഗത്തില്‍ ശബ്ദമുയര്‍ന്നു.
കാളക്കൂറ്റന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കുറുക്കന്റെ രാജി ആവശ്യപ്പെട്ടു. കുറുക്കന്‍ വഴങ്ങിയില്ല. കാളക്കൂറ്റന്‍ തന്റെ അനുയായികളുമായി യോഗത്തില്‍നിന്നിറങ്ങിപ്പോയി പുതിയ ഗ്രൂപ്പുണ്ടാക്കി.
അങ്ങനെയിരിക്കെ ഒരു ദിവസം രാജാവായ കുറുക്കന്‍ കുറെ വേട്ടപ്പട്ടികളെ കൂട്ടി മറ്റു മൃഗങ്ങളെ ആക്രമിക്കുന്ന കാഴ്ച മറ്റുള്ളവര്‍ കണ്ടു. അവര്‍ അന്തംവിട്ട്്് പോയി. കാരണം അവകാശപത്രികയിലെ ഒന്നാം പ്രമാണം മൃഗങ്ങള്‍ മറ്റു മൃഗങ്ങളെ ഉപദ്രവിക്കരുതെന്നായിരുന്നു. ഇതാ രാജാവ് തന്നെ ആ നിയമം ലംഘിച്ചിരിക്കുന്നു.
അവര്‍ ഓടി രാജധാനിയിലെത്തി പ്രമാണം വീണ്ടും പരിശോധിച്ചുനോക്കി.
ചെറിയൊരു ഭേദഗതി. 'അകാരണമായി മൃഗങ്ങള്‍ മറ്റു മൃഗങ്ങളെ ഉപദ്രവിക്കരുത്'
ഒരാഴ്ച കടന്നുപോയി. ഒരു ദിവസം കൊട്ടാരത്തിനു സമീപത്തുകൂടി വന്ന, കാളക്കൂറ്റന്‍ ഗ്രൂപ്പിലെ ചിലര്‍ കൊട്ടാരത്തില്‍ നിന്നും പതിവില്ലാത്ത ബഹളം കേട്ടു. കാര്യമറിയാന്‍ കൊട്ടാരവളപ്പിലെത്തിയവര്‍ മൂക്കത്ത്് വിരല്‍ വെച്ചു. നേതാവായ കുറുക്കനും കൂട്ടുകാരും ചേര്‍ന്ന്്് മദ്യപിച്ച് അട്ടഹസിക്കുകയാണ്. ഇതാ മദ്യപാനം പാടില്ല എന്ന രണ്ടാം പ്രമാണവും അവര്‍ ലംഘിച്ചിരിക്കുന്നു.
തങ്ങളുടെ ഓര്‍മ്മയിലുള്ള രണ്ടാം പ്രമാണം 'മദ്യപാനം പാടില്ല' എന്നതു തന്നെയല്ലേ എന്നുറപ്പു വരുത്താന്‍ രാജധാനിയില്‍ പരസ്യപ്പെടുത്തിയിരിക്കുന്ന അവകാശപത്രിക ഒരിക്കല്‍കൂടി വായിച്ചു നോക്കി.
അതാ ഒരു ചെറിയ ഭേദഗതി.' അമിത മദ്യപാനം പാടില്ല,'
അവര്‍ സന്തോഷത്തോടെ മടങ്ങി.
ബിവേറജസിന്റെ മുമ്പില്‍ ക്യൂവായി അടങ്ങി നിന്നു.

അച്ചാ പ്ലീസ്.......



''അച്ചാ പ്ലീസ്'' ''പ്ലീസ് അച്ചാ''
''അച്ചാ ഒന്നു പ്രാര്‍ത്ഥിക്കാമോ''
''പ്ലീസ് അച്ചാ ഞാന്‍ അടിയേ പോകുവാ''
''അച്ചന്‍ ഉടനെയൊന്ന് പ്രാര്‍ത്ഥിക്കണേ''
ഇക്കഴിഞ്ഞ ദിവസം കേള്‍ക്കാനിടയായ ഒരു മൊബെല്‍ഫോണ്‍ സംഭാഷണത്തിലെ ഏതാനും ഭാഗമാണ് മേലുദ്ധരിക്കുന്നത്. കാമുകീകാമുകന്മാരുടെ പ്രേമസല്ലാപങ്ങളും, ഭാര്യാഭര്‍ത്താക്കന്മാരുടെ സൗന്ദര്യപ്പിണക്കങ്ങളും, കച്ചവടക്കാരുടെ ബിസ്സിനസ്സ് രഹസ്യങ്ങളും, ദല്ലാളന്മാരുടെ നാരീവര്‍ണ്ണനകളും ഇന്ന് ബസിലും ബസ്റ്റാന്റിലും, കടയിലും കവലയിലും, നടയിലും നിരത്തിലും ഒക്കെ, പഴമക്കാര്‍ പറയുന്നതുപോലെ അങ്ങടിപ്പാട്ടാണ്. സ്വന്തം കോലായിലെ കസേരയിലാണ് താനെന്ന ഭാവത്തിലാണ് ചില മൊബൈല്‍ വായാടികള്‍. കേട്ട് മടുത്തതിനാല്‍ ഇത്തരം സംഭാഷണങ്ങള്‍ ശ്രദ്ധിക്കാറേയില്ല.
പക്ഷേ ഇന്ന് കേട്ടത് ശ്രദ്ധിക്കാതിരിക്കാനായില്ല. അത്ര ദയനീയ ഭാവമായിരുന്നു അയാള്‍ക്ക്.
എന്തോ വലിയ അത്യാപത്തിന്റെ വക്കില്‍ നില്‍ക്കുന്നതുപോലെ.
പാവം.........................
ഞാന്‍ നടപ്പിന്റെ വേഗത കുറച്ചു.
അച്ചന്റെ മറുപടി എന്താണാവോ അറിയില്ല. അയാള്‍ തുടര്‍ന്നു. ''അച്ചാ ഇത്രയും ഓര്‍ത്തില്ല അച്ചന്‍ ഒന്ന് പ്രാര്‍ത്ഥിച്ചാല്‍ മതി. അച്ചാ മാര്‍ക്കറ്റ് താഴോട്ട് പോയിക്കൊണ്ടിരിക്കുകയാ''
അയാള്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് അടുത്തുള്ള അവധിവ്യാപാരശാലയുടെ അകത്തേക്ക് ഓടിക്കയറി.
അപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് വശം മനസ്സിലായത്. പിന്നെ ഞാനൊന്നും ശ്രദ്ധിച്ചില്ല. നടപ്പിന് വേഗത കൂട്ടി.
അപ്പോഴും അയാളുടെ വിലാപം ചെവിയില്‍ മുഴങ്ങന്നുണ്ടായിരുന്നു

Monday, 6 February 2012

നോക്കുകൂലി


'മരണം വരുമൊരുനാള്‍
ഓര്‍ക്കുക മര്‍ത്യാ നീ.......
കൂടെപ്പോരും നിന്‍ ജീവിത ചെയ്തികളും
സല്‍കൃത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ.'


ആരാണ് ഇത്ര രാവിലെ ഫോണ്‍ വിളിക്കുന്നത്. പെട്ടെന്ന് ഫോണ്‍ എടുത്തു
'ഹലോ...'
'ഹലോ മാഷാണോ ? എന്താ രാവിലെ ഒപ്പീസ് കേള്‍ക്കുന്നത് ?'
'ഹലോ സന്തോഷേ, ഒപ്പീസൊന്നുമല്ല എന്റെ ഫോണിന്റെ റിങ്ങ്‌ടോണാ.'
'ഇതെന്താ മാഷേ പുതിയൊരു പരിഷ്‌ക്കാരം ? വേറൊന്നും കിട്ടിയില്ലേ ?'
'അതെന്താ സന്തോഷേ ഇതിനൊരു കുഴപ്പം. എന്നെ വിളിക്കുന്നവരോട് എനിക്ക് പറയാനുള്ളത് റിങ്‌ടോണാക്കിയെന്നേയുള്ളു.'
'എന്തുപറ്റി വയനാടിന് പോയോ.... ധ്യാനം വല്ലതും.'....
'ഒന്നു പോടേ.... എന്താ രാവിലെ വിളിച്ചത് ?'
'ഞങ്ങളുടെ പത്ര ഏജന്റ് ഒരു പ്രശ്‌നക്കാരനായിരിക്കുന്നു.ആ കാര്യം ഒന്നു സംസാരിക്കണം. എപ്പോഴാ ഇവിടെവരെ ഒന്നു വരുന്നത്?'
'അതുകൊള്ളാം ഈ ഏജന്റിനെന്താ പ്രശ്‌നം ? ആകെ ദാരിദ്ര്യമായതിനാല്‍ 10 രൂപ വീതം സര്‍വ്വീസ് ചാര്‍ജ്ജ് കൊടുക്കമണമെന്ന് കാണിച്ച് എല്ലായിടത്തും നോട്ടീസ് കൊടുത്തല്ലോ. ആ പ്രശ്‌നമാണോ?'
'അല്ല അതല്ല പ്രശ്നം . അത് അസംഘടിത പൊതുജനത്തിന്റെ തോളില്‍, പത്രമുതലാളിയുടെ ചെലവില്‍ കേറുന്ന പരിപാടിയല്ലേ ? ഏജന്റ്മാര്‍ കാണിക്കുന്നത് ശുദ്ധപോക്രിത്തരം തന്നെയാ.... പക്ഷേ അതിപ്പോള്‍ ഞാന്‍ കാര്യമായിട്ടെടുത്തിട്ടില്ല. വേറൊരു പോക്രിത്തരത്തിന്റെ കാര്യം പറയാനാ വിളിച്ചത്.'
'ശരി എന്നാല്‍ വൈകിട്ടിറങ്ങാം. വെയ്ക്കട്ടെ.'
ചവറുപോലെ ചാനലുകള്‍ ഉള്ള ഇക്കാലത്ത് വാര്‍ത്തകളറിയാന്‍ ഒരു പത്രത്തിന്റെ ആവശ്യമേയില്ല.പിന്നെ ചെറുപ്പം മുതല്‍ ശീലിച്ചുപോയതിനാല്‍ ഏതെങ്കിലും ഒരു പത്രത്തിന്റെ പേജുകള്‍ മറിച്ചുനോക്കാതെ ശോദന ശരിയാവില്ല എന്ന അവസ്ഥയിലാണ് മലയാളികള്‍.ഇതറിയാവുന്ന പത്ര മുതലാളിമാര്‍ അടിക്കടി പത്രത്തിന്റെ വില കൂട്ടുന്നു.
പത്രവ്യവസായം നഷ്ടമാണെന്നാണ് ഇതിനു പറയുന്ന ന്യായം. എന്തോ. എഡിഷനുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നുണ്ട്താനും.
'എന്താ ഇത്ര കാര്യമായി ചിന്തിച്ചിരിക്കുന്നത്. ഇന്ന് സ്‌കൂളിലെങ്ങും പോകുന്നില്ലേ ?' ഭാര്യയുടെ ചോദ്യം കേട്ട് മാഷ് പറഞ്ഞു.
'പത്രക്കാരുടെ കാര്യം ഓര്‍ത്തുപോയതാ. പത്ര മുതലാളിമാര്‍ക്ക് നഷ്ടം.അരിക്കാശ് പിരിയാത്തതിനാല്‍ ആത്മഹത്യയാണ് ആശ്രയമെന്ന ഏജന്റ്മാര്‍.'
'അവരും മനുഷ്യരല്ലേ ന്യായമായ വരുമാനം അവര്‍ക്കും വേണ്ടേ ?' ഭാര്യയുടെ ദീനാനുകമ്പ.
'ചെയ്യുന്ന പണിക്ക് ന്യായമായ പ്രതിഫലം കിട്ടണമെന്നു തന്നെയാണ് എന്റേയും അഭിപ്രായം. പക്ഷേ അത് കൊടുക്കേണ്ടത് ആരാണ് ?
ഏതൊരു വസ്തുവിന്റേയും ഉദ്പാദകര്‍ തന്നെയാണ് വിതരണ ചെലവും വഹിക്കുന്നത്. അതുകൂടി കണക്കാക്കിയാണ് ഉദ്പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത്. ആ വിലയില്‍ കൂടുതല്‍ വേണമെന്ന് ഇവര്‍ പറയുന്നത് ന്യായമാണോ ?'
' ഒരു പത്തുരൂപയല്ലേ കൂടുതല്‍ ചോദിച്ചത്. അതിന് ഇത്ര വലിയ വകുപ്പും ചട്ടോം പറയാനുണ്ടോ?' ഭാര്യയുടെ വിശാലമനസ്‌കത!
'ഹോ....എന്തൊരു വിശാലമനസ്‌കത......കഴിഞ്ഞ ദിവസം ഏതോ പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍ മൂന്ന് രൂപ ബാക്കി തന്നില്ലെന്ന് പറഞ്ഞ് നീ ചൂടാകുന്നത് കേട്ടല്ലോ. അയാളുടെ ഭാര്യക്ക് സിസ്സേറിയനായിരുന്നു. നല്ലൊരു തുക ആശുപത്രിയില്‍ ചെലവായി. അതുകൊണ്ട് 7 രൂപ ടിക്കറ്റിന് അയാള്‍ 10 രൂപ വീതം എല്ലാവരോടും വാങ്ങുന്നതാ. ഇതുതന്നെയല്ലേ പത്ര ഏജന്റ്മാരും ചെയ്യുന്നത്.
'കിട്ടുന്ന ശമ്പളം ഉപജീവനത്തിനു തികയുന്നില്ലെങ്കില്‍ തൊഴില്‍ദാതാവിനെതിരെ സമരം ചെയ്യാം.ജോലി ഉപേക്ഷിക്കാം. സംഘമായി പത്ര വിതരണം നിര്‍ത്തിവെച്ച്്് പ്രതിക്ഷേധിക്കാം.ഇതൊക്കെയല്ലേ അതിന്റെ ശരി?'
'ഞാന്‍ ഒരു തര്‍ക്കത്തിനില്ല. ഇതാ ഇപ്പോള്‍തന്നെ സമയം പോയി. കുളിച്ച് വാ ഞാന്‍ കാപ്പിയെടുക്കാം.',...ഭാര്യ ശരിക്കും വീട്ടമ്മയായി. തല്ക്കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
'എനിക്കു തരാനുള്ള കാശ് തന്നില്ലെങ്കില്‍ തന്നോടല്ല തന്റപ്പൂപ്പനോട് ഞാന്‍ വാങ്ങും....എന്നെ തനിക്കറിയത്തില്ല.'
വൈകിട്ട് സന്തോഷിന്റെ വീട്ടുമുറ്റത്ത് ബൈക്ക് നിര്‍ത്തിയപ്പോള്‍ ഞാന്‍ കേള്‍ക്കുന്നതിതാണ്. ഇതുപറഞ്ഞ് മുറ്റത്തേയ്ക്കിറങ്ങിയ ആളെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ട് പോയി. ഇത്ജോണല്ലേ നമ്മുടെ പത്രഏജന്റ്. ഹെല്‍മറ്റ് ഉണ്ടായിരുന്നതുകൊണ്ട് അയാള്‍ക്കെന്നെ മനസിലായില്ല. ഹെല്‍മറ്റ് എടുക്കാതെതന്നെ ഞാന്‍ അയാളോട് ചോദിച്ചു ' എന്താ എന്താണ് പ്രശ്‌നം.?
'അത്പറയേണ്ടവരോട് പറഞ്ഞിട്ടുണ്ട്' വെറുതേക്കാരന്റെ ചോദ്യം ജോണിനിഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായി.
'ജോണവിടെ നിന്നേ.... ചോദിക്കട്ടെ....' ഞാന്‍ ബൈക്ക് സ്റ്റാന്‍ഡില്‍ വെച്ച് അയാളുടെ അടുത്തേക്ക് ചെന്നു.
തന്റെ പേര്വിളിച്ച് കേട്ടപ്പോള്‍ജോണ്‍ നിന്നു. ഹോല്‍മറ്റ് എടുത്തപ്പോള്‍ ആളെ മനസ്സിലായി.
'അയ്യോ........ മാഷായിരുന്നോ......സോറി.....' ജോണ്‍ തെല്ല് ചമ്മലോടെ പറഞ്ഞു.
ജോണിന്റെ ഭാവവ്യത്യാസം കണ്ട് അത്ഭുതം തോന്നി. പുലി എലിയാകുന്നത് എത്ര പെട്ടെന്നാണ്. ഇയാളെ എനിക്ക് നേരത്തെ അറിയാം.
ഒരാര്‍ത്തി പണ്ടാരം. കാര്യസാദ്ധ്യത്തിന് ആരുടെ കാലും നക്കും. കാര്യം നടന്നില്ലെങ്കില്‍ വിധം മാറും. സ്വന്തം അപ്പനെപ്പോലും തെറി വിളിക്കാന്‍ ഒരു മടിയുമില്ല. രാഷ്ട്രീയത്തിലായിരുന്നെങ്കില്‍ നല്ല ഭാവി ഉണ്ടായിരുന്നതാ. എന്തു ചെയ്യാന്‍ പത്ര ഏജന്റ് ആയിപ്പോയി.
'എന്താ ഇത്ര ചൂടില്‍.....ആരെയാ ഭീഷണിപ്പെടുത്തുന്നേ....എന്താ സംഭവം..?' ഞാന്‍ ചോദിച്ചു.
'സന്തോഷിന്റെ അപ്പന്‍ മരിച്ചപ്പോള്‍ പത്രത്തില്‍ കൊടുത്ത പരസ്യത്തിന്റെ കാര്യം പറയാന്‍ വന്നതാ.' ജോണ്‍ പറഞ്ഞു. അപ്പോഴേക്കും സന്തോഷ് എത്തി.
'എടാ നാറി നീ വീട്ടില്‍കേറി വന്ന് ഭീഷണിപ്പെടുത്തുന്നോ...നീ എന്ത് ഉലത്തുമെന്നാ പറഞ്ഞത്.' സന്തോഷ് ജോണിന്റെ കോളറില്‍ കേറിപ്പിടിച്ചു.
'ഹാ....എന്താ സന്തോഷേ ഇത് വിട് ' ഞാന്‍ ഇടക്കുകയറി സന്തോഷിനെ പിടിച്ചുമാറ്റി.
'എന്തായിത്...... എന്താ ഇവിടെ പ്രശ്‌നം?'
'ഞാന്‍ പറയാം... 'സന്തോഷ് വിവരിച്ചു തുടങ്ങി.
' കഴിഞ്ഞയാഴ്ച അപ്പച്ചന്‍ മരിച്ചപ്പോള്‍ ഞാനിയാളെ വിളിച്ചു. പത്രത്തില്‍ വാര്‍ത്ത കൊടുക്കണമെന്നു പറഞ്ഞപ്പോള്‍ ഇയാള്‍ തിരക്കിലാണെന്നും
നേരിട്ട് കൊടുക്കുന്നതാ നല്ലതെന്നും അയാള്‍ പറഞ്ഞു.
ഈയാളാരാ മോന്‍. വാര്‍ത്തക്ക് കമ്മീഷനില്ലല്ലോ. വാര്‍ത്ത കൊടുക്കാന്‍ കോട്ടയത്തിന് ആളെവിട്ടു.വാര്‍ത്തയ്ക്കു പുറമേ ഒരു പരസ്യവും കൊടുത്തു.
പരസ്യത്തിന് 15 ശതമാനം കമ്മീഷനുണ്ടെന്നും, പാര്‍ട്ടി നേരിട്ട് കൊടുത്താല്‍10 ശതമാനമേ കുറയ്ക്കൂ 5 ശതമാനം ഏതെങ്കിലും ഏജന്റിന്റെ പേര് പറഞ്ഞാല്‍ അയാള്‍ക്ക്കൊടുക്കാമെന്നും, പോയ ആള്‍ എന്നെ വിളിച്ചു പറഞ്ഞു. നാറിയാണെങ്കിലും നാട്ടുകാരനല്ലേയെന്ന് വിചാരിച്ച് ഇയാളുടെ പേര് കൊടുത്തു.'
'ചേതമില്ലാത്ത ഉപകാരമല്ലേ സന്തോഷ് ചെയ്തത്. പിന്നെയെന്തിനാ ഇയാള്‍ ബഹളമുണ്ടാക്കുന്നത് ? ' ഞാന്‍ ചോദിച്ചു.
'മാഷേ തിരക്കുമൂലം അന്നെനിക്കെത്താന്‍ പറ്റിയില്ലെന്നത് ശരിയാ. പക്ഷേ പിറ്റേദിവസം വാര്‍ത്ത വന്ന എല്ലാ പത്രങ്ങളും ഇവിടെ കൊടുത്തതാ. പരസ്യത്തിന്റെ കമ്മീഷന്‍ ഏജന്റിന് അവകാശപ്പെട്ടതാ അതെനിക്കു കിട്ടണം.' ജോണ്‍ തന്റെ ഭാഗം വിശദീകരിച്ചു.
'എടോ ജോണേ ഇതിനാണ് നോക്കുകൂലി എന്നു പറയുന്നത്. എന്നു മുതലാടോ പത്രഏജന്റ്മാര്‍ നോക്കുകൂലി വാങ്ങാന്‍ തുടങ്ങിയത് ?'
ഞാന്‍ ചോദിച്ചു.
'ഇയ്യാള് ബഹളം വെച്ചപ്പോള്‍, ഇതിന്റെ പേരില്‍ ഒച്ചയും ബഹളവും വെച്ച് നാട്ടുകാരെ അറിയിക്കണ്ട എന്തെങ്കിലും കൊടുത്തു വിടാന്‍ അമ്മച്ചി പറഞ്ഞതുകൊ ണ്ട്നോക്കുകൂലിയായി 2000 രൂപ കൊടുത്തതാ. അതുപോരാ 15 ശതമാനം തികച്ച്് വേണമെന്ന് പറഞ്ഞാ ബഹളം.' സന്തോഷിന് സങ്കടം വന്നു.
'എന്തായാലും ഇന്നുകൊണ്ട് ഈ പ്രശ്‌നം തീര്‍ക്കണം. നാട്ടുകാരറിയണ്ട. ജോണേ വാ. ' ഞാന്‍ ജോണിനെ കൂട്ടി വീട്ടിലേക്ക് കയറി. സന്തോഷും ഒപ്പമെത്തി. ാെരു മുറിക്കുളളില്‍ കേറി വാതിലടച്ചു.
ആരുടേയോ ഉച്ചത്തിലുള്ള വര്‍ത്തമാനം കേട്ട് വിവരം തിരക്കി മുന്‍വരാന്തയിതെത്തിയ അമ്മച്ചിയുടെ കാതില്‍ ഒരു നേര്‍ത്ത ശബ്ദം.
അയ്യോ.... എനിക്കൊന്നും വേണ്ടായേ....
അയ്യോ... ഒരു പ്രശ്‌നവുമില്ലേ....
എന്നേ വെറുതേ വിടണേ........








































Thursday, 2 February 2012

മാര്‍പ്പാപ്പ


ക്‌ളെമന്റ് 14 -ാമന്റെ കിരീടധാരണ ദിവസം.
നിരവധി സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരിക്കുന്നു.
വിശിഷ്ടാതിഥികളെ സ്വീകരിച്ച് കുശലാന്വേഷണം നടത്താന്‍
മാര്‍പ്പാപ്പയും തയ്യാറായി നില്ക്കുന്നു.
അതിഥികള്‍ മാര്‍പ്പാപ്പയുടെ മുമ്പില്‍ തലകുനിച്ച് ആചാരം ചെയ്ത് ബഹുമാനിച്ചപ്പോള്‍ മാര്‍പ്പാപ്പയും തലകുനിച്ച് ബഹുമാനം നല്‍കി.
ഇത് കണ്ട് ഒരു കാര്‍ഡിനല്‍ മാര്‍പ്പാപ്പയുടെ ചെവിയില്‍ മന്ത്രിച്ചു.
'അങ്ങ് മാര്‍പ്പാപ്പയാണ് അവരുടെ മുമ്പില്‍ തലകുനിച്ച് ബഹുമാനം
കാണിക്കണ്ട'.
മാര്‍പ്പാപ്പ ഇങ്ങനെ പ്രതിവചിച്ചു.'മാന്യമായി പെരുമാറുന്നത് എങ്ങനെയെന്ന് മറക്കുവാന്‍ മാത്രം കാലമായില്ലല്ലോ ഞാന്‍ മാര്‍പ്പാപ്പയായിട്ട്'.