Tuesday, 31 January 2012

വിവരദോഷി



'എക്‌സ്‌ക്യൂസ് മീ സര്‍' ശബ്ദം കേട്ട് ഞാന്‍ പുറത്തേക്ക് നോക്കി. പുറത്തൊരാള്‍. അരിചിതന്‍.
യുവജനോത്സവത്തിനു പ്രസംഗമത്സരത്തില്‍ പേര് കൊടുത്ത ഏതോ ഒരു കുട്ടിക്കുവേണ്ടി ധൃതിയില്‍ ഒരു പ്രസംഗം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.
എന്റെ ജോലിസഥലത്തേക്കുള്ള കമ്പനി വണ്ടി എത്താന്‍ ഇനി അരമണിക്കൂര്‍ മാത്രം. ആ സമയത്തിനുള്ളില്‍ എഴുതി തീര്‍ത്ത് ഭാര്യയെ ഏല്പിക്കണം. ഇല്ലെങ്കില്‍......
ങ..... ഇല്ലെങ്കില്‍ കുടുംബസമാധാനം കട്ടപ്പൊക. പറഞ്ഞിട്ട് കാര്യമില്ല. 

അവളിത് എന്നെ ഏല്‍പിച്ചിട്ട് ആഴ്ച രണ്ടായി. നാളെ നാളെ എന്ന് നീണ്ടുനീണ്ടങ്ങുപോയി. ഇന്ന് അവസാന മുന്നറിയിപ്പ് വന്നപ്പോഴാണ് കാര്യഗൗരവമുണ്ടായത്.
ഗഹനമായ വിഷയമൊന്നുമല്ല. നമ്മള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമായ വിഷയം. 'മര്യാദ'
എഴുതുന്ന വിഷയത്തോട് നീതി പുലര്‍ത്തണ്ടേ? 'അതിഥി ദേവോ ഭവ' എന്നാണല്ലോ. ഞാന്‍ എഴുന്നേറ്റു ചെന്നു.
''എക്‌സ്‌ക്യൂസ്മി സര്‍'' അയാള്‍ വീണ്ടും പറഞ്ഞു. ''ഐ ഫ്രം കോക്കനട്ട് കോളാ ഇന്റര്‍നാഷണല്‍''
താനേത് കോനാട്ടില്‍ നിന്നായാല്‍ എനിക്കെന്ത്? ഞാന്‍ മനസ്സിലോര്‍ത്തു. ''ശരി അകത്തേക്കു വരൂ'' ഞാന്‍ പറഞ്ഞു.
''താങ്ക് യൂ സര്‍'' അതിവിനയത്തോടെ അകത്തേക്കു കയറിയ മാന്യദേഹത്തോട് ഇരിക്കാന്‍ പറഞ്ഞു.

 ''താങ്ക് യൂ സാര്‍'' എന്ന് പറഞ്ഞ് കസേരയുടെ ഓരം ചേര്‍ന്ന് വടി പോലെ ഇരുന്നയാള്‍ ആരംഭിച്ചു. 
''സര്‍ ഐ വുഡ് ലൈക്ക് ടു ഇന്‍ട്രൊഡ്യൂസ് എ ന്യൂ സ്‌കീം'' അത്യാവശ്യം ഇംഗ്ലീഷ് മനസ്സിലാകുമെങ്കിലും നാടന്‍ സായ്പിന്റെ ജാട എനിക്കത്ര പിടിച്ചില്ല.
അതു മാത്രമോ! സാധാരണദിവസങ്ങളില്‍, ഇതുപോലെ അസമയത്തു വന്നു കേറുന്ന അതിഥികളേപ്പോലും ചായ കൊടുത്ത് സല്‍ക്കരിക്കുന്ന പ്രിയതമയെ ആ ഭാഗത്തെങ്ങും കാണാനില്ല.
സംഗതി പിടികിട്ടി. ആശയവിനിമയത്തിനുള്ള ഈ പെണ്ണുങ്ങളുടെ ഒരു കഴിവേ......
ആഥിത്യമര്യാദ തല്ക്കാലം ഫ്രീസറില്‍ വച്ചില്ലെങ്കില്‍ എന്ത് സംഭവിക്കാം എന്ന് ഞാനൂഹിച്ചു. ഞാന്‍ വാച്ചില്‍ നോക്കി.
''സുഹൃത്തേ ഇപ്പോഴെനിക്ക് ഇതൊന്നും കേള്‍ക്കാന്‍ സമയമില്ല...!
''യെസ് സര്‍, നോ പ്രോബ്ലം സര്‍''
''സര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് ഹോട്ടല്‍ റീജന്‍സിയില്‍വെച്ച് ഒരു മീറ്റിംഗ് ഉണ്ട്. സാര്‍ തീര്‍ച്ചയായും വരണം!''
''ശരി ശരി എന്ന് പറഞ്ഞ് ഞാന്‍ എഴുന്നേറ്റു. വൈകിട്ട് എവിടെ വേണെങ്കില്‍ വരാം ഇപ്പോഴൊന്ന് ഇറങ്ങിത്തന്നാല്‍ മതി. ഞാനോര്‍ത്തു.
അയാള്‍ എഴുന്നേറ്റ് ഷേക്ക്ഹാന്‍ഡ് തന്ന് പ്രതീക്ഷയോടെ സ്ഥലം വിട്ടു. 

ഉടന്‍തന്നെ 'മര്യാദ' യിലേക്ക് തിരിഞ്ഞു. 
സന്ദര്‍ശന സമയത്തില്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് കൂടി സൂചിപ്പിച്ചുകൊണ്ട് പ്രസംഗം ഉപസംഹരിച്ചതും കമ്പനിവണ്ടി വന്നതും ഒരുമിച്ച്.
''ദേണ്ടെ കിടക്കണു. കൊണ്ടുപോയിക്കൊട്'' എന്ന് ഭാര്യയോട് വിളിച്ചു പറഞ്ഞ് ഓടി ഇറങ്ങി വണ്ടിയില്‍ ചാടിക്കയറി. ശ്വാസമൊന്ന് നേരെ വിട്ടു.
കമ്പനിയിലെ സീനിയര്‍ ക്ലാര്‍ക്ക് സോമസുന്ദരം സാമാന്യം വിവരമുള്ളയാളാണ്. അതിലുപരി ഒരു സാധു. ഞങ്ങള്‍ ഒരു ലെയിനില്‍ താമസക്കാരാണെങ്കിലും അത്ര അടുപ്പം പോരാ. അല്ലെയങ്കിലും അതങ്ങനെയാണല്ലോ.

അടുപ്പം വരണമെങ്കില്‍ അല്പം ആത്മബന്ധം വേണം. ആത്മബന്ധം വേണമെങ്കിലോ? വല്ലപ്പോഴുമൊക്കെ ആത്മവിദ്യാലയം സന്ദര്‍ശിക്കണം. 
ഓഫീസ്, കമ്പനി, ബസ്, വീട് എന്ന ഫോര്‍മുലയാണ് അദ്ദേഹത്തിന്. വൈകിട്ട് ടൗണിലിറങ്ങി ആത്മവിദ്യാലയത്തില്‍ കയറി അല്പം അകത്താക്കി ആത്മബന്ധം സ്ഥാപിച്ചുപോകാമെന്ന് മുന്‍പ് പലപ്പോഴും ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. അദ്ദേഹം വഴങ്ങിയിട്ടില്ല.
എന്നു കരുതി വളരെ സന്തോഷകരമായ കുടുംബജീവിതമാണദ്ദേഹത്തിന്റേത് എന്നൊന്നും തെറ്റിദ്ധരിക്കണ്ട. 

കിട്ടുന്ന ശമ്പളം തികയാഞ്ഞ് കടവും വാങ്ങിയാണ് കഴിയുന്നത്.
അതെന്തേ അയങ്ങിനെയെന്നു ചോദിച്ചാലെന്താ ഇപ്പോള്‍ പറയുക. പറഞ്ഞാല്‍ പരദൂഷണം എന്നു പറയും. 

സീനിയര്‍ ക്ലാര്‍ക്കിന്റെ ഭാര്യയ്ക്ക് കമ്പനി മാനേജരുടെയും എം.ഡി.യുടെയും ഭാര്യമാര്‍ക്കൊപ്പം നില്‍ക്കണമെന്ന് തോന്നിയാല്‍ പാവം സോമസുന്ദരം എന്തു ചെയ്യും?
പതിവില്ലാതെ ഞങ്ങള്‍ക്കൊപ്പം ടൗണിലിറങ്ങാന്‍ തയ്യാറെടുക്കുന്ന സോമസുന്ദരത്തോട് ഞാന്‍ കാര്യമന്വേഷിച്ചു. അപ്പോഴാണ് റീജന്‍സിയിലെ യോഗത്തിന്റെ കാര്യം എനിക്കോര്‍മ വന്നത്. അദ്ദേഹം അങ്ങോട്ടാണ്. 

അപ്പോള്‍ രാവിലെ അദ്ദേഹത്തിന്റെ വീട്ടിലും സായ്പ് ചെന്നിരുന്നുവെന്ന് സാരം. കുറച്ചു ദൂരം ഞങ്ങളൊന്നിച്ചു നടന്നു. ആത്മവിദ്യാലയത്തിനടുത്തായപ്പോള്‍ ഞാന്‍ ചോദിച്ചു.
 ''എങ്ങനെയാ! ഒരു ചെറുത്'' അദ്ദേഹത്തിന്റെ മുഖഭാവം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു ''സാറ് നടന്നോളൂ... ഞാനെത്തിക്കോളാം'' അദ്ദേഹം ഹോട്ടല്‍ റീജന്‍സി ലക്ഷ്യമാക്കി നടന്നു.
പ്രതീക്ഷിച്ചതിലും താമസിച്ചതിലുള്ള കുറ്റബോധത്തോടെയാണ് റീജന്‍സിയിലെത്തിയത്. പക്ഷേ യോഗം തുടങ്ങുന്നതേയുള്ളു. 

സംഘാടകര്‍ പോലും എല്ലാവരും എത്തിയിട്ടില്ലെന്നു തോന്നുന്നു. രാവിലെ വീട്ടിലെത്തിയ കക്ഷി തന്നെ കണ്ട് സന്തോഷത്തോടെ ഓടിവന്ന് കൈയില്‍ പിടിച്ചു പറഞ്ഞു.
''ഗുഡ് ആഫ്റ്റര്‍ നൂണ്‍ സര്‍''
ഞാന്‍ വരുമെന്ന പ്രതീക്ഷയൊന്നും അയാള്‍ക്കില്ലായിരുന്നുവെന്ന് തോന്നി. എന്നെ പിടിച്ചു വലിച്ച് കൊണ്ടുപോയി മുന്‍നിരയില്‍ത്തന്നെ പ്രതിഷ്ഠിച്ചു. അതു പതിവില്ലാത്തതാണ്. യോഗങ്ങളില്‍ പിന്‍നിരയിലിരിക്കുന്നതാണെനിക്കിഷ്ടം. 

ബോറടിക്കുമ്പോള്‍ ഇരുന്നുറങ്ങാനും ആവശ്യം പോലെ എഴുന്നേറ്റ് പുറത്തുപോകാനും ഒക്കെ സൗകര്യം അതാണ്.
ഔപചാരിക ചടങ്ങുകളും ഉപചാരവാക്കുകളും വേഗം അവസാനിപ്പിച്ചു. ഇനി ക്ലാസ്സാണ്. എക്‌സിക്യൂട്ടീവ് വേഷത്തില്‍ വന്ന ഒരു ചെറുപ്പക്കാരന്‍ ക്ലാസ്സ് തുടങ്ങി. ഞാന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു. സോമസുന്ദരം സാര്‍ വളരെ ശ്രദ്ധയോടെയാണ് ഇരിക്കുന്നത്. മിക്കവരും അങ്ങനെയൊക്കത്തന്നെ. 

എന്റെ നോട്ടം അവസാനം ചെന്നുപതിച്ചത് ഇടതുഭാഗത്ത് രണ്ടാം നിരയില്‍ അതീവശ്രദ്ധയോടെയും അതിലേറെ താല്പര്യത്തോടെയും അദ്ധ്യാപകനെ ശ്രദ്ധിച്ചിരിക്കുന്ന ഏതാനും ചെറുപ്പക്കാരികളിലാണ്.
ഈ വൈകിയ നേരത്തും ഒരു യോഗത്തില്‍ സംബന്ധിക്കാന്‍ അവരെത്തിയല്ലോ എന്നു ഞാന്‍ വിചാരിച്ചു. നമ്മുടെ നാട്ടിലെ പെമ്പിള്ളേരും പുരോഗമിച്ചിരിക്കുന്നു.
''സാര്‍ സാറിന്റെ സ്വപ്നമെന്താണ്'' അദ്ധ്യാപകന്‍ ചോദിക്കുന്നത് അവ്യക്തമായി കേട്ടു. എല്ലാവരും എന്റെ നേരെ നോക്കുന്നതു കണ്ടപ്പോഴാണ് ചോദ്യം എന്നോടാണെന്നു മനസ്സിലായത്. 

ശ്ശെടാ ഇതു വലിയ പുലിവാലായല്ലോ. സ്വസ്ഥമായിരുന്ന് അല്പം സ്വപ്നം കാണാനും പാടില്ലേ. അഥവാ കണ്ടാല്‍ത്തന്നെ അത് പരസ്യമായെങ്ങനെ പറയും. എന്റെ അവസ്ഥ കണ്ട് ചെറുപ്പക്കാരന്‍ മാഷ് ചോദ്യം വ്യക്തമാക്കി. ''ഭാവിയെക്കുറിച്ചുള്ള അങ്ങയുടെ സ്വപ്നമെന്താണ്?''
അതിപ്പോ ..... എന്താ ..... പയറയുക. ഞാന്‍ ചുറ്റുമൊന്നു നോക്കി. 

എന്റെ സ്വപ്നം കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുകയാണെല്ലാവരും. ആരൊക്കെയോ അവരുടെ സ്വപ്നങ്ങള്‍ ഇതിനോടകം പറഞ്ഞുകഴിഞ്ഞിരുന്നെന്നു തോന്നുന്നു. പക്ഷേ ഞാനൊന്നും കേട്ടതേയില്ല.
''ഇന്ന് മനഃസമാധാനത്തോടെ കിടന്നുറങ്ങണം. അതില്‍ക്കൂടിയ സ്വപ്നമൊന്നുമില്ല.'' ഞാന്‍ മറുപടി പറഞ്ഞു. തന്റെ ഉത്തരം കേട്ട ഉടന്‍ അവിടെ മുഴങ്ങിയത് പൊട്ടിച്ചിരിയാണ്. ഞാന്‍ അന്തം വിട്ടു. എന്താ? മണ്ടത്തരം വല്ലതും പറഞ്ഞോ?
ചോദ്യകര്‍ത്താവ് പ്രതീക്ഷിച്ചിരുന്ന മറുപടി ആയിരുന്നില്ല അതെന്നെനിക്കു മനസ്സിലായി. അദ്ദേഹം ഇതേ ചോദ്യം അടുത്തയാളോട് ചോദിച്ചു.
''മക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കണം. അതിമനോഹരമായ ഒരു വീട് പണിയണം. ലേറ്റസ്റ്റ് മോഡല്‍ കാര്‍ വാങ്ങണം.'' അയാള്‍ ഉത്തരം പറഞ്ഞു. 

ചോദ്യകര്‍ത്താവിന് തൃപ്തിയായി. പിന്നെ ചോദ്യം തുടര്‍ന്നില്ല. അദ്ദേഹം സംസാരിച്ചു തുടങ്ങി.
''കണ്ടോ? ഇതുപോലെ എല്ലാവര്‍ക്കുമുണ്ട് സ്വപ്നങ്ങള്‍. വലിയ വലിയ സ്വപ്നങ്ങള്‍. പക്ഷേ അവ സഫലീകരിക്കാന്‍ നമുക്ക് ഇപ്പോള്‍ ലഭിക്കുന്ന വരുമാനം തികയുന്നില്ല. 

അപ്പോള്‍ നമ്മുടെ വരുമാനം വര്‍ദ്ധിപ്പിക്കണം. എങ്ങിനെ? ഇതിനുള്ള മാര്‍ഗ്ഗമാണ് കോക്കനട്ട് കോളാ ഇന്റര്‍നാഷണല്‍, നിങ്ങള്‍ക്കായി ഒരു പുതിയ സ്‌കീമിലൂടെ അവതരിപ്പിക്കുന്നത്.
അടുത്തമാസം പകുതിയോടെ കേരളത്തില്‍ ലോഞ്ച് ചെയ്യുന്ന ഈ കമ്പനിയിലേക്ക് ആദ്യം കടന്നുവരാന്‍ ഭാഗ്യം സിദ്ധിച്ചിരിക്കുന്നവരാണ് ഇവിടെ കൂടിയിരിക്കുന്നവര്‍. തങ്ങള്‍ക്ക് കൈവന്ന സൗഭാഗ്യമോര്‍ത്ത് എല്ലാവരും ഒന്നിളകിയിരുന്നു.
''ഇപ്പോള്‍ നിങ്ങള്‍ കമ്പനിയില്‍ ജോയിന്‍ ചെയ്താല്‍ പിന്നീട് വരുന്നവരെല്ലാം നിങ്ങളുടെ കീഴിലായിരിക്കും. അതിലൂടെ നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ കഴിയുന്നത് കോടികളാണ്. നിങ്ങളുടെ സ്വപ്നങ്ങളെല്ലാം സഫലീകരിക്കാന്‍ പര്യാപ്തമായ സമ്പാദ്യം''
ഇത്രയും കേട്ടതോടെ ആവേശം കൊണ്ട ഒരു ചെറുപ്പക്കാരി എഴുന്നേറ്റ് ചോദിച്ചു. ''സാര്‍ രക്ഷ പ്രാപിക്കാന്‍ ഞങ്ങള്‍ എന്തു ചെയ്യണം''? അദ്ധ്യാപകന്‍ പ്രതിവചിച്ചു. 

''കഴിയുമെങ്കില്‍ ഇന്നുതന്നെ കമ്പനിയില്‍ ജോയിന്‍ ചെയ്യുക.''
''ജോയിന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണ്''? ആ ചോദ്യം വന്ന ഭാഗത്തേക്ക് ഞാനറിയാതെ നോക്കി. പരിചയമുള്ള ശബ്ദം. സോമസുന്ദരം സാര്‍ തന്നെ. അത്ഭുതം. നാലുപേര്‍ കൂടുന്നിടത്ത് അദ്ദേഹത്തിന് നാക്കോ!
''ഈ ചോദ്യത്തിനുവേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്.'' അദ്ധ്യാപകന് ആവേശമായി. പിന്നെ തുടര്‍ന്നു. ''ഇതുവരെ ഇന്ത്യയിലോ കേരളത്തിലോ ലോഞ്ച് ചെയ്തിട്ടുള്ള ഒരു കമ്പനിയും നല്‍കാത്ത മെഗാ ഓഫറാണ് കോക്കനട്ട് കോളാ ഇന്റര്‍നാഷണല്‍ നമുക്കായി ഒരുക്കിയിരിക്കുന്നത്. 

അത് മറ്റൊന്നുമല്ല ഈ കമ്പനിയില്‍ ജോയിന്‍ ചെയ്യുന്നതിന് ജോയിനിംഗ് ഫീസില്ല.
'അതു കൊള്ളാം' ഞാനോര്‍ത്തു. കാശ് മുടക്കില്ലാത്ത കളിയാണെങ്കില്‍ അരക്കൈ നോക്കിക്കളയാം.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്തരം പല കമ്പനികളിലും പണം മുടക്കി പണം കൊയ്യാന്‍ ശ്രമം നടത്തിയിട്ടുള്ള ഒരു ചെറുപ്പക്കാരന്റെ സംശയം.
''ജോയിനിംഗ് ഫീസില്ലെങ്കില്‍ ചേരുന്നവര്‍ക്ക് പിന്നെങ്ങിനെ വരുമാനം ലഭിക്കും''? ക്ലാസ്സെടുക്കുന്നയാള്‍ സുസ്‌മേരവദനനായി മൊഴിഞ്ഞു.
''അതാണ് നമ്മുടെ കമ്പനിയുടെ പ്രത്യേകത. ആഗോളതലത്തില്‍ വരുന്ന സാമൂഹ്യകാലുഷ്യം മുറിച്ച് കടക്കുക എന്ന സാമൂഹ്യ പ്രതിബദ്ധതയും കമ്പനി ഏറ്റെടുക്കുകയാണ്.''
എനിക്കൊന്നും മനസ്സിലായില്ല. കാരണവന്മാര്‍ പറയുംപോലെ അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ 'പയറഞ്ഞാഴി' എന്ന മറുപടി. വിവരം കമ്മിയായതുകൊണ്ടാകാം. ഭൂരിപക്ഷവും എല്ലാം മനസ്സിലായി എന്ന ഭാവത്തിലാണിരുപ്പ്.
''കമ്പനി ഒരുക്കിയിരിക്കുന്ന പ്രത്യേക ഗിഫ്റ്റ് പാക്കറ്റ് ആണ് നിങ്ങള്‍ അവിടെ കാണുന്നത്.'' തൊട്ടടുത്ത മേശയില്‍ ഭംഗിയായി പൊതിഞ്ഞ് മഞ്ഞ റിബ്ബണ്‍ കൊണ്ട് കെട്ടിയിരിക്കുന്ന ഒരു പൊതി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അയാള്‍ പറഞ്ഞത്.
''10000 രൂപ മാര്‍ക്കറ്റ് വിലയുള്ള സമ്മാനങ്ങളടങ്ങിയ ഈ ഗിഫ്റ്റ് പാക്കറ്റ് 7000 രൂപയ്ക്ക്, വെറും 7000 രൂപയ്ക്ക് ആദ്യം ജോയിന്‍ ചെയ്യുന്നവര്‍ക്ക് നല്‍കുന്നതാണ്. 

ഈ ഗിഫ്റ്റ് നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് സമ്മാനിക്കുമ്പോള്‍ നിങ്ങളുടെ സുഹൃത്ത് നിങ്ങള്‍ക്ക് സമ്മാനിക്കുമ്പോള്‍ സൗഹൃദത്തിന്റെ പെരുമഴക്കാലം ആരംഭിക്കുകയായി. അങ്ങനെ കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതയില്‍ നിങ്ങള്‍ അംഗമാകുന്നുവെന്ന് മാത്രമല്ല, നിങ്ങളുടെ ബാങ്ക് ബാലന്‍സ് ആഴ്ചതോറും വര്‍ദ്ധിച്ചുകൊണ്ടുമരിക്കും.''
ഓ.... അപ്പോള്‍ ഏഴായിരം രൂപ മുടക്കണം അല്ലേ? എന്റെ ആത്മഗതം അല്പം ഉച്ചത്തിലായത് അയാള്‍ കേട്ടു. പിന്നീട് എന്നോടെന്നവിധം പറഞ്ഞു.
വെറും ഏഴായിരം രൂപ മുടക്കുമ്പോള്‍ എന്തൊക്കെ നേട്ടങ്ങളാണെന്ന് നോക്കൂ. ഒന്ന്, 10000 രൂപയുടെ ഗിഫറ്റ് പാക്കറ്റ് 7000 രൂപയ്ക്ക് കിട്ടുന്നു.
രണ്ട്, ഗിഫ്റ്റ് സുഹൃത്തിന് കൊടുക്കുമ്പോള്‍ വര്‍ദ്ധിക്കുന്ന സൗഹൃദം. മൂന്ന്, കൈ നിറയെ പണം.
കമ്പനിയുടെ പ്രവര്‍ത്തനം ഒന്നു വിശദീകരിക്കാമോ? ആരോ ചോദിച്ചു.
ചായയും ബിസ്‌ക്കറ്റും വിതരണം ചെയ്യാന്‍ സഹായികളെ ശട്ടം കെട്ടിയിട്ട് അയാള്‍ തുടര്‍ന്നു.
ജോയിന്‍ ചെയ്യുന്ന ഓരോരുത്തരും വെറും രണ്ടുപേരെ മാത്രം ഈ സ്‌കീമിലേക്ക് കൊണ്ടുവന്നാല്‍ മതിയാകും. ആ രണ്ടുപേരില്‍ നിന്നുതന്നെ നിങ്ങള്‍ മുടക്കിയ പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഒരംഗം വാങ്ങുന്ന ഗിഫ്റ്റ് പാക്കറ്റിന്റെ വിലയായ 7000 രൂപയില്‍ വെറും 500 രൂപ കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എടുക്കുന്നു. 3000 രൂപയ്ക്ക് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം അംഗത്തിന്റെ പേരില്‍ നല്‍കുന്നു. ഈ സ്ഥലത്തെ കമ്പനി ചെലവില്‍ തെങ്ങുകൃഷി നടത്തുകയും ലാഭവീതം അംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. ബാക്കി 3500 രൂപയില്‍ 2000 രൂപ കമ്മീഷനായി നല്‍കുന്നുന്നു.
എന്റെ ക്ഷമ നശിച്ചുതുടങ്ങി. എല്ലാവരും ചായയും ബിസ്‌ക്കറ്റും കഴിക്കുന്ന തിരക്കിലാണ്. ഞാന്‍ എഴുന്നേറ്റു. ''സാര്‍ ഒരു സംശയം. അയാള്‍ എന്നെ തുറിച്ചു നോക്കി.
ഞാന്‍ തുടര്‍ന്നു. ''മുമ്പ് ആരോ പറഞ്ഞ സ്വപ്നങ്ങളെല്ലാം ഉള്ളവര്‍ക്കല്ലേ അത് സഫലീകരിക്കാന്‍ കോക്കനട്ട് കോളാ ഇന്റര്‍നാഷണലിന്റെ ഈ പുതിയ സ്‌കീം പ്രയോജനപ്പെടുക.

 ഞാന്‍ ആദ്യമേ പറഞ്ഞല്ലോ എനിക്കിത്തരം സ്വപ്നങ്ങളൊന്നുമില്ല. അപ്പോള്‍ നിങ്ങളുടെ സഹായവും സ്‌കീമും ഒന്നും ആവശ്യമില്ല. ഇന്നും എന്നും മനഃസമാധാനത്തോടെ കിടന്നുറങ്ങണമെന്ന സ്വപ്നവുമായി ഞാന്‍ പോകട്ടെ''
എന്റെ ബാഗുമായി ഞാനിറങ്ങി.
''വിവരദോഷി'' ആരോ പറയുന്നതുകേട്ടു.
സോമസുന്ദരം സാറാണോ?
ആവോ....... ഞാന്‍ തിരിഞ്ഞുനോക്കിയില്ല.

No comments:

Post a Comment