Sunday, 26 February 2012

രക്ഷിതാക്കളറിയാന്‍......... ..സീന്‍ - 2


സീന്‍ - 2
താന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചിരുത്തിയവന്‍ പുസ്തകവും തലയ്ക്കല്‍ വച്ച് കിടന്നുറങ്ങുന്നു.
അവനെ എന്തിനു പറയണം ? കുട്ടികള്‍ ആറു മണിക്കൂറെങ്കിലും ഉറങ്ങണ്ടേ ? ശരീരത്തിനും മനസിനും ഉണര്‍വും ഉന്മേഷവും തരുന്ന മാര്‍ഗമാണ് ഉറക്കം. വേവലാതിയും ഉത്ക്കണ്ഠയും കൂടുമ്പോള്‍ ന്യായാ ന്യായങ്ങള്‍ ആരു ചിന്തിക്കുന്നു !
''അച്ചു... എടാ അച്ചൂ...'' മഞ്ജു വിട്ടുകൊടുക്കാന്‍ ഭാവമില്ല. ''പുസ്തകം തലയ്ക്കല്‍വച്ച് കിടന്നുറങ്ങിയാല്‍ നിന്റെ തലയില്‍ കേറുമോ ?'' അവനെ വീണ്ടും ഉണര്‍ത്തി കാപ്പി കൊടുത്തു. അവന്റെ ദയനീയമായ മുഖം മഞ്ജു ശ്രദ്ധിച്ചില്ല. അവര്‍ അടുക്കളയിലേക്കു പോയി.
അച്ചു കാപ്പി മേശപ്പുറത്തുവച്ചു. വീണ്ടും പുസ്തകം തുറന്നു. കണ്ണുകള്‍ താനേ അടഞ്ഞുപോകുന്നു. എഴുന്നേറ്റ് വീണ്ടും വന്നിരുന്നു. താന്‍ പിന്നിലാകുമോ എന്ന ഉത്ക്കണ്ഠ അവനുമുണ്ട്. എന്തു ചെയ്യാം മനസു സന്നദ്ധമാണ്. പക്ഷേ, ശരീരം സമ്മതിക്കുന്നില്ല. അവന്‍ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു.
വിദ്യാര്‍ത്ഥികള്‍ പരീക്ഷ അടുക്കുമ്പോള്‍ വലിയ ഉത്ക്കണ്ഠ
യിലാണ്. അവര്‍ രണ്ടു കൂട്ടരുണ്ട്. അച്ചുവിനെപ്പോലെ നന്നായി പഠി
ക്കുന്നവരും അയല്‍വീട്ടിലെ അപ്പുവിനെപ്പോലെ ഒന്നും പഠിക്കാത്ത
വരും. ഉത്ക്കണ്ഠയുടെ കാര്യത്തില്‍ രണ്ടു കൂട്ടരും പിന്നിലല്ല.
''മഞ്ജു... എടീ മഞ്ജൂ,'' റോണി ഉറക്കം ഉണര്‍ന്നയുടനെ ഭാര്യയെ വിളിച്ചു.
രാവിലെ വെള്ളപ്പാത്രം കാലിയായിരിക്കുന്നു. ബഡ് കോഫിക്ക് പകരം രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കും. ഇപ്പോള്‍ അതൊരു ശീലമായി. അന്നൊരിക്കല്‍ ചെറിയാന്‍ മാഷ് പറഞ്ഞതുമുതല്‍ തുടങ്ങിയതാണ്.
''അവള്‍ ഇവിടെയെങ്ങും ഇല്ലേ ?'' അയാള്‍ ഓര്‍ത്തു. തനിക്കു കുടിക്കാനുള്ള വെള്ളം ഇല്ലാതെ വരിക പതിവില്ലാത്തതാണല്ലോ.
പെട്ടെന്നാണു റോണി അക്കാര്യം ഓര്‍ത്തത്. വെളുപ്പിനു തന്നെ വിളിച്ചിരുന്നല്ലോ. എഴുന്നേല്‍ക്കാതിരുന്നതിന്റെ ദേഷ്യത്തിലാണ്. റോണി എഴുന്നേറ്റ് അടുക്കയില്‍ വന്ന് രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു.
''ഒന്നു നിന്നേ...''
രാവിലെ എന്തെങ്കിലും ചോദിച്ചാല്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് അറിയാം. അതുകൊണ്ട് വെള്ളം കുടിച്ചു രക്ഷപെടാനൊരുങ്ങു
മ്പോഴാണ് പിന്നില്‍നിന്ന് മഞ്ജുവിന്റെ ആജ്ഞ.
''ഒന്നുകില്‍ ഞാന്‍ അടുക്കളപ്പണി ചെയ്യാം. നിങ്ങള്‍ പിള്ളേരെ പഠിപ്പിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ അടുക്കളപ്പണി ചെയ്യണം. ഞാന്‍ പിള്ളേരെ പഠിപ്പിക്കാം. രണ്ടുംകൂടി എനിക്കാവില്ല.''
എന്തിനാണ് നല്ലൊരു അവധി ദിവസം നശിപ്പിക്കുന്നത ്? റോണി കീഴടങ്ങി. കുടുംബസമാധാനം നിലനിര്‍ത്താന്‍ മൗനമാണു ഭൂഷണമെന്നു റോണിക്കു നന്നായറിയാം.
അച്ചുവിന്റെ പഠനകാര്യത്തില്‍ റോണിക്കു ടെന്‍ഷനൊന്നുമില്ല. അവന്‍ കഴിവിനൊത്തു പഠിക്കുന്നുണ്ടെന്ന അഭിപ്രായവും റോണി പ്രകടി പ്പിക്കാറുണ്ട്. ഇതു കേള്‍ക്കുന്നത് അച്ചുവിനു വലിയ ആശ്വാസമാണ്.
റോണി രണ്ടു ബാറ്റുമായി പുറത്തിറങ്ങി. ''അച്ചൂ, ഷട്ടില്‍ കോക്കെവിടെ ?'' അയാള്‍ ചോദിച്ചു.
തന്റെ തടിയും മകന്റെ ടെന്‍ഷനും കുറയ്ക്കാന്‍ റോണിയുടെ ബുദ്ധിയിലുദിച്ച ആശയമാണിത്. മൂന്നേ മൂന്ന് ഗയിം.
മഞ്ജു കോഴിക്കു തീറ്റ കൊടുക്കാന്‍ വന്നപ്പോഴാണ് രണ്ടുപേരു ടേയും ആവേശകരമായ ഷട്ടില്‍ക്കളി കണ്ടത്. കളി പതിവുള്ളതാണെ ങ്കിലും രാവിലത്തെ ദേഷ്യത്തിനു രണ്ടെണ്ണം പറയാന്‍ തീരുമാനിച്ചു.
''നാണമില്ലല്ലോ... കിടന്നു ചാടുന്നു... ചെറുപ്പമാണെന്നാ വിചാരം. പരീക്ഷ അടുത്തിരിക്കുന്ന സമയമാ. അവനെ ഇട്ട് ചാടിച്ച് കയ്യോ കാലോ ഒടിച്ചാല്‍ നിങ്ങള്‍ പോയി പരീക്ഷ എഴുതുമോ ?''
പരീക്ഷ ആകുമ്പോള്‍ അവന് അസുഖം വരുമോ, പരിക്ക് പറ്റുമോ പരീക്ഷയെങ്ങാന്‍ എഴുതാന്‍ പറ്റാതെ വരുമോ ? ഇതെല്ലാം മഞ്ജു വിന്റെ മറ്റു ടെന്‍ഷനുകളാണ്.
ടെന്‍ഷന്‍ അനുഭവിക്കാത്ത മനുഷ്യരുണ്ടോ ? ഇല്ല. കാരണം, ടെന്‍ഷന്‍ മനുഷ്യസഹജമാണ്. എന്തെല്ലാം കാര്യങ്ങളുടെ പേരിലാണ് മനുഷ്യന്‍ ടെന്‍ഷന്‍ ആകുന്നത്. അതിനു പ്രായഭേദമൊന്നുമില്ല.
''എന്നേയും കളിക്കാന്‍ കൂട്ടണം,'' എവിടെനിന്നോ ഒരു ബാറ്റുമായി മീര ഓടിവന്നു.
''കേറിപ്പോടീ അകത്ത്... ഒരു സാനിയ മിര്‍സ വന്നിരിക്കുന്നു.'' മഞ്ജു ദേഷ്യത്തില്‍ മീരയെ വലിച്ചുകൊണ്ട് അകത്തേയ്ക്കു പോയി.
''ഹലോ മാഷേ, എന്നാലും എന്നോടിതു വേണ്ടായിരുന്നു,'' കോര്‍ട്ടിനടുത്തെത്തിയ ചെറിയാന്‍ മാഷിനോടു റോണി വിളിച്ചു പറഞ്ഞു.
''എന്താ ? എന്തുപറ്റി ?'' മാഷ് ചോദിച്ചു. 


 തുടരും.......... 



No comments:

Post a Comment