Sunday, 17 February 2013

ഓട്ടപ്പാട്ട;വയസ്65....

 കൂടല്‍............
സാമുവല്‍ കൂടല്‍..........
'അപ്രിയ യാഗങ്ങളുടെ' കര്‍ത്താവ്..............
വയസ് 65....
നല്ല ഉദ്യോഗത്തിലിരുന്നയാള്‍.........
കണ്ടാല്‍ പരമയോഗ്യന്‍.................
മീശയുടെ വളവ് ക്രമീകരിച്ചാല്‍ ഡോ. ബാബുപോള്‍ IAS ന്റെ അപരന്‍.........
ഇപ്പോള്‍ കണ്ടാല്‍ ക്രിസോസ്‌തോം തിരുമേനിയുടെ അനുജന്‍.......
സംഗീതജ്ഞന്‍.................ഗാനരചയിതാവ്.............
നിരവധി പുരസ്‌കാരങ്ങള്‍................
അനുഗ്രഹീത സന്താനങ്ങള്‍......................
ശിഷ്ടകാലം മര്യാദക്ക് കഴിഞ്ഞാല്‍ ഷവലിയാര്‍ പദവിയോ സഭാരത്‌നം ബഹുമതിയോ കിട്ടാവുന്നയാള്‍..............
പക്ഷേ എന്തു ചെയ്യാം. തലേവര അമുക്കിച്ചെരച്ചാല്‍ മാറുമോ ?
ജോസഫ് പുലിക്കുന്നന്റെ ബാധയാണ് കേറിയിരിക്കുന്നത്.................
കത്തനാമ്മാരെ കണ്‍വെട്ടത്തു കണ്ടുകൂട.
സത്യജ്വാല മാസികയില്‍ ഇപ്പന്‍ എഴുതിയിരിക്കുന്നത് കണ്ടപ്പോഴാ ചിരിച്ചു പോയത്.
'പലരുടേയും നോട്ടത്തില്‍ പരാജയപ്പെട്ട ജീവിതമാണെന്റേത്'

ഈ കഥ കേട്ടിരിക്കുന്നത് നല്ലതാണ്. ഒരു പ്രൊഫസറോട് പറയാന്‍ യോഗ്യതയുള്ളതുകൊണ്ടല്ല. ഇത് ചുമ്മാ കഥയല്ലേ അതുകൊണ്ടാ......


ഒരു രാജകൊട്ടാരത്തിലേക്ക് കുറച്ചകലെയുള്ള കിണറ്റില്‍ നിന്നും അയാള്‍ വെള്ളം കൊണ്ടുവന്നിരുന്നത് ഒരു കമ്പില്‍ കെട്ടി തോളില്‍ തൂക്കിയിരുന്ന രണ്ട് പാട്ടകളിലായിരുന്നു. അയാള്‍ കൊട്ടാരത്തിലെത്തുമ്പോഴേയ്ക്കും ഒരു പാട്ടയിലെ വെള്ളം പകുതിയോളം ചോര്‍ന്നു പോയിരിക്കും. ഇത് കണ്ട് മറ്റേ പാട്ട പുഛത്തോടെ പറയും 'എന്നെ നോക്ക് ഒരു തുള്ളി വെള്ളം വഴിയില്‍ കളയില്ല. നിന്നെപ്പോലുള്ള ഓട്ടപ്പാട്ടയെ എന്തിനുകൊള്ളാം ?'


തുടരെയുള്ള ഈ ആക്ഷേപം കേട്ട് മടുത്ത് ഓട്ടപ്പാട്ട അയാളോട് പറഞ്ഞു 'കണ്ടോ എന്റെ ജീവിതം പരാജയമല്ലേ. എന്നേ ഉപേക്ഷിച്ചേക്കൂ.'


അപ്പോള്‍ അയാള്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
'എടാ പൊട്ടച്ചാരെ നീ ആ കൊട്ടാരത്തിനുള്ളിലേക്ക് നോക്ക്. എത്ര മനോഹരമായ പൂക്കളാല്‍ അലംകൃതമാണവിടം. ആ പൂക്കള്‍ എവിടെ നിന്നാണെന്ന് നിനക്കറിയാമോ? ആ പാതയുടെ ഇരുവശങ്ങളിലായി വളര്‍ന്നു നില്ക്കുന്ന പൂച്ചെടികള്‍ കണ്ടില്ലേ. എല്ലാദിവസവും അവയ്ക്ക് വെള്ളം ഒഴിച്ചിരുന്നത് നീയാണ്. നിന്നെപ്പോലുള്ള ഓട്ടപ്പാത്രങ്ങള്‍ക്ക് മാത്രമേ ഈ ലോകത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.'


അടുത്ത ജന്മം കൂടലച്ചായന്റെ മകനായിരിക്കാമെന്ന്....ഇപ്പന്‍ എഴുതിക്കണ്ടു.
എന്നാലെന്റെ ആഗ്രഹം അതല്ല.അടുത്ത ജന്മം അച്ചായന്റെ ഭാര്യയായി ജനിക്കണം. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന് പറഞ്ഞുകേട്ടിട്ടേയുള്ളു.അങ്ങേരെ മര്യാദയ്ക്കിരുത്തണമെങ്കില്‍ ഒരു മൂശേട്ട ഭാര്യ തന്നെ വേണം. 


ആലീസ് ആന്റി ഒരു പാവമാ.


അല്ലെങ്കില്‍ നോക്ക് പലര്‍ക്കും വീടിനു പുറത്തിറങ്ങുമ്പോഴേ വിപഌവമുള്ളു


കൂടലച്ചായന്‍ അങ്ങനെയല്ല. ഓരോശ്വാസത്തിലും വിപഌവമാ. 
അതിന്റെ തെളിവാണ് 'അപ്രിയയാഗങ്ങള്‍'.
2013 ഫെബ്രുവരി 23 ന് പാലായില്‍ വെച്ച് പ്രകാശിതമാകുന്നു.


ഇത് കഥയുള്ളൊരു ജീവിതം...............






'എടോ മനുഷ്യാ ഇതെന്ത് പോക്രിത്തരമാ താനീ കാണിക്കുന്നത് ? തന്റെ ഓട്ടോയില്‍ കേറിയെന്ന അപരാധമല്ലേ ഞങ്ങള്‍ ചെയ്തുള്ളൂ. ഞങ്ങളെ ഈ വഴിയില്‍ ഇറക്കി വിടാന്‍ പോകുവാണോ ?'
വഴിയില്‍ വീണ് കിടക്കുന്ന ആരുടെയോ ചുറ്റും ആള്‍ക്കാര്‍ കൂടി നില്ക്കുന്നത് കണ്ട്് വണ്ടി റോഡ് സൈഡില്‍ നിര്‍ത്തി ഇറങ്ങാന്‍ ഭാവിക്കുന്ന ഡ്രൈവറോഡുള്ള യാത്രക്കാരന്റെ പ്രതിക്ഷേധമാണിത്.
' ഒന്ന് ക്ഷമിക്ക് ചേട്ടാ ഉടന്‍ പോകാം. ആ വീണ് കിടക്കുന്നത് ആരാണെന്ന് നോക്കിയിട്ട് ഇതാ വന്നു' ഇത്രയും പറഞ്ഞ് ഡ്രൈവര്‍ ഇറങ്ങി നടന്നു.
ആരോ ഒരാള്‍ വീഴുന്നത് കണ്ട് ഓടിയടുത്തവര്‍ ചുറ്റും കാഴ്ചക്കാരായി നില്ക്കുകയാണ്. പുതിയ കാഴ്ചക്കാരന്റെ വരവ് കണ്ട് മറ്റുള്ളവര്‍ വഴിഒതുങ്ങി. ഒരു വൃദ്ധനാണ് വീണ് കിടക്കുന്നതെന്ന് കണ്ട അയാള്‍ ജീവനുണ്ടോയെന്ന് നോക്കി. ഉണ്ട് പള്‍സ് ഉണ്ട്. അയാള്‍ വൃദ്ധനെ പയ്യെ താങ്ങിപ്പിടിച്ചു. ആരെങ്കിലും ഒരുകൈ സഹായിക്കുമെന്നോര്‍ത്ത് ചുറ്റും നോക്കി. ഇല്ല കൂടിനിന്നവര്‍ ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി. ആരുമില്ലെങ്കില്‍ വേണ്ട..... അയാള്‍ ആ വൃദ്ധനെ തോളിലേറ്റി തന്റെ ഓട്ടോയുടെ അടുത്തെത്തി.
ഭാഗ്യം, വണ്ടിയിലുണ്ടായിരുന്ന യാത്രക്കാര്‍ സ്ഥലം വിട്ടിരുന്നു. 100 മീറ്റര്‍ കൂടി പോയിരുന്നെങ്കില്‍ 100 രൂപ വാങ്ങാമായിരുന്നതാണ്. കാശ് പോയാലും വാഹനം ഫ്രീയായല്ലോ എന്നോര്‍ത്ത് അയാള്‍ സന്തോഷിച്ചു. വൃദ്ധനെ ഓട്ടോയില്‍ കിടത്തി അടുത്ത ആശുപത്രിയിലേക്ക് പാഞ്ഞു.
ഇതു വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിലെത്തുന്നത് ഏതെങ്കിലും സിനിമയിലെ നായകന്റെ രൂപമായിരിക്കും. എന്നാല്‍ തെറ്റി. ഇതു സിനിമയുമല്ല സിനിമയിലെ നായകനുമല്ല. പിന്നെയോ ?
കഷ്ടപ്പെടുന്നവരും ദുരിതമനുഭവിക്കുന്നവരും വിശപ്പനുഭവിക്കുന്നവരും സഹായത്തിനൊരാളില്ലാത്തവരും ഒക്കെ ഉള്‍പ്പെടുന്ന ഈ നാട്ടില്‍, അവരില്‍ കുറേപ്പേര്‍ക്ക് തന്നാലാവും വിധം സഹായിയായി വര്‍ത്തിക്കുന്ന, അവരുടെ മനസ്സില്‍ ദൈവതുല്യമായ സ്ഥാനം അലങ്കരിക്കുന്ന അവരുടെ നായകന്‍ ; ചാലക്കുടി മേലൂര്‍ കെ.കുന്നില്‍ തെക്കന്‍ വീട്ടില്‍ സൈമണ്‍ T P , ഓട്ടോറിക്ഷ ഡ്രൈവര്‍, വയസ് 43.
വീട്ടമ്മയായ ഭാര്യ ലിസിയും, മക്കളായ സവീന, സലീന, സാവ്യോ, സേവ്യര്‍ എന്നിവരുമടങ്ങിയ കുടുംബത്തിന്റെ നാഥന്‍.കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടുചെലവിനും വേണ്ട വരുമാനം കണ്ടെത്താന്‍ ആകെയുള്ളത് ഈ ഓട്ടോറിക്ഷ മാത്രം.
പക്ഷേ..................
എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് നാല് മണിയോടെ തങ്ങളുടെ അടുത്തേക്ക് പൊതിച്ചോറുമായി എത്തുന്ന സൈമണെ കാത്തിരിക്കുന്ന 40 വയറുകളുണ്ട് . വിശപ്പടങ്ങിയ അവരുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും കണ്ട് ആ കുടുംബം സായൂജ്യമടയുന്നു.
തൊട്ടയല്‍വക്കത്തു താമസിക്കുന്നതാരെന്നു പോലും അറിയില്ലാത്ത ഒരു കാലഘട്ടത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് കേരള സമൂഹം . സ്വന്തം സഹോദരങ്ങളെപ്പോലും മറക്കുന്ന കുടുംബ ബന്ധങ്ങളിലെത്തി നില്ക്കുന്ന നാട്.
സ്വന്തം കാര്യം സിന്ദാബാദ് എന്ന് വിചാരിച്ച് സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രം സംഭരിക്കുകയും സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍ സൈമന്റെ വാക്കുകള്‍ ഒന്ന് കേള്‍ക്കൂ.........
' സ്വന്തം മക്കള്‍ക്ക് എന്തു കൊടുത്താലും അവര്‍ക്ക് തൃപ്തിയാവില്ല.എന്നാല്‍ ഈ പാവങ്ങളങ്ങനെയല്ല. ആഴ്ചയില്‍ ഒരു നേരത്തെ ഭക്ഷണം കൊടുക്കാനേ എനിക്കാവുന്നുള്ളു. എന്നിട്ടും അവരുടെ സംതൃപ്തി ഒന്നു കാണേണ്ടതുതന്നെയാണ്. '
സൈമണ്‍ ഒരു ഏജന്‍സിയുടേയും സഹായമില്ലാതെ, ഒരു വിദേശ ഫണ്ടും കൈപ്പറ്റാതെ സ്വന്തം ചെലവില്‍ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ സ്വന്തം കുടിലില്‍ ഭക്ഷണം പാകം ചെയ്ത് പാവങ്ങള്‍ക്കെത്തിച്ചു കൊടുക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി.
അദ്ദേഹം തന്റെ അന്നദാന യജ്ഞം ആരംഭിച്ചതിനെപ്പറ്റി പറഞ്ഞതിതാണ് ' മൂത്തകുട്ടിയുടെ ജന്മദിനാഘോഷത്തെക്കുറിച്ചുള്ള ആലോചനക്കിടയിലാണ് ഇങ്ങനെയൊരു കാര്യം മനസ്സില്‍ എത്തിയത്. ഇക്കാര്യം ഭാര്യയോട് പറഞ്ഞപ്പോള്‍ അവള്‍ക്കും പൂര്‍ണ്ണ സമ്മതം. ആദ്യ വര്‍ഷം 5 പേര്‍ക്കാണ് ഭക്ഷണപ്പൊതി കൊടുത്തത്. ആവശ്യക്കാരെ കണ്ടെത്താന്‍ അന്ന് ബുദ്ധിമുട്ടുണ്ടായി.പിന്നെപ്പിന്നെ എണ്ണം കൂടി വന്നു. ഇന്ന് 40 ല്‍ എത്തി നില്ക്കുന്നു.'
അദ്ദേഹത്തിന്റെ ഈ സത്കര്‍മ്മത്തില്‍ ആകൃഷ്ടരായ പലരും സഹായ വാഗ്ദാനവുമായി പലപ്പോഴും എത്തിയിട്ടുണ്ട്. അവരോട് സൈമണ്‍ ഒരു വ്യവസ്ഥ മാത്രമാണ് പറയുന്നത്. ഭക്ഷണം പാകം ചെയ്യാനും അത് വിതരണം ചെയ്യാനും ഒപ്പം നില്ക്കണം. അതിനാവില്ലെങ്കില്‍ സഹായം വേണ്ട.
അഖില കേരള മാതൃകാ ഡ്രൈവര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുള്ള ആളാണ് സൈമണ്‍. ഇദ്ദേഹത്തെ ഏഷ്യാനെറ്റ് ഉള്‍പ്പെടെ പല ചാനലുകരും ക്ഷണിച്ചിട്ടുണ്ടെങ്കിലും പരസ്യം ആഗ്രഹിക്കാത്തതിന്ാല്‍ അവയൊക്കെ നിരസിച്ചു.
ഇതിനൊക്കെ പുറമേ നിര്‍ധനര്‍ക്കും ജോലി ചെയ്ത് ജീവിക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്കും ഒക്കെയായി സാമ്പത്തിക, താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും , ഒരുകൈ ചെയ്യുന്നത് മറുകൈ അറിയാതിരിക്കുന്നതിലാണ് അദ്ദേഹത്തിന് താല്പ്പര്യം.
'ക്രൈസ്തവത്വമില്ലാത്ത ക്രൈസ്തവരെ ക്രൈസ്തവീകരിക്കാന്‍ ദൈവമയച്ച ആളാണ് ഗാന്ധിജി' എന്ന് ഒരു പ്രഗത്ഭ ചിന്തകന്‍ പറഞ്ഞിട്ടുളളതുപോലെ ഒരു നല്ല സമറിയാക്കാരന്‍ എങ്ങനെയായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കാന്‍ ദൈവമയച്ച ആളാണ് സൈമണ്‍ എന്ന് നമുക്ക് കരുതാം. 

PUBLISHED IN ASSISI JANUARY ISSUE

Friday, 25 January 2013

റോമന്‍സ്

റോമന്‍സ് എന്ന പേരുള്ള സിനിമ കാണാന്‍ ഇതുവരെ കഴിഞ്ഞില്ല. 
സിനിമാ കാണാറില്ലാത്തതാണ് എങ്കിലും ഇതൊന്ന് കാണണമെന്നുണ്ട്. 
അങ്ങിനെ കരുതുന്ന കുറെപ്പേരെ ഈ ദിവസങ്ങളില്‍ കണ്ടു.
ഇതിനെതിരെ കേസുമായി പോയവരുടെ ലക്ഷ്യവും ഇതുതന്നെയായിരുന്നു. 

സാധാരണപോലെ കളക്ഷനില്ലാതെ പോകുമായിരുന്ന ഒരു സിനിമയെ രക്ഷപെടുത്തിയെടുക്കാന്‍ കളിച്ച കളി.
പരാതിക്കാരന്‍ എന്താ പറഞ്ഞത്..... കത്തോലിക്കാ സഭയുടെ എന്തോ ഊരിപ്പോയെന്ന്. എന്തുമാവട്ടെ നിര്‍മ്മാതാവിന് കാശ് മുടക്കാന്‍ മാത്രമല്ല കളിക്കാനുമറിയാം എന്നു മനസ്സിലായി.
എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത് മറ്റൊന്നാണ്.
പാലാ സെന്തോമസ് കോളേജ് ഗ്രൗണ്ടില്‍ ചെന്നാല്‍ നിങ്ങള്‍ക്കൊരു കാഴ്ചയുണ്ട്.
ഏതോ ഒരു ടൂര്‍ണമെന്റിനായി ഒരുക്കിയിരിക്കുന്ന കോര്‍ട്ട്. 

കോര്‍ട്ടിനു ചുറ്റും നിരത്തിവെച്ചിരിക്കുന്ന പരസ്യ ഫഌക്‌സ് ബോര്‍ഡുകള്‍.
കുറേ കോളേജുകള്‍ അവരുടെ പേരെഴുതിയ നീലബോര്‍ഡുകള്‍ വെച്ചിട്ടുണ്ട്. അവയ്‌ക്കോരോന്നിനും ഇടയിലൂടെ വര്‍ണ്ണശബളമായ മറ്റൊരു ബോര്‍ഡും കാണാം. 

അത് മറ്റൊന്നിന്റേയുമല്ല ആണ്‍കുട്ടികളില്‍ ഭൂരിഭാഗത്തിനും അവശ്യമുള്ള 
മുസലി പവര്‍ എക്‌സ്ട്രായുടെ തന്നെ.
ഇതിലെന്താ ഇത്ര പറയാനിരിക്കുന്നു എന്നാണോ.
എളളു ചോരുന്നത് കാണുകേം തേങ്ങാ ചോരുന്നത് കാണാതിരിക്കുകേം ചെയ്യുന്ന റോമന്‍സ്മാരുടെ സഭാസ്‌നേഹം കണ്ടപ്പോള്‍ പറഞ്ഞതാ.
അടുത്ത ടൂര്‍ണമെന്റിന് പരസ്യ ഇനത്തില്‍ നല്ല കാശ് കിട്ടുമെങ്കില്‍ എന്തിനാ കുറക്കുന്നത് കോണ്‍ണ്ടത്തിന്റെ പരസ്യം തന്നെയാവട്ടെ


Sunday, 23 December 2012

മതാധീതമായ ക്രിസ്മസ് ആഘോഷത്തിന്റെ 50-ാം വാര്‍ഷികം


സ്‌നേഹിതരേ,
2012 ഡിസംമ്പര്‍ 25 ന് മതാധീതമായ ഒരു ക്രിസ്മസ് ആഘോഷത്തിന്റെ 50 ആണ്ട് തികയുകയാണ്. തലനാട് ഗവ. സ്‌ക്കൂളില്‍ നിന്നും കൊണ്ടൂര്‍ ഗവ. L P സ്‌ക്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനെ തുടര്‍ന്ന് തീക്കോയിയില്‍ നിന്നും പഌശനാലേക്ക് താമസം മാറേണ്ടി വന്ന എന്റെ പിതാവ് ( കയ്യാണിയില്‍ മത്തായി സാര്‍) അയല്‍വാസികളായ ഹൈന്ദവ കുടുംബങ്ങളുമായി ക്രിസ്മസ് സന്തോഷം പങ്കിടാന്‍ 1963 ല്‍ ആരംഭിച്ച ആഘോഷ പരിപാടിക്കാണ് ഈ വര്‍ഷം 50 തികയുന്നത്.
24 ന് തയ്യാറാക്കുന്ന സമ്മാനപ്പൊതികള്‍ ക്രിസ്മസ് ദിനത്തില്‍ മനോഹരമായ ഒരു മരത്തില്‍ തൂക്കിയിടുന്നു. രാവിലെ കൃത്യം 10 മണിക്ക് നറുക്കെടുപ്പ് നടത്തുകയും ഓരോരുത്തര്‍ക്കും കിട്ടിയിരിക്കുന്ന നമ്പരിലുള്ള പൊതി അവരവര്‍ക്ക് നല്‍കുകയുമാണ് പരിപാടി. എല്ലാവരും തങ്ങള്‍ക്ക് കിട്ടുന്ന സമ്മാനപ്പൊതി അവിടെവെച്ച്തന്നെ തുറക്കണമെന്നൊരു നിബന്ധന മാത്രമാണുളളത്. ഏതൊരു പൊതിയിലും അപ്പോള്‍തന്നെ കഴിക്കാവുന്ന എന്തെങ്കിലും ഉണ്ടാവും.
1982 ല്‍ ചാച്ചന്‍ മരിച്ചു. ഞാന്‍ തിടനാട്ട് താമസമായതു മുതല്‍ ഈ പരിപാടി തിടനാട്ട് വെച്ചാണ് നടന്നു വരുന്നത്.
50-ാം വാര്‍ഷികാഘോഷത്തിന്റെ മുഖ്യ സവിശേഷത നവംമ്പര്‍ ലക്കം അസ്സീസി മാസികയില്‍ വന്ന 'വെറുതേയല്ല ഭാഢം' എന്ന ലേഖനത്തിലെ വൃദ്ധയായ മറിയത്തിനെ ആദരിക്കുന്നു എന്നതാണ്. കൂടാതെ തിടനാട് പള്ളി വികാരി ബഹു. ജോര്‍ജ് വഞ്ചിപ്പുര അച്ചന്‍, പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ ശ്രീ. സാമുവല്‍ കൂടല്‍, ശാസ്ത്രജ്ഞനായ ഡോ. സേതുമാധവന്‍ , അസ്സീസി മാനേജിംഗ് എഡിറ്റര്‍ ജിജോ അച്ചന്‍, BDO അബ്ദുള്‍ റഹിം എന്നിവരൊക്കെ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏവരേയും ഈ ആഘോഷവേളയിലേക്ക് ക്ഷണിക്കാന്‍ സന്തോഷമുണ്ട് .

ഏവര്‍ക്കും ക്രിസ്മസ് നവവത്സര മംഗളങ്ങള്‍

Sunday, 16 December 2012

വെറുതേയല്ല ഭാണ്ഡം...............

                                                               


'അങ്ങോട്ട് മാറി നില്ക്ക് തള്ളേ........സമയമില്ലാത്തപ്പഴാ കെട്ടും ഭാണ്ഡവുമായി വരുന്നത്......അടുത്ത വണ്ടിക്ക് പോകാം........ പോട്ടെ....പോട്ടെ...ണിണിം....'
രാവിലെ തിരക്കൊഴിഞ്ഞ ബസ്സ് നോക്കി ടൗണില്‍ നില്ക്കുമ്പോഴാണ് ഈ ശകാരം ശ്രദ്ധയില്‍പ്പെട്ടത്. ചട്ടയും മുണ്ടുമുടുത്ത് ഏകദേശം 90 വയസ്സു തോന്നിക്കുന്ന ഒരു പാവം അമ്മ. വലതുകൈയില്‍ ഒരു വടിയും ഇടതുതോളില്‍ വലിയൊരു ഭാണ്ഡവും. തലയില്‍ വെളളത്തുണികൊണ്ടുള്ള കെട്ട്. വായില്‍ പല്ലൊന്നുപോലുമില്ലെന്ന് ആ മുഖം കണ്ടാലറിയാം. അങ്ങനെ ആകെക്കൂടെ ആര്‍ക്കും പാവം തോന്നുന്ന സ്ത്രീ. അവരോടാണ് ബസിലെ കിളിക്കുട്ടന്റെ ശകാരം.
ബസ്സില്‍ അത്ര തിരക്കൊന്നുമില്ല. കിളിക്കുട്ടന്‍ ഒരു കൈ സഹായിച്ചാല്‍ മതി. അതിനവന് മനസ്സില്ലെങ്കിലെന്തു ചെയ്യും. ഇതു കണ്ട യാത്രക്കാരാരും മിണ്ടിയില്ലെന്നു മാത്രമല്ല അല്പ്പം സന്തോഷവും തോന്നിക്കാണും. കാരണം നമ്മള്‍ കേറിക്കഴിഞ്ഞാല്‍ പിന്നെ വണ്ടിയൊരിടത്തും നിര്‍ത്തരുതെന്നാണല്ലോ ആഗ്രഹം.
എല്ലാവര്‍ക്കും തിരക്കല്ലേ........പ്രത്യേകിച്ച് സ്വകാര്യ ബസ്സുകള്‍ക്ക്. വണ്ടി സ്റ്റാന്‍ന്റില്‍ നിന്നെടുത്താല്‍ മൂന്നു നാല് കിലോമീറ്റര്‍ വരെ ഒച്ചു വേഗത്തില്‍. പിന്നെയാണ് മരണപ്പാച്ചില്‍.
മുന്നോട്ടെടുത്ത ബസ്, അല്പ്പം മാറി നിന്നിരുന്ന ഞങ്ങളുടെ സമീപത്ത് വന്ന് നിന്നു. പെട്ടെന്ന് എന്റെ സുഹൃത്ത് സിബി ചവിട്ടുപടിയില്‍ നിന്നിരുന്ന കിളിക്കുട്ടന്റെ കോളറിന് പിടിച്ച് താഴെയിറക്കി. ഈ സമയത്ത് ഒരു പെണ്‍കുട്ടി ഓടിവന്ന് ബസ്സില്‍ കയറി. അപ്പോഴാണ് വണ്ടി നിന്നതിന്റെയും സുഹൃത്ത് കിളിക്കുട്ടനെ തൂക്കിയെടുത്തതിന്റേയുമൊക്ക ഗുട്ടന്‍സ് എനിക്ക് പിടികിട്ടിയത്.
' ആ അമ്മയെക്കേറ്റാന്‍ നിനക്ക് നേരമില്ലല്ലേ ? ......... നിനക്കറിയാമോ അവരാരാണെന്ന് ?..... ഈ ഭാണ്ഡക്കെട്ടുമായി അവര്‍ പോകുന്നത് എങ്ങോട്ടാണെന്ന് നിനക്കറിയാമോ ?.............................'
ബഹളം കേട്ട് നാട്ടുകാര്‍ ചുറ്റും കൂടി.
'അവരേയും കൊണ്ടല്ലാതെ ഈ വണ്ടി ഇന്നിവിടുന്ന് പോകില്ല' സിബി തറപ്പിച്ചു പറഞ്ഞു.
അപ്പോഴേക്ക് ഒരാള്‍ ആ അമ്മയെ കൂട്ടിക്കൊണ്ട് വന്ന് ബസിനുള്ളില്‍ കയറ്റി.
ഭാണ്ഡക്കെട്ട് അകത്ത് എടുത്ത് വെച്ചു കൊടുത്തു. വണ്ടി പോയിക്കഴിഞ്ഞപ്പോള്‍ ആ അമ്മയെപ്പറ്റി ഞാന്‍ സുഹൃത്തിനോട് തിരക്കി.
' ഇവര്‍ക്ക് തൊണ്ണൂറു വയസിന് മുകളില്‍ പ്രായമുണ്ട്. ചക്കി എന്നായിരുന്നു പഴയ പേര് പക്ഷേ ഇപ്പോള്‍ മറിയം എന്നാണ്. അക്കരയമ്മ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. അവരുടെ കൈയിലിരുന്ന കെട്ടിലെന്തായിരുന്നെന്നറിയാമോ ? മുഴുവന്‍ വസ്ത്രങ്ങള്‍. അവരുടെ ആവശ്യത്തിനല്ല. അടുത്ത കോളനിയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ശേഖരിച്ചത്. വീടു വീടാന്തരം കയറിയിറങ്ങി പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച്, തനിയെ ചുമന്ന് കൊണ്ടുവന്ന് പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നതാണ് അവരുടെ പ്രധാന പരിപാടി.'
ഈ പഴയ വസ്ത്രങ്ങള്‍ക്കൊക്കെ ഇപ്പോഴും നമ്മുടെ നാട്ടില്‍ ആവശ്യക്കാരുണ്ടോ എന്ന് ഞാന്‍ സംശയം ഉന്നയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
'ഉണ്ടോയെന്നോ ? അക്കരയമ്മയുടെ വരവും കാത്തിരിക്കുന്ന സ്ത്രീകളും കുട്ടികളും എത്രയെന്നോ. പിന്നെ ചോദ്യത്തിന്റെ പൊരുളും മനസ്സിലായി. കൂലി കൂടിയപ്പോള്‍ ഉണ്ടായ സാമ്പത്തിക പുരോഗതിമൂലം പഴയ വസ്ത്രങ്ങളുടെയൊക്കെ ആവശ്യകത അവസാനിച്ചില്ലേ എന്ന് സ്വാഭാവികമായും തോന്നാം. പക്ഷേ എന്റെ അഭിപ്രായത്തില്‍ കൂലി കൂടുതല്‍ ലഭിക്കുന്ന ഭൂരിഭാഗം പുരുഷന്മാരും അതിന്റെ ഏറിയ പങ്കും മദ്യത്തിനും ലോട്ടറിക്കും വേണ്ടി ചെലവഴിക്കുന്നതിനാല്‍ സാമ്പത്തികമായി അവര്‍ ഇന്നും പഴയ അവസ്ഥയില്‍ തന്നെയാണ്'
എന്റെ മുഖത്തെ അത്ഭുതഭാവം കണ്ട് സുഹൃത്ത് സംസാരം നിര്‍ത്തി. ഒരു ചായ കുടിക്കാമെന്ന തീരുമാനത്തില്‍ അടുത്തുള്ള ചായക്കടയില്‍ കയറി സ്വസ്ഥമായിരുന്നു. അദ്ദേഹം വീണ്ടും സംസാരിച്ചു തുടങ്ങി.
' നമ്മുടെ ചെറുപ്പത്തില്‍ പഴയ വസ്ത്രമെന്ന് പറഞ്ഞാല്‍ നിറം മങ്ങിയോ കീറിയോ ഉപയോഗ യോഗ്യമല്ലാത്തത് എന്നായിരുന്നുവെങ്കില്‍ ഇന്നതല്ല സ്ഥിതി. ഇന്ന് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫാഷന്‍ മാറിയാല്‍ ഉപേക്ഷിക്കുന്ന പ്രവണതയായതിനാല്‍ ഈ പഴയ വസ്ത്രങ്ങള്‍ ഭൂരിഭാഗവും ഉപയോഗയോഗ്യമാണ്.
പഴയ വസ്ത്രങ്ങള്‍ ശേഖരിക്കുന്ന ചിലര്‍ അവ വീണ്ടും വിപണിയിലെത്തിച്ച് വില്പ്പന നടത്തുന്നതായി കേള്‍ക്കാറുണ്ട്. അക്കരയമ്മയുടെ കാര്യത്തില്‍ അങ്ങനെയൊരു പ്രശ്‌നമില്ലാത്തതിനാല്‍ വീട്ടുകാര്‍ ഉപയോഗിക്കാത്ത നല്ല വസ്ത്രങ്ങള്‍ പോലും ഇവരെ ഏല്പ്പിക്കുന്നു. അതാണ് അവര്‍ അക്കരയമ്മയെ കാത്തിരിക്കാന്‍ കാരണം.' എനിക്കെന്തോ ചോദിക്കാനുണ്ടെന്ന്്് തോന്നിയ അദ്ദേഹം സംസാരം നിര്‍ത്തി.
'നാട്ടുനടപ്പനുസരിച്ച് തൊണ്ണൂറിനുമേല്‍ പ്രായമുള്ള ഭൂരിപക്ഷത്തിന്റേയും അവസ്ഥ നമുക്കറിയാം. ഇനി ആരോഗ്യം അനുവദിച്ചാല്‍തന്നെ ഇത്രയേറെ പ്രതിബദ്ധതയോടെ പ്രതിഫലേച്ഛ കൂടാതെ സാമൂഹ്യസേവനം നടത്തുന്നവരെത്ര പേരുണ്ട് ? പക്ഷേ എന്തേ പഞ്ചായത്തോ എന്തിന്്് വനിതാ പ്രസ്ഥാനങ്ങള്‍ പോലുമോ ഇവരെ അനുമോദിക്കുകയോ ആദരിക്കുകയോ
ചെയ്തിട്ടില്ല ?'ഞാന്‍ ചോദിച്ചു.
'അര്‍ഹതയുള്ളവരെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നത്് ഒരു സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇവര്‍ ആരില്‍ നിന്നും ഒരംഗീകാരവും പ്രതീക്ഷിക്കുന്നില്ല.' അദ്ദേഹത്തിന്റെ മുഖത്ത്് ഒരു ഗൗരവഭാവം ഞാന്‍ കണ്ടു.
'മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ വരും തലമുറ വിശ്വസിക്കാനിടയില്ല' എന്ന് ഗാന്ധിജിയെക്കുറിച്ച് ഐന്‍സ്റ്റിന്‍ പറഞ്ഞ വാക്കുകളാണ് പെട്ടെന്ന് എന്റെ ഓര്‍മ്മയിലെത്തിയത്. 

published in Assisi magazine November 2012

Wednesday, 12 December 2012

ഈ രക്തത്തില്‍ എനിക്ക് പങ്കുണ്ട്.............



'ഹലോ ബിജുവല്ലേ ?'
'അതേ ആരാണ് ?'
' എന്റെ പേര് തോമസ്. അറിയാന്‍ വഴിയില്ല. ഞാന്‍ എര്‍ണാകുളത്തുനിന്നാണ് വിളിക്കുന്നത്.
ബിജുവിന്റെ സ്‌ക്കൂളിലെ ജോസ് സാറാണ് നമ്പര്‍ തന്നത്.'
' ശരി. എന്താണ് വിശേഷം ?'
' എന്റെ ഭാര്യയെ അമൃതയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ.്
അത്യാവശ്യമായി ആറ് കുപ്പി ബി പോസിറ്റീവ് ബ്‌ളഡ് വേണം. ബിജുവിനോട് പറഞ്ഞാല്‍ നടക്കുമെന്നാ ജോസ് സാറ് പറഞ്ഞത്.'
ഇങ്ങനെയൊരവസരത്തില്‍ ഞാനായിരുന്നെങ്കില്‍ ചില ചോദ്യങ്ങള്‍ തിരികെ ചോദിക്കുമായിരുന്നു.
താങ്കളുടെ ഗ്രൂപ്പ് എതാണ് ? പ്രായപൂര്‍ത്തിയായ മക്കളോ ബന്ധുക്കളോ ഈ ഗ്രൂപ്പില്‍ പെട്ടവരില്ലേ ?
അവിടെ ബ്‌ളഡ് ബാങ്കില്‍ ഏതെങ്കിലും ഗ്രൂപ്പ് കൊടുത്താല്‍ പോരെ ?
താങ്കളുടെ നാട്ടിലൊന്നും ഈ ഗ്രൂപ്പുള്ളവരില്ലേ ? എന്നിങ്ങനെ.
എന്നാല്‍ ബിജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു.
' ശരി ഞാനൊന്നന്വേഷിക്കട്ടെ. പരമാവധിപ്പേരെ ഒപ്പിക്കാമോ എന്ന് നോക്കിയിട്ട് തിരിച്ചു വിളിക്കാം.'

പിന്നീട് ബിജുവിനെ കണ്ടപ്പോള്‍ ഞാന്‍ വിവരം തിരക്കി. അപ്പോള്‍ ബിജു പറഞ്ഞു.
' പിറ്റേദിവസം ആറ് പേരേയും സംഘടിപ്പിച്ചു. ചിലരെ കാണാന്‍ ആട്ടോയ്ക്ക് പോയി. മറ്റുള്ളവരെ ഫോണില്‍ വിളിച്ചു. പക്ഷേ ഒരു കുഴപ്പം ഇവര്‍ തനിയേ അമൃതയിലേക്ക് പോകില്ല. ഞാനും ചെല്ലണം.
എന്തു ചെയ്യും ? എനിക്കാണെങ്കില്‍ നൂറുകൂട്ടം കാര്യങ്ങള്‍. അമ്മയ്ക്കും കുഞ്ഞിനും മരുന്നു വാങ്ങണം. ഞാന്‍ ആശുപത്രിയില്‍ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേക്കും രോഗിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ കേറ്റിയെന്നും ഉടന്‍ ടാക്‌സി പിടിച്ച് വരണമെന്നും അവര്‍. വണ്ടിക്കൂലിക്കുള്ള കാശ് പോലും എന്റെ കയ്യിലില്ല.ആല്ലെങ്കില്‍ തന്നെ എന്ത് വിശ്വസിച്ച് ടാക്‌സി പിടിക്കും ? ഒന്നുരണ്ട് അബദ്ധം പറ്റിയതാ.
എന്തായാലും രണ്ടും കല്പ്പിച്ച് ടാക്‌സിയുമായി ഞങ്ങള്‍ പോയി.കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു.'

ചെമ്മലമറ്റം കണ്ണന്തറയില്‍ ജോസഫിന്റെയും അന്നമ്മയുടെയും മകനും,
ചെമ്മലമറ്റം LFHSലെ പ്യൂണും, സ്ഥലത്തെ KCYM, AKCC, മദ്യവിരുദ്ധ സമിതി ഇവയുടെ PROയും, പുരുഷ സ്വാശ്രയ സംഘം പ്രവര്‍ത്തകനും, മാതൃഭൂമി സീഡ് പദ്ധതിയുടെ വൈസ് കോ-ഓര്‍ഡിനേറ്ററും ഒക്കെയായ ശ്രീ.ബിജു കണ്ണന്തറയുടെ നിഷ്‌കാമ കര്‍മ്മകാണ്ഢത്തിലെ ചെറിയൊരു ഭാഗമാണ് നാം
കണ്ടത്.
ഏതാണ്ട് 10 വര്‍ഷം മുമ്പ് 110 പേരുള്ള രക്തദാന സേന രൂപീകരിച്ചുകൊണ്ടാണ് രക്തദാന മേഖലയില്‍ ബിജു പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് ബിജുവിന്റെ പക്കല്‍ 800 ല്‍ പരം രക്തദാന സന്നദ്ധരുടെ ലിസ്റ്റുണ്ട്. ഇതില്‍ അയല്‍വാസികളും നാട്ടുകാരും ഉള്‍പ്പെട്ടിട്ടില്ല.
കാരണം അവരുടെ രക്തഗ്രൂപ്പ് ബിജുവിന് കാണാപാഠമാണ്. ഇത്രയും സമ്പന്നമായ ലിസ്റ്റ് ഉണ്ടായത് സൗജന്യ രക്തപരിശോധനാ ക്യാമ്പുകളൊന്നും നടത്തിയിട്ടല്ല.
യാത്രാവേളകളിലും മറ്റവസരങ്ങളിലും കണ്ടുമുട്ടുന്ന ചെറുപ്പക്കാരുമായി ബിജു പരിചപ്പെട്ട് അവരുടെ
രക്തഗ്രൂപ്പും ഫോണ്‍നമ്പരും വാങ്ങുന്നു. പിന്നീട് ഇവരോരോരുത്തരേയും വിളിച്ച് കുശലാന്വേഷണം
നടത്തുകയും രക്തദാനത്തിനുള്ള സന്നദ്ധത ചോദിച്ചറിയുകയും സന്നദ്ധനാണെങ്കില്‍ ലിസ്റ്റില്‍
ഉള്‍പ്പെടുത്തുകയും ചെയ്യും.
ഈ ലിസ്റ്റ് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബിജു സ്ഥലത്തില്ലാത്തപ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ ലിസ്റ്റ് പരിശോധിച്ച് ലഭ്യത അറിയിക്കാന്‍ ഭാര്യ നൈസിയെ പരിശീലിപ്പിച്ചിട്ടുണ്ട്.
പറഞ്ഞയക്കുന്ന ആള്‍ രക്തം ദാനം ചെയ്ത് തിരിച്ചെത്തിയാല്‍ അന്നുതന്നെ ആ വ്യക്തിയെ നേരിട്ടോ ഫോണിലോ ബന്ധപ്പെട്ട് സുഖാന്വേഷണം നടത്തിയാലേ ബിജുവിനു സമാധാനമുള്ളു.
ബിജുവിന്റെ ഭാര്യ നൈസി. ആന്‍ മരിയയും ആല്‍ബിനും മക്കള്‍.
ഭാര്യ നൈസിയുടേത് ബി നെഗറ്റീവ് ബ്‌ളഡ് ആണ്. നൈസിക്കുവേണ്ടി നേരത്തെ സൂക്ഷിച്ചു വെച്ചിരുന്ന ബ്‌ളഡ് ഒരടിയന്തിര സാഹചര്യത്തില്‍ മറ്റൊരാള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടി വന്നു.
നൈസിക്ക് സമയമായപ്പോള്‍ ബഌഡിനുവേണ്ടി ഏറെ കഷ്ടപ്പെടേണ്ടി വന്നു.
ഇത് ബിജുവിനെ വേദനിപ്പിച്ച ഒരു സംഭവമാണ്.
ഇതിനോടകം ആയിരത്തിലേറെപ്പേര്‍ക്ക് രക്തം എത്തിച്ചുകൊടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
ഡെങ്കിപ്പനിയും മറ്റും വ്യാപകമാകുന്ന സമയത്ത് ആഴ്ചയില്‍ 15 പേര്‍ക്കെന്ന നിരക്കില്‍ രക്തം എത്തിക്കാന്‍ ഈ ബിജുവിനല്ലാതെ മറ്റാര്‍ക്ക് കഴിയും ?
പക്ഷേ ഒരംഗീകാരവും ഇതുവരെ ബുജുവിനെ തേടിയെത്തിയിട്ടില്ല.
ഒരു രക്തദാന അവാര്‍ഡ് കേരളത്തിലുണ്ടെങ്കില്‍ അത് ആദ്യം കൊടുക്കേണ്ടത് ബിജുവിനാണ്.
10 വര്‍ഷം മുമ്പ് സര്‍വ്വീസില്‍ കയറിയ ബിജു 10 കാഷ്വല്‍ ലീവ് പോലും ഇതുവരെ എടുത്തിട്ടില്ലെന്നതു
മാത്രമല്ല പ്യൂണ്‍ എന്ന നിലയില്‍ ബിജു തന്റെ സ്‌കൂളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും
നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.
രാവിലെ 7.30 ന് സ്‌കൂളിലെത്തിയാല്‍, താന്‍ പണം മുടക്കി വാങ്ങിക്കൊണ്ടു വരുന്ന പത്രങ്ങളിലെ
പ്രധാന വാര്‍ത്തകള്‍ വെട്ടിയെടുത്ത് വാര്‍ത്താബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നു.
ഈ വാര്‍ത്തകളെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കായി ഒരു ചോദ്യവും കാണും.
ഓഫീസിനടുത്ത് വെച്ചിരിക്കുന്ന ബോക്‌സില്‍ കുട്ടികള്‍ എഴുതി നിക്ഷേപിക്കുന്ന ഉത്തരങ്ങള്‍
എല്ലാ ദിവസവും 3 മണിക്ക് മുമ്പ് പരിശോധിക്കും. ശരിയുത്തരക്കാരില്‍ നിന്ന് നറുക്കിട്ട് വിജയിയെ
കണ്ടെത്തി ബിജുവിന്റെ വക ഒരു സമ്മാനവും നല്‍കും.
ആഴ്ചയില്‍ 100 രൂപ പത്രത്തിനു പുറമേ ഇതിന് വേണ്ടി ചെലവാക്കുന്നു
പ്രധാന വ്യക്തികളുടെ മരണസമയത്ത്്, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ വരുന്ന
ഫോട്ടോകള്‍ ശേഖരിച്ച്്് സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുന്നത്് ബിജുവിന്റെ പതിവാണ്.
യുവജനോത്സവ സീസണില്‍ ബിജുവിനെ ഉറങ്ങാന്‍ സമ്മതിക്കില്ല കുട്ടികള്‍.
നാടകം, മോണോ ആക്ട് , സ്‌കിറ്റ് , മിമിക്രി എന്നിവയൊക്കെ എഴുതി തയ്യാറാക്കി കുട്ടികള്‍ക്ക്
പരിശീലനം നല്‍കി സ്റ്റേജിലെത്തിക്കുന്നതു വരെയുള്ള മുഴുവന്‍ ചുമതലയും
ബിജു ഏറ്റെടുത്തേ മതിയാവൂ.
'ബിജൂസ് കോമഡി' എന്ന പേരില്‍ ഒരു ചാനലില്‍ പരിപാടി അവതരിപ്പിച്ചിട്ടുള്ള ബിജുവിന്
ഇതൊന്നും ഒരു പ്രശ്‌നമല്ല.
അനാധാലയങ്ങള്‍, ജയിലുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍
തന്റെ മിമിക്രി പ്രോഗ്രാം നടത്താനും ബിജു സമയം കണ്ടെത്തുന്നു.
ഇതിനൊക്കെപ്പുറമേ ശാലോം, ദീപനാളം മുതലായ പ്രസിദ്ധീകരണങ്ങളില്‍ ലേഖനമെഴുതാനും
ആനുകാലിക സംഭവങ്ങളെക്കുറിച്ച് പത്രാധിപര്‍ക്ക് കത്തെഴുതാനും
(ദീപികയില്‍ 270 ല്‍ ഏറെ കത്തുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്) സമയം കണ്ടെത്തുന്നു.
ഒന്നിനും സമയമില്ല എന്ന് പരിതപിക്കുന്നവരുടെ മുമ്പില്‍
ഒരു ചോദ്യചിഹ്നമാണ് ശ്രീ.ബിജു കണ്ണന്തറ.
എവിടെ ഒരു റോള്‍ മോഡല്‍ ? എന്ന് ചോദിക്കുന്നവര്‍ക്ക്
ഒരു ഉത്തരമാണ് ശ്രീ. ബിജു കണ്ണന്തറ.

അസ്സീസി മാസിക സെപ്റ്റംബര്‍ ലക്കം പ്രസിദ്ധീകരിച്ചത്‌ 

Tuesday, 9 October 2012



ശ്രീ. സക്കറിയാസ് നെടുങ്കനാല്‍ രചിച്ച അവബോധത്തിലേക്ക് എന്ന കൃതിയുടെ രണ്ടാം ഭാഗമായ ഭാവ്യതാപഥത്തെക്കുറിച്ചാണ് ഈ കുറിപ്പ്.
പുസ്തകത്തിന്റെ തലക്കെട്ടുണര്‍ത്തിയ ജിജ്ഞാസയാണ് തുറന്നു നോക്കാന്‍ പ്രേരണയായത്.
ഭാവ്യതാപഥം എന്നാല്‍ എന്തെന്ന് മുഖവുരയില്‍ അദ്ദേഹം വിവരിച്ചിട്ടുണ്ട്. ആയിത്തീരാനുള്ള സാദ്ധ്യതയാണ് ഭാവ്യത.ഒരു വസ്തുവിന്റെ സത്തയേക്കാള്‍ മൗലികവും നിത്യവുമായ ഒരു തത്വമാണ് അതിന്റെ ആയിത്തീരാനുള്ള സാദ്ധ്യത. സംഭവിക്കാന്‍ പാടുള്ളതേ സംഭവിക്കൂ. പക്ഷേ സംഭാവ്യമായതെല്ലാം ഭവിക്കണമെന്നില്ല.
സമ്പത്ത് , ദാരിദ്ര്യം, യശസ്സ്, മാനഹാനി, പാണ്ഡിത്യം എന്നിവയൊക്കെ ഭവിക്കുകയോ ഭവിക്കാതിരിക്കുകയോ ചെയ്യുന്നതുപോലെയാണ് അവബോധത്തിന്റെ കാര്യവും എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു.
അദ്ദേഹത്തിന്റെ വാദങ്ങളെ ശരിവെയ്ക്കുന്ന പ്രത്യക്ഷമായ തെളിവാണ് അവതാരിക ഒഴിവാക്കിയ ഈ പുസ്തകം തന്നെ. അവതാരിക ഒഴിവാക്കിയതിന് അദ്ദേഹം നല്‍കുന്ന വിശദീകരണമാകട്ടെ തുടര്‍വായനയില്‍ നാം പുലര്‍ത്തേണ്ട മനോഭാവം എന്തായിരിക്കണമെന്നതിന്റെ സൂചന കൂടിയാണ്.
'ജീവിതം തന്നെ മൊത്തത്തില്‍ ഒരു ഫലിതമല്ലേ?'രണ്ടാമധ്യായത്തിലെ ചോദ്യം വളരെ പ്രസക്തമായ ഒരു സത്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ബഹളമയമായ ഈ ലോകത്തില്‍ കോലാഹലങ്ങളില്‍നിന്ന് മാനസികമായ അകലം കാക്കുന്നതിനുളള മാര്‍ഗ്ഗമായി സൂചിപ്പിച്ചിരിക്കുന്ന കോവണിപ്പടികളുടെ ഉപമ ഏറെ ശ്രദ്ധേയമാണ്.
'അന്യരുടെ മുമ്പില്‍ കേമപ്പെട്ട ഒരു പ്രതിച്ഛായ സൃഷ്ടിക്കുക എന്ന പാഴ്‌വേലയിലാണ് കൂടുതല്‍ ആള്‍ക്കാരും അവരുടെ സമയത്തിലേറെയും കളയുന്നത്'. എത്ര പച്ചയായ സത്യമാണ് ' സന്തുഷ്ടിയിലേക്കുള്ള വഴി ' എന്ന അദ്ധ്യായത്തില്‍ ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നത്. ജീവിക്കുന്ന ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നമുക്കു ചുറ്റുമുണ്ട്. എല്ലാവരും ആവശ്യമാണ് എന്നാല്‍ ആരും അത്യാവശ്യമല്ലെന്ന തിരിച്ചറിവിലേക്കാണ് ഇതെല്ലാം നമ്മെ നയിക്കുന്നത്.
വളരെ സവിശേഷമായ മറ്റൊരു നിരീക്ഷണം നോക്കൂ. 'ഉള്ളിലേക്ക് നോക്കുന്നവനെ അന്തര്‍മുഖനെന്നു വിളിക്കും. അല്ലെങ്കില്‍ സ്വപ്‌നജീവിയെന്ന്. മറിച്ച് ചുറ്റും സംഭവിക്കുന്നതൊക്കെ കണ്ടറിഞ്ഞും വിശകലനം ചെയ്തും നടക്കുന്നവനെ ജാഗരൂകനെന്നും. പക്ഷേ ശരി നേരേ തിരിച്ചല്ലേ?' ഒരുപക്ഷേ ഇവരെ ഉദ്ദേശിച്ചായിരിക്കാം പകരക്കുറിപ്പില്‍ ദൈവം നല്‍കുന്ന ഉപദേശം.
'അവനവനെപ്പറ്റി ആണെങ്കില്‍പോലും , ഉറച്ചുപോയ ആശയങ്ങള്‍ അന്ധതക്കു തുല്യമാണ്.'(അധ്യായം 6)
'എന്റേത് എന്നതിനുപകരം, നമ്മള്‍, നമ്മുടേത് എന്ന ബോധ്യം മനുഷ്യരെ തമ്മില്‍ തമ്മിലും , മനുഷ്യരേയും പ്രകൃതിയിലുളള എല്ലാത്തിനേയും തമ്മിലും ബന്ധിപ്പിക്കാതെ നമുക്ക് അതിജീവനം അസാദ്ധ്യമാണ്. ഈശ്വസങ്കല്പ്പവും ഇന്ന് വ്യാപകമായിത്തീര്‍ന്നിട്ടുള്ളവയില്‍നിന്ന് വ്യത്യസ്തമാകണം.' (അധ്യായം 7)
ഇങ്ങനെ സാധാരണ സാമൂഹ്യപ്രശ്‌നങ്ങളെ വിശകലനം ചെയ്ത് വ്യാഖ്യാനിച്ച് ഭാവ്യതാപഥത്തെ 'സുവിശേഷത്തിന്റെ പരിമളം' എന്ന അധ്യായം മുതല്‍ നമ്മെ മറ്റൊരു മേഖലയിലേക്ക് ഗ്രന്ഥകര്‍ത്താവ് നയിക്കുന്നു.
തന്റെ ജീവിതയാത്രയിലെ സംഭവവികാസങ്ങളെ മാറിനിന്ന് നിരീക്ഷിക്കുന്ന രചനാവൈഭവമാണ് തുടര്‍ന്നു ള്ള അദ്ധ്യായങ്ങളില്‍ കാണുന്നത്.
'ഗീതഗോവിന്ദവും ഉത്തമഗീതവും' എന്ന അദ്ധ്യായം ഗ്രന്ഥകാരന്റെ പരന്ന വായനയുടേയും പാണ്ഡിത്യത്തിേെന്റയും മകുടോദാഹരണമാണ്.
മലയാള സിനിമാ ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍, പ്രാര്‍ത്ഥന, എഴുത്ത്, പീഡാനുഭവം എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളെ വ്യത്യസ്തതലങ്ങളില്‍നിന്ന് നിരീക്ഷിച്ച് വായനക്കാരനുമായി പങ്കുവയ്ക്കുകയും അവബോധത്തില്‍ എത്തിച്ചേരാനുള്ള കുറുക്കുവഴി ഉപദേശിച്ചു തരുകയും ചെയ്യുന്നവയാണ് ഈ പുസ്തകത്തിലെ അവസാന അധ്യായങ്ങള്‍. 
ശ്രീ. സക്കറിയാസിന്റെ നിഷ്‌കപടമായ സ്‌നേഹത്തിനുമുമ്പില്‍ തലകുനിച്ചുകൊണ്ട്...............
കെ. എം. ജെ പയസ്, കയ്യാണിയില്‍ 9446759847
N.B.
ഈ പുസ്തകം അല്മായശബ്ദം ബ്ലോഗിലെ (almayasabdam.blogspot.com) ഇലക്ട്രോണിക് ലൈബ്രറിയില്‍നിന്ന് ലഭ്യമാണ്. വായിച്ചിട്ട് തൃപ്തികരമെന്നു തോന്നുന്നവര്‍ പുസ്തകത്തിന്റെ വില നിര്‍ണയിച്ച് ഗ്രന്ഥകാരന് അയച്ചുകൊടുക്കുക.