Thursday 4 February 2016

പൗരത്വം


ഒ.സി.ഐ കാര്‍ഡോ പി.ഐ കാര്‍ഡോ ഇല്ലാത്ത പ്രവാസികള്‍ക്ക് സമര്‍പ്പിക്കുന്നു
പൗരത്വം

നീ ഉയിര്‍കൊണ്ട ഗര്‍ഭപാത്രത്തിനുടമ നിന്നമ്മ
നിനക്കാദ്യാക്ഷരമോതിയതോ നിന്‍ ഗുരുവരന്‍
അറിവിന്റെ അഗ്നിയെ നിന്നില്‍ ജ്വലിപ്പിച്ച നിന്‍ വിദ്യാലയം
നിനക്കായി സൗജന്യ വിദ്യാഭ്യാസമേകിയത് നിന്‍ ഭാരതം

നിന്നമ്മതന്‍ നാടിന്റെ ഓര്‍മ്മയും
നിന്‍ ഗുരുവിന്റെ നാടിന്നോര്‍മ്മയും
നിന്‍ വിദ്യാലയത്തിന്നോര്‍മ്മയും
നിന്‍ ഭാരത നാടിന്നോര്‍മ്മയും
മറക്കുവാന്‍ നിനക്കിത്രയെളുപ്പമോ സോദരാ ?
എങ്ങനെ കഴിയുന്നു നിനക്കിതു സോദരാ ?

പൗരത്വമതു നീയേതു രാജ്യത്തെടുത്താലും
മറക്കാമോ നിന്നെ നീയാക്കിയ ജന്മഭൂമിയെ.
ചേക്കേറി നീയൊരു രാജ്യത്ത് തൊഴിലിനായി
തൊലിയുടെ നിറം പക്ഷേ മാറ്റുവാനാകുമോ ?

കര്‍മ്മ ബന്ധങ്ങള്‍ മുറിച്ചു മാറ്റുംപോല്‍
ജന്മ ബന്ധങ്ങള്‍ മാറ്റുവാനെളുപ്പമോ ?
ബന്ധങ്ങളൊക്കെ പാഴെന്ന തോന്നല്‍
പ്രായത്തിന്‍ ചൂടും ചൂരും നിമിത്തം

എത്ര നീ മേലേ പറന്നുയര്‍ന്നാലും
സമ്മാനത്തിനായി നീ താഴെയിറങ്ങണ്ടേ
കാലത്തിന്‍ മഹാപ്രവാഹത്തിലെന്നും
കരയോടടുക്കുന്ന തിരപോലെ ജീവിതം

കരയോടടുക്കുന്ന തിരകളില്‍ ചിലവ
പാദങ്ങള്‍ കഴുകി സായൂജ്യമടയുന്നു
നിന്നെക്കാത്ത് തീരത്തു നില്ക്കാന്‍
പാദങ്ങള്‍ കാണട്ടെയെന്നു നീ പ്രാര്‍ത്ഥിക്കൂ
പാറയില്‍ തല്ലി ചിതറുന്ന തിര തന്‍
ഹ്ൃദയനൊമ്പരം നിനക്കന്ന്യമാവട്ടേ....