Tuesday, 7 February 2012

ചെറിയ ഭേദഗതികള്‍



മൃഗരാജന്‍ വനഭരണമേറ്റെടുത്തിട്ട് കാലമേറെയായി.
നാട്ടിലെ മാറ്റങ്ങള്‍ കാടിനേയും ബാധിച്ചു.
നാട്ടിലെ രാജാക്കന്മാര്‍ കാട് വെട്ടി നാട് വളര്‍ത്തി.
തന്റെ രാജ്യത്തിന്റെ കുറയുന്ന വിസ്തൃതിയിലും, വനവാസികളുടെ വര്‍ദ്ധിച്ചു വരുന്ന പ്രശ്‌നങ്ങളിലും വന രാജാവ് ഖിന്നനായിരുന്നു.
എങ്കിലും തടുത്തു നിര്‍ത്താനാവാത്ത കാലപ്രവാഹത്തിന്റെ വെല്ലുവിളികളഭിമുഖീകരിക്കാന്‍ പല പരിഷ്‌ക്കാരങ്ങളും തന്റെ രാജ്യത്ത് അദ്ദേഹം തുടങ്ങി വെച്ചു.
തന്റെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും, പ്രജകളുടെ ക്ഷേമവും കാത്തു സൂക്ഷിക്കുന്നതില്‍ രാജാവ് പ്രതിജ്ഞാബദ്ധനായിരുന്നു.
വനവാസികളില്‍ ഭൂരിഭാഗവും തൃപ്തരായിരുന്നു.
അങ്ങനെയിരിക്കെ, കുറുക്കന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം മൃഗങ്ങള്‍ രാജഭരണത്തിനെതിരെ ഒത്തുകൂടി.
പണ്ടൊരിക്കല്‍ കുറുക്കന്‍ രാജാവാകാന്‍ നടത്തിയ വിഫല ശ്രമമൊക്കെ അവര്‍ മറന്നിരുന്നു.
ഒരു അവകാശ പത്രിക തന്നെ അവര്‍ തയ്യാറാക്കി. കുടുംബവാഴ്ചയില്‍ അധിഷ്ഠിതമായ മൃഗരാജഭരണത്തെ അവര്‍ വിമര്‍ശിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിക്ക് അധികാരം കൈമാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജാവ് നടപ്പാക്കിയ പല പരിഷ്‌ക്കാരങ്ങളും എതിര്‍ക്കപ്പെട്ടു.
ഒരു മാറ്റത്തിനായി ദാഹിച്ചിരുന്ന വനവാസികളില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ കുറുക്കനു കഴിഞ്ഞു.
തന്റെ പ്രജകളുടെ ക്ഷേമം മാത്രമായിരുന്നു വനരാജാവിന്റെ സ്വപ്നം.
കുറുക്കന്റെ പുതിയ നീക്കം തന്റെ പ്രജകളിലുണ്ടാക്കിയ മാറ്റം മനസ്സിലാക്കിയ മൃഗരാജാവ് ഭരണക്കൈമാറ്റത്തിന് തയ്യാറായി.
അങ്ങനെ മൃഗരാജാവിന്റെ സ്ഥാനത്ത് കുറുക്കന്‍ ഭരണാധികാരിയായി. അവരുടെ പുതിയ റിപ്പബഌക്കില്‍ എല്ലാ മൃഗങ്ങളും അനുസരിക്കേണ്ട 10 പ്രമാണങ്ങള്‍ എഴുതിയുണ്ടാക്കി. അത് രാജധാനിയില്‍ ഏവര്‍ക്കും കാണാനായി പ്രദര്‍ശിപ്പിച്ചു
ദിനങ്ങള്‍ ആഴ്ചകള്‍ക്കും, ആഴ്ചകള്‍ മാസങ്ങള്‍ക്കും വഴിമാറി.കുറുക്കന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് അവരുടെ അവകാശപത്രികയിലെ അവകാശങ്ങള്‍ക്കുവേമ്ടി ഒന്നും ചെയ്യാനായില്ല.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. മൃഗങ്ങള്‍ പിറുപിറുത്തു തുടങ്ങി. ഭരണത്തിന്റെ ശീതളഛായയില്‍ മയങ്ങിപ്പോയ കുറുക്കനെതിരെ മന്ത്രിസഭാ യോഗത്തില്‍ ശബ്ദമുയര്‍ന്നു.
കാളക്കൂറ്റന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കുറുക്കന്റെ രാജി ആവശ്യപ്പെട്ടു. കുറുക്കന്‍ വഴങ്ങിയില്ല. കാളക്കൂറ്റന്‍ തന്റെ അനുയായികളുമായി യോഗത്തില്‍നിന്നിറങ്ങിപ്പോയി പുതിയ ഗ്രൂപ്പുണ്ടാക്കി.
അങ്ങനെയിരിക്കെ ഒരു ദിവസം രാജാവായ കുറുക്കന്‍ കുറെ വേട്ടപ്പട്ടികളെ കൂട്ടി മറ്റു മൃഗങ്ങളെ ആക്രമിക്കുന്ന കാഴ്ച മറ്റുള്ളവര്‍ കണ്ടു. അവര്‍ അന്തംവിട്ട്്് പോയി. കാരണം അവകാശപത്രികയിലെ ഒന്നാം പ്രമാണം മൃഗങ്ങള്‍ മറ്റു മൃഗങ്ങളെ ഉപദ്രവിക്കരുതെന്നായിരുന്നു. ഇതാ രാജാവ് തന്നെ ആ നിയമം ലംഘിച്ചിരിക്കുന്നു.
അവര്‍ ഓടി രാജധാനിയിലെത്തി പ്രമാണം വീണ്ടും പരിശോധിച്ചുനോക്കി.
ചെറിയൊരു ഭേദഗതി. 'അകാരണമായി മൃഗങ്ങള്‍ മറ്റു മൃഗങ്ങളെ ഉപദ്രവിക്കരുത്'
ഒരാഴ്ച കടന്നുപോയി. ഒരു ദിവസം കൊട്ടാരത്തിനു സമീപത്തുകൂടി വന്ന, കാളക്കൂറ്റന്‍ ഗ്രൂപ്പിലെ ചിലര്‍ കൊട്ടാരത്തില്‍ നിന്നും പതിവില്ലാത്ത ബഹളം കേട്ടു. കാര്യമറിയാന്‍ കൊട്ടാരവളപ്പിലെത്തിയവര്‍ മൂക്കത്ത്് വിരല്‍ വെച്ചു. നേതാവായ കുറുക്കനും കൂട്ടുകാരും ചേര്‍ന്ന്്് മദ്യപിച്ച് അട്ടഹസിക്കുകയാണ്. ഇതാ മദ്യപാനം പാടില്ല എന്ന രണ്ടാം പ്രമാണവും അവര്‍ ലംഘിച്ചിരിക്കുന്നു.
തങ്ങളുടെ ഓര്‍മ്മയിലുള്ള രണ്ടാം പ്രമാണം 'മദ്യപാനം പാടില്ല' എന്നതു തന്നെയല്ലേ എന്നുറപ്പു വരുത്താന്‍ രാജധാനിയില്‍ പരസ്യപ്പെടുത്തിയിരിക്കുന്ന അവകാശപത്രിക ഒരിക്കല്‍കൂടി വായിച്ചു നോക്കി.
അതാ ഒരു ചെറിയ ഭേദഗതി.' അമിത മദ്യപാനം പാടില്ല,'
അവര്‍ സന്തോഷത്തോടെ മടങ്ങി.
ബിവേറജസിന്റെ മുമ്പില്‍ ക്യൂവായി അടങ്ങി നിന്നു.

1 comment:

  1. നിയമങ്ങള്‍ സ്വന്തം സൗകര്യം നോക്കി മാറ്റുന്ന കുറുക്കന്‍റെ കഥ വായിച്ചപ്പോള്‍ പണ്ടു ഞായറാഴ്ച റബര്‍ വെട്ടരുത് എന്ന ഒരു കല്പന ഉണ്ടായിരുന്ന കാലത്തെപറ്റി ഓര്‍ത്തു. ആ നിയമം കര്‍ശനമായി പാലിച്ച ഒരു കുഞ്ഞാടിന്റെ മകനാണ് ഞാന്‍.. ഒരു കാലത്ത് സത്യ ക്രിസ്തിയാനികള്‍ ആരും ഞായറാഴ്ച റബര്‍ വെട്ടില്ലായിരുന്നു. പക്ഷെ റബറിന് വില കൂടി. ഓരോരുത്തരോരുതാര് ഈ നിയമം മറക്കാന്‍ തുടങ്ങി.എന്ത് പറയാന്‍ പള്ളിയുടെ റബര്‍ വരെ ഞായറാഴ്ച വെട്ടു തുടങ്ങി. പള്ളിക്കാര് ഞായറാഴ്ച റബര്‍ വെട്ടാന്‍ തുടങ്ങിയിട്ടും ഈ കുഞ്ഞാടും അതുപോലെ ആ ഇടവകയിലെ വേറൊരു കുഞ്ഞാടും നിയമം തെറ്റിച്ചില്ല. പള്ളിയുടെ റബര്‍ ഞായറാഴ്ച വെട്ടാമെങ്കില്‍ നമുക്കെന്തുകൊണ്ട് പാടില്ല എന്ന് പറഞ്ഞു കുഞ്ഞാടിന്റെ ഒന്‍പതു മക്കള്‍ ഒച്ച വെച്ചപ്പോള്‍ കുഞ്ഞാട് വികാരിയച്ചനെ സമീപിച്ചു. അച്ചോ എന്‍റെ പിള്ളേര്‍ക്ക് ഒരു സംശയം. ഞായറഴ്ച റബര്‍ വെട്ടരുതെന്ന നിയമം മാറ്റിയോ. പിള്ളേര് പറയുന്നു പള്ളിയുടെ റബര്‍ ഞായറാഴ്ച വെട്ടുന്നുണ്ട്‌. അതുകൊണ്ട് ഞായറാഴ്ച്ചയുടെ ശുദ്ധമായ ആചരണത്തിന് റബര്‍ വെട്ടു ബാധകമല്ല എന്ന്. ഇതിലേതാണ് ശരി എന്ന് അച്ചന്‍ എന്നെ ഒന്ന് പറഞ്ഞു മനസിലാക്കണം. അച്ചന്‍ പറഞ്ഞു. ഏയ്‌. ഞായറാഴ്ച റബര്‍ വെട്ടിയാല്‍ അത് ചാവദോഷമാണ്. ഒരിക്കലും പാടില്ല. ഞായറാഴ്ച ശുദ്ധമായി ആചരിക്കണമെന്ന ദൈവ കല്പന ഒരിക്കലും മാറില്ല. അതുകൊണ്ട് കുഞ്ഞാട് ചെയ്യുന്നത് ശരിയാണ്. ഞായറാഴ്ച റബര്‍ വെട്ടരുത്. കുഞ്ഞാട് പിന്നെയും ചോദിച്ചു അപ്പോള്‍ പള്ളിയുടെ റബര്‍ ഞായറാഴ്ച വെട്ടിയാല്‍ പാപമല്ലേ? അച്ചന്‍ പറഞ്ഞു. പള്ളിയുടെ റബര്‍ വെട്ടി കിട്ടുന്ന കാശു ദൈവത്തിനല്ലേ? അതുകൊണ്ട് അത് പാപമല്ല.
    കുഞ്ഞാട് അച്ചന്‍റെ ഉത്തരത്തില്‍ തൃപ്തനായി തിരിച്ചു വീട്ടില്‍ പോന്നു. മരണം വരെ ആ കുഞ്ഞാട് ഞായറാഴ്ച സ്വന്തം റബര്‍ വെട്ടിച്ചിട്ടില്ല.

    ReplyDelete