Tuesday, 24 January 2012

എന്റെ അഭിപ്രായം

എന്റെ ശക്തമായ അഭിപ്രായം ഇതാണ്. 
സിമിത്തേരിയില്‍ അടക്കാന്‍ വികാരിയച്ചന്‍ അനുവദിക്കാത്ത കുട്ടപ്പനെക്കാളും, അങ്കമാലിയിലെ നേഴ്‌സ് മാരെക്കളും സഭയുടെ അന്യായത്തിന്നു വിധേയരായവര്‍ പാവം അച്ചമ്മാരും കന്യാസ്ത്രീകളും ആണ്. 
15-16 വയസില്‍ നല്ല ഉദ്ദേശത്തോടെ വീട് വിട്ടിറങ്ങിയ ആ നല്ല കുട്ടികള്‍ സഭ എന്ന സാമ്രാജ്യത്തിന്റെ കാല്‍ ഭടന്മാരായി ജീവിതം തീര്‍ക്കുന്നു.
 മാര്‍പാപ്പയും മെത്രാന്മാരും പറയുന്നത് ദൈവവചനം ആയി എടുത്തു അത് പടി അനുസരിച്ച് അവര്‍ ജീവിക്കുന്നു. 
കന്യാവ്രതം എന്ന ഒരു ഹിമാലയ നുണക്കുവേണ്ടി തങ്ങളുടെ വികാരങ്ങളെ അടിച്ചമര്‍ത്തുന്നു. 
സ്‌നേഹിക്കതിരുന്നാലെ കന്യാവ്രതം പാലിക്കാന്‍ പറ്റു. 
സ്‌നേഹം പോയതിനോപ്പം ദയയും അനുകമ്പയും പോകുന്നു. അവര്‍ക്ക് സ്‌നേഹിക്കാന്‍ ശേഷിക്കുന്നത് ഒന്നെങ്കില്‍ അവരുടെ ജോലിയെ അല്ലെങ്കില്‍ സഭയെ. സഭയെ സ്‌നേഹിക്കുന്ന അവര്‍ സഭക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു. 
സഭയുടെ ചട്ടങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഗ്ലാസ് പേടകത്തില്‍ നിന്ന് വിശാസികളെ ആശിര്‍വദിച്ചു കൈയടി വാങ്ങുമ്പോള്‍ കാല്‍ഭടന്മാര്‍ സാമ്രാജ്യത്തിനു വേലി കെട്ടുന്നു, പട്ടികളെ പോലെ കുരക്കുന്നു. തിന്ന ഉപ്പിനു നന്ദി കാട്ടി അവരുടേതല്ലാത്ത സാമ്രാജ്യത്തിന്റെ നിലനില്‍പിനായി ജീവിതം പാഴാക്കുന്നു. ഇവരെ ഇങ്ങനെ കൊല്ലാകൊല ചെയ്തു മനുഷ്യകൊലങ്ങള്‍ ആക്കി തീര്‍ത്ത സാമ്രാജ്യ മോഹികളെ വേണം തൂകി കൊല്ലാന്‍...
അതുകൊണ്ട് എനിക്ക് അച്ഛന്മാരോടും കന്യസ്ത്രീകലോടും അനുകമ്പയെ ഉള്ളു

കണ്ണാടി



Administrator ന്റെ നോട്ടീസ് വായിച്ചപ്പോള്‍ ഒരു വികാരിയച്ചന്‍ അല്ലെങ്കില്‍ ഒരു മെത്രാന്‍ എഴുതിയ Notice പോലെ തോന്നി. ഞങ്ങളുടെ പ്രസ്ഥാനത്തിന് ചില നിയമങ്ങളും ചിട്ടകളും ഒക്കെ ഉണ്ട്. അതനുസരിച്ച് പെരുമാറിയില്ലെങ്കില്‍ എഴുതുന്നത് മായിക്കും, എഴുത്ത് നിരോധിക്കും എന്നൊക്കെ. വിമര്‍ശിക്കാന്‍ എന്ത് എളുപ്പമാണ്?
 സ്വന്തമായി ഒരു പ്രസ്ഥാനത്തിന്റെ ചുമതല ആകുമ്പോള്‍ അങ്ങനെ ഒക്കെ എല്ലാവരും പെരുമാറും. അത് മനുഷ്യ സ്വഭാവം. അതില്‍ ഒരു തെറ്റും ഇല്ല. എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ലക്ഷ്യങ്ങളും നിയമങ്ങളും പെരുമാറ്റചിട്ടകളും ഉണ്ട്. അത് ഉണ്ടാക്കുന്നവരായിരിക്കില്ല പലപ്പോഴും അത് നടപ്പാക്കുന്നത്. 
അച്ചന്മാരും പള്ളിയും ചെയ്യുന്നതെല്ലാം ശരിയാണ് എന്നല്ല പറഞ്ഞു വരുന്നത്. പക്ഷെ തിണ്ണമിടുക്ക് കാണിക്കാന്‍ അച്ചമാര്‍ക്ക് മാത്രമല്ല അറിയാവുന്നത് എന്ന് മനസിലായി.

കാഹില്‍ ജിബ്രാന്‍ എന്ന ഇസ്രേല്‍ കവി നമ്മള്‍ ഓരോരുത്തരെയും പറ്റി പറഞ്ഞത് ഇങ്ങനെയാണ്. ഒരു സമാജത്തിലെ ഏറ്റവും നല്ലതും ഏറ്റവും ചീത്തയും നമ്മളില്‍ എല്ലാവരിലും ഉണ്ട്. 

ഈ അച്ചന്മാരും കന്യാസ്ത്രീകളും എവിടുന്നു വന്നു. അവരെല്ലാം നമ്മുടെ അനിയന്മാരും, ചേട്ടന്മാരും, പെങ്ങന്മാരും, ബന്ധുക്കളും, ബാല്യകാലസുഹൃതുകളും, അയല്‍വാസികളും ഒക്കെ അല്ലെ? അവരാരും നമ്മളെക്കാള്‍ നല്ലവരോ ചീത്തയോ ആണോ? അല്ല. പിന്നെ ഒരു സംഘനയുടെ അംഗമായപ്പോള്‍ ആ മുന്‍ബന്ധം എവിടെ പോയി? അവരെല്ലാം ഇങ്ങനെ മാറി പോകാന്‍ കാരണം എന്ത്? നമ്മളുടെ സമുദായത്തില്‍ നിന്ന് അച്ഛനാകാന്‍ പോകുന്ന പിള്ളേരെ പറ്റി ഒന്ന് ഓര്‍ത്തു നോക്കുക. വലിയ തലയെടുപ്പും കഴിവും ഒന്നും ഉള്ളവരായിരിക്കുകയില്ല ഈ കുട്ടികള്‍.. മറിച്ച് അച്ചടക്കവും ഭക്തിയും അനുസരണയും ഉള്ള കുട്ടികള്‍. അവര്‍ ചെറുപ്പത്തിലെ വീട് വിട്ടു. 10-15 കൊല്ലം അവരുടേതായ ഒരു കൊച്ചു ലോകത്തില്‍ ജീവിക്കുന്നു. അവരുടെ നിലയും, വിലയും, നിലനില്പും എല്ലാം ആ ലോകത്തില്‍ ആണ്. ബന്ധങ്ങളും കൂട്ടുകെട്ടുകളും ആ ലോകത്തിന്റെ ചുറ്റളവില്‍ നില്‍ക്കുന്നു. 
അച്ചനായി കഴിഞ്ഞും അവരില്‍ ഓരോരുത്തരുടെയും പ്രധാന ബന്ധങ്ങള്‍ മറ്റു അച്ചന്മാരോട് ആണ്. കൂറ് തന്റെ വളര്‍ത്തപ്പനായ മെത്രാനോടും. നമ്മളെപ്പോലെ തിന്ന ചോറിനു നന്ദി അവര്‍ക്കും ഉണ്ട്. മെത്രാനോ? തന്നെ മെത്രാനാക്കിയ മാര്‍പാപ്പയോടും. ഇതിനാണ് organizational loyatly എന്ന് പറയുന്നത്. വൈദീകര്‍ക്ക് അല്മായരോടല്ല പ്രധാന ബന്ധം.(അങ്ങനെ ബന്ധപ്പെടാന്‍ വന്നാല്‍ നമ്മള്‍ സമ്മതിക്കുകയും ഇല്ല പ്രത്യേകിച്ചു പെണ്ണുങ്ങളുള്ള വീടാണേല്‍). 
വികാരി എന്നത് ഒരു ജോലി, ഒരു ചുമതല. അത് അവരെ ഏല്പിച്ചിരിക്കുന്നത് അല്മായരല്ല അവരുടെ മെത്രാനാണ്. അവരുടെ നിലയും വിലയും മറ്റു അച്ചന്മാരും മെത്രാനും അവരെ എങ്ങനെ അവലോകനം ചെയ്യുന്നു എന്നനുസരിച്ചിരിക്കും. 
ഒരു district collector ന്റെ കാര്യമെടുക്കുക. പൊതുജനം അവരെപ്പറ്റി എന്ത് പറഞ്ഞാലും അവര്‍ക്കെന്താ? മറ്റു administrative officers അവരെ പറ്റി എന്ത് പറയുന്നു എന്നതാണ് പ്രധാനം. അവരുടെ പ്രൊമോഷനും ശമ്പളവും അതിനെ ആധാരപെടുത്തിയാണ്. അച്ചന്മാരും അതുപോലെ തന്നെ. അവര്‍ കത്തോലിക്കാ സഭ എന്ന multinational corporation ന്റെ ജോലിക്കാരാണ്. 
ഈ സഭ നമ്മുടെതാണ് എന്നതു ഏറ്റവും വലിയ ഒരു മിഥ്യയാണ്.. വിശ്വാസവും പാരമ്പര്യവും ഒക്കെ നമ്മള്‍ ഓരോരുതരുടെതുമാണ്. പക്ഷെ സഭ എന്ന പ്രസ്ഥാനം നമ്മുടേതല്ല. പിരിവിനു ഇറങ്ങുമ്പോള്‍ അച്ചന്മാര്‍ അങ്ങനെ പറഞ്ഞേക്കാം രാഷ്ട്രിയക്കാര്‍ ഇലക്ഷന് മുന്‍പ് തരുന്ന വാഗ്ദാനങ്ങളുടെ വിലയെ അതിനു കൊടുക്കാവൂ. അല്മായര്‍ സഭയുടെ സമ്പത്താണ് എന്നൊക്കെ വല്ല ധ്യാന ഗുരുക്കളും പറഞ്ഞെങ്കില്‍ അത് ശരിയാ. അല്മായരാണ് സഭയുടെ economic base. 
Bollywood ഒരു dream factory ആണ് എന്ന് കേട്ടിട്ടില്ലേ. നമ്മള്‍ മരുന്ന് മേടിക്കാനുള്ള കാശു കൊടുത്തു സിനിമ ടിക്കറ്റ് മേടിക്കുന്നതെന്തിനാ. ഈ ദുരിതം പിടിച്ച ജീവിതത്തില്‍ നിന്ന് രഷപെട്ടു രണ്ടു മൂന്നു മണിക്കൂര്‍ സ്വപനം കാണാന്‍. സഭ ജീവിത പ്രശ്‌നങ്ങള്‍ക്ക് വായുഗുളിക പോലെ ലളിതമായ പ്രതിവിധികള്‍ നല്‍കുന്നു. നമ്മള്‍ അത് സ്വമനസാ മേടിക്കുന്നു പോക്കറ്റിലിരിക്കുന്ന കാശ് സന്തോഷത്തോടെ കൊടുക്കുന്നു. 
ആ വായുഗുളിക അരുവിത്തുറയും മലയാറ്റൂരും ഒക്കെ പല പല brand ആയി വിതരണം ചെയ്യപ്പെടുന്നു. സഭയ്ക്കുണ്ടായ സ്വത്തിന്റെ പ്രധാന ഭാഗം ഈ വായുഗുളിക വിലപനയില്‍ നിന്നാണ്. അത് പിന്നെ college ലും shopping complex ലും ഒക്കെ സഭ ഇന്‍വെസ്റ്റ് ചെയ്തു പണം വര്‍ദ്ധിപ്പിച്ചു. അത് സഭയിലെ മിടുക്കന്മാരുടെ അതിബുദ്ധി.

ഒന്നുമല്ലെങ്കിലും ഒരു കാര്യത്തില്‍ നമുക്ക് ആശ്വസിക്കാം. അംബാനി കാശുണ്ടാക്കിയാല്‍ അത് അയാളുടെ മക്കള്‍ക്ക്. മണര്‍കാട്ട് പാപ്പന്‍ കാശുണ്ടാക്കിയാല്‍ അത് അയാളുടെ കുടുംബത്തിനു കൊള്ളം. പക്ഷെ ഏതു കൂലി പണിക്കാരന്റെ മകനും സെമിനാരിയില്‍ ചേരാം, ഒന്ന് ഉത്സാഹിച്ചാല്‍ അച്ഛനാകാം, ഈ multinational corporation ന്റെ അംഗമാകാം. മെത്രനായില്ലെങ്കിലും ഒരു വികാരിയെങ്കിലും ആകാം. അതുകൊണ്ട് ഒരു കുടുംബമെങ്കിലും രക്ഷപെടില്ലേ?

വിമര്‍ശകര്‍ എപ്പോഴും ഈശോയുടെ ഉദാഹരണമാണ് ഉയര്ത്തിപിടിക്കുന്നത്. ഈശോ ശിഷ്യരോട് എല്ലാം ഉപേക്ഷിച്ചു തന്റെ പിന്‍പേ ചെല്ലാന്‍ കല്പിച്ചു. ആ യേശുവിന്റെ അനുയായികളാണോ ഈ വക ലൌകിക സമ്പത്തും സാമ്രാജ്യവും കെട്ടിപിടിച്ചു ജീവിക്കുന്നത് എന്നൊക്കെ. 

അല്ല ഒന്നോര്‍ത്തു നോക്കിക്കേ. അവര്‍ക്കും യേശുവിനെ പോലെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തി ഉണ്ടായിരുന്നെങ്കില്‍ ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ലയിരുന്നെനെ. ഒരിക്കല്‍ വിശന്നപ്പോള്‍ നോക്കിയ മരത്തില്‍ പഴം കിട്ടാതെ വന്നപ്പോള്‍ അതിനെ ശപിച്ചു ഉണക്കിയ കര്‍ത്താവിന്റെ ശക്തി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഏത് ഹോട്ടലിലും കേറി ഫ്രീയായി ശാപ്പിടാമായിരുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പ് മാറ്റാമെങ്കില്‍ എത് ഇലക്ഷനും ഇന്ന് ജയിക്കാം DMK സ്ഥാനാര്‍ഥി ആയി. എത് അസുഖവും സുഖപ്പെടുത്തുവാന്‍ പറ്റുമെങ്കില്‍ പിന്നെതിനു ഹോസ്പിറ്റല്‍. ഈശോയുടെ ദൈവശക്തി കണ്ടിട്ടാണ് ശിഷ്യന്മാര്‍ കൂടെ കൂടിയത്. അതില്ലാത്ത അനുയായികള്‍ മറ്റുവിധം ശക്തികള്‍ ആര്ജിക്കുന്നു. അതില്‍ ഭാഗം പറ്റുന്നവര്‍ അത് ആസ്വദിക്കുന്നു. അതില്ലാത്തവര്‍ പ്രതിപക്ഷം ഭരണകൂടത്തെ വിമര്‍ശിക്കുന്ന പോലെ ഇരുന്നു പരാതിപെടുന്നു. അവര്‍ക്കും എന്തെങ്കിലും ഒരു ഓഹരി കിട്ടുന്നത് വരെ. അല്ലാതെന്തു 

Monday, 23 January 2012

വീതംവെപ്പ്


രണ്ട് ആണ്‍കുട്ടികള്‍ ഒരു മലയിലേയ്ക്ക് നെല്ലിക്ക പറിക്കാന്‍ പോയി. നടന്നു പോകുന്ന വഴിക്ക് തന്നെ അവരുടെ കൈവശം ഉണ്ടായിരുന്ന ചെറിയ തൊട്ടിയില്‍ നിറയെ നെല്ലിക്ക കിട്ടി. 

പിന്നെ പോക്കറ്റുകളില്‍ നിറച്ചു. ഇനി ശേഖരിക്കാന്‍ സ്ഥലമില്ലെന്ന് കണ്ട് അവര്‍ മലയിറങ്ങി. റോഡരുകിലുള്ള ഒരു സെമിത്തേരിയിലെത്തിയപ്പോല്‍, കിട്ടിയ നെല്ലിക്ക പങ്കുവെയ്ക്കാന്‍ പറ്റിയ സ്ഥലമെന്ന് കരുതി അവിടെയുണ്ടായിരുന്ന ഒരു വലിയ ഓക് മരത്തിന്റെ ചുവട്ടില്‍ രണ്ടുപേരും ഇരുന്നു.
കിട്ടിയ നെല്ലിക്ക മുഴുവന്‍ അവിടെ കുടഞ്ഞിട്ടു. 
അപ്പോള്‍ അതില്‍ രണ്ടെണ്ണം ഉരുണ്ട് റോഡരുകിലേക്ക് പോയി. 
പിന്നെ അവര്‍ പങ്കുവെയ്പ് ആരംഭിച്ചു. 'ഒന്ന് നിനക്ക് . . . . ഒന്ന് എനിക്ക് . . . . ഒന്ന് നിനക്ക് . . . . .ഒന്ന് . . .എനിക്ക് ' ഇങ്ങനെ പങ്കുവെയ്പ്പ് തുടര്‍ന്നു.
ഈ സമയത്ത് ആ വഴി വന്ന ഒരു കുട്ടി ഇവരുടെ ശബ്ദം കേള്‍ക്കാനിടയായി. 

അവന്‍ ചുറ്റുപാടും നോക്കി. ആരേയും കാണുന്നില്ല. 
ഒന്ന് സംശയിച്ചു നിന്ന അവന്‍ ഓടി വീട്ടിലെത്തി. 'അപ്പാ. . . . .അപ്പാ' എന്ന് വിളിച്ച് വീട്ടിനുള്ളിലെത്തി. 
‘’ 'സെമിത്തേരിയില്‍ . . . . . . . പെട്ടെന്നു വാ’’. . . . . . .'
‘’എന്താ കാര്യം’’ അപ്പന്‍ ചോദിച്ചു.’’ 'സെമിത്തേരിയില്‍ പെട്ടെന്ന് വാ'’’ അവന്‍ കിതച്ചുകൊണ്ട് പറഞ്ഞു. 

കുട്ടിയും അപ്പനും കൂടി ഓടി സെമിത്തേരിയിലെത്തി. റോഡിനു മുകളില്‍ നിന്നു. 
‘’'അപ്പന്‍ അത് കേട്ടില്ലേ?' മകന്‍ പതുക്കെ ചോദിച്ചു. രണ്ടുപേരും കാത് കൂര്‍പ്പിച്ചു നിന്നു. ‘’'ഒന്നെനിക്ക്. . . . .ഒന്ന് നിനക്ക്'’’ വീണ്ടും ആ ശബ്ദം അവര്‍ കേട്ടു. 
കുട്ടി മന്ത്രിച്ചു. ‘’'ദൈവവും പിശാശും കൂടി ആത്മാക്കളെ പങ്കിടുന്നതാ'’’.
കുട്ടികള്‍ നെല്ലിക്ക മുഴുവന്‍ പങ്കിട്ട് കഴിഞ്ഞു. അവസാനം അതിലോരു കുട്ടി മറ്റെയാളോട് പറഞ്ഞു. 

‘റോഡിലുള്ളത് രണ്ടെണ്ണം കൂടിയായാല്‍ മുഴുവനാകും’’. 
അത് കേട്ട് അപ്പനും മകനും ഓടിയ വേഗതയില്‍ ആരും ഓടിയിട്ടുണ്ടാവില്ല.

Thursday, 19 January 2012

കറുത്ത ആടുകളും വെളുത്ത ആടുകളും


ഒരാട്ടിടയന്‍ ആടുകളെ മേയ്ക്കുന്നു....
നഗരത്തില്‍ നിന്നെത്തിയ ഒരാള്‍ ആട്ടിടയനോട് ചോദിച്ചു
'നിങ്ങളുടെ ആടുകള്‍ ഒരു ദിവസം എത്ര കിലോമീറ്റര്‍ നടക്കും?'
ആട്ടിടയന്‍ ; ഏതാടുകളേക്കുറിച്ചാണ് ചോദിക്കുന്നത്? വെളുത്ത ആടുകളേക്കുറിച്ചോ കറുത്ത ആടുകളേക്കുറിച്ചോ?
നഗരവാസി ; വെളുത്ത ആടുകള്‍
ആട്ടിടയന്‍ ; ഏകദേശം 4 കി.മീ
നഗരവാസി ; കറുത്ത ആടുകളോ ?
ആട്ടിടയന്‍ ; അവയും 4 കിലോമീറ്റര്‍.
നഗരവാസി ; അവ ദിവസം എന്തു മാത്രം തീറ്റ തിന്നും ?
ആട്ടിടയന്‍ : ഏതാടുകളേക്കുറിച്ചാണ് ?
നഗരവാസി : വെളുത്തവ
ആട്ടിടയന്‍ ; 3 കി. ഗ്രാം
നഗരവാസി : കറുത്തതോ
ആട്ടിടയന്‍ : അവ 3 കിലോഗ്രാം
നഗരവാസി : ആടുകളില്‍ നിന്ന് ഒരു വര്‍ഷം എന്തു മാത്രം കമ്പിളി കിട്ടും ?
ആട്ടിടയന്‍ ; ഏതാടുകളേക്കുറിച്ചാ ?
നഗരവാസി. : വെളുത്തത്
ആട്ടിടയന്‍ : 5 കെട്ട്
നഗരവാസി : കറുത്തതോ ?
ആട്ടിടയന്‍ : 5കെട്ട് തന്നെ
നഗരവാസി അക്ഷമനായി. എന്താ ഇങ്ങനെ. ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?
ആട്ടിടയന്‍ ; തീര്‍ച്ചയായും, വെളുത്ത ആടുകള്‍ എന്റേതാണ്.
നഗരവാസി : അപ്പോള്‍ കറുത്ത ആടുകളോ ?
ആട്ടിടയന്‍ : അവയും എന്റേതു തന്നെ

ഏത് ലിസ്റ്റില്‍

ഒരച്ചന്‍ മരിച്ച് സ്വര്‍ഗ്ഗകവാടത്തിലെത്തി.
പത്രോസ്സും പരിവാരങ്ങളും കവാടത്തിലുണ്ട്.
ലിസ്റ്റ് പരിശോധിച്ച് ഓരോരുത്തരെ സ്വര്‍ഗ്ഗത്തിലേക്ക് കയറ്റിവിടുകയാണ്.
അച്ചന്റെ ഊഴമെത്തി.
ആരാണ് ? എന്ത് ചെയ്തിരുന്നു ?
'ഞാന്‍ അച്ചനാണ്.'
പത്രോസ് വൈദികരുടെ ലിസ്റ്റ് നോക്കി. അതില്‍ പേരില്ല.
വേറെ എന്തു ചെയ്തു ?
'വചന പ്രഘോഷണം നടത്തി.'
ധ്യാനക്കാരുടെ ലിസ്റ്റ് നോക്കി. ഇല്ല കണ്ടില്ല.
വേറെ ?.....
'കുമ്പസാരിപ്പിച്ചു.'
പത്രോസ് കൂദാശകളുടെ ലിസ്റ്റ് നോക്കി. ഇല്ല അതിലുമില്ല.
'അങ്ങ് മാറി നില്ക്ക്.' പത്രോസ് പറഞ്ഞത് കേട്ട് അച്ചന്‍ മാറിനിന്നു.
തൊട്ടുപുറകില്‍ നിന്ന ഓട്ടോ ഡ്രൈവറുടെ ഉഴമായി.
അയാളുടെ പേര്‍ ഡ്രൈവര്‍മാരുടെ ലിസ്റ്റില്‍ നോക്കിയിട്ട് കണ്ടില്ല.അപ്പോഴാണ് മുമ്പ് വൈദികരുടെ ലിസ്റ്റില്‍ ഈ പേര് കണ്ടത് പത്രോസ് ഓര്‍മ്മിച്ചത്.
അത്ഭുതപ്പെട്ട് നിന്ന ഓട്ടോക്കാരനോട് പത്രോസ് പറഞ്ഞു. 'ഈ വൈദികന്റെ വചനപ്രഘോഷണത്തില്‍ പങ്കെടുത്തവര്‍ വളരെ വൈകി വീട്ടില്‍ പോകാന്‍ ഇയാളുടെ ഓട്ടോയില്‍ കയറിയപ്പോള്‍ ദൈവമേ എന്ന് ഇടയ്ക്കിടെ വിളിച്ചിരുന്നു.'
അയാളെ സ്വര്‍ഗ്ഗത്തിലേക്ക് കയറ്റി വിട്ടു.
ഇത് കണ്ട് അച്ചന് ദേഷ്യം വന്നു. 'ഇതെന്ത് കൂത്താ കണ്ട ഓട്ടോക്കാരനെ വിട്ടിട്ടും എന്നെ വിടാത്തത്' എന്നു ചോദിച്ചു.
'ഓര്‍ത്ത് നോക്കിക്കേ നിങ്ങള്‍ വേറെയെന്തെങ്കിലും ചെയ്തിട്ടുണ്ടോ.' പത്രോസ് വീണ്ടും ചോദിച്ചു.
അല്പം ചിന്തിച്ച് അച്ചന്‍ പറഞ്ഞു. 'പാരീഷ് ഹാള്‍ നിര്‍മ്മിച്ചിട്ടുണ്ട്.'
പത്രോസ് ഉടന്‍ മേസ്തിരിമാരുടെ ലിസ്റ്റ് നോക്കി. അതാ അവിടെക്കിടക്കുന്നു അച്ചന്റെ പേര്.
അച്ചനെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിച്ചുകൊണ്ട് പത്രോസ് 'ഇത് നേരത്തെ പറഞ്ഞാല്‍ മതിയായിരുന്നു.

Tuesday, 17 January 2012

കഴിക്കാം കരുതലുണ്ടാകണം.



''മാഷെ ഇങ്ങോട്ടിരുന്നുകൊള്ളു'' തിരക്കില്‍ ആരോ പറഞ്ഞു. 

ഞാന്‍ തിരിഞ്ഞുനോക്കി. ഒരു ചെറുപ്പക്കാരന്‍ എന്റെ നേരെ നോക്കി ചിരിച്ചുകൊണ്ട് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നു.
 കോട്ടയത്തിന് പോകാന്‍ രാവിലെ കെ.എസ്.ആര്‍.റ്റി.സി. ബസ്സില്‍ കയറിയതാണ്. നല്ല തിരക്കുണ്ട്. ഉന്തിത്തള്ളി ഒരുവിധം മുന്നിലെത്തി. ചാരിനില്‍ക്കാന്‍ ഒരു സീറ്റ് നോക്കി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായ ഈ ഓഫര്‍.


പഠിപ്പിച്ച കുട്ടികളാരെങ്കിലുമാകും. ആ ചെറുപ്പക്കാരനെ എങ്ങോ കണ്ട് മറന്നതുപോലെ. പക്ഷേ എന്നോ പഠിപ്പിച്ചു എന്നു കരുതി പാരയാകരുതല്ലോ.


''നന്ദി, ഞാന്‍ നിന്നോളാം'' എന്നു പറഞ്ഞ് ആ ചെറുപ്പക്കാരനെ തോളില്‍പിടിച്ച് ഇരുത്താന്‍ ശ്രമിച്ച സമയത്ത് അടുത്തുനിന്ന മറ്റൊരാള്‍ ആ സീറ്റില്‍ കയറി ഇരുന്നു.


''ശ്ശെടാ..... ഇതു കൊള്ളാമല്ലോ? ഇതെന്തു മര്യാദയാ'' ചെറുപ്പക്കാരന്‍ ക്ഷുഭിതനായി.


''ങ.... സാരമില്ല പോട്ടെ'', ഞാന്‍ സമാധാനിപ്പിച്ചു. ''അപ്പന്‍ ചത്തിട്ടു വേണം ആ കട്ടിലില്‍ കിടക്കാനെന്ന് വിചാരിക്കുന്നവരുണ്ടെന്ന് കേട്ടിട്ടില്ലേ. പലരുടെയും വിചാരം തനിയ്ക്കിരിക്കാന്‍ കിട്ടിയ സീറ്റില്‍ ജീവിതകാലം മുഴുവന്‍ ഇരിക്കാമെന്നാ''


''മാഷ അയാള്‍ നല്ല ആരോഗ്യവാനല്ലേ? ഒരു വൃദ്ധനോ, കുഞ്ഞുങ്ങളേയും കൊണ്ട് വരുന്നവരോ, രോഗികളോ വല്ലതുമാണെങ്കില്‍ സാരമില്ലായിരുന്നു.'' ചെറുപ്പക്കാരന് അമര്‍ഷം അടങ്ങുന്നില്ല.
ഞാന്‍ സീറ്റിലിരുന്നയാളെ നോക്കി. അയാള്‍ക്ക് ഇതൊന്നും കേട്ടഭാവമേയില്ല. എന്തു കേട്ടാലും നാണമില്ലാത്ത വര്‍ഗ്ഗം തന്നെയെന്ന് തോന്നി.
മാഷ് ചെറുപ്പക്കാരനോട് പറഞ്ഞു. ''നാണവും മാനവും മര്യാദയുമില്ലാത്തവരോട് വെറുതെ സംസാരിച്ചിട്ടെന്തു കാര്യം''


''എന്തായാലും നമുക്കൊന്ന് പരിചയപ്പെടാമല്ലോ. ഇയാളെ എനിക്ക് ശരിക്ക് പിടികിട്ടിയില്ല.''


''മാഷേ, മാഷിനെന്നെ മനസ്സിലായില്ലേ, ഞാന്‍ പ്രവീണാണ്. മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്.
''വര്‍ഷം കുറെയായില്ലേ? പ്രവീണ്‍ വളരെ മാറിപ്പോയി.'' മാഷിനെന്നോട് വെറുപ്പാണെന്നാ ഞാന്‍ വിചാരിച്ചിരുന്നത്. പ്രവീണ്‍ പറഞ്ഞു. അതെന്തിന്? മാഷ് ചോദിച്ചു. ''മാഷെ ഞാന്‍ പഠനം നിര്‍ത്തിയതെങ്ങിനെയെന്ന് മാഷ് ഓര്‍ക്കുന്നുണ്ടാവില്ല''


''ഇല്ല, എന്തുപറ്റി'' ഇങ്ങനെ ചോദിച്ച് മാഷ് മുന്നോട്ട് വീഴാന്‍ വേച്ചുപോയി. വണ്ടി സഡണ്‍ ബ്രേക്കിട്ടതാണ്. ആളുകള്‍ എഴുന്നേറ്റ് പുറത്തേക്ക് നോക്കുന്നു. ഒരു ബൈക്ക് ബസ്സിന് കുറുകെ റോഡില്‍ കിടക്കുന്നു. ഒരു പയ്യന്‍ നിന്ന് വിറയ്ക്കുന്നു. കൂടിയാല്‍ പതിനഞ്ച് വയസ്സ് കാണും.
''നീ എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നെ'' ഡ്രൈവറുടെ ചോദ്യം ഉയര്‍ന്നു കേട്ടു. ''മുട്ടയില്‍നിന്ന് വിരിഞ്ഞില്ല അതിനുമുമ്പ് ഓരോരുത്തരിറങ്ങിക്കോളും ബാക്കിയുള്ളവനേ മിനക്കെടുത്താന്‍'' ഒരു യാത്രക്കാരന്‍ ഉറക്കെ പറഞ്ഞു.
ഒരു പോക്കറ്റ് റോഡില്‍നിന്ന് ഇടംവലം നോക്കാതെ നേരെ കേറി വന്നതാണ്.
''എന്തിനിവനെപ്പറയണം. മുലകുടി മാറാത്ത ഇവനൊക്കെ വണ്ടി വാങ്ങിക്കൊടുക്കുന്ന തന്തയ്ക്കിട്ട് വേണം പൊട്ടിക്കാന്‍.'' മറ്റൊരു യാത്രക്കാരന്‍. ആരൊക്കെയോ ഓടിക്കൂടി, വണ്ടി വഴിയില്‍ നിന്ന് മാറ്റി. ബസ്സ് മുന്നോട്ടെടുത്തു.



 അല്പസമയത്തിനുശേഷം പ്രവീണ്‍ തുടര്‍ന്നു. ''അന്നൊരിക്കല്‍ ഹോംവര്‍ക്കായി മാഷ് ക്ലാസ്സില്‍ പറഞ്ഞുതന്ന പ്രോബ്ലം എനിക്ക് പിടികിട്ടിയില്ല. ഇതെന്നാ..........ചോദ്യമാണെന്ന(ഒരു ചെറിയ തെറിയാ പറഞ്ഞത്) എന്റെ ആത്മഗതം മാഷ് കേട്ടു. മാഷെന്നെ പൊക്കി. പിന്നെ പഠിച്ചില്ല.


''ഓ.... ഇപ്പോള്‍ ഞാനോര്‍ക്കുന്നു.'' മാഷ് പറഞ്ഞു. ''അന്നെനിക്കൊരബദ്ധം പറ്റി. അതിനിത്ര ഗൊരവം കൊടുക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. 
''പക്ഷേ മാഷേ, അതെനിക്കൊരനുഗ്രഹമായി. സംസാരത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. നല്ല സംസാരം ബിസ്സിനസ്സിനെ കൂടുതല്‍ മെച്ചപ്പെടുത്തി. അന്ന് മാഷിനോടെനിക്ക് വെറുപ്പ് തോന്നിയെന്നത് നേരാ. കാരണം എന്റെ അപ്പന്‍ ദിവസവും കള്ളുകുടിച്ച് വീട്ടില്‍വന്ന് പറയുന്ന തെറി കേട്ടാണ് ഞാന്‍ വളര്‍ന്നത്. അന്നൊക്കെയെന്റെ വിചാരം ഇതൊക്കെ എല്ലാവരും പറയുന്നതാണെന്നാ. ഞാന്‍ എന്നും കേള്‍ക്കുന്നതിലെ ഏറ്റവും ഗ്രേഡ് കുറഞ്ഞ ഒരു തെറി പറഞ്ഞതിനാണല്ലോ മാഷ് ഇത്രയും പ്രശ്‌നമുണ്ടാക്കിയതെന്ന് ഞാന്‍ വിചാരിച്ചു.'' പ്രവീണ്‍ വാചാലനായി.


''അതാണ് ഞാന്‍ പറഞ്ഞത് എനിക്ക് അബദ്ധം പയറ്റിയെന്ന്'' മാഷ് പറഞ്ഞു. ''അന്നെന്റെ വിചാരം കുട്ടികള്‍ ഇതൊക്കെ കൂട്ടുകാരില്‍നിന്നും നാട്ടുകാരില്‍നിന്നുമൊക്കെയാണ് പഠിക്കുന്നതെന്നായിരുന്നു. പല കുടുംബങ്ങളിലും മാതാപിതാക്കള്‍ ഇത്തരം പദപ്രയോഗങ്ങള്‍ നടത്താറുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. 
''എലിയുടെ കുഞ്ഞ് നെല്ലു തൊലിക്കും'' എന്നു പറയുന്നതുപോലെ, അല്ലേ മാഷേ'' പ്രവീണ്‍ പറഞ്ഞു.
''അതേ.... അപ്പോള്‍ കുട്ടികളെ ശിക്ഷിച്ചിട്ട് എന്താ കാര്യം?''
''കൂടുതലും മദ്യപാനികളുടെ വീട്ടിലാണ് മാഷേ ഈ പ്രശ്‌നമുള്ളത്'' പ്രവീണ്‍ തന്റെ അനുഭവം പറഞ്ഞു. 

''ഇത് മദ്യപിക്കുന്നവരുടെ മാത്രമല്ല, മദ്യപിക്കാത്തവരുടെ വീടുകളിലുമുണ്ട്. മദ്യപിക്കാത്തവരുടെ കുടുംബങ്ങളില്‍ മാതാപിതാക്കള്‍ മനസ്സുവെച്ചാല്‍ ഈ വൈകൃതം എളുപ്പം പരിഹരിക്കാം. മദ്യപാനികളുടെ കാര്യത്തില്‍ വേണ്ടത് മറ്റൊന്നാണ്'' മാഷ് പറഞ്ഞു നിര്‍ത്തി.


അവര്‍ മദ്യപാനം നിര്‍ത്തണം. അല്ലേ മാഷേ''? പ്രവീണ്‍ ചോദിച്ചു. ''അല്ല. അവര്‍ മദ്യപിച്ചോട്ടെ. പക്ഷേ എങ്ങനെ, എപ്പോള്‍ എന്തുമാത്രം കഴിക്കുന്നതാണ് ശാസ്ത്രീയം എന്നവരെ പഠിപ്പിക്കണം.''


ശാസ്ത്രീയമായ മദ്യപാനമോ! അതെന്താ, മാഷേ? പ്രവീണ്‍ അത്ഭുതത്തോടെ എന്റെ നേരെ നോക്കി.
''അടിക്കുന്ന വഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിയേ അടിക്കണം എന്ന് കാരണവന്മാര്‍ പറഞ്ഞിട്ടുണ്ട്.'' ''എത്ര കാലമായി നമ്മുടെ നാട്ടില്‍ മദ്യവിരുദ്ധസമരം തുടങ്ങിയിട്ട്? 

ചാരായം ഇവിടെ നിരോധിച്ചില്ലേ? വിദേശമദ്യത്തിന് നൂറിലേറെ ശതമാനം നികുതി ചുമത്തുന്നില്ലേ? എന്നിട്ടമെന്തേ കേരളത്തില്‍ മദ്യപാനികളുടെ എണ്ണവും വില്പനയുടെ അളവും ദിനംപ്രതി കൂടി വരുന്നു. 
''ഇന്ന് ചില മതനേതാക്കന്മാരാണ് മദ്യവിരുദ്ധസമരത്തിന് മുമ്പില്‍. എന്നിട്ടും ഫലമില്ല. ഇവരുടെ വര്‍ത്തമാനം കേട്ടാല്‍ കേരളം നേരിടുന്ന ഹിമാലയന്‍ പ്രശ്‌നം മദ്യപാനമാണെന്ന് തോന്നിപ്പോകും. പ്രവീണ്‍ തന്റെ കാഴ്ചപ്പാട് പറഞ്ഞു.
 ''അപ്പോള്‍ എന്തു വേണം''? മാഷ് തുടര്‍ന്നു.
''ചില യാഥാര്‍ത്ഥ്യങ്ങളെ നാം അംഗീകരിക്കണം. മദ്യപാനം ഒഴിവാക്കാനാവില്ലെങ്കില്‍പ്പിന്നെ എന്താണ് ചെയ്യേണ്ടത്. പരമാവധി അപകടരഹിതമായും സുരക്ഷിതമായും എങ്ങനെ മദ്യപിക്കാം എന്ന് ജനത്തെ പഠിപ്പിക്കണം. ''

 ''മദ്യപാനത്തിനും ക്ലാസ്സോ?'' ഇതാരു പഠിപ്പിക്കും മാഷേ? പ്രവീണിന് സംശയമായി തോന്നി.
സംശയമെന്ത്? സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് തന്നെ അതു ചെയ്യണം. അവരല്ലേ എയ്ഡ്‌സ് തടയാന്‍ നാടുമുഴുവന്‍ കോണ്ടം വിതരണം ചെയ്യുന്നത്.'' മാഷ് പറഞ്ഞു.


''മാഷേ ഇതു വല്ലതും നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യമാണോ? പ്രവീണിന് സംശയം.


''വളരെ ബുദ്ധിമുട്ടാണ് കാരണം നാമെല്ലാം കപടസദാചാരികളും കപടവിശ്വാസികളുമാണല്ലോ?''


''എങ്കിലും മദ്യപാനികള്‍ ഒരു പെരുമാറ്റച്ചട്ടം സ്വയമേ ഉണ്ടാക്കുന്നത് നല്ലതാണ്. സ്വന്തം മകനെ ''തന്തയില്ലാത്തവനേ'' എന്ന് എന്നു വിളിക്കാന്‍ തക്ക വെളിവില്ലാതെ വീട്ടിലെത്തി സ്വന്തം മക്കളെ ചീഞ്ഞ തെറി പഠിപ്പിക്കില്ലെന്ന് നിശ്ചയിക്കാം. അതിന്, മദ്യപാനത്തിന്റെ ലക്ഷ്യം ബോധം മറയുക എന്നതാകാതെ മിനിമം അളവില്‍ കഴിച്ച് ആസ്വദിക്കുക എന്നതാകണം. മാഷ് ഒന്നു നിര്‍ത്തി.
''അപ്പോള്‍ മാഷെന്താണ് പറഞ്ഞുവരുന്നത്? പ്രവീണിന് വീണ്ടും ആശയക്കുഴപ്പം.
''കഴിക്കാം. പക്ഷെ കരുതലുണ്ടാവണം'' എന്ന് പറഞ്ഞ് മാഷ് നിര്‍ത്തി. ബസ് ബേക്കര്‍ ജംഗ്ഷനിലെത്തി.
''പ്രവീണ്‍ ഇനിയെന്നെങ്കിലും കാണാം'' മാഷ് യാത്രപറഞ്ഞ് തിരക്കിട്ടിറങ്ങി

Sunday, 15 January 2012

സ്വര്‍ഗ്ഗവാതില്‍

ഒരു വൈദികന്‍ മരിച്ച് സ്വര്‍ഗ്ഗവാതുക്കല്‍ ക്യൂവില്‍ നില്‍ക്കുകയാണ്.
തൊട്ടു മുമ്പില്‍ ജീന്‍സും മുഷിഞ്ഞ ഷര്‍ട്ടും ധരിച്ച ഒരു ചെറുപ്പക്കാരന്‍.
പത്രോസ് ഓരോരുത്തരേയും പേര് വിളിച്ച് അകത്തേയ്ക്ക് വിട്ടുകൊണ്ടിരിക്കുന്നു. 

പത്രോസ് ചെറുപ്പക്കാരനോട് ‘’ നീ ആരായിരുന്നു. അതറിഞ്ഞ് വേണം നിന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ‘’.
ചെറുപ്പക്കാരന്‍ പറഞ്ഞു ‘’ ഞാന്‍ ന്യൂയോര്‍ക്കില്‍ നിന്നാണ്. കഴിഞ്ഞ 25 വര്‍ഷമായി ഡ്രൈവറാണ്". സെ. പീറ്റര്‍ അയാളുടെ ബയോഡാറ്റാ പരിശോധിച്ചു. ടാക്‌സി ഡ്രൈവറോട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 ‘’നീ ആ പട്ടുടയാടയും സ്വര്‍ണ്ണ ഭാണ്ഡവും എടുത്ത് സ്വര്‍ഗ്ഗത്തിലേയ്ക്ക് പ്രവേശിച്ചോളൂ’’.
ടാക്‌സി ഡ്രൈവര്‍ അകത്തേയ്ക്ക് പോയി.
അടുത്തത് വൈദികന്റെ ഊഴമായി. അദ്ദേഹം നിവര്‍ന്ന് നിന്ന് പറഞ്ഞു’’ ഞാന്‍ ജോസഫ് സ്‌നോ കഴിഞ്ഞ 40 വര്‍ഷമായി സെ.മേരീസ് പള്ളിയിലെ വികാരി’’. സെ. പീറ്റര്‍ അദ്ദേഹത്തിന്റെ ബയോഡാറ്റാ പരിശോധിച്ചിട്ട് പറഞ്ഞു. ‘’ പരുത്തി ഉടയാടയും തടി ഭാണ്ഡവും എടുത്ത് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിച്ചോളൂ’’.
‘’ ഒരു മിനിറ്റ്.’’ വൈദികന്‍ പറഞ്ഞു’’ ആ മനുഷ്യന്‍ വെറും ടാക്‌സി ഡ്രൈവര്‍. അയാള്‍ക്ക് പട്ടുടയാട, സ്വര്‍ണ്ണഭാണ്ഡം ഇതെന്തു കഥയാ’’.
സെന്റ് പീറ്റര്‍ പറഞ്ഞു.’’ ഇവിടെ ഞങ്ങള്‍ റിസല്‍ട്ടാണ് നോക്കുന്നത്. നിങ്ങള്‍ സുവിശേഷം പ്രസംഗിക്കുമ്പോല്‍ ജനങ്ങള്‍ ഉറങ്ങിയിരുന്നു. പക്ഷേ അയാള്‍ വണ്ടി ഓടിക്കുമ്പോള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുമായിരുന്നു.

വാല്‍ക്കഷണം
കേരളത്തിലെ കത്തോലിക്കാ കുട്ടികള്‍ക്ക്്് മൈനോറിറ്റി സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ അതാത് സ്‌കൂളുകളില്‍ നല്‍കാം. സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചാല്‍ മതി. പക്ഷേ പാലാ രൂപതയിലെ വിദ്യാലയങ്ങളില്‍ ഇടവക വികാരിയുടെ കത്തും ആവശ്യമാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. കുടുക്കിടാനൊരിടം കൂടി.