Wednesday, 22 February 2012

മാറ്റങ്ങള്‍

 പത്തെഴുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ശബരിമലക്ക് പോകുന്ന അയ്യപ്പന്മാരെ കാണാനിടയാകുന്നത് പറഞ്ഞു കുമ്പസാരിക്കേണ്ട പാപങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ട് അയ്യപ്പന്മാരുടെ ശരണംവിളി ദൂരെനിന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ക്രിസ്ത്യാനികള്‍ ഓടിമറയുമായിരുന്നെന്ന് അമ്മച്ചി പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.

ഇന്ന് അതിനെല്ലാം മാറ്റം വന്നു.

ഞങ്ങള്‍ ആറ് ആണ്‍മക്കള്‍. അതിലൊരാള്‍ സെമിനാരിയില്‍ പോയി. ബാക്കി 5 പേര്‍. ചാച്ചനുമായി ഞങ്ങള്‍ പിള്ളേര്‍ സ്ഥിരമായി തര്‍ക്കിച്ചിരുന്ന വിഷയമാണ് കത്തോലിക്കാ സഭയ്ക്ക് പുറത്തുള്ള രക്ഷ. ഗാന്ധിജിയെ ചൂണ്ടിക്കാണിച്ചാലും കത്തോലിക്കാ സഭയ്ക്ക് പുറത്ത് രക്ഷയുണ്ടെന്ന് ചാച്ചന്‍ സമ്മതിക്കുമായിരുന്നില്ല.

ഇന്ന് അതിനെല്ലാം മാറ്റം വന്നു

വര്‍ഷങ്ങളോളം പ്രകൃതി സംരക്ഷണ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് പല സംഘടനകളുമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്ത് വര്‍ഷം വേദപാഠാദ്ധ്യാപകനായിരിക്കുകയും അള്‍ത്താര ബാലന്‍, മിഷന്‍ ലീഗ്,kcym, എന്നിങ്ങനെയുള്ള ഭക്തസംഘടനകളില്‍ അതത് പ്രായത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന എനിയ്ക്ക് ഭ്രഷ്ട് കല്‍്പ്പിക്കപ്പെട്ടത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ്. പ്രകൃതി നശീകരണം ഇനി പറഞ്ഞു കുമ്പസാരിക്കണം പോലും.

ഇന്ന് അതിനെല്ലാം മാറ്റം വന്നു.

പണ്ട് കുഞ്ഞുണ്ടായി 7 ദിവസത്തിനുള്ളില്‍ മാമോദീസാ മുക്കിയിരിക്കണം.
എപ്പോള്‍ പള്ളിയില്‍ ചെന്നാലും കൂളായി കുഞ്ഞിനെ കത്തോലിക്കനാക്കാമായിരുന്നു. എന്നാല്‍ ഇന്ന് എന്നെങ്കിലും മുക്കിയാല്‍ മതി പക്ഷേ കുര്‍ബാന നിര്‍ബന്ധമാണ്.

ഇന്ന് അങ്ങനെയെല്ലാം മാറ്റം വന്നിരിക്കുന്നു.

സര്‍ക്കാരാഫീസ് എങ്ങനെ സാമാന്യജനത്തെ അഴിമതിക്കാരാക്കുന്നുവോ
അതുപോലെ സഭ സാമാന്യ വിശ്വാസിയെ പാപികളാക്കുന്നു.

ഇന്ന് അങ്ങനെയും മാറ്റം വന്നിരിക്കുന്നു
ഇനിയും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും

അന്ത്യ വിധിനാളില്‍ വിധി പ്രഖ്യാപിക്കുന്നത് ഏത് നിയമപ്രകാരം? എന്നത്തെ നിയമപ്രകാരം?

മത്തായി 25 31-40 വായിക്കൂ.
പത്തു കല്‍പ്പനയുമില്ല, തിരുസഭയുടെ കല്‍പ്പനയുമില്ല,
ഗര്‍ഭ നിയന്ത്രണവുമില്ല, കൈത്തയ്യലുമില്ല.
കാലദേശാന്തരങ്ങള്‍ക്കെല്ലാമതീതമായ വിശപ്പ് ,ദാഹം, നഗ്നത,കാരാഗൃഹം ,ദേശം ,രോഗം ഇവ മാത്രം..
സോസ്ത്രം ..........സോസ്ത്രം...................... 

1 comment:

  1. Joe Brook has left a new comment on your post "മാറ്റങ്ങള്‍":

    കത്തോലിക്കാ സഭക്ക് പുറത്തു രക്ഷയില്ല എന്ന കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല കേട്ടോ. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ സമയത്ത് അന്ന് തെറ്റാവരം ഉണ്ടായിരുന്ന മാര്‍പാപ്പാമാര്‍ അങ്ങനെ ഒക്കെ പറഞെങ്കിലും ഇപ്പോളത്തെ മാര്‍പാപ്പയുടെ ചിന്താഗതി അനുസരിച്ച് അത് ശരിയല്ല. പക്ഷെ ജോണ്‍ ഇരുപതിമൂന്നാമനും പോള്‍ ആറാമനും പറഞ്ഞ തോന്നിയവാസങ്ങളെല്ലാം correct ചെയ്യണം എന്ന് പറയുന്നില്ല. അങ്ങനെ പറഞ്ഞാല്‍ മുന്‍പുണ്ടായിരുന്ന മാര്‍പാപ്പമാര്‍ക്കു തെറ്റ് പറ്റിയെന്നല്ലേ. അതുകൊണ്ട് വളരെ ബുദ്ധിപരമായി പുതിയ മാറ്റങ്ങളെ ചിത്രീകരിക്കുന്നത് ഇങ്ങനെയാണ് - reforming the reforms. അതുകൊണ്ട് ഗാന്ധിജി ഇപ്പോഴും നരകത്തില്‍ തന്നെ (കത്തോലിക്കാ സഭയുടെ നരകത്തില്‍ എന്ന് പറയുന്നതായിരിക്കും കുറച്ചു കൂടി ശരി.)

    അന്ത്യവിധിനാളില്‍ വിധി പ്രഖ്യാപിക്കുന്നത് മാര്‍പാപ്പ ആണെങ്കില്‍ തിരുസഭയുടെ കല്പനകള്‍ അനുസരിച്ചും സീറോമലബാര്‍ പാത്രിയാര്‍ക്ക് ആണെങ്കില്‍ സീറോമലബാര്‍ കല്‍ദായ ചട്ടങ്ങള്‍ അനുസരിച്ചും യേശുക്രിസ്തു ആണെങ്കില്‍ മത്തായി 25 31-40 അനുസരിച്ചും ആകാനാണ് സാധ്യത. തിരുസഭയുടെ കല്പനകളും സീറോമലബാര്‍ ചട്ടങ്ങളും പാലിക്കാത്ത വിശ്വാസികള്‍ക്ക് ഇഹലോകത്തില്‍ തന്നെ നരക തുല്യമായ പീഡനങ്ങള്‍ വിധിക്കപെടുന്നതുകൊണ്ട് രണ്ടാമത് ഒരു നരക ശിക്ഷ കിട്ടാന്‍ സാധ്യത കുറവാണ്. എന്നാണ് എന്‍റെ തോന്നല്‍.

    ReplyDelete