Tuesday, 19 November 2013

പറയൂ… ഏതിനോടാണ് എതിര്‍പ്പ്

October 19th, 2013
Email this page

പറയൂ… ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം

line
2012 ഡിസംബര്‍ 20ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്line
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സേവനങ്ങള്‍ കൊണ്ട് നിലനില്ക്കുന ഒരു ജനതയാണ് മലയാളി. അതുകൊണ്ടാണ് കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’യി നാം കൊട്ടിഘോഷിക്കുന്നതും. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ സ്ഥിതി ഏറെ ആശങ്കാജനകമായ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രശ്‌നപരിഹാരത്തിനായി ഒരു വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്.
പ്രശസ്ത ശാസ്ത്രജ്ഞനായ ശ്രീ.മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ആണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നപേരില്‍ അറിയപ്പെടുന്നത്. ഖനന മാഫിയയുടെയും മറ്റും സമ്മര്‍ദ്ദം മൂലം ഈ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ പൂഴ്ത്തിവെയ്ക്കപ്പെട്ടപ്പോള്‍ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വിവാരവകാശ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇത് പൊതുസമൂഹത്തിനു ലഭിച്ചത്.
തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി നടപ്പാക്കണം എന്നാണു കമ്മിറ്റിയുടെ നിര്‍ദ്ദേശം.
പരിസ്ഥിതി സൌഹൃദമായ വികസനം പ്രോത്സാഹിപ്പിക്കണമെന്നും അശാസ്ത്രീയ സമീപനം അവസാനിപ്പിക്കണം എന്നുമാണ് റിപ്പോര്‍ട്ടിന്റെ പൊതുസ്വഭാവം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലയിലെ ക്രിസ്തീയ സഭകളുടെയും രാഷ്ട്രീയ കക്ഷികളുടെയും മറ്റും എതിര്‍പ്പ് ആദ്യമുയര്‍ന്നു.
ആളുകളെ കുടിയോഴിപ്പിക്കുമെന്നും വികസനം തടയുമെന്നുമുള്ള ആശങ്കയാണ് ഉന്നയിക്കപ്പെട്ടത്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടിനെതിരെ പരസ്യമായി വന്നു. റിപ്പോര്‍ട്ടിനെതിരായ അഭിപ്രായം കേരള സര്‍ക്കാര്‍ തന്നെ കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞു.
ഇന്ന് കേരള നിയമസഭയില്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കു വെയ്ക്കുകയാണ്. കേരളത്തിന്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രാധാന്യമുള്ള റിപ്പോര്‍ട്ടാണ് ഇത്.
ഈ പശ്ചാത്തലത്തില്‍, വെളിച്ചമാണ് ഇരുട്ട് അകറ്റാനുള്ള ഏക മാര്‍ഗ്ഗം എന്നതിനാല്‍,  ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം വിശദീകരണം ഉള്‍പ്പെടെ ‘ഡൂള്‍ ന്യൂസ്’ മലയാളത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. വായനക്കാര്‍ റിപ്പോര്‍ട്ടിനെ സശ്രദ്ധം വിലയിരുത്തുമല്ലോ.

പശ്ചിമഘട്ട  പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ട്

സമിതിയ്ക്ക് നല്‍കിയ ഉത്തരവാദിത്വങ്ങള്‍
എ) പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ വിലയിരുത്തുക.
ബി) പശ്ചിമഘട്ടത്തിലെ ഏതൊക്കെ പ്രദേശങ്ങള്‍ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് അടയാളപ്പെടുത്തുക
സി) എല്ലാ താല്‍പ്പര കക്ഷികളുമായി ചര്‍ച്ച നടത്തി പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
ഡി) ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും സഹായത്തോടെ പശ്ചിമഘട്ടത്തിന്റെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനുമായി പശ്ചിമഘട്ട പാരിസ്ഥിതിക അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള മാതൃകകള്‍ നിര്‍ദ്ദേശിക്കുക.
ഇ) കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിക്കുന്നതടക്കമുള്ള, പശ്ചിമഘട്ടം നേരിടുന്ന മറ്റേതൊരു ഗൗരവ പരിസ്ഥിതി പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുക.
എഫ്) താഴെ പറയുന്നവ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുക.
1)അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി
2) ഗുണ്ടിയ ജലവൈദ്യുത പദ്ധതി
3.രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ (മഹാരാഷ്ട്ര) ഖനികള്‍, ഊര്‍ജ്ജ പദ്ധതികള്‍, മാലിന്യ പദ്ധതികള്‍, എന്നിവ തുടര്‍ന്നും വികസിപ്പിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദേശം സമര്‍പ്പിക്കുക.
താഴെ പറയുന്ന കാരണങ്ങളാല്‍ പശ്ചിമഘട്ടം മുഴുവനും പാരിസ്ഥിതിക പ്രാമുഖ്യമുള്ള പ്രദേശമായി വിദഗ്ദ്ധസമിതി കാണുന്നു.
1) ജൈവവൈവിധ്യ മൂല്യം: ഭൂമിയിലെ 35 ജൈവവൈവിധ്യ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് പശ്ചിമഘട്ടം.
2) ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ 6 സംസ്ഥാനങ്ങളില്‍ ആയുള്ള 25 കോടിയിലധികം ജനങ്ങള്‍ പ്രധാനമായും കുടിക്കാനും കൃഷി ചെയ്യാനുമുള്ള ജലത്തിന് ആശ്രയിക്കുന്നത് പസ്ചിമാഘട്ടത്തിനെയാണ്.
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി ചെയ്തത്
പാനല്‍ യോഗങ്ങള്‍ 15
നിയോഗിക്കപ്പെട പ്രത്യേക ഗവേഷണ പ്രബന്ധങ്ങള്‍  42
ബൗധികാതിഷ്ടിത ചര്‍ച്ചകള്‍ 7
വിദഗ്ധ കൂടിയാലോചനാ യോഗം 1
സര്‍ക്കാര്‍ വകുപ്പുകളുമായി കൂടിയാലോചനാ യോഗം 8
സന്നദ്ധ സംഘടനകളുമായുള്ള കൂടിയാലോചന 40
പ്രാദേശിക സന്ദര്‍ശനങ്ങള്‍ 14.
വിദഗ്ധസമിതി ചെയ്തത്
പശ്ചിമഘട്ട മേഖലയിലെ അശാസ്ത്രീയ വികസന പദ്ധതികള്‍ മൂലം വര്‍ധിച്ചു വരുന്ന വെല്ലുവിളികള്‍ പരിഗണിച്ച്, പാരിസ്ഥിതിക സുസ്ഥിരത ഉറപ്പു വരുത്തിക്കൊണ്ടുള്ള ഉപജീവനം പ്രോത്സാഹിപ്പിക്കുന്നതിനു ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയമായ ഒരു തീരുമാന സഹായ സംവിധാനം വികസിപ്പിച്ചു.
ബഹുതല കാഴ്ചപ്പാട്
മുഴുവന്‍ പശ്ചിമഘട്ടവും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കെണ്ടാതാണെങ്കിലും എല്ലാ പ്രദേശവും ഒരേ അളവില്‍ കാണാനാകില്ല. സംരക്ഷണത്തിനും വികസനത്തിനുമായി പ്രദേശങ്ങള്‍ വേര്‍തിരിച്ചു അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ മനുഷ്യരെ കുടിയോഴിപ്പിക്കണമെന്നോ മനുഷ്യര്‍ പോകാത്ത പ്രദേശങ്ങള്‍ ഉണ്ടാകണമെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പരിസ്ഥിതി സംരക്ഷണവും വികസനവും കൈകോര്‍ത്തു പോകണമെന്നു കരുതുന്നതിനാല്‍ പശ്ചിമഘട്ടത്തെ 3 വിഭാഗങ്ങളാക്കി തരാം തിരിച്ചിരിക്കുന്നു.
1. അതീവ പ്രാധാന്യ മേഖല   (പരിസ്ഥിതി ലോല മേഖല 1)
2. മിത പ്രാധാന്യ മേഖല         (പരിസ്ഥിതി ലോല മേഖല  2)
3.  കുറഞ്ഞ പ്രാധാന്യ മേഖല (പരിസ്ഥിതി ലോല മേഖല  3)
ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ ആകാമെന്നും ഏതൊക്കെ നിയന്ത്രിക്കപ്പെടണമെന്നും തീരുമാനിക്കാന്‍ തക്കവണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണം എന്ന് റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കി പറയുന്നു.
എങ്ങനെയാണു ESZ തിരിച്ചറിഞ്ഞത്?
മൊത്തം പശ്ചിമഘട്ടത്തെ സമിതി 2200 ചതുരങ്ങളായി തിരിച്ച് ഓരോ ചതുരവും 9100 ഹെക്ടര്‍ സ്ഥലത്തെ പ്രതിനിധീകരിക്കുന്നു. ഓരോ മാനദണ്ഡവും അനുസരിച്ച് ഓരോ ചതുരത്തിനും 1 മുതല്‍ 10 വരെ മാര്‍ക്ക് നല്‍കി. ഒടുവില്‍ ഓരോ മാനദണ്ഡത്തിനും ലഭിച്ച മാര്‍ക്കുകളുടെ ശരാശരി ഓരോ ചതുരത്തിനും കണക്കാക്കി. 3 മാര്‍ക്കില്‍ കുറവ് ലഭിച്ച ചതുരങ്ങള്‍ ESZ 3 ആയും 3 മുതല്‍ 5 വരെ മാര്‍ക്ക് ലഭിച്ചവ ESZ 2 ആയും 5 നു മുകളില്‍ മാര്‍ക്ക് ലഭിച്ചവ ESZ 1 ആയും തെരഞ്ഞെടുത്തു.
ESZ 1         15 താലൂക്കുകള്‍
ESZ 2          2 താലൂക്കുകള്‍
ESZ  3           8 താലൂക്കുകള്‍
ഏതെങ്കിലും താലൂക്ക് പരിസ്ഥിതി ലോല മേഖലയാണെന്ന് പറഞ്ഞാല്‍ ആ താലൂക്ക് മുഴുവന്‍ പ്രസ്തുത മേഖലയിലാണെന്നു അര്‍ഥമില്ല പരിസ്ഥിതി ലോല മേഖലയായി സംരക്ഷണം അര്‍ഹിക്കുന്ന പ്രദേശങ്ങള്‍ ആ താലൂക്കിലുണ്ട് എന്ന് മാത്രമാണ് അതിനര്‍ത്ഥം. അതെവിടെയാണെന്ന് കണ്ടെത്തേണ്ടതും അടയാളപ്പെടുത്തേണ്ടതും ബന്ധപ്പെട്ട പഞ്ചായത്തുകളാണ്. അതും ജില്ലാ പരിസ്ഥിതി സമിതി മുതല്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി വരെ രൂപീകരിക്കപ്പെടുന്ന ഘട്ടത്തില്‍ മാത്രം. പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ (ESL) ഇപ്പോള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് പുനപ്പരിശോധിക്കാവുന്നതാണ്. 25 താലൂക്കുകളിലായി ആകെ 18 പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഏതേതു പ്രദേശങ്ങളില്‍ ഏതേതു പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നും, ഏതേതു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം എന്നും അതതു പ്രദേശത്തിന്റെ ഗ്രാമാതിര്‍തികളും സൂക്ഷ്മ നീര്‍ത്തടവും കണക്കിലെടുത്ത്  പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെയും സംസ്ഥാനതല പരിസ്ഥിതി അതോറിട്ടിയുടെയും ജില്ലാതല പരിസ്ഥിതി സമിതികളുടെയും മേല്‍നോട്ടത്തില്‍ ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭാ പോലുള്ള അതതു പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ് എന്ന കാര്യം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. (പേജ് 40, ഭാഗം ഒന്ന്)
പ്രാദേശിക സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പശ്ചിമഘട്ടത്തിന്റെ പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ കീഴില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കൊണ്ടുവരുന്നതിനുള്ള മാതൃക നിര്‍ദ്ദേശിക്കുക എന്നതായിരുന്നു സമിതിയുടെ മറ്റൊരു കടമ.
പശ്ചിമഘട്ട പരിസ്ഥിതി സമിതി
ചെയര്‍മാന്‍  ഒരു റിട്ട സുപ്രീം കോടതി ജഡ്ജി അല്ലെങ്കില്‍ ഒരു കഴിവുറ്റ പരിസ്ഥിതി ശാസ്ത്രജ്ഞന്‍.
33 അംഗങ്ങള്‍
ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍
ഫോറസ്ട്രി, ഹൈഡ്രോളജി, മണ്ണ് ശാസ്ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി, സാമൂഹികശാസ്ത്രം,സാമ്പത്തികശാസ്ത്രം എന്നീ മേഖലകളില്‍ നിന്നും വിദഗ്ധര്‍
.
ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികള്‍ (ഓരോ സംസ്ഥാനത്ത് നിന്നും മൂന്നു വര്ഷം വീതം മാറി)  ഓരോ സംസ്ഥാനത്ത് നിന്നും സന്നദ്ധ സംഘടനകളുടെ പ്രതിനിധി
സംസ്ഥാനതല സമിതി
ചെയര്‍മാന്‍  ഒരു റിട്ട ജഡ്ജി അല്ലെങ്കില്‍ ഒരു കഴിവുറ്റ പരിസ്ഥിതി ശാസ്ത്രജ്ഞന്‍.
10 അംഗങ്ങള്‍
പരിസ്ഥിതിനിയമ വിദഗ്ധന്‍
ആ പ്രദേശത്തെ പരിസ്ഥിതി വിദഗ്ധന്‍
സന്നദ്ധ സംഘടനകളുടെ 3 കഴിവുറ്റ പ്രതിനിധികള്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനംപരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡിന്റെ പ്രതിനിധി, ജൈവ വൈവിധ്യ ബോര്‍ഡിന്റെ ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിയും.
ജില്ലാതല പരിസ്ഥിതി സമിതി
സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്തി പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയാണ് ഇത് രൂപീകരിക്കേണ്ടത്.
പരിസ്ഥിതി ഓംബുട്‌സ്മാന്‍ ആയിരിക്കും ചെയര്‍മാന്‍.
സാമ്പത്തികശാസ്ത്രം, നിയമം, സാമൂഹികശാസ്ത്രം, വനശാസ്ത്രം, മണ്ണ് ശാസ്ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദഗ്ധരും ബന്ധപ്പെട്ട വകുപ്പുകളിലെയും സന്നദ്ധ സംഘടനകളിലെയും പ്രതിനിധികളും.
പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍
1. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
(കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇതു തന്നെയാണ്)
2. കടകളില്‍ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്‍ഗണനാ ക്രമത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക.
(പ്ലാസ്റ്റിക് നിരോധനമല്ല)
3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.
4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.
(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)
5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.
(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)
6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും  പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.
7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.
(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)
8. മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്.
മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
9.പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.
10. നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം.
11.  ജല വിഭവ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം.
(ജലം ഒരു മൂലധന ചരക്കായി കാണണമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വില്‍പ്പന നടത്താമെന്നും ഉള്ള നിലവിലെ ദേശീയ ജല നയത്തിന്റെ വെളിച്ചത്തില്‍ ഈ നിര്‍ദ്ദേശം ജനോപകാരപ്രദമാണ് )
12.  ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക.
13. ശാസ്ത്രീയ പരിഹാര സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജല ത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തുക.
14. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം സോണ്‍ ഒന്നില്‍ 5 വര്‍ഷത്തിനകവും സോണ്‍ രണ്ടില്‍ 8 വര്‍ഷത്തിനകവും സോണ്‍ മൂന്നില്‍ 10 വര്‍ഷത്തിനകവും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക.
(സംസ്ഥാനത്തിന്റെ ജൈവകൃഷി നയം തന്നെയാണ് ഇത്. ദേശീയ ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ സഹായത്തോടെ ആന്ധ്രയില്‍ 35 ലക്ഷം ഏക്കറില്‍ രാസകീടനാശിനി ഇല്ലാതെ കൃഷി നടത്തുന്നത് ഉത്തമ മാതൃകയാണ്)
15. രാസകൃഷിയില്‍  നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായവും ലഭ്യമാക്കണം.
16. കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക.
17.രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കുക. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാവുന്ന സാധ്യതകള്‍ അന്വേഷിക്കണം. (പേജ് 47) (രണ്ടിലധികം കന്നുകാലികളെ അനുവദിക്കില്ല എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്)
18. തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുക.
19. സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി സോണ്‍ മൂന്നില്‍ പുതിയ വ്യവസായങ്ങള്‍ അനുവദിക്കാം.
20.  സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
21. സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി 3 മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും,
സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും,
സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത്ത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്.
സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‌സാഹിപ്പിക്കപ്പെടെണ്ടതാണ്.
22. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
23.എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
24. സ്വാഭാവിക ജീവിതകാലം അതിക്രമിച്ചുകഴിഞ്ഞ താപനിലയങ്ങളും ഡാമുകളും (ഡാമുകളുടെ സാധാരണ കാലാവധി 30- 50 വര്‍ഷമാണ്) ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. (പേജ് 46, ഭാഗം 1)
അംഗീകരിക്കാന്‍ കഴിയുന്ന പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകള്‍ ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.
(മുല്ലപ്പെരിയാര്‍ പോലുള്ള ദുരന്ത ആശങ്ക വരുന്നതുവരെ കാക്കാതെ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നു)
25. മത്സ്യ സഞ്ചാര പാതകള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ മത്സ്യ പ്രജനനം നടക്കാന്‍ അവിടെയൊക്കെ മത്സ്യ ഏണി പ്രദാനം ചെയ്യുക.
26. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.
27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.
28. വനാവകാശ നിയമം അതിന്റെ ആത്മാവ് സംരക്ഷിക്കുന്ന രീതിയില്‍ സാമുദായിക വനപരിപാലനത്തോടെ നടപ്പാക്കുക.
29. ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവ 2016 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സോണ്‍ രണ്ടില്‍ ഓരോരോ കേസുകളായി പുനപ്പരിശോധിക്കാവുന്നതാണ്. പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ മുന്‍കൂര്‍ അനുമതിയും സോഷ്യല്‍ ഓഡിറ്റും കര്‍ശന മാനദണ്ഡങ്ങളും അനുസരിച്ച് മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത ധാതുക്കള്‍ക്കായി സോണ്‍ മൂന്നില്‍ ഖനനം പുതുതായി അനുവദിക്കാം.
30. വളരെ അത്യാവശ്യത്തിനല്ലാതെ, സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ശേഷമല്ലാതെ, ഒന്നും രണ്ടും സോണുകളില്‍ പുതിയ വന്‍കിട റോഡുകളോ റെയില്‍വേ പാതകളോ അനുവദിക്കരുത്. സോണ്‍ മൂന്നില്‍ അനുവദിക്കാം.
31. എല്ലാ പുതിയ ഡാം, ഖനന, ടൂറിസം, പാര്‍പ്പിട പദ്ധതികളുടെയും സംയുക്ത ആഘാത പഠനം നടത്തി, ജലവിഭവങ്ങള്‍ക്ക് മേലുള്ള അവയുടെ ആഘാതം അനുവദനീയമായ അളവിനകത്തു മാത്രം ആണെങ്കിലേ അനുവാദം നല്‍കാവൂ.
32. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ചെറുകിട ഇടത്തരം  കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. (പേജ് 40 ഭാഗം 2).
33. വന്‍കിട തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനുള്ള യന്ത്രങ്ങള്‍ക്കു സബ്‌സിഡി ലഭ്യമാക്കുക. (പേജ് 40 ഭാഗം 2).
34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .
35. താഴെ പറയുന്ന കാര്യങ്ങള്‍ക്ക്  ‘സംരക്ഷണ സേവന വേതനം’ (പണമായി) നടപ്പാക്കുക.
മ). പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്.
യ).  പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
ര).  നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
റ).  കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക്
ല).    30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക് മാറുന്നവര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്.
ള).  സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്ക്
36. വികസന പദ്ധതികള്‍ തീരുമാനിക്കുന്നത് ഗ്രാമാസഭകളിലൂടെയുള്ള പങ്കാളിത്ത സംവിധാനത്തിലൂടെ ആയിരിക്കണം (പേജ് 32, ഭാഗം 2)
37. പരിസ്ഥിതി പരിപാലനത്തിനുള്ള കഴിവുണ്ടാക്കുന്നതില്‍ പഞ്ചായത്തുകളെ ശക്തരാക്കുക.
38. ഖനനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രാദേശിക പഞ്ചായത്തുകളുമായി പങ്കുവെയ്ക്കുക.
39.  തങ്ങളുടെ സ്ഥലത്തിന്റെ നല്ലൊരു ശതമാനം ഭാഗം വനസംരക്ഷണത്തിനായി നീക്കി വെയ്ക്കുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക.
40. കൃഷിഭൂമിയില്‍ പിടിച്ചു വെച്ച്  അന്തരീക്ഷ കാര്‍ബണ്‍ കുറയ്ക്കുന്ന ജൈവകൃഷിയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുക.
line
അധിക വായനക്ക്

Monday, 7 October 2013

"സഭ വിലക്കിയ പ്രൊഫസര്‍ ജേക്കബിന്‌ വീട്ടുവളപ്പില്‍ അന്ത്യവിശ്രമം"

"സഭ വിലക്കിയ പ്രൊഫസര്‍ ജേക്കബിന്‌ വീട്ടുവളപ്പില്‍
അന്ത്യവിശ്രമം"
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ്‌ അംഗം,
CSI ഈസ്റ്റ്‌ കേരള മഹായിടവക രൂപവത്‌ക്കരണ കമ്മറ്റി കണ്‍വീനര്‍,
പ്രഥമ അത്മായ സെക്രട്ടറി,
മുട്ടം ഗ്രാമ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌ ,
മേലുകാവ്‌ ഹെന്‍റി ബേക്കര്‍ കോളേജ്‌ ചരിത്ര വിഭാഗം മേധാവി,
"ജലസ്‌നാനം ഒരു പഠനം" എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌.
താന്‍ രചിച്ച പുസ്‌തകത്തില്‍ സഭയെ പ്രകോപിപ്പിച്ചത്‌ എന്താണ്‌ ?
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ സ്‌നാനം നടത്തി സഭയിലുള്‍പ്പെടുത്തുന്നത്‌ ശരിയല്ലെന്നും മുതിര്‍ന്ന്‌ സ്വയം തീരുമാനമെടുക്കുമ്പോള്‍ മാത്രമേ സ്‌നാനം ചെയ്യിക്കാവൂ എന്നതുമായിരുന്നു പുസ്‌തകത്തിലെ പ്രമേയം. ഇതാണ്‌ സഭയെ പ്രകോപിപ്പിച്ചത്‌.

പ്രൊഫ.ജേക്കബിന്റെ പ്രൊഫൈല്‍ കണ്ടില്ലേ..........
എന്താണ്‌ മനസ്സില്‍ തോന്നുന്നത്‌ ?
വിവരവും വിദ്യാഭ്യാസവും സഭാ സേവന പാരമ്പര്യവും ഒന്നും ഇവിടെ ബാധകമല്ല.
സഭയെന്ന സംഘത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ തൊട്ടുകളിച്ചാല്‍ ഇതായിരിക്കും തിക്താനുഭവം.
പ്രഫസര്‍ ജേക്കബ്‌ അഭിപ്രായപ്പെട്ടതു പോലെയായിരുന്നു സ്‌നാനമെങ്കില്‍ ഈ പുറത്താക്കല്‍ ന്യായമായിരുന്നു.
പ്രായപൂര്‍ത്തിക്കുശേഷം അംഗത്വമെടുത്ത സംഘടനയുടെ നിയമങ്ങള്‍ ലംഘിക്കുന്നവരെ സംഘത്തില്‍ നിന്നും പുറത്താക്കാം.
അതുപോലും ഇന്ന്‌ എളുപ്പമല്ല. സഖാവ്‌ വി.എസ്സിനെ ഒതുക്കാന്‍ പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ശ്രമം തുടങ്ങിയിട്ടെത്ര കാലമായി.

ഈ സംഭവത്തില്‍ എനിക്കു മനസ്സിലാകാത്ത ഒരു കാര്യമുണ്ട്‌. തന്നെ പുറത്താക്കിയതിനെതിരെ അദ്ദേഹം എന്തിന്‌ കോടതിയെ സമീപിച്ചു.
സ്വന്തം അപ്പനെ സെമിത്തേരിയില്‍ അടക്കം ചെയ്യണമെങ്കില്‍ അപ്പനു വേണ്ടി മക്കള്‍ ക്ഷമാപണം നടത്തണമെന്ന ആവശ്യം തള്ളിക്കളഞ്ഞ്‌ സധൈര്യം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ ചങ്കൂറ്റം കാണിച്ച മക്കളുള്ളപ്പോള്‍
പോടോ പുല്ലേ ബിഷപ്പേ എന്ന്‌ എന്തുകൊണ്ടദ്ദേഹം പറഞ്ഞില്ല. ഒരു പക്ഷേ രമ്യതയുടെ പാതയാവാം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്‌.

ബിഷപ്പുമാര്‍ വല്ലപ്പോഴുമെങ്കിലും സുവിശേഷം വായിക്കുന്നത്‌ നന്നായിരിക്കും. അങ്ങനെ വായിക്കാന്‍ സമയം കിട്ടിയാല്‍ ദയവായി മത്തായിയുടെ 5-ാം അദ്ധ്യായം 21 മുതല്‍ 26 വരെ വാക്യങ്ങള്‍ ഒന്നു വായിക്കണേ.

പിന്നെ മാമോദീസ എന്ന്‌ കൂടി അറിയപ്പെടുന്ന സ്‌നാനത്തിന്റെ കാര്യം. പാടിപ്പതിഞ്ഞ ജന്മപാപത്തിന്റെ കാര്യം ഇതൊക്കെ കാലങ്ങളായി സഭയില്‍ തര്‍ക്ക വിഷയങ്ങളാണ്‌. ദൈവശാസ്‌ത്ര പണ്‌ഢിതന്മാര്‍ തമ്മിലാണ്‌ തര്‍ക്കം .അല്ലാതെ കണ്ട ആപ്പയും ഊപ്പയും, അണ്ടനും അടകോടനും, ചെമ്മാനും ചെരുപ്പുകുത്തിയും തമ്മിലല്ല. തിയോളജിയില്‍ ഇതൊന്നും കേട്ടിട്ടില്ലെങ്കില്‍ ബിഷപ്പ്‌ പദവിയൊക്കെ എങ്ങനെയെങ്കിലും ഒപ്പിച്ചതായിരിക്കും.
ഒന്നോര്‍ത്ത്‌ സമാധാനിക്കാം, അന്ന്‌ യേശുവിനെ ഒറ്റിക്കൊടുത്തത്‌ കൂടെയുണ്ടായിരുന്ന തെരഞ്ഞെടുക്കപ്പെട്ട ശിഷ്യരില്‍ ഒരുവനായിരുന്നല്ലോ. ഇന്നത്‌ ചെയ്യുന്നതും തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ.
M.A ജോണിനെയും അദ്ദേഹത്തിന്റെ മക്കളേയും ഏറെ ബഹുമാനത്തോടെ ഈ സന്ദര്‍ഭത്തില്‍ സ്‌മരിക്കുന്നു.( കൂടുതല്‍ അറിയാന്‍ 2012 ജനുവരിയില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുള്ള "MA ജോണ്‍ നമ്മെ നയിക്കും" കാണുക)
MA ജോണ്‍ അദ്ദേഹത്തിന്റെ വീട്ടു വളപ്പില്‍ നിന്നും , പ്രഫ. ജേക്കബ്‌ അദ്ദേഹത്തിന്റെ വീട്ടു വളപ്പില്‍ നിന്നും നമ്മോടൊപ്പം ചേരുന്നു.
അവരുടെ വിശേഷങ്ങളുമായി തോന്നികയുടെ അടുത്ത ലക്കം  

Monday, 30 September 2013

അവയവദാനം പിന്നാംപുറം


സെപ്‌റ്റംബര്‍ 22 ഞായര്‍ വൈകിട്ട്‌ തിടനാട്‌ YMCA യുടെ 

പൊതുയോഗത്തില്‍ ശ്രീ. റോയി കരോട്ട്‌പുള്ളോലില്‍ ഒരനൗദ്യോഗിക ചികിത്സാ ധനസഹായാഭ്യര്‍ത്ഥന നടത്തിയപ്പോഴാണ്‌ 
മണിയംകുളം കിഴക്കേല്‍ കെ.ജെ.ജോസഫിനുണ്ടായ 
അപകടത്തെപ്പറ്റി ഞങ്ങള്‍ അറിയുന്നത്‌.

അപകടം നടന്നതു മുതല്‍ എല്ലാകാര്യങ്ങള്‍ക്കും 

കുടുംബത്തോടൊപ്പമുണ്ടായിരുന്ന റോയിയും സിബി പ്‌ളാത്തോട്ടവും 
ഇക്കാര്യങ്ങളുമായി ഓടി നടക്കുന്നതിനിടയില്‍ , ആശുപത്രിയില്‍ നിന്നും 
 രോഗി രക്ഷപെടില്ല എന്ന അറിയിപ്പെത്തി. 
പെട്ടെന്ന്‌ ഒരു വെളിപാട്‌ പോലെ റോയി സിബിയോട്‌ ചോദിക്കുന്നു, നമുക്ക്‌ അവയവദാനത്തെപ്പറ്റി ചിന്തിച്ചാലോ എന്ന്‌.

എങ്കില്‍ നമുക്കൊരു കാര്യം ചെയ്യാം 

മണിയംകുളം പള്ളി വികാരി ഫാ.മൈക്കിള്‍ ചീരാംകുഴിയച്ചനോട്‌ ഇക്കാര്യം സംസാരിക്കാമെന്നായി സിബി.

അവര്‍ നേരെ മണിയംകുളം പള്ളിയിലെത്തി 

കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ത്തന്നെ അച്ചന്‍ അവരോടൊപ്പം ആശുപത്രിയിലേക്ക്‌ പുറപ്പെട്ടു.
ഡോക്ടറോട്‌ സംസാരിക്കുന്നതിന്‌ മുമ്പ്‌ കുടുംബാംഗങ്ങളോട്‌ അനുവാദം വാങ്ങി. കാര്യങ്ങള്‍ ഡോക്ടറോട്‌ പറഞ്ഞപ്പോഴാണ്‌ 

 മരിക്കുന്ന ഏവര്‍ക്കും കഴിയുന്ന ഒന്നല്ല അവയവദാനമെന്നും 
ബ്രെയിന്‍ ഡെത്ത്‌ സംഭവിച്ചാല്‍ മാത്രമേ കണ്ണൊഴികെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ എന്നും അവര്‍ മനസ്സിലാക്കിയത്‌. 
ഇപ്പോഴത്തെ നിലയില്‍ ഇദ്ദേഹത്തിന്‌ സാധാരണ മരണം സംഭവിക്കാനാണ്‌ സാധ്യതയെന്നും ഡോക്ടര്‍ അറിയിച്ചു.

കാര്യങ്ങള്‍ മനസ്സിലാക്കി അവര്‍ ആശുപത്രിയില്‍നിന്ന്‌ മടങ്ങി. 

മരിക്കുമെന്ന്‌ തീര്‍ച്ചയായ സ്ഥിതിക്ക്‌ ബ്രെയിന്‍ഡെത്ത്‌ സംഭവിക്കണേ 
എന്ന്‌ മനമുരുകി പ്രാര്‍ത്ഥിച്ചു എന്നാണ്‌ റോയി പറഞ്ഞത്‌. 
എന്തായാലും പിറ്റേ ദിവസം ഡോക്ടര്‍ വിളിക്കുകയും നിങ്ങളുടെ ആഗ്രഹംപോലെ കാര്യങ്ങള്‍ നടക്കുമെന്ന്‌ അറിയിക്കുകയും ചെയ്‌തു.
ഒരു ലക്ഷത്തിലൊരാള്‍ക്കു മാത്രം കിട്ടുന്ന ഭാഗ്യമാണിതെന്നാണ്‌ 

ഡോക്ടര്‍മാരുടെ അഭിപ്രായം.

നാനാ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പരേതന്റെ വീട്ടിലെത്തി 

അന്തിമോപചാരം അര്‍പ്പിച്ചു. അതില്‍ എടുത്തു പറയേണ്ട ഒരേയൊരു വ്യക്തി 
ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ.ബാബു സെബാസ്റ്റ്യനാണ്‌. 
വിവരം അറിഞ്ഞുകേട്ട്‌ വന്ന അദ്ദേഹം 
മൃതദേഹത്തിന്‌ സല്യൂട്ട്‌ ചെയ്‌ത്‌ ബഹുമതി ചാര്‍ത്തി. 
അപ്പോഴാണ്‌ പരേതന്‌ സത്യത്തില്‍ സംസ്ഥാന ബഹുമതിതന്നെ 
കിട്ടേണ്ടതാണല്ലോ എന്ന്‌ ജനങ്ങള്‍ ചിന്തിച്ചത്‌.

അവയവങ്ങള്‍ ദാനം ചെയ്‌ത്‌ മാതൃകയായ കുടുംബത്തോടുള്ള 

ആദരവ്‌ പ്രകടിപ്പിക്കാന്‍ ശവസംസ്‌കാരത്തിന്‌ മെത്രാന്‍ കാര്‍മ്മികത്വം വഹിക്കുമെന്നൊക്കെ കേട്ടിരുന്നു.
പക്ഷേ പരേതന്റെ മക്കളാരും അച്ചന്മാരില്ലല്ലോ എന്ന അഭിപ്രായവും ആരോ പ്രകടിപ്പിച്ചു.
എന്തായാലും.....
ലക്ഷത്തിലൊരുവന്റെ നാട്ടുകാരന്‍ എന്ന്‌ പറഞ്ഞ്‌ ഇനി നമുക്ക്‌ മേനി നടിക്കാം.











അവയവദാനം ജീവദാനം

ജീവിത പ്രാരാബ്ദങ്ങളുടെയും,കടബാദ്ധ്യതകളുടെയും നടുവില്‍ നട്ടംതിരിയുമ്പോഴും കഠിനാദ്ധ്വാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന 
മണിയംകുളം കിഴക്കേല്‍ കെ.ജെ.ജോസഫിന്റെ ആകസ്‌മിക വേര്‍പാട്‌ 
ഒരു നാടിനെയാകെ ദു:ഖത്തിലാഴ്‌ത്തിയെങ്കിലും 
അവയവദാനം എന്ന മഹത്തായ പുണ്യകര്‍മ്മത്തിലൂടെ അദ്ദേഹം
കേരളമാകെ ജനമനസ്സുകളില്‍ ഒരു രജതനക്ഷത്രം പോലെ പ്രശോഭിച്ചു നില്‌ക്കുകയാണ്‌

ഒരു കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥന്‍
മരണത്തോട്‌ മല്ലടിക്കുന്ന വേദനാജനകമായ നിമിഷങ്ങളില്‍
അവയവദാനം എന്ന മഹത്തായ സത്‌കര്‍മ്മത്തിന്റെ സാദ്ധ്യത ഞങ്ങളില്‍ ചിലര്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ "വേദനിക്കുന്ന ഏതെങ്കിലും ജീവിതങ്ങള്‍ക്ക്‌ തുണയാകുമെങ്കില്‍ എനിക്കും മക്കള്‍ക്കും സമ്മതമാണ്‌" എന്നാണ്‌ ഭാര്യ എല്‍സി പറഞ്ഞത്‌.

നേത്രദാനത്തിനുപോലും ബന്ധുക്കള്‍ വിമുഖത കാണിക്കുന്ന ഇക്കാലത്ത്‌
അവയവദാനം എന്ന മഹത്തായ കര്‍മ്മത്തിന്‌ തീരുമാനമെടുത്ത ഈ കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള ബാദ്ധ്യത നമുക്കുണ്ട്‌ എന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു.

അവയവദാനം പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനും,
സഹോദരനു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ ബലിയില്ല എന്ന്‌ പഠിപ്പിക്കുന്ന മത നേതൃത്വത്തിനും, സേവന സന്നദ്ധരായ സാമൂഹ്യ സംഘടനകള്‍ക്കും
ഈ കുടുംബത്തെ മാതൃകാപരമായി സഹായിക്കാന്‍ ബാദ്ധ്യതയുണ്ട്‌ എന്ന്‌ ഞങ്ങള്‍ കരുതുന്നു.

പ്രാരംഭ നടപടി എന്ന നിലയില്‍
സേവന,സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഒരു കമ്മറ്റി,
ഈ കുടുംബത്തിന്റെ 6 ലക്ഷത്തിലധികം വരുന്ന കട ബാദ്ധ്യതകള്‍ ഏറ്റെടുക്കുന്നതിനായി രൂപീകരിച്ചിരിക്കുകയാണ്‌.

ഇതിനായി SBI തിടനാട്‌ ശാഖയില്‍
മണിയംകുളം പള്ളി വികാരി ഫാ.മൈക്കിള്‍ ചീരാംകുഴി, തിടനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.ജോസഫ്‌ ജോര്‍ജ്ജ്‌ വെള്ളൂക്കുന്നേല്‍, പരേതന്റെ ഭാര്യ എല്‍സി എന്നിവരുടെ പേരില്‍(A/c No.33335894708, ifsc code SBIN-0008672) ജോയിന്റ്‌ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌.

ഈ സംരംഭത്തിന്‌ സന്മനസ്സുള്ള എല്ലാവരുടേയും സഹായം
സവിനയം അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്‌തതയോടെ
ജോസഫ്‌ ജോര്‍ജ്ജ്‌ ( പഞ്ചായത്ത്‌ പ്രസിഡന്റ്‌)
ഫാ.മൈക്കിള്‍ ചീരാംകുഴി (മണിയംകുളം പള്ളി വികാരി

Tuesday, 10 September 2013

തുറന്നു പറഞ്ഞോളൂ.......

നവാബ്‌ രാജേന്ദ്രന്റെ 10-ാ ചരമ വാര്‍ഷികത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും Face Book ല്‍ വന്ന എന്റെ പോസ്‌റ്റിന്‌ കിട്ടിയ ചില പ്രതികരണങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടു വരാനാണ്‌ ഈ കുറിപ്പ്‌.

1. സര്‍, ജയറാം പടിക്കല്‍ എന്ന പോലീസുകാരന്‍ കെ. കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിനു വേണ്ടി പിച്ചിച്ചീന്തിയതാണ്‌ നവാബ്‌ രാജേന്ദ്രന്റെ ജീവിതം.

2. നവാബ്‌ രാജേന്ദ്രനെ റോള്‍ മോഡലായി കണ്ട്‌ സമൂഹത്തിലെ അനീതികള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവനാണ്‌ ഞാന്‍. പക്ഷേ എനിക്ക്‌ ഭാര്യയും രണ്ട്‌ കുട്ടികളുമുണ്ട്‌. ഭരണവര്‍ഗ്ഗം പണ്ടത്തേതിനേക്കാള്‍ അഴിമതി നിറഞ്ഞതും അഴിമതി മറച്ചു പിടിക്കാന്‍ ജയറാം പടിക്കല്‍മാരെയല്ല സാക്ഷാല്‍ ക്വൊട്ടേഷന്‍ സംഘങ്ങളെ വരെ ഉപയോഗിക്കാന്‍ മടിയില്ലാത്തവരുമാണ്‌. പിന്നെ ഞാനെന്തു ചെയ്യും ?

3. "അപ്പകോലെലി ഭക്ഷിച്ചാല്‍ അപ്പത്തിന്‍ കഥയെന്ത്‌? "എന്ന്‌ കവി പാടിയപോലെ വിപ്‌ളവത്തിന്റെ ഹോള്‍സോയില്‍ റിട്ടെയില്‍ പാര്‍ട്ടികള്‍ പോലും നയവ്യതിയാനം വരുത്തിയപ്പോള്‍ ഇനി ആരിലാണ്‌ നമുക്ക്‌ പ്രതീക്ഷ .

4 . സര്‍ മുമ്പ്‌ ഒരു സുഹൃത്ത്‌ ചൂണ്ടിക്കാണിച്ച കുടുംബ പ്രരാബ്ദങ്ങളൊന്നുമില്ലാത്ത പടിക്കല്‍മാര്‍ക്കും ക്വൊട്ടേഷന്‍ സംഘങ്ങള്‍ക്കും എളുപ്പത്തില്‍ കീഴടക്കാന്‍ പറ്റാത്ത സെറ്റപ്പുമുള്ള ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്‌. ഒരര്‍ത്ഥത്തില്‍ മനുഷ്യാവകാശ സംരക്ഷണ ദൗത്യം ഏറ്റെടുക്കാന്‍ ഏറ്റം യോഗ്യരുമാണവര്‍. അതിനുള്ള അറിവും വിദ്യാഭ്യാസവുമുള്ളവര്‍. അത്‌ മറ്റാരുമല്ല കത്തോലിക്കാ വൈദികര്‍ തന്നെ.

5. എന്റെ ചേട്ടാ അതൊക്കെ ശ്ശി ബുദ്ധിമുട്ടുള്ള കാര്യമാണ്‌. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക എന്നാല്‍ ഭരണാധികാരികള്‍ക്കതിരെ ശബ്ദമുയര്‍ത്തുക എന്നാണ്‌. ഭരണാധികാരത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത്‌ പലവിധ നഷ്ടങ്ങള്‍ക്കും കാരണമാകും. നിക്ഷേപം ഈ ലോകത്തല്ല പരലോകത്താണ്‌ വേണ്ടത്‌ എന്ന പ്രമാണം വിശ്വാസികള്‍ക്ക്‌ മാത്രമുള്ളതാണ്‌.

6. ഈ സഹോദരന്റെ അഭിപ്രായത്തോട്‌ ഞാനും യോജിക്കുന്നു. കാരണം ഭൗതിക ലാഭങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ മാത്രമേ സഭക്ക്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനാവൂ. അങ്ങനെ വല്ല ചിന്തയും നമ്മുടെ മതനേതാക്കള്‍ക്കുണ്ടായിരുന്നെങ്കില്‍ ഈ നാട്‌ എന്നേ സ്വര്‍ഗ്ഗമായേനെ. ഒരു ഉദാഹരണം മാത്രം എടുക്കാം. കത്തോലിക്കാ വിശ്വാസികളുടെ പതിവ്‌ വ്യായാമമാണല്ലോ കുമ്പസാരം. ഈ കുമ്പസാരത്തിനൊടുവില്‍ കൊടുക്കുന്ന പ്രായശ്ചിത്തം റോഡിലെ രണ്ടു കുഴിയടക്കാനാകട്ടെ. അല്ലെങ്കില്‍ ജീവിതഗന്ധിയായ മറ്റെന്തെങ്കിലുമാകട്ടെ.

കൂടുതല്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരട്ടെ. കുറഞ്ഞപക്ഷം അഭിപ്രായ പ്രകടനങ്ങളെങ്കിലും നടക്കട്ടെ......................


Sunday, 8 September 2013

പോലീസ്‌ രാജേന്ദ്രനു മുമ്പില്‍ കുടുങ്ങി.

പാലായില്‍ നടന്ന ഓണാഘോഷത്തില്‍ റോഡുകള്‍ ബ്‌ളോക്കായതിനെപ്പറ്റി ബേബിച്ചന്റെ പോസ്‌റ്റ്‌ കണ്ടപ്പോള്‍ എന്റെ മനസ്സിലോടിയെത്തിയത്‌ നവാബ്‌ രാജേന്ദ്രന്റെ ഓര്‍മ്മയാണ്‌.
1986 ല്‍ നടന്ന സംഭവമാണ്‌. കോഴിക്കോട്‌ പാളയത്തു നിന്നും KSRTC യിലേക്ക്‌ ഓട്ടോറിക്ഷയില്‍ പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ്‌ നവാബ്‌ രാജേന്ദ്രന്‍ അറിയുന്നത്‌, സാധാരണ പോകുന്ന വഴിയേ പോകാന്‍ പറ്റില്ല. ഇന്നുമുതല്‍ ട്രാഫിക്ക്‌ പരിഷ്‌ക്കാരമാണ്‌ എന്ന്‌.

അപ്പോള്‍ അദ്ദേഹം ചോദിച്ചു" നേരത്തെ ആരോടും പറയാതെ ഒരു ട്രാഫിക്‌ പരിഷ്‌ക്കാരമോ"
അദ്ദേഹം നേരെ പോയത്‌ കോഴിക്കോട്‌ മുന്‍സിഫ്‌ കോടതിയിലേക്കാണ്‌. യാതൊരു അറിയിപ്പുമില്ലാതെ ട്രാഫിക്‌ പരിഷ്‌ക്കാരം നടത്തിയ DIG ഹോര്‍മിസ്‌ തരകനെതിരെ നവാബ്‌ ഹര്‍ജി ഫയല്‍ ചെയ്‌തു.
ട്രാഫിക്‌ അഡൈ്വസറി കമ്മറ്റി വിളിച്ചു ചേര്‍ത്ത്‌ ജനത്തെ മുന്‍കൂട്ടി അറിയിച്ചശേഷം മാത്രമേ ട്രാഫിക്‌ പരിഷ്‌കാരം നടത്താവൂ എന്ന്‌ നവാബ്‌ വാദിച്ചു.
എന്നാല്‍ ഒരു പരീക്ഷണാര്‍ത്ഥം മാത്രമാണ്‌ ട്രാഫിക്‌ പരിഷ്‌കാരമെന്ന്‌ പോലീസ്‌ മറുപടി നല്‍കി.
പരീക്ഷണം നടത്തേണ്ടത്‌ ലബോറട്ടറിയിലാണെന്നും അല്ലാതെ പൊതുനിരത്തിലല്ലെന്നുംനവാബ്‌ വാദിച്ചു. കോടതി നവാബിന്റെ വാദം അംഗീകരിച്ചു.
ട്രാഫിക്കില്‍മാറ്റം വരുത്താന്‍ പോലീസിന്‌ അധികാരമില്ലെന്നും TAC എടുക്കുന്ന തീരുമാനം നടപ്പില്‍ വരുത്താനേ പോലീസിനധികാരമുള്ളു എന്നും കോടതി വിധിച്ചു.
അടിയന്തിര ഘട്ടങ്ങളില്‍ ക്രമസമാധാന പാലനത്തിനായല്ലാതെ റോഡ്‌ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്‌ അധികാരമില്ലെന്നും പൊതുമരാമത്തു വകുപ്പിനു മാത്രമേ അധികാരമുള്ളു എന്നും കോടതി ചൂണ്ടിക്കാട്ടി.
ഏതാണ്ട്‌ പത്ത്‌ വര്‍ഷത്തിനു ശേഷം ഇതുപോലൊരു പരിഷ്‌കാരത്തിന്റെ പേരില്‍ എറണാകുളത്തും പോലീസ്‌ രാജേന്ദ്രനു മുമ്പില്‍ കുടുങ്ങി.
എറണാകുളം കോണ്‍വെന്റ്‌ ജംഗ്‌ഷനില്‍ നിന്നും എം.ജി റോഡിലേക്ക്‌ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന രാജേന്ദ്രനെ ജംഗ്‌ഷനില്‍ പോലീസ്‌ തടഞ്ഞു. അടുത്ത ജംഗ്‌ഷനില്‍ ചെന്ന്‌ തിരിഞ്ഞുപോകാന്‍ പോലീസ്‌ നിര്‍ദ്ദേശിച്ചു. രാത്രി ഏഴരക്കായിരുന്നു സംഭവം. പോലീസും രാജേന്ദ്രനുമായി വാക്കേറ്റം മൂത്തു. വയര്‍ലെസ്‌ സന്ദേശം വഴി കൂടുതല്‍ പോസീസ്‌ സ്ഥലത്തെത്തി. ജംഗ്‌ഷനില്‍ സംഘര്‍ഷാവസ്ഥ. നിയമ വിരുദ്ധമായാണ്‌ വണ്‍വേ ഏര്‍പ്പെടുത്തിയതെന്നും ഇതുവഴി മാത്രമേ യാത്ര ചെയ്യുകയുള്ളുവെന്നും രാജേന്ദ്രന്‍ ശഠിച്ചു. വകുപ്പും നിയമങ്ങളും അരച്ചുകലക്കി സംസാരിച്ച രാജേന്ദ്രനു മുമ്പില്‍ പോലിസ്‌ കീഴടങ്ങി. തടഞ്ഞ വഴിയിലൂടെത്തന്നെ രാജേന്ദ്രന്‍ എം.ജി റോഡിലേക്ക്‌ പോയി.

Saturday, 7 September 2013

മനുഷ്യാവകാശപ്പോരാളികളുടെ സുവിശേഷം

കഴിഞ്ഞ ദിവസം Face Book ല്‍ എന്റെ പോസ്‌റ്റ്‌ നവാബ്‌ രാജേന്ദ്രന്റെ 10-ാo ചരമദിനത്തെ ഒര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു. ഇന്ന്‌ ഇത്തരം സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളില്‍ തലങ്ങും വിലങ്ങും പോസ്‌റ്റുന്നവരും ലൈക്കുന്നവരും ഷെയറുന്നവരും ആയ പുതുജനറേഷന്‌ ഇദ്ദേഹം തീര്‍ത്തും അപരിചിതനായിരിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച്‌ കേട്ടിട്ടുള്ളവര്‍ പോലും അദ്ദേഹം നമ്മുടെ സമൂഹത്തിന്‌ നല്‍കിയ സംഭാവനകളെക്കുറിച്ച്‌ മനസ്സിലാക്കിയിട്ടില്ലെന്നത്‌ ഖേദകരമാണ്‌.
"എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പോകാനാഗ്രഹിക്കുന്നു പക്ഷേ ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല" എന്ന്‌ പറഞ്ഞപോലെ ഈ നാട്‌ നന്നാകണമെന്ന്‌ എല്ലാവരും ആഗ്രഹിക്കുന്നു പക്ഷേ അതിനായി എന്തെങ്കിലും ത്യജിക്കാന്‍ ആരും സന്നദ്ധരല്ല എന്നത്‌ ഒരു പൊതു തത്വമായി പറയാമെങ്കില്‍ അതിനൊരപവാദമായി ചൂണ്ടിക്കാണിക്കാമായിരുന്ന ആധുനിക കാലത്തെ ഏക വ്യക്തിയായിരുന്നു ശ്രീ. നവാബ്‌ രാജേന്ദ്രന്‍.
" കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല" എന്ന്‌ 
റയാറുണ്ട്‌. കേരള ജനതയെ സംബന്ധിച്ചിടത്തോളം നവാബ്‌ രാജേന്ദ്രന്റെ കാര്യത്തില്‍ ഇത്‌ അക്ഷരംപ്രതി ശരിയാണ്‌. അതെന്തുകൊണ്ടെന്ന്‌ മനസ്സിലാകണമെങ്കില്‍ അദ്ദേഹത്തിന്റെ ജീവചരിത്രത്തിലൂടെ നാമൊന്ന് കണ്ണോടിക്കണം.

താല്‌പ്പര്യമുണ്ടെങ്കില്‍ പെന്‍ ബുക്ക്സ്‌ 2003 ല്‍ പ്രസിദ്ധീകരിച്ച ശ്രീ. കമല്‍നാഥ്‌ സജീവ്‌ രചിച്ച " നവാബ്‌ രാജേന്ദ്രന്‍ - ഒരു മനുഷ്യാവകാശപ്പോരാട്ടത്തിന്റെ ചരിത്രം" എന്ന പുസ്‌തകം വായിക്കുക
മനുഷ്യാവകാശപ്പോരാളികളുടെ സുവിശേഷം എന്ന വിശേഷിപ്പിക്കാവുന്ന ഈ പുസ്‌തകം ഒന്ന്‌ വായിച്ച്‌ കുളിരുകോരാനെങ്കിലും നമുക്കാകട്ടെ.