Wednesday, 29 February 2012

രക്ഷകര്‍ത്താക്കളറിയാന്‍............സീന്‍ 3





''മാഷ് എത്താന്‍ താമസിച്ചതുകൊണ്ടല്ലേ അച്ചുവിനെ കളിക്കാന്‍ കൂട്ടിയത്. അതുകൊണ്ടല്ലേ ഭാര്യ ചീത്ത വിളിച്ചത് ?'' റോണി പറഞ്ഞു.
''ക്ഷമിക്കണം, രാവിലെ ഇങ്ങോട്ട് ഇറങ്ങിയപ്പോഴാണ് എന്റെ ക്ലാസിലെ ഒരു കുട്ടിയുടെ അമ്മ വന്നത്,'' മാഷ് പറഞ്ഞു.
റോണി കളി അവസാനിപ്പിച്ച് അച്ചുവിന്റെ കയ്യില്‍ ബാറ്റ് കൊടുത്തു വിട്ടു. മാഷിനേയും കൂട്ടി വരാന്തയില്‍ ഇരുപ്പുറപ്പിച്ചു.
''വല്ലവനും വല്ല വയ്യാവേലിയും ഒപ്പിച്ചിട്ടുണ്ടാകും അല്ലേ ?'' റോണി സംശയിച്ചു.
''വയ്യാവേലി ഒപ്പിക്കുന്നത് ഇവിടുള്ളോര്‍തന്നെ,'' വര്‍ത്തമാനം കേട്ട് ഉമ്മറത്തെത്തിയ മഞ്ജു പറഞ്ഞു. ''മാഷ് വന്നതിനു നന്ദി... ഒന്നു കാണണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു.''
''എന്തുപറ്റി മഞ്ജു ?'' മാഷ് അമ്പരന്നില്ല. റോണിയുടെ സംസാരം കേട്ടപ്പോള്‍ത്തന്നെ സംശയം തോന്നിയിരുന്നു.
''പഠിക്കാന്‍ ചെറുക്കനു മടി; പഠിപ്പിക്കാന്‍ അപ്പനും. ഞാന്‍ പറഞ്ഞിട്ടോ അനുസരണയില്ല. മാഷെങ്കിലും ഒന്നുപദേശിക്ക്,'' മഞ്ജു തന്റെ ആവലാതി തുറന്നുപറഞ്ഞു.
''ഇതുതന്നെയാണു രാവിലെ വീട്ടിലെത്തിയ സ്ത്രീയും പറഞ്ഞത്. ഒരു മാറ്റം മാത്രം. അവരുടെ മകന്റെ കാര്യത്തില്‍ അപ്പനും അമ്മയും ടെന്‍ഷനിലാണ്. ഇവിടെ ടെന്‍ഷന്‍ അമ്മക്കുമാത്രം.'' മാഷ് വിവരിച്ചു.
''കുട്ടികളില്‍ ആവശ്യമില്ലാത്ത പിരിമുറുക്കം സൃഷ്ടിക്കുന്നത് ഇത്തരം മാതാപിതാക്കളാണ്. റിസല്‍ട്ട് വരുമ്പോള്‍ ഏതാനും മാര്‍ക്കിന്റെ കുറവോ, ആരുടെയെങ്കിലും പുറകിലായതോ, മാതാപിതാക്കളെ അഭി
മുഖീകരിക്കാനുള്ള ബുദ്ധിമുട്ടോ ഒക്കെയാണു പലരുടെയും ആത്മഹത്യകള്‍ക്കു കാരണമാകുന്നത്. ഇന്ന് 10-ാം ക്ലാസ് റിസല്‍ട്ടിനോടൊപ്പം കുട്ടികള്‍ക്കു കൗണ്‍സലിംഗും ഏര്‍പ്പെടുത്തിയിരിക്കുന്നു! യഥാര്‍ത്ഥത്തില്‍ ഇതു വേണ്ടതു മാതാപിതാക്കള്‍ക്കാണ്. അതും വര്‍ഷാരംഭത്തില്‍.''
''മാഷേ... ഇന്നിവിടുന്നു ഭക്ഷണം കഴിക്കാം. ഞാന്‍ എല്ലാം റെഡിയാക്കിയിട്ടുണ്ട്. എനിക്കും ചിലതു പറയാനുണ്ട്.'' മഞ്ജു അടുക്കളയിലേക്കു പോയി.
''മാഷേ... കഴിഞ്ഞ ടേമിലെ പരീക്ഷാദിവസങ്ങളില്‍ അപ്പനും മോനും കൂടി ഷട്ടില്‍ കളിക്കുന്നത് അച്ചുവിന്റെ ക്ലാസ്ടീച്ചര്‍ കണ്ടു. സ്‌കൂളില്‍ ചെന്നപ്പോള്‍ അവരെന്നെ കളിയാക്കി. ഇതൊക്കെ ഞാനല്ലേ കേള്‍ക്കേണ്ടത്.'' മഞ്ജു ഭക്ഷണം വിളമ്പി തന്റെ സങ്കടം പറഞ്ഞു.
''അവന് ആ ടേമില്‍ നല്ല മാര്‍ക്കുണ്ടായിരുന്നല്ലോ,'' റോണി വാദിച്ചു.
''അതവന്റെ കഴിവ,്'' മഞ്ജു.
''നിങ്ങള്‍ വെറുതേ വഴക്കിടണ്ട,'' മാഷ് ഇടപെട്ടു. ''മഞ്ജുവും ഇരിക്ക്. നമുക്കു ഭക്ഷണം കഴിഞ്ഞ് സംസാരിക്കാം.'' എല്ലാവരും ഭക്ഷണം കഴിച്ചു. മാഷ് കൈ കഴുകി കസേരയിലിരുന്ന് പറഞ്ഞുതുടങ്ങി :
''അച്ചുവിന് കഴിവുണ്ട്, അവന്‍ അദ്ധ്വാനിക്കുന്നുമുണ്ട്. പിന്നെന്തിനു നിങ്ങള്‍ ഉത്കണ്ഠപ്പെടണം ? തങ്ങളുടെ കടമ ഭംഗിയായി നിര്‍ വഹിക്കുന്നവര്‍ ഒരുകാര്യം മനസിലാക്കണം. അദ്ധ്വാനത്തിനു പ്രതിഫലം നല്‍കേണ്ടത് ഈശ്വരനാണ്. നിങ്ങള്‍ ഈശ്വരവിശ്വാസികളാണല്ലോ. ഏത് ഈശ്വരനില്‍ വിശ്വസിക്കുന്നുവോ ആ ഈശ്വരന്‍ നിങ്ങളുടെ അദ്ധ്വാനം കണ്ടിട്ടുണ്ട്. ഇനിയുള്ള ജോലി അവിടുത്തേതാണ്. ഈശ്വരനെ ജോലി പഠിപ്പിക്കാന്‍ നമ്മള്‍ ആളല്ല. അപ്പോള്‍ ടെന്‍ഷന്റെ ആവശ്യ മേയില്ല.'' മാഷ് ഒന്നു നിര്‍ത്തി.
''ആ അപ്പുവിന്റെ കാര്യം കഷ്ടമാ,'' റോണി പറഞ്ഞു.
അയല്‍വാസിയാണ്. അച്ചുവിന്റെ ക്ലാസിലാണ് പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കന്‍. പക്ഷേ, കുടുംബം പോറ്റേണ്ട ഉത്തരവാദിത്വം വിധി അവനു സമ്മാനിച്ചു. പലപ്പോഴും ക്ലാസില്‍ വരാന്‍ പറ്റുന്നില്ല. എങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.
''എനിക്കറിയാം റോണി... ഇന്നലെ വരെ അവനും വലിയ ടെന്‍ഷ നിലായിരുന്നു. ഞാനിന്നലെ അവനോടു സംസാരിച്ചു. പഠിക്കാത്തവര്‍ രണ്ടു വിഭാഗമുണ്ട്. ഒന്ന് അപ്പുവിനെപ്പോലെ ജീവിതപ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും മൂലം ശരിയായി പഠിക്കാന്‍ കഴിയാത്തവര്‍. ഇവര്‍ ഒരു കാര്യം ഓര്‍ത്താല്‍ മതി. തങ്ങള്‍ അനുഭവിക്കുന്ന പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും ഈശ്വരദാനമാണ്. അതായത്, ഈശ്വരന്‍ ഏല്പിച്ച മറ്റൊരു ജോലി നിര്‍വഹിക്കുന്ന തിരക്കില്‍ പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ല. അപ്പോള്‍ തീര്‍ച്ചയായും ബാക്കിക്കാര്യങ്ങള്‍ക്കും ഈശ്വരന്‍ നീക്കുപോക്കുണ്ടാക്കിക്കൊള്ളും. അപ്പോള്‍ അവര്‍ക്കു ടെന്‍ഷന്റെ
ആവശ്യമില്ല.
''പിന്നെയുള്ളത് അലസത മൂലം പഠിക്കാതിരിക്കുന്നവരാണ്. അനുകൂലസാഹചര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും പഠിക്കാതിരുന്ന് പരീക്ഷ എഴുതുന്ന ഈ കൂട്ടര്‍ ടെന്‍ഷനടിക്കേണ്ട കാര്യമില്ല. എന്നാല്‍, അവരും ടെന്‍ഷനിലാണ്. അബദ്ധത്തിലെങ്ങാനും ജയിച്ചാലോ എന്നാവാം ഒരുപക്ഷേ അവരുടെ ഉത്കണ്ഠ.'' മാഷ് ഒന്നു നിര്‍ത്തി.
തുടരും...... 

No comments:

Post a Comment