Monday 2 January 2012

വിശുദ്ധ പോക്രിത്തരങ്ങള്‍



'നേര് പറഞ്ഞാല്‍ അപ്പന്‍ അമ്മയെ കൊല്ലും ഇല്ലെങ്കില്‍ അപ്പന്‍ പട്ടി ഇറച്ചിതിന്നും' എന്നു
പറഞ്ഞപോലെയാ ഇവിടുത്തെ കാര്യങ്ങള്‍
ചാക്കോച്ചന്റെ അഭിപ്രായ പ്രകടനം കേട്ട് ഒന്നും പിടികിട്ടാതെ കുട്ടിയമ്മ ചോദിച്ചു
'ഇച്ചായന്‍ ആരുടെ കാര്യമാ പറയുന്നത് എനിെക്കങ്ങും ഒന്നും മനസ്സിലായില്ല'
'ഒന്നും മനസ്സിലാകാത്തതും ഒരു ഭാഗ്യമാ'ചാക്കോച്ചന്‍ 'നിനക്കറിയാമോ നമ്മുടെ നാട്ടില്‍ ഒരു മാനസിക പിരിമുറുക്കവും ഇല്ലാത്ത വിഭാഗമേതാ?'
'എന്റെ ഇച്ചായാ രാവിലെ എഴുന്നേറ്റ് കാപ്പിയും ചോറും തയ്യാറാക്കി പിള്ളേരേം കുളിപ്പിച്ച്
അവര്‍ക്ക് രണ്ടക്ഷരോം പറഞ്ഞ് കൊടുത്ത് പൊതിയും കെട്ടി വേഷേം മാറിച്ച് സ്‌കുള്‍
ബസ് വരുമ്പോഴേക്കും റെഡിയാക്കി നിര്‍ത്താന്‍ പെടാപാടുപെടുന്നതിനിടയില്‍ ഇതൊക്കെ
ചിന്തിക്കാന്‍ എവിടെയാ സമയം.' കുട്ടിയമ്മ തന്റെ പ്രാരാബ്ദം നിരത്തി മുന്‍കൂര്‍ ജാമ്യമെടുത്തു.
''ഞാന്‍ ഒരു പണിക്കും നിന്നെ സഹായിക്കുന്നില്ലെന്നും വെറുതെ കുത്തിയിരിക്കുന്നവര്‍ക്കേ
ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ നേരമുള്ളു എന്നുമൊക്കെയല്ലേ ഈ പറഞ്ഞതിന്റെ അര്‍ത്ഥം'
ചക്കോച്ചന് പരിഭവമായി
''അതേ അങ്ങിനെ തന്നെയാ അര്‍ത്ഥം. പെണ്ണുങ്ങള്‍ ചെയ്യുന്ന പണിക്ക് വല്ല കണക്കുമുണ്ടോ?''
'വീട്ടിലെ വയ്യാവേലികളെല്ലാം എങ്ങനെയെങ്കിലും ഒതുക്കി സ്‌കുളിലേക്ക് ചെന്നാല്‍ അവിടേം
ഇല്ല സമാധാനം'. കുട്ടിയമ്മ ഇന്ന് ഒരു ഉടക്കിനുള്ള തയ്യാറിലാണെന്ന് ചാക്കോച്ചന് മനസ്സിലായി.

''അല്ല സ്‌കൂളിലെന്താ പ്രശ്‌നം ? ഞാന്‍ വിചാരിച്ചു ഏറ്റവും വലിയ പ്രശ്‌നക്കാരന്‍ ഞാനാണെന്ന് ''് ചാക്കോച്ചന്‍ അനുനയപൂര്‍വ്വം കൂടി.'ഇച്ചായനറിയാമോ സ്‌കൂളില്‍ ഒന്നാം ക്ലാസ്സിലേക്ക് പിള്ളേരേ പിടിക്കാന്‍ ഞങ്ങളൊക്കെ വീടു
കയറണമെന്ന് കഴിഞ്ഞ ദിവസം ഹെഡ്മാസ്റ്റര്‍ പറഞ്ഞു'.കുട്ടിയമ്മയുടെ പ്രശ്‌നമതാണ്.

'എടീ അതിന് നീയെന്തിന് പോകണം, ജൂണിയേഴ്‌സല്ലേ പോകേണ്ടത്,.ഡിവിഷന്‍ പോയാല്‍
അവര്‍ക്കല്ലേ പ്രശ്‌നം'. തനിക്കറിയാവുന്ന കാര്യങ്ങള്‍ വെച്ച് ചാക്കോച്ചന്‍ ചോദിച്ചു.

'ഇപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നാ കേട്ടത്. ആര്‍ക്ക് വേണേല്‍ ട്രാന്‍സ്ഫര്‍ കിട്ടാം'
കുട്ടിയമ്മ. 'അതു മാത്രമല്ല ജൂണിയര്‍ ടീച്ചറായ മിനിയുടെ കാര്യമെടുത്തേ മിനിക്ക് ഏതെങ്കിലും വീട്ടില്‍ ചെന്ന് പറയാന്‍ പറ്റുമോ കുട്ടിയെ സാധാരണ സ്‌കൂളില്‍ വിടണമെന്ന്.'

'അതെന്താ കുട്ടിയമ്മേ അങ്ങനെ. മിനി ടീച്ചറിനെന്താ കുഴപ്പം' . ചാക്കോച്ചന് സംശയം.

''ടീച്ചറിനെന്താ കുഴപ്പം ഒന്നുമില്ല.പക്ഷേ ടീച്ചറിന്റെ കുട്ടികളെ ചേനക്കല്ല് സ്‌കൂളിലാ വിടുന്നത്
അപ്പോള്‍ രക്ഷിതാക്കള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക' കുട്ടിയമ്മ വ്യക്തമാക്കി.
''എടീ ചേനക്കല്ല് സ്‌കൂളൊക്കെ എത്ര കാലമായി ഇവിടെ തുടങ്ങിയിട്ട്, നല്ല നിലവാരമുള്ള
കുട്ടികള്‍ക്കേ അവിടെ പ്രവേശനം ലഭിക്കു. അതിന്റെ പേരില്‍ ഇതുവരെ കുട്ടികളുടെ കുറവൊന്നും
നിങ്ങളുടെ സ്‌കൂളിലുണ്ടായില്ലല്ലോ''. ചാക്കോച്ചന് കുട്ടിയമ്മയുടെ വാദം ത്യപ്തിയായില്ല.

''ഇച്ചായാ അത് അംഗികാരമുള്ള സ്‌കൂളാണ് നിലവാരമുണ്ട്.പക്ഷേ ഈ അടുത്ത കാലത്തുണ്ടാക്കിയ അംഗികാരം പോലുമില്ലാത്ത ചില ഇംഗ്ലീഷ് മീഡിയത്തിലേക്ക് കുട്ടികള്‍ പോയി തുടങ്ങിപ്പോഴാണ് പ്രശ്‌നം ആരംഭിച്ചത്'' കുട്ടിയമ്മ വിശദീകരിച്ചു.

''അംഗീകാരമുള്ള നിങ്ങടെ സ്‌കൂളില്‍ വരാതെ കുട്ടികള്‍ അങ്ങോട്ടുപോകുന്നത് നിങ്ങടെ
പഠിപ്പീരിന്റെ വിശേഷം കൊണ്ടായിരിക്കും ''. ചാക്കോച്ചന്‍ കിട്ടിയ അവസരം പാഴാക്കിയില്ല.

''ഇതേ... ഒരു മാതിരി ചൊറിയുന്ന വര്‍ത്തമാനം പറയരുതേ...''കുട്ടിയമ്മക്ക് ദേഷ്യം വന്നു.
''കന്യാസ്ത്രീകള്‍ വീടുകേറി നുണയും പറഞ്ഞു പിള്ളേരേ പിടിക്കുന്നതു കൊണ്ടാ അല്ലാതെ
ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല പിള്ളേര് വരാത്തത് ''്.

അവള് പറഞ്ഞതിലും കാര്യമുണ്ടെന്ന് ചാക്കോച്ചന് തോന്നി. മനുഷ്യരിന്നും കബളിപ്പിക്കപ്പെടാന്‍
കാത്തിരിക്കുകയാണ്. ഏതെങ്കിലും പത്രത്തില്‍ ഒരു പേജ് പരസ്യം ചെയ്യാന്‍ പണമുള്ളവന്
വളരെ എളുപ്പത്തില്‍ പൊതുജനങ്ങളെ കഴുതകളാക്കാം. ഈ തട്ടിപ്പുകാരുടെ പരസ്യപ്പണത്തില്‍
കണ്ണുള്ളതിനാല്‍ ഇവര്‍ക്കെതിരെ ഒരു വാര്‍ത്ത പോലും പത്രക്കാര്‍ പ്രസിദ്ധികരിക്കുകയുമില്ല.

'കണ്ടോ...കണ്ടോ....അവനവന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നായപ്പോള്‍ കന്യാസ്ത്രീകളേയും
കുറ്റം പറയാമെന്നായല്ലേ?' തത്ക്കാലം വിട്ടു കൊടുക്കണ്ടെന്ന് ചാക്കോച്ചന് തോന്നി.

'എടീ. ഇത് തന്നെയാ ഞാനും മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. ലളിതമായി പറഞ്ഞാല്‍ വിശുദ്ധ
പോക്രിത്തരം. മാനേജുമെന്റ് സ്‌കൂളിന്റെ തൊട്ടടുത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് അംഗികാരം
കൊടുത്തത് ആരാ. അരമനയാ. അരമനയുടെ അംഗീകാരമില്ലാതെ ഒരു മഠംകാര്‍ക്കും സ്‌കൂള്‍ ആരംഭിക്കാന്‍ കഴിയില്ല.'
''ഒരു കാര്യം മറക്കരുത്. കോര്‍പ്പറേറ്റ് സ്‌കൂളുകളില്‍ എത്ര കന്യസ്ത്രീകളെ നിയമിക്കാമോ അത്രയും
നിയമിച്ചിട്ടുണ്ട്. അത് പോരാഞ്ഞാണ് അവര്‍ക്ക് സ്വന്തം പേരില്‍ സ്‌കൂളുകള്‍ അനുവദിക്കുന്നത്.''
ചാക്കോച്ചന്‍ കിട്ടിയ അവസരത്തിന് കുട്ടിയമ്മയെ ബോധവല്ക്കരിച്ചു.
ണിം........ണിം..........ണിം...
മണിയൊച്ച കേട്ട് ചാക്കോച്ചന്‍ ഉമ്മറത്തേക്ക് ചെന്നു. മുറ്റത്തു നില്‍ക്കുന്ന മാഷിനെ കണ്ട്
''ഹലോ മാഷേ കേറി വാ...... കേറിവാ........''
''ഇന്ന് ചാക്കോച്ചന്‍ ലേശം സന്തോഷത്തിലാണല്ലോ'', മാഷ്.
'അതേ മാഷേ . ഇന്ന് കത്തനാരെയല്ല കര്‍ദ്ദിനാളെ കുറ്റപ്പെടുത്തിയാലും കുട്ടിയമ്മ കോപിക്കില്ല'
ചാക്കോച്ചന്‍ ആവേശത്തോടെ പറഞ്ഞു.

''അതിനിപ്പം വിശേഷിച്ച് ഇവിടെ എന്താ സംഭവിച്ചത്''. മാഷ് ചോദിച്ചു.

ചാക്കോച്ചന്റെ വിവരണം കേട്ടിട്ട് മാഷ് , ''ചാക്കോച്ചന്റെ വിശുദ്ധ പോക്രിത്തരം
എന്ന പ്രയോഗം എന്നിക്കിഷ്ടപ്പെട്ടു. കാരണം കഴിഞ്ഞ വിശുദ്ധവാരത്തിലെ ഒരു വിശുദ്ധ പോക്രിത്തരത്തില്‍ ലജ്ജിച്ചു തല താഴ്‌ത്തേണ്ടി വന്നനവനാണ് ഞാന്‍.

'മനസ്സിലായില്ല മാഷേ' - ചാക്കോച്ചന്‍

''ചാക്കോച്ചനറിയാമല്ലോ പാലാ കത്തീഡ്രല്‍ പള്ളിയുടെ ഉടമസ്ഥതയില്‍ പാലായിലുള്ള വ്യാപാരകേന്ദ്രം സാന്തോം കോംപ്ലക്‌സ്. നാനാ ജാതി മതസ്ഥര്‍ അവിടെ വ്യാപാരം നടത്തുന്നുണ്ട്.ഭീമമായ തുക സെക്യുരിറ്റിയും ന്യായമായ വാടകയും കൊടുത്താണ് ഒരോരുത്തരും മുറികളെടുത്തിരിക്കുന്നത്.സത്യക്രിസ്ത്യാനിക്കു മാത്രമേ മുറി വാടകക്ക് നല്‍കു എന്നോ മുറിയെടുക്കുന്നവര്‍ ക്രിസ്തീയ വിശ്വാസം ക്രമേണ സ്വീകരിച്ചു കൊള്ളണമെന്നോ ഒന്നും വാടക ചീട്ടില്‍ വ്യവസ്ഥയില്ല...'' മാഷ് ഒന്ന് നിര്‍ത്തി.

ആ സമയം നോക്കി കുട്ടിയമ്മ ചോദിച്ചു ''മാഷേ ചായ എടുക്കട്ടോ''
''വേണ്ട. കുട്ടിയമ്മ ഇതൊന്ന് കേള്‍ക്ക്. എപ്പോഴും അവരുടെ സൈഡു പിടിക്കുന്നതല്ലേ? മാഷ് പറഞ്ഞു.
'എന്നിട്ട് ' ചാക്കോച്ചന് കേള്‍ക്കാന്‍ ധൃതിയായി
''കഴിഞ്ഞ ദു:ഖവെള്ളിയാഴ്ച അതായത് ഏപ്രില്‍ 2 ന് സാംന്തോം കോപ്ലക്‌സിന്റെ ഗേറ്റുകള്‍
പൂട്ടിയിട്ടു. ഓര്‍ക്കണം ബാങ്ക് ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്കു ക്ലോസ്സിം തിരക്കുളള ദിവസങ്ങളായിരുന്നു അന്ന്. സ്വസ്ഥമായിരുന്നു പണി തീര്‍ക്കാന്‍ വന്നവര്‍ക്ക് കോംപ്‌ളെക്‌സിന് പുറത്ത് നില്‌ക്കേണ്ടി വന്നു. അതിലൊരാള്‍ എന്നെ വിളിച്ചു പറഞ്ഞു. എന്റെ മാഷേ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ. ഇക്കണക്കിന് സംസ്ഥാന ഭരണമോ മറ്റോ നിങ്ങള്‍ക്ക് കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ എന്ന.് കേട്ട് തൊലിയുരിഞ്ഞുപോയി.''

''ഇതാണോ കാര്യം. മാഷേ നമ്മുടെ കര്‍ത്താവ് മരിച്ച ദിവസം അങ്ങനെ ഒരുത്തനും സ്ഥാപനം
തുറക്കേണ്ട'' കുട്ടിയമ്മയുടെ മറുപടി കേട്ട് മാഷും ചാക്കോച്ചനും സ്തംഭിച്ചു നിന്നു.

ദേഷ്യം സഹിക്കവയ്യാതെ തന്റെ കൈയ്യിലിരുന്ന തോര്‍ത്ത് ചുരുട്ടി കുട്ടിയമ്മക്കിട്ട് ഒരേറ് കൊടുത്ത്
ചാക്കോച്ചന്‍ അലറി. ''ഇല്ല നന്നാവില്ല. എത്ര കൊണ്ടാലും ഈ വര്‍ഗ്ഗം നന്നാവില്ല.'' 

No comments:

Post a Comment