Wednesday 13 July 2016

വെടക്ക് നിയമo

ഇന്ന് പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ഇതാണ്.
'കുട്ടികള്‍ മദ്യത്തിന് അടിമപ്പെടുന്നത് അമ്മമാര്‍ ശ്രദ്ധിക്കുന്നില്ല.' ഋഷിരാജ് സിംഗ്.
മറ്റൊരു വാര്‍ത്ത 'കുട്ടികളെ ശാരീരികമായോ മാനസികമായോ ശിക്ഷിക്കുന്ന അദ്ധ്യാപകര്‍ ജയില്‍ ശിക്ഷ അനുഭവിക്കും'
ഞാനിത് എഴുതുന്ന സമയത്ത് Sell me the answer എന്ന പ്രോഗ്രാമില്‍ ഒരു കുട്ടി പറയുന്നു 'മാതാപിതാക്കളുടെ വഴക്ക് പറച്ചില്‍ ഒഴിവാക്കാന്‍ സ്റ്റേറ്റ്‌സില്‍ പോകാനാഗ്രഹിക്കുന്നു'.
30 വര്‍ഷത്തിലേറെ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിയ വ്യക്തിയെന്ന നിലയില്‍ ഞാന്‍ പറയുന്നതിതാണ്. ഒറ്റയ്‌ക്കൊറ്റയ്ക്ക് നോക്കിയാല്‍ മര്യാദക്കാരായ കുട്ടികള്‍ പോലും സംഘം ചേരുമ്പോള്‍  വളരെ വ്യത്യസ്തരായ സ്വഭാവക്കാരായി മാറുന്നു. അമ്മമാര്‍ക്ക് എന്തിന് അപ്പന്മാര്‍ക്ക് പോലും ഈ വ്യത്യാസം മനസ്സിലാക്കാന്‍ കഴിയാറില്ല. ഇത് മനസ്സിലാകുന്ന അദ്ധ്യാപകര്‍ ഇവ്‌രെ വിളിച്ച് വഴക്ക് പറയാമെന്ന് വെച്ചാലോ രണ്ട് തല്ല് കൊടുക്കാമെന്ന് വെച്ചാലോ അത് പീഢനമാകും. അപ്പോള്‍ എന്താ സംഭവിക്കുക പോകുന്ന വഴി പോകട്ടേ എന്നവര്‍ കരുതും. കുട്ടികളെ തെറ്റു കണ്ടാല്‍ ശിക്ഷിക്കാന്‍ പാടില്ലെന്ന് ഏത് മണ്ടന്‍ കൊണാപ്പനാ നിയമം കൊണ്ടുവന്നത്. എവനൊക്കെ ശി്ക്ഷ വാങ്ങാതെ വളന്നവനാണോ. പടിഞ്ഞാറന്‍ സംസ്‌കാരത്തിന് പുറകേ പായുമ്പോള്‍ പലതും പിടിവിട്ട് പോകുമെന്നോര്‍ക്കുന്നത് നന്ന്.
മുമ്പ് എഴുതിയതെങ്കിലും ആ സംഭവം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല. അടുത്തുള്ള ഒരു സ്‌കൂളില്‍ രണ്ടാംക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ കുസൃതി കണ്ട് മടുത്ത് ടീച്ചര്‍ കയ്യിലൊന്ന് നുള്ളി. വീട്ടില്‍ എത്തിയ കുട്ടിയുടെ കയ്യില്‍ പാട് കണ്ട് കാരണവന്മാര്‍ പരാതിയുമായി സ്‌കൂളിലെത്തിയെന്ന് മാത്രമല്ല മുകളിലേക്ക് പരാതിയും അയച്ചു. എന്തിനേറെ ആ രക്ഷിതാക്കള്‍ ആ ടീച്ചറിനെക്കൊണ്ട് ആ കുട്ടിയോട് മാപ്പ് പറയിച്ചു.
ഇതുപോലുള്ള വെടക്ക് നിയമങ്ങള്‍ക്ക് കുടപിടിച്ചിട്ട് വിദ്യാര്‍ത്ഥികള്‍ വഴിതെറ്റുന്നു എന്ന് വിലപിച്ചിട്ടെന്തു കാര്യം.

Wednesday 18 May 2016

ഇതെന്തുപറ്റി ?

കേട്ടവര്‍ക്കൊക്കെ അത്ഭുതം .....
കുടുംബക്കൂട്ടായ്മ(വാര്‍ഡ്തലത്തില്‍ ഏതെങ്കിലും ഒരു വീട്ടില്‍ നടത്തുന്ന പ്രാര്‍ത്ഥന) പയസിന്റെ വീട്ടിലോ !
ആരൊക്കെയോ ചോദിച്ചു 'ഇതെന്തുപറ്റി'?
വേറാരൊക്കെയോ പറഞ്ഞു  'അയാളൊരിടത്തും വരാറില്ല നമുക്കും പോകേണ്ട.'
 ചിലരോടൊക്കെ ഞാന്‍ പറഞ്ഞു 'കുടുംബ സമാധാനമാണ് എന്തിലും വലുത്. അതിനുവേണ്ടത് വിട്ടുവീഴ്ചയാണ് അല്ലെങ്കില്‍ വിട്ട്‌കൊടുക്കലാണ്'
അല്ലെങ്കില്‍ത്തന്നെ ഇത്തരം നിസാരകാര്യങ്ങളിലെങ്കിലും തീരുമാനമെടുക്കാനും നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം ഭാര്യമാര്‍ക്ക് കൊടുക്കണ്ടേ?
ഇതിനിടയില്‍ മകള്‍ക്കൊരു സംശയം 'അച്ചനെ ഗൃഹനാഥന്‍                                            ്‌ചെന്ന് കൊണ്ടുവരണ്ടേ അമ്മേ? പപ്പ പോകുമോ.'
'ഉവ്വേ....മിക്കവാറും നടന്നേക്കും' ഞാന്‍ പറഞ്ഞു.
ഭൂതഗണങ്ങളാരെയെങ്കിലും പറഞ്ഞു വിടാം എന്നായിരുന്നു എന്റെ ചിന്ത.
സമയമായപ്പോള്‍ ഒരുത്തനും ഇല്ല. പോയി. കൊച്ചച്ചനെ കിട്ടി. വീട്ടിലെത്തിച്ചു.
പയ്യനാ ഈയിടെ പട്ടം കിട്ടിയതേയുള്ളു.
കുറ്റം പറയരുതല്ലോ വന്ന ഒരാളേപ്പോലും പരിചയപ്പെടാന്‍ അങ്ങേര് മിനക്കെട്ടില്ല. ആരോ പറഞ്ഞു വികാരിക്ക് പഠിക്കുവാന്ന്.
കൊന്തനമസ്‌കാരം കഴിഞ്ഞ് ക്‌ളാസ്സ് തുടങ്ങി.
വിശ്വാസപ്രമാണത്തില്‍ എത്രപ്രാവശ്യം വിശ്വസിക്കുന്നു എന്ന വാക്കുണ്ട് ? ആദ്യ ചോദ്യം.
ആര്‍ക്കറിയാം. അതെണ്ണാന്‍ നിന്നാല്‍ വിശ്വാസപ്രമാണമേ തെറ്റിപ്പോകും.
13 തവണ. ചോദ്യകര്‍ത്താവ് തന്നെ ഉത്തരവും പറഞ്ഞു.
അമ്മച്ചി സന്തോഷത്തിന്റെ രഹസ്യങ്ങള്‍ ഒന്നു കാണാതെ ചൊല്ലാമോ ? കല്യാണം കഴിയാത്ത ഒരു പെണ്‍കുട്ടിയെ നോക്കി ചോദിച്ചു.
അവള്‍ കണ്ണുമിഴിച്ചു. സങ്കടത്തിന്റെ രഹസ്യം ചോദിച്ചാല്‍ അച്ചനോട് വേണമെങ്കില്‍ പറയാമായിരുന്നു.
പെണ്ണിന്റെ വിഷമം കണ്ട് അടുത്തിരുന്ന അമ്മച്ചി ചൊല്ലി.
മാതാപിതാക്കള്‍ കുട്ടികളെ വേണ്ടവിധം വളക്കാതെ ഞങ്ങളുടെ അടുത്തേക്ക് വിട്ടാല്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല എന്നായി അച്ചന്‍.
ഹോ...എന്റെ നാക്ക് ചൊറിയുന്നു. വേണ്ട മിണ്ടാതിരുന്നേക്കാം.
മാതാവിന്റെ ഒരവസ്ഥ അല്ലേ അച്ചന്‍ തുടര്‍ന്നു. കല്യാണനിശ്ചയം കഴിഞ്ഞതേ ഗര്‍ഭണിയാണെന്നറിയുക. ഇവിടെ കെട്ടിക്കാറായ പിള്ളേരൊന്നുമില്ലേ ?ഒത്തുകല്യാണം കഴിഞ്ഞ് ഗര്‍ഭണിയാണെന്നറിഞ്ഞാല്‍ എന്തുചെയ്യും?
എന്തുചെയ്യും......അമ്മച്ചിമാര്‍ പരസ്പരം നോക്കി.
ഈ പോക്ക് ശരിയാവില്ലല്ലോ ഇടപെട്ടേ പറ്റൂ.ഞാനോര്‍ത്തു.
'ദൈവത്തിന് ഈ ഉഡായിപ്പ് പരിപാടിക്ക് പോകാതെ നേരേ ചൊവ്വേ അങ്ങ് നടത്തിയാല്‍ പോരായിരുന്നോ'.അവസാനം ചോദിക്കേണ്ടിവന്നു.
അമ്മച്ചിമാര്‍ക്കാശ്വാസമായി ഇനി അപ്പച്ചനോടായിക്കോളുമല്ലോ.
തുടരും....


Thursday 4 February 2016

പൗരത്വം


ഒ.സി.ഐ കാര്‍ഡോ പി.ഐ കാര്‍ഡോ ഇല്ലാത്ത പ്രവാസികള്‍ക്ക് സമര്‍പ്പിക്കുന്നു
പൗരത്വം

നീ ഉയിര്‍കൊണ്ട ഗര്‍ഭപാത്രത്തിനുടമ നിന്നമ്മ
നിനക്കാദ്യാക്ഷരമോതിയതോ നിന്‍ ഗുരുവരന്‍
അറിവിന്റെ അഗ്നിയെ നിന്നില്‍ ജ്വലിപ്പിച്ച നിന്‍ വിദ്യാലയം
നിനക്കായി സൗജന്യ വിദ്യാഭ്യാസമേകിയത് നിന്‍ ഭാരതം

നിന്നമ്മതന്‍ നാടിന്റെ ഓര്‍മ്മയും
നിന്‍ ഗുരുവിന്റെ നാടിന്നോര്‍മ്മയും
നിന്‍ വിദ്യാലയത്തിന്നോര്‍മ്മയും
നിന്‍ ഭാരത നാടിന്നോര്‍മ്മയും
മറക്കുവാന്‍ നിനക്കിത്രയെളുപ്പമോ സോദരാ ?
എങ്ങനെ കഴിയുന്നു നിനക്കിതു സോദരാ ?

പൗരത്വമതു നീയേതു രാജ്യത്തെടുത്താലും
മറക്കാമോ നിന്നെ നീയാക്കിയ ജന്മഭൂമിയെ.
ചേക്കേറി നീയൊരു രാജ്യത്ത് തൊഴിലിനായി
തൊലിയുടെ നിറം പക്ഷേ മാറ്റുവാനാകുമോ ?

കര്‍മ്മ ബന്ധങ്ങള്‍ മുറിച്ചു മാറ്റുംപോല്‍
ജന്മ ബന്ധങ്ങള്‍ മാറ്റുവാനെളുപ്പമോ ?
ബന്ധങ്ങളൊക്കെ പാഴെന്ന തോന്നല്‍
പ്രായത്തിന്‍ ചൂടും ചൂരും നിമിത്തം

എത്ര നീ മേലേ പറന്നുയര്‍ന്നാലും
സമ്മാനത്തിനായി നീ താഴെയിറങ്ങണ്ടേ
കാലത്തിന്‍ മഹാപ്രവാഹത്തിലെന്നും
കരയോടടുക്കുന്ന തിരപോലെ ജീവിതം

കരയോടടുക്കുന്ന തിരകളില്‍ ചിലവ
പാദങ്ങള്‍ കഴുകി സായൂജ്യമടയുന്നു
നിന്നെക്കാത്ത് തീരത്തു നില്ക്കാന്‍
പാദങ്ങള്‍ കാണട്ടെയെന്നു നീ പ്രാര്‍ത്ഥിക്കൂ
പാറയില്‍ തല്ലി ചിതറുന്ന തിര തന്‍
ഹ്ൃദയനൊമ്പരം നിനക്കന്ന്യമാവട്ടേ....


Monday 25 January 2016

രക്ഷകന്‍

കേരളത്തിലെ റബ്ബര്‍ കര്‍ഷകനെ രോമാഞ്ച കഞ്ചുകമണിയിക്കുന്ന വാര്‍ത്തകളാണ് ഏതാനും ദിവസങ്ങളായി പത്രത്താളുകളില്‍ നിറഞ്ഞു നില്ക്കുന്നത്.
വിലയിടിവുകൊണ്ട് നടുവൊടിഞ്ഞ റബ്ബര്‍ കര്‍ഷകര്‍ക്ക് ഇതാ ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു.
കോട്ടയം തിരുനക്കര മൈതാനത്ത് ഗാന്ധി പ്രതിമക്ക് കീഴെയാണ് ജനനം.
രക്ഷകനെ കാണാന്‍ വിവിധ നാടുകളില്‍ നിന്ന് രാജാക്കന്മാര്‍ അല്ല പിതാക്കന്മാര്‍ എത്തി.
സ്വര്‍ണ്ണമോ, മീറയോ, കുന്തിരിക്കമോ ഒന്നും കാഴ്ചയായി കൊണ്ടുവന്നില്ലെങ്കിലും ആ സന്ദര്‍ശനത്തില്‍ തന്നെ രക്ഷകന്‍ സംപ്രീതനായി.
ഹോറോദോസും സംഘവും കാലമനുസരിച്ച് കോലം മാറി.
എങ്ങനേയും രക്ഷകന്റെ കള്ളക്കളി പൊളിച്ചടുക്കാന്‍ അവര്‍ തീരുമാനിച്ചു.
അതിനവര്‍ ആക്ഷേപങ്ങള്‍ രക്ഷകനെതിരെ ഉന്നയിച്ചു.
1   റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുമാനം എടുക്കേണ്ടത് ഡല്‍ഹിയിലുള്ള പീലാത്തോസ് അല്ല മോഡിയാണെന്നിരിക്കെ ഈ നാടകം എന്തിന് കോട്ടയത്ത്.
(ഡല്‍ഹിയില്‍ ഈ നാടകം കാണാന്‍ പിതാക്കന്മാര്‍ പോയിട്ട് ഒരു പട്ടിപോലും കാണില്ലെന്നറിയാനുള്ള പുത്തിയൊക്ക ഇതിന്റെ സംവിധായകനുണ്ട് കൂവേ.)
 2  റബ്ബറിന്റെ കാര്യത്തില്‍ എടുക്കാന്‍ പോകുന്ന തീരുമാനം മുന്‍കൂട്ടി അറിഞ്ഞ് നടത്തുന്ന പ്രഹസന നാടകമാണിത്.
(പാവം കേരളാ MP യുടെ നിരാഹാരത്തിന്റെ നാലാം ദിനം അങ്ങേരുടെ ആരോഗ്യത്തില്‍ കുണ്ഠിതനായ മോഡി മാര്‍ച്ച് 31 വരെ ഇറക്കുമതി നിരോധിച്ചില്ലേ ? അതുമാത്രമോ ഇക്കാലമത്രയും അധികാരത്തിലിരുന്ന അപ്പന്‍ ചെറുവിരലനക്കാത്തിടത്തല്ലേ മകനിത് സാധിച്ചത്)
 3   കേരളത്തിലേയ്ക്ക് റബ്ബര്‍ ഇറക്കുമതി നടത്ത്ുന്ന പ്രധാന കമ്പനി രക്ഷകന്റെ കുടുംബത്തിന്റെ വകയാണ്.
(തൊമ്മന്‍ വേറെ തൊപ്പിപ്പാള വേറെ. ഇവിടെ ഏത് രാഷ്ട്രീയക്കാരനാ ബിനാമി ഇടപാടില്ലാത്തത്)
 4    നാമമാത്ര ഭൂരിപക്ഷവുമായി അധികാരത്തിലേറിയ UDF ഗവര്‍മെന്റില്‍ സുപ്രധാന സ്വാധീനം ഉണ്ടായിരുന്നപ്പോള്‍ എന്തേ കര്‍ഷകരെ ഓര്‍ത്തില്ല.
(അതിപ്പോള്‍ തമിഴ്‌നാട്ടുകാരേപ്പോലെ സമ്മര്‍ദ്ദ രാഷ്ടീയം നമ്മുടെ ശൈലിയല്ലല്ലോ. )
ദേ പോയി...........രക്ഷകന്‍ ഉപവാസവും നിര്‍ത്തി സ്ഥലം വിട്ടു.
ഇനിയെന്നാ പറയാനാ......

Monday 18 January 2016

കതിന

തിരുന്നാള്‍ സീസണ്‍ ആരംഭിച്ചു.
കഴിഞ്ഞവര്‍ഷം ഈ സമയത്ത് പലയിടത്തു നിന്നും
കതിനകളുടെ സ്വരം കേള്‍ക്കാമായിരുന്നു.
കേള്‍ക്കുന്ന സ്വരത്തിന്റെ ദിശയനുസരിച്ച് ഏതു പള്ളിയിലാണ് തിരുന്നാള്‍ എന്ന് പറയാന്‍ കഴിയുമായിരുന്നു.
എന്നാല്‍ ഈ വര്‍ഷം ഒരിടത്തുനിന്നും മാലപ്പടക്കിത്തിന്റെയോ കതിനയുടെയോ ശബ്ദം കേള്‍ക്കാനില്ല.
ഇതിന്റെ കാരണമെന്തെന്നറിയണ്ടേ. അതാണ് തമാശ.
എല്ലാ പള്ളികളിലും കരിമരുന്നുപയോഗം നിരോധിച്ചിരിക്കുന്നു.
ആരെന്നല്ലേ. രൂപത ......പാലാ രൂപത
എന്താ കാര്യം....... കഴിഞ്ഞ വര്‍ഷം അരുവിത്തുറ പള്ളിയില്‍ വെടിക്കെട്ടപകടം ഉണ്ടായില്ലേ........അതുകൊണ്ടാണ് പോലും.
അരുവിത്തുറയിലെങ്ങിനാ അപകടമുണ്ടായത്.
സുരക്ഷിതമായി സ്റ്റേഡിയത്തില്‍ നടന്നിരുന്ന പരിപാടി എന്തിനാ ജനക്കൂട്ടത്തിനിടയില്‍ കൊണ്ടുവന്ന് വെച്ച് നടത്തിയത്.
തികച്ചും നിരുത്തരവാദപരമായ ഈ സമീപനമായിരുന്നില്ലേ
ഈ ദുരന്തത്തിനു കാരണം.
O D കുര്യാക്കോസ് എന്ന വ്യക്തിയുടെ ഇടപെടല്‍ കൊണ്ടായിരുന്നു
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വെടിക്കെട്ട് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. അതിന്റെ പേരില്‍ എത്രപേരുടെ തെറി അങ്ങേര് കേള്‍ക്കേണ്ടിവന്നു.
അതവിടെ നില്ക്കട്ടെ.
അപകട രഹിതമായ കരിമരുന്ന് കലാപ്രകടനത്തിന്റെ ഉത്തമോദാഹരണമാണ് ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന
ചൈനീസ് വെടിക്കെട്ട്. അത്യഗ്രശേഷിയുള്ള സ്‌പോടനങ്ങള്‍ ഉപേക്ഷിച്ച് നയനമനോഹരമായവ മാത്രം ഉള്‍പ്പെടുത്തി
ഈ കലാവിരുന്ന് തുടരാവുന്നതാണ്.
കാശ് കത്തിച്ചു കളയാന്‍ എന്തിനിത്ര ഉത്സാഹമെന്നാണോ.
പറയാം. ഗന്ധകം നല്ലൊരു അണുനാശിനിയാണെന്നാണ് ശാസ്ത്ര മതം.
കൂടാതെ ഉയര്‍ന്ന ശബ്ദത്തിനും ചില സൂക്ഷ്മജീവികളെ നശിപ്പിക്കാന്‍ ശേഷിയുണ്ടത്രേ. അതായത് കരിമരുന്ന് പ്രയോഗം പകര്‍ച്ചവ്യാധികള്‍ തടയാന്‍ കാരണമാകുന്നുണ്ടെന്നാണ് വിവരമുള്ളവര്‍ പറയുന്നത്.
അപ്പോള്‍ നിലവിലുള്ള നിരോധനം പക്വതയില്ലാത്തതാണ്.
ഇവരില്‍ നിന്നൊക്കെ പക്വത പ്രതീക്ഷിക്കുന്നത് തന്നെ പക്വതയില്ലായ്മയായതിനാല്‍ നിര്‍ത്തട്ടെ
   

Thursday 16 July 2015

കാലം മാറി മോനേ ദിനേശാ.....

സാഹിത്യ വിമര്‍ശം ദ്വൈമാസികയില്‍ ശ്രീ. ജോണി ജെ പ്‌ളാത്തോട്ടം ഒരുക്കിയിരിക്കുന്ന കവര്‍ സ്‌റ്റോറി  കേരള ജനതയെ
ഹിപ്‌നോട്ടിക് സജഷന്റെ പിടിയില്‍ നിര്‍ത്തിയ രണ്ട ്
മഹാരഥന്മാരുടെ കഥയാണെന്നെനിക്കു തോന്നുന്നു.
രാഷ്ട്രീയ  നഭസ്സില്‍ മുടിചൂടാമന്നനായിരുന്ന EMS ഉം
മലയാള സാഹിത്യത്തിലെ കരുത്തനായ മുകുന്ദനും.

ഒന്നു രാഷ്ട്രീയത്തിലെ വിഗ്രഹമെങ്കില്‍ മറ്റൊന്ന് സാഹിത്യത്തിലെ വിഗ്രഹം.
രണ്ടു വിഗ്രഹങ്ങള്‍ കൂട്ടി മുട്ടിയെന്നും എന്നാല്‍ തീയോ പുകയോ കാണാനായില്ലെന്നും കവര്‍ കഥാകാരന്‍ പരിതപിക്കുന്നു.

പാര്‍ട്ടിയേയും പാര്‍ട്ടിയുടെ പിതൃവിഗ്രഹമായ EMS നേയും 101 വെട്ടു വെട്ടിയിട്ടും CPM മുകുന്ദനെ വെറുതെ വിട്ടത് എന്തുകൊണ്ട് ?

വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999 ല്‍ M മുകുന്ദന്‍ എഴുതിയ കേശവന്റെ വിലാപങ്ങള്‍ എന്ന നോവലിലാണത്രേ EMS നോട് അദ്ദേഹം ഈ കടുംകൈ ചെയ്തത്.
എന്നിട്ടും CPM മുകുന്ദനെതിരെ ഒരക്ഷരം ഉരിയാടാതിരുന്നതിന് കാരണമെന്തെന്ന് ആനുകാലിക കൊലപാതക രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങള്‍ മുന്‍നിര്‍ത്തി ലേഖനം വിവരിക്കുന്നു.

ഒരുപക്ഷേ ഇവരാരും ഈ കൃതി വായിച്ചിട്ടുണ്ടാവില്ലെന്നും (വായിക്കാത്തതിനു കാരണം നോവലിന്റെ പേര് കേശവന്റെ വിലാപങ്ങള്‍ എന്നായതുകൊണ്ടാണെന്നും പാര്‍ട്ടിക്ക് ഇപ്പോള്‍ ആരുടേയും വിലാപങ്ങളോട് താല്പ്പര്യമില്ലെന്നും) അഥവാ ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കൊന്നും മനസിലായിട്ടുണ്ടാവില്ലെന്നും ആണ് ആരോപണങ്ങള്‍.

'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനേപ്പോലെ നിന്‍മുഖം' എന്ന കുഞ്ചന്‍നമ്പ്യാര്‍ ശൈലിയാണ് മുകുന്ദന്‍ നോവല്‍ രചനയില്‍ സ്വീകരിച്ചതെന്നാണ് വിവക്ഷ.
ഒരിക്കല്‍ വായിച്ചു മറന്ന പ്രസ്തുത നോവല്‍ ഒരിക്കല്‍ കൂടി വായിക്കാന്‍ ഈ ലേഖനം എന്നെ പ്രേരിപ്പിക്കുന്നു.

ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്നുതന്നെയിരിക്കട്ടെ ഈ വൈകിയ വേളയില്‍ അദ്ദേഹം ഈ ഉദ്യമത്തിന് തുനിഞ്ഞതിന്റെ പിന്നിലെ ചേതോവികാരമെന്താണ് ?

ഇദ്ദേഹം വി.എസ്സ് പക്ഷമോ പിണറായി പക്ഷമോ ?

പൊതു സമൂഹത്തെക്കറിച്ച് മുകുന്ദന്‍ തന്റെ നോവലില്‍ 1999ല്‍ വിവരിച്ചു എന്ന് ലേഖകന്‍ അവകാശപ്പെടുന്നതൊന്നുമല്ല പിന്നീടുണ്ടായത്.
പിന്നീടങ്ങോട്ട് രോഗാതുരമായത് നേതൃത്വമായിരുന്നില്ലേ.

വിവേകം നശിച്ച ഭക്തിക്കൂട്ടമായി പാര്‍ട്ടി സമൂഹത്തെ വിലയിരുത്തിയതും തെറ്റി. ഗൗരിയമ്മയുടേയും എം.വി രാഘവന്റേയും ഗതിയല്ലല്ലോ വി.എസ്സിന്.

പശുവും ചത്ത് മോരിന്റെ പുളിയും പോയി എന്ന് പഴമക്കാര്‍ പറയുന്നപോലെയു്ള്ള പ്രാധാന്യമേ ഇപ്പോള്‍ ഈ വിഷയത്തിനുള്ളു.

EMS നെപ്പറ്റിയോ, EK നയനാരെപ്പറ്റിയോ, AKG യേപ്പറ്റിയോ ആരെങ്കിലും എന്തെങ്കിലും എഴുതിയാല്‍ കാളപെറ്റെന്നു കേള്‍ക്കുമ്പോഴേ കയറെടുക്കുന്ന സ്വഭാവം പാര്‍ട്ടിക്കാര്‍ക്കില്ല.

കാലം മാറി മോനേ ദിനേശാ......



Saturday 4 July 2015

വരം

ഞാന്‍ നാലാം ക്‌ളാസ്സില്‍ കൊണ്ടൂര്‍ ഗവ. എല്‍.പി.എസ്സില്‍
(പ്‌ളാശനാന്‍ ഗവ. എല്‍.പി.എസ്സിന്റെ പേര് അന്നങ്ങിനെയായിരുന്നു) പഠിക്കുന്ന കാലം,
എന്റെ അപ്പന്‍ കയ്യാണിയില്‍ മത്തായി സാറായിരുന്നു ഹെഡ്മാസ്റ്റര്‍.
വീട് അടുത്തായിരുന്നതിനാല്‍ ഉച്ചയൂണ് വീട്ടിലായിരുന്നു.
ഒരു ദിവസം ഞാന്‍ ഊണ് കഴിഞ്ഞ് മടങ്ങി വരുമ്പോള്‍
എന്റെ ക്‌ളാസ്സിലെ മൂന്നു ചേട്ടന്മാര്‍ എന്റെ വരവും കാത്ത്
വഴിയരികിലുള്ള ചേറ്റുകുളംകാരുടെ വീടിനു മുമ്പില്‍ നില്ക്കുന്നു.
പയ്യനായ എന്നെയും കൂട്ടി അവര്‍ ആ വീട്ടിലെ ചാമ്പയില്‍ കേറി ചാമ്പങ്ങ പറിച്ചു.
 മടങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ ആ കാഴ്ച കണ്ടത്.
മത്തായി സാര്‍ അതാ ഊണ് കഴിഞ്ഞ് മടങ്ങി വരുന്നു.
ഞങ്ങള്‍ ഒരു തെങ്ങുംകുറ്റിക്ക് മറഞ്ഞിരുന്നു.
അദ്ദേഹം കടന്നു പോയി. ഞങ്ങള്‍ക്ക് സമാധാനമായി .
ഉച്ച കഴിഞ്ഞ് ക്‌ളാസ്സ് ആരംഭിച്ചയുടനെ ഞങ്ങള്‍ നാലുപേരേയും ഓഫീസിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്തു.
മറ്റു മൂന്നുപേര്‍ക്കും കിട്ടിയതിനേക്കാള്‍ രണ്ടടി കൂടുതല്‍ എനിക്കു കിട്ടി.
അങ്ങനെ എത്ര അടികള്‍ മേടിച്ചാണ് അക്കാലത്ത് കുട്ടികള്‍ പഠിച്ചിരുന്നത്.
അവരുടെ മക്കളുടെ കാലമാണിന്ന്.
ഇന്നത്തെ സ്ഥിതിയെന്താ.
കുട്ടിയെ തൊട്ടുനോവിക്കാനോ എന്തിനേറെ ഒന്നു വഴക്കുപറയാന്‍ പോലുമോ  അദ്ധ്യാപകര്‍ക്ക ് അനുവാദമില്ല,
അവര്‍ എന്തു പോക്രിത്തരം കാണിച്ചാലും അദ്ധ്യാപകര്‍ ശിക്ഷിക്കാന്‍ പാടില്ല. വഴക്ക് പറഞ്ഞാല്‍ മാനസിക പീഢനത്തിനും,
ഒരു നുള്ളെങ്കിലും കൊടുത്താല്‍ ശാരീരിക പീഢനത്തിനും അദ്ധ്യാപകനെതിരെ കേസ്സുകൊടുക്കാവുന്ന നിയമ പരിരക്ഷയാണ് കുട്ടികള്‍ക്ക്.
ഈ നിയമമൊക്കെ കൊണ്ടുവന്നവന്‍ ആരാണോ ആവോ.
സായിപ്പിന്റെ നാട്ടിലെ നിയമം കണ്ടാവാം ഇതൊക്കെ ഇവിടെയും കൊണ്ടുവന്നത്.
അവരുടെ നാട്ടിലെ നല്ല നിയമങ്ങള്‍ പലതും ഇവിടൊട്ട് ഇല്ലതാനും.
ഇപ്പോള്‍ ഇതൊക്കെ പറയാനെന്താ കാര്യമെന്നല്ലേ....
നമ്മില്‍ പലരേയും വല്ലാതെ വേദനിപ്പിക്കുന്ന ഒരു സംഭവം ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിലുണ്ടായി .
എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയെ, അവന്റെ കുസൃതികൊണ്ട് മടുത്ത് ക്‌ളാസ്സ്ടീച്ചര്‍ ഒന്നു നുള്ളി.
അവനൊരു പ്രശ്‌നവുമില്ലായിരുന്നു പരാതിയുമില്ലായിരുന്നു.
പക്ഷേ അന്ന് വീട്ടിലെത്തിയപ്പോള്‍ അവന്റെ വെളുത്ത കുഞ്ഞിക്കൈയില്‍ ഒരുചുമപ്പ് പാട് കണ്ട പിതാവ് കാര്യമന്വേക്ഷിച്ചു.
അമ്പമ്പോ പിന്നെയായിരുന്നു പൊടിപൂരം.
തന്റെ മകനെ നുള്ളിയ ടീച്ചറിനെ ഒരു പാഠം പഠിപ്പിച്ചേ ഇനി പച്ചവെള്ളം കഴിക്കൂ.
(ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പുറം നോക്കി ചവിട്ടിയാലും പരാതിയില്ല കേട്ടോ)
അടുത്ത ദിവസം സ്‌കൂളിലെത്തിയ രക്ഷാകര്‍ത്താവ് ടീച്ചറിനെതിരേ പരാതി കൊടുത്തു.
മേലാപ്പീസില്‍ നിന്നും അന്വേക്ഷണ ഉത്തരവെത്തി.
അന്വേക്ഷണ ഉദ്യോഗസ്ഥര്‍ ടീച്ചറോട് കോംപ്രമൈസ്ിലെത്തിയില്ലെങ്കില്‍ കോടതി വരാന്ത നിരങ്ങേണ്ടി വരുമെന്ന് മു്ന്നറിയിപ്പ് കൊടുത്തപ്പോള്‍ ടീച്ചര്‍ വഴങ്ങി.
രക്ഷിതാവിനെ കണ്ടു. അയാള്‍ അമ്പിനും വില്ലിനും അടുക്കില്ല.
ടീച്ചറിനെ കോണാന്‍ ഉടുപ്പിച്ചേ അടങ്ങൂ.
അവസാനം പലരുടേയും സമ്മര്‍ദ്ദത്തിനു വഴങ്ങി അയാള്‍ മുന്നോട്ട് വെച്ച വ്യവസ്ഥയിതാണ്.
കുട്ടിയോട് ടീച്ചര്‍ ക്ഷമ പറയണം.
ഒരയ്യോപാവം ടീച്ചര്‍.
അവസാനം അത.... ആ മഹാപാതകം സംഭവിച്ചു.
ടീച്ചര്‍ തന്റെ വിദ്യാര്‍ത്ഥിയോട് ക്ഷമ പറഞ്ഞ് കണ്ണീരോടെ ഓഫീസ് വിട്ടു.
അങ്ങനെ ഒരപ്പന്‍ വരം ഇരന്നു വാങ്ങി.