Monday 6 February 2012

നോക്കുകൂലി


'മരണം വരുമൊരുനാള്‍
ഓര്‍ക്കുക മര്‍ത്യാ നീ.......
കൂടെപ്പോരും നിന്‍ ജീവിത ചെയ്തികളും
സല്‍കൃത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ.'


ആരാണ് ഇത്ര രാവിലെ ഫോണ്‍ വിളിക്കുന്നത്. പെട്ടെന്ന് ഫോണ്‍ എടുത്തു
'ഹലോ...'
'ഹലോ മാഷാണോ ? എന്താ രാവിലെ ഒപ്പീസ് കേള്‍ക്കുന്നത് ?'
'ഹലോ സന്തോഷേ, ഒപ്പീസൊന്നുമല്ല എന്റെ ഫോണിന്റെ റിങ്ങ്‌ടോണാ.'
'ഇതെന്താ മാഷേ പുതിയൊരു പരിഷ്‌ക്കാരം ? വേറൊന്നും കിട്ടിയില്ലേ ?'
'അതെന്താ സന്തോഷേ ഇതിനൊരു കുഴപ്പം. എന്നെ വിളിക്കുന്നവരോട് എനിക്ക് പറയാനുള്ളത് റിങ്‌ടോണാക്കിയെന്നേയുള്ളു.'
'എന്തുപറ്റി വയനാടിന് പോയോ.... ധ്യാനം വല്ലതും.'....
'ഒന്നു പോടേ.... എന്താ രാവിലെ വിളിച്ചത് ?'
'ഞങ്ങളുടെ പത്ര ഏജന്റ് ഒരു പ്രശ്‌നക്കാരനായിരിക്കുന്നു.ആ കാര്യം ഒന്നു സംസാരിക്കണം. എപ്പോഴാ ഇവിടെവരെ ഒന്നു വരുന്നത്?'
'അതുകൊള്ളാം ഈ ഏജന്റിനെന്താ പ്രശ്‌നം ? ആകെ ദാരിദ്ര്യമായതിനാല്‍ 10 രൂപ വീതം സര്‍വ്വീസ് ചാര്‍ജ്ജ് കൊടുക്കമണമെന്ന് കാണിച്ച് എല്ലായിടത്തും നോട്ടീസ് കൊടുത്തല്ലോ. ആ പ്രശ്‌നമാണോ?'
'അല്ല അതല്ല പ്രശ്നം . അത് അസംഘടിത പൊതുജനത്തിന്റെ തോളില്‍, പത്രമുതലാളിയുടെ ചെലവില്‍ കേറുന്ന പരിപാടിയല്ലേ ? ഏജന്റ്മാര്‍ കാണിക്കുന്നത് ശുദ്ധപോക്രിത്തരം തന്നെയാ.... പക്ഷേ അതിപ്പോള്‍ ഞാന്‍ കാര്യമായിട്ടെടുത്തിട്ടില്ല. വേറൊരു പോക്രിത്തരത്തിന്റെ കാര്യം പറയാനാ വിളിച്ചത്.'
'ശരി എന്നാല്‍ വൈകിട്ടിറങ്ങാം. വെയ്ക്കട്ടെ.'
ചവറുപോലെ ചാനലുകള്‍ ഉള്ള ഇക്കാലത്ത് വാര്‍ത്തകളറിയാന്‍ ഒരു പത്രത്തിന്റെ ആവശ്യമേയില്ല.പിന്നെ ചെറുപ്പം മുതല്‍ ശീലിച്ചുപോയതിനാല്‍ ഏതെങ്കിലും ഒരു പത്രത്തിന്റെ പേജുകള്‍ മറിച്ചുനോക്കാതെ ശോദന ശരിയാവില്ല എന്ന അവസ്ഥയിലാണ് മലയാളികള്‍.ഇതറിയാവുന്ന പത്ര മുതലാളിമാര്‍ അടിക്കടി പത്രത്തിന്റെ വില കൂട്ടുന്നു.
പത്രവ്യവസായം നഷ്ടമാണെന്നാണ് ഇതിനു പറയുന്ന ന്യായം. എന്തോ. എഡിഷനുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നുണ്ട്താനും.
'എന്താ ഇത്ര കാര്യമായി ചിന്തിച്ചിരിക്കുന്നത്. ഇന്ന് സ്‌കൂളിലെങ്ങും പോകുന്നില്ലേ ?' ഭാര്യയുടെ ചോദ്യം കേട്ട് മാഷ് പറഞ്ഞു.
'പത്രക്കാരുടെ കാര്യം ഓര്‍ത്തുപോയതാ. പത്ര മുതലാളിമാര്‍ക്ക് നഷ്ടം.അരിക്കാശ് പിരിയാത്തതിനാല്‍ ആത്മഹത്യയാണ് ആശ്രയമെന്ന ഏജന്റ്മാര്‍.'
'അവരും മനുഷ്യരല്ലേ ന്യായമായ വരുമാനം അവര്‍ക്കും വേണ്ടേ ?' ഭാര്യയുടെ ദീനാനുകമ്പ.
'ചെയ്യുന്ന പണിക്ക് ന്യായമായ പ്രതിഫലം കിട്ടണമെന്നു തന്നെയാണ് എന്റേയും അഭിപ്രായം. പക്ഷേ അത് കൊടുക്കേണ്ടത് ആരാണ് ?
ഏതൊരു വസ്തുവിന്റേയും ഉദ്പാദകര്‍ തന്നെയാണ് വിതരണ ചെലവും വഹിക്കുന്നത്. അതുകൂടി കണക്കാക്കിയാണ് ഉദ്പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത്. ആ വിലയില്‍ കൂടുതല്‍ വേണമെന്ന് ഇവര്‍ പറയുന്നത് ന്യായമാണോ ?'
' ഒരു പത്തുരൂപയല്ലേ കൂടുതല്‍ ചോദിച്ചത്. അതിന് ഇത്ര വലിയ വകുപ്പും ചട്ടോം പറയാനുണ്ടോ?' ഭാര്യയുടെ വിശാലമനസ്‌കത!
'ഹോ....എന്തൊരു വിശാലമനസ്‌കത......കഴിഞ്ഞ ദിവസം ഏതോ പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍ മൂന്ന് രൂപ ബാക്കി തന്നില്ലെന്ന് പറഞ്ഞ് നീ ചൂടാകുന്നത് കേട്ടല്ലോ. അയാളുടെ ഭാര്യക്ക് സിസ്സേറിയനായിരുന്നു. നല്ലൊരു തുക ആശുപത്രിയില്‍ ചെലവായി. അതുകൊണ്ട് 7 രൂപ ടിക്കറ്റിന് അയാള്‍ 10 രൂപ വീതം എല്ലാവരോടും വാങ്ങുന്നതാ. ഇതുതന്നെയല്ലേ പത്ര ഏജന്റ്മാരും ചെയ്യുന്നത്.
'കിട്ടുന്ന ശമ്പളം ഉപജീവനത്തിനു തികയുന്നില്ലെങ്കില്‍ തൊഴില്‍ദാതാവിനെതിരെ സമരം ചെയ്യാം.ജോലി ഉപേക്ഷിക്കാം. സംഘമായി പത്ര വിതരണം നിര്‍ത്തിവെച്ച്്് പ്രതിക്ഷേധിക്കാം.ഇതൊക്കെയല്ലേ അതിന്റെ ശരി?'
'ഞാന്‍ ഒരു തര്‍ക്കത്തിനില്ല. ഇതാ ഇപ്പോള്‍തന്നെ സമയം പോയി. കുളിച്ച് വാ ഞാന്‍ കാപ്പിയെടുക്കാം.',...ഭാര്യ ശരിക്കും വീട്ടമ്മയായി. തല്ക്കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
'എനിക്കു തരാനുള്ള കാശ് തന്നില്ലെങ്കില്‍ തന്നോടല്ല തന്റപ്പൂപ്പനോട് ഞാന്‍ വാങ്ങും....എന്നെ തനിക്കറിയത്തില്ല.'
വൈകിട്ട് സന്തോഷിന്റെ വീട്ടുമുറ്റത്ത് ബൈക്ക് നിര്‍ത്തിയപ്പോള്‍ ഞാന്‍ കേള്‍ക്കുന്നതിതാണ്. ഇതുപറഞ്ഞ് മുറ്റത്തേയ്ക്കിറങ്ങിയ ആളെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ട് പോയി. ഇത്ജോണല്ലേ നമ്മുടെ പത്രഏജന്റ്. ഹെല്‍മറ്റ് ഉണ്ടായിരുന്നതുകൊണ്ട് അയാള്‍ക്കെന്നെ മനസിലായില്ല. ഹെല്‍മറ്റ് എടുക്കാതെതന്നെ ഞാന്‍ അയാളോട് ചോദിച്ചു ' എന്താ എന്താണ് പ്രശ്‌നം.?
'അത്പറയേണ്ടവരോട് പറഞ്ഞിട്ടുണ്ട്' വെറുതേക്കാരന്റെ ചോദ്യം ജോണിനിഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായി.
'ജോണവിടെ നിന്നേ.... ചോദിക്കട്ടെ....' ഞാന്‍ ബൈക്ക് സ്റ്റാന്‍ഡില്‍ വെച്ച് അയാളുടെ അടുത്തേക്ക് ചെന്നു.
തന്റെ പേര്വിളിച്ച് കേട്ടപ്പോള്‍ജോണ്‍ നിന്നു. ഹോല്‍മറ്റ് എടുത്തപ്പോള്‍ ആളെ മനസ്സിലായി.
'അയ്യോ........ മാഷായിരുന്നോ......സോറി.....' ജോണ്‍ തെല്ല് ചമ്മലോടെ പറഞ്ഞു.
ജോണിന്റെ ഭാവവ്യത്യാസം കണ്ട് അത്ഭുതം തോന്നി. പുലി എലിയാകുന്നത് എത്ര പെട്ടെന്നാണ്. ഇയാളെ എനിക്ക് നേരത്തെ അറിയാം.
ഒരാര്‍ത്തി പണ്ടാരം. കാര്യസാദ്ധ്യത്തിന് ആരുടെ കാലും നക്കും. കാര്യം നടന്നില്ലെങ്കില്‍ വിധം മാറും. സ്വന്തം അപ്പനെപ്പോലും തെറി വിളിക്കാന്‍ ഒരു മടിയുമില്ല. രാഷ്ട്രീയത്തിലായിരുന്നെങ്കില്‍ നല്ല ഭാവി ഉണ്ടായിരുന്നതാ. എന്തു ചെയ്യാന്‍ പത്ര ഏജന്റ് ആയിപ്പോയി.
'എന്താ ഇത്ര ചൂടില്‍.....ആരെയാ ഭീഷണിപ്പെടുത്തുന്നേ....എന്താ സംഭവം..?' ഞാന്‍ ചോദിച്ചു.
'സന്തോഷിന്റെ അപ്പന്‍ മരിച്ചപ്പോള്‍ പത്രത്തില്‍ കൊടുത്ത പരസ്യത്തിന്റെ കാര്യം പറയാന്‍ വന്നതാ.' ജോണ്‍ പറഞ്ഞു. അപ്പോഴേക്കും സന്തോഷ് എത്തി.
'എടാ നാറി നീ വീട്ടില്‍കേറി വന്ന് ഭീഷണിപ്പെടുത്തുന്നോ...നീ എന്ത് ഉലത്തുമെന്നാ പറഞ്ഞത്.' സന്തോഷ് ജോണിന്റെ കോളറില്‍ കേറിപ്പിടിച്ചു.
'ഹാ....എന്താ സന്തോഷേ ഇത് വിട് ' ഞാന്‍ ഇടക്കുകയറി സന്തോഷിനെ പിടിച്ചുമാറ്റി.
'എന്തായിത്...... എന്താ ഇവിടെ പ്രശ്‌നം?'
'ഞാന്‍ പറയാം... 'സന്തോഷ് വിവരിച്ചു തുടങ്ങി.
' കഴിഞ്ഞയാഴ്ച അപ്പച്ചന്‍ മരിച്ചപ്പോള്‍ ഞാനിയാളെ വിളിച്ചു. പത്രത്തില്‍ വാര്‍ത്ത കൊടുക്കണമെന്നു പറഞ്ഞപ്പോള്‍ ഇയാള്‍ തിരക്കിലാണെന്നും
നേരിട്ട് കൊടുക്കുന്നതാ നല്ലതെന്നും അയാള്‍ പറഞ്ഞു.
ഈയാളാരാ മോന്‍. വാര്‍ത്തക്ക് കമ്മീഷനില്ലല്ലോ. വാര്‍ത്ത കൊടുക്കാന്‍ കോട്ടയത്തിന് ആളെവിട്ടു.വാര്‍ത്തയ്ക്കു പുറമേ ഒരു പരസ്യവും കൊടുത്തു.
പരസ്യത്തിന് 15 ശതമാനം കമ്മീഷനുണ്ടെന്നും, പാര്‍ട്ടി നേരിട്ട് കൊടുത്താല്‍10 ശതമാനമേ കുറയ്ക്കൂ 5 ശതമാനം ഏതെങ്കിലും ഏജന്റിന്റെ പേര് പറഞ്ഞാല്‍ അയാള്‍ക്ക്കൊടുക്കാമെന്നും, പോയ ആള്‍ എന്നെ വിളിച്ചു പറഞ്ഞു. നാറിയാണെങ്കിലും നാട്ടുകാരനല്ലേയെന്ന് വിചാരിച്ച് ഇയാളുടെ പേര് കൊടുത്തു.'
'ചേതമില്ലാത്ത ഉപകാരമല്ലേ സന്തോഷ് ചെയ്തത്. പിന്നെയെന്തിനാ ഇയാള്‍ ബഹളമുണ്ടാക്കുന്നത് ? ' ഞാന്‍ ചോദിച്ചു.
'മാഷേ തിരക്കുമൂലം അന്നെനിക്കെത്താന്‍ പറ്റിയില്ലെന്നത് ശരിയാ. പക്ഷേ പിറ്റേദിവസം വാര്‍ത്ത വന്ന എല്ലാ പത്രങ്ങളും ഇവിടെ കൊടുത്തതാ. പരസ്യത്തിന്റെ കമ്മീഷന്‍ ഏജന്റിന് അവകാശപ്പെട്ടതാ അതെനിക്കു കിട്ടണം.' ജോണ്‍ തന്റെ ഭാഗം വിശദീകരിച്ചു.
'എടോ ജോണേ ഇതിനാണ് നോക്കുകൂലി എന്നു പറയുന്നത്. എന്നു മുതലാടോ പത്രഏജന്റ്മാര്‍ നോക്കുകൂലി വാങ്ങാന്‍ തുടങ്ങിയത് ?'
ഞാന്‍ ചോദിച്ചു.
'ഇയ്യാള് ബഹളം വെച്ചപ്പോള്‍, ഇതിന്റെ പേരില്‍ ഒച്ചയും ബഹളവും വെച്ച് നാട്ടുകാരെ അറിയിക്കണ്ട എന്തെങ്കിലും കൊടുത്തു വിടാന്‍ അമ്മച്ചി പറഞ്ഞതുകൊ ണ്ട്നോക്കുകൂലിയായി 2000 രൂപ കൊടുത്തതാ. അതുപോരാ 15 ശതമാനം തികച്ച്് വേണമെന്ന് പറഞ്ഞാ ബഹളം.' സന്തോഷിന് സങ്കടം വന്നു.
'എന്തായാലും ഇന്നുകൊണ്ട് ഈ പ്രശ്‌നം തീര്‍ക്കണം. നാട്ടുകാരറിയണ്ട. ജോണേ വാ. ' ഞാന്‍ ജോണിനെ കൂട്ടി വീട്ടിലേക്ക് കയറി. സന്തോഷും ഒപ്പമെത്തി. ാെരു മുറിക്കുളളില്‍ കേറി വാതിലടച്ചു.
ആരുടേയോ ഉച്ചത്തിലുള്ള വര്‍ത്തമാനം കേട്ട് വിവരം തിരക്കി മുന്‍വരാന്തയിതെത്തിയ അമ്മച്ചിയുടെ കാതില്‍ ഒരു നേര്‍ത്ത ശബ്ദം.
അയ്യോ.... എനിക്കൊന്നും വേണ്ടായേ....
അയ്യോ... ഒരു പ്രശ്‌നവുമില്ലേ....
എന്നേ വെറുതേ വിടണേ........








































1 comment:

  1. ബസ്പൃക്കാന
    അഥവാ ആദ്യത്തെ സ്വാശ്രയസ്ഥാപനം

    പാപത്തിന്റെ വിത്തുകള്‍
    സാത്താന്‍
    ഭൂമിയില്‍ വിതച്ചു.

    വിത്തുകള്‍ മുളച്ചു,
    നൂറുമേനി വിളഞ്ഞു.

    പാപം വിളയാത്ത പാറമേല്‍
    പള്ളികള്‍ മുളച്ചു,
    തിരുമേനി വിളഞ്ഞു.

    പാറയ്ക്കു ചുറ്റും
    പാപത്തിന്റെ മുന്തിരിത്തോട്ടം
    വളര്‍ന്നു.

    സിംഹാസനങ്ങള്‍
    പാപികളെ
    പനപോലെ വളര്‍ത്തി.

    ആത്മാവില്‍ ദാരിദ്ര്യവും
    കീശയില്‍ പണവുമുള്ള
    പാപികള്‍ ഭാഗ്യവാന്മാര്‍.
    എന്തുകൊണ്ടെന്നാല്‍
    അവര്‍ക്കായല്ലോ
    ബസ്പൃക്കാനയുണ്ടായി.*

    ബസ്പൃക്കാനയിലഡ്മിഷന്‍ തരപ്പെട്ടാല്‍,
    വില്‍പ്പത്രത്തില്‍
    കൂദാശകള്‍ക്കായി
    നീക്കിയിരിപ്പുണ്ടെങ്കില്‍
    സ്വര്‍ഗ്ഗരാജ്യത്തില്‍ പ്ലെയ്‌സ്‌മെന്റുറപ്പ്.
    വഴിതെറ്റിപ്പോയ കുഞ്ഞാടുകള്‍ക്കായി
    പത്തുശതമാനം സീറ്റും കൂദാശകളും സൗജന്യം.

    *ബസ്പൃക്കാന - ശുദ്ധീകരസ്ഥലം

    ReplyDelete