Friday 2 May 2014

റിലയന്‍സ് ഭൂതം



അയലത്തെ വീട്ടില്‍ പതിവില്ലാത്ത ഒച്ചയും ബഹളവും കേട്ട് ചെന്നപ്പോള്‍ കണ്ട കാഴ്ച വിശ്വസിക്കാനായില്ല.
മൂന്നു നാലു പേര്‍ വീട്ടിനുള്ളില്‍. കണ്ടാല്‍ പേടി തോന്നുന്ന കടാമുട്ടന്മാര്‍.
ഗൃഹനാഥനും നാഥയും പേടിച്ചരണ്ടിരിക്കുന്നു. ഞാന്‍ അകത്തു കയറി.
എന്നേ കണ്ടതേ അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. 'ഇവര്‍ SBI യില്‍ നിന്ന് വന്നവരാന്നാ പറയുന്നത്. വിദ്യാഭ്യാസ ലോണിന്റെ കുടിശിഖ ഇപ്പോള്‍ കൊടുക്കണമെന്ന് പറയുവാ. കാശ് കൈയിലില്ലെന്ന് പറഞ്ഞിട്ട് സമ്മതിക്കുന്നില്ല. ഇവളുടെ കഴുത്തില്‍ കിടക്കുന്ന താലിമാല ഊരിക്കൊടുക്കണം പോലും. ഇതെന്തു കൂത്താ'
അപ്പോഴേക്കും മറ്റയല്‍വാസികളും എത്തി.
SBI യില്‍ നിന്നാണെന്ന് പറഞ്ഞെത്തിയവരോട് ഞാന്‍ വിവരം തിരക്കി.
'ഞങ്ങള്‍ റിലയന്‍സിന്റെ ജോലിക്കാരാ. പത്രം ഒന്നും വായിച്ചില്ലേ. ഞങ്ങളാ ഇനിമുതല്‍ SBI യുടെ സേവന ദാതാക്കള്‍. കൃത്യമായി ലോണടച്ചില്ലെങ്കില്‍ താലിമാലയല്ല വേണ്ടി വന്നാല്‍ കുട്ടിയെത്തന്നെ പൊക്കിയെന്ന് വരും'
'ഹോ...ഹോ... അപ്പോള്‍ നിങ്ങള്‍ ക്വൊട്ടേഷന്‍കാരാ അല്ലേ. അപ്പുറത്ത് SBIയിലെ ഒരു ജീവനക്കാരനുണ്ട് ചോദിച്ചാലറിയാമല്ലോ'
'കാര്യമില്ല ലോക്കല്‍ ബ്രാഞ്ചിന് ഒന്നുമറിയില്ല. എല്ലാം മുകളീന്നാ'
ഗുണ്ടാ സംഘം പറഞ്ഞു.
എന്നാല്‍ ഒരു കാര്യം പറഞ്ഞേക്കാം, SBI യില്‍ നിന്ന് ലോണെടുത്തിട്ടുണ്ടെങ്കില്‍ അതടപ്പിയ്ക്കാന്‍ നിന്റെയൊന്നും ഗുണ്ടായിസം കൊണ്ട് നടക്കില്ല. SBI ഒരുത്തന്റെയും തന്തയുടെ വകയുമല്ല. ഒരു പൊതുമേഖലാ സ്ഥാപനമാ.അതു കണ്ട അണ്ടനും അടകോടനും തൂക്കി വില്ക്കാന്‍ തലപ്പത്തിരിക്കുന്ന കൊഞ്ഞാണ്ടന്‍ മാത്രം വിചാരിച്ചാല്‍ പോരാ.

'ഇനിയിക്കാര്യവും പറഞ്ഞ് ഈ വഴിക്ക് വന്നാല്‍ എന്തു ചെയ്യണമെന്ന് ഞങ്ങളുടെ റസിഡന്റ്‌സ് അസ്സോസിയേഷനറിയാം'ഞാനിത് പറഞ്ഞു തീരുന്നതിന് മുമ്പ് ഒരുത്തന്‍ എന്നെ കോളറുകൂട്ടി പിടിച്ചുയര്‍ത്തി നിര്‍ത്തിയിട്ട് പറഞ്ഞു.
'കഴുവേര്‍ടമോനെ നീന്റെ പീറ അസ്സോസിയേഷനല്ല ഇവിടുത്തെ കൊടികെട്ടിയ പ്രസ്ഥാനങ്ങള്‍ നോക്കിയാല്‍ ഞങ്ങളെ ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ല. മര്യാദയ്ക്കിരുന്നാല്‍ തടികേടാകാതിരിക്കും. മനസ്സിലായോടാ ------മോനെ' ഇതു പറഞ്ഞ് അവന്‍ എന്നെ താഴേയ്ക്കിട്ടു.ആ വീഴ്ചയില്‍ എന്റെ തല എവിടെയോ ശക്തമായി ഇടിച്ചു. ബോധം മറയുന്ന പോലെ തോന്നി.
അവര്‍ വണ്ടിയില്‍ കയറി പോകുന്നത് പാതി മയക്കത്തില്‍ ഞാനറിഞ്ഞു
വാല്‍ക്കഷണം
SBIയുടെ സേവന ദാതാവായി റിലയന്‍സ് കമ്പനിയെ നിയമിച്ചുകൊണ്ട് രഹസ്യ എഗ്രിമെന്റ്- പത്രവാര്‍ത്ത


Friday 25 April 2014

പ്രായോഗിക ബുദ്ധി

                



ഏതാണ്ട് 30 വര്‍ഷം മുമ്പ്.
ഞങ്ങളുടെ അടുത്ത ടൗണിലുള്ള ഒരു ചെറിയ ട്യൂട്ടോറിയല്‍.
അന്നൊക്കെ ട്യൂട്ടോറിയല്‍ കോളേജ് ഒരു വലിയ സംഭവം തെന്നയാണ്.
നാട്ടിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരൊക്കെ ആദ്യം പണിക്കു കേറുന്നിടം.
റഗുലര്‍ കോളേജുകള്‍ പോലെയോ അതിലധികമോ അച്ചടക്കത്തില്‍ നടത്തപ്പെടുന്നവയും ഒരച്ചടക്കവും ഇല്ലാത്തവയും ഒക്കെ അക്കൂട്ടത്തിലുണ്ട്.
രക്ഷാകര്‍ത്താവിനേയും കൂട്ടിയെത്തുന്നവര്‍ക്കു മാത്രം അഡ്മിഷന്‍ കൊടുത്തിരുന്ന നിലവാരമുള്ള സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ കിട്ടാത്തവര്‍ എവിടെയെങ്കിലുമൊക്കെ കയറിക്കൂടും.
അത്തരമൊരു സ്ഥാപനത്തില്‍ 10-ാം ക്‌ളാസ് തോറ്റ കുട്ടികളെ കണക്ക് പഠിപ്പിക്കാനാണ് ടോണി എത്തിയത്. ക്‌ളാസ്സില്‍ എട്ടോ ഒന്‍പതോ ആണ്‍കുട്ടികള്‍ മാത്രം.
രണ്ടു ദിവസം ക്‌ളാസ്സെടുത്തതോടെ അദ്ധ്യാപകന് കുട്ടികളുടെ ''നീഡ്''മനസ്സിലായി 
(അന്നൊന്നും ഇന്നത്തെ പോലെ നീഡ് അസ്സെസ്‌മെന്റ് ഇല്ല)
അവര്‍ക്ക് തോന്നുമ്പോള്‍ വരണം തോന്നുമ്പോള്‍ പോകണം. പോകുന്നത് അങ്ങ് ദൂരേയ്‌ക്കൊന്നുമല്ല.
അടുത്ത പട്ടക്കടയില്‍(ന്യൂജനറേഷന് അത്ര പരിചയമുണ്ടാവില്ല) കേറി ഒന്ന് വിടണം, ഒരു സിഗരറ്റ് വലിക്കണം അത്രതന്നെ.
ടോണി സാറും ചെറുപ്പം. കുറേയൊക്കെ സ്വാതന്ത്ര്യം കുട്ടികള്‍ക്ക് കൊടുക്കണമെന്ന അഭിപ്രായക്കാരന്‍. പക്ഷേ തോളില്‍ കയറിയാല്‍ പോരാ അവിടിരുന്ന്ചെവികൂടി കരളുമെന്നായപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ടോണി സാര്‍ നിര്‍ബന്ധിതനായി.
അടുത്ത ദിവസം ബോര്‍ഡില്‍ ഒരു പ്രോബ്‌ളം ചെയ്തു കാണിച്ചുകൊണ്ടിരുന്ന ടോണി സാറിന്റെ പുറത്തു വന്ന് എന്തോ കനത്തില്‍ തട്ടി താഴെ വീണു. തിരിഞ്ഞ് നോക്കിയ അദ്ദേഹം ഞെട്ടിപ്പോയി. ഒരുത്തന്‍ ചെരിപ്പൂരി എറിഞ്ഞതാണ്.
ഇതങ്ങിനെ വിട്ടു കൊടുത്താല്‍ പറ്റില്ല. ക്‌ളാസ് നിര്‍ത്തി അദ്ദേഹം പ്രിന്‍സിപ്പാളിനടുത്തെത്തി പരാതി ബോധിപ്പിച്ചു.
കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രിന്‍സിപ്പാള്‍ ചെരുപ്പെറിഞ്ഞ കുട്ടിയെ വിളിച്ചു വരുത്തി ധാരാളം ചീത്ത വിളിച്ചു. കുട്ടി വെറും കൂളായി നില്ക്കുന്നത് കണ്ട്, ഇനിയവനെ ഒരു കാരണവശാലും ക്‌ളാസ്സിലിരുത്തുന്നതല്ലെന്ന് പ്രഖ്യാപിച്ചു.
ടോണി സാറിനും ആശ്വാസമായി.
പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങിയ കുട്ടി തിരിഞ്ഞ് പോക്കറ്റില്‍ കയ്യിട്ട' പ്രിന്‍സിപ്പാളിനോട് പറഞ്ഞു. 
''ഫീസ് കുടിശിഖ കൊണ്ടുവന്നിട്ടുണ്ടായിരുന്നു.''
''…..ങേ…… ഫീസോ… നീയൊന്ന് നിന്നേ''
''വേണ്ട സാറെ ഞാന്‍ പൊയ്‌ക്കോളാം''
പ്രിന്‍സിപ്പാള്‍ പ്രായോഗികമായി ചിന്തിച്ചു. ടോണി സാറിന് നേരെ തിരിഞ്ഞ് പറഞ്ഞു. ''പിള്ളേരല്ലേ പിണ്ണാക്കല്ലേ കണ്ടാലിത്തിരി തിന്നാതിരിക്കുമോ എന്നല്ലേ സാറെ പഴഞ്ചൊല്ല്. നമുക്കൊന്ന് ക്ഷമിച്ചാലോ….ഇവന്‍ നന്നായിക്കോളും സാറെ''
ടോണിസാര്‍ ദേഷ്യത്തോടെ ബാഗ് എടുത്ത് പുറത്തേയ്ക്കും കുട്ടി ഫീസടച്ച് അകത്തേയ്ക്കും പോയി
വാല്‍ക്കഷണം
നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സിനെപ്പറ്റിയുള്ള തര്‍ക്കത്തില്‍ പ്രായോഗികതയ്ക്ക് ഭൂരിപക്ഷം എന്ന് പത്രവാര്‍ത്ത.


Sunday 6 April 2014

ഇടയലേഖനം.

ഏപ്രില്‍ 7 ലെ മാതൃഭൂമി പത്രത്തില്‍
 7-ാം പേജിലെ വാര്‍ത്ത "തിരിച്ചെടുത്തെങ്കിലും പ്രൊഫ.ടി.ജെ ജോസഫ്‌ കുറ്റവിമുക്തനല്ലെന്ന്‌ സഭ" 
അതുശരി . 
അപ്പോള്‍ നാട്ടുകാരുടെ തെറിപേടിച്ച്‌ തിരിച്ചെടുത്തതാണോ ? 
 ഹേ...ഒരിക്കലുമല്ല...
പിന്നെന്തു പറ്റി ?
പണ്ട്‌ സ്‌നാപക യോഹന്നാന്റെ തല വെള്ളിത്താലത്തില്‍ രാജസന്നിധിയില്‍ എത്തിയപ്പോള്‍
ഹേറോദോസിനുണ്ടായ ഞെട്ടല്‍ പോലെ
സലോമിയുടെ ശരീരം വെള്ളയില്‍ പൊതിഞ്ഞു കണ്ടപ്പോള്‍ 

കോതമംഗലം മെത്രാനുണ്ടായ ഞെട്ടല്‍ വിട്ടുമാറിയോ...
എന്തായാലും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി
അന്നേ ദിവസം അതേ പത്രത്തിന്റെ 11-ാം പേജില്‍ 

" സഭാവിശ്വാസികള്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം" എന്ന്‌ പറഞ്ഞിരിക്കുന്നത്‌ 
കോതമംഗലം രൂപതയുടെ മെത്രാനെ ഉദ്ദേശിച്ചു തന്നെയാണ്‌.
'അരീം തിന്ന്‌ ആശാരിച്ചിയേം കടിച്ച പട്ടിക്ക്‌ പിന്നേം മുറുമുറുപ്പ്‌' 

എന്ന്‌ പറഞ്ഞപോലെയാണ്‌ കോതമംഗലം രൂപതയുടെ ഇടയലേഖനം.
സത്യത്തില്‍ ഇവന്മാരെ വിളിക്കേണ്ട പദമാണ്‌ 

കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പ്രേമചന്ദ്രനെ വിളിച്ച്‌ പാഴാക്കിയത്‌. 

Saturday 22 March 2014

ആരോട്‌ കുമ്പസാരിക്കും


കുമ്പസാര കൂട്ടിലിരിക്കുന്നത്‌ 

ദൈവത്തിന്റെ പ്രതിനിധിയാണ്‌ പോലും പ്രതിനിധി.
കൂട്ടത്തില്‍ ജോലി ചെയ്യുന്നവന്റെ കുതികാലുവെട്ടി 

സീനിയോരിറ്റി തട്ടിയെടുക്കാന്‍ അവനെ മതഭ്രാന്തന്മാര്‍ക്ക്‌ ഒറ്റുകൊടുക്കുന്ന 
യൂദാസുമാരും ദൈവത്തിന്റെ പ്രതിനിധിയായി ആ കൂട്ടിലുണ്ട്‌.
അധോലോക സംഘങ്ങള്‍ പോലും തങ്ങളുടെ കൂട്ടത്തിലുള്ളവനെ 

സംരക്ഷിച്ചു നിര്‍ത്തുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരാണ്‌.
എന്നാലിവിടെയോ 

മുമ്പേ തയ്യാറാക്കിയ തിരക്കഥയിലെന്നപോലെ
ആ കുഞ്ഞാടിനെയവര്‍ വലിച്ചു ദൂരെയെറിഞ്ഞു, തള്ളിപ്പറഞ്ഞു.
സാധാരണ വിശ്വാസികള്‍ 

ഇതൊന്ന്‌ പ്രത്യേകം നോട്ട്‌ ചെയ്യുന്നത്‌ നന്നായിരിക്കും.
ഒരാവശ്യം വന്നാല്‍ മൂന്നല്ല മുപ്പത്‌ പ്രാവശ്യം അവര്‍ നിങ്ങളെ തള്ളിപ്പറയും. 
അവരേയും ആ കൂട്ടില്‍ കാണാം.
ഞാനിത്രയും എഴുതിയത്‌ 

ഇന്നലെ ഇടവക ധ്യാനവും കഴിഞ്ഞ്‌ രാത്രി 9 ന്‌ വീട്ടിലെത്തിയ ഭാര്യ 
നാളെ കുമ്പസാരമാണെന്നും,കുടുംബാംഗങ്ങളെയെല്ലാം കൊണ്ടുചെല്ലണമെന്ന്‌
അച്ചന്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞുകേട്ടപ്പോഴാണ്‌.
എതിര്‍ത്ത്‌ ഞാനൊന്നും പറഞ്ഞില്ല.
ഈയിടെയായി പറച്ചിലൊക്കെ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.
എന്തിന്‌ പറയണം ...... പറഞ്ഞിട്ടെന്തു പ്രയോജനം
തിന്മയുടെ ശക്തികള്‍ താണ്ഡവമാടുമ്പോള്‍
അന്ധകാര ശക്തികള്‍ അധികാര സ്ഥാനത്തമരുമ്പോള്‍
അശരണര്‍ക്കും ആലംബഹീനര്‍ക്കും
അത്താണിയാവേണ്ട ആത്മീയാചാര്യന്മാര്‍
ഉടുതുണി ഉരിയപ്പെടുന്ന പാഞ്ചാലിയെ
നിസംഗതയോടെ നോക്കിയിരുന്ന കൗരവസഭയിലെ
ആചാര്യന്മാരെപ്പോലെ നിര്‍ഗുണന്മാരാകുമ്പോള്‍
വെറുമൊരു കൃമിയായ ഞാനെന്തിന്‌
ഒരു തുത്തുകുണുക്കി പക്ഷിയാവണം
അതുകൊണ്ടാണ്‌ വാരിയാനിക്കാട്‌ പള്ളി പ്രശ്‌നത്തെപ്പറ്റി
ഒന്നും പോസ്‌റ്റ്‌ ചെയ്യാതിരുന്നത്.
അവിടെ നടന്ന സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞാല്‍
തന്റേടമുള്ളവനാണെങ്കില്‍ തലപ്പത്തുള്ളവന്റെ തന്തയ്‌ക്ക്‌ വിളിക്കും.
അടച്ചിട്ട പള്ളി തുറന്നത്‌ 

ഇടവക ജനങ്ങള്‍ മെത്രാനോട്‌ ക്ഷമ പറഞ്ഞപ്പോഴാണ്‌.
ഇവരും 

കൂട്ടില്‍ കേറുമ്പോള്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണു പോലും.
പ്രൊഫസര്‍ ജോസഫ്‌ സാറിന്റെ ഭാര്യ 

ആത്മഹത്യ ചെയ്യുകയും തുടര്‍ന്ന്‌ ജോസഫ്‌സാര്‍, 
അദ്ദേഹത്തിന്റെ സഹോദരി എന്നിവര്‍ 
സഭയുടെ കരുണ യാചിക്കുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ 
ഇന്ന്‌ പത്രത്തില്‍ അദ്ദേഹത്തെ മാനുഷിക പരിഗണനയുടെ പോരില്‍ 
പുനര്‍ നിയമിക്കാന്‍ കോതമംഗലം രൂപത തീരുമാനിച്ചിരിക്കുന്നുവെന്ന വാര്‍ത്ത കാണാന്‍ കഴിഞ്ഞു.
ഞാനൊന്ന്‌ പ്രതികരിച്ചോട്ടെ ?
.....ഫൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ...........






Saturday 25 January 2014

കൗടില്യ കുടില തന്ത്രങ്ങള്‍

ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ ശ്രീ.കെജരിവാള്‍ 
ഡല്‍ഹിയുടെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ 
ജനങ്ങളെ സംഘടിപ്പിച്ച്‌ നടത്തിയ സമരം അങ്ങേയറ്റം അപലപനീയവും 
നിരുത്തരവാദപരവും ആയിപ്പോയി എന്ന്‌ കോണ്‍ഗ്രസ്‌, ബി.ജെ.പി നേതാക്കളും, 
അദ്ദേഹത്തിന്റെ നടപടി മാതൃകാപരവും വിപ്‌ളവകരവും ആണെന്ന്‌ ന്യൂജനറേഷനും അഭിപ്രായപ്പെട്ടിരിക്കുകയാണ്‌.
ഇവിടെ ഒരു കഥ പങ്കുവെയ്‌ക്കാന്‍ ആഗ്രഹമുണ്ട്‌.
ഒരിക്കല്‍ ഒരു ഉറുമ്പിന്‍ കൂട്ടത്തെ ചവിട്ടി മെതിച്ചു കടന്നുപോയ മനുഷ്യനോടുള്ള 

ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തിക്കൊണ്ട്‌  
അവരുടെ നേതാവ്‌ അയാളുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ പുറപ്പെട്ടു.
നേരം ഏറെയായിട്ടും നേതാവ്‌ തിരികെ എത്താതിരുന്നപ്പോള്‍ അടുത്ത നേതാവ്‌ പുറപ്പെട്ടു. 
പിന്നെ അടുത്തയാള്‍. പോകുന്നവരാരും മടങ്ങിയെത്തുന്നില്ല. 
ഇതെന്തു പറ്റി എന്നറിയാന്‍ ഒരനുയായി 
പമ്മി പമ്മി ആ മനുഷ്യന്റെ അടുത്തെത്തിയപ്പോള്‍ കണ്ട കാഴ്‌ച അമ്പരപ്പിക്കുന്നതായിരുന്നു. 
മുമ്പേ പോയ നേതാക്കള്‍ക്കാര്‍ക്കും അയാളുടെ കണ്ണിനരുകില്‍ എത്താനായില്ല. 
കാരണം അയാള്‍ മധുര പലഹാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കോണ്‍ഗ്രസ്‌ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ 
 എത്രയെത്ര മധുരോദാത്തമായ ഉന്മത്തദായകമായ സമ്മാനങ്ങളാണ്‌ 
ആംആദ്‌മി പ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കി വെച്ചിരിക്കുന്നത്‌.
അരാജക വാദികളെന്ന്‌ ആക്ഷേപിക്കപ്പെട്ട്‌ ധര്‍ണ്ണയും സത്യാഗ്രഹവുമായി നടന്നിരുന്ന AAP പാര്‍ട്ടിക്ക്‌ 

 ഡല്‍ഹിയില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്‌ എന്തുകൊണ്ടാണ്‌ ?
ഇന്ന്‌ ഭാരതത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതുകൊണ്ട്‌. 
 അത്‌ ജനങ്ങളെ സ്വാധീനിച്ചതുകൊണ്ട്‌.
കോണ്‍ഗ്രസ്‌ പിന്തുണച്ചതെന്തുകൊണ്ടാണ്‌?
വീണ്ടുമൊരു തെരഞ്ഞെടുപ്പു വ്‌ന്നാല്‍ AAP മൂന്നില്‍ രണ്ട്‌. 

ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന ശങ്കകൊണ്ട്‌.
അതുമാത്രമല്ല
ഇന്ത്യയിലെ വിപ്‌ളവ പാര്‍ട്ടി നേതാക്കളെപ്പോലും വീഴിച്ചെടുത്ത 

കൗടില്യ കുടില തന്ത്രങ്ങള്‍ ഇവരുടെ നേര്‍ക്കും പ്രയോഗിക്കാമെന്ന വിശ്വാസം കൊണ്ട്‌.
എന്തായാലും നമുക്കറിയാത്ത ചില നഗ്ന സത്യങ്ങള്‍ മറനീക്കി പുറത്തു വരാന്‍ ഈ സമരം ഹേതുവായി.
1 ഡല്‍ഹി മുഖ്യന്‍ കേന്ദ്രത്തിന്റെ പാവയാണ്‌
2 കേന്ദ്ര 
മന്ത്രിമാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക്‌(വ്യഭിചാര ശാലകള്‍ പോലും) 
  കാവല്‍ നില്‌ക്കുക എന്നതാണ്‌ സംസ്ഥാന ഭരണകൂടത്തിന്റെ ജോലി.
3 ഇന്ത്യയിലെ രാഷ്ട്രീയ അധോലോക ബന്ധത്തിന്റെ തീവ്രത.
   

   ഇന്ത്യന്‍ പ്രസിഡന്റ്‌ റിപ്പബ്‌ളിക്‌ ദിന സന്ദേശത്തില്‍ ആപ്‌ പാര്‍ട്ടിയെ 
   പരോക്ഷമായി വിമര്‍ശിക്കാന്‍ തുനിഞ്ഞപ്പോഴും 
   രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക്‌ തീറെഴുതിയ, 
   ബഹുരാഷ്ട്ര കുത്തകകള്‍ക്ക്‌ അടിയറവെച്ച കേന്ദ്ര ഗവര്‍മെന്റ്‌ നയങ്ങള്‍ക്കെതിരേ 
   പ്രതികരിക്കാന്‍ എന്തേ തയ്യാറായില്ല.




Monday 20 January 2014

വെടക്കാക്കി തനിക്കാക്കുന്നവര്‍



മലയാളത്തിലെ പ്രസിദ്ധമായ ഈ പ്രയോഗത്തിന്റെ 

ആനുകാലിക പ്രയോക്താക്കള്‍ ആരാണെന്ന്‌ ചോദിച്ചാല്‍ 
 നിങ്ങള്‍ എന്തു മറുപടി പറഞ്ഞാലും എനിക്കൊരു മറുപടിയുണ്ട്‌.
അത്‌ ആം ആദ്‌മി പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്ന ആ പുംഗവന്‍ തന്നെ.
അയാള്‍ക്ക്‌ പിന്നില്‍ കളിക്കുന്നവര്‍ ആരൊക്കെയാണെന്നും 

അവരുടെ ലക്ഷ്യമെന്താണെന്നും സാമാന്യ ബോധമുള്ളവര്‍ക്ക്‌ മനസ്സിലാകും.
ഈ സംഭവം ചൂണ്ടിക്കാട്ടി ചിലരൊക്കെ പ്രവചനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. 

AAP തകരാന്‍ തുടങ്ങിക്കഴിഞ്ഞു, സമരം പോലെ എളുപ്പമല്ല ഭരണം, 
കെജരിവാളും ചെറുപ്പത്തില്‍ കിടക്കയില്‍ മൂത്രമൊഴിച്ചിട്ടുണ്ട്‌ അപ്പോള്‍ ഇവര്‍ തമ്മിലെന്തു വ്യത്യാസം. 
 ഇങ്ങനെ പോകുന്നു വ്യാഖ്യാനങ്ങള്‍.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ അല്‌പ്പം പഴയ തലമുറയ്‌ക്കറിയാവുന്ന, 

ഭാവനാ സമ്പന്നനായ ഏതോ ഒരാള്‍ പാടിയ കവിതാ ശകലം ഓര്‍്‌ത്തുപോകുന്നു.
"ഇതു കണ്ടിട്ടാടണ്ട കണ്ണന്‍ ചേമ്പേ........."
കേരളത്തിലെ ഗ്രാമങ്ങളില്‍ പാര്‍ട്ടിയിലേക്ക്‌ ചേര്‍ന്നുകൊണ്ടിരിക്കുന്നവര്‍ 

കാലാകാലങ്ങളായി അസംതൃപ്‌തി മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ തന്നെയാണ്‌. 
നിലവിലുള്ള കക്ഷിരാഷ്ട്രീയ ഗുണ്ടാ മാഫിയാ സംവിധാനത്തോട്‌ ഒളിഞ്ഞും തെളിഞ്ഞും 
പ്രതിക്ഷേധിച്ചിട്ടുള്ളവരും ഈ കൂട്ടത്തിലുണ്ട്‌.
"പട്ടിണിയായ മനുഷ്യാ നീ
പുസ്‌തകം കൈയിലെടുത്തോളു
പുത്തനൊരായുധമാണു നിനക്കത്‌
പുസ്‌തകം കൈയിലെടുത്തോളൂ"
അറിവാണ്‌ ശക്തി. കഴുതയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പൊതുജനത്തിന്റെ ശേഷിയെന്തെന്ന്‌ 

അവനു തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധം അവനുണ്ടാകണം.
AAP യുടെ നേതാക്കള്‍ ഈയൊരവബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ 

ഇവിടെയും ഡല്‍ഹി ആവര്‍ത്തിക്കുന്ന കാലം ഏറെ ദൂരെയല്ല.
ഞങ്ങളുടെ സുഹൃത്ത്‌ കൃഷ്‌ണന്‍കുട്ടി സാറിന്റെ അനുഭവം ഒന്നു കേള്‍ക്കൂ.
തിടനാട്‌ സ്ഥിതിചെയ്യുന്ന കൊണ്ടൂര്‍ വില്ലേജാഫീസില്‍ 

കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്‌ അപേക്ഷ നല്‍കി മടങ്ങി . ഒരു കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്‌ അനുവദിച്ചിട്ടുള്ള നിശ്ചിത ദിവസങ്ങള്‍ക്ക്‌ ശേഷം ഓഫീസിലെത്തിയപ്പോള്‍ ഉച്ചവരെ വെയ്‌റ്റ്‌ ചെയ്യാന്‍ വില്ലേജാഫീസര്‍ പറഞ്ഞു.
ഉച്ചയായപ്പോള്‍ വില്ലേജാഫീസറെ അന്വേക്ഷിച്ച സാറിനോട്‌ സ്‌റ്റാഫ്‌ പറഞ്ഞത്‌ അദ്ദേഹം മറ്റേതോ സൈറ്റ്‌ നോക്കാന്‍ പോയിരിക്കുകയാണ്‌ ഇന്നത്തേക്ക്‌ ഇനി പ്രതീക്ഷിക്കേണ്ട എന്നാണ്‌.
ഇത്‌ കേട്ട കൃഷ്‌ണന്‍കുട്ടിസാര്‍ ഓഫീസിലുണ്ടായിരുന്ന ബഞ്ചില്‍ ഇരുന്നു. 

5 മണിയായി. ജീവനക്കാര്‍ ഓഫീസ്‌ അടക്കാനുള്ള ഒരുക്കമെന്ന നിലയില്‍ സാറിനോട്‌ പുറത്തിറങ്ങി നില്‌ക്കാന്‍ ആവശ്യപ്പെട്ടു. 
വില്ലേജാഫീസര്‍ വന്ന്‌ തന്റെ സര്‍ട്ടിഫിക്കറ്റ്‌ തരാതെ പുറത്തിറങ്ങുന്ന പ്രസ്‌നമില്ലെന്ന്‌ പറഞ്ഞ സാറിനെ 
വിരട്ടി നോക്കാന്‍ അവരൊന്ന്‌ ശ്രമിച്ചുനോക്കി. 
പോലീസിനെയോ വേണമെങ്കില്‍ തഹസ്സീല്‍ദാരെയോ വിളിച്ചുകൊള്ളാന്‍ സാര്‍ പറഞ്ഞപ്പോള്‍ വിരട്ട്‌ ചെലവാകില്ലെന്ന്‌ മനസ്സിലാക്കിയ ജീവനക്കാരന്‍ ധൃതിയില്‍ ആരെയോ ഫോണ്‍ ചെയ്‌തു.
മിനിറ്റുകള്‍ക്കകം വില്ലേജാഫീസര്‍ സ്ഥലത്തെത്തി സാറിന്‌ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തു.
ഇതാണ്‌ നിശബ്ദ വിപ്‌ളവം.
ഇതിന്‌ അറിവെന്ന ആയുധമാണ്‌ വേണ്ടത്‌.
നമ്മള്‍ യജമാനരാണെന്ന ബോധ്യമാണുണ്ടാവേണ്ടത്‌.























Friday 10 January 2014

ഇതൊരൊറ്റപ്പെട്ട സംഭവമല്ല.

ഒരു ബുധനാഴ്‌ച അയാള്‍ വടിപ്പോളീഷ്‌ മുക്കി അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടുമിട്ട്‌ തന്റെ പുതിയ സ്വിഫ്‌റ്റ്‌ ഡിസയറില്‍ മനം കുളിര്‍പ്പിക്കുന്ന സംഗീതത്തില്‍ ലയിച്ച്‌ സാമാന്യം നല്ല വേഗതയില്‍ ഹൈവേയിലൂടെ പായുകയാണ്‌. കുറച്ചകലെ കുറെപ്പേര്‍ ഓടിക്കൂടുന്നത്‌ അയാള്‍ ശ്രദ്ധിച്ചു. അടുത്തെത്തിയപ്പോള്‍ ഒരു വാഹനാപകടം നടന്നിരിക്കുന്നു എന്നയാള്‍ക്ക്‌ മനസ്സിലായി. 
 ഒരു കല്ലാണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട അയാളുടെ പ്രായോഗിക ബുദ്ധി ഉടനുണരുകയും ആക്‌സിലേറ്ററില്‍ കാലമര്‍ത്തുകയും ചെയ്‌തു.
ബൈക്കില്‍ നിന്നും തെറിച്ചുവീണ മൂന്നു കുട്ടികള്‍. രക്തത്തില്‍ കുളിച്ചിരുന്ന അവരുടെ മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു. 

രണ്ടുപേര്‍ നിശ്ചലരാണ്‌. ഒരാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു വീണ്ടും വീഴുന്നു. ഓടിക്കൂടിയവര്‍ സ്‌തബ്‌ദരായി നില്‌ക്കുകയാണ്‌.
പരിസരബോധം വീണ്ടെടുത്ത ഒരാള്‍ ആ വഴി വന്ന പല വാഹനങ്ങള്‍ക്കും കൈകാണിച്ചു.
പക്ഷേ എല്ലാവരും പ്രായോഗിക ബുദ്ധിയുടെ ഉടമകള്‍. മറ്റൊരാള്‍ ഓടി ടാക്‌സി സ്റ്റാന്‍ഡിലെത്തി. 

കഷ്‌ഠം ഒരു വണ്ടിയില്‍ പോലും ഡ്രൈവറില്ല.
അപ്പോഴാണ്‌ തങ്കച്ചന്‍ വണ്ടിയുമായി എത്തുന്നത്‌. 

വിവരം അറിഞ്ഞയുടന്‍ വണ്ടി സംഭവസ്ഥലത്തെത്തി.
വണ്ടി വന്നു നിന്നപ്പോള്‍ അതുവരെ അടുത്തു നിന്നിരുന്ന പലരും പുറകോട്ട്‌ മാറി. 

 ചോരയില്‍ കുളുച്ചു കിടക്കുന്ന ഈ അപരിചിതരെ എടുത്ത്‌ വണ്ടിയില്‍ കയറ്റാന്‍ സഹായിച്ച്‌ എന്തിന്‌ രക്തക്കറ വസ്‌ത്രത്തില്‍ പറ്റിക്കണം.
എങ്ങനെയും വണ്ടിയില്‍ മൂന്നുപേരെയും കയറ്റി. 

തങ്കച്ചനു കൂട്ടായി ആരെങ്കിലും വണ്ടിയില്‍ കേറാന്‍ ഇല്ലാതിരുന്നപ്പോള്‍ അതാ സണ്ണി എത്തി. 
അതുകണ്ട്‌ അപരിചിതനായ ഒരാളും കയറി വണ്ടി മെഡിക്കല്‍ കോളേജിലേക്ക്‌ പാഞ്ഞു.
അയാള്‍ കല്ല്യാണമക്കെ കഴിഞ്ഞ്‌ കൂട്ടുകാരോടും ബന്ധുക്കളോടും കുശലങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണ്‌ ഒരു ഫോണ്‍ വന്നത്‌. 

തിരക്കില്‍ നിന്നും അല്‌പ്പം മാറിനിന്ന്‌ അയാള്‍ കോള്‍ അറ്റന്‍ഡ്‌ ചെയ്‌തു. 
മകന്‍ ബൈക്കപകടത്തില്‍ പെട്ട്‌ മെഡിക്കല്‍ കോളേജിലാണ്‌ .ഇപ്പോഴാണ്‌ ആളെ ഐഡന്റിഫൈ ചെയ്യാനായത്‌. അയാളുടെ കണ്ണില്‍ ഇരുട്ടു കയറി.
മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ്‌ മകന്റെ മരണവാര്‍ത്ത അയാളറിഞ്ഞത്‌ . 

കുറച്ചുകൂടി നേരത്തെ എത്തിച്ചിരുന്നെങ്കില്‍ രക്ഷപെട്ടേനെ എന്ന്‌ ഡോക്‌ടര്‍ പറഞ്ഞപ്പോഴാണ്‌ താന്‍ രാവിലെ വണ്ടി നിര്‍ത്താതെ പോന്നതിന്റെ ഫലം അയാളോര്‍ത്തത്‌??

സ്‌നേഹിതരേ
ഇതൊരൊറ്റപ്പെട്ട സംഭവമല്ല.
വണ്ടി നിര്‍ത്താത്തവരും ഒഴിഞ്ഞു മാറുന്നവരും മുങ്ങുന്ന ടാക്‌സിക്കാരും ഒക്കെ ഓര്‍ക്കുക അപകടത്തില്‍ പെട്ടിരിക്കുന്നത്‌ നിങ്ങളുടെ വേണ്ടപ്പെട്ടവരാകാം.
അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ പേരില്‍ നിങ്ങള്‍ ഒരു നിയമക്കുരുക്കിലും പെടില്ല. വണ്ടിയുടെ ഇന്റേണല്‍ ക്‌ളീനിങ്ങിന്‌ ഏറ്റവും കൂടിയാല്‍ 2000 രൂപയില്‍ താഴെയേ ചെലവു വരൂ. അപ്പോള്‍ നാം രക്ഷിക്കുന്നത്‌ ഒരു ജീവനാണെന്നോര്‍ക്കുക.
സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കുന്നതിലും വലിയ ത്യാഗമില്ല എന്നല്ലേ. കുറഞ്ഞപക്ഷം അതിനായി ഒരു ഷര്‍ട്ടും മുണ്ടും എങ്കിലും നമുക്കുപേക്ഷിക്കരുതോ.