Tuesday, 17 January 2012

കഴിക്കാം കരുതലുണ്ടാകണം.



''മാഷെ ഇങ്ങോട്ടിരുന്നുകൊള്ളു'' തിരക്കില്‍ ആരോ പറഞ്ഞു. 

ഞാന്‍ തിരിഞ്ഞുനോക്കി. ഒരു ചെറുപ്പക്കാരന്‍ എന്റെ നേരെ നോക്കി ചിരിച്ചുകൊണ്ട് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നു.
 കോട്ടയത്തിന് പോകാന്‍ രാവിലെ കെ.എസ്.ആര്‍.റ്റി.സി. ബസ്സില്‍ കയറിയതാണ്. നല്ല തിരക്കുണ്ട്. ഉന്തിത്തള്ളി ഒരുവിധം മുന്നിലെത്തി. ചാരിനില്‍ക്കാന്‍ ഒരു സീറ്റ് നോക്കി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായ ഈ ഓഫര്‍.


പഠിപ്പിച്ച കുട്ടികളാരെങ്കിലുമാകും. ആ ചെറുപ്പക്കാരനെ എങ്ങോ കണ്ട് മറന്നതുപോലെ. പക്ഷേ എന്നോ പഠിപ്പിച്ചു എന്നു കരുതി പാരയാകരുതല്ലോ.


''നന്ദി, ഞാന്‍ നിന്നോളാം'' എന്നു പറഞ്ഞ് ആ ചെറുപ്പക്കാരനെ തോളില്‍പിടിച്ച് ഇരുത്താന്‍ ശ്രമിച്ച സമയത്ത് അടുത്തുനിന്ന മറ്റൊരാള്‍ ആ സീറ്റില്‍ കയറി ഇരുന്നു.


''ശ്ശെടാ..... ഇതു കൊള്ളാമല്ലോ? ഇതെന്തു മര്യാദയാ'' ചെറുപ്പക്കാരന്‍ ക്ഷുഭിതനായി.


''ങ.... സാരമില്ല പോട്ടെ'', ഞാന്‍ സമാധാനിപ്പിച്ചു. ''അപ്പന്‍ ചത്തിട്ടു വേണം ആ കട്ടിലില്‍ കിടക്കാനെന്ന് വിചാരിക്കുന്നവരുണ്ടെന്ന് കേട്ടിട്ടില്ലേ. പലരുടെയും വിചാരം തനിയ്ക്കിരിക്കാന്‍ കിട്ടിയ സീറ്റില്‍ ജീവിതകാലം മുഴുവന്‍ ഇരിക്കാമെന്നാ''


''മാഷ അയാള്‍ നല്ല ആരോഗ്യവാനല്ലേ? ഒരു വൃദ്ധനോ, കുഞ്ഞുങ്ങളേയും കൊണ്ട് വരുന്നവരോ, രോഗികളോ വല്ലതുമാണെങ്കില്‍ സാരമില്ലായിരുന്നു.'' ചെറുപ്പക്കാരന് അമര്‍ഷം അടങ്ങുന്നില്ല.
ഞാന്‍ സീറ്റിലിരുന്നയാളെ നോക്കി. അയാള്‍ക്ക് ഇതൊന്നും കേട്ടഭാവമേയില്ല. എന്തു കേട്ടാലും നാണമില്ലാത്ത വര്‍ഗ്ഗം തന്നെയെന്ന് തോന്നി.
മാഷ് ചെറുപ്പക്കാരനോട് പറഞ്ഞു. ''നാണവും മാനവും മര്യാദയുമില്ലാത്തവരോട് വെറുതെ സംസാരിച്ചിട്ടെന്തു കാര്യം''


''എന്തായാലും നമുക്കൊന്ന് പരിചയപ്പെടാമല്ലോ. ഇയാളെ എനിക്ക് ശരിക്ക് പിടികിട്ടിയില്ല.''


''മാഷേ, മാഷിനെന്നെ മനസ്സിലായില്ലേ, ഞാന്‍ പ്രവീണാണ്. മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട്.
''വര്‍ഷം കുറെയായില്ലേ? പ്രവീണ്‍ വളരെ മാറിപ്പോയി.'' മാഷിനെന്നോട് വെറുപ്പാണെന്നാ ഞാന്‍ വിചാരിച്ചിരുന്നത്. പ്രവീണ്‍ പറഞ്ഞു. അതെന്തിന്? മാഷ് ചോദിച്ചു. ''മാഷെ ഞാന്‍ പഠനം നിര്‍ത്തിയതെങ്ങിനെയെന്ന് മാഷ് ഓര്‍ക്കുന്നുണ്ടാവില്ല''


''ഇല്ല, എന്തുപറ്റി'' ഇങ്ങനെ ചോദിച്ച് മാഷ് മുന്നോട്ട് വീഴാന്‍ വേച്ചുപോയി. വണ്ടി സഡണ്‍ ബ്രേക്കിട്ടതാണ്. ആളുകള്‍ എഴുന്നേറ്റ് പുറത്തേക്ക് നോക്കുന്നു. ഒരു ബൈക്ക് ബസ്സിന് കുറുകെ റോഡില്‍ കിടക്കുന്നു. ഒരു പയ്യന്‍ നിന്ന് വിറയ്ക്കുന്നു. കൂടിയാല്‍ പതിനഞ്ച് വയസ്സ് കാണും.
''നീ എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നെ'' ഡ്രൈവറുടെ ചോദ്യം ഉയര്‍ന്നു കേട്ടു. ''മുട്ടയില്‍നിന്ന് വിരിഞ്ഞില്ല അതിനുമുമ്പ് ഓരോരുത്തരിറങ്ങിക്കോളും ബാക്കിയുള്ളവനേ മിനക്കെടുത്താന്‍'' ഒരു യാത്രക്കാരന്‍ ഉറക്കെ പറഞ്ഞു.
ഒരു പോക്കറ്റ് റോഡില്‍നിന്ന് ഇടംവലം നോക്കാതെ നേരെ കേറി വന്നതാണ്.
''എന്തിനിവനെപ്പറയണം. മുലകുടി മാറാത്ത ഇവനൊക്കെ വണ്ടി വാങ്ങിക്കൊടുക്കുന്ന തന്തയ്ക്കിട്ട് വേണം പൊട്ടിക്കാന്‍.'' മറ്റൊരു യാത്രക്കാരന്‍. ആരൊക്കെയോ ഓടിക്കൂടി, വണ്ടി വഴിയില്‍ നിന്ന് മാറ്റി. ബസ്സ് മുന്നോട്ടെടുത്തു.



 അല്പസമയത്തിനുശേഷം പ്രവീണ്‍ തുടര്‍ന്നു. ''അന്നൊരിക്കല്‍ ഹോംവര്‍ക്കായി മാഷ് ക്ലാസ്സില്‍ പറഞ്ഞുതന്ന പ്രോബ്ലം എനിക്ക് പിടികിട്ടിയില്ല. ഇതെന്നാ..........ചോദ്യമാണെന്ന(ഒരു ചെറിയ തെറിയാ പറഞ്ഞത്) എന്റെ ആത്മഗതം മാഷ് കേട്ടു. മാഷെന്നെ പൊക്കി. പിന്നെ പഠിച്ചില്ല.


''ഓ.... ഇപ്പോള്‍ ഞാനോര്‍ക്കുന്നു.'' മാഷ് പറഞ്ഞു. ''അന്നെനിക്കൊരബദ്ധം പറ്റി. അതിനിത്ര ഗൊരവം കൊടുക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. 
''പക്ഷേ മാഷേ, അതെനിക്കൊരനുഗ്രഹമായി. സംസാരത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. നല്ല സംസാരം ബിസ്സിനസ്സിനെ കൂടുതല്‍ മെച്ചപ്പെടുത്തി. അന്ന് മാഷിനോടെനിക്ക് വെറുപ്പ് തോന്നിയെന്നത് നേരാ. കാരണം എന്റെ അപ്പന്‍ ദിവസവും കള്ളുകുടിച്ച് വീട്ടില്‍വന്ന് പറയുന്ന തെറി കേട്ടാണ് ഞാന്‍ വളര്‍ന്നത്. അന്നൊക്കെയെന്റെ വിചാരം ഇതൊക്കെ എല്ലാവരും പറയുന്നതാണെന്നാ. ഞാന്‍ എന്നും കേള്‍ക്കുന്നതിലെ ഏറ്റവും ഗ്രേഡ് കുറഞ്ഞ ഒരു തെറി പറഞ്ഞതിനാണല്ലോ മാഷ് ഇത്രയും പ്രശ്‌നമുണ്ടാക്കിയതെന്ന് ഞാന്‍ വിചാരിച്ചു.'' പ്രവീണ്‍ വാചാലനായി.


''അതാണ് ഞാന്‍ പറഞ്ഞത് എനിക്ക് അബദ്ധം പയറ്റിയെന്ന്'' മാഷ് പറഞ്ഞു. ''അന്നെന്റെ വിചാരം കുട്ടികള്‍ ഇതൊക്കെ കൂട്ടുകാരില്‍നിന്നും നാട്ടുകാരില്‍നിന്നുമൊക്കെയാണ് പഠിക്കുന്നതെന്നായിരുന്നു. പല കുടുംബങ്ങളിലും മാതാപിതാക്കള്‍ ഇത്തരം പദപ്രയോഗങ്ങള്‍ നടത്താറുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. 
''എലിയുടെ കുഞ്ഞ് നെല്ലു തൊലിക്കും'' എന്നു പറയുന്നതുപോലെ, അല്ലേ മാഷേ'' പ്രവീണ്‍ പറഞ്ഞു.
''അതേ.... അപ്പോള്‍ കുട്ടികളെ ശിക്ഷിച്ചിട്ട് എന്താ കാര്യം?''
''കൂടുതലും മദ്യപാനികളുടെ വീട്ടിലാണ് മാഷേ ഈ പ്രശ്‌നമുള്ളത്'' പ്രവീണ്‍ തന്റെ അനുഭവം പറഞ്ഞു. 

''ഇത് മദ്യപിക്കുന്നവരുടെ മാത്രമല്ല, മദ്യപിക്കാത്തവരുടെ വീടുകളിലുമുണ്ട്. മദ്യപിക്കാത്തവരുടെ കുടുംബങ്ങളില്‍ മാതാപിതാക്കള്‍ മനസ്സുവെച്ചാല്‍ ഈ വൈകൃതം എളുപ്പം പരിഹരിക്കാം. മദ്യപാനികളുടെ കാര്യത്തില്‍ വേണ്ടത് മറ്റൊന്നാണ്'' മാഷ് പറഞ്ഞു നിര്‍ത്തി.


അവര്‍ മദ്യപാനം നിര്‍ത്തണം. അല്ലേ മാഷേ''? പ്രവീണ്‍ ചോദിച്ചു. ''അല്ല. അവര്‍ മദ്യപിച്ചോട്ടെ. പക്ഷേ എങ്ങനെ, എപ്പോള്‍ എന്തുമാത്രം കഴിക്കുന്നതാണ് ശാസ്ത്രീയം എന്നവരെ പഠിപ്പിക്കണം.''


ശാസ്ത്രീയമായ മദ്യപാനമോ! അതെന്താ, മാഷേ? പ്രവീണ്‍ അത്ഭുതത്തോടെ എന്റെ നേരെ നോക്കി.
''അടിക്കുന്ന വഴിയേ പോയില്ലെങ്കില്‍ പോകുന്ന വഴിയേ അടിക്കണം എന്ന് കാരണവന്മാര്‍ പറഞ്ഞിട്ടുണ്ട്.'' ''എത്ര കാലമായി നമ്മുടെ നാട്ടില്‍ മദ്യവിരുദ്ധസമരം തുടങ്ങിയിട്ട്? 

ചാരായം ഇവിടെ നിരോധിച്ചില്ലേ? വിദേശമദ്യത്തിന് നൂറിലേറെ ശതമാനം നികുതി ചുമത്തുന്നില്ലേ? എന്നിട്ടമെന്തേ കേരളത്തില്‍ മദ്യപാനികളുടെ എണ്ണവും വില്പനയുടെ അളവും ദിനംപ്രതി കൂടി വരുന്നു. 
''ഇന്ന് ചില മതനേതാക്കന്മാരാണ് മദ്യവിരുദ്ധസമരത്തിന് മുമ്പില്‍. എന്നിട്ടും ഫലമില്ല. ഇവരുടെ വര്‍ത്തമാനം കേട്ടാല്‍ കേരളം നേരിടുന്ന ഹിമാലയന്‍ പ്രശ്‌നം മദ്യപാനമാണെന്ന് തോന്നിപ്പോകും. പ്രവീണ്‍ തന്റെ കാഴ്ചപ്പാട് പറഞ്ഞു.
 ''അപ്പോള്‍ എന്തു വേണം''? മാഷ് തുടര്‍ന്നു.
''ചില യാഥാര്‍ത്ഥ്യങ്ങളെ നാം അംഗീകരിക്കണം. മദ്യപാനം ഒഴിവാക്കാനാവില്ലെങ്കില്‍പ്പിന്നെ എന്താണ് ചെയ്യേണ്ടത്. പരമാവധി അപകടരഹിതമായും സുരക്ഷിതമായും എങ്ങനെ മദ്യപിക്കാം എന്ന് ജനത്തെ പഠിപ്പിക്കണം. ''

 ''മദ്യപാനത്തിനും ക്ലാസ്സോ?'' ഇതാരു പഠിപ്പിക്കും മാഷേ? പ്രവീണിന് സംശയമായി തോന്നി.
സംശയമെന്ത്? സര്‍ക്കാരിന്റെ ആരോഗ്യവകുപ്പ് തന്നെ അതു ചെയ്യണം. അവരല്ലേ എയ്ഡ്‌സ് തടയാന്‍ നാടുമുഴുവന്‍ കോണ്ടം വിതരണം ചെയ്യുന്നത്.'' മാഷ് പറഞ്ഞു.


''മാഷേ ഇതു വല്ലതും നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യമാണോ? പ്രവീണിന് സംശയം.


''വളരെ ബുദ്ധിമുട്ടാണ് കാരണം നാമെല്ലാം കപടസദാചാരികളും കപടവിശ്വാസികളുമാണല്ലോ?''


''എങ്കിലും മദ്യപാനികള്‍ ഒരു പെരുമാറ്റച്ചട്ടം സ്വയമേ ഉണ്ടാക്കുന്നത് നല്ലതാണ്. സ്വന്തം മകനെ ''തന്തയില്ലാത്തവനേ'' എന്ന് എന്നു വിളിക്കാന്‍ തക്ക വെളിവില്ലാതെ വീട്ടിലെത്തി സ്വന്തം മക്കളെ ചീഞ്ഞ തെറി പഠിപ്പിക്കില്ലെന്ന് നിശ്ചയിക്കാം. അതിന്, മദ്യപാനത്തിന്റെ ലക്ഷ്യം ബോധം മറയുക എന്നതാകാതെ മിനിമം അളവില്‍ കഴിച്ച് ആസ്വദിക്കുക എന്നതാകണം. മാഷ് ഒന്നു നിര്‍ത്തി.
''അപ്പോള്‍ മാഷെന്താണ് പറഞ്ഞുവരുന്നത്? പ്രവീണിന് വീണ്ടും ആശയക്കുഴപ്പം.
''കഴിക്കാം. പക്ഷെ കരുതലുണ്ടാവണം'' എന്ന് പറഞ്ഞ് മാഷ് നിര്‍ത്തി. ബസ് ബേക്കര്‍ ജംഗ്ഷനിലെത്തി.
''പ്രവീണ്‍ ഇനിയെന്നെങ്കിലും കാണാം'' മാഷ് യാത്രപറഞ്ഞ് തിരക്കിട്ടിറങ്ങി

No comments:

Post a Comment