Monday 27 February 2012

നിങ്ങള്‍ വിധിക്കരുത്




'ജോസഫ് ..........ഉണരൂ.....'
'കണ്ണുകള്‍ തുറക്കൂ ജോസഫ്......'
'എന്നെ സൂക്ഷിച്ചു നോക്കൂ....'
'നിന്റെ മുഖം കണ്ടിട്ട് എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു......'
'ജോസഫ് ...ഇത് ഞാനാണ് യേശു....'
ജോസഫ് യേശുവിനെ സൂക്ഷിച്ചു നോക്കി.
പടത്തില്‍ കണ്ടിട്ടുള്ള രൂപമൊന്നുമല്ലല്ലോ...........

'ഇതേത് യേശു....ദളിത് ക്രിസ്തുവോ..................'
ജോസഫിന് കണ്‍ഫ്യൂഷനായി. എങ്കിലും ധൈര്യം സംഭരിച്ചു ചോദിച്ചു
'ആരാ..... യേശുവോ...'
'ജോസഫ് നീ ഭയപ്പെടേണ്ട....... '
'പാതിരായ്ക്ക് കേറി വന്നിട്ട് ധിക്കാരം പറയുന്നോ ? തെമ്മാടി. ഞാനാരാണെന്നറിയാമോ നിനക്ക്്. മെത്രാനാണ് മെത്രാന്‍. ' ജോസഫ് ദേഷ്യത്തോടെ പറഞ്ഞു.
മാനത്തൂര്‍ പള്ളി വികാരി, കുട്ടപ്പനെന്നൊരു ദളിതന്റെ മരണാനന്തര ചടങ്ങുകള്‍ നിരസിച്ചത് മുതല്‍ തുടങ്ങിയതാണ് മെത്രാന് ഒരു പേടി.
അനുസരണയില്ലാത്ത കുഞ്ഞാടുകള്‍ക്ക് കല്ല്യാണക്കുറി കൊടുക്കാതിരിക്കുക, ശവസംസ്‌കാര ചടങ്ങുകളില്‍ സഹകരിക്കാതിരിക്കുക എന്നിദ്ദ്യാതി നമ്പരുകള്‍ ഇറക്കിയാണ് സഭ വിശ്വാസികളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.
പണ്ട് V.K കുര്യന്‍ സാറിന്റെ കേസില്‍ അരമനയും മെത്രാനും ഒന്നു നാറിയതാ.
അതെങ്ങനെയാ നാണം തോന്നണമെങ്കില്‍ നട്ടെല്ലുള്ള നാട്ടുകാരുമായി ചങ്ങാത്തം വേണ്ടേ.
പെട്ടെന്ന് ഒരു ഇടി മുഴങ്ങി. ലൈറ്റുകള്‍ അണഞ്ഞു.
തന്റെ എമര്‍ജന്‍സി ലൈറ്റ് തെളിക്കാന്‍ ജോസഫ് ശ്രമിച്ചു. ലൈറ്റ് തെളിഞ്ഞു അവിടെയെങ്ങും ആരേയും കാണാനില്ല.
ജോസഫ് സമാധാനിച്ചു
വയ്യാവേലി ഒഴിഞ്ഞല്ലോ.
അദ്ദേഹം മുറിക്ക് ചുറ്റും നടന്ന് ഒരു പരിശോധന നടത്തി.
അതാ തന്റെ കിടപ്പു മുറിയിലേക്കുള്ള കതകു തുറന്നു കിടക്കുന്നു.
സെക്രട്ടറി പയ്യനെ വിളിക്കണോ അതോ പോലീസിലറിയിക്കണോ. ജോസഫ് ചിന്തിച്ചു,
വേണ്ട ഈ പാതിരായ്ക്ക് ആരേയും മിനക്കെടുത്തേണ്ട.
ലൈറ്റുകള്‍ അണച്ച് ജോസഫ് കിടന്നു.
'ജോസഫ് നീ ഉറങ്ങിയോ ?' മയക്കത്തിലേക്ക് വീണ ജോസഫ് ഞെട്ടിയുണര്‍ന്നു.
'നീ വീണ്ടും വന്നോ ?' എന്ന് ചോദിച്ചുകൊണ്ട് ദേഷ്യത്തോടെ ചാടിയെണീറ്റ് ലൈറ്റിട്ടു.
മുറിയില്‍ നിറഞ്ഞു നില്ക്കുന്ന പ്രകാശത്തില്‍ ദിവ്യതേജസോടെ നില്‍ക്കുന്നയാളെ കണ്ട് ജോസഫ് ഒന്നു ഞെട്ടി.
സ്ഥലത്തെ പ്രമാണിയും ഷാപ്പ് കോണ്‍ട്രാക്ടറുമായ മാണിച്ചന്‍.
' എന്താ മാണിച്ചാ ഈ സമയത്ത് ?' വിഹ്വലതയോടെ ജോസഫ് ചോദിച്ചു.
'മാണിച്ചന്‍ അരമനയിലേക്ക് വരുന്നത് ആരെങ്കിലും കണ്ടോ' ?
'ഇല്ലല്ലോ.........' മാണിച്ചന്‍
' എന്തെങ്കിലും അത്യാവശ്യ കാര്യമുണ്ടെങ്കില്‍ വിളിച്ചാല്‍ പോരായിരുന്നോ ?
ഇപ്പഴെന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തേ ?' ജോസഫ് അരിശത്തോടെ ചോദിച്ചു.
'ചില അത്യാവശ്യകാര്യങ്ങള്‍ സംസാരിക്കാന്‍ വന്നതാ.' മാണിച്ചന്‍
'ഷോപ്പിംഗ് കോംപഌക്‌സിനുള്ള സ്ഥലത്തിന്റെ കാര്യമല്ലേ ? അത് നമ്മള്‍ തമ്മില്‍ എഗ്രിമെന്റായതല്ലേ.അതിനൊന്നും ഒരു മാറ്റവുമില്ലെടോ. മന്ത്രിപ്പണി പോലെ അഞ്ചുവര്‍ഷപ്പണിയല്ല മെത്രാന്‍ പണിയെന്ന് ഇനിയെങ്കിലും താന്‍ മനസ്സിലാക്ക്.' ജോസഫ് വിശദീകരിച്ചു.
'അതറിയാന്‍ വന്നതല്ല'. മാണിച്ചന്‍.
'പിന്നെന്താ മദ്യവിരുദ്ധ സമരത്തിന്റെ കാര്യമാണോ . അതും വ്യക്തമായി ഞാന്‍ പറഞ്ഞതാ. KCBC യെക്കൊണ്ട് ഈ വര്‍ഷവും സമരം ചെയ്യിക്കാമെന്ന് അതുപോരെങ്കില്‍ KCYM ഉള്‍പ്പെടെയുള്ള പിള്ളാര് സെറ്റിനേയും ഇറക്കാം. തന്നെക്കൊണ്ട് ഞാന്‍ മടുത്തു. തനിക്ക് കള്ള് വിറ്റ് കിട്ടിയാല്‍ പോരെ.?
പിന്നെ ഒരു കാര്യം പറഞ്ഞേക്കാം. ഭരണങ്ങാനം പള്ളി മുറ്റത്ത് ഹോട്ടല്‍ തുടങ്ങിയെന്ന് പറഞ്ഞ് ളാലം പള്ളി മുറ്റത്ത് ബീയര്‍പാര്‍ലര്‍ വേണമെന്ന ആവശ്യം ഉടനടി നടക്കില്ല.അതിനൊരല്‍പ്പം സാവകാശം വേണം' ജോസഫ് തന്റെ നയം വ്യക്തമാക്കി.
ശക്തമായി വീശിയ കാറ്റില്‍ പെട്ടെന്ന് ലൈറ്റണഞ്ഞു.
ജോസഫ് തന്റെ കട്ടിലില്‍ നിന്ന് ചാടിയെണീറ്റു.
മാണിച്ചനോടായിപ്പറഞ്ഞു, ' പോകാന്‍ പറ്റിയ അവസരമാ ഇത് . ഇപ്പോള്‍ സ്ഥലം വിട്ടോ ആരും കാണില്ല.'
പെട്ടെന്ന് ലൈറ്റുകള്‍ പ്രകാശിച്ചു
മാണിച്ചനു നേരെ തിരിഞ്ഞ ജോസഫ് ആ കാഴ്ച്ച കണ്ട് അലറി വിളിച്ചു.
ഇതാ മാണിച്ചനിരുന്ന കസേരയില്‍ ഒരു കരിംഭൂതം പോലൊരാള്‍.
വിറക്കുന്ന സ്വരത്തോടെ ജോസഫ് ചോദിച്ചു ' നിങ്ങളാരാ?'
അയാള്‍ ഒരു ചെറു ചിരിയുമായി ജോസഫിനുനേരെ തിരിഞ്ഞു ചോദിച്ചു.
' ഓര്‍മ്മയുണ്ടോ ഈ മുഖം'
ജോസഫ് ഒരു നിമിഷം ചിന്തിച്ചു. ആദ്യം തന്നെ വിളിച്ചുണര്‍ത്തിയ ആള്‍ തന്നെ.
' ആരെന്ന നിന്റെ ചോദ്യത്തിനുള്ള മറുപടി ആദ്യമേ ഞാന്‍ തന്നിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ല. നിനക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത രൂപമായിരുന്നു അപ്പോഴെനിക്ക്. ഇപ്പോഴും അങ്ങനെ തന്നെ. എന്നാല്‍ മാണിച്ചന്റെ രൂപത്തില്‍ നിനക്കു ഞാന്‍ സ്വീകാര്യനായിരുന്നു. അതിലെനിക്ക് അത്ഭുതമില്ല. നമ്മുടെ സ്വഭാവവുമായി കൂടുതല്‍ .ചേര്‍ന്നു നില്‍ക്കുന്നവരോടാണ് നമുക്ക് കൂടുതല്‍ അടുപ്പം തോന്നുക.'
ക്ഷമിക്കണം കര്‍ത്താവേ......
'നിനക്കൊന്നുമറിയില്ല. കാരണം നീ വെറും തിരു മേനിയാണ്. ' യേശു തുടര്‍ന്നു.
'ഒരിക്കല്‍ ഞാന്‍ പറഞ്ഞതാണ് ,എങ്കിലും ഒരിക്കല്‍ കൂടി സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു എന്റെ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തത് എനിക്കുതന്നെയാണ് ചെയ്തത്.
അതുകൊണ്ട് അവര്‍ നിന്നോട് ക്ഷമിച്ചാല്‍.........
ഞാനും നിന്നോട് ക്ഷമിക്കും......'
















No comments:

Post a Comment