Thursday 22 March 2012

രക്ഷിതാക്കളറിയാന്‍ 8



''ഈ ചോദ്യത്തിന് മഞ്ജുതന്നെ മുമ്പ് ഉത്തരം പറഞ്ഞതാണ്.'' മാഷ് ഓര്‍മിപ്പിച്ചു.

''ഒരു പണി തീര്‍ന്നിട്ടുവേണ്ടേ അടുത്തത് ചെയ്യാന്‍. ദിവസേന ആറും ഏഴും തവണ ഭക്ഷണം കഴിക്കുന്നവന്റെ ശരീരത്തിന് ഈ ആഹാരസാധനങ്ങള്‍ അരച്ച് ദഹിപ്പിക്കാനുള്ള സമയംതന്നെ തികയു ന്നില്ല.
 പിന്നെപ്പോഴാണ് അതു പരിസരം വൃത്തിയാക്കുകയും സ്വയം നന്നാക്കുകയും ചെയ്യുന്നത്. അപ്പോള്‍ മനുഷ്യയന്ത്രം അതിന്റെ പ്രത്യേക സവിശേഷസ്വഭാവം പ്രയോഗിക്കണമെങ്കില്‍ അതിനു വേണ്ടത്ര വിശ്രമസമയം നല്‍കാന്‍ നാം തയാറാകണം.''''അതിനു നമ്മള്‍ രാത്രിയില്‍ കിടന്നുറങ്ങുന്നതു പോരേ ?'' അച്ചുവിന്റെ സംശയം.


''നമ്മള്‍ ഉറങ്ങുമ്പോഴും ദഹനേന്ദ്രിയം പ്രവര്‍ത്തിച്ചുകൊണ്ടല്ലേ ഇരിക്കുന്നത്. ദഹനേന്ദ്രിയത്തിനു വിശ്രമം കിട്ടണമെങ്കില്‍ അകത്തേക്കു കൊടുക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കണം.
''നമ്മുടെ പൂര്‍വികര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നു. 

അതുകൊണ്ടാണ് പ്രധാനപ്പെട്ട മതവിഭാഗങ്ങളെല്ലാം മതാചാരങ്ങളുടെ ഭാഗമായി നോമ്പും ഉപവാസവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആധുനികതലമുറയ്ക്ക് ഇതൊക്കെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി തോന്നാം. ഒരുപക്ഷേ, ഈ ആചാരങ്ങള്‍ക്ക് പൂര്‍വികര്‍ കല്പിച്ചു നല്‍ കിയ പാപപുണ്യ വ്യാഖ്യാനമാകാം കാരണം. 
പൂര്‍വികര്‍ അതു ചെയ് തതും ബോധപൂര്‍വമാണെന്നു കരുതാം.
 വിശ്വാസത്തിനുമാത്രം സ്ഥാനമുണ്ടായിരുന്ന അക്കാലത്ത് എന്തും ആ തലത്തില്‍ മാത്രമേ ജന
സാമാന്യത്തിനുമേല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമായിരുന്നുള്ളൂ.'' മാഷ് വ്യക്തമാക്കി.


''നിങ്ങള്‍ കുളി കഴിഞ്ഞ് ആദ്യം തോര്‍ത്തുന്ന ശരീരഭാഗത്ത് മൂശേട്ടയും, രണ്ടാമത്തെ സ്ഥലത്ത് സരസ്വതിയും മൂന്നാമത്തെ സ്ഥലത്ത് മഹാലക്ഷ്മിയും ഇരിക്കും എന്ന പ്രമാണം കേട്ടിട്ടുണ്ടോ ?'' മാഷ് ചോദിച്ചു.


''ഇല്ല. ഞങ്ങള്‍ കുളികഴിഞ്ഞ് ആദ്യം മുഖവും പിന്നെ തലയുമൊക്കെയാണു തുടയ്ക്കുക.'' മീര പറഞ്ഞു. പിള്ളമനസില്‍ കള്ളമില്ലല്ലോ.


''ഹൈന്ദവവിശ്വാസമനുസരിച്ച് ആദ്യം പുറം തുടയ്ക്കണം. എങ്കില്‍ മൂശേട്ട പുറത്തിരിക്കും. 


രണ്ടാമത് തല. സരസ്വതി വേണ്ടേ അവിടെയിരിക്കാന്‍. 


മൂന്നാമത് മുഖം തുടച്ച് മഹാലക്ഷ്മിയെ അവിടെ യിരുത്തണം.'' 


മാഷ് റോണിയെ നോക്കിപ്പറഞ്ഞു: ''ഞാനീപ്പറയുന്നത് അന്ധവിശ്വാസമാണെന്നു പറഞ്ഞ് മുമ്പത്തേപ്പോലെ ബഹളം വയ്ക്കരുത്. ഇതിനു പിന്നിലുമുണ്ട് ഒരു ശാസ്ത്രീയത. തണുപ്പ് പെട്ടെന്നു ബാധിക്കുന്നതു നട്ടെല്ലിനെ ആയതിനാല്‍ ആദ്യം പുറം തുടയ്ക്കണം. 
തലയില്‍ വെള്ളം നില്ക്കുന്നത് ജലദോഷത്തിനു കാരണമാകാം എന്നതുകൊണ്ട് രണ്ടാമതു തല തുടയ്ക്കണം. അവസാനം മുഖം. 
ഏതു വ്യാഖ്യാന മാണ് ജനങ്ങളെ കൂടുതല്‍ സ്വാധീനിക്കുന്നതെന്നു നോക്കൂ. ഇതു തന്നെയാണു നോമ്പ് - ഉപവാസങ്ങളുടെ കാര്യത്തിലും പൂര്‍വികര്‍ ചെയ്തത്.''
''ഒന്നോ രണ്ടോ ഇഷ്ടവിഭവങ്ങള്‍ ഉപേക്ഷിക്കുന്ന നോമ്പ് എടുക്കാന്‍ എന്താണു ബുദ്ധിമുട്ട് ?'' മഞ്ജു ചോദിച്ചു.
തുടരും.............

Saturday 17 March 2012

രക്ഷിതാക്കളറിയാന്‍ 7




രാവിലെയും വൈകുന്നേരവും ബസ് സ്റ്റോപ്പില്‍നിന്ന് വീട്ടിലേക്കു നടന്നിരുന്ന രവി

 ബൈക്ക് വാങ്ങിയതോടെ വണ്ടിയില്‍ നിന്നിറങ്ങാതായി.
''എന്റെ കൂടെ രാവിലെ നടക്കാന്‍ വരാന്‍ എത്ര തവണ രവിയെ ഞാന്‍ വിളിച്ചിട്ടുണ്ടെന്നോ ?'' മാഷ് പറഞ്ഞു : ''റോണി പറഞ്ഞല്ലോ, നാട്ടിന്‍പുറത്ത് ആരോഗ്യസംരക്ഷണത്തിനു സൗകര്യമില്ലെന്ന്. 

രാവിലെ അഞ്ചു മണിക്ക് ഉറക്കമുണര്‍ന്ന് നാലു കിലോമീറ്റര്‍ നടക്കാന്‍ നമുക്കെന്താണ് അസൗകര്യം ? 
നാം കഴിക്കുന്ന ആഹാരത്തിന്റെ സമയം കൃതൃമാക്കുന്നതിനു ചെലവെന്ത് ? 
രാത്രി പത്തുമണിക്ക് കിടന്നുറങ്ങുന്നതു ശീലമാക്കാന്‍ ചെലവുണ്ടോ ? 
ഇത്തരം പണച്ചെലവില്ലാത്ത നിസാരകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗങ്ങള്‍ ഉണ്ടാകാതിരിക്കും. ഇന്നു വരുമാനത്തിന്റെ നല്ലൊരു ഭാഗം ചികിത്സയ്ക്കാണു ചെലവിടുന്നത്.''
അപ്പോള്‍ മഞ്ജു വ്യഗ്രതയോടെ വിളിച്ചു പറഞ്ഞു:

 ''മോളേ മീരേ, നീയിവിടമൊന്നു വൃത്തിയാക്കിയിട്ടേ. നേരം വെളുത്താല്‍ അടുക്കളയില്‍നിന്ന് മാറാന്‍ നേരമില്ല.'' മഞ്ജു പറഞ്ഞു.
''അതു പിന്നെയാകട്ടെ. അവരെക്കൂടി വിളിക്ക്. ഇനി ഞാന്‍ പറയുന്ന കാര്യങ്ങള്‍ കുട്ടികളും കേള്‍ക്കണം.'' മാഷ് പറഞ്ഞു,

 ''രാവിലെ ബഡ് കോഫി, പ്രഭാതഭക്ഷണം, 11 മണിയോടെ ചായയും ചെറുകടിയും, ഉച്ചക്ക് ഊണ്, 3 മണിയോടെ ചായ, 5 മണിക്കു ലഘുഭക്ഷണം, രാത്രി 10 കഴിയുമ്പോ അത്താഴം. ശരാശരി കേരളീയന്റെ ആഹാരരീതിയാണിത്.
''ഈ ഭക്ഷണം മുഴുവന്‍ നമ്മുടെ ദഹനയന്ത്രം അരച്ച് ദഹിപ്പിക്കണം. 

മാംസാഹാരം ഭക്ഷിക്കുന്നവരുടെ ദഹനയന്ത്രത്തിന് പണി പിന്നെയും കൂടും. 
അടുക്കളയില്‍നിന്ന് മാറാന്‍ നേരമില്ലെന്നു മഞ്ജു പറഞ്ഞതുപോലെ നമ്മുടെ ദഹനേന്ദ്രിയത്തിന് ഒരു വിശ്രമവുമില്ല. 
ആഹാരത്തിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന വിഷവസ്തുക്കളെയും മാലിന്യങ്ങളെയും തുടച്ചു വൃത്തിയാക്കാന്‍ സമയം ലഭിക്കുന്നില്ല. 
ഈ സ്ഥിതി തുടര്‍ന്നാല്‍ അതു യന്ത്രത്തിന്റെ കാര്യക്ഷമതയെ ദോഷമായി ബാധിക്കും. യന്ത്രം പണിമുടക്കും. ഈ അവസ്ഥയെ നാം രോഗങ്ങള്‍ എന്നു വിളിക്കും.'' മാഷ് പറഞ്ഞു.
''ഇത്തരം കാര്യങ്ങളൊക്കെ ഡോക്ടര്‍മാര്‍ പറയട്ടെ. മാഷന്മാര് അതിലിടപെടണോ ?'' റോണി തന്റെ അതൃപ്തി വെളിപ്പെടുത്തി.
''സുഹൃത്തേ, ഇതു തന്നെയാണ് നമ്മുടെ കുഴപ്പം. രവിയുടെ കാര്യംതന്നെ നോക്ക്. 

ഞാനെത്ര പറഞ്ഞിട്ടുണ്ട് ദിവസവും നടക്കണമെന്ന്. കേട്ടില്ല. കാരണം, ഞാനൊരു ഡോക്ടറല്ല. ഇനി ആശുപത്രിയില്‍നിന്ന് അവന്‍ തിരികെ വന്നാല്‍ എല്ലാ ദിവസവും രാവിലെ എന്നോടൊപ്പം വരും. കാരണം, ഡോക്ടര്‍ തീര്‍ച്ചയായും പറയും നടക്കണമെന്ന്.
''പൊതുജനം കഴുത എന്നു വിളിച്ചവര്‍ക്കു തെറ്റിയിട്ടില്ല. അവര്‍ അവരുടെ കാര്യങ്ങള്‍ ഓരോരുത്തര്‍ക്കായി വീതം വെച്ചിരിക്കുകയാണ്. 

ആരോഗ്യം, ഡോക്ടര്‍മാര്‍ക്ക്. വിദ്യാഭ്യാസം, അധ്യാപകര്‍ക്ക്. ജനക്ഷേമം, രാഷ്ട്രീയക്കാരുടെ ജോലി. ആത്മീയവും, മതവും നേതാക്കളുടെ താല്പര്യം പോലെ. അപ്പോള്‍ പിന്നെ നമുക്കെന്താ ജോലി ? തിന്നുക, തിന്നുക, തിന്നുക.
''ഒരു നേരം ഭക്ഷിക്കുന്നവന്‍ യോഗി, രണ്ടുനേരം ഭക്ഷിക്കുന്നവന്‍ ഭോഗി, മൂന്നുനേരം ഭക്ഷിക്കുന്നവന്‍ രോഗി, നാലുനേരം ഭക്ഷിക്കുന്നവന്‍ ദ്രോഹി.'' മാഷ് റോണിയെ ഒന്നു സൂക്ഷിച്ചു നോക്കി. എന്നിട്ടു തുടര്‍ന്നു :

 ''നമ്മുടെ ശരീരം വളരെ സങ്കീര്‍ണമായ യന്ത്രമാണ്. നാമിന്നു കാണുന്ന മനുഷ്യനിര്‍മിതമായ ഒരു യന്ത്രത്തിനും സ്വയമേ കേടുപാടുകള്‍ നീക്കി നന്നാക്കാനുള്ള ശേഷിയില്ല എന്നു നമുക്കറിയാം.''
''ഞങ്ങടെ സ്‌കൂള്‍ ബസ് കഴിഞ്ഞ ദിവസം ബ്രേക്ക്ഡൗണായി റോഡില്‍ കിടന്നു. മെക്കാനിക് വന്ന് നന്നാക്കിയിട്ടാണ് ഓടാറായത്.'' മീര പറഞ്ഞു.
''മോളു പറഞ്ഞത് കേട്ടോ,'' മാഷ് തുടര്‍ന്നു: ''ഇവിടെയാണ് മനുഷ്യയന്ത്രത്തിന്റെ പ്രത്യേക സവിശേഷത നാം ശ്രദ്ധിക്കേണ്ടത്. വിഷവസ്തുക്കളടങ്ങിയ ആഹാരം, മലിനജലം, പരിസരമലിനീകരണം, ശുചിത്വമില്ലായ്മ ഇങ്ങനെ പല കാരണങ്ങളാല്‍ മനുഷ്യശരീരത്തില്‍ വന്നു ചേരുന്ന വിഷവസ്തുക്കളെ സ്വയമേ പുറത്തുകളഞ്ഞ് വൃത്തിയാക്കാനും അതുമൂലം യന്ത്രത്തിനുണ്ടാകുന്ന തകരാറുകള്‍ സ്വയം പരിഹരിക്കാനും നമ്മുടെ ശരീരത്തിനു ശേഷിയുണ്ട്.'' മാഷ് നിര്‍ത്തി.
''പിന്നെങ്ങനെയാണു നമുക്കു രോഗങ്ങളുണ്ടാകുന്നത്.'' മഞ്ജുവിനു സംശയം.
തുടരും................. 

Tuesday 13 March 2012

രക്ഷിതാക്കളറിയാന്‍ - 6



''മോനെ, എന്തുപറ്റി ? മഞ്ജു മകനെ ചേര്‍ത്തുപിടിച്ച്, പുറം തിരുമ്മി.
''ഇതു ദഹനക്കേടാണെന്നു തോന്നുന്നു,'' റോണി ഛര്‍ദ്ദില്‍ പരിശോധിച്ചു പറഞ്ഞു. ''അച്ചൂ, നീ ഇന്നലെ എന്തെങ്കിലും പുറത്തുനിന്ന് വാങ്ങിക്കഴിച്ചോ ?'' റോണി ചോദിച്ചു.
''ഇല്ല അപ്പാ,'' അവന്‍.
''പുറത്തുനിന്ന് വാങ്ങിക്കഴിക്കണമെന്നൊന്നുമില്ല. സൂക്ഷി
ച്ചില്ലെങ്കില്‍ വീട്ടിനകത്തുനിന്നും അസുഖമുണ്ടാകാം.'' ശബ്ദം കേട്ട് അവര്‍ തിരിഞ്ഞു നോക്കി. ചെറിയാന്‍ മാഷ്.
''കരച്ചിലും ബഹളവും കേട്ടിട്ടു വന്നതാ.'' മാഷ് പറഞ്ഞു.
''അതിനെന്താ മാഷേ, മാഷ് വന്നതു ഞങ്ങള്‍ക്ക് ആശ്വാസമായി.'' മഞ്ജു പറഞ്ഞു.
''ഇന്നലെ പി.റ്റി.എ. മീറ്റിംഗിന് റോണിയെ കണ്ടില്ലല്ലോ ? എന്തുപറ്റി ?'' മാഷ് ചോദിച്ചു.
''പച്ചക്കറികളിലും പഴങ്ങളിലും വിഷമാണ്, ജലം മലിനമാണ് ഇതൊക്കെയല്ലേ ക്ലാസില്‍ പറഞ്ഞത്. എത്ര കാലമായി ഇതൊക്കെ കേള്‍ക്കുന്നു. ഇവരാരും ഇതൊന്നും ഉപയോഗിക്കാറില്ലേ ?'' റോണി ഗൗരവത്തിലായി.
''ഇക്കാര്യങ്ങള്‍ മാത്രമല്ല പറഞ്ഞത്. രക്ഷിതാക്കള്‍ മനസു വച്ചാല്‍ എങ്ങനെയെല്ലാം രോഗങ്ങളെ അകറ്റിനിര്‍ത്താം ? ആഹാരം എപ്പോള്‍ എങ്ങനെ കഴിക്കണം ? വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും പ്രാധാന്യമെന്ത് ? ഇങ്ങനെ നിരവധി കാര്യങ്ങള്‍ പറഞ്ഞു.'' മാഷ് വിശദീ കരിച്ചു.
''അച്ചു ഛര്‍ദിച്ചത് മിനിയാന്നു വാങ്ങിയ മുന്തിരി തിന്നിട്ടാണെന്ന് എനിക്കു തോന്നുന്നു.'' മഞ്ജു പറഞ്ഞു.
''ഞാന്‍ നല്ല വെള്ളത്തില്‍ കഴുകിവച്ചതായിരുന്നല്ലോ.'' റോണി.
''അതുപോരെന്നാണ് ഇന്നലെ ക്ലാസില്‍ കേട്ടത്. രണ്ടു മണിക്കൂറെങ്കിലും ഉപ്പുവെള്ളത്തിലിട്ടു നന്നായി കഴുകി ഉപയോഗിക്കണം.'' മഞ്ജു.
''അതുപോലെ പച്ചക്കറികള്‍ രണ്ടുമൂന്നുമണിക്കൂര്‍ ശുദ്ധജലത്തിലിട്ടതിനുശേഷം എടുത്തുപയോഗിക്കുന്നതാണു നല്ലത്.'' മാഷ് തന്റെ അഭിപ്രായം പറഞ്ഞു.
''അമ്മേ... അമ്മേ...'' മകള്‍ മീര ഓടിവന്നു. ''ദേ, രവിയങ്കിളിനെ കുറേപ്പേര്‍ എടുത്ത് വണ്ടിയില്‍ കയറ്റുന്നു.'' അവള്‍ കിതച്ചുകൊണ്ട് പറഞ്ഞു.
മാഷും റോണിയും ചാടിയെണീറ്റ് പെട്ടെന്ന് മുറ്റത്തിറങ്ങി നോക്കി. വണ്ടി പോയിക്കഴിഞ്ഞു. അവര്‍ രവിയുടെ വീട്ടിലെത്തി വിവരമന്വേഷിച്ചു. കുഴപ്പമൊന്നുമില്ല. ഒരു നെഞ്ചു വേദന. അറ്റാക്കാണോ എന്നു സംശയം. തിരികെ പോരുന്നതിനിടയ്ക്കു മാഷ് പറഞ്ഞു :
''ചെറുപ്രായം. ഏറിയാല്‍ മുപ്പത്തഞ്ച് വയസ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ആഫീസിലിരുപ്പ്. വൈകിട്ട് ബൈക്കില്‍ വീട്ടിലേക്കു വരുന്ന വഴി ക്ലബില്‍ ഇരുന്ന് ചീട്ടുകളി. പുകവലിയും ഉണ്ട്.''
''രവിയെ കണ്ടാല്‍ നല്ല ആരോഗ്യവാനാണല്ലോ ?'' റോണി. അവര്‍ സംസാരിച്ച് വീട്ടിലെത്തി വരാന്തയില്‍ ഇരുന്നു.
''രവി ആരോഗ്യവാനായിരുന്നു. പക്ഷേ, നമ്മുടെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നമ്മുടെ ആരോഗ്യം പരിപാലിക്കേണ്ടത് നമ്മള്‍ തന്നെയാണ്.'' മാഷ് പറഞ്ഞു
''നാട്ടിന്‍പുറമല്ലേ. ഇവിടെയുണ്ടോ അതിനൊക്കെ സൗകര്യങ്ങള്‍.'' ജിംനേഷ്യത്തെ ഉദ്ദേശിച്ച് റോണി പറഞ്ഞു.
തുടരും..........

Friday 9 March 2012

ഭിത്തി


ഒരിക്കല്‍ രണ്ടു സന്യാസിമാര്‍,

 ആത്മവിശുദ്ധി നേടുന്നതിന് ഹിമാലയ സാനുക്കളില്‍ പോയി 
തപസ്സനുഷ്ഠിക്കാന്‍ തീരുനാനിച്ചു.
മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ട് ഗുഹകള്‍ അവര്‍ അവിടെ കണ്ടെത്തി. 
രണ്ടുപേരും അവരവരുടെ ഗുഹകളിലിരുന്ന് പ്രാര്‍ത്ഥന തുടങ്ങി. 
വര്‍ഷങ്ങള്‍ കഴിഞ്ഞു. തീവ്രമായ പ്രാര്‍ത്ഥനകളും പരിത്യാഗവും വഴി ഒരാള്‍ പൂര്‍ണ്ണതയുടെ പാരമ്യത്തിലെത്തി എന്ന് വിശ്വസിച്ചു. 
മറ്റെയാള്‍ പരിശുദ്ധനായിരുന്നുവെന്ന് മാത്രമല്ല നല്ലവനും കരുണയുള്ളവനുമായിരുന്നു. വിദൂരങ്ങളില്‍നിന്ന് വരുന്ന തീര്‍ത്ഥാടകരുമായി സംസാരിക്കാന്‍ അദ്ദേഹം സമയം ചെലവഴിച്ചിരുന്നു. 
വഴി തെറ്റിയവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ ഒരു മടിയും കാണിച്ചിരുന്നുമില്ല.
ധ്യാനവും പ്രാര്‍ത്ഥനയും നടത്തേണ്ട സമയം ഇങ്ങനെ പാഴാക്കുന്നത് ഒന്നാമന് ഇഷ്ടമില്ലെന്ന് മാത്രമല്ല ഏറെ കുറ്റപ്പെടുത്തുകയും ചെയ്തു.

 തന്റെ കൂട്ടുകാരനെ ഇതൊന്ന് ബോദ്ധ്യപ്പെടുത്തുന്നതിന് ഫലപ്രദമായ ഒരു മാര്‍ഗ്ഗം ഒന്നാമന്‍ കണ്ടെത്തി. 
സുഹൃത്തിന്റെ ഓരോ പിഴവിനും തന്റെ ഗുഹകയുടെ മുന്നില്‍ ഓരോ കല്ലെടുത്തു വെയ്ക്കുക. 


തെറ്റിന്റെ തീവ്രതക്ക് ആനുപാതിക വലുപ്പമുള്ള കല്ല് വെയ്ക്കാം.
 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നാമന്റെ ഗുഹക്കു മുന്‍പില്‍ കല്ലുകള്‍ ഉയര്‍ന്ന് 
ഒരു ‘ഭിത്തി' പോലെയായി.
 മറ്റൊരാളുടെ കുറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്ന ആള്‍ക്ക് എന്ത് സംഭവിച്ചു. 
അയാളുടെ ആത്മീയത എത്രത്തോളമുണ്ട്. 

Wednesday 7 March 2012

രക്ഷിതാക്കളറിയാന്‍ - 5




''വണ്ടി വേഗതയില്‍ പോകുമ്പോള്‍ എനിക്കിപ്പോഴും പേടിയാ.'' മഞ്ജു സമ്മതിച്ചു.
മാഷ് തുടര്‍ന്നു:

 ''പല സാഹചര്യങ്ങളിലും നിങ്ങള്‍ക്ക് ഇരുട്ടത്ത് നടക്കേണ്ടി വന്നിട്ടുണ്ടാകാം. തൊട്ടുമുമ്പില്‍ പാമ്പ് കിടക്കുന്നു എന്നു വിചാരിച്ച് ടെന്‍ഷനടിക്കുന്ന ഒരാള്‍ക്ക് എങ്ങനെ മനസമാധാനത്തോടെ മുന്നോട്ട് പോകാനാകും ?
'' വാഹനാപകടത്തില്‍ ജീവിതം അവസാനിക്കണമെന്നതാണ് ഈശ്വരനിശ്ചയമെങ്കില്‍ അതു സംഭവിച്ചിരിക്കുമെന്നും പാമ്പ് കടിയേറ്റു മരിക്കണമെന്നതാണു വിധിയെങ്കില്‍ അതിനു മാറ്റ
മുണ്ടാവില്ല എന്നും ചിന്തിക്കുന്ന ഒരാള്‍ക്ക് ഒരു ടെന്‍ഷനും ഉണ്ടാകുന്നില്ല. 


അയാളല്ലേ യഥാര്‍ത്ഥ ഈശ്വരവിശ്വാസി ?


''നിങ്ങള്‍ എന്തുപറയുന്നു ?
 യഥാര്‍ത്ഥ ഈശ്വരവിശ്വാസി ഇങ്ങനെയല്ലേ ചിന്തിക്കേണ്ടത് ? 
ഈശ്വരനിശ്ചയം മറിച്ചാണെങ്കില്‍ ഒരപകടവും സംഭവിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ടെന്‍ഷനടിച്ചത് വെറുതെയായില്ലേ ?


 വാഹനയാത്ര അവസാനിച്ചപ്പോഴും രാത്രിയില്‍ ഇരുട്ടത്ത് വീട്ടിലെത്തിയപ്പോഴും നിങ്ങള്‍ക്കിതു പലപ്പോഴും അനുഭവപ്പെട്ടിട്ടില്ലേ ? പിന്നെയെന്തിനാണ് അനാവശ്യ ടെന്‍ഷനുകള്‍ ? 


സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്. അപ്പോള്‍ നാമെല്ലാം ഈശ്വര പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള ഉപകരണങ്ങള്‍ മാത്രം. ഈ ചിന്ത നമുക്ക് ആശ്വാസം നല്‍കും.''
''മക്കളെ കണ്ടും മാമ്പൂ കണ്ടും സന്തോഷിക്കണ്ട എന്നാണു കാരണവന്‍മാര്‍ പറഞ്ഞു കേട്ടിട്ടുള്ളത്.'' മഞ്ജു നിരാശയോടെ പറഞ്ഞു.
''എന്താണ് മഞ്ജുവിന്റെ സ്വരത്തില്‍ ഒരു നിരാശ ?'' മാഷ് ചോദിച്ചു. ''മക്കളെ ഓര്‍ത്ത് ഉത്കണ്ഠപ്പെടുന്ന മാതാപിതാക്കളെല്ലാം യാഥാര്‍ത്ഥ്യബോധത്തോടെ ഉരുവിടേണ്ട ഒരു പ്രമാണമാണിത്. മക്കള്‍ കുട്ടികളായിരുന്നപ്പോള്‍ അവര്‍ക്കുവേണ്ടി വളരെയേറെ ബുദ്ധിമുട്ടുകള്‍ മാതാപിതാക്കള്‍ സഹിക്കുന്നു. ധാരാളം പണം ചെലവഴിക്കുന്നു. അവയെല്ലാം മുതലും പലിശയും ചേര്‍ത്തു തിരികെ വേണമെന്നു വിചാരി ക്കരുത്. നിങ്ങള്‍ കരുതുന്ന രീതിയില്‍ അതു ലഭിക്കാതെ വരുമ്പോള്‍ നിരാശയും ഉത്കണ്ഠയുമുണ്ടാകുന്നു. ഇവയൊക്കെ നമ്മുടെ മാതാപിതാക്കള്‍ക്ക് നാം തിരികെ നല്‍കിയിട്ടുണ്ടോ എന്നു ചിന്തിക്കാറില്ല.
''ചില രക്ഷിതാക്കള്‍ മക്കള്‍ പ്രായമായാലും അവര്‍ക്കവകാശപ്പെട്ട സ്വത്തു നല്‍കാതെ എല്ലാം സ്വന്തം നിയന്ത്രണത്തില്‍ നിലനിര്‍
ത്തുന്നു. സ്വത്തു നല്കിയാല്‍ മക്കള്‍ കൈവെടിയുമോ എന്ന ടെന്‍ഷനാണ് ഇതിനു കാരണം.
''തന്നോളമായാല്‍ താനെന്നു വിളിക്കാന്‍ പറഞ്ഞിട്ടുള്ളത് വെറുതെയല്ല, അല്ലേ മാഷേ,'' റോണി ചോദിച്ചു.
''അതേ റോണീ...'' മാഷ് വിശദീകരിച്ചു : ''നമ്മുടെ മനോഭാവമാണ് മനസമാധാനത്തിനാധാരം. മരം മുറിക്കുന്നവരെ കണ്ടിട്ടില്ലേ, മരം വീഴാറാകുന്നതോടെ വെട്ടു നിര്‍ത്തി അവര്‍ മാറിനില്ക്കും. 

കനാല്‍ വെട്ടുന്നവരും ജോലി തീരുമ്പോള്‍ വെള്ളം ഒഴുകാനായി മാറിനില്ക്കും.
 നമ്മുടെ ചുമതല തീരുമ്പോള്‍ രംഗത്തുനിന്നു മാറിനില്ക്കാന്‍ നാം പഠിക്കണം. 
അതു ലോകതത്വമാണ്, പ്രകൃതിനിയമമാണ്. അതിനു കഴിയാതെ വരുമ്പോഴാണ് നമ്മെ അവഗണിക്കുന്നുവെന്ന തോന്നലുണ്ടാകുന്നത്.
 പരിഗണിക്കപ്പെടും എന്ന പ്രതീക്ഷയാണല്ലോ അവഗണന അസഹ്യമാക്കുന്നത്. ഇതു കൂടുതല്‍ ടെന്‍ഷന്‍ സമ്മാനിക്കും. യഥാര്‍ത്ഥ്യബോധം ഉള്‍ക്കൊള്ളാനുള്ള പരിശീലനം നേടുകയാണ് ടെന്‍ഷന്‍ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്.''
മാഷ് വാച്ചില്‍ നോക്കി പറഞ്ഞു : ''എന്റെ ഇന്നത്തെ ദൗത്യം പൂര്‍ത്തിയായി. ഇനി ഞാനിറങ്ങട്ടെ.'
തുടരും............... 

എന്ത് ചെയ്യാം.?


പുണ്യചരിതനായിരുന്ന പല്ലാട്ടുകുന്നേല്‍ പി,സി അബ്രാഹം നിര്യാതനായി. കേരള സഭാ താരം,നൂറ്റാണ്ടിന്റെ അത്മായ പ്രേക്ഷിതന്‍,കേരള സഭാരത്‌നം എന്നീ ബഹുമതികള്‍ തേടിയെത്തിയ അത്മായന്‍.
പദവികളും സ്ഥാനമാനങ്ങളും മോഹിക്കാതെ വിനയവും ലാളിത്യവും മുഖമുദ്രയാക്കി, താന്‍ പ്രഘോഷിച്ച മൂല്യങ്ങള്‍ സ്വന്തം ജീവിതമൂല്യമാക്കിയ ആത്മീയ വിപഌവകാരി. മിഷന്‍ലീഗ് എന്ന മഹാപ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ആയിരക്കണക്കിന് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നിരവദി ബിഷപ്പുമാര്‍ക്കും ആന്മീയ പ്രചോദനമായ അത്മായ ശ്രേഷ്ഠന്‍.
ഇതെല്ലാം കുഞ്ഞേട്ടന്‍ എന്ന വ്യക്തിയുടെ വിശേഷണങ്ങളാണ്.84-ാം വയസ്സിലും പ്രേക്ഷിത പ്രവര്‍ത്തനവുമായി ഓടി നടന്ന അദ്ദേഹത്തെ 2009 ആഗസ്റ്റ് 2 ന് ചങ്ങനാശ്ശേരിയില്‍ വെച്ചുണ്ടായവാഹനാപകടത്തെ തുടര്‍ന്ന് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം ബോധരഹിതനായി ആശുപത്രിയില്‍ കിടന്ന കുഞ്ഞേട്ടന്‍ ആഗസ്റ്റ് 11 ന് യാത്രയായി. കുഞ്ഞേട്ടന്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് കേരളത്തിലെ മുഖ്യധാരാ ദിനപ്പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഒരു വാര്‍ത്തയായിരുന്നില്ല.
എന്നാല്‍ അദ്ദേഹത്തിന്റെ അപകട വാര്‍ത്തയറിഞ്ഞ ഉടന്‍ ബിഷപ്പുമാരും ആര്‍ച്ചു ബിഷപ്പുമാരും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. സ്വന്തം നാട്ടുകാര്‍ പോലും അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ മരണശേഷമാണെന്ന് തോന്നുന്നു.
ആഗസ്റ്റ് 12 ന് കുഞ്ഞേട്ടന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ കാരിത്താസ് ആശുപത്രിയില്‍ നിന്നാരംഭിച്ച് വൈകിട്ട് ചെമ്മലമറ്റത്തുള്ള സ്വഭവനത്തില്‍ എത്തിച്ചേരുന്നതുവരെ പള്ളികളിലും വഴിയോരങ്ങളിലും അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്ത് നിന്ന ബിഷപ്പുമാരും , വൈദികരും ,കന്യാസ്ത്രീകളും സാധാരണ മനുഷ്യരും കേരളസഭാ അത്മായ ചരിത്രത്തില്‍ പുതുമയുള്ള കാഴ്ചയായിരുന്നു.
കാരിത്താസില്‍ - ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, അതിരമ്പുഴയില്‍ മാര്‍ ജോസഫ് പവ്വത്തില്‍ , മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തൈക്കത്തേച്ചേരില്‍ കിടങ്ങൂരില്‍, മാര്‍ മാത്യു മൂലേക്കാട്ട് ചേര്‍പ്പുങ്കലില്‍
പാലാ ശാലോം,പാലാ കുരിശുപള്ളി, മാതൃഭവന്‍, പിന്നെ ഭരണങ്ങാനം പള്ളിയില്‍ മോണ്‍. പീറ്റര്‍ തുരുത്തിക്കോണം, ദീപ്തിയില്‍ മാര്‍ ജോണ്‍ പെരുമററം, അരുവിത്തുറയില്‍ തിരുവല്ല മെത്രാപ്പോലീത്ത തോമസ് മാര്‍ കൂറിലോസ് വീട്ടില്‍ മാര്‍ ഡോമിനിക്ക് കോക്കാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം
പക്ഷേ വഴിയിലൊരിടത്തും പാലായിലെ ബിഷപ്പുമാരെ ഞാന്‍ കണ്ടില്ല.
കുഞ്ഞേട്ടനെ വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹത്തില്‍ ഞാനുമുണ്ടായിരുന്നു. പണ്ട് മിഷന്‍ലീഗ് രൂപീകരിക്കാന്‍ ഞങ്ങളുടെ ഇടവകയില്‍ വന്നത് ഈ കുഞ്ഞേട്ടനായിരുന്നു.പ്രായത്തിന്റെ പരിണാമത്തില്‍ സംഘടന വിട്ട ഞാന്‍ ഇപ്പോള്‍ ഒരു ഭക്ത സംഘടനയിലും അംഗമല്ല. എന്നിട്ടും എന്തോ കുഞ്ഞേട്ടന്റെ അന്ത്യയാത്രയില്‍ അനുഗമിക്കണമെന്ന് തോന്നിപ്പോയി.
കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നും കുഞ്ഞേട്ടനെ ഒരുനോക്കു കാണാന്‍ എത്തിച്ചേരുന്ന വിശ്വാസികള്‍ എന്നെ അത്ഭുതപ്പെടുത്തി. ്അധികാരവും ചെങ്കോലുമില്ലാതിരുന്ന ഒരു സാധാരണ മനുഷ്യന്‍ എത്രയധികമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
നിരവധി ബിഷപ്പുമാരും വൈദികരും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ടിക്കുന്നു. നേരം ഏറെയായിട്ടും പാലാ രൂപതയിലെ ബിഷപ്പുമാരെ കാണാതിരുന്നപ്പോള്‍ അടുത്തുകണ്ട ഒരാളോട് ഞാന്‍ കാര്യം തിരക്കി. ബിഷപ്പ് സ്ഥലത്തില്ലെന്നും വലിയ ബിഷപ്പിന് അവശതയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'പിന്നേ അരമനയുടെ തൊട്ടുള്ള ശാലോമിലോ പാലാ കുരിശുപള്ളി കവലയിലോ എത്താന്‍ വയ്യാത്ത അവശതയൊന്നും അങ്ങേര്‍ക്കില്ല' .മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
'ഏയ്... അതൊന്നുമല്ല കാര്യം.' കണ്ടാല്‍ ഒരു ചൂടനായ ചേട്ടന്‍ കേസ് പിടിച്ചു. ' ഈ പാവം എന്തൊക്കെ സഹിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കൊന്നുമറിയില്ല.' അദ്ദേഹം തുടര്‍ന്നു. 'ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം ബിഷപ്പായിരുന്ന കാലത്താണ് ചൂണ്ടച്ചേരി എഞ്ചി. കോളേജ് ആരംഭിച്ചത്. അന്ന്്് കോളേജ് ഹോസ്റ്റലായി നിശ്ചയിച്ചത് മിഷന്‍ലീഗ് മാതൃഭവനായിരുന്നു. വിവരമറിഞ്ഞ് മിഷന്‍ലീഗ് ഭാരവാഹികളുമായി കുഞ്ഞേട്ടന്‍ ബിഷപ്പിനെ കാണാന്‍ അരമനയിലെത്തി. താന്‍ ചോര നീരാക്കി കെട്ടിപ്പടുത്ത സ്ഥാപനം ഹോസ്റ്റലാക്കുന്നതിന്റെ വേദന ബിഷപ്പിനെ അറിയിച്ചു. എഴുതിയതെഴുതി എന്ന പീലാത്തോസ് വചനംപോലെ തീരുമാനിച്ചത് തീരുമാനിച്ചതാ എന്ന് ബിഷപ്പ് പറഞ്ഞു.ധാര്‍ഷ്ട്യം നിറഞ്ഞ ഈ മറുപടി കേട്ട് മനസ്സ് വേദനിച്ചപ്പോഴും മിഷന്‍ലീഗ് പ്രവര്‍ത്തനം എവിടെ നടത്താന്‍ പറ്റും എന്ന ഉത്ക്കണ്ഠയായിരുന്നു കുഞ്ഞേട്ടന്. കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ കുഞ്ഞേട്ടനുള്‍പ്പെടെയുള്ളവരെ മുറിയില്‍ നിന്നും ഇറക്കിവിട്ടു.'
' പക്ഷേ ഹോസ്റ്റല്‍ ഇപ്പോള്‍ അവിടെയല്ലല്ലോ?'' ഞാന്‍ ഇടക്കു കേറി ചോദിച്ചു.
' പാലാ അരമനയില്‍ നിന്നും തന്നെ ഗറ്റൗട്ട് അടിക്കുമെന്ന് കുഞ്ഞേട്ടന്‍ ഒരിക്കലും വിചാരിച്ചില്ല. ദുഖിതനായ അദ്ദേഹം കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിലിനെ കണ്ട് വിവരം പറഞ്ഞു. കേട്ടതേ അദ്ദേഹം പാലായിലേക്ക് ഒരു വിളി. തീരുമാനവും മാറി.' ചേട്ടന്‍ ഒന്നു നിര്‍ത്തി.
ആളെക്കണ്ടാല്‍ ചുടനാണെന്നു തോന്നുമെങ്കിലും ചേട്ടന്‍ പറയുന്ന കാര്യങ്ങളിലെ ആധികാരികത എന്നെ ആകര്‍ഷിച്ചു. ഒരൊഴിഞ്ഞ മൂലയില്‍ കസേരയിട്ട് ഞങ്ങള്‍ ഇരുന്നു. അദ്ദേഹം പിന്നേയും സംസാരിച്ചു തുടങ്ങി.
'നിങ്ങള്‍ക്കറിയുമോ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ പാലാ രൂപതയില്‍ നിന്ന് പലരും രുപതയുടെ ചെലവില്‍ റോമിന് പോയി. അങ്ങനെ പോകുന്നവരുടെ ലിസ്റ്റില്‍ കുഞ്ഞേട്ടന്റെ പേര് കാണാതിരുന്നത് ശ്രദ്ധയില്‍പെട്ട ഒരു ബിഷപ്പ് , കുഞ്ഞേട്ടനോട് , റോമില്‍ പോകുന്നില്ലേ എന്ന് ചോദിച്ചു. പോകണമെന്ന് ഒത്തിരി ആഗ്രഹമുണ്ട് പക്ഷേ പണമില്ല എന്നായിരുന്നു മറുപടി. ഞാന്‍ വീടിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല അതുകൊണ്ട് മക്കളോട് ചോദിക്കില്ല എന്നുകൂടി പറഞ്ഞു.
ആ ബിഷപ്പും സ്േനഹിതരും സമാഹരിച്ചുകൊടുത്ത പണത്തിനൊപ്പം തന്റെ അവാര്‍ഡ് തുകയും കൂടി ചേര്‍ത്ത് അദ്ദേഹം റോമിന് പോയി.' ചേട്ടന്റെ തൊണ്ടയിടറി.
വി. അല്‍ഫോന്‍സാമ്മയുടെ ജിവിതത്തിലെ വേദന നിറഞ്ഞ ദിവസങ്ങളില്‍ ആശ്വാസം പകര്‍ന്നിരുന്നത് ഭരണങ്ങാനം മഠത്തില്‍ ചാമ്പങ്ങ പറിക്കാന്‍ വന്നിരുന്ന അടുത്ത സ്‌കൂളിലെ കുസൃതിക്കുടുക്കകളായിരുന്നെന്ന് കേട്ടിട്ടുണ്ട്. അവരിലൊരാളായിരുന്നു കുഞ്ഞേട്ടന്‍.
'നാമകരണ ചടങ്ങ് നടക്കുന്ന വേദിയില്‍, ഒരു കോണില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കുഞ്ഞേട്ടന്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചപ്പോള്‍ മാര്‍പ്പാപ്പയോടൊപ്പം അള്‍ത്താരയിലേക്ക് നീങ്ങിയ നിരയില്‍ തിരിയേന്തിയ മൂന്നു പേരുണ്ടായിരുന്നു.ഒന്ന് സിസ്റ്റര്‍ സീലിയ മറ്റൊന്ന് വടക്കേലച്ചന്‍ രണ്ടും അര്‍ഹതപ്പെട്ടവര്‍. പക്ഷേ മൂന്നാമന്‍ അത്മായ പ്രതിനിധിയായി ശ്രീ. കെ.എം മാണി. ആര്‍ക്കായിരുന്നു അതിന് അര്‍ഹതയുണ്ടായിരുന്നത് ?. കുഞ്ഞേട്ടന് മാത്രം ഈ കിടക്കുന്ന കുഞ്ഞേട്ടനു മാത്രം' അദ്ദേഹത്തിനു രോഷം നിയന്ത്രിക്കാനായില്ല.
' പണത്തിനു മുകളില്‍ പത്രോസും പറക്കില്ല ചേട്ടാ' ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
അടുത്ത ദിവസം ശവസംസ്‌കാര ചടങ്ങില്‍ മുഖ്യ കാര്‍മ്മികനായിരുന്ന ബിഷപ്പ് ഡോമിനിക്ക് കോക്കാട്ട് , റോമില്‍ ഒരു മൂലയില്‍ ചെരുപ്പില്ലാതെ നില്‍ക്കുന്ന കുഞ്ഞേട്ടനെ ഓര്‍മ്മ വരുന്നുവെന്ന് തന്റെ പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ ചൂടന്‍ ചേട്ടന്‍ പറഞ്ഞത് ശരിയാണല്ലോ എന്നു ഞാനോര്‍ത്തു.
ആഗസ്റ്റ് 13 നായിരുന്നു ശവസംസ്‌കാരം. 2 മണിയോടെ ചെമ്മലമറ്റവും പല്ലാട്ടുകുന്നേല്‍ കുടുംബ പരിസരവും ജനസാന്ദ്രമായി.കുറച്ചു നേരത്തെ അവിടെയെത്തിയ ഞാന്‍ തലേന്ന് കണ്ട ചേട്ടനെ യാദൃശ്ചികമായി കണ്ടു. ഞാന്‍ ഒരു നല്ല കേള്‍ക്കാരനാണെന്ന് തോന്നിയതുകൊണ്ടാകാം അടുത്ത് വന്നു.
'എനിക്ക് കുറച്ച് കാര്യങ്ങള്‍കൂടി പറയാനുണ്ട് ആരോടെങ്കിലും പറഞ്ഞാലെ സമാധാനമാകൂ.' വളരെ ഗൗരവത്തോടെയാണ് ചേട്ടനിത് പറഞ്ഞത്.
'ചേട്ടാ നമുക്ക് അല്പ്പം മാറി നിന്ന് സംസാരിക്കാം' ഞാന്‍ പറഞ്ഞു.ഒരു ഒഴിഞ്ഞ മൂലയിലേക്ക് ഞങ്ങള്‍ മാറി നിന്നു.
'മിഷന്‍ലീഗിന്റെ യഥാര്‍ത്ഥ സ്ഥാപകനാരാണെന്നറിയാമോ?' ചേട്ടന്‍ ചോദിച്ചു.
'മാലിപ്പറമ്പില്‍ അച്ചനാണെന്നാ കേട്ടിരിക്കുന്നത്' ഞാന്‍ പറഞ്ഞു.
'ഇത്തിരി പുളിക്കും.........അച്ചന്‍ ഭരണങ്ങാനം പള്ളിയിലായിരുന്നപ്പോള്‍ ഒരു ദിവസം ഒരു പയ്യന്‍(കുഞ്ഞേട്ടന്‍) അച്ചന്റെ മുറിയിലേക്ക് കയറി വന്ന് നമുക്കൊരു വേദപ്രചാര സംഘമുണ്ടാക്കണമെന്ന് പറഞ്ഞു. ആളെ കൂട്ടിവരാന്‍ പറഞ്ഞ് പയ്യനെ അച്ചന്‍ മടക്കി അയച്ചു. അച്ചനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത ദിവസം തന്നെ ആ പയ്യന്‍ തന്റെ കൂട്ടുകാരേയും കൂട്ടി അച്ചന്റെ അടുത്തെത്തി. അച്ചനുള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് അന്ന് രൂപംകൊണ്ടതാണ് ചെറുപുഷ്പ മിഷന്‍ലീഗ്.' ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.
' ചേട്ടാ ഈ അല്‍മായനെ എന്തിനുകൊള്ളാം. അവര്‍ പഠിപ്പിച്ചാല്‍ ശരിയാകാത്തതുകൊണ്ടാ അച്ചന്മാരേയും കന്യാസ്ത്രീകളേയും കോളേജിലും സ്‌കൂളിലും നിയമിക്കുന്നത്.അതുകൊണ്ടാ അരമനയും പള്ളിയും പുതിയ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നത്. പാരലല്‍ കോളേജ്, നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്,നാടക സമിതി,ഗാനമേള ട്രൂപ്പ്,മിമിക്‌സ് ട്രൂപ്പ് എന്നു വേണ്ട സമീപ ഭാവിയില്‍ മീന്‍ കച്ചവടവും ഇറച്ചി വെട്ടും തുടങ്ങിയേക്കാം.' ചേട്ടനൊപ്പം ഞാനും കൂടി.
'ഒരു വേള കുഞ്ഞേട്ടന്‍ വല്ല അത്ഭുതവും കാട്ടി വാഴ്ത്തപ്പെട്ടവനോ വിശുദ്ധനോ ആയാല്‍ അതിന്റെ നേട്ടം ആര്‍ക്കാ ? പാലാ രൂപതയ്ക്ക് തന്നെ. അന്ന് കഞ്ഞേട്ടനെ അവര്‍ വിറ്റ് കാശാക്കും.' ഒരു ദീര്‍ഘനിശ്വാസത്തോടെ ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.
(2009 സെപ്‌ററംമ്പര്‍ ലക്കം കിരണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം) 

Sunday 4 March 2012

രക്ഷിതാക്കളറിയാന്‍ സീന്‍ - 4


''നൊന്തുപെറ്റ വയറിന് വേദന കൂടുതലുണ്ട്. അതൊന്നും നിങ്ങളെപ്പോലുള്ള ആണുങ്ങള്‍ക്കു പറഞ്ഞാല്‍ മനസിലാവില്ല.'' 

മഞ്ജു മാതൃസ്‌നേഹത്തിന്റെ മഹത്വം വെളിപ്പെടുത്തി.
''മഞ്ജു,'' ചെറിയാന്‍ മാഷ് പറഞ്ഞുതുടങ്ങി. ''ഞങ്ങള്‍ സഹോദരങ്ങള്‍ പത്തുപേരാണ്. അക്കാലത്തു ഭൂരിഭാഗം വീടുകളിലും എട്ടും പത്തും കുട്ടികളുണ്ടായിരുന്നു. എന്നിട്ടുമെന്തേ അന്നത്തെ അമ്മമാര്‍ക്ക് നിങ്ങളേപ്പോലെ ടെന്‍ഷനില്ലാതിരുന്നത് ?''
ശരിയാണല്ലോ. മഞ്ജു ചിന്തിച്ചു. തന്റെ വീട്ടിലും ആറുപേരുണ്ട്. 

കുട്ടികളുടെ പഠനത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ മാതാപിതാക്കള്‍ ഉത്കണ്ഠപ്പെട്ടു കണ്ടിട്ടില്ല. കുട്ടികള്‍ക്കും വലിയ ഉത്കണ്ഠകളില്ല.
മാഷ് തുടര്‍ന്നു: ''ജീവിതം ഒരു പോരാട്ടമാണെന്ന് അന്നത്തെ കുട്ടികള്‍ മനസിലാക്കിയിരുന്നിരിക്കാം. സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂല മാക്കാനും പ്രതിസന്ധികളെ നേരിടാനും സഹോദരങ്ങളുമൊത്തുള്ള വാസം അവരെ പ്രാപ്തരാക്കി.''
''അന്നൊക്കെ അവനവന്റെ കാര്യം അവനവന്‍ നോക്കണമായിരുന്നു.'' 

റോണി പഴയകാലം ഓര്‍ത്തുപോയി.
''അതെ,'' മാഷ് പറഞ്ഞു, ''അദ്ധ്വാനികളായിരുന്ന മാതാപിതാക്കള്‍ക്ക് അന്നന്നത്തെ അപ്പം തേടുന്ന തിരക്കിനിടയില്‍ കുട്ടികളുടെ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാന്‍ സമയം ലഭിച്ചിരുന്നില്ല. ഇളയകുട്ടികളെ വളര്‍ത്തിയിരുന്നതുപോലും മുതിര്‍ന്നവരാണ്. 

അതുമാത്രമല്ല കൃഷിപ്പണിയിലും അടുക്കളപ്പണിയിലും മാതാപിതാക്കളെ കുട്ടികള്‍ സഹായിക്കണമായിരുന്നു. ഫലമോ ? അടുക്കളപ്പണിയിലും കൃഷിപ്പണിയിലും പരമ്പരാഗത കരകൗശലപ്പണികളിലും കുട്ടികള്‍ പ്രാഗല്ഭ്യം നേടി.''
''വിറകു വെട്ടാനും വെള്ളം കോരാനും അരി ആട്ടാനും മരം കയറാനും വയറിംഗ് നടത്താനും ഞാനൊക്കെ പഠിച്ചത് ഇങ്ങനെയാണ്.'' റോണി പറഞ്ഞു.
''കൊട്ടും കുരവയുമായി നാം നടപ്പാക്കിയ DPEP വിദ്യാഭ്യാസ രീതിയായിരുന്നു പഴയകാലത്ത് കുടുംബങ്ങളില്‍ നിലനിന്നിരുന്നത്. കൊണ്ടും കൊടുത്തും കണ്ടും കേട്ടും തൊട്ടും രുചിച്ചും കാര്യങ്ങള്‍ മനസിലാക്കിയിരുന്നു കുട്ടികള്‍.'' മാഷ് തുടര്‍ന്നു.
''കാലത്തിന്റെ കുത്തൊഴുക്കില്‍ സമയത്തിന്റെ തികവില്‍ കുടുംബങ്ങളുടെ വലുപ്പം കുറഞ്ഞു. അണുകുടുംബങ്ങള്‍ എന്നറിയപ്പെടുന്ന ചെറുകുടുംബങ്ങളില്‍ അപ്പനും അമ്മയും ഒന്നോ രണ്ടോ കുട്ടികളും മാത്രം. പഴയ ഭവനാന്തരീക്ഷം തന്നെ മാറി. ആറു വയസുവരെ മുത്തച്ഛ ന്റെയും മുത്തശ്ശിയുടെയും കഥകള്‍ കേട്ടു നടന്നിരുന്ന ബാല്യ കാലം നഴ്‌സറി, എല്‍.കെ.ജി ക്ലാസുകള്‍ക്കു വഴിമാറി. കുട്ടികളുടെ എണ്ണ ക്കുറവ് അവര്‍ക്കു ലഭിക്കുന്ന ശ്രദ്ധയുടെ തോതു വര്‍ദ്ധിപ്പിച്ചു. അത
വരില്‍ പരാശ്രയത്വം സൃഷ്ടിച്ചു. പ്രശ്‌നങ്ങളെയും വെല്ലുവിളി
കളെയും സധൈര്യം നേരിടാനുള്ള ആത്മവിശ്വാസം കുട്ടികള്‍ക്കു നഷ്ടപ്പെട്ടു. അങ്ങനെ അവര്‍ എന്തിനും ഏതിനും ടെന്‍ഷന്‍ അനുഭവിക്കുന്നവരായി മാറി. അല്ലെങ്കില്‍ മാറ്റി.''
''മാഷ് പറയുന്നത് ശരിതന്നെ. പക്ഷേ, മക്കളുടെ കാര്യം മാതാപിതാക്കളല്ലാതെ വേറെയാരു നോക്കും ?'' മഞ്ജു ചോദിച്ചു.
''മാതാപിതാക്കള്‍ മക്കളുടെ കാര്യം നോക്കേണ്ടന്നു ഞാന്‍ പറഞ്ഞില്ല. അമിതശ്രദ്ധയും അനാവശ്യമായ ഉത്കണ്ഠയും അനാരോഗ്യകരമായ അവകാശബോധവും ഒഴിവാക്കിയാല്‍ ഉത്കണ്ഠയും പിരിമുറുക്കവും ഇല്ലാത്ത ഒരു ജീവിതം നയിക്കാം എന്നു മാത്രം.'' മാഷ് തുടര്‍ന്നു:


''നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. 
ഇന്ന് ആരാധനാലയങ്ങളിലെല്ലാം ഭയങ്കര തിരക്കാണ്. നിലവിലുള്ള ദൈവങ്ങള്‍ക്കു പുറമേ എത്ര മനുഷ്യദൈവങ്ങളാണ് ആരാധകരാല്‍ വണങ്ങപ്പെടുന്നത്.
 ഇതൊക്കെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഈശ്വരവിശ്വാസത്തിന്റെ അടയാളമാണോ അതോ കുറ്റബോധത്തിന്റെയും ഉത്കണ്ഠയുടേതുമോ ?
 ഈശ്വരവിശ്വാസത്തിന്റെ അടയാളമെങ്കില്‍ പിന്നെന്തേ നമ്മുടെ സമൂഹത്തില്‍ ടെന്‍ഷന്‍ കുറയുന്നില്ല ? ഒരു യഥാര്‍ത്ഥ ഈശ്വര വിശ്വാസി നിശ്ചയമായും ടെന്‍ഷന്‍ ഇല്ലാത്തവനായിരിക്കണ്ടേ ? അല്ലാത്തവന്‍ കപടവിശ്വാസിയല്ലേ ? 
സംഭവിക്കുന്നതെല്ലാം ഈശ്വരനിശ്ചയപ്രകാരമെന്നു വിശ്വസിക്കുന്ന വിശ്വാസി ഈ നിശ്ചയത്തില്‍ ഉത്കണ്ഠപ്പെടുന്നത് ഈശ്വരനിന്ദയല്ലേ ?
''നിങ്ങള്‍ ബസില്‍ യാത്ര ചെയ്യാറില്ലേ ? വേഗത്തില്‍ പോകുന്ന വാഹനം എതിരേ വരുന്ന വാഹനത്തില്‍ ഇതാ ഇടിച്ചേക്കും എന്നോ, പെട്ടെന്ന് ടയര്‍ ഊരിപ്പോയാല്‍ എന്തു സംഭവിക്കുമെന്നോ, 

ഇറക്കം ഇറങ്ങി വരുന്ന വാഹനത്തിന്റെ ബ്രേക്ക് ഇപ്പോള്‍ പോയാല്‍ എന്തു സംഭവിക്കുമെന്നോ ഒക്കെയുള്ള ടെന്‍ഷനോടെ ഇരുന്നാല്‍ ആ യാത്രയില്‍ നിങ്ങള്‍ക്ക് ഒരു മനഃസമാധാനവും ഉണ്ടാകില്ല.''
''ശരിയാ... എനിക്കു ചെറുപ്പത്തില്‍ വണ്ടിയില്‍ കയറുമ്പോള്‍ ഇതേ പേടികളായിരുന്നു,'' റോണി പറഞ്ഞു.
തുടരും.....

Thursday 1 March 2012

നിശബ്ദ ചികിത്സ


ഒരു ‘ഭാര്യയും ‘ഭര്‍ത്താവും
ചില കുടംബ‘പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം
മിണ്ടാതിരിക്കുകയാണ്.
അടുത്ത ദിവസം രാവിലെ 5 മണിക്ക് ‘
ഭാര്യ വിളിച്ചുണര്‍ത്തിയാലെ ഫ്‌ളൈറ്റിന് പോകാന്‍ കഴിയൂ
എന്ന കാര്യം പെട്ടന്നയാള്‍ ഓര്‍ത്തു.
നിശബ്ദത അദ്യം ഭഞ്ജിക്കുവാനുള്ള മടികൊണ്ട,്
അതായത് തോറ്റുകൊടുക്കാനുള്ള മടികൊണ്ട്
അയാള്‍ ഒരു തുണ്ട് പേപ്പറില്‍ ഇങ്ങനെ എഴുതി. ”
'ദയവായി എന്നെ രാവിലെ 5 ന് വിളിച്ചുണര്‍ത്തുക.'”
ഭാര്യ കാണാന്‍ സാധ്യതയുള്ള സ്ഥലത്ത് കുറിപ്പ് വെച്ചു. അടുത്ത ദിവസം രാവിലെ
അയാള്‍ ഉണര്‍ന്നത് 9 മണിയോടെയാണ്.
ഫ്‌ളൈറ്റ് സമയം കഴിഞ്ഞതിനാല്‍ യാത്ര മുടങ്ങി. ‘
ഭാര്യ എന്തുകൊണ്ട് തന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചില്ല എന്ന്
ചോദിച്ചിട്ടേയുള്ളു എന്ന് വിചാരിച്ച്
കോപത്തോടെ മുറിയിലെത്തിയപ്പോള്‍ കിടയ്ക്കക്കരുകില്‍
ഒരു പേപ്പര്‍ കഷണം ഇരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
'സമയം രാവിലെ 5 മണി ആയി എഴുന്നേല്‍ക്ക്.

ഒരു ‘ഭാര്യയും ‘ഭര്‍ത്താവും
ചില കുടംബ‘പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം
മിണ്ടാതിരിക്കുകയാണ്.
അടുത്ത ദിവസം രാവിലെ 5 മണിക്ക് ‘
ഭാര്യ വിളിച്ചുണര്‍ത്തിയാലെ ഫ്‌ളൈറ്റിന് പോകാന്‍ കഴിയൂ
എന്ന കാര്യം പെട്ടന്നയാള്‍ ഓര്‍ത്തു.
നിശബ്ദത അദ്യം ഭഞ്ജിക്കുവാനുള്ള മടികൊണ്ട,്
അതായത് തോറ്റുകൊടുക്കാനുള്ള മടികൊണ്ട്
അയാള്‍ ഒരു തുണ്ട് പേപ്പറില്‍ ഇങ്ങനെ എഴുതി. ”
'ദയവായി എന്നെ രാവിലെ 5 ന് വിളിച്ചുണര്‍ത്തുക.'”
ഭാര്യ കാണാന്‍ സാധ്യതയുള്ള സ്ഥലത്ത് കുറിപ്പ് വെച്ചു. അടുത്ത ദിവസം രാവിലെ
അയാള്‍ ഉണര്‍ന്നത് 9 മണിയോടെയാണ്.
ഫ്‌ളൈറ്റ് സമയം കഴിഞ്ഞതിനാല്‍ യാത്ര മുടങ്ങി. ‘
ഭാര്യ എന്തുകൊണ്ട് തന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചില്ല എന്ന്
ചോദിച്ചിട്ടേയുള്ളു എന്ന് വിചാരിച്ച്
കോപത്തോടെ മുറിയിലെത്തിയപ്പോള്‍ കിടയ്ക്കക്കരുകില്‍
ഒരു പേപ്പര്‍ കഷണം ഇരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
'സമയം രാവിലെ 5 മണി ആയി എഴുന്നേല്‍ക്ക്.