കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം ആഗോള പ്രശസ്‌തമാണ്. മനുഷ്യ വിഭവശേഷിയുടെ ഉയര്‍ന്ന നിലവാരമാണ് നമ്മുടെ സവിശേഷത.
ഇത് കൈവരിച്ചത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച മൂലമാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.
സമ്പന്നന്റേയും സാധാരണക്കാരന്റേയും മക്കള്‍ സാമാന്യ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും നേടുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.സാധരണക്കാരന്റേയും, സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടേയും മക്കള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസം സാധിതമാക്കുന്നതിനു വേണ്ടിയാണ് വിദ്യാഭ്യാസ വായ്‌പ്പകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
വിദ്യാഭ്യാസ വായ്‌പ്പയുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും ഇവിടെ ഉയര്‍ന്നു വന്നിട്ടുണ്ട്. അനവധി അനിഷ്ട സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. വായ്‌പ്പ നിരസിക്കലും, ഭീമമായ പലിശ ചുമത്തലും, കുടിശ്ശികക്കാര്‍ക്കെതിരെ നടപടികളും ബാങ്കുകള്‍ ആരംഭിച്ചപ്പോഴാണ് സര്‍ക്കാര്‍ പ്രശ്‌നം ഗൗരവത്തിലെടുത്തത്.
തല്‍ഫലമായി, പ്രവേശനപ്പരീക്ഷകളില്‍ യോഗ്യത നേടുന്ന കുട്ടികള്‍ക്ക് മാത്രമേ വിദ്യാഭ്യാസ വായ്‌പ്പക്ക് അവകാശമുള്ളു എന്നും 2009 ഏപ്രില്‍ 1 മുതല്‍ പലിശ ഈടാക്കാന്‍ പാടില്ലെന്നും കോഴ്‌സ് കാലാവധി കഴിഞ്ഞ് 1 വര്‍ഷം അല്ലെങ്കില്‍ ജോലി ഇതിലേതാണോ ആദ്യം അതാണ് തിരിച്ചടവ് തുടങ്ങേണ്ട സമയമെന്നും, അതുവരെയുള്ള കാലം പലിശ പാടില്ലെന്നും കാണിച്ച് സര്‍ക്കാര്‍, ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവിറക്കി.
സമൂഹത്തിലെ പാവപ്പെട്ടവരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി നല്‍കുന്ന വിദ്യാഭ്യാസ വായ്‌പ്പക്ക് ഈടാക്കുന്ന പലിശ 13.20 ശതമാനമാണ്. അതായത് അടിസ്ഥാന നിരക്കായ 9.70 ശതമാനത്തോടുകൂടി 3.50 ശതമാനം കൂട്ടിയത്. എന്നാല്‍ ഹൗസ് ലോണിന് ഇത് 0.25 ശതമാനവും കാര്‍ ലാണിന് 0.75 ശതമാനവും ആണ്. നാട്ടിലെ സമ്പന്നര്‍ക്ക് വെറും 4 ശതമാനം പലിശക്ക് കാര്‍ഷികലോണെന്ന പേര് പറഞ്ഞ് വായ്‌പ്പ വാരിക്കോരി കൊടുക്കുമ്പോഴാണ് പാവപ്പെട്ട കുട്ടികളില്‍ നിന്ന് 13.20 ശതമാനം ഈടാക്കുന്നതെന്നോര്‍ക്കണം.
അടുത്ത കാലത്ത് കാര്‍ഷിക വായ്‌പ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ അതിന്റെ ഗുണം ലഭിച്ചത് ആര്‍ക്കായിരുന്നുവെന്ന് നോക്കൂ. വായ്‌്‌പയെടുത്ത് വര്‍ഷങ്ങളായി തിരിച്ചടയ്‌ക്കാതിരുന്നവര്‍ക്ക്. ഇങ്ങനെ തിരിച്ചടയ്‌ക്കാതിരിക്കാന്‍ കഴിയുന്നതാര്‍ക്കാണ്. ബാങ്കുകാര്‍ കണ്ണുരുട്ടിയാല്‍ പോടാ പുല്ലേ എന്ന് പറയാന്‍ സാമ്പത്തികമുള്ളവര്‍ക്ക്. സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യത്തിലെന്നപോലെ ബാങ്കുകളും 'താടിയുള്ള അപ്പനെ' പേടിക്കുന്നവരാണ്.
ഒരാള്‍ 2008 ജൂലൈ അവസാനം എടുത്ത വിദ്യാഭ്യാസ വായ്‌പക്ക് തിരിച്ചടവ് തുടങ്ങേണ്ടത് കോഴ്‌സ് കാലാവധിയായ 5 വര്‍ഷവും പിന്നെ 1 വര്‍ഷവും (മോറട്ടോറിയം കാലാവധി) കഴിഞ്ഞ് 2014 ജൂലൈ മുതലാണ്. എന്നാല്‍ 2013 ജനുവരിയിലെ അവസാന ഗഡു ലഭിക്കുന്നതിന് മുന്‍പേതന്നെ, വിദ്യാഭ്യാസ വായ്‌പയുടെ തിരിച്ചടവ് തുടങ്ങാത്തതെന്തേ എന്ന് ചോദിച്ച് ഫോണ്‍വിളി ആരംഭിച്ചു.
4.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ് പലിശയില്‍ പൂര്‍ണ്ണ ഇളവ് അനുവദിച്ചിട്ടുള്ളത്. പക്ഷേ ഇളവുണ്ടോ എന്നറിയാന്‍ ലോണ്‍ പാസ്‌ബുക്ക് വാങ്ങിയ ഞാന്‍ ഞെട്ടിപ്പോയി. സര്‍ക്കാര്‍ ഉത്തരവുകളൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന പ്രഖ്യാപനം പോലെ പലിശ എഴുതിച്ചേര്‍ത്തിരിക്കുന്നു.
എന്തേ ബാങ്കുകള്‍ ഇങ്ങനെയാകുന്നത്. അടക്കുന്നവര്‍ അടക്കട്ടേ എന്നോര്‍ത്താവാം. പക്ഷേ അറിവില്ലാത്ത പാവം രക്ഷിതാക്കളെ വഞ്ചിക്കുന്ന ഈ നയം ബാങ്കുകള്‍ക്ക് ചേര്‍ന്നതല്ല.
(സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി ഗൂഗിള്‍ സേര്‍ച്ചില്‍ കിട്ടുന്നതാണ്)
No comments:
Post a Comment