Tuesday, 9 October 2012



ശ്രീ. സക്കറിയാസ് നെടുങ്കനാല്‍ രചിച്ച അവബോധത്തിലേക്ക് എന്ന കൃതിയുടെ രണ്ടാം ഭാഗമായ ഭാവ്യതാപഥത്തെക്കുറിച്ചാണ് ഈ കുറിപ്പ്.
പുസ്തകത്തിന്റെ തലക്കെട്ടുണര്‍ത്തിയ ജിജ്ഞാസയാണ് തുറന്നു നോക്കാന്‍ പ്രേരണയായത്.
ഭാവ്യതാപഥം എന്നാല്‍ എന്തെന്ന് മുഖവുരയില്‍ അദ്ദേഹം വിവരിച്ചിട്ടുണ്ട്. ആയിത്തീരാനുള്ള സാദ്ധ്യതയാണ് ഭാവ്യത.ഒരു വസ്തുവിന്റെ സത്തയേക്കാള്‍ മൗലികവും നിത്യവുമായ ഒരു തത്വമാണ് അതിന്റെ ആയിത്തീരാനുള്ള സാദ്ധ്യത. സംഭവിക്കാന്‍ പാടുള്ളതേ സംഭവിക്കൂ. പക്ഷേ സംഭാവ്യമായതെല്ലാം ഭവിക്കണമെന്നില്ല.
സമ്പത്ത് , ദാരിദ്ര്യം, യശസ്സ്, മാനഹാനി, പാണ്ഡിത്യം എന്നിവയൊക്കെ ഭവിക്കുകയോ ഭവിക്കാതിരിക്കുകയോ ചെയ്യുന്നതുപോലെയാണ് അവബോധത്തിന്റെ കാര്യവും എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു.
അദ്ദേഹത്തിന്റെ വാദങ്ങളെ ശരിവെയ്ക്കുന്ന പ്രത്യക്ഷമായ തെളിവാണ് അവതാരിക ഒഴിവാക്കിയ ഈ പുസ്തകം തന്നെ. അവതാരിക ഒഴിവാക്കിയതിന് അദ്ദേഹം നല്‍കുന്ന വിശദീകരണമാകട്ടെ തുടര്‍വായനയില്‍ നാം പുലര്‍ത്തേണ്ട മനോഭാവം എന്തായിരിക്കണമെന്നതിന്റെ സൂചന കൂടിയാണ്.
'ജീവിതം തന്നെ മൊത്തത്തില്‍ ഒരു ഫലിതമല്ലേ?'രണ്ടാമധ്യായത്തിലെ ചോദ്യം വളരെ പ്രസക്തമായ ഒരു സത്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ബഹളമയമായ ഈ ലോകത്തില്‍ കോലാഹലങ്ങളില്‍നിന്ന് മാനസികമായ അകലം കാക്കുന്നതിനുളള മാര്‍ഗ്ഗമായി സൂചിപ്പിച്ചിരിക്കുന്ന കോവണിപ്പടികളുടെ ഉപമ ഏറെ ശ്രദ്ധേയമാണ്.
'അന്യരുടെ മുമ്പില്‍ കേമപ്പെട്ട ഒരു പ്രതിച്ഛായ സൃഷ്ടിക്കുക എന്ന പാഴ്‌വേലയിലാണ് കൂടുതല്‍ ആള്‍ക്കാരും അവരുടെ സമയത്തിലേറെയും കളയുന്നത്'. എത്ര പച്ചയായ സത്യമാണ് ' സന്തുഷ്ടിയിലേക്കുള്ള വഴി ' എന്ന അദ്ധ്യായത്തില്‍ ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നത്. ജീവിക്കുന്ന ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നമുക്കു ചുറ്റുമുണ്ട്. എല്ലാവരും ആവശ്യമാണ് എന്നാല്‍ ആരും അത്യാവശ്യമല്ലെന്ന തിരിച്ചറിവിലേക്കാണ് ഇതെല്ലാം നമ്മെ നയിക്കുന്നത്.
വളരെ സവിശേഷമായ മറ്റൊരു നിരീക്ഷണം നോക്കൂ. 'ഉള്ളിലേക്ക് നോക്കുന്നവനെ അന്തര്‍മുഖനെന്നു വിളിക്കും. അല്ലെങ്കില്‍ സ്വപ്‌നജീവിയെന്ന്. മറിച്ച് ചുറ്റും സംഭവിക്കുന്നതൊക്കെ കണ്ടറിഞ്ഞും വിശകലനം ചെയ്തും നടക്കുന്നവനെ ജാഗരൂകനെന്നും. പക്ഷേ ശരി നേരേ തിരിച്ചല്ലേ?' ഒരുപക്ഷേ ഇവരെ ഉദ്ദേശിച്ചായിരിക്കാം പകരക്കുറിപ്പില്‍ ദൈവം നല്‍കുന്ന ഉപദേശം.
'അവനവനെപ്പറ്റി ആണെങ്കില്‍പോലും , ഉറച്ചുപോയ ആശയങ്ങള്‍ അന്ധതക്കു തുല്യമാണ്.'(അധ്യായം 6)
'എന്റേത് എന്നതിനുപകരം, നമ്മള്‍, നമ്മുടേത് എന്ന ബോധ്യം മനുഷ്യരെ തമ്മില്‍ തമ്മിലും , മനുഷ്യരേയും പ്രകൃതിയിലുളള എല്ലാത്തിനേയും തമ്മിലും ബന്ധിപ്പിക്കാതെ നമുക്ക് അതിജീവനം അസാദ്ധ്യമാണ്. ഈശ്വസങ്കല്പ്പവും ഇന്ന് വ്യാപകമായിത്തീര്‍ന്നിട്ടുള്ളവയില്‍നിന്ന് വ്യത്യസ്തമാകണം.' (അധ്യായം 7)
ഇങ്ങനെ സാധാരണ സാമൂഹ്യപ്രശ്‌നങ്ങളെ വിശകലനം ചെയ്ത് വ്യാഖ്യാനിച്ച് ഭാവ്യതാപഥത്തെ 'സുവിശേഷത്തിന്റെ പരിമളം' എന്ന അധ്യായം മുതല്‍ നമ്മെ മറ്റൊരു മേഖലയിലേക്ക് ഗ്രന്ഥകര്‍ത്താവ് നയിക്കുന്നു.
തന്റെ ജീവിതയാത്രയിലെ സംഭവവികാസങ്ങളെ മാറിനിന്ന് നിരീക്ഷിക്കുന്ന രചനാവൈഭവമാണ് തുടര്‍ന്നു ള്ള അദ്ധ്യായങ്ങളില്‍ കാണുന്നത്.
'ഗീതഗോവിന്ദവും ഉത്തമഗീതവും' എന്ന അദ്ധ്യായം ഗ്രന്ഥകാരന്റെ പരന്ന വായനയുടേയും പാണ്ഡിത്യത്തിേെന്റയും മകുടോദാഹരണമാണ്.
മലയാള സിനിമാ ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, പ്രാര്‍ത്ഥന, എഴുത്ത്, പീഡാനുഭവം എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളെ വ്യത്യസ്തതലങ്ങളില്‍നിന്ന് നിരീക്ഷിച്ച് വായനക്കാരനുമായി പങ്കുവയ്ക്കുകയും അവബോധത്തില്‍ എത്തിച്ചേരാനുള്ള കുറുക്കുവഴി ഉപദേശിച്ചു തരുകയും ചെയ്യുന്നവയാണ് ഈ പുസ്തകത്തിലെ അവസാന അധ്യായങ്ങള്‍. 
ശ്രീ. സക്കറിയാസിന്റെ നിഷ്‌കപടമായ സ്‌നേഹത്തിനുമുമ്പില്‍ തലകുനിച്ചുകൊണ്ട്...............
കെ. എം. ജെ പയസ്, കയ്യാണിയില്‍ 9446759847
N.B.
ഈ പുസ്തകം അല്മായശബ്ദം ബ്ലോഗിലെ (almayasabdam.blogspot.com) ഇലക്ട്രോണിക് ലൈബ്രറിയില്‍നിന്ന് ലഭ്യമാണ്. വായിച്ചിട്ട് തൃപ്തികരമെന്നു തോന്നുന്നവര്‍ പുസ്തകത്തിന്റെ വില നിര്‍ണയിച്ച് ഗ്രന്ഥകാരന് അയച്ചുകൊടുക്കുക.

No comments:

Post a Comment