Wednesday, 12 December 2012

ഈ രക്തത്തില്‍ എനിക്ക് പങ്കുണ്ട്.............



'ഹലോ ബിജുവല്ലേ ?'
'അതേ ആരാണ് ?'
' എന്റെ പേര് തോമസ്. അറിയാന്‍ വഴിയില്ല. ഞാന്‍ എര്‍ണാകുളത്തുനിന്നാണ് വിളിക്കുന്നത്.
ബിജുവിന്റെ സ്‌ക്കൂളിലെ ജോസ് സാറാണ് നമ്പര്‍ തന്നത്.'
' ശരി. എന്താണ് വിശേഷം ?'
' എന്റെ ഭാര്യയെ അമൃതയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ.്
അത്യാവശ്യമായി ആറ് കുപ്പി ബി പോസിറ്റീവ് ബ്‌ളഡ് വേണം. ബിജുവിനോട് പറഞ്ഞാല്‍ നടക്കുമെന്നാ ജോസ് സാറ് പറഞ്ഞത്.'
ഇങ്ങനെയൊരവസരത്തില്‍ ഞാനായിരുന്നെങ്കില്‍ ചില ചോദ്യങ്ങള്‍ തിരികെ ചോദിക്കുമായിരുന്നു.
താങ്കളുടെ ഗ്രൂപ്പ് എതാണ് ? പ്രായപൂര്‍ത്തിയായ മക്കളോ ബന്ധുക്കളോ ഈ ഗ്രൂപ്പില്‍ പെട്ടവരില്ലേ ?
അവിടെ ബ്‌ളഡ് ബാങ്കില്‍ ഏതെങ്കിലും ഗ്രൂപ്പ് കൊടുത്താല്‍ പോരെ ?
താങ്കളുടെ നാട്ടിലൊന്നും ഈ ഗ്രൂപ്പുള്ളവരില്ലേ ? എന്നിങ്ങനെ.
എന്നാല്‍ ബിജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.
' ശരി ഞാനൊന്നന്വേഷിക്കട്ടെ. പരമാവധിപ്പേരെ ഒപ്പിക്കാമോ എന്ന് നോക്കിയിട്ട് തിരിച്ചു വിളിക്കാം.'

പിന്നീട് ബിജുവിനെ കണ്ടപ്പോള്‍ ഞാന്‍ വിവരം തിരക്കി. അപ്പോള്‍ ബിജു പറഞ്ഞു.
' പിറ്റേദിവസം ആറ് പേരേയും സംഘടിപ്പിച്ചു. ചിലരെ കാണാന്‍ ആട്ടോയ്ക്ക് പോയി. മറ്റുള്ളവരെ ഫോണില്‍ വിളിച്ചു. പക്ഷേ ഒരു കുഴപ്പം ഇവര്‍ തനിയേ അമൃതയിലേക്ക് പോകില്ല. ഞാനും ചെല്ലണം.
എന്തു ചെയ്യും ? എനിക്കാണെങ്കില്‍ നൂറുകൂട്ടം കാര്യങ്ങള്‍. അമ്മയ്ക്കും കുഞ്ഞിനും മരുന്നു വാങ്ങണം. ഞാന്‍ ആശുപത്രിയില്‍ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേക്കും രോഗിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ കേറ്റിയെന്നും ഉടന്‍ ടാക്‌സി പിടിച്ച് വരണമെന്നും അവര്‍. വണ്ടിക്കൂലിക്കുള്ള കാശ് പോലും എന്റെ കയ്യിലില്ല.ആല്ലെങ്കില്‍ തന്നെ എന്ത് വിശ്വസിച്ച് ടാക്‌സി പിടിക്കും ? ഒന്നുരണ്ട് അബദ്ധം പറ്റിയതാ.
എന്തായാലും രണ്ടും കല്പ്പിച്ച് ടാക്‌സിയുമായി ഞങ്ങള്‍ പോയി.കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു.'

ചെമ്മലമറ്റം കണ്ണന്തറയില്‍ ജോസഫിന്റെയും അന്നമ്മയുടെയും മകനും,
ചെമ്മലമറ്റം LFHSലെ പ്യൂണും, സ്ഥലത്തെ KCYM, AKCC, മദ്യവിരുദ്ധ സമിതി ഇവയുടെ PROയും, പുരുഷ സ്വാശ്രയ സംഘം പ്രവര്‍ത്തകനും, മാതൃഭൂമി സീഡ് പദ്ധതിയുടെ വൈസ് കോ-ഓര്‍ഡിനേറ്ററും ഒക്കെയായ ശ്രീ.ബിജു കണ്ണന്തറയുടെ നിഷ്‌കാമ കര്‍മ്മകാണ്ഢത്തിലെ ചെറിയൊരു ഭാഗമാണ് നാം
കണ്ടത്.
ഏതാണ്ട് 10 വര്‍ഷം മുമ്പ് 110 പേരുള്ള രക്തദാന സേന രൂപീകരിച്ചുകൊണ്ടാണ് രക്തദാന മേഖലയില്‍ ബിജു പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് ബിജുവിന്റെ പക്കല്‍ 800 ല്‍ പരം രക്തദാന സന്നദ്ധരുടെ ലിസ്റ്റുണ്ട്. ഇതില്‍ അയല്‍വാസികളും നാട്ടുകാരും ഉള്‍പ്പെട്ടിട്ടില്ല.
കാരണം അവരുടെ രക്തഗ്രൂപ്പ് ബിജുവിന് കാണാപാഠമാണ്. ഇത്രയും സമ്പന്നമായ ലിസ്റ്റ് ഉണ്ടായത് സൗജന്യ രക്തപരിശോധനാ ക്യാമ്പുകളൊന്നും നടത്തിയിട്ടല്ല.
യാത്രാവേളകളിലും മറ്റവസരങ്ങളിലും കണ്ടുമുട്ടുന്ന ചെറുപ്പക്കാരുമായി ബിജു പരിചപ്പെട്ട് അവരുടെ
രക്തഗ്രൂപ്പും ഫോണ്‍നമ്പരും വാങ്ങുന്നു. പിന്നീട് ഇവരോരോരുത്തരേയും വിളിച്ച് കുശലാന്വേഷണം
നടത്തുകയും രക്തദാനത്തിനുള്ള സന്നദ്ധത ചോദിച്ചറിയുകയും സന്നദ്ധനാണെങ്കില്‍ ലിസ്റ്റില്‍
ഉള്‍പ്പെടുത്തുകയും ചെയ്യും.
ഈ ലിസ്റ്റ് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബിജു സ്ഥലത്തില്ലാത്തപ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ ലിസ്റ്റ് പരിശോധിച്ച് ലഭ്യത അറിയിക്കാന്‍ ഭാര്യ നൈസിയെ പരിശീലിപ്പിച്ചിട്ടുണ്ട്.
പറഞ്ഞയക്കുന്ന ആള്‍ രക്തം ദാനം ചെയ്ത് തിരിച്ചെത്തിയാല്‍ അന്നുതന്നെ ആ വ്യക്തിയെ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ട് സുഖാന്വേഷണം നടത്തിയാലേ ബിജുവിനു സമാധാനമുള്ളു.
ബിജുവിന്റെ ഭാര്യ നൈസി. ആന്‍ മരിയയും ആല്‍ബിനും മക്കള്‍.
ഭാര്യ നൈസിയുടേത് ബി നെഗറ്റീവ് ബ്‌ളഡ് ആണ്. നൈസിക്കുവേണ്ടി നേരത്തെ സൂക്ഷിച്ചു വെച്ചിരുന്ന ബ്‌ളഡ് ഒരടിയന്തിര സാഹചര്യത്തില്‍ മറ്റൊരാള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടി വന്നു.
നൈസിക്ക് സമയമായപ്പോള്‍ ബഌഡിനുവേണ്ടി ഏറെ കഷ്ടപ്പെടേണ്ടി വന്നു.
ഇത് ബിജുവിനെ വേദനിപ്പിച്ച ഒരു സംഭവമാണ്.
ഇതിനോടകം ആയിരത്തിലേറെപ്പേര്‍ക്ക് രക്തം എത്തിച്ചുകൊടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
ഡെങ്കിപ്പനിയും മറ്റും വ്യാപകമാകുന്ന സമയത്ത് ആഴ്ചയില്‍ 15 പേര്‍ക്കെന്ന നിരക്കില്‍ രക്തം എത്തിക്കാന്‍ ഈ ബിജുവിനല്ലാതെ മറ്റാര്‍ക്ക് കഴിയും ?
പക്ഷേ ഒരംഗീകാരവും ഇതുവരെ ബുജുവിനെ തേടിയെത്തിയിട്ടില്ല.
ഒരു രക്തദാന അവാര്‍ഡ് കേരളത്തിലുണ്ടെങ്കില്‍ അത് ആദ്യം കൊടുക്കേണ്ടത് ബിജുവിനാണ്.
10 വര്‍ഷം മുമ്പ് സര്‍വ്വീസില്‍ കയറിയ ബിജു 10 കാഷ്വല്‍ ലീവ് പോലും ഇതുവരെ എടുത്തിട്ടില്ലെന്നതു
മാത്രമല്ല പ്യൂണ്‍ എന്ന നിലയില്‍ ബിജു തന്റെ സ്‌കൂളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും
നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.
രാവിലെ 7.30 ന് സ്‌കൂളിലെത്തിയാല്‍, താന്‍ പണം മുടക്കി വാങ്ങിക്കൊണ്ടു വരുന്ന പത്രങ്ങളിലെ
പ്രധാന വാര്‍ത്തകള്‍ വെട്ടിയെടുത്ത് വാര്‍ത്താബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നു.
ഈ വാര്‍ത്തകളെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കായി ഒരു ചോദ്യവും കാണും.
ഓഫീസിനടുത്ത് വെച്ചിരിക്കുന്ന ബോക്‌സില്‍ കുട്ടികള്‍ എഴുതി നിക്ഷേപിക്കുന്ന ഉത്തരങ്ങള്‍
എല്ലാ ദിവസവും 3 മണിക്ക് മുമ്പ് പരിശോധിക്കും. ശരിയുത്തരക്കാരില്‍ നിന്ന് നറുക്കിട്ട് വിജയിയെ
കണ്ടെത്തി ബിജുവിന്റെ വക ഒരു സമ്മാനവും നല്‍കും.
ആഴ്ചയില്‍ 100 രൂപ പത്രത്തിനു പുറമേ ഇതിന് വേണ്ടി ചെലവാക്കുന്നു
പ്രധാന വ്യക്തികളുടെ മരണസമയത്ത്്, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വരുന്ന
ഫോട്ടോകള്‍ ശേഖരിച്ച്്് സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുന്നത്് ബിജുവിന്റെ പതിവാണ്.
യുവജനോത്സവ സീസണില്‍ ബിജുവിനെ ഉറങ്ങാന്‍ സമ്മതിക്കില്ല കുട്ടികള്‍.
നാടകം, മോണോ ആക്ട് , സ്‌കിറ്റ് , മിമിക്രി എന്നിവയൊക്കെ എഴുതി തയ്യാറാക്കി കുട്ടികള്‍ക്ക്
പരിശീലനം നല്‍കി സ്റ്റേജിലെത്തിക്കുന്നതു വരെയുള്ള മുഴുവന്‍ ചുമതലയും
ബിജു ഏറ്റെടുത്തേ മതിയാവൂ.
'ബിജൂസ് കോമഡി' എന്ന പേരില്‍ ഒരു ചാനലില്‍ പരിപാടി അവതരിപ്പിച്ചിട്ടുള്ള ബിജുവിന്
ഇതൊന്നും ഒരു പ്രശ്‌നമല്ല.
അനാധാലയങ്ങള്‍, ജയിലുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍
തന്റെ മിമിക്രി പ്രോഗ്രാം നടത്താനും ബിജു സമയം കണ്ടെത്തുന്നു.
ഇതിനൊക്കെപ്പുറമേ ശാലോം, ദീപനാളം മുതലായ പ്രസിദ്ധീകരണങ്ങളില്‍ ലേഖനമെഴുതാനും
ആനുകാലിക സംഭവങ്ങളെക്കുറിച്ച് പത്രാധിപര്‍ക്ക് കത്തെഴുതാനും
(ദീപികയില്‍ 270 ല്‍ ഏറെ കത്തുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്) സമയം കണ്ടെത്തുന്നു.
ഒന്നിനും സമയമില്ല എന്ന് പരിതപിക്കുന്നവരുടെ മുമ്പില്‍
ഒരു ചോദ്യചിഹ്നമാണ് ശ്രീ.ബിജു കണ്ണന്തറ.
എവിടെ ഒരു റോള്‍ മോഡല്‍ ? എന്ന് ചോദിക്കുന്നവര്‍ക്ക്
ഒരു ഉത്തരമാണ് ശ്രീ. ബിജു കണ്ണന്തറ.

അസ്സീസി മാസിക സെപ്റ്റംബര്‍ ലക്കം പ്രസിദ്ധീകരിച്ചത്‌ 

No comments:

Post a Comment