Wednesday, 13 July 2016

വെടക്ക് നിയമo

ഇന്ന് പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ഇതാണ്.
'കുട്ടികള്‍ മദ്യത്തിന് അടിമപ്പെടുന്നത് അമ്മമാര്‍ ശ്രദ്ധിക്കുന്നില്ല.' ഋഷിരാജ് സിംഗ്.
മറ്റൊരു വാര്‍ത്ത 'കുട്ടികളെ ശാരീരികമായോ മാനസികമായോ ശിക്ഷിക്കുന്ന അദ്ധ്യാപകര്‍ ജയില്‍ ശിക്ഷ അനുഭവിക്കും'
ഞാനിത് എഴുതുന്ന സമയത്ത് Sell me the answer എന്ന പ്രോഗ്രാമില്‍ ഒരു കുട്ടി പറയുന്നു 'മാതാപിതാക്കളുടെ വഴക്ക് പറച്ചില്‍ ഒഴിവാക്കാന്‍ സ്റ്റേറ്റ്‌സില്‍ പോകാനാഗ്രഹിക്കുന്നു'.
30 വര്‍ഷത്തിലേറെ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിയ വ്യക്തിയെന്ന നിലയില്‍ ഞാന്‍ പറയുന്നതിതാണ്. ഒറ്റയ്‌ക്കൊറ്റയ്ക്ക് നോക്കിയാല്‍ മര്യാദക്കാരായ കുട്ടികള്‍ പോലും സംഘം ചേരുമ്പോള്‍  വളരെ വ്യത്യസ്തരായ സ്വഭാവക്കാരായി മാറുന്നു. അമ്മമാര്‍ക്ക് എന്തിന് അപ്പന്മാര്‍ക്ക് പോലും ഈ വ്യത്യാസം മനസ്സിലാക്കാന്‍ കഴിയാറില്ല. ഇത് മനസ്സിലാകുന്ന അദ്ധ്യാപകര്‍ ഇവ്‌രെ വിളിച്ച് വഴക്ക് പറയാമെന്ന് വെച്ചാലോ രണ്ട് തല്ല് കൊടുക്കാമെന്ന് വെച്ചാലോ അത് പീഢനമാകും. അപ്പോള്‍ എന്താ സംഭവിക്കുക പോകുന്ന വഴി പോകട്ടേ എന്നവര്‍ കരുതും. കുട്ടികളെ തെറ്റു കണ്ടാല്‍ ശിക്ഷിക്കാന്‍ പാടില്ലെന്ന് ഏത് മണ്ടന്‍ കൊണാപ്പനാ നിയമം കൊണ്ടുവന്നത്. എവനൊക്കെ ശി്ക്ഷ വാങ്ങാതെ വളന്നവനാണോ. പടിഞ്ഞാറന്‍ സംസ്‌കാരത്തിന് പുറകേ പായുമ്പോള്‍ പലതും പിടിവിട്ട് പോകുമെന്നോര്‍ക്കുന്നത് നന്ന്.
മുമ്പ് എഴുതിയതെങ്കിലും ആ സംഭവം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല. അടുത്തുള്ള ഒരു സ്‌കൂളില്‍ രണ്ടാംക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ കുസൃതി കണ്ട് മടുത്ത് ടീച്ചര്‍ കയ്യിലൊന്ന് നുള്ളി. വീട്ടില്‍ എത്തിയ കുട്ടിയുടെ കയ്യില്‍ പാട് കണ്ട് കാരണവന്മാര്‍ പരാതിയുമായി സ്‌കൂളിലെത്തിയെന്ന് മാത്രമല്ല മുകളിലേക്ക് പരാതിയും അയച്ചു. എന്തിനേറെ ആ രക്ഷിതാക്കള്‍ ആ ടീച്ചറിനെക്കൊണ്ട് ആ കുട്ടിയോട് മാപ്പ് പറയിച്ചു.
ഇതുപോലുള്ള വെടക്ക് നിയമങ്ങള്‍ക്ക് കുടപിടിച്ചിട്ട് വിദ്യാര്‍ത്ഥികള്‍ വഴിതെറ്റുന്നു എന്ന് വിലപിച്ചിട്ടെന്തു കാര്യം.

Wednesday, 18 May 2016

ഇതെന്തുപറ്റി ?

കേട്ടവര്‍ക്കൊക്കെ അത്ഭുതം .....
കുടുംബക്കൂട്ടായ്മ(വാര്‍ഡ്തലത്തില്‍ ഏതെങ്കിലും ഒരു വീട്ടില്‍ നടത്തുന്ന പ്രാര്‍ത്ഥന) പയസിന്റെ വീട്ടിലോ !
ആരൊക്കെയോ ചോദിച്ചു 'ഇതെന്തുപറ്റി'?
വേറാരൊക്കെയോ പറഞ്ഞു  'അയാളൊരിടത്തും വരാറില്ല നമുക്കും പോകേണ്ട.'
 ചിലരോടൊക്കെ ഞാന്‍ പറഞ്ഞു 'കുടുംബ സമാധാനമാണ് എന്തിലും വലുത്. അതിനുവേണ്ടത് വിട്ടുവീഴ്ചയാണ് അല്ലെങ്കില്‍ വിട്ട്‌കൊടുക്കലാണ്'
അല്ലെങ്കില്‍ത്തന്നെ ഇത്തരം നിസാരകാര്യങ്ങളിലെങ്കിലും തീരുമാനമെടുക്കാനും നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം ഭാര്യമാര്‍ക്ക് കൊടുക്കണ്ടേ?
ഇതിനിടയില്‍ മകള്‍ക്കൊരു സംശയം 'അച്ചനെ ഗൃഹനാഥന്‍                                            ്‌ചെന്ന് കൊണ്ടുവരണ്ടേ അമ്മേ? പപ്പ പോകുമോ.'
'ഉവ്വേ....മിക്കവാറും നടന്നേക്കും' ഞാന്‍ പറഞ്ഞു.
ഭൂതഗണങ്ങളാരെയെങ്കിലും പറഞ്ഞു വിടാം എന്നായിരുന്നു എന്റെ ചിന്ത.
സമയമായപ്പോള്‍ ഒരുത്തനും ഇല്ല. പോയി. കൊച്ചച്ചനെ കിട്ടി. വീട്ടിലെത്തിച്ചു.
പയ്യനാ ഈയിടെ പട്ടം കിട്ടിയതേയുള്ളു.
കുറ്റം പറയരുതല്ലോ വന്ന ഒരാളേപ്പോലും പരിചയപ്പെടാന്‍ അങ്ങേര് മിനക്കെട്ടില്ല. ആരോ പറഞ്ഞു വികാരിക്ക് പഠിക്കുവാന്ന്.
കൊന്തനമസ്‌കാരം കഴിഞ്ഞ് ക്‌ളാസ്സ് തുടങ്ങി.
വിശ്വാസപ്രമാണത്തില്‍ എത്രപ്രാവശ്യം വിശ്വസിക്കുന്നു എന്ന വാക്കുണ്ട് ? ആദ്യ ചോദ്യം.
ആര്‍ക്കറിയാം. അതെണ്ണാന്‍ നിന്നാല്‍ വിശ്വാസപ്രമാണമേ തെറ്റിപ്പോകും.
13 തവണ. ചോദ്യകര്‍ത്താവ് തന്നെ ഉത്തരവും പറഞ്ഞു.
അമ്മച്ചി സന്തോഷത്തിന്റെ രഹസ്യങ്ങള്‍ ഒന്നു കാണാതെ ചൊല്ലാമോ ? കല്യാണം കഴിയാത്ത ഒരു പെണ്‍കുട്ടിയെ നോക്കി ചോദിച്ചു.
അവള്‍ കണ്ണുമിഴിച്ചു. സങ്കടത്തിന്റെ രഹസ്യം ചോദിച്ചാല്‍ അച്ചനോട് വേണമെങ്കില്‍ പറയാമായിരുന്നു.
പെണ്ണിന്റെ വിഷമം കണ്ട് അടുത്തിരുന്ന അമ്മച്ചി ചൊല്ലി.
മാതാപിതാക്കള്‍ കുട്ടികളെ വേണ്ടവിധം വളക്കാതെ ഞങ്ങളുടെ അടുത്തേക്ക് വിട്ടാല്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല എന്നായി അച്ചന്‍.
ഹോ...എന്റെ നാക്ക് ചൊറിയുന്നു. വേണ്ട മിണ്ടാതിരുന്നേക്കാം.
മാതാവിന്റെ ഒരവസ്ഥ അല്ലേ അച്ചന്‍ തുടര്‍ന്നു. കല്യാണനിശ്ചയം കഴിഞ്ഞതേ ഗര്‍ഭണിയാണെന്നറിയുക. ഇവിടെ കെട്ടിക്കാറായ പിള്ളേരൊന്നുമില്ലേ ?ഒത്തുകല്യാണം കഴിഞ്ഞ് ഗര്‍ഭണിയാണെന്നറിഞ്ഞാല്‍ എന്തുചെയ്യും?
എന്തുചെയ്യും......അമ്മച്ചിമാര്‍ പരസ്പരം നോക്കി.
ഈ പോക്ക് ശരിയാവില്ലല്ലോ ഇടപെട്ടേ പറ്റൂ.ഞാനോര്‍ത്തു.
'ദൈവത്തിന് ഈ ഉഡായിപ്പ് പരിപാടിക്ക് പോകാതെ നേരേ ചൊവ്വേ അങ്ങ് നടത്തിയാല്‍ പോരായിരുന്നോ'.അവസാനം ചോദിക്കേണ്ടിവന്നു.
അമ്മച്ചിമാര്‍ക്കാശ്വാസമായി ഇനി അപ്പച്ചനോടായിക്കോളുമല്ലോ.
തുടരും....


Thursday, 4 February 2016

പൗരത്വം


ഒ.സി.ഐ കാര്‍ഡോ പി.ഐ കാര്‍ഡോ ഇല്ലാത്ത പ്രവാസികള്‍ക്ക് സമര്‍പ്പിക്കുന്നു
പൗരത്വം

നീ ഉയിര്‍കൊണ്ട ഗര്‍ഭപാത്രത്തിനുടമ നിന്നമ്മ
നിനക്കാദ്യാക്ഷരമോതിയതോ നിന്‍ ഗുരുവരന്‍
അറിവിന്റെ അഗ്നിയെ നിന്നില്‍ ജ്വലിപ്പിച്ച നിന്‍ വിദ്യാലയം
നിനക്കായി സൗജന്യ വിദ്യാഭ്യാസമേകിയത് നിന്‍ ഭാരതം

നിന്നമ്മതന്‍ നാടിന്റെ ഓര്‍മ്മയും
നിന്‍ ഗുരുവിന്റെ നാടിന്നോര്‍മ്മയും
നിന്‍ വിദ്യാലയത്തിന്നോര്‍മ്മയും
നിന്‍ ഭാരത നാടിന്നോര്‍മ്മയും
മറക്കുവാന്‍ നിനക്കിത്രയെളുപ്പമോ സോദരാ ?
എങ്ങനെ കഴിയുന്നു നിനക്കിതു സോദരാ ?

പൗരത്വമതു നീയേതു രാജ്യത്തെടുത്താലും
മറക്കാമോ നിന്നെ നീയാക്കിയ ജന്മഭൂമിയെ.
ചേക്കേറി നീയൊരു രാജ്യത്ത് തൊഴിലിനായി
തൊലിയുടെ നിറം പക്ഷേ മാറ്റുവാനാകുമോ ?

കര്‍മ്മ ബന്ധങ്ങള്‍ മുറിച്ചു മാറ്റുംപോല്‍
ജന്മ ബന്ധങ്ങള്‍ മാറ്റുവാനെളുപ്പമോ ?
ബന്ധങ്ങളൊക്കെ പാഴെന്ന തോന്നല്‍
പ്രായത്തിന്‍ ചൂടും ചൂരും നിമിത്തം

എത്ര നീ മേലേ പറന്നുയര്‍ന്നാലും
സമ്മാനത്തിനായി നീ താഴെയിറങ്ങണ്ടേ
കാലത്തിന്‍ മഹാപ്രവാഹത്തിലെന്നും
കരയോടടുക്കുന്ന തിരപോലെ ജീവിതം

കരയോടടുക്കുന്ന തിരകളില്‍ ചിലവ
പാദങ്ങള്‍ കഴുകി സായൂജ്യമടയുന്നു
നിന്നെക്കാത്ത് തീരത്തു നില്ക്കാന്‍
പാദങ്ങള്‍ കാണട്ടെയെന്നു നീ പ്രാര്‍ത്ഥിക്കൂ
പാറയില്‍ തല്ലി ചിതറുന്ന തിര തന്‍
ഹ്ൃദയനൊമ്പരം നിനക്കന്ന്യമാവട്ടേ....


Monday, 25 January 2016

രക്ഷകന്‍

കേരളത്തിലെ റബ്ബര്‍ കര്‍ഷകനെ രോമാഞ്ച കഞ്ചുകമണിയിക്കുന്ന വാര്‍ത്തകളാണ് ഏതാനും ദിവസങ്ങളായി പത്രത്താളുകളില്‍ നിറഞ്ഞു നില്ക്കുന്നത്.
വിലയിടിവുകൊണ്ട് നടുവൊടിഞ്ഞ റബ്ബര്‍ കര്‍ഷകര്‍ക്ക് ഇതാ ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു.
കോട്ടയം തിരുനക്കര മൈതാനത്ത് ഗാന്ധി പ്രതിമക്ക് കീഴെയാണ് ജനനം.
രക്ഷകനെ കാണാന്‍ വിവിധ നാടുകളില്‍ നിന്ന് രാജാക്കന്മാര്‍ അല്ല പിതാക്കന്മാര്‍ എത്തി.
സ്വര്‍ണ്ണമോ, മീറയോ, കുന്തിരിക്കമോ ഒന്നും കാഴ്ചയായി കൊണ്ടുവന്നില്ലെങ്കിലും ആ സന്ദര്‍ശനത്തില്‍ തന്നെ രക്ഷകന്‍ സംപ്രീതനായി.
ഹോറോദോസും സംഘവും കാലമനുസരിച്ച് കോലം മാറി.
എങ്ങനേയും രക്ഷകന്റെ കള്ളക്കളി പൊളിച്ചടുക്കാന്‍ അവര്‍ തീരുമാനിച്ചു.
അതിനവര്‍ ആക്ഷേപങ്ങള്‍ രക്ഷകനെതിരെ ഉന്നയിച്ചു.
1   റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുമാനം എടുക്കേണ്ടത് ഡല്‍ഹിയിലുള്ള പീലാത്തോസ് അല്ല മോഡിയാണെന്നിരിക്കെ ഈ നാടകം എന്തിന് കോട്ടയത്ത്.
(ഡല്‍ഹിയില്‍ ഈ നാടകം കാണാന്‍ പിതാക്കന്മാര്‍ പോയിട്ട് ഒരു പട്ടിപോലും കാണില്ലെന്നറിയാനുള്ള പുത്തിയൊക്ക ഇതിന്റെ സംവിധായകനുണ്ട് കൂവേ.)
 2  റബ്ബറിന്റെ കാര്യത്തില്‍ എടുക്കാന്‍ പോകുന്ന തീരുമാനം മുന്‍കൂട്ടി അറിഞ്ഞ് നടത്തുന്ന പ്രഹസന നാടകമാണിത്.
(പാവം കേരളാ MP യുടെ നിരാഹാരത്തിന്റെ നാലാം ദിനം അങ്ങേരുടെ ആരോഗ്യത്തില്‍ കുണ്ഠിതനായ മോഡി മാര്‍ച്ച് 31 വരെ ഇറക്കുമതി നിരോധിച്ചില്ലേ ? അതുമാത്രമോ ഇക്കാലമത്രയും അധികാരത്തിലിരുന്ന അപ്പന്‍ ചെറുവിരലനക്കാത്തിടത്തല്ലേ മകനിത് സാധിച്ചത്)
 3   കേരളത്തിലേയ്ക്ക് റബ്ബര്‍ ഇറക്കുമതി നടത്ത്ുന്ന പ്രധാന കമ്പനി രക്ഷകന്റെ കുടുംബത്തിന്റെ വകയാണ്.
(തൊമ്മന്‍ വേറെ തൊപ്പിപ്പാള വേറെ. ഇവിടെ ഏത് രാഷ്ട്രീയക്കാരനാ ബിനാമി ഇടപാടില്ലാത്തത്)
 4    നാമമാത്ര ഭൂരിപക്ഷവുമായി അധികാരത്തിലേറിയ UDF ഗവര്‍മെന്റില്‍ സുപ്രധാന സ്വാധീനം ഉണ്ടായിരുന്നപ്പോള്‍ എന്തേ കര്‍ഷകരെ ഓര്‍ത്തില്ല.
(അതിപ്പോള്‍ തമിഴ്‌നാട്ടുകാരേപ്പോലെ സമ്മര്‍ദ്ദ രാഷ്ടീയം നമ്മുടെ ശൈലിയല്ലല്ലോ. )
ദേ പോയി...........രക്ഷകന്‍ ഉപവാസവും നിര്‍ത്തി സ്ഥലം വിട്ടു.
ഇനിയെന്നാ പറയാനാ......

Monday, 18 January 2016

കതിന

തിരുന്നാള്‍ സീസണ്‍ ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം ഈ സമയത്ത് പലയിടത്തു നിന്നും
കതിനകളുടെ സ്വരം കേള്‍ക്കാമായിരുന്നു.
കേള്‍ക്കുന്ന സ്വരത്തിന്റെ ദിശയനുസരിച്ച് ഏതു പള്ളിയിലാണ് തിരുന്നാള്‍ എന്ന് പറയാന്‍ കഴിയുമായിരുന്നു.
എന്നാല്‍ ഈ വര്‍ഷം ഒരിടത്തുനിന്നും മാലപ്പടക്കിത്തിന്റെയോ കതിനയുടെയോ ശബ്ദം കേള്‍ക്കാനില്ല.
ഇതിന്റെ കാരണമെന്തെന്നറിയണ്ടേ. അതാണ് തമാശ.
എല്ലാ പള്ളികളിലും കരിമരുന്നുപയോഗം നിരോധിച്ചിരിക്കുന്നു.
ആരെന്നല്ലേ. രൂപത ......പാലാ രൂപത
എന്താ കാര്യം....... കഴിഞ്ഞ വര്‍ഷം അരുവിത്തുറ പള്ളിയില്‍ വെടിക്കെട്ടപകടം ഉണ്ടായില്ലേ........അതുകൊണ്ടാണ് പോലും.
അരുവിത്തുറയിലെങ്ങിനാ അപകടമുണ്ടായത്.
സുരക്ഷിതമായി സ്റ്റേഡിയത്തില്‍ നടന്നിരുന്ന പരിപാടി എന്തിനാ ജനക്കൂട്ടത്തിനിടയില്‍ കൊണ്ടുവന്ന് വെച്ച് നടത്തിയത്.
തികച്ചും നിരുത്തരവാദപരമായ ഈ സമീപനമായിരുന്നില്ലേ
ഈ ദുരന്തത്തിനു കാരണം.
O D കുര്യാക്കോസ് എന്ന വ്യക്തിയുടെ ഇടപെടല്‍ കൊണ്ടായിരുന്നു
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വെടിക്കെട്ട് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. അതിന്റെ പേരില്‍ എത്രപേരുടെ തെറി അങ്ങേര് കേള്‍ക്കേണ്ടിവന്നു.
അതവിടെ നില്ക്കട്ടെ.
അപകട രഹിതമായ കരിമരുന്ന് കലാപ്രകടനത്തിന്റെ ഉത്തമോദാഹരണമാണ് ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന
ചൈനീസ് വെടിക്കെട്ട്. അത്യഗ്രശേഷിയുള്ള സ്‌പോടനങ്ങള്‍ ഉപേക്ഷിച്ച് നയനമനോഹരമായവ മാത്രം ഉള്‍പ്പെടുത്തി
ഈ കലാവിരുന്ന് തുടരാവുന്നതാണ്.
കാശ് കത്തിച്ചു കളയാന്‍ എന്തിനിത്ര ഉത്സാഹമെന്നാണോ.
പറയാം. ഗന്ധകം നല്ലൊരു അണുനാശിനിയാണെന്നാണ് ശാസ്ത്ര മതം.
കൂടാതെ ഉയര്‍ന്ന ശബ്ദത്തിനും ചില സൂക്ഷ്മജീവികളെ നശിപ്പിക്കാന്‍ ശേഷിയുണ്ടത്രേ. അതായത് കരിമരുന്ന് പ്രയോഗം പകര്‍ച്ചവ്യാധികള്‍ തടയാന്‍ കാരണമാകുന്നുണ്ടെന്നാണ് വിവരമുള്ളവര്‍ പറയുന്നത്.
അപ്പോള്‍ നിലവിലുള്ള നിരോധനം പക്വതയില്ലാത്തതാണ്.
ഇവരില്‍ നിന്നൊക്കെ പക്വത പ്രതീക്ഷിക്കുന്നത് തന്നെ പക്വതയില്ലായ്മയായതിനാല്‍ നിര്‍ത്തട്ടെ
   

Thursday, 16 July 2015

കാലം മാറി മോനേ ദിനേശാ.....

സാഹിത്യ വിമര്‍ശം ദ്വൈമാസികയില്‍ ശ്രീ. ജോണി ജെ പ്‌ളാത്തോട്ടം ഒരുക്കിയിരിക്കുന്ന കവര്‍ സ്‌റ്റോറി  കേരള ജനതയെ
ഹിപ്‌നോട്ടിക് സജഷന്റെ പിടിയില്‍ നിര്‍ത്തിയ രണ്ട ്
മഹാരഥന്മാരുടെ കഥയാണെന്നെനിക്കു തോന്നുന്നു.
രാഷ്ട്രീയ  നഭസ്സില്‍ മുടിചൂടാമന്നനായിരുന്ന EMS ഉം
മലയാള സാഹിത്യത്തിലെ കരുത്തനായ മുകുന്ദനും.

ഒന്നു രാഷ്ട്രീയത്തിലെ വിഗ്രഹമെങ്കില്‍ മറ്റൊന്ന് സാഹിത്യത്തിലെ വിഗ്രഹം.
രണ്ടു വിഗ്രഹങ്ങള്‍ കൂട്ടി മുട്ടിയെന്നും എന്നാല്‍ തീയോ പുകയോ കാണാനായില്ലെന്നും കവര്‍ കഥാകാരന്‍ പരിതപിക്കുന്നു.

പാര്‍ട്ടിയേയും പാര്‍ട്ടിയുടെ പിതൃവിഗ്രഹമായ EMS നേയും 101 വെട്ടു വെട്ടിയിട്ടും CPM മുകുന്ദനെ വെറുതെ വിട്ടത് എന്തുകൊണ്ട് ?

വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999 ല്‍ M മുകുന്ദന്‍ എഴുതിയ കേശവന്റെ വിലാപങ്ങള്‍ എന്ന നോവലിലാണത്രേ EMS നോട് അദ്ദേഹം ഈ കടുംകൈ ചെയ്തത്.
എന്നിട്ടും CPM മുകുന്ദനെതിരെ ഒരക്ഷരം ഉരിയാടാതിരുന്നതിന് കാരണമെന്തെന്ന് ആനുകാലിക കൊലപാതക രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങള്‍ മുന്‍നിര്‍ത്തി ലേഖനം വിവരിക്കുന്നു.

ഒരുപക്ഷേ ഇവരാരും ഈ കൃതി വായിച്ചിട്ടുണ്ടാവില്ലെന്നും (വായിക്കാത്തതിനു കാരണം നോവലിന്റെ പേര് കേശവന്റെ വിലാപങ്ങള്‍ എന്നായതുകൊണ്ടാണെന്നും പാര്‍ട്ടിക്ക് ഇപ്പോള്‍ ആരുടേയും വിലാപങ്ങളോട് താല്പ്പര്യമില്ലെന്നും) അഥവാ ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കൊന്നും മനസിലായിട്ടുണ്ടാവില്ലെന്നും ആണ് ആരോപണങ്ങള്‍.

'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനേപ്പോലെ നിന്‍മുഖം' എന്ന കുഞ്ചന്‍നമ്പ്യാര്‍ ശൈലിയാണ് മുകുന്ദന്‍ നോവല്‍ രചനയില്‍ സ്വീകരിച്ചതെന്നാണ് വിവക്ഷ.
ഒരിക്കല്‍ വായിച്ചു മറന്ന പ്രസ്തുത നോവല്‍ ഒരിക്കല്‍ കൂടി വായിക്കാന്‍ ഈ ലേഖനം എന്നെ പ്രേരിപ്പിക്കുന്നു.

ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്നുതന്നെയിരിക്കട്ടെ ഈ വൈകിയ വേളയില്‍ അദ്ദേഹം ഈ ഉദ്യമത്തിന് തുനിഞ്ഞതിന്റെ പിന്നിലെ ചേതോവികാരമെന്താണ് ?

ഇദ്ദേഹം വി.എസ്സ് പക്ഷമോ പിണറായി പക്ഷമോ ?

പൊതു സമൂഹത്തെക്കറിച്ച് മുകുന്ദന്‍ തന്റെ നോവലില്‍ 1999ല്‍ വിവരിച്ചു എന്ന് ലേഖകന്‍ അവകാശപ്പെടുന്നതൊന്നുമല്ല പിന്നീടുണ്ടായത്.
പിന്നീടങ്ങോട്ട് രോഗാതുരമായത് നേതൃത്വമായിരുന്നില്ലേ.

വിവേകം നശിച്ച ഭക്തിക്കൂട്ടമായി പാര്‍ട്ടി സമൂഹത്തെ വിലയിരുത്തിയതും തെറ്റി. ഗൗരിയമ്മയുടേയും എം.വി രാഘവന്റേയും ഗതിയല്ലല്ലോ വി.എസ്സിന്.

പശുവും ചത്ത് മോരിന്റെ പുളിയും പോയി എന്ന് പഴമക്കാര്‍ പറയുന്നപോലെയു്ള്ള പ്രാധാന്യമേ ഇപ്പോള്‍ ഈ വിഷയത്തിനുള്ളു.

EMS നെപ്പറ്റിയോ, EK നയനാരെപ്പറ്റിയോ, AKG യേപ്പറ്റിയോ ആരെങ്കിലും എന്തെങ്കിലും എഴുതിയാല്‍ കാളപെറ്റെന്നു കേള്‍ക്കുമ്പോഴേ കയറെടുക്കുന്ന സ്വഭാവം പാര്‍ട്ടിക്കാര്‍ക്കില്ല.

കാലം മാറി മോനേ ദിനേശാ......



Saturday, 4 July 2015

വരം

ഞാന്‍ നാലാം ക്‌ളാസ്സില്‍ കൊണ്ടൂര്‍ ഗവ. എല്‍.പി.എസ്സില്‍
(പ്‌ളാശനാന്‍ ഗവ. എല്‍.പി.എസ്സിന്റെ പേര് അന്നങ്ങിനെയായിരുന്നു) പഠിക്കുന്ന കാലം,
എന്റെ അപ്പന്‍ കയ്യാണിയില്‍ മത്തായി സാറായിരുന്നു ഹെഡ്മാസ്റ്റര്‍.
വീട് അടുത്തായിരുന്നതിനാല്‍ ഉച്ചയൂണ് വീട്ടിലായിരുന്നു.
ഒരു ദിവസം ഞാന്‍ ഊണ് കഴിഞ്ഞ് മടങ്ങി വരുമ്പോള്‍
എന്റെ ക്‌ളാസ്സിലെ മൂന്നു ചേട്ടന്മാര്‍ എന്റെ വരവും കാത്ത്
വഴിയരികിലുള്ള ചേറ്റുകുളംകാരുടെ വീടിനു മുമ്പില്‍ നില്ക്കുന്നു.
പയ്യനായ എന്നെയും കൂട്ടി അവര്‍ ആ വീട്ടിലെ ചാമ്പയില്‍ കേറി ചാമ്പങ്ങ പറിച്ചു.
 മടങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ ആ കാഴ്ച കണ്ടത്.
മത്തായി സാര്‍ അതാ ഊണ് കഴിഞ്ഞ് മടങ്ങി വരുന്നു.
ഞങ്ങള്‍ ഒരു തെങ്ങുംകുറ്റിക്ക് മറഞ്ഞിരുന്നു.
അദ്ദേഹം കടന്നു പോയി. ഞങ്ങള്‍ക്ക് സമാധാനമായി .
ഉച്ച കഴിഞ്ഞ് ക്‌ളാസ്സ് ആരംഭിച്ചയുടനെ ഞങ്ങള്‍ നാലുപേരേയും ഓഫീസിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്തു.
മറ്റു മൂന്നുപേര്‍ക്കും കിട്ടിയതിനേക്കാള്‍ രണ്ടടി കൂടുതല്‍ എനിക്കു കിട്ടി.
അങ്ങനെ എത്ര അടികള്‍ മേടിച്ചാണ് അക്കാലത്ത് കുട്ടികള്‍ പഠിച്ചിരുന്നത്.
അവരുടെ മക്കളുടെ കാലമാണിന്ന്.
ഇന്നത്തെ സ്ഥിതിയെന്താ.
കുട്ടിയെ തൊട്ടുനോവിക്കാനോ എന്തിനേറെ ഒന്നു വഴക്കുപറയാന്‍ പോലുമോ  അദ്ധ്യാപകര്‍ക്ക ് അനുവാദമില്ല,
അവര്‍ എന്തു പോക്രിത്തരം കാണിച്ചാലും അദ്ധ്യാപകര്‍ ശിക്ഷിക്കാന്‍ പാടില്ല. വഴക്ക് പറഞ്ഞാല്‍ മാനസിക പീഢനത്തിനും,
ഒരു നുള്ളെങ്കിലും കൊടുത്താല്‍ ശാരീരിക പീഢനത്തിനും അദ്ധ്യാപകനെതിരെ കേസ്സുകൊടുക്കാവുന്ന നിയമ പരിരക്ഷയാണ് കുട്ടികള്‍ക്ക്.
ഈ നിയമമൊക്കെ കൊണ്ടുവന്നവന്‍ ആരാണോ ആവോ.
സായിപ്പിന്റെ നാട്ടിലെ നിയമം കണ്ടാവാം ഇതൊക്കെ ഇവിടെയും കൊണ്ടുവന്നത്.
അവരുടെ നാട്ടിലെ നല്ല നിയമങ്ങള്‍ പലതും ഇവിടൊട്ട് ഇല്ലതാനും.
ഇപ്പോള്‍ ഇതൊക്കെ പറയാനെന്താ കാര്യമെന്നല്ലേ....
നമ്മില്‍ പലരേയും വല്ലാതെ വേദനിപ്പിക്കുന്ന ഒരു സംഭവം ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിലുണ്ടായി .
എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയെ, അവന്റെ കുസൃതികൊണ്ട് മടുത്ത് ക്‌ളാസ്സ്ടീച്ചര്‍ ഒന്നു നുള്ളി.
അവനൊരു പ്രശ്‌നവുമില്ലായിരുന്നു പരാതിയുമില്ലായിരുന്നു.
പക്ഷേ അന്ന് വീട്ടിലെത്തിയപ്പോള്‍ അവന്റെ വെളുത്ത കുഞ്ഞിക്കൈയില്‍ ഒരുചുമപ്പ് പാട് കണ്ട പിതാവ് കാര്യമന്വേക്ഷിച്ചു.
അമ്പമ്പോ പിന്നെയായിരുന്നു പൊടിപൂരം.
തന്റെ മകനെ നുള്ളിയ ടീച്ചറിനെ ഒരു പാഠം പഠിപ്പിച്ചേ ഇനി പച്ചവെള്ളം കഴിക്കൂ.
(ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പുറം നോക്കി ചവിട്ടിയാലും പരാതിയില്ല കേട്ടോ)
അടുത്ത ദിവസം സ്‌കൂളിലെത്തിയ രക്ഷാകര്‍ത്താവ് ടീച്ചറിനെതിരേ പരാതി കൊടുത്തു.
മേലാപ്പീസില്‍ നിന്നും അന്വേക്ഷണ ഉത്തരവെത്തി.
അന്വേക്ഷണ ഉദ്യോഗസ്ഥര്‍ ടീച്ചറോട് കോംപ്രമൈസ്ിലെത്തിയില്ലെങ്കില്‍ കോടതി വരാന്ത നിരങ്ങേണ്ടി വരുമെന്ന് മു്ന്നറിയിപ്പ് കൊടുത്തപ്പോള്‍ ടീച്ചര്‍ വഴങ്ങി.
രക്ഷിതാവിനെ കണ്ടു. അയാള്‍ അമ്പിനും വില്ലിനും അടുക്കില്ല.
ടീച്ചറിനെ കോണാന്‍ ഉടുപ്പിച്ചേ അടങ്ങൂ.
അവസാനം പലരുടേയും സമ്മര്‍ദ്ദത്തിനു വഴങ്ങി അയാള്‍ മുന്നോട്ട് വെച്ച വ്യവസ്ഥയിതാണ്.
കുട്ടിയോട് ടീച്ചര്‍ ക്ഷമ പറയണം.
ഒരയ്യോപാവം ടീച്ചര്‍.
അവസാനം അത.... ആ മഹാപാതകം സംഭവിച്ചു.
ടീച്ചര്‍ തന്റെ വിദ്യാര്‍ത്ഥിയോട് ക്ഷമ പറഞ്ഞ് കണ്ണീരോടെ ഓഫീസ് വിട്ടു.
അങ്ങനെ ഒരപ്പന്‍ വരം ഇരന്നു വാങ്ങി.



















നായ

നിങ്ങള്‍ക്കു നേരേ കുരയ്ക്കുന്ന പട്ടികള്‍ക്കിട്ടെല്ലാം കല്ലെറിയാന്‍ നിന്നാല്‍ ലക്ഷ്യത്തിലെത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞെന്നു വരില്ല.
വിവരമുള്ള ആരോ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
കുരയ്ക്കുന്ന പട്ടികള്‍ കടിക്കാറില്ലെന്നാണ് പറച്ചില്‍.
അതുകൊണ്ടാകാം പട്ടികള്‍ കടിക്കുകയും
ചില പട്ടിസ്‌നേഹികള്‍ കുരയ്ക്കുകയും ചെയ്യുന്നത്.

പേഴ്‌സണലായി പറഞ്ഞാല്‍, അലഞ്ഞു തിരിയുന്ന മുഴുവന്‍ പട്ടികളേയും വെടിവെച്ച് കൊല്ലണമെന്ന അഭിപ്രായമാണെനിക്ക്.
അതിനു കഴിയില്ലെങ്കില്‍ ക്ഷുദ്രപ്രയോഗവുമാകാം.

സ്‌കുളില്‍ പോകുന്ന എത്ര കുട്ടികളാണ് പട്ടികളെ കണ്ട് പേടിച്ച് നിലവിളിച്ച് റോഡരികിലുള്ള വീടുകളില്‍ ഓടിക്കേറുന്നത ്.
കാഞ്ഞിരത്തിന്റെ വേരിട്ട് വേവിച്ച ഇറച്ചി പട്ടിശല്ല്യമുള്ള സ്ഥലങ്ങളില്‍ വിതറിയാല്‍ ശമനമുണ്ടാകും എന്ന് പറയുന്നു,ഫ്യൂറിഡാനും പറ്റിയേക്കും.

നായയെന്നു കേട്ടാലഭിമാന പൂരിതമായിക്കോ നിന്‍ അന്തരംഗം
കില്ലപ്പട്ടിയെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍

ആദരാഞ്ജലികള്‍

നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
ഒരു വണ്ടി വാങ്ങിയാല്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു എന്ന് എന്റെ ചില സുഹൃത്താശാന്മാര്‍ പറഞ്ഞത് വിശ്വസിച്ച് 94 മോഡല്‍ 800 ഒന്ന് ഞാനും വാങ്ങി.
ആനിക്കാ പറിയ്ക്കാന്‍ വാ കോതെ....
എന്റെ കൊച്ച് കരയും......
ആനിയ്ക്കാ ചെത്താന്‍ വാ കോതെ.....
എന്റെ കൊച്ച് കരയും......
ആനിയ്ക്കാ വാട്ടാന്‍ വാ കോതെ...
എന്റെ കൊച്ച് കരയും......
ആനിയ്ക്കാ തിന്നാന്‍ വാ കോതെ......
അവിടെ കിട കൊച്ചേ....ഇവിടെ കിട കൊച്ചേ....
ആനിയ്ക്കാ വാട്ടിയത് തിന്നിട്ട് വരട്ടേ കൊച്ചേ.....
എന്നതു പോലെ ആശാന്മാര്‍ക്ക് ഭയങ്കര തിരക്ക്.
അവരേം കുറ്റം പറയാന്‍ പറ്റുമോ....അവര്‍ക്കുമില്ലേ ജീവനില്‍ കൊതി.
അങ്ങനെ ആഴ്ചകള്‍ രണ്ടുമൂന്ന് കഴിഞ്ഞു. വണ്ടി മുറ്റത്ത് വിശ്രമിക്കുന്നു.
അങ്ങനെയൊരു ദിവസം 1044 വീടിനു മുമ്പില്‍ നിന്നു. കൃഷ്ണന്‍കുട്ടി സാര്‍ ഇറങ്ങി വന്നു.
പയസ് സാറേ വണ്ടിയെടുക്ക്
അദ്ദേഹം തന്നെ വണ്ടിയെടുത്ത് ചെമ്മലമറ്റം പള്ളിയുടെ പുറകില്‍ എത്തി നിര്‍ത്തി. എന്നോട് വണ്ടിയെടുക്കാന്‍ ആവശ്യ്‌പ്പെട്ടു.
ഞാന്‍ എടുത്തു.അങ്ങനെ അദ്ദേഹം എന്റെ രണ്ടാമത്തെ ആശാനായി.
ആദ്യം വളയം പിടിപ്പിച്ച ഒന്നാം ആശാന്‍ അങ്ങാടിക്കല്‍. കുട്ടിച്ചനാണ്.


ഇന്നലെ അദ്ദേഹം നമ്മെ വിട്ട് പോയി. ആദരാഞ്ജലികള്‍

Friday, 2 May 2014

റിലയന്‍സ് ഭൂതം



അയലത്തെ വീട്ടില്‍ പതിവില്ലാത്ത ഒച്ചയും ബഹളവും കേട്ട് ചെന്നപ്പോള്‍ കണ്ട കാഴ്ച വിശ്വസിക്കാനായില്ല.
മൂന്നു നാലു പേര്‍ വീട്ടിനുള്ളില്‍. കണ്ടാല്‍ പേടി തോന്നുന്ന കടാമുട്ടന്മാര്‍.
ഗൃഹനാഥനും നാഥയും പേടിച്ചരണ്ടിരിക്കുന്നു. ഞാന്‍ അകത്തു കയറി.
എന്നേ കണ്ടതേ അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. 'ഇവര്‍ SBI യില്‍ നിന്ന് വന്നവരാന്നാ പറയുന്നത്. വിദ്യാഭ്യാസ ലോണിന്റെ കുടിശിഖ ഇപ്പോള്‍ കൊടുക്കണമെന്ന് പറയുവാ. കാശ് കൈയിലില്ലെന്ന് പറഞ്ഞിട്ട് സമ്മതിക്കുന്നില്ല. ഇവളുടെ കഴുത്തില്‍ കിടക്കുന്ന താലിമാല ഊരിക്കൊടുക്കണം പോലും. ഇതെന്തു കൂത്താ'
അപ്പോഴേക്കും മറ്റയല്‍വാസികളും എത്തി.
SBI യില്‍ നിന്നാണെന്ന് പറഞ്ഞെത്തിയവരോട് ഞാന്‍ വിവരം തിരക്കി.
'ഞങ്ങള്‍ റിലയന്‍സിന്റെ ജോലിക്കാരാ. പത്രം ഒന്നും വായിച്ചില്ലേ. ഞങ്ങളാ ഇനിമുതല്‍ SBI യുടെ സേവന ദാതാക്കള്‍. കൃത്യമായി ലോണടച്ചില്ലെങ്കില്‍ താലിമാലയല്ല വേണ്ടി വന്നാല്‍ കുട്ടിയെത്തന്നെ പൊക്കിയെന്ന് വരും'
'ഹോ...ഹോ... അപ്പോള്‍ നിങ്ങള്‍ ക്വൊട്ടേഷന്‍കാരാ അല്ലേ. അപ്പുറത്ത് SBIയിലെ ഒരു ജീവനക്കാരനുണ്ട് ചോദിച്ചാലറിയാമല്ലോ'
'കാര്യമില്ല ലോക്കല്‍ ബ്രാഞ്ചിന് ഒന്നുമറിയില്ല. എല്ലാം മുകളീന്നാ'
ഗുണ്ടാ സംഘം പറഞ്ഞു.
എന്നാല്‍ ഒരു കാര്യം പറഞ്ഞേക്കാം, SBI യില്‍ നിന്ന് ലോണെടുത്തിട്ടുണ്ടെങ്കില്‍ അതടപ്പിയ്ക്കാന്‍ നിന്റെയൊന്നും ഗുണ്ടായിസം കൊണ്ട് നടക്കില്ല. SBI ഒരുത്തന്റെയും തന്തയുടെ വകയുമല്ല. ഒരു പൊതുമേഖലാ സ്ഥാപനമാ.അതു കണ്ട അണ്ടനും അടകോടനും തൂക്കി വില്ക്കാന്‍ തലപ്പത്തിരിക്കുന്ന കൊഞ്ഞാണ്ടന്‍ മാത്രം വിചാരിച്ചാല്‍ പോരാ.

'ഇനിയിക്കാര്യവും പറഞ്ഞ് ഈ വഴിക്ക് വന്നാല്‍ എന്തു ചെയ്യണമെന്ന് ഞങ്ങളുടെ റസിഡന്റ്‌സ് അസ്സോസിയേഷനറിയാം'ഞാനിത് പറഞ്ഞു തീരുന്നതിന് മുമ്പ് ഒരുത്തന്‍ എന്നെ കോളറുകൂട്ടി പിടിച്ചുയര്‍ത്തി നിര്‍ത്തിയിട്ട് പറഞ്ഞു.
'കഴുവേര്‍ടമോനെ നീന്റെ പീറ അസ്സോസിയേഷനല്ല ഇവിടുത്തെ കൊടികെട്ടിയ പ്രസ്ഥാനങ്ങള്‍ നോക്കിയാല്‍ ഞങ്ങളെ ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ല. മര്യാദയ്ക്കിരുന്നാല്‍ തടികേടാകാതിരിക്കും. മനസ്സിലായോടാ ------മോനെ' ഇതു പറഞ്ഞ് അവന്‍ എന്നെ താഴേയ്ക്കിട്ടു.ആ വീഴ്ചയില്‍ എന്റെ തല എവിടെയോ ശക്തമായി ഇടിച്ചു. ബോധം മറയുന്ന പോലെ തോന്നി.
അവര്‍ വണ്ടിയില്‍ കയറി പോകുന്നത് പാതി മയക്കത്തില്‍ ഞാനറിഞ്ഞു
വാല്‍ക്കഷണം
SBIയുടെ സേവന ദാതാവായി റിലയന്‍സ് കമ്പനിയെ നിയമിച്ചുകൊണ്ട് രഹസ്യ എഗ്രിമെന്റ്- പത്രവാര്‍ത്ത


Friday, 25 April 2014

പ്രായോഗിക ബുദ്ധി

                



ഏതാണ്ട് 30 വര്‍ഷം മുമ്പ്.
ഞങ്ങളുടെ അടുത്ത ടൗണിലുള്ള ഒരു ചെറിയ ട്യൂട്ടോറിയല്‍.
അന്നൊക്കെ ട്യൂട്ടോറിയല്‍ കോളേജ് ഒരു വലിയ സംഭവം തെന്നയാണ്.
നാട്ടിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരൊക്കെ ആദ്യം പണിക്കു കേറുന്നിടം.
റഗുലര്‍ കോളേജുകള്‍ പോലെയോ അതിലധികമോ അച്ചടക്കത്തില്‍ നടത്തപ്പെടുന്നവയും ഒരച്ചടക്കവും ഇല്ലാത്തവയും ഒക്കെ അക്കൂട്ടത്തിലുണ്ട്.
രക്ഷാകര്‍ത്താവിനേയും കൂട്ടിയെത്തുന്നവര്‍ക്കു മാത്രം അഡ്മിഷന്‍ കൊടുത്തിരുന്ന നിലവാരമുള്ള സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടാത്തവര്‍ എവിടെയെങ്കിലുമൊക്കെ കയറിക്കൂടും.
അത്തരമൊരു സ്ഥാപനത്തില്‍ 10-ാം ക്‌ളാസ് തോറ്റ കുട്ടികളെ കണക്ക് പഠിപ്പിക്കാനാണ് ടോണി എത്തിയത്. ക്‌ളാസ്സില്‍ എട്ടോ ഒന്‍പതോ ആണ്‍കുട്ടികള്‍ മാത്രം.
രണ്ടു ദിവസം ക്‌ളാസ്സെടുത്തതോടെ അദ്ധ്യാപകന് കുട്ടികളുടെ ''നീഡ്''മനസ്സിലായി 
(അന്നൊന്നും ഇന്നത്തെ പോലെ നീഡ് അസ്സെസ്‌മെന്റ് ഇല്ല)
അവര്‍ക്ക് തോന്നുമ്പോള്‍ വരണം തോന്നുമ്പോള്‍ പോകണം. പോകുന്നത് അങ്ങ് ദൂരേയ്‌ക്കൊന്നുമല്ല.
അടുത്ത പട്ടക്കടയില്‍(ന്യൂജനറേഷന് അത്ര പരിചയമുണ്ടാവില്ല) കേറി ഒന്ന് വിടണം, ഒരു സിഗരറ്റ് വലിക്കണം അത്രതന്നെ.
ടോണി സാറും ചെറുപ്പം. കുറേയൊക്കെ സ്വാതന്ത്ര്യം കുട്ടികള്‍ക്ക് കൊടുക്കണമെന്ന അഭിപ്രായക്കാരന്‍. പക്ഷേ തോളില്‍ കയറിയാല്‍ പോരാ അവിടിരുന്ന്ചെവികൂടി കരളുമെന്നായപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ടോണി സാര്‍ നിര്‍ബന്ധിതനായി.
അടുത്ത ദിവസം ബോര്‍ഡില്‍ ഒരു പ്രോബ്‌ളം ചെയ്തു കാണിച്ചുകൊണ്ടിരുന്ന ടോണി സാറിന്റെ പുറത്തു വന്ന് എന്തോ കനത്തില്‍ തട്ടി താഴെ വീണു. തിരിഞ്ഞ് നോക്കിയ അദ്ദേഹം ഞെട്ടിപ്പോയി. ഒരുത്തന്‍ ചെരിപ്പൂരി എറിഞ്ഞതാണ്.
ഇതങ്ങിനെ വിട്ടു കൊടുത്താല്‍ പറ്റില്ല. ക്‌ളാസ് നിര്‍ത്തി അദ്ദേഹം പ്രിന്‍സിപ്പാളിനടുത്തെത്തി പരാതി ബോധിപ്പിച്ചു.
കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രിന്‍സിപ്പാള്‍ ചെരുപ്പെറിഞ്ഞ കുട്ടിയെ വിളിച്ചു വരുത്തി ധാരാളം ചീത്ത വിളിച്ചു. കുട്ടി വെറും കൂളായി നില്ക്കുന്നത് കണ്ട്, ഇനിയവനെ ഒരു കാരണവശാലും ക്‌ളാസ്സിലിരുത്തുന്നതല്ലെന്ന് പ്രഖ്യാപിച്ചു.
ടോണി സാറിനും ആശ്വാസമായി.
പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങിയ കുട്ടി തിരിഞ്ഞ് പോക്കറ്റില്‍ കയ്യിട്ട' പ്രിന്‍സിപ്പാളിനോട് പറഞ്ഞു. 
''ഫീസ് കുടിശിഖ കൊണ്ടുവന്നിട്ടുണ്ടായിരുന്നു.''
''…..ങേ…… ഫീസോ… നീയൊന്ന് നിന്നേ''
''വേണ്ട സാറെ ഞാന്‍ പൊയ്‌ക്കോളാം''
പ്രിന്‍സിപ്പാള്‍ പ്രായോഗികമായി ചിന്തിച്ചു. ടോണി സാറിന് നേരെ തിരിഞ്ഞ് പറഞ്ഞു. ''പിള്ളേരല്ലേ പിണ്ണാക്കല്ലേ കണ്ടാലിത്തിരി തിന്നാതിരിക്കുമോ എന്നല്ലേ സാറെ പഴഞ്ചൊല്ല്. നമുക്കൊന്ന് ക്ഷമിച്ചാലോ….ഇവന്‍ നന്നായിക്കോളും സാറെ''
ടോണിസാര്‍ ദേഷ്യത്തോടെ ബാഗ് എടുത്ത് പുറത്തേയ്ക്കും കുട്ടി ഫീസടച്ച് അകത്തേയ്ക്കും പോയി
വാല്‍ക്കഷണം
നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സിനെപ്പറ്റിയുള്ള തര്‍ക്കത്തില്‍ പ്രായോഗികതയ്ക്ക് ഭൂരിപക്ഷം എന്ന് പത്രവാര്‍ത്ത.


Sunday, 6 April 2014

ഇടയലേഖനം.

ഏപ്രില്‍ 7 ലെ മാതൃഭൂമി പത്രത്തില്‍
 7-ാം പേജിലെ വാര്‍ത്ത "തിരിച്ചെടുത്തെങ്കിലും പ്രൊഫ.ടി.ജെ ജോസഫ്‌ കുറ്റവിമുക്തനല്ലെന്ന്‌ സഭ" 
അതുശരി . 
അപ്പോള്‍ നാട്ടുകാരുടെ തെറിപേടിച്ച്‌ തിരിച്ചെടുത്തതാണോ ? 
 ഹേ...ഒരിക്കലുമല്ല...
പിന്നെന്തു പറ്റി ?
പണ്ട്‌ സ്‌നാപക യോഹന്നാന്റെ തല വെള്ളിത്താലത്തില്‍ രാജസന്നിധിയില്‍ എത്തിയപ്പോള്‍
ഹേറോദോസിനുണ്ടായ ഞെട്ടല്‍ പോലെ
സലോമിയുടെ ശരീരം വെള്ളയില്‍ പൊതിഞ്ഞു കണ്ടപ്പോള്‍ 

കോതമംഗലം മെത്രാനുണ്ടായ ഞെട്ടല്‍ വിട്ടുമാറിയോ...
എന്തായാലും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി
അന്നേ ദിവസം അതേ പത്രത്തിന്റെ 11-ാം പേജില്‍ 

" സഭാവിശ്വാസികള്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം" എന്ന്‌ പറഞ്ഞിരിക്കുന്നത്‌ 
കോതമംഗലം രൂപതയുടെ മെത്രാനെ ഉദ്ദേശിച്ചു തന്നെയാണ്‌.
'അരീം തിന്ന്‌ ആശാരിച്ചിയേം കടിച്ച പട്ടിക്ക്‌ പിന്നേം മുറുമുറുപ്പ്‌' 

എന്ന്‌ പറഞ്ഞപോലെയാണ്‌ കോതമംഗലം രൂപതയുടെ ഇടയലേഖനം.
സത്യത്തില്‍ ഇവന്മാരെ വിളിക്കേണ്ട പദമാണ്‌ 

കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പ്രേമചന്ദ്രനെ വിളിച്ച്‌ പാഴാക്കിയത്‌. 

Saturday, 22 March 2014

ആരോട്‌ കുമ്പസാരിക്കും


കുമ്പസാര കൂട്ടിലിരിക്കുന്നത്‌ 

ദൈവത്തിന്റെ പ്രതിനിധിയാണ്‌ പോലും പ്രതിനിധി.
കൂട്ടത്തില്‍ ജോലി ചെയ്യുന്നവന്റെ കുതികാലുവെട്ടി 

സീനിയോരിറ്റി തട്ടിയെടുക്കാന്‍ അവനെ മതഭ്രാന്തന്മാര്‍ക്ക്‌ ഒറ്റുകൊടുക്കുന്ന 
യൂദാസുമാരും ദൈവത്തിന്റെ പ്രതിനിധിയായി ആ കൂട്ടിലുണ്ട്‌.
അധോലോക സംഘങ്ങള്‍ പോലും തങ്ങളുടെ കൂട്ടത്തിലുള്ളവനെ 

സംരക്ഷിച്ചു നിര്‍ത്തുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരാണ്‌.
എന്നാലിവിടെയോ 

മുമ്പേ തയ്യാറാക്കിയ തിരക്കഥയിലെന്നപോലെ
ആ കുഞ്ഞാടിനെയവര്‍ വലിച്ചു ദൂരെയെറിഞ്ഞു, തള്ളിപ്പറഞ്ഞു.
സാധാരണ വിശ്വാസികള്‍ 

ഇതൊന്ന്‌ പ്രത്യേകം നോട്ട്‌ ചെയ്യുന്നത്‌ നന്നായിരിക്കും.
ഒരാവശ്യം വന്നാല്‍ മൂന്നല്ല മുപ്പത്‌ പ്രാവശ്യം അവര്‍ നിങ്ങളെ തള്ളിപ്പറയും. 
അവരേയും ആ കൂട്ടില്‍ കാണാം.
ഞാനിത്രയും എഴുതിയത്‌ 

ഇന്നലെ ഇടവക ധ്യാനവും കഴിഞ്ഞ്‌ രാത്രി 9 ന്‌ വീട്ടിലെത്തിയ ഭാര്യ 
നാളെ കുമ്പസാരമാണെന്നും,കുടുംബാംഗങ്ങളെയെല്ലാം കൊണ്ടുചെല്ലണമെന്ന്‌
അച്ചന്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞുകേട്ടപ്പോഴാണ്‌.
എതിര്‍ത്ത്‌ ഞാനൊന്നും പറഞ്ഞില്ല.
ഈയിടെയായി പറച്ചിലൊക്കെ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.
എന്തിന്‌ പറയണം ...... പറഞ്ഞിട്ടെന്തു പ്രയോജനം
തിന്മയുടെ ശക്തികള്‍ താണ്ഡവമാടുമ്പോള്‍
അന്ധകാര ശക്തികള്‍ അധികാര സ്ഥാനത്തമരുമ്പോള്‍
അശരണര്‍ക്കും ആലംബഹീനര്‍ക്കും
അത്താണിയാവേണ്ട ആത്മീയാചാര്യന്മാര്‍
ഉടുതുണി ഉരിയപ്പെടുന്ന പാഞ്ചാലിയെ
നിസംഗതയോടെ നോക്കിയിരുന്ന കൗരവസഭയിലെ
ആചാര്യന്മാരെപ്പോലെ നിര്‍ഗുണന്മാരാകുമ്പോള്‍
വെറുമൊരു കൃമിയായ ഞാനെന്തിന്‌
ഒരു തുത്തുകുണുക്കി പക്ഷിയാവണം
അതുകൊണ്ടാണ്‌ വാരിയാനിക്കാട്‌ പള്ളി പ്രശ്‌നത്തെപ്പറ്റി
ഒന്നും പോസ്‌റ്റ്‌ ചെയ്യാതിരുന്നത്.
അവിടെ നടന്ന സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞാല്‍
തന്റേടമുള്ളവനാണെങ്കില്‍ തലപ്പത്തുള്ളവന്റെ തന്തയ്‌ക്ക്‌ വിളിക്കും.
അടച്ചിട്ട പള്ളി തുറന്നത്‌ 

ഇടവക ജനങ്ങള്‍ മെത്രാനോട്‌ ക്ഷമ പറഞ്ഞപ്പോഴാണ്‌.
ഇവരും 

കൂട്ടില്‍ കേറുമ്പോള്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണു പോലും.
പ്രൊഫസര്‍ ജോസഫ്‌ സാറിന്റെ ഭാര്യ 

ആത്മഹത്യ ചെയ്യുകയും തുടര്‍ന്ന്‌ ജോസഫ്‌സാര്‍, 
അദ്ദേഹത്തിന്റെ സഹോദരി എന്നിവര്‍ 
സഭയുടെ കരുണ യാചിക്കുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ 
ഇന്ന്‌ പത്രത്തില്‍ അദ്ദേഹത്തെ മാനുഷിക പരിഗണനയുടെ പോരില്‍ 
പുനര്‍ നിയമിക്കാന്‍ കോതമംഗലം രൂപത തീരുമാനിച്ചിരിക്കുന്നുവെന്ന വാര്‍ത്ത കാണാന്‍ കഴിഞ്ഞു.
ഞാനൊന്ന്‌ പ്രതികരിച്ചോട്ടെ ?
.....ഫൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ...........






Saturday, 25 January 2014

കൗടില്യ കുടില തന്ത്രങ്ങള്‍

ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ ശ്രീ.കെജരിവാള്‍ 
ഡല്‍ഹിയുടെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ 
ജനങ്ങളെ സംഘടിപ്പിച്ച്‌ നടത്തിയ സമരം അങ്ങേയറ്റം അപലപനീയവും 
നിരുത്തരവാദപരവും ആയിപ്പോയി എന്ന്‌ കോണ്‍ഗ്രസ്‌, ബി.ജെ.പി നേതാക്കളും, 
അദ്ദേഹത്തിന്റെ നടപടി മാതൃകാപരവും വിപ്‌ളവകരവും ആണെന്ന്‌ ന്യൂജനറേഷനും അഭിപ്രായപ്പെട്ടിരിക്കുകയാണ്‌.
ഇവിടെ ഒരു കഥ പങ്കുവെയ്‌ക്കാന്‍ ആഗ്രഹമുണ്ട്‌.
ഒരിക്കല്‍ ഒരു ഉറുമ്പിന്‍ കൂട്ടത്തെ ചവിട്ടി മെതിച്ചു കടന്നുപോയ മനുഷ്യനോടുള്ള 

ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തിക്കൊണ്ട്‌  
അവരുടെ നേതാവ്‌ അയാളുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ പുറപ്പെട്ടു.
നേരം ഏറെയായിട്ടും നേതാവ്‌ തിരികെ എത്താതിരുന്നപ്പോള്‍ അടുത്ത നേതാവ്‌ പുറപ്പെട്ടു. 
പിന്നെ അടുത്തയാള്‍. പോകുന്നവരാരും മടങ്ങിയെത്തുന്നില്ല. 
ഇതെന്തു പറ്റി എന്നറിയാന്‍ ഒരനുയായി 
പമ്മി പമ്മി ആ മനുഷ്യന്റെ അടുത്തെത്തിയപ്പോള്‍ കണ്ട കാഴ്‌ച അമ്പരപ്പിക്കുന്നതായിരുന്നു. 
മുമ്പേ പോയ നേതാക്കള്‍ക്കാര്‍ക്കും അയാളുടെ കണ്ണിനരുകില്‍ എത്താനായില്ല. 
കാരണം അയാള്‍ മധുര പലഹാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കോണ്‍ഗ്രസ്‌ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ 
 എത്രയെത്ര മധുരോദാത്തമായ ഉന്മത്തദായകമായ സമ്മാനങ്ങളാണ്‌ 
ആംആദ്‌മി പ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കി വെച്ചിരിക്കുന്നത്‌.
അരാജക വാദികളെന്ന്‌ ആക്ഷേപിക്കപ്പെട്ട്‌ ധര്‍ണ്ണയും സത്യാഗ്രഹവുമായി നടന്നിരുന്ന AAP പാര്‍ട്ടിക്ക്‌ 

 ഡല്‍ഹിയില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്‌ എന്തുകൊണ്ടാണ്‌ ?
ഇന്ന്‌ ഭാരതത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതുകൊണ്ട്‌. 
 അത്‌ ജനങ്ങളെ സ്വാധീനിച്ചതുകൊണ്ട്‌.
കോണ്‍ഗ്രസ്‌ പിന്തുണച്ചതെന്തുകൊണ്ടാണ്‌?
വീണ്ടുമൊരു തെരഞ്ഞെടുപ്പു വ്‌ന്നാല്‍ AAP മൂന്നില്‍ രണ്ട്‌. 

ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന ശങ്കകൊണ്ട്‌.
അതുമാത്രമല്ല
ഇന്ത്യയിലെ വിപ്‌ളവ പാര്‍ട്ടി നേതാക്കളെപ്പോലും വീഴിച്ചെടുത്ത 

കൗടില്യ കുടില തന്ത്രങ്ങള്‍ ഇവരുടെ നേര്‍ക്കും പ്രയോഗിക്കാമെന്ന വിശ്വാസം കൊണ്ട്‌.
എന്തായാലും നമുക്കറിയാത്ത ചില നഗ്ന സത്യങ്ങള്‍ മറനീക്കി പുറത്തു വരാന്‍ ഈ സമരം ഹേതുവായി.
1 ഡല്‍ഹി മുഖ്യന്‍ കേന്ദ്രത്തിന്റെ പാവയാണ്‌
2 കേന്ദ്ര 
മന്ത്രിമാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക്‌(വ്യഭിചാര ശാലകള്‍ പോലും) 
  കാവല്‍ നില്‌ക്കുക എന്നതാണ്‌ സംസ്ഥാന ഭരണകൂടത്തിന്റെ ജോലി.
3 ഇന്ത്യയിലെ രാഷ്ട്രീയ അധോലോക ബന്ധത്തിന്റെ തീവ്രത.
   

   ഇന്ത്യന്‍ പ്രസിഡന്റ്‌ റിപ്പബ്‌ളിക്‌ ദിന സന്ദേശത്തില്‍ ആപ്‌ പാര്‍ട്ടിയെ 
   പരോക്ഷമായി വിമര്‍ശിക്കാന്‍ തുനിഞ്ഞപ്പോഴും 
   രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക്‌ തീറെഴുതിയ, 
   ബഹുരാഷ്ട്ര കുത്തകകള്‍ക്ക്‌ അടിയറവെച്ച കേന്ദ്ര ഗവര്‍മെന്റ്‌ നയങ്ങള്‍ക്കെതിരേ 
   പ്രതികരിക്കാന്‍ എന്തേ തയ്യാറായില്ല.




Monday, 20 January 2014

വെടക്കാക്കി തനിക്കാക്കുന്നവര്‍



മലയാളത്തിലെ പ്രസിദ്ധമായ ഈ പ്രയോഗത്തിന്റെ 

ആനുകാലിക പ്രയോക്താക്കള്‍ ആരാണെന്ന്‌ ചോദിച്ചാല്‍ 
 നിങ്ങള്‍ എന്തു മറുപടി പറഞ്ഞാലും എനിക്കൊരു മറുപടിയുണ്ട്‌.
അത്‌ ആം ആദ്‌മി പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്ന ആ പുംഗവന്‍ തന്നെ.
അയാള്‍ക്ക്‌ പിന്നില്‍ കളിക്കുന്നവര്‍ ആരൊക്കെയാണെന്നും 

അവരുടെ ലക്ഷ്യമെന്താണെന്നും സാമാന്യ ബോധമുള്ളവര്‍ക്ക്‌ മനസ്സിലാകും.
ഈ സംഭവം ചൂണ്ടിക്കാട്ടി ചിലരൊക്കെ പ്രവചനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. 

AAP തകരാന്‍ തുടങ്ങിക്കഴിഞ്ഞു, സമരം പോലെ എളുപ്പമല്ല ഭരണം, 
കെജരിവാളും ചെറുപ്പത്തില്‍ കിടക്കയില്‍ മൂത്രമൊഴിച്ചിട്ടുണ്ട്‌ അപ്പോള്‍ ഇവര്‍ തമ്മിലെന്തു വ്യത്യാസം. 
 ഇങ്ങനെ പോകുന്നു വ്യാഖ്യാനങ്ങള്‍.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ അല്‌പ്പം പഴയ തലമുറയ്‌ക്കറിയാവുന്ന, 

ഭാവനാ സമ്പന്നനായ ഏതോ ഒരാള്‍ പാടിയ കവിതാ ശകലം ഓര്‍്‌ത്തുപോകുന്നു.
"ഇതു കണ്ടിട്ടാടണ്ട കണ്ണന്‍ ചേമ്പേ........."
കേരളത്തിലെ ഗ്രാമങ്ങളില്‍ പാര്‍ട്ടിയിലേക്ക്‌ ചേര്‍ന്നുകൊണ്ടിരിക്കുന്നവര്‍ 

കാലാകാലങ്ങളായി അസംതൃപ്‌തി മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ തന്നെയാണ്‌. 
നിലവിലുള്ള കക്ഷിരാഷ്ട്രീയ ഗുണ്ടാ മാഫിയാ സംവിധാനത്തോട്‌ ഒളിഞ്ഞും തെളിഞ്ഞും 
പ്രതിക്ഷേധിച്ചിട്ടുള്ളവരും ഈ കൂട്ടത്തിലുണ്ട്‌.
"പട്ടിണിയായ മനുഷ്യാ നീ
പുസ്‌തകം കൈയിലെടുത്തോളു
പുത്തനൊരായുധമാണു നിനക്കത്‌
പുസ്‌തകം കൈയിലെടുത്തോളൂ"
അറിവാണ്‌ ശക്തി. കഴുതയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പൊതുജനത്തിന്റെ ശേഷിയെന്തെന്ന്‌ 

അവനു തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധം അവനുണ്ടാകണം.
AAP യുടെ നേതാക്കള്‍ ഈയൊരവബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ 

ഇവിടെയും ഡല്‍ഹി ആവര്‍ത്തിക്കുന്ന കാലം ഏറെ ദൂരെയല്ല.
ഞങ്ങളുടെ സുഹൃത്ത്‌ കൃഷ്‌ണന്‍കുട്ടി സാറിന്റെ അനുഭവം ഒന്നു കേള്‍ക്കൂ.
തിടനാട്‌ സ്ഥിതിചെയ്യുന്ന കൊണ്ടൂര്‍ വില്ലേജാഫീസില്‍ 

കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്‌ അപേക്ഷ നല്‍കി മടങ്ങി . ഒരു കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്‌ അനുവദിച്ചിട്ടുള്ള നിശ്ചിത ദിവസങ്ങള്‍ക്ക്‌ ശേഷം ഓഫീസിലെത്തിയപ്പോള്‍ ഉച്ചവരെ വെയ്‌റ്റ്‌ ചെയ്യാന്‍ വില്ലേജാഫീസര്‍ പറഞ്ഞു.
ഉച്ചയായപ്പോള്‍ വില്ലേജാഫീസറെ അന്വേക്ഷിച്ച സാറിനോട്‌ സ്‌റ്റാഫ്‌ പറഞ്ഞത്‌ അദ്ദേഹം മറ്റേതോ സൈറ്റ്‌ നോക്കാന്‍ പോയിരിക്കുകയാണ്‌ ഇന്നത്തേക്ക്‌ ഇനി പ്രതീക്ഷിക്കേണ്ട എന്നാണ്‌.
ഇത്‌ കേട്ട കൃഷ്‌ണന്‍കുട്ടിസാര്‍ ഓഫീസിലുണ്ടായിരുന്ന ബഞ്ചില്‍ ഇരുന്നു. 

5 മണിയായി. ജീവനക്കാര്‍ ഓഫീസ്‌ അടക്കാനുള്ള ഒരുക്കമെന്ന നിലയില്‍ സാറിനോട്‌ പുറത്തിറങ്ങി നില്‌ക്കാന്‍ ആവശ്യപ്പെട്ടു. 
വില്ലേജാഫീസര്‍ വന്ന്‌ തന്റെ സര്‍ട്ടിഫിക്കറ്റ്‌ തരാതെ പുറത്തിറങ്ങുന്ന പ്രസ്‌നമില്ലെന്ന്‌ പറഞ്ഞ സാറിനെ 
വിരട്ടി നോക്കാന്‍ അവരൊന്ന്‌ ശ്രമിച്ചുനോക്കി. 
പോലീസിനെയോ വേണമെങ്കില്‍ തഹസ്സീല്‍ദാരെയോ വിളിച്ചുകൊള്ളാന്‍ സാര്‍ പറഞ്ഞപ്പോള്‍ വിരട്ട്‌ ചെലവാകില്ലെന്ന്‌ മനസ്സിലാക്കിയ ജീവനക്കാരന്‍ ധൃതിയില്‍ ആരെയോ ഫോണ്‍ ചെയ്‌തു.
മിനിറ്റുകള്‍ക്കകം വില്ലേജാഫീസര്‍ സ്ഥലത്തെത്തി സാറിന്‌ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തു.
ഇതാണ്‌ നിശബ്ദ വിപ്‌ളവം.
ഇതിന്‌ അറിവെന്ന ആയുധമാണ്‌ വേണ്ടത്‌.
നമ്മള്‍ യജമാനരാണെന്ന ബോധ്യമാണുണ്ടാവേണ്ടത്‌.























Friday, 10 January 2014

ഇതൊരൊറ്റപ്പെട്ട സംഭവമല്ല.

ഒരു ബുധനാഴ്‌ച അയാള്‍ വടിപ്പോളീഷ്‌ മുക്കി അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടുമിട്ട്‌ തന്റെ പുതിയ സ്വിഫ്‌റ്റ്‌ ഡിസയറില്‍ മനം കുളിര്‍പ്പിക്കുന്ന സംഗീതത്തില്‍ ലയിച്ച്‌ സാമാന്യം നല്ല വേഗതയില്‍ ഹൈവേയിലൂടെ പായുകയാണ്‌. കുറച്ചകലെ കുറെപ്പേര്‍ ഓടിക്കൂടുന്നത്‌ അയാള്‍ ശ്രദ്ധിച്ചു. അടുത്തെത്തിയപ്പോള്‍ ഒരു വാഹനാപകടം നടന്നിരിക്കുന്നു എന്നയാള്‍ക്ക്‌ മനസ്സിലായി. 
 ഒരു കല്ലാണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട അയാളുടെ പ്രായോഗിക ബുദ്ധി ഉടനുണരുകയും ആക്‌സിലേറ്ററില്‍ കാലമര്‍ത്തുകയും ചെയ്‌തു.
ബൈക്കില്‍ നിന്നും തെറിച്ചുവീണ മൂന്നു കുട്ടികള്‍. രക്തത്തില്‍ കുളിച്ചിരുന്ന അവരുടെ മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു. 

രണ്ടുപേര്‍ നിശ്ചലരാണ്‌. ഒരാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു വീണ്ടും വീഴുന്നു. ഓടിക്കൂടിയവര്‍ സ്‌തബ്‌ദരായി നില്‌ക്കുകയാണ്‌.
പരിസരബോധം വീണ്ടെടുത്ത ഒരാള്‍ ആ വഴി വന്ന പല വാഹനങ്ങള്‍ക്കും കൈകാണിച്ചു.
പക്ഷേ എല്ലാവരും പ്രായോഗിക ബുദ്ധിയുടെ ഉടമകള്‍. മറ്റൊരാള്‍ ഓടി ടാക്‌സി സ്റ്റാന്‍ഡിലെത്തി. 

കഷ്‌ഠം ഒരു വണ്ടിയില്‍ പോലും ഡ്രൈവറില്ല.
അപ്പോഴാണ്‌ തങ്കച്ചന്‍ വണ്ടിയുമായി എത്തുന്നത്‌. 

വിവരം അറിഞ്ഞയുടന്‍ വണ്ടി സംഭവസ്ഥലത്തെത്തി.
വണ്ടി വന്നു നിന്നപ്പോള്‍ അതുവരെ അടുത്തു നിന്നിരുന്ന പലരും പുറകോട്ട്‌ മാറി. 

 ചോരയില്‍ കുളുച്ചു കിടക്കുന്ന ഈ അപരിചിതരെ എടുത്ത്‌ വണ്ടിയില്‍ കയറ്റാന്‍ സഹായിച്ച്‌ എന്തിന്‌ രക്തക്കറ വസ്‌ത്രത്തില്‍ പറ്റിക്കണം.
എങ്ങനെയും വണ്ടിയില്‍ മൂന്നുപേരെയും കയറ്റി. 

തങ്കച്ചനു കൂട്ടായി ആരെങ്കിലും വണ്ടിയില്‍ കേറാന്‍ ഇല്ലാതിരുന്നപ്പോള്‍ അതാ സണ്ണി എത്തി. 
അതുകണ്ട്‌ അപരിചിതനായ ഒരാളും കയറി വണ്ടി മെഡിക്കല്‍ കോളേജിലേക്ക്‌ പാഞ്ഞു.
അയാള്‍ കല്ല്യാണമക്കെ കഴിഞ്ഞ്‌ കൂട്ടുകാരോടും ബന്ധുക്കളോടും കുശലങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണ്‌ ഒരു ഫോണ്‍ വന്നത്‌. 

തിരക്കില്‍ നിന്നും അല്‌പ്പം മാറിനിന്ന്‌ അയാള്‍ കോള്‍ അറ്റന്‍ഡ്‌ ചെയ്‌തു. 
മകന്‍ ബൈക്കപകടത്തില്‍ പെട്ട്‌ മെഡിക്കല്‍ കോളേജിലാണ്‌ .ഇപ്പോഴാണ്‌ ആളെ ഐഡന്റിഫൈ ചെയ്യാനായത്‌. അയാളുടെ കണ്ണില്‍ ഇരുട്ടു കയറി.
മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ്‌ മകന്റെ മരണവാര്‍ത്ത അയാളറിഞ്ഞത്‌ . 

കുറച്ചുകൂടി നേരത്തെ എത്തിച്ചിരുന്നെങ്കില്‍ രക്ഷപെട്ടേനെ എന്ന്‌ ഡോക്‌ടര്‍ പറഞ്ഞപ്പോഴാണ്‌ താന്‍ രാവിലെ വണ്ടി നിര്‍ത്താതെ പോന്നതിന്റെ ഫലം അയാളോര്‍ത്തത്‌??

സ്‌നേഹിതരേ
ഇതൊരൊറ്റപ്പെട്ട സംഭവമല്ല.
വണ്ടി നിര്‍ത്താത്തവരും ഒഴിഞ്ഞു മാറുന്നവരും മുങ്ങുന്ന ടാക്‌സിക്കാരും ഒക്കെ ഓര്‍ക്കുക അപകടത്തില്‍ പെട്ടിരിക്കുന്നത്‌ നിങ്ങളുടെ വേണ്ടപ്പെട്ടവരാകാം.
അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ പേരില്‍ നിങ്ങള്‍ ഒരു നിയമക്കുരുക്കിലും പെടില്ല. വണ്ടിയുടെ ഇന്റേണല്‍ ക്‌ളീനിങ്ങിന്‌ ഏറ്റവും കൂടിയാല്‍ 2000 രൂപയില്‍ താഴെയേ ചെലവു വരൂ. അപ്പോള്‍ നാം രക്ഷിക്കുന്നത്‌ ഒരു ജീവനാണെന്നോര്‍ക്കുക.
സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കുന്നതിലും വലിയ ത്യാഗമില്ല എന്നല്ലേ. കുറഞ്ഞപക്ഷം അതിനായി ഒരു ഷര്‍ട്ടും മുണ്ടും എങ്കിലും നമുക്കുപേക്ഷിക്കരുതോ.

Monday, 30 December 2013

ആരാണ്‌ നിന്റെ ശത്രു

ആരാണ്‌ നിന്റെ ശത്രു
അപ്പോള്‍ ഇതേ ചോദ്യം നിങ്ങള്‍ എന്നോട്‌ ചോദിക്കും.
എനിക്ക്‌ ഇതിന്‌ വളരെ വ്യക്തമായ ഉത്തരമുണ്ട്‌.
ഇത്‌ 2013 ന്റെ അവബോധമാണെന്ന്‌ പറയാം.
ഇക്കാലമത്രയും എന്റെ ശത്രുവിനെ ഞാന്‍ പരതിയിരുന്നത്‌ വീട്ടിലും അയല്‍വക്കത്തും ജോലി സ്ഥലത്തുമൊക്കെയായിരുന്നു.
എന്നാല്‍ അവിടെയൊന്നും എനിക്ക്‌ ശത്രുക്കളെ കണ്ടെത്താനായില്ല.
അപ്പോള്‍ ഞാന്‍ സമാധാനിച്ചിരുന്നത്‌ എന്നെപ്പോലൊരു വെറും സാധാരണക്കാരന്‌ എവിടുന്ന്‌ ശത്രുക്കളുണ്ടാവാന്‍ എന്നായിരുന്നു.
എങ്കിലും എന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന അജ്ഞാതനായ ഒരു ശത്രുവിന്റെ സാന്നിധ്യം ഞാന്‍ അറിഞ്ഞിരുന്നു.
ശത്രുവിനെത്തേടി ഞാനലഞ്ഞു......
അതിരുകള്‍ കടന്നു ഞാന്‍ തിരഞ്ഞു...
എന്നാലവിടെല്ലാം കണ്ടത്‌ ചില പിണക്കങ്ങള്‍ മാത്രം.
അവസാനമെന്നിലേയ്‌ക്ക്‌ ഞാന്‍ തിരിഞ്ഞു.
അവിടെയാണെന്‍ ശത്രുവിന്റെ വാസം എന്ന്‌ ഞാന്‍ അറിഞ്ഞു.
എന്റെ അഹങ്കാരം, എന്റെ അലസത, എന്റെ അജ്ഞത,
എന്റെ സ്വാര്‍ത്ഥത, എന്റെ സംസാരം, എന്റെ സമീപനം,
എന്റെ മനോഭാവം......
അതേ... എന്റെ ശത്രുക്കളെല്ലാം മറ്റൊരിടത്തുമല്ല എന്ന്‌ ഞാനറിയുന്നു.
ഇപ്പോള്‍ എന്റെ പ്രാര്‍ത്ഥന തുടങ്ങുന്നത്‌ ഈ ഒരവബോധത്തിലാണ്‌.
നാമൊക്കെ ആദ്യം പഠിച്ച പ്രാര്‍ത്ഥന
വിശുദ്ധ കുരിശിന്റെ അടയാളത്താല്‍
ഞങ്ങളുടെ ശത്രുക്കളില്‍ നിന്ന്‌ എന്നെ രക്ഷിക്ക, ഞങ്ങളുടെ തമ്പുരാനെ.......
അതായത്‌ എന്നിലെ എന്റെ ശത്രുക്കളില്‍ നിന്ന്‌ എന്നെ രക്ഷിക്കണേ എന്ന്‌
ഈ ഒരു സന്ദേശത്തോടെ 2013 നോട്‌ ഞാന്‍ വിട ചൊല്ലുന്നു.
ഏവര്‍ക്കും പുതുവര്‍ഷാശംസകള്‍....

Thursday, 12 December 2013

അതും സംഭവിക്കാം.


?പോടോ ഇറങ്ങിപ്പോടോ?
?എടോ ഇറങ്ങിപ്പോകാനല്ലേ പറഞ്ഞത്‌ ?.. ഇതാ തന്റെ നൂറ്‌ ഉലുവ. (100 രൂപ മേശപ്പുറത്ത്‌ എറിയുന്നു.) മുകളില്‍ കൊണ്ടു പോയി കൊട്‌. എല്ലാ കാര്യവും അവിടെ നടത്തിയാല്‍ മതി?.
കുനിഞ്ഞ ശിരസ്സുമായി ദുഃഖഭാരത്തോടെ ഭരണങ്ങാനം പള്ളിമേടയില്‍ നിന്ന്‌ ഇറങ്ങി വരുന്ന ജോയിയെ കണ്ട്‌ പരിചയക്കാര്‍ ഓടി വന്നു ചോദിച്ചു.
?എന്താ എന്താ കാര്യം.എന്തിനാണ്‌ വികാരി കലി തുള്ളിയത്‌?.
എല്ലാം കേട്ടു നിന്ന ഒരു ചേട്ടന്‍ സംഭവം വിവരിച്ചു. പതിവുപോലെ മകന്റെ ഓര്‍മ്മയ്‌ക്കായി കുര്‍ബാനയ്‌ക്കുള്ള പണം അച്ചനെ ഏല്‌പിക്കാന്‍ ചെന്നതാണ്‌ പാവം.
( ഇതുകൊണ്ടോന്നും ഒരു കാര്യവും ഇല്ലെന്ന്‌ പണ്ട്‌ പള്ളിക്കാപ്പറമ്പ
ന്‍ കോടതിയില്‍ സമ്മതിച്ചതാ. എന്നിട്ടും ഈ പണിക്കു പോകുന്ന പൊട്ടന്മാര്‍ ഇതൊക്കെ അനുഭവിക്കണം.) 
നൂറു രൂപ വാങ്ങിയ വികാരി ജോയിയോടു ചോദിച്ചു. ?പെരുന്നാള്‍ പിരിവു കൊടുത്തോ? 

അതങ്ങു മറന്നുപോയച്ചോ?.
പോക്കറ്റില്‍ നിന്നു പേഴ്‌സ്‌ എടുത്തു ജോയി ചോദിച്ചു.
?എത്രയാ അച്ചോ ഇപ്പോഴങ്ങു തന്നേക്കാം. ?
?മറന്നു പോയോ. അതു പറയാന്‍ തനിക്കു നാണമില്ലല്ലോ താനെവിടെയാ പള്ളിയില്‍ പോകുന്നത്‌. ഞായറാഴ്‌ച ഞാന്‍ തന്നെ വിളിച്ചു പറഞ്ഞതാണല്ലോ. ?
ഇത്രയുമായപ്പോഴേക്കും ചിലരൊക്കെ ഒച്ചപ്പാടു കേട്ട്‌ അടുത്തെത്തി. ആര്‍ക്കും കാര്യമൊന്നും പിടികിട്ടിയില്ല.
?അച്ചാ കഴിഞ്ഞ രണ്ടു ഞായറാഴ്‌ച മുകളിലാ ( അല്‍ഫോന്‍സാ ചാപ്പല്‍) കുര്‍ബാന കണ്ടത്‌. അതുകൊണ്ടാ പിരിവു തരാന്‍ മറന്നത്‌. ?
ജോയി ഇത്രയും പറഞ്ഞതിനാ അങ്ങേര്‌ തുള്ളിച്ചാടി കുര്‍ബാനപ്പണം മുഖത്തെറിഞ്ഞത്‌.
?ജോയി പിരിവുകളെല്ലാം തരുന്ന ആളാണല്ലോ. പിന്നെന്താ അച്ചന്‍ അങ്ങനെ പറഞ്ഞത്‌. ? ഒരു കമ്മറ്റിക്കാരന്‍ പ്രതികരിച്ചു.
കമ്മറ്റിക്കാര്‍ക്കു പോലും അച്ചനെ പിടി കിട്ടുന്നില്ല.
കപ്യാരു പണ്ടേ കത്തനാന്മാര്‍ക്കു കുരിശാ.
ഒരു വിശ്വാസിയോട്‌ അതും ഒരു പ്രയോജനവും ഇല്ലാത്ത കുര്‍ബാന ഒപ്പിക്കലിന്‌ പാവം വെച്ചു നീട്ടിയ പണം വാങ്ങി പോക്കറ്റിലിട്ട്‌ നന്ദി പറയാനുള്ളതിനു പകരം അരീം തിന്ന്‌ ആശാരിച്ചിയേം കടിച്ച്‌ പിന്നേയും പട്ടി മുറുമുറുത്താലോ .
പിന്നെ പിരിവിന്റെ കാര്യം എല്ലാവര്‍ക്കും നന്നായറിയാം.
പ്രത്യേകിച്ച്‌ പെരുന്നാള്‍ പിരിവ്‌ എല്ലാവരും കൊടുക്കും. ആവശ്യമില്ലാത്ത എത്ര പിരിവുകള്‍ കൊടുക്കുന്നു.
അരുവിത്തുറപ്പള്ളിയുടെ കാര്യം എടുക്കൂ. വെല്ലിച്ചന്‍ മലയിലേക്കാണ്‌ മുഴുവന്‍ മുടക്കുന്നത്‌. കുറ്റം പറയുന്നതായി കരുതേണ്ട. ഒത്തിരിപ്പേര്‍ക്ക്‌ പണി കിട്ടുന്നുണ്ട്‌. പക്ഷേ ഇടവകക്കാര്‍ മറക്കുന്ന ഒന്നുണ്ട്‌. ഈ ?മല സ്‌പെഷ്യലിസ്റ്റു? വികാരി എന്നും ഇവിടെ ഉണ്ടാകില്ല. സംശയിക്കേണ്ട അടുത്തയാള്‍ അങ്ങോട്ടു തിരിഞ്ഞു നോക്കുന്നയാളാകാന്‍ തരമില്ല.
ഒരിക്കല്‍ ഇവിടെത്തന്നെ ഒരു വികാരി പള്ളിപ്പരിസരം മുഴുവന്‍ അപൂര്‍വ്വ സസ്യങ്ങള്‍ നട്ടു വളര്‍ത്തി. അടുത്തയാള്‍ വന്നപ്പോള്‍ എല്ലാം വലിച്ചു പൊക്കം വിട്ടു.
തിടനാട്‌ ഒരു വികാരി വന്ന്‌ ഇടവക മൊത്തം ധൂര്‍ത്ത്‌ വിമുക്തമാക്കി. അടുത്തയാള്‍ ലക്ഷങ്ങള്‍ പിരിച്ചു ധൂര്‍ത്തിനു വളമിട്ടു. ഇതാ ഇപ്പോള്‍ ഒരു ഗാന്ധിയാനാണ്‌ വന്നിരിക്കുന്നത്‌.
വിശ്വാസികള്‍ വികാരിമാരുടെ താളത്തിനു തുള്ളുന്ന വെറും പാവകള്‍.
നമുക്കു ഭരണങ്ങാനത്തെത്താം.
പിറ്റേന്നു രാവിലെ ജോയിയുടെ മകന്‍ വികാരിയുടെ മടയില്‍ അല്ല മേടയില്‍ എത്തി. ചെറുപ്പക്കാരന്‍, സ്വതവേ മര്യാദക്കാരന്‍ പക്ഷേ തന്റെ സഹോദരനുവേണ്ടിയുള്ള കുര്‍ബാനപ്പണം അപ്പന്റെ മുഖത്തു വലിച്ചെറിഞ്ഞ വികാരിയോട്‌ ഒന്നു ചോദിക്കണമെന്നു തോന്നിയതില്‍ എന്തത്ഭുതം !
മേടയിലേക്കു കയറിച്ചെന്ന ചെറുപ്പക്കാരനെ നോക്കി വികാരി കനപ്പിച്ചു.
?ഉം ഉം .. . .. . എന്താ കാര്യം ? ?
?ഇന്നലെ എന്റെ അപ്പന്‍ തന്ന കുര്‍ബാനപ്പണം അച്ചന്‍ തിരിച്ചുകൊടുത്തെന്നു കേട്ടല്ലോ. അതിന്റെ കാര്യം എന്തെന്നറിയാനാ വന്നത്‌. ?
?ഇടവകപ്പള്ളിയില്‍ കുര്‍ബ്ബാന കാണാത്തവര്‍ക്കൊന്നും മറ്റു ചടങ്ങുകള്‍ നടത്തിക്കൊടുക്കില്ല. ?
?അച്ചോ ഞാനും ചെറുപ്പകാലം മുതല്‍ വേദപാഠം പഠിച്ചതാ. ഇതുവരെ ഇടവകപ്പള്ളിയില്‍ കുര്‍ബ്ബാന കണ്ടില്ലെന്നു പറഞ്ഞ്‌ കുമ്പസ്സാരിക്കണമെന്ന്‌ പറഞ്ഞു കേട്ടിട്ടില്ല? .
?അറിയാന്‍ പാടില്ലാത്ത കാര്യം അധികം പ്രസംഗിക്കണ്ട. വിട്ടു പോകാന്‍ നോക്ക്‌. ?
?തെറ്റ്‌ പറ്റിയാല്‍ സമ്മതിക്കാന്‍ ആദ്യം പഠിക്കണം. അച്ചനിവിടെ ഇരിക്കേണ്ട ആളല്ല. പാലാ ചന്തയാണ്‌ പറ്റിയ സ്ഥലം. അതിനുള്ള സംസ്‌കാരമേ ഉള്ളു. ?
?ഛി ഇറങ്ങടാ പുറത്ത്‌.
?കണ്ടോ ഇതാ പറഞ്ഞത്‌ സംസ്‌കാരം കുറവാണെന്ന്‌. ഇന്നലെ എന്റെ അപ്പനുണ്ടായ മാനസിക പ്രയാസം എത്രയായിരുന്നെന്നറിയാമോ. അച്ചനെ കോടതി കയറ്റാനുള്ള പണിയും അറിയാമായിരുന്നു. പക്ഷേ വേണ്ടെന്നുവച്ചു. എന്തുകൊണ്ടാ ? അതച്ചനു മനസ്സിലാക്കാനുള്ള വിവരമില്ല. ?
ചെറുപ്പക്കാരന്‍ തിരികെ എത്തി നടന്ന കാര്യങ്ങള്‍ വിവരിച്ചപ്പോഴാണ്‌ അവനെത്ര പക്വതയോടെയാണ്‌ സംസാരിച്ചത്‌ എന്ന്‌ എനിക്കു തോന്നിയത്‌.
?എടോ കത്തനാരേ തന്റെ തന്തയുടെ വകയാണോ കത്തോലിക്കാ സഭ? എന്നു ചോദിക്കും എന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. ?
സാരമില്ല താമസം വിനാ അതും സംഭവിക്കാം.

Tuesday, 19 November 2013

പറയൂ… ഏതിനോടാണ് എതിര്‍പ്പ്

October 19th, 2013
Email this page

പറയൂ… ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം

line
2012 ഡിസംബര്‍ 20ന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചത്line
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സേവനങ്ങള്‍ കൊണ്ട് നിലനില്ക്കുന ഒരു ജനതയാണ് മലയാളി. അതുകൊണ്ടാണ് കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാടാ’യി നാം കൊട്ടിഘോഷിക്കുന്നതും. പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ സ്ഥിതി ഏറെ ആശങ്കാജനകമായ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രശ്‌നപരിഹാരത്തിനായി ഒരു വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്.
പ്രശസ്ത ശാസ്ത്രജ്ഞനായ ശ്രീ.മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ആണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നപേരില്‍ അറിയപ്പെടുന്നത്. ഖനന മാഫിയയുടെയും മറ്റും സമ്മര്‍ദ്ദം മൂലം ഈ റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ പൂഴ്ത്തിവെയ്ക്കപ്പെട്ടപ്പോള്‍ വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വിവാരവകാശ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇത് പൊതുസമൂഹത്തിനു ലഭിച്ചത്.
തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക തലത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി നടപ്പാക്കണം എന്നാണു കമ്മിറ്റിയുടെ നിര്‍ദ്ദേശം.
പരിസ്ഥിതി സൌഹൃദമായ വികസനം പ്രോത്സാഹിപ്പിക്കണമെന്നും അശാസ്ത്രീയ സമീപനം അവസാനിപ്പിക്കണം എന്നുമാണ് റിപ്പോര്‍ട്ടിന്റെ പൊതുസ്വഭാവം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലയിലെ ക്രിസ്തീയ സഭകളുടെയും രാഷ്ട്രീയ കക്ഷികളുടെയും മറ്റും എതിര്‍പ്പ് ആദ്യമുയര്‍ന്നു.
ആളുകളെ കുടിയോഴിപ്പിക്കുമെന്നും വികസനം തടയുമെന്നുമുള്ള ആശങ്കയാണ് ഉന്നയിക്കപ്പെട്ടത്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടിനെതിരെ പരസ്യമായി വന്നു. റിപ്പോര്‍ട്ടിനെതിരായ അഭിപ്രായം കേരള സര്‍ക്കാര്‍ തന്നെ കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞു.
ഇന്ന് കേരള നിയമസഭയില്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കു വെയ്ക്കുകയാണ്. കേരളത്തിന്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രാധാന്യമുള്ള റിപ്പോര്‍ട്ടാണ് ഇത്.
ഈ പശ്ചാത്തലത്തില്‍, വെളിച്ചമാണ് ഇരുട്ട് അകറ്റാനുള്ള ഏക മാര്‍ഗ്ഗം എന്നതിനാല്‍,  ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം വിശദീകരണം ഉള്‍പ്പെടെ ‘ഡൂള്‍ ന്യൂസ്’ മലയാളത്തില്‍ പ്രസിദ്ധീകരിക്കുകയാണ്. വായനക്കാര്‍ റിപ്പോര്‍ട്ടിനെ സശ്രദ്ധം വിലയിരുത്തുമല്ലോ.

പശ്ചിമഘട്ട  പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ട്

സമിതിയ്ക്ക് നല്‍കിയ ഉത്തരവാദിത്വങ്ങള്‍
എ) പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ പാരിസ്ഥിതികാവസ്ഥ വിലയിരുത്തുക.
ബി) പശ്ചിമഘട്ടത്തിലെ ഏതൊക്കെ പ്രദേശങ്ങള്‍ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് അടയാളപ്പെടുത്തുക
സി) എല്ലാ താല്‍പ്പര കക്ഷികളുമായി ചര്‍ച്ച നടത്തി പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
ഡി) ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും സഹായത്തോടെ പശ്ചിമഘട്ടത്തിന്റെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനുമായി പശ്ചിമഘട്ട പാരിസ്ഥിതിക അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള മാതൃകകള്‍ നിര്‍ദ്ദേശിക്കുക.
ഇ) കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിക്കുന്നതടക്കമുള്ള, പശ്ചിമഘട്ടം നേരിടുന്ന മറ്റേതൊരു ഗൗരവ പരിസ്ഥിതി പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുക.
എഫ്) താഴെ പറയുന്നവ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുക.
1)അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി
2) ഗുണ്ടിയ ജലവൈദ്യുത പദ്ധതി
3.രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ (മഹാരാഷ്ട്ര) ഖനികള്‍, ഊര്‍ജ്ജ പദ്ധതികള്‍, മാലിന്യ പദ്ധതികള്‍, എന്നിവ തുടര്‍ന്നും വികസിപ്പിക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദേശം സമര്‍പ്പിക്കുക.
താഴെ പറയുന്ന കാരണങ്ങളാല്‍ പശ്ചിമഘട്ടം മുഴുവനും പാരിസ്ഥിതിക പ്രാമുഖ്യമുള്ള പ്രദേശമായി വിദഗ്ദ്ധസമിതി കാണുന്നു.
1) ജൈവവൈവിധ്യ മൂല്യം: ഭൂമിയിലെ 35 ജൈവവൈവിധ്യ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് പശ്ചിമഘട്ടം.
2) ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ 6 സംസ്ഥാനങ്ങളില്‍ ആയുള്ള 25 കോടിയിലധികം ജനങ്ങള്‍ പ്രധാനമായും കുടിക്കാനും കൃഷി ചെയ്യാനുമുള്ള ജലത്തിന് ആശ്രയിക്കുന്നത് പസ്ചിമാഘട്ടത്തിനെയാണ്.
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി ചെയ്തത്
പാനല്‍ യോഗങ്ങള്‍ 15
നിയോഗിക്കപ്പെട പ്രത്യേക ഗവേഷണ പ്രബന്ധങ്ങള്‍  42
ബൗധികാതിഷ്ടിത ചര്‍ച്ചകള്‍ 7
വിദഗ്ധ കൂടിയാലോചനാ യോഗം 1
സര്‍ക്കാര്‍ വകുപ്പുകളുമായി കൂടിയാലോചനാ യോഗം 8
സന്നദ്ധ സംഘടനകളുമായുള്ള കൂടിയാലോചന 40
പ്രാദേശിക സന്ദര്‍ശനങ്ങള്‍ 14.
വിദഗ്ധസമിതി ചെയ്തത്
പശ്ചിമഘട്ട മേഖലയിലെ അശാസ്ത്രീയ വികസന പദ്ധതികള്‍ മൂലം വര്‍ധിച്ചു വരുന്ന വെല്ലുവിളികള്‍ പരിഗണിച്ച്, പാരിസ്ഥിതിക സുസ്ഥിരത ഉറപ്പു വരുത്തിക്കൊണ്ടുള്ള ഉപജീവനം പ്രോത്സാഹിപ്പിക്കുന്നതിനു ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയമായ ഒരു തീരുമാന സഹായ സംവിധാനം വികസിപ്പിച്ചു.
ബഹുതല കാഴ്ചപ്പാട്
മുഴുവന്‍ പശ്ചിമഘട്ടവും പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കെണ്ടാതാണെങ്കിലും എല്ലാ പ്രദേശവും ഒരേ അളവില്‍ കാണാനാകില്ല. സംരക്ഷണത്തിനും വികസനത്തിനുമായി പ്രദേശങ്ങള്‍ വേര്‍തിരിച്ചു അടയാളപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ മനുഷ്യരെ കുടിയോഴിപ്പിക്കണമെന്നോ മനുഷ്യര്‍ പോകാത്ത പ്രദേശങ്ങള്‍ ഉണ്ടാകണമെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പരിസ്ഥിതി സംരക്ഷണവും വികസനവും കൈകോര്‍ത്തു പോകണമെന്നു കരുതുന്നതിനാല്‍ പശ്ചിമഘട്ടത്തെ 3 വിഭാഗങ്ങളാക്കി തരാം തിരിച്ചിരിക്കുന്നു.
1. അതീവ പ്രാധാന്യ മേഖല   (പരിസ്ഥിതി ലോല മേഖല 1)
2. മിത പ്രാധാന്യ മേഖല         (പരിസ്ഥിതി ലോല മേഖല  2)
3.  കുറഞ്ഞ പ്രാധാന്യ മേഖല (പരിസ്ഥിതി ലോല മേഖല  3)
ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ ആകാമെന്നും ഏതൊക്കെ നിയന്ത്രിക്കപ്പെടണമെന്നും തീരുമാനിക്കാന്‍ തക്കവണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണം എന്ന് റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കി പറയുന്നു.
എങ്ങനെയാണു ESZ തിരിച്ചറിഞ്ഞത്?
മൊത്തം പശ്ചിമഘട്ടത്തെ സമിതി 2200 ചതുരങ്ങളായി തിരിച്ച് ഓരോ ചതുരവും 9100 ഹെക്ടര്‍ സ്ഥലത്തെ പ്രതിനിധീകരിക്കുന്നു. ഓരോ മാനദണ്ഡവും അനുസരിച്ച് ഓരോ ചതുരത്തിനും 1 മുതല്‍ 10 വരെ മാര്‍ക്ക് നല്‍കി. ഒടുവില്‍ ഓരോ മാനദണ്ഡത്തിനും ലഭിച്ച മാര്‍ക്കുകളുടെ ശരാശരി ഓരോ ചതുരത്തിനും കണക്കാക്കി. 3 മാര്‍ക്കില്‍ കുറവ് ലഭിച്ച ചതുരങ്ങള്‍ ESZ 3 ആയും 3 മുതല്‍ 5 വരെ മാര്‍ക്ക് ലഭിച്ചവ ESZ 2 ആയും 5 നു മുകളില്‍ മാര്‍ക്ക് ലഭിച്ചവ ESZ 1 ആയും തെരഞ്ഞെടുത്തു.
ESZ 1         15 താലൂക്കുകള്‍
ESZ 2          2 താലൂക്കുകള്‍
ESZ  3           8 താലൂക്കുകള്‍
ഏതെങ്കിലും താലൂക്ക് പരിസ്ഥിതി ലോല മേഖലയാണെന്ന് പറഞ്ഞാല്‍ ആ താലൂക്ക് മുഴുവന്‍ പ്രസ്തുത മേഖലയിലാണെന്നു അര്‍ഥമില്ല പരിസ്ഥിതി ലോല മേഖലയായി സംരക്ഷണം അര്‍ഹിക്കുന്ന പ്രദേശങ്ങള്‍ ആ താലൂക്കിലുണ്ട് എന്ന് മാത്രമാണ് അതിനര്‍ത്ഥം. അതെവിടെയാണെന്ന് കണ്ടെത്തേണ്ടതും അടയാളപ്പെടുത്തേണ്ടതും ബന്ധപ്പെട്ട പഞ്ചായത്തുകളാണ്. അതും ജില്ലാ പരിസ്ഥിതി സമിതി മുതല്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി വരെ രൂപീകരിക്കപ്പെടുന്ന ഘട്ടത്തില്‍ മാത്രം. പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ (ESL) ഇപ്പോള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് പുനപ്പരിശോധിക്കാവുന്നതാണ്. 25 താലൂക്കുകളിലായി ആകെ 18 പരിസ്ഥിതി പ്രാധാന്യ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഏതേതു പ്രദേശങ്ങളില്‍ ഏതേതു പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നും, ഏതേതു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം എന്നും അതതു പ്രദേശത്തിന്റെ ഗ്രാമാതിര്‍തികളും സൂക്ഷ്മ നീര്‍ത്തടവും കണക്കിലെടുത്ത്  പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിയുടെയും സംസ്ഥാനതല പരിസ്ഥിതി അതോറിട്ടിയുടെയും ജില്ലാതല പരിസ്ഥിതി സമിതികളുടെയും മേല്‍നോട്ടത്തില്‍ ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭാ പോലുള്ള അതതു പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ് എന്ന കാര്യം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. (പേജ് 40, ഭാഗം ഒന്ന്)
പ്രാദേശിക സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പശ്ചിമഘട്ടത്തിന്റെ പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ കീഴില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കൊണ്ടുവരുന്നതിനുള്ള മാതൃക നിര്‍ദ്ദേശിക്കുക എന്നതായിരുന്നു സമിതിയുടെ മറ്റൊരു കടമ.
പശ്ചിമഘട്ട പരിസ്ഥിതി സമിതി
ചെയര്‍മാന്‍  ഒരു റിട്ട സുപ്രീം കോടതി ജഡ്ജി അല്ലെങ്കില്‍ ഒരു കഴിവുറ്റ പരിസ്ഥിതി ശാസ്ത്രജ്ഞന്‍.
33 അംഗങ്ങള്‍
ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍
ഫോറസ്ട്രി, ഹൈഡ്രോളജി, മണ്ണ് ശാസ്ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി, സാമൂഹികശാസ്ത്രം,സാമ്പത്തികശാസ്ത്രം എന്നീ മേഖലകളില്‍ നിന്നും വിദഗ്ധര്‍
.
ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധികള്‍ (ഓരോ സംസ്ഥാനത്ത് നിന്നും മൂന്നു വര്ഷം വീതം മാറി)  ഓരോ സംസ്ഥാനത്ത് നിന്നും സന്നദ്ധ സംഘടനകളുടെ പ്രതിനിധി
സംസ്ഥാനതല സമിതി
ചെയര്‍മാന്‍  ഒരു റിട്ട ജഡ്ജി അല്ലെങ്കില്‍ ഒരു കഴിവുറ്റ പരിസ്ഥിതി ശാസ്ത്രജ്ഞന്‍.
10 അംഗങ്ങള്‍
പരിസ്ഥിതിനിയമ വിദഗ്ധന്‍
ആ പ്രദേശത്തെ പരിസ്ഥിതി വിദഗ്ധന്‍
സന്നദ്ധ സംഘടനകളുടെ 3 കഴിവുറ്റ പ്രതിനിധികള്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനംപരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡിന്റെ പ്രതിനിധി, ജൈവ വൈവിധ്യ ബോര്‍ഡിന്റെ ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിയും.
ജില്ലാതല പരിസ്ഥിതി സമിതി
സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്തി പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റിയാണ് ഇത് രൂപീകരിക്കേണ്ടത്.
പരിസ്ഥിതി ഓംബുട്‌സ്മാന്‍ ആയിരിക്കും ചെയര്‍മാന്‍.
സാമ്പത്തികശാസ്ത്രം, നിയമം, സാമൂഹികശാസ്ത്രം, വനശാസ്ത്രം, മണ്ണ് ശാസ്ത്രം, കൃഷി, ഭൂവിനിയോഗം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദഗ്ധരും ബന്ധപ്പെട്ട വകുപ്പുകളിലെയും സന്നദ്ധ സംഘടനകളിലെയും പ്രതിനിധികളും.
പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍
1. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
(കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇതു തന്നെയാണ്)
2. കടകളില്‍ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്‍ഗണനാ ക്രമത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക.
(പ്ലാസ്റ്റിക് നിരോധനമല്ല)
3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.
4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.
(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)
5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.
(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)
6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും  പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.
7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.
(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)
8. മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്.
മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
9.പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.
10. നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം.
11.  ജല വിഭവ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം.
(ജലം ഒരു മൂലധന ചരക്കായി കാണണമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വില്‍പ്പന നടത്താമെന്നും ഉള്ള നിലവിലെ ദേശീയ ജല നയത്തിന്റെ വെളിച്ചത്തില്‍ ഈ നിര്‍ദ്ദേശം ജനോപകാരപ്രദമാണ് )
12.  ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക.
13. ശാസ്ത്രീയ പരിഹാര സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജല ത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തുക.
14. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം സോണ്‍ ഒന്നില്‍ 5 വര്‍ഷത്തിനകവും സോണ്‍ രണ്ടില്‍ 8 വര്‍ഷത്തിനകവും സോണ്‍ മൂന്നില്‍ 10 വര്‍ഷത്തിനകവും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക.
(സംസ്ഥാനത്തിന്റെ ജൈവകൃഷി നയം തന്നെയാണ് ഇത്. ദേശീയ ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ സഹായത്തോടെ ആന്ധ്രയില്‍ 35 ലക്ഷം ഏക്കറില്‍ രാസകീടനാശിനി ഇല്ലാതെ കൃഷി നടത്തുന്നത് ഉത്തമ മാതൃകയാണ്)
15. രാസകൃഷിയില്‍  നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായവും ലഭ്യമാക്കണം.
16. കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക.
17.രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കുക. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാവുന്ന സാധ്യതകള്‍ അന്വേഷിക്കണം. (പേജ് 47) (രണ്ടിലധികം കന്നുകാലികളെ അനുവദിക്കില്ല എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്)
18. തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുക.
19. സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി സോണ്‍ മൂന്നില്‍ പുതിയ വ്യവസായങ്ങള്‍ അനുവദിക്കാം.
20.  സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
21. സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി 3 മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും,
സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും,
സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത്ത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്.
സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‌സാഹിപ്പിക്കപ്പെടെണ്ടതാണ്.
22. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
23.എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
24. സ്വാഭാവിക ജീവിതകാലം അതിക്രമിച്ചുകഴിഞ്ഞ താപനിലയങ്ങളും ഡാമുകളും (ഡാമുകളുടെ സാധാരണ കാലാവധി 30- 50 വര്‍ഷമാണ്) ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. (പേജ് 46, ഭാഗം 1)
അംഗീകരിക്കാന്‍ കഴിയുന്ന പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകള്‍ ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.
(മുല്ലപ്പെരിയാര്‍ പോലുള്ള ദുരന്ത ആശങ്ക വരുന്നതുവരെ കാക്കാതെ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നു)
25. മത്സ്യ സഞ്ചാര പാതകള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ മത്സ്യ പ്രജനനം നടക്കാന്‍ അവിടെയൊക്കെ മത്സ്യ ഏണി പ്രദാനം ചെയ്യുക.
26. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.
27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.
28. വനാവകാശ നിയമം അതിന്റെ ആത്മാവ് സംരക്ഷിക്കുന്ന രീതിയില്‍ സാമുദായിക വനപരിപാലനത്തോടെ നടപ്പാക്കുക.
29. ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവ 2016 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സോണ്‍ രണ്ടില്‍ ഓരോരോ കേസുകളായി പുനപ്പരിശോധിക്കാവുന്നതാണ്. പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ മുന്‍കൂര്‍ അനുമതിയും സോഷ്യല്‍ ഓഡിറ്റും കര്‍ശന മാനദണ്ഡങ്ങളും അനുസരിച്ച് മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത ധാതുക്കള്‍ക്കായി സോണ്‍ മൂന്നില്‍ ഖനനം പുതുതായി അനുവദിക്കാം.
30. വളരെ അത്യാവശ്യത്തിനല്ലാതെ, സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ശേഷമല്ലാതെ, ഒന്നും രണ്ടും സോണുകളില്‍ പുതിയ വന്‍കിട റോഡുകളോ റെയില്‍വേ പാതകളോ അനുവദിക്കരുത്. സോണ്‍ മൂന്നില്‍ അനുവദിക്കാം.
31. എല്ലാ പുതിയ ഡാം, ഖനന, ടൂറിസം, പാര്‍പ്പിട പദ്ധതികളുടെയും സംയുക്ത ആഘാത പഠനം നടത്തി, ജലവിഭവങ്ങള്‍ക്ക് മേലുള്ള അവയുടെ ആഘാതം അനുവദനീയമായ അളവിനകത്തു മാത്രം ആണെങ്കിലേ അനുവാദം നല്‍കാവൂ.
32. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ചെറുകിട ഇടത്തരം  കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. (പേജ് 40 ഭാഗം 2).
33. വന്‍കിട തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനുള്ള യന്ത്രങ്ങള്‍ക്കു സബ്‌സിഡി ലഭ്യമാക്കുക. (പേജ് 40 ഭാഗം 2).
34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .
35. താഴെ പറയുന്ന കാര്യങ്ങള്‍ക്ക്  ‘സംരക്ഷണ സേവന വേതനം’ (പണമായി) നടപ്പാക്കുക.
മ). പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്.
യ).  പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
ര).  നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
റ).  കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക്
ല).    30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക് മാറുന്നവര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്.
ള).  സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്ക്
36. വികസന പദ്ധതികള്‍ തീരുമാനിക്കുന്നത് ഗ്രാമാസഭകളിലൂടെയുള്ള പങ്കാളിത്ത സംവിധാനത്തിലൂടെ ആയിരിക്കണം (പേജ് 32, ഭാഗം 2)
37. പരിസ്ഥിതി പരിപാലനത്തിനുള്ള കഴിവുണ്ടാക്കുന്നതില്‍ പഞ്ചായത്തുകളെ ശക്തരാക്കുക.
38. ഖനനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രാദേശിക പഞ്ചായത്തുകളുമായി പങ്കുവെയ്ക്കുക.
39.  തങ്ങളുടെ സ്ഥലത്തിന്റെ നല്ലൊരു ശതമാനം ഭാഗം വനസംരക്ഷണത്തിനായി നീക്കി വെയ്ക്കുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക.
40. കൃഷിഭൂമിയില്‍ പിടിച്ചു വെച്ച്  അന്തരീക്ഷ കാര്‍ബണ്‍ കുറയ്ക്കുന്ന ജൈവകൃഷിയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുക.
line
അധിക വായനക്ക്

Monday, 7 October 2013

"സഭ വിലക്കിയ പ്രൊഫസര്‍ ജേക്കബിന്‌ വീട്ടുവളപ്പില്‍ അന്ത്യവിശ്രമം"

"സഭ വിലക്കിയ പ്രൊഫസര്‍ ജേക്കബിന്‌ വീട്ടുവളപ്പില്‍
അന്ത്യവിശ്രമം"
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ്‌ അംഗം,
CSI ഈസ്റ്റ്‌ കേരള മഹായിടവക രൂപവത്‌ക്കരണ കമ്മറ്റി കണ്‍വീനര്‍,
പ്രഥമ അത്മായ സെക്രട്ടറി,
മുട്ടം ഗ്രാമ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌ ,
മേലുകാവ്‌ ഹെന്‍റി ബേക്കര്‍ കോളേജ്‌ ചരിത്ര വിഭാഗം മേധാവി,
"ജലസ്‌നാനം ഒരു പഠനം" എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌.
താന്‍ രചിച്ച പുസ്‌തകത്തില്‍ സഭയെ പ്രകോപിപ്പിച്ചത്‌ എന്താണ്‌ ?
എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ സ്‌നാനം നടത്തി സഭയിലുള്‍പ്പെടുത്തുന്നത്‌ ശരിയല്ലെന്നും മുതിര്‍ന്ന്‌ സ്വയം തീരുമാനമെടുക്കുമ്പോള്‍ മാത്രമേ സ്‌നാനം ചെയ്യിക്കാവൂ എന്നതുമായിരുന്നു പുസ്‌തകത്തിലെ പ്രമേയം. ഇതാണ്‌ സഭയെ പ്രകോപിപ്പിച്ചത്‌.

പ്രൊഫ.ജേക്കബിന്റെ പ്രൊഫൈല്‍ കണ്ടില്ലേ..........
എന്താണ്‌ മനസ്സില്‍ തോന്നുന്നത്‌ ?
വിവരവും വിദ്യാഭ്യാസവും സഭാ സേവന പാരമ്പര്യവും ഒന്നും ഇവിടെ ബാധകമല്ല.
സഭയെന്ന സംഘത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ തൊട്ടുകളിച്ചാല്‍ ഇതായിരിക്കും തിക്താനുഭവം.
പ്രഫസര്‍ ജേക്കബ്‌ അഭിപ്രായപ്പെട്ടതു പോലെയായിരുന്നു സ്‌നാനമെങ്കില്‍ ഈ പുറത്താക്കല്‍ ന്യായമായിരുന്നു.
പ്രായപൂര്‍ത്തിക്കുശേഷം അംഗത്വമെടുത്ത സംഘടനയുടെ നിയമങ്ങള്‍ ലംഘിക്കുന്നവരെ സംഘത്തില്‍ നിന്നും പുറത്താക്കാം.
അതുപോലും ഇന്ന്‌ എളുപ്പമല്ല. സഖാവ്‌ വി.എസ്സിനെ ഒതുക്കാന്‍ പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ശ്രമം തുടങ്ങിയിട്ടെത്ര കാലമായി.

ഈ സംഭവത്തില്‍ എനിക്കു മനസ്സിലാകാത്ത ഒരു കാര്യമുണ്ട്‌. തന്നെ പുറത്താക്കിയതിനെതിരെ അദ്ദേഹം എന്തിന്‌ കോടതിയെ സമീപിച്ചു.
സ്വന്തം അപ്പനെ സെമിത്തേരിയില്‍ അടക്കം ചെയ്യണമെങ്കില്‍ അപ്പനു വേണ്ടി മക്കള്‍ ക്ഷമാപണം നടത്തണമെന്ന ആവശ്യം തള്ളിക്കളഞ്ഞ്‌ സധൈര്യം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ ചങ്കൂറ്റം കാണിച്ച മക്കളുള്ളപ്പോള്‍
പോടോ പുല്ലേ ബിഷപ്പേ എന്ന്‌ എന്തുകൊണ്ടദ്ദേഹം പറഞ്ഞില്ല. ഒരു പക്ഷേ രമ്യതയുടെ പാതയാവാം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്‌.

ബിഷപ്പുമാര്‍ വല്ലപ്പോഴുമെങ്കിലും സുവിശേഷം വായിക്കുന്നത്‌ നന്നായിരിക്കും. അങ്ങനെ വായിക്കാന്‍ സമയം കിട്ടിയാല്‍ ദയവായി മത്തായിയുടെ 5-ാം അദ്ധ്യായം 21 മുതല്‍ 26 വരെ വാക്യങ്ങള്‍ ഒന്നു വായിക്കണേ.

പിന്നെ മാമോദീസ എന്ന്‌ കൂടി അറിയപ്പെടുന്ന സ്‌നാനത്തിന്റെ കാര്യം. പാടിപ്പതിഞ്ഞ ജന്മപാപത്തിന്റെ കാര്യം ഇതൊക്കെ കാലങ്ങളായി സഭയില്‍ തര്‍ക്ക വിഷയങ്ങളാണ്‌. ദൈവശാസ്‌ത്ര പണ്‌ഢിതന്മാര്‍ തമ്മിലാണ്‌ തര്‍ക്കം .അല്ലാതെ കണ്ട ആപ്പയും ഊപ്പയും, അണ്ടനും അടകോടനും, ചെമ്മാനും ചെരുപ്പുകുത്തിയും തമ്മിലല്ല. തിയോളജിയില്‍ ഇതൊന്നും കേട്ടിട്ടില്ലെങ്കില്‍ ബിഷപ്പ്‌ പദവിയൊക്കെ എങ്ങനെയെങ്കിലും ഒപ്പിച്ചതായിരിക്കും.
ഒന്നോര്‍ത്ത്‌ സമാധാനിക്കാം, അന്ന്‌ യേശുവിനെ ഒറ്റിക്കൊടുത്തത്‌ കൂടെയുണ്ടായിരുന്ന തെരഞ്ഞെടുക്കപ്പെട്ട ശിഷ്യരില്‍ ഒരുവനായിരുന്നല്ലോ. ഇന്നത്‌ ചെയ്യുന്നതും തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ.
M.A ജോണിനെയും അദ്ദേഹത്തിന്റെ മക്കളേയും ഏറെ ബഹുമാനത്തോടെ ഈ സന്ദര്‍ഭത്തില്‍ സ്‌മരിക്കുന്നു.( കൂടുതല്‍ അറിയാന്‍ 2012 ജനുവരിയില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുള്ള "MA ജോണ്‍ നമ്മെ നയിക്കും" കാണുക)
MA ജോണ്‍ അദ്ദേഹത്തിന്റെ വീട്ടു വളപ്പില്‍ നിന്നും , പ്രഫ. ജേക്കബ്‌ അദ്ദേഹത്തിന്റെ വീട്ടു വളപ്പില്‍ നിന്നും നമ്മോടൊപ്പം ചേരുന്നു.
അവരുടെ വിശേഷങ്ങളുമായി തോന്നികയുടെ അടുത്ത ലക്കം