ഏതാണ്ട് 30 വര്‍ഷം മുമ്പ്.
ഞങ്ങളുടെ അടുത്ത ടൗണിലുള്ള ഒരു ചെറിയ ട്യൂട്ടോറിയല്‍.
അന്നൊക്കെ ട്യൂട്ടോറിയല്‍ കോളേജ് ഒരു വലിയ സംഭവം തെന്നയാണ്.
നാട്ടിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരൊക്കെ ആദ്യം പണിക്കു കേറുന്നിടം.
റഗുലര്‍ കോളേജുകള്‍ പോലെയോ അതിലധികമോ അച്ചടക്കത്തില്‍ നടത്തപ്പെടുന്നവയും ഒരച്ചടക്കവും ഇല്ലാത്തവയും ഒക്കെ അക്കൂട്ടത്തിലുണ്ട്.
രക്ഷാകര്‍ത്താവിനേയും കൂട്ടിയെത്തുന്നവര്‍ക്കു മാത്രം അഡ്മിഷന്‍ കൊടുത്തിരുന്ന നിലവാരമുള്ള സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടാത്തവര്‍ എവിടെയെങ്കിലുമൊക്കെ കയറിക്കൂടും.
അത്തരമൊരു സ്ഥാപനത്തില്‍ 10-ാം ക്‌ളാസ് തോറ്റ കുട്ടികളെ കണക്ക് പഠിപ്പിക്കാനാണ് ടോണി എത്തിയത്. ക്‌ളാസ്സില്‍ എട്ടോ ഒന്‍പതോ ആണ്‍കുട്ടികള്‍ മാത്രം.
രണ്ടു ദിവസം ക്‌ളാസ്സെടുത്തതോടെ അദ്ധ്യാപകന് കുട്ടികളുടെ ''നീഡ്''മനസ്സിലായി
(അന്നൊന്നും ഇന്നത്തെ പോലെ നീഡ് അസ്സെസ്‌മെന്റ് ഇല്ല)
അവര്‍ക്ക് തോന്നുമ്പോള്‍ വരണം തോന്നുമ്പോള്‍ പോകണം. പോകുന്നത് അങ്ങ് ദൂരേയ്‌ക്കൊന്നുമല്ല.
അടുത്ത പട്ടക്കടയില്‍(ന്യൂജനറേഷന് അത്ര പരിചയമുണ്ടാവില്ല) കേറി ഒന്ന് വിടണം, ഒരു സിഗരറ്റ് വലിക്കണം അത്രതന്നെ.
ടോണി സാറും ചെറുപ്പം. കുറേയൊക്കെ സ്വാതന്ത്ര്യം കുട്ടികള്‍ക്ക് കൊടുക്കണമെന്ന അഭിപ്രായക്കാരന്‍. പക്ഷേ തോളില്‍ കയറിയാല്‍ പോരാ അവിടിരുന്ന്ചെവികൂടി കരളുമെന്നായപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ടോണി സാര്‍ നിര്‍ബന്ധിതനായി.
അടുത്ത ദിവസം ബോര്‍ഡില്‍ ഒരു പ്രോബ്‌ളം ചെയ്തു കാണിച്ചുകൊണ്ടിരുന്ന ടോണി സാറിന്റെ പുറത്തു വന്ന് എന്തോ കനത്തില്‍ തട്ടി താഴെ വീണു. തിരിഞ്ഞ് നോക്കിയ അദ്ദേഹം ഞെട്ടിപ്പോയി. ഒരുത്തന്‍ ചെരിപ്പൂരി എറിഞ്ഞതാണ്.
ഇതങ്ങിനെ വിട്ടു കൊടുത്താല്‍ പറ്റില്ല. ക്‌ളാസ് നിര്‍ത്തി അദ്ദേഹം പ്രിന്‍സിപ്പാളിനടുത്തെത്തി പരാതി ബോധിപ്പിച്ചു.
കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രിന്‍സിപ്പാള്‍ ചെരുപ്പെറിഞ്ഞ കുട്ടിയെ വിളിച്ചു വരുത്തി ധാരാളം ചീത്ത വിളിച്ചു. കുട്ടി വെറും കൂളായി നില്ക്കുന്നത് കണ്ട്, ഇനിയവനെ ഒരു കാരണവശാലും ക്‌ളാസ്സിലിരുത്തുന്നതല്ലെന്ന് പ്രഖ്യാപിച്ചു.
ടോണി സാറിനും ആശ്വാസമായി.
പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങിയ കുട്ടി തിരിഞ്ഞ് പോക്കറ്റില്‍ കയ്യിട്ട' പ്രിന്‍സിപ്പാളിനോട് പറഞ്ഞു.
''ഫീസ് കുടിശിഖ കൊണ്ടുവന്നിട്ടുണ്ടായിരുന്നു.''
''…..ങേ…… ഫീസോ… നീയൊന്ന് നിന്നേ''
''വേണ്ട സാറെ ഞാന്‍ പൊയ്‌ക്കോളാം''
പ്രിന്‍സിപ്പാള്‍ പ്രായോഗികമായി ചിന്തിച്ചു. ടോണി സാറിന് നേരെ തിരിഞ്ഞ് പറഞ്ഞു. ''പിള്ളേരല്ലേ പിണ്ണാക്കല്ലേ കണ്ടാലിത്തിരി തിന്നാതിരിക്കുമോ എന്നല്ലേ സാറെ പഴഞ്ചൊല്ല്. നമുക്കൊന്ന് ക്ഷമിച്ചാലോ….ഇവന്‍ നന്നായിക്കോളും സാറെ''
ടോണിസാര്‍ ദേഷ്യത്തോടെ ബാഗ് എടുത്ത് പുറത്തേയ്ക്കും കുട്ടി ഫീസടച്ച് അകത്തേയ്ക്കും പോയി
വാല്‍ക്കഷണം
നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സിനെപ്പറ്റിയുള്ള തര്‍ക്കത്തില്‍ പ്രായോഗികതയ്ക്ക് ഭൂരിപക്ഷം എന്ന് പത്രവാര്‍ത്ത.
No comments:
Post a Comment