Monday 30 September 2013

അവയവദാനം പിന്നാംപുറം


സെപ്‌റ്റംബര്‍ 22 ഞായര്‍ വൈകിട്ട്‌ തിടനാട്‌ YMCA യുടെ 

പൊതുയോഗത്തില്‍ ശ്രീ. റോയി കരോട്ട്‌പുള്ളോലില്‍ ഒരനൗദ്യോഗിക ചികിത്സാ ധനസഹായാഭ്യര്‍ത്ഥന നടത്തിയപ്പോഴാണ്‌ 
മണിയംകുളം കിഴക്കേല്‍ കെ.ജെ.ജോസഫിനുണ്ടായ 
അപകടത്തെപ്പറ്റി ഞങ്ങള്‍ അറിയുന്നത്‌.

അപകടം നടന്നതു മുതല്‍ എല്ലാകാര്യങ്ങള്‍ക്കും 

കുടുംബത്തോടൊപ്പമുണ്ടായിരുന്ന റോയിയും സിബി പ്‌ളാത്തോട്ടവും 
ഇക്കാര്യങ്ങളുമായി ഓടി നടക്കുന്നതിനിടയില്‍ , ആശുപത്രിയില്‍ നിന്നും 
 രോഗി രക്ഷപെടില്ല എന്ന അറിയിപ്പെത്തി. 
പെട്ടെന്ന്‌ ഒരു വെളിപാട്‌ പോലെ റോയി സിബിയോട്‌ ചോദിക്കുന്നു, നമുക്ക്‌ അവയവദാനത്തെപ്പറ്റി ചിന്തിച്ചാലോ എന്ന്‌.

എങ്കില്‍ നമുക്കൊരു കാര്യം ചെയ്യാം 

മണിയംകുളം പള്ളി വികാരി ഫാ.മൈക്കിള്‍ ചീരാംകുഴിയച്ചനോട്‌ ഇക്കാര്യം സംസാരിക്കാമെന്നായി സിബി.

അവര്‍ നേരെ മണിയംകുളം പള്ളിയിലെത്തി 

കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ത്തന്നെ അച്ചന്‍ അവരോടൊപ്പം ആശുപത്രിയിലേക്ക്‌ പുറപ്പെട്ടു.
ഡോക്ടറോട്‌ സംസാരിക്കുന്നതിന്‌ മുമ്പ്‌ കുടുംബാംഗങ്ങളോട്‌ അനുവാദം വാങ്ങി. കാര്യങ്ങള്‍ ഡോക്ടറോട്‌ പറഞ്ഞപ്പോഴാണ്‌ 

 മരിക്കുന്ന ഏവര്‍ക്കും കഴിയുന്ന ഒന്നല്ല അവയവദാനമെന്നും 
ബ്രെയിന്‍ ഡെത്ത്‌ സംഭവിച്ചാല്‍ മാത്രമേ കണ്ണൊഴികെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ എന്നും അവര്‍ മനസ്സിലാക്കിയത്‌. 
ഇപ്പോഴത്തെ നിലയില്‍ ഇദ്ദേഹത്തിന്‌ സാധാരണ മരണം സംഭവിക്കാനാണ്‌ സാധ്യതയെന്നും ഡോക്ടര്‍ അറിയിച്ചു.

കാര്യങ്ങള്‍ മനസ്സിലാക്കി അവര്‍ ആശുപത്രിയില്‍നിന്ന്‌ മടങ്ങി. 

മരിക്കുമെന്ന്‌ തീര്‍ച്ചയായ സ്ഥിതിക്ക്‌ ബ്രെയിന്‍ഡെത്ത്‌ സംഭവിക്കണേ 
എന്ന്‌ മനമുരുകി പ്രാര്‍ത്ഥിച്ചു എന്നാണ്‌ റോയി പറഞ്ഞത്‌. 
എന്തായാലും പിറ്റേ ദിവസം ഡോക്ടര്‍ വിളിക്കുകയും നിങ്ങളുടെ ആഗ്രഹംപോലെ കാര്യങ്ങള്‍ നടക്കുമെന്ന്‌ അറിയിക്കുകയും ചെയ്‌തു.
ഒരു ലക്ഷത്തിലൊരാള്‍ക്കു മാത്രം കിട്ടുന്ന ഭാഗ്യമാണിതെന്നാണ്‌ 

ഡോക്ടര്‍മാരുടെ അഭിപ്രായം.

നാനാ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പരേതന്റെ വീട്ടിലെത്തി 

അന്തിമോപചാരം അര്‍പ്പിച്ചു. അതില്‍ എടുത്തു പറയേണ്ട ഒരേയൊരു വ്യക്തി 
ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ.ബാബു സെബാസ്റ്റ്യനാണ്‌. 
വിവരം അറിഞ്ഞുകേട്ട്‌ വന്ന അദ്ദേഹം 
മൃതദേഹത്തിന്‌ സല്യൂട്ട്‌ ചെയ്‌ത്‌ ബഹുമതി ചാര്‍ത്തി. 
അപ്പോഴാണ്‌ പരേതന്‌ സത്യത്തില്‍ സംസ്ഥാന ബഹുമതിതന്നെ 
കിട്ടേണ്ടതാണല്ലോ എന്ന്‌ ജനങ്ങള്‍ ചിന്തിച്ചത്‌.

അവയവങ്ങള്‍ ദാനം ചെയ്‌ത്‌ മാതൃകയായ കുടുംബത്തോടുള്ള 

ആദരവ്‌ പ്രകടിപ്പിക്കാന്‍ ശവസംസ്‌കാരത്തിന്‌ മെത്രാന്‍ കാര്‍മ്മികത്വം വഹിക്കുമെന്നൊക്കെ കേട്ടിരുന്നു.
പക്ഷേ പരേതന്റെ മക്കളാരും അച്ചന്മാരില്ലല്ലോ എന്ന അഭിപ്രായവും ആരോ പ്രകടിപ്പിച്ചു.
എന്തായാലും.....
ലക്ഷത്തിലൊരുവന്റെ നാട്ടുകാരന്‍ എന്ന്‌ പറഞ്ഞ്‌ ഇനി നമുക്ക്‌ മേനി നടിക്കാം.











അവയവദാനം ജീവദാനം

ജീവിത പ്രാരാബ്ദങ്ങളുടെയും,കടബാദ്ധ്യതകളുടെയും നടുവില്‍ നട്ടംതിരിയുമ്പോഴും കഠിനാദ്ധ്വാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന 
മണിയംകുളം കിഴക്കേല്‍ കെ.ജെ.ജോസഫിന്റെ ആകസ്‌മിക വേര്‍പാട്‌ 
ഒരു നാടിനെയാകെ ദു:ഖത്തിലാഴ്‌ത്തിയെങ്കിലും 
അവയവദാനം എന്ന മഹത്തായ പുണ്യകര്‍മ്മത്തിലൂടെ അദ്ദേഹം
കേരളമാകെ ജനമനസ്സുകളില്‍ ഒരു രജതനക്ഷത്രം പോലെ പ്രശോഭിച്ചു നില്‌ക്കുകയാണ്‌

ഒരു കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥന്‍
മരണത്തോട്‌ മല്ലടിക്കുന്ന വേദനാജനകമായ നിമിഷങ്ങളില്‍
അവയവദാനം എന്ന മഹത്തായ സത്‌കര്‍മ്മത്തിന്റെ സാദ്ധ്യത ഞങ്ങളില്‍ ചിലര്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ "വേദനിക്കുന്ന ഏതെങ്കിലും ജീവിതങ്ങള്‍ക്ക്‌ തുണയാകുമെങ്കില്‍ എനിക്കും മക്കള്‍ക്കും സമ്മതമാണ്‌" എന്നാണ്‌ ഭാര്യ എല്‍സി പറഞ്ഞത്‌.

നേത്രദാനത്തിനുപോലും ബന്ധുക്കള്‍ വിമുഖത കാണിക്കുന്ന ഇക്കാലത്ത്‌
അവയവദാനം എന്ന മഹത്തായ കര്‍മ്മത്തിന്‌ തീരുമാനമെടുത്ത ഈ കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള ബാദ്ധ്യത നമുക്കുണ്ട്‌ എന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു.

അവയവദാനം പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനും,
സഹോദരനു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ ബലിയില്ല എന്ന്‌ പഠിപ്പിക്കുന്ന മത നേതൃത്വത്തിനും, സേവന സന്നദ്ധരായ സാമൂഹ്യ സംഘടനകള്‍ക്കും
ഈ കുടുംബത്തെ മാതൃകാപരമായി സഹായിക്കാന്‍ ബാദ്ധ്യതയുണ്ട്‌ എന്ന്‌ ഞങ്ങള്‍ കരുതുന്നു.

പ്രാരംഭ നടപടി എന്ന നിലയില്‍
സേവന,സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഒരു കമ്മറ്റി,
ഈ കുടുംബത്തിന്റെ 6 ലക്ഷത്തിലധികം വരുന്ന കട ബാദ്ധ്യതകള്‍ ഏറ്റെടുക്കുന്നതിനായി രൂപീകരിച്ചിരിക്കുകയാണ്‌.

ഇതിനായി SBI തിടനാട്‌ ശാഖയില്‍
മണിയംകുളം പള്ളി വികാരി ഫാ.മൈക്കിള്‍ ചീരാംകുഴി, തിടനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.ജോസഫ്‌ ജോര്‍ജ്ജ്‌ വെള്ളൂക്കുന്നേല്‍, പരേതന്റെ ഭാര്യ എല്‍സി എന്നിവരുടെ പേരില്‍(A/c No.33335894708, ifsc code SBIN-0008672) ജോയിന്റ്‌ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌.

ഈ സംരംഭത്തിന്‌ സന്മനസ്സുള്ള എല്ലാവരുടേയും സഹായം
സവിനയം അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്‌തതയോടെ
ജോസഫ്‌ ജോര്‍ജ്ജ്‌ ( പഞ്ചായത്ത്‌ പ്രസിഡന്റ്‌)
ഫാ.മൈക്കിള്‍ ചീരാംകുഴി (മണിയംകുളം പള്ളി വികാരി

Tuesday 10 September 2013

തുറന്നു പറഞ്ഞോളൂ.......

നവാബ്‌ രാജേന്ദ്രന്റെ 10-ാ ചരമ വാര്‍ഷികത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും Face Book ല്‍ വന്ന എന്റെ പോസ്‌റ്റിന്‌ കിട്ടിയ ചില പ്രതികരണങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടു വരാനാണ്‌ ഈ കുറിപ്പ്‌.

1. സര്‍, ജയറാം പടിക്കല്‍ എന്ന പോലീസുകാരന്‍ കെ. കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിനു വേണ്ടി പിച്ചിച്ചീന്തിയതാണ്‌ നവാബ്‌ രാജേന്ദ്രന്റെ ജീവിതം.

2. നവാബ്‌ രാജേന്ദ്രനെ റോള്‍ മോഡലായി കണ്ട്‌ സമൂഹത്തിലെ അനീതികള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവനാണ്‌ ഞാന്‍. പക്ഷേ എനിക്ക്‌ ഭാര്യയും രണ്ട്‌ കുട്ടികളുമുണ്ട്‌. ഭരണവര്‍ഗ്ഗം പണ്ടത്തേതിനേക്കാള്‍ അഴിമതി നിറഞ്ഞതും അഴിമതി മറച്ചു പിടിക്കാന്‍ ജയറാം പടിക്കല്‍മാരെയല്ല സാക്ഷാല്‍ ക്വൊട്ടേഷന്‍ സംഘങ്ങളെ വരെ ഉപയോഗിക്കാന്‍ മടിയില്ലാത്തവരുമാണ്‌. പിന്നെ ഞാനെന്തു ചെയ്യും ?

3. "അപ്പകോലെലി ഭക്ഷിച്ചാല്‍ അപ്പത്തിന്‍ കഥയെന്ത്‌? "എന്ന്‌ കവി പാടിയപോലെ വിപ്‌ളവത്തിന്റെ ഹോള്‍സോയില്‍ റിട്ടെയില്‍ പാര്‍ട്ടികള്‍ പോലും നയവ്യതിയാനം വരുത്തിയപ്പോള്‍ ഇനി ആരിലാണ്‌ നമുക്ക്‌ പ്രതീക്ഷ .

4 . സര്‍ മുമ്പ്‌ ഒരു സുഹൃത്ത്‌ ചൂണ്ടിക്കാണിച്ച കുടുംബ പ്രരാബ്ദങ്ങളൊന്നുമില്ലാത്ത പടിക്കല്‍മാര്‍ക്കും ക്വൊട്ടേഷന്‍ സംഘങ്ങള്‍ക്കും എളുപ്പത്തില്‍ കീഴടക്കാന്‍ പറ്റാത്ത സെറ്റപ്പുമുള്ള ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്‌. ഒരര്‍ത്ഥത്തില്‍ മനുഷ്യാവകാശ സംരക്ഷണ ദൗത്യം ഏറ്റെടുക്കാന്‍ ഏറ്റം യോഗ്യരുമാണവര്‍. അതിനുള്ള അറിവും വിദ്യാഭ്യാസവുമുള്ളവര്‍. അത്‌ മറ്റാരുമല്ല കത്തോലിക്കാ വൈദികര്‍ തന്നെ.

5. എന്റെ ചേട്ടാ അതൊക്കെ ശ്ശി ബുദ്ധിമുട്ടുള്ള കാര്യമാണ്‌. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക എന്നാല്‍ ഭരണാധികാരികള്‍ക്കതിരെ ശബ്ദമുയര്‍ത്തുക എന്നാണ്‌. ഭരണാധികാരത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത്‌ പലവിധ നഷ്ടങ്ങള്‍ക്കും കാരണമാകും. നിക്ഷേപം ഈ ലോകത്തല്ല പരലോകത്താണ്‌ വേണ്ടത്‌ എന്ന പ്രമാണം വിശ്വാസികള്‍ക്ക്‌ മാത്രമുള്ളതാണ്‌.

6. ഈ സഹോദരന്റെ അഭിപ്രായത്തോട്‌ ഞാനും യോജിക്കുന്നു. കാരണം ഭൗതിക ലാഭങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ മാത്രമേ സഭക്ക്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനാവൂ. അങ്ങനെ വല്ല ചിന്തയും നമ്മുടെ മതനേതാക്കള്‍ക്കുണ്ടായിരുന്നെങ്കില്‍ ഈ നാട്‌ എന്നേ സ്വര്‍ഗ്ഗമായേനെ. ഒരു ഉദാഹരണം മാത്രം എടുക്കാം. കത്തോലിക്കാ വിശ്വാസികളുടെ പതിവ്‌ വ്യായാമമാണല്ലോ കുമ്പസാരം. ഈ കുമ്പസാരത്തിനൊടുവില്‍ കൊടുക്കുന്ന പ്രായശ്ചിത്തം റോഡിലെ രണ്ടു കുഴിയടക്കാനാകട്ടെ. അല്ലെങ്കില്‍ ജീവിതഗന്ധിയായ മറ്റെന്തെങ്കിലുമാകട്ടെ.

കൂടുതല്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരട്ടെ. കുറഞ്ഞപക്ഷം അഭിപ്രായ പ്രകടനങ്ങളെങ്കിലും നടക്കട്ടെ......................


Sunday 8 September 2013

പോലീസ്‌ രാജേന്ദ്രനു മുമ്പില്‍ കുടുങ്ങി.

പാലായില്‍ നടന്ന ഓണാഘോഷത്തില്‍ റോഡുകള്‍ ബ്‌ളോക്കായതിനെപ്പറ്റി ബേബിച്ചന്റെ പോസ്‌റ്റ്‌ കണ്ടപ്പോള്‍ എന്റെ മനസ്സിലോടിയെത്തിയത്‌ നവാബ്‌ രാജേന്ദ്രന്റെ ഓര്‍മ്മയാണ്‌.
1986 ല്‍ നടന്ന സംഭവമാണ്‌. കോഴിക്കോട്‌ പാളയത്തു നിന്നും KSRTC യിലേക്ക്‌ ഓട്ടോറിക്ഷയില്‍ പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ്‌ നവാബ്‌ രാജേന്ദ്രന്‍ അറിയുന്നത്‌, സാധാരണ പോകുന്ന വഴിയേ പോകാന്‍ പറ്റില്ല. ഇന്നുമുതല്‍ ട്രാഫിക്ക്‌ പരിഷ്‌ക്കാരമാണ്‌ എന്ന്‌.

അപ്പോള്‍ അദ്ദേഹം ചോദിച്ചു" നേരത്തെ ആരോടും പറയാതെ ഒരു ട്രാഫിക്‌ പരിഷ്‌ക്കാരമോ"
അദ്ദേഹം നേരെ പോയത്‌ കോഴിക്കോട്‌ മുന്‍സിഫ്‌ കോടതിയിലേക്കാണ്‌. യാതൊരു അറിയിപ്പുമില്ലാതെ ട്രാഫിക്‌ പരിഷ്‌ക്കാരം നടത്തിയ DIG ഹോര്‍മിസ്‌ തരകനെതിരെ നവാബ്‌ ഹര്‍ജി ഫയല്‍ ചെയ്‌തു.
ട്രാഫിക്‌ അഡൈ്വസറി കമ്മറ്റി വിളിച്ചു ചേര്‍ത്ത്‌ ജനത്തെ മുന്‍കൂട്ടി അറിയിച്ചശേഷം മാത്രമേ ട്രാഫിക്‌ പരിഷ്‌കാരം നടത്താവൂ എന്ന്‌ നവാബ്‌ വാദിച്ചു.
എന്നാല്‍ ഒരു പരീക്ഷണാര്‍ത്ഥം മാത്രമാണ്‌ ട്രാഫിക്‌ പരിഷ്‌കാരമെന്ന്‌ പോലീസ്‌ മറുപടി നല്‍കി.
പരീക്ഷണം നടത്തേണ്ടത്‌ ലബോറട്ടറിയിലാണെന്നും അല്ലാതെ പൊതുനിരത്തിലല്ലെന്നുംനവാബ്‌ വാദിച്ചു. കോടതി നവാബിന്റെ വാദം അംഗീകരിച്ചു.
ട്രാഫിക്കില്‍മാറ്റം വരുത്താന്‍ പോലീസിന്‌ അധികാരമില്ലെന്നും TAC എടുക്കുന്ന തീരുമാനം നടപ്പില്‍ വരുത്താനേ പോലീസിനധികാരമുള്ളു എന്നും കോടതി വിധിച്ചു.
അടിയന്തിര ഘട്ടങ്ങളില്‍ ക്രമസമാധാന പാലനത്തിനായല്ലാതെ റോഡ്‌ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിന്‌ അധികാരമില്ലെന്നും പൊതുമരാമത്തു വകുപ്പിനു മാത്രമേ അധികാരമുള്ളു എന്നും കോടതി ചൂണ്ടിക്കാട്ടി.
ഏതാണ്ട്‌ പത്ത്‌ വര്‍ഷത്തിനു ശേഷം ഇതുപോലൊരു പരിഷ്‌കാരത്തിന്റെ പേരില്‍ എറണാകുളത്തും പോലീസ്‌ രാജേന്ദ്രനു മുമ്പില്‍ കുടുങ്ങി.
എറണാകുളം കോണ്‍വെന്റ്‌ ജംഗ്‌ഷനില്‍ നിന്നും എം.ജി റോഡിലേക്ക്‌ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന രാജേന്ദ്രനെ ജംഗ്‌ഷനില്‍ പോലീസ്‌ തടഞ്ഞു. അടുത്ത ജംഗ്‌ഷനില്‍ ചെന്ന്‌ തിരിഞ്ഞുപോകാന്‍ പോലീസ്‌ നിര്‍ദ്ദേശിച്ചു. രാത്രി ഏഴരക്കായിരുന്നു സംഭവം. പോലീസും രാജേന്ദ്രനുമായി വാക്കേറ്റം മൂത്തു. വയര്‍ലെസ്‌ സന്ദേശം വഴി കൂടുതല്‍ പോസീസ്‌ സ്ഥലത്തെത്തി. ജംഗ്‌ഷനില്‍ സംഘര്‍ഷാവസ്ഥ. നിയമ വിരുദ്ധമായാണ്‌ വണ്‍വേ ഏര്‍പ്പെടുത്തിയതെന്നും ഇതുവഴി മാത്രമേ യാത്ര ചെയ്യുകയുള്ളുവെന്നും രാജേന്ദ്രന്‍ ശഠിച്ചു. വകുപ്പും നിയമങ്ങളും അരച്ചുകലക്കി സംസാരിച്ച രാജേന്ദ്രനു മുമ്പില്‍ പോലിസ്‌ കീഴടങ്ങി. തടഞ്ഞ വഴിയിലൂടെത്തന്നെ രാജേന്ദ്രന്‍ എം.ജി റോഡിലേക്ക്‌ പോയി.

Saturday 7 September 2013

മനുഷ്യാവകാശപ്പോരാളികളുടെ സുവിശേഷം

കഴിഞ്ഞ ദിവസം Face Book ല്‍ എന്റെ പോസ്‌റ്റ്‌ നവാബ്‌ രാജേന്ദ്രന്റെ 10-ാo ചരമദിനത്തെ ഒര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു. ഇന്ന്‌ ഇത്തരം സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളില്‍ തലങ്ങും വിലങ്ങും പോസ്‌റ്റുന്നവരും ലൈക്കുന്നവരും ഷെയറുന്നവരും ആയ പുതുജനറേഷന്‌ ഇദ്ദേഹം തീര്‍ത്തും അപരിചിതനായിരിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അദ്ദേഹത്തെക്കുറിച്ച്‌ കേട്ടിട്ടുള്ളവര്‍ പോലും അദ്ദേഹം നമ്മുടെ സമൂഹത്തിന്‌ നല്‍കിയ സംഭാവനകളെക്കുറിച്ച്‌ മനസ്സിലാക്കിയിട്ടില്ലെന്നത്‌ ഖേദകരമാണ്‌.
"എല്ലാവരും സ്വര്‍ഗ്ഗത്തില്‍ പോകാനാഗ്രഹിക്കുന്നു പക്ഷേ ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല" എന്ന്‌ പറഞ്ഞപോലെ ഈ നാട്‌ നന്നാകണമെന്ന്‌ എല്ലാവരും ആഗ്രഹിക്കുന്നു പക്ഷേ അതിനായി എന്തെങ്കിലും ത്യജിക്കാന്‍ ആരും സന്നദ്ധരല്ല എന്നത്‌ ഒരു പൊതു തത്വമായി പറയാമെങ്കില്‍ അതിനൊരപവാദമായി ചൂണ്ടിക്കാണിക്കാമായിരുന്ന ആധുനിക കാലത്തെ ഏക വ്യക്തിയായിരുന്നു ശ്രീ. നവാബ്‌ രാജേന്ദ്രന്‍.
" കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല" എന്ന്‌ 
റയാറുണ്ട്‌. കേരള ജനതയെ സംബന്ധിച്ചിടത്തോളം നവാബ്‌ രാജേന്ദ്രന്റെ കാര്യത്തില്‍ ഇത്‌ അക്ഷരംപ്രതി ശരിയാണ്‌. അതെന്തുകൊണ്ടെന്ന്‌ മനസ്സിലാകണമെങ്കില്‍ അദ്ദേഹത്തിന്റെ ജീവചരിത്രത്തിലൂടെ നാമൊന്ന് കണ്ണോടിക്കണം.

താല്‌പ്പര്യമുണ്ടെങ്കില്‍ പെന്‍ ബുക്ക്സ്‌ 2003 ല്‍ പ്രസിദ്ധീകരിച്ച ശ്രീ. കമല്‍നാഥ്‌ സജീവ്‌ രചിച്ച " നവാബ്‌ രാജേന്ദ്രന്‍ - ഒരു മനുഷ്യാവകാശപ്പോരാട്ടത്തിന്റെ ചരിത്രം" എന്ന പുസ്‌തകം വായിക്കുക
മനുഷ്യാവകാശപ്പോരാളികളുടെ സുവിശേഷം എന്ന വിശേഷിപ്പിക്കാവുന്ന ഈ പുസ്‌തകം ഒന്ന്‌ വായിച്ച്‌ കുളിരുകോരാനെങ്കിലും നമുക്കാകട്ടെ.