Sunday, 16 December 2012

വെറുതേയല്ല ഭാണ്ഡം...............

                                                               


'അങ്ങോട്ട് മാറി നില്ക്ക് തള്ളേ........സമയമില്ലാത്തപ്പഴാ കെട്ടും ഭാണ്ഡവുമായി വരുന്നത്......അടുത്ത വണ്ടിക്ക് പോകാം........ പോട്ടെ....പോട്ടെ...ണിണിം....'
രാവിലെ തിരക്കൊഴിഞ്ഞ ബസ്സ് നോക്കി ടൗണില്‍ നില്ക്കുമ്പോഴാണ് ഈ ശകാരം ശ്രദ്ധയില്‍പ്പെട്ടത്. ചട്ടയും മുണ്ടുമുടുത്ത് ഏകദേശം 90 വയസ്സു തോന്നിക്കുന്ന ഒരു പാവം അമ്മ. വലതുകൈയില്‍ ഒരു വടിയും ഇടതുതോളില്‍ വലിയൊരു ഭാണ്ഡവും. തലയില്‍ വെളളത്തുണികൊണ്ടുള്ള കെട്ട്. വായില്‍ പല്ലൊന്നുപോലുമില്ലെന്ന് ആ മുഖം കണ്ടാലറിയാം. അങ്ങനെ ആകെക്കൂടെ ആര്‍ക്കും പാവം തോന്നുന്ന സ്ത്രീ. അവരോടാണ് ബസിലെ കിളിക്കുട്ടന്റെ ശകാരം.
ബസ്സില്‍ അത്ര തിരക്കൊന്നുമില്ല. കിളിക്കുട്ടന്‍ ഒരു കൈ സഹായിച്ചാല്‍ മതി. അതിനവന് മനസ്സില്ലെങ്കിലെന്തു ചെയ്യും. ഇതു കണ്ട യാത്രക്കാരാരും മിണ്ടിയില്ലെന്നു മാത്രമല്ല അല്പ്പം സന്തോഷവും തോന്നിക്കാണും. കാരണം നമ്മള്‍ കേറിക്കഴിഞ്ഞാല്‍ പിന്നെ വണ്ടിയൊരിടത്തും നിര്‍ത്തരുതെന്നാണല്ലോ ആഗ്രഹം.
എല്ലാവര്‍ക്കും തിരക്കല്ലേ........പ്രത്യേകിച്ച് സ്വകാര്യ ബസ്സുകള്‍ക്ക്. വണ്ടി സ്റ്റാന്‍ന്റില്‍ നിന്നെടുത്താല്‍ മൂന്നു നാല് കിലോമീറ്റര്‍ വരെ ഒച്ചു വേഗത്തില്‍. പിന്നെയാണ് മരണപ്പാച്ചില്‍.
മുന്നോട്ടെടുത്ത ബസ്, അല്പ്പം മാറി നിന്നിരുന്ന ഞങ്ങളുടെ സമീപത്ത് വന്ന് നിന്നു. പെട്ടെന്ന് എന്റെ സുഹൃത്ത് സിബി ചവിട്ടുപടിയില്‍ നിന്നിരുന്ന കിളിക്കുട്ടന്റെ കോളറിന് പിടിച്ച് താഴെയിറക്കി. ഈ സമയത്ത് ഒരു പെണ്‍കുട്ടി ഓടിവന്ന് ബസ്സില്‍ കയറി. അപ്പോഴാണ് വണ്ടി നിന്നതിന്റെയും സുഹൃത്ത് കിളിക്കുട്ടനെ തൂക്കിയെടുത്തതിന്റേയുമൊക്ക ഗുട്ടന്‍സ് എനിക്ക് പിടികിട്ടിയത്.
' ആ അമ്മയെക്കേറ്റാന്‍ നിനക്ക് നേരമില്ലല്ലേ ? ......... നിനക്കറിയാമോ അവരാരാണെന്ന് ?..... ഈ ഭാണ്ഡക്കെട്ടുമായി അവര്‍ പോകുന്നത് എങ്ങോട്ടാണെന്ന് നിനക്കറിയാമോ ?.............................'
ബഹളം കേട്ട് നാട്ടുകാര്‍ ചുറ്റും കൂടി.
'അവരേയും കൊണ്ടല്ലാതെ ഈ വണ്ടി ഇന്നിവിടുന്ന് പോകില്ല' സിബി തറപ്പിച്ചു പറഞ്ഞു.
അപ്പോഴേക്ക് ഒരാള്‍ ആ അമ്മയെ കൂട്ടിക്കൊണ്ട് വന്ന് ബസിനുള്ളില്‍ കയറ്റി.
ഭാണ്ഡക്കെട്ട് അകത്ത് എടുത്ത് വെച്ചു കൊടുത്തു. വണ്ടി പോയിക്കഴിഞ്ഞപ്പോള്‍ ആ അമ്മയെപ്പറ്റി ഞാന്‍ സുഹൃത്തിനോട് തിരക്കി.
' ഇവര്‍ക്ക് തൊണ്ണൂറു വയസിന് മുകളില്‍ പ്രായമുണ്ട്. ചക്കി എന്നായിരുന്നു പഴയ പേര് പക്ഷേ ഇപ്പോള്‍ മറിയം എന്നാണ്. അക്കരയമ്മ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. അവരുടെ കൈയിലിരുന്ന കെട്ടിലെന്തായിരുന്നെന്നറിയാമോ ? മുഴുവന്‍ വസ്ത്രങ്ങള്‍. അവരുടെ ആവശ്യത്തിനല്ല. അടുത്ത കോളനിയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ശേഖരിച്ചത്. വീടു വീടാന്തരം കയറിയിറങ്ങി പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച്, തനിയെ ചുമന്ന് കൊണ്ടുവന്ന് പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നതാണ് അവരുടെ പ്രധാന പരിപാടി.'
ഈ പഴയ വസ്ത്രങ്ങള്‍ക്കൊക്കെ ഇപ്പോഴും നമ്മുടെ നാട്ടില്‍ ആവശ്യക്കാരുണ്ടോ എന്ന് ഞാന്‍ സംശയം ഉന്നയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
'ഉണ്ടോയെന്നോ ? അക്കരയമ്മയുടെ വരവും കാത്തിരിക്കുന്ന സ്ത്രീകളും കുട്ടികളും എത്രയെന്നോ. പിന്നെ ചോദ്യത്തിന്റെ പൊരുളും മനസ്സിലായി. കൂലി കൂടിയപ്പോള്‍ ഉണ്ടായ സാമ്പത്തിക പുരോഗതിമൂലം പഴയ വസ്ത്രങ്ങളുടെയൊക്കെ ആവശ്യകത അവസാനിച്ചില്ലേ എന്ന് സ്വാഭാവികമായും തോന്നാം. പക്ഷേ എന്റെ അഭിപ്രായത്തില്‍ കൂലി കൂടുതല്‍ ലഭിക്കുന്ന ഭൂരിഭാഗം പുരുഷന്മാരും അതിന്റെ ഏറിയ പങ്കും മദ്യത്തിനും ലോട്ടറിക്കും വേണ്ടി ചെലവഴിക്കുന്നതിനാല്‍ സാമ്പത്തികമായി അവര്‍ ഇന്നും പഴയ അവസ്ഥയില്‍ തന്നെയാണ്'
എന്റെ മുഖത്തെ അത്ഭുതഭാവം കണ്ട് സുഹൃത്ത് സംസാരം നിര്‍ത്തി. ഒരു ചായ കുടിക്കാമെന്ന തീരുമാനത്തില്‍ അടുത്തുള്ള ചായക്കടയില്‍ കയറി സ്വസ്ഥമായിരുന്നു. അദ്ദേഹം വീണ്ടും സംസാരിച്ചു തുടങ്ങി.
' നമ്മുടെ ചെറുപ്പത്തില്‍ പഴയ വസ്ത്രമെന്ന് പറഞ്ഞാല്‍ നിറം മങ്ങിയോ കീറിയോ ഉപയോഗ യോഗ്യമല്ലാത്തത് എന്നായിരുന്നുവെങ്കില്‍ ഇന്നതല്ല സ്ഥിതി. ഇന്ന് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫാഷന്‍ മാറിയാല്‍ ഉപേക്ഷിക്കുന്ന പ്രവണതയായതിനാല്‍ ഈ പഴയ വസ്ത്രങ്ങള്‍ ഭൂരിഭാഗവും ഉപയോഗയോഗ്യമാണ്.
പഴയ വസ്ത്രങ്ങള്‍ ശേഖരിക്കുന്ന ചിലര്‍ അവ വീണ്ടും വിപണിയിലെത്തിച്ച് വില്പ്പന നടത്തുന്നതായി കേള്‍ക്കാറുണ്ട്. അക്കരയമ്മയുടെ കാര്യത്തില്‍ അങ്ങനെയൊരു പ്രശ്‌നമില്ലാത്തതിനാല്‍ വീട്ടുകാര്‍ ഉപയോഗിക്കാത്ത നല്ല വസ്ത്രങ്ങള്‍ പോലും ഇവരെ ഏല്പ്പിക്കുന്നു. അതാണ് അവര്‍ അക്കരയമ്മയെ കാത്തിരിക്കാന്‍ കാരണം.' എനിക്കെന്തോ ചോദിക്കാനുണ്ടെന്ന്്് തോന്നിയ അദ്ദേഹം സംസാരം നിര്‍ത്തി.
'നാട്ടുനടപ്പനുസരിച്ച് തൊണ്ണൂറിനുമേല്‍ പ്രായമുള്ള ഭൂരിപക്ഷത്തിന്റേയും അവസ്ഥ നമുക്കറിയാം. ഇനി ആരോഗ്യം അനുവദിച്ചാല്‍തന്നെ ഇത്രയേറെ പ്രതിബദ്ധതയോടെ പ്രതിഫലേച്ഛ കൂടാതെ സാമൂഹ്യസേവനം നടത്തുന്നവരെത്ര പേരുണ്ട് ? പക്ഷേ എന്തേ പഞ്ചായത്തോ എന്തിന്്് വനിതാ പ്രസ്ഥാനങ്ങള്‍ പോലുമോ ഇവരെ അനുമോദിക്കുകയോ ആദരിക്കുകയോ
ചെയ്തിട്ടില്ല ?'ഞാന്‍ ചോദിച്ചു.
'അര്‍ഹതയുള്ളവരെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നത്് ഒരു സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇവര്‍ ആരില്‍ നിന്നും ഒരംഗീകാരവും പ്രതീക്ഷിക്കുന്നില്ല.' അദ്ദേഹത്തിന്റെ മുഖത്ത്് ഒരു ഗൗരവഭാവം ഞാന്‍ കണ്ടു.
'മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ വരും തലമുറ വിശ്വസിക്കാനിടയില്ല' എന്ന് ഗാന്ധിജിയെക്കുറിച്ച് ഐന്‍സ്റ്റിന്‍ പറഞ്ഞ വാക്കുകളാണ് പെട്ടെന്ന് എന്റെ ഓര്‍മ്മയിലെത്തിയത്. 

published in Assisi magazine November 2012

No comments:

Post a Comment