Tuesday, 6 August 2013

സമയമില്ലേ...........




രാവിലെ പത്രം വായിച്ചുകൊണ്ടിരുന്ന എന്റെ സമീപത്തെത്തിയ ഭാര്യ പറയുകയാണ്‌ 

"ഹൊ.....ഈ അണുങ്ങള്‍ക്കെന്തൊരു സുഖം രാവിലെ എഴുന്നേറ്റ്‌ പത്രം നിവര്‍ത്തി അതിന്റെ മുമ്പിലിരുന്നാല്‍ മതിയല്ലോ."
വേറൊരു പത്രമെടുത്ത്‌ അവളുടെ കൈയില്‍ കൊടുത്തിട്ട്‌ ഞാന്‍ പറഞ്ഞു, 

"ഇത്‌ നിവര്‍ത്തി നീയും ഇരുന്നോ."
" ഞാന്‍ വല്ലതും പറയും കേട്ടോ.........ഇതും നിവര്‍ത്തിയിരുന്നാല്‍ അകത്തോട്ട്‌ ഒന്നും പോകില്ല."
"എന്നാല്‍ വായന നിര്‍ത്തി." പത്രം മടക്കിവെച്ച്‌ ഞാന്‍ കസേരയില്‍ ചാരിയിരുന്നു.
"അയ്യടാ... വലിയ കാര്‍ന്നോര്‌ കളിച്ച്‌ ഇവിടെ ചാരിക്കിടന്നാല്‍ പോര. 

എഴുന്നേറ്റ്‌ അടുക്കളേലോട്ട്‌ വന്ന്‌ വല്ല പണിക്കും കൂട്‌"
"ആയിക്കോട്ടെ......നമുക്ക്‌ പണി തുടങ്ങാം....... വന്നാട്ടെ" 

ഞാന്‍ എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ നടന്നുകൊണ്ട്‌ പറഞ്ഞു.
അവിടെ എനിക്കുള്ള ഏകജോലി തേങ്ങ ചുരണ്ടല്‍ മാത്രമാണ്‌. മറ്റൊന്നും ചെയ്യേണ്ട. പിന്നെ കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ്‌ അവിടെ ചുറ്റിപ്പറ്റി നില്‌ക്കാമെങ്കില്‍ ഇഷ്ടമാ.
പതിവ്‌ പണി കഴിഞ്ഞ്‌ പോകാന്‍ തുടങ്ങിയ എന്നോട് ഭാര്യ. " എങ്ങോട്ടാ ഓടുന്നേ... 

 നിങ്ങളവിടെ നില്‌ക്ക്‌ മനുഷ്യാ...വന്ന്‌ വന്ന്‌ നമുക്കല്‌പ്പം സംസാരിക്കാന്‍ പോലും സമയമില്ലല്ലോ."
"വൈകുന്നേരം സീരിയല്‍ തീര്‍ന്നിട്ട്‌ സമയം കിട്ടില്ലല്ലോ അല്ലേ....... ശരി ആയിക്കോളൂ...." എന്റെ സമ്മതം അറിയിച്ചു.
അപ്പോഴാണ്‌ നാലില്‍ പഠിക്കുന്ന ഇളയകുട്ടി അടുക്കളയില്‍ ഓടിയെത്തിയത്‌.
ഇത്‌ കണ്ട്‌ ഭാര്യ ദേഷ്യപ്പെട്ട്‌ ചോദിച്ചു. "നിന്നെയാരാടി ഇപ്പോഴിങ്ങോട്ട്‌ വിളിച്ചത്‌. ഹോംവര്‍ക്കെല്ലാം തീര്‍ന്നോ"
"അമ്മേ.........PTA യുടെ കാര്യം ഓര്‍മ്മിപ്പിക്കാന്‍ വന്നതാ."
ഭാര്യ എന്റെ നേരെ തിരിഞ്ഞു. " അതേ.... നാളെ PTA മീറ്റിംഗിന്‌ പോയേക്കണം"
"അയ്യോ എനിക്ക്‌ സമയമില്ല. നീ തന്നെ പോയാല്‍ മതി"
"റേഷന്‍ കടയില്‍ നിന്ന്‌ കുറച്ച്‌ പച്ചരീം മണ്ണേണ്ണയും വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞിട്ട്‌ ദിവസം എത്രയായി. ഇങ്ങേര്‍ക്കൊന്നിനും സമയമില്ലല്ലോ."
" ശെടാ...മേടിക്കാവല്ലോ. സമയമില്ലാഞ്ഞല്ലേ.................
പുറത്തേയ്‌ക്കോടിയ മകള്‍ ഒരു പത്രം പൊക്കിപ്പിടിച്ചുകൊണ്ട്‌ പെട്ടെന്ന്‌ മടങ്ങി വന്ന്‌ എന്നോട്‌ പറഞ്ഞു.

" അച്ഛാ ഇത്‌ നോക്ക്‌ . കണ്ടോ വെണ്ടക്കാ മുഴുപ്പിലെഴുതിയിരിക്കുന്നത്‌. സമയം കിട്ടാന്‍. വല്യ പത്രം വായനക്കാരനാ ആവശ്യമുള്ളതൊന്നും അച്ഛന്‍ കാണില്ല."
മകളുടെ ഉപദേശം കേട്ട്‌ ഞാന്‍ ഞെട്ടിപ്പോയി. മത്തങ്ങ വലുപ്പത്തിലല്ലേ സമയക്കുറവിന്‌ പരിഹാരം നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.
കുഞ്ഞിനെ എന്ത്‌ പറഞ്ഞ്‌ മനസ്സിലാക്കും.
എന്റെ ചമ്മലും നില്‌പ്പും കണ്ട്‌ മകള്‍ അമ്മയോട്‌ പറഞ്ഞു." അമ്മേ അച്ഛനോട്‌ പറയ്‌ ഇത്‌ വാങ്ങിക്കഴിച്ചിട്ട്‌ PTA മീറ്റിംഗിന്‌ വരാന്‍ "
" പറഞ്ഞോളാം.....ഇനി നീ പോയിരുന്ന്‌ പഠിക്ക്‌. പോ..പോ" അമ്മ മകളെ പറഞ്ഞു വിട്ടു. ഹോ...ആശ്വാസമായി.

ഇടയ്‌ക്കിടെ അത്മായശബ്ദം വായിക്കാറുള്ള ഭാര്യയുടെ കമന്റ്‌. 
" യേശുവിന്‌ തുറന്ന കത്തെഴുതിയ സാറായിരുന്നെങ്കില്‍ കുട്ടിയോട്‌ എന്തു പറയുമായിരുന്നോ ആവോ."
"അതെന്താ നീ അങ്ങനെ പറഞ്ഞത്‌ ?" ഞാന്‍ ചോദിച്ചു.
"അല്ലാ...അദ്ദേഹം സത്യങ്ങളെല്ലാം വെളിപ്പെടുത്തുകയല്ലേ....."
" അതിനിപ്പം എന്താ ഒരു കുഴപ്പം . സത്യങ്ങളല്ലേ പറഞ്ഞത്‌"
" എന്നാല്‍ പോയി കുട്ടിയോട്‌ സത്യം പറയ്‌. ലോകത്ത്‌ എന്തെല്ലാം സത്യങ്ങളുണ്ട്‌. അതെല്ലാം അനാവരണം ചെയ്യപ്പെട്ടാല്‍ എന്താകും അവസ്ഥ എന്നോര്‍ത്ത്‌ പറഞ്ഞതാണേ....."

No comments:

Post a Comment