Sunday 20 May 2012

ദൈവം സൃഷ്ടിച്ച കുട്ടി

 ഇടവകപ്പള്ളിയില്‍ സമ്മര്‍കഌസ്സ് നടക്കുന്നു.
അടുത്ത ദിവസം ബിഷപ്പിന്റെ ഇടവക സന്ദര്‍ശനമാണ്.
ബിഷപ്പ് വരുമ്പോള്‍ സമ്മര്‍കഌസ്സ് സന്ദര്‍ശിക്കും.
കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കും.
അതുകൊണ്ട് ഒന്നാം കഌസ്സിലെ ടീച്ചര്‍ കുട്ടികളെ പ്രത്യേകം പരിശീലിപ്പിക്കുകയാണ്.
' നിങ്ങളെ സൃഷ്ടിച്ചതാരെന്ന് ബിഷപ്പ് ചോദിച്ചാല്‍ നിങ്ങള്‍ എന്തു പറയും?'
കുട്ടികള്‍ മിണ്ടിയില്ല.
അപ്പോള്‍ ടീച്ചര്‍ പറഞ്ഞുകൊടുത്തു. 'ദൈവം'
കുട്ടികള്‍ എല്ലാവരും ഏറ്റു പറഞ്ഞു. 'ദൈവം'
കുട്ടികള്‍ എല്ലാവരും കൂടി ഉറക്കെ പറഞ്ഞപ്പോള്‍ അമിത ശബ്ദമായതിനാല്‍ ടീച്ചര്‍ ഇങ്ങനെ പറഞ്ഞു.
' നിങ്ങള്‍ എല്ലാവരും കൂടി ഇങ്ങനെ ഉത്തരം പറയരുത്. ബിഷപ്പ് ഈ ചോദ്യം ചോദിക്കുമ്പോള്‍ ആരെങ്കിലും ഒരാള്‍ ഉത്തരം പറയണം. ആരാണ് പറയുന്നത് ?'
'ഞാന്‍ പറയാം ടീച്ചര്‍' ഒരു കുട്ടി എഴുന്നേറ്റ് പറഞ്ഞു.
' ശരി ബാബുക്കുട്ടന്‍ ഉത്തരം പറയണം' ടീച്ചര്‍ നിര്‍ദ്ദേശിച്ചു. 'മറ്റാരും
പറയണ്ട.'
അടുത്ത ദിവസം ബിഷപ്പ് കഌസ്സിലെത്തി.
പ്രതീക്ഷിച്ചതുപോലെ ബിഷപ്പ് ചോദിച്ചു.' നിങ്ങളെ സൃഷ്ടിച്ചതാര് ?'
കുട്ടികള്‍ ആരും മിണ്ടുന്നില്ല.
ബിഷപ്പ് ഒന്നുകൂടി ചോദ്യം ആവര്‍ത്തിച്ചു.
കുട്ടികള്‍ പരസ്പരം നോക്കുന്നതല്ലാതെ ആരും ഉത്തരം പറയാതിരുന്നപ്പോള്‍ ബിഷപ്പ് അനിഷ്ടത്തോടെ ഇതുപോലും കുട്ടികളെ പഠിപ്പിച്ചിട്ടില്ലേ എന്ന ഭാവത്തില്‍ ടീച്ചറിനെ നോക്കി.
ശക്തമായി ഒരിക്കല്‍ കൂടി ബിഷപ്പ് ചോദ്യമാവര്‍ത്തിച്ചപ്പോള്‍ ഒരു കുട്ടി സധൈര്യമെഴുന്നേറ്റ് പറഞ്ഞു ' ദൈവം സൃഷ്ടിച്ച കുട്ടി ഇന്ന് വന്നിട്ടില്ല.' 

Monday 14 May 2012

രക്ഷിതാക്കളറിയാന്‍ 14


''മാഷേ, ഞങ്ങളൊരിക്കലും കുഞ്ഞുങ്ങള്‍ എടുക്കുന്നിടത്ത് മെഴുകുതിരി കത്തിച്ചു വയ്ക്കാറില്ല,'' മാഷിനെ കുടുക്കിയ ഭാവത്തില്‍ സാലിക്കുട്ടി പറഞ്ഞു.
''നല്ലത്... പക്ഷേ കറണ്ടുകണക്ഷനില്ലാത്ത ഒരു വീട്ടില്‍ എപ്പോഴും അങ്ങനെ ശ്രദ്ധിക്കാനായി എന്നു വരില്ല. 

നിലത്തിരിക്കുന്ന വിളക്കിന്റെ നാളത്തില്‍ ഒരുപക്ഷേ കുട്ടി ഒന്നു തൊട്ടു എന്നു വരാം. 
അപ്പോള്‍ കുട്ടിക്കു കിട്ടുന്ന പൊള്ളലിന്റെ അനുഭവം ഒരിക്കലും മായാതെ അവന്റെ മനസില്‍ പതിയും. തീനാളത്തില്‍ തൊടുന്നത് അപകടമാണെന്നു പിന്നീടാരും അവനു പറഞ്ഞുകൊടുക്കേണ്ട.
''എന്റെ ഒരനുഭവം ഞാന്‍ വിവരിക്കാം,'' മാഷ് പറഞ്ഞു :

 ''എന്റെ മൂത്തകുട്ടി മൂന്നില്‍ പഠിക്കുന്ന വര്‍ഷം... അടുത്തുള്ള പ്രസിദ്ധമായ പള്ളിയില്‍ തിരുനാളു കൂടാന്‍ അവനും ഞാനും രാവിലെ ഇറങ്ങി. 
പള്ളിക്കു മുമ്പില്‍ ബസിറങ്ങിയ ഉടന്‍ അവന്‍ എന്നെയും വലിച്ചുകൊണ്ട് പല കടകളും സന്ദര്‍ശിച്ച് കണ്ണില്‍ കണ്ടതെല്ലാം വാങ്ങണമെന്നു ശഠിച്ചു. 
ചിലതെല്ലാം വാങ്ങി ഒരുവിധം തിരികെയെത്തി. 
അടുത്തവര്‍ഷം തിരുനാളു കൂടാന്‍ ഇറങ്ങുന്നതിനു മുമ്പേ ഞാന്‍ ഒരു വ്യവസ്ഥവച്ചു. 
തിരുനാളു കൂടാനുള്ള പണം മുന്‍കൂര്‍ ഏല്പിക്കാമെന്നും അത് അവനിഷ്ടം പോലെ ചെലവഴിക്കാമെന്നും ആ പണം തീരുമ്പോള്‍ തിരികെ പ്പോരുമെന്നും ആയിരുന്നു വ്യവസ്ഥ. അവനു വളരെ സന്തോഷമായി. 
എല്ലാം സമ്മതിച്ച് എന്നോട് 20 രൂപ വാങ്ങുകയും ചെയ്തു. 
പള്ളി മുറ്റത്ത് ബസിറങ്ങിയ ഉടന്‍ എന്നേയും വലിച്ച് ഓടിയ അവന്‍ ആദ്യം കണ്ട കടയില്‍ നിന്ന് 5 രൂപയുടെ ഒരു ചെണ്ട വാങ്ങി. 
അടുത്ത കടയില്‍ ചെന്ന് 10 രൂപയുടെ ഒരു തോക്ക് വാങ്ങി. 
താമസിയാതെ 5 രൂപയുടെ ഒരു പന്തും കൂടി വാങ്ങിയപ്പോള്‍ കൈയിലുണ്ടായിരുന്ന 20 രൂപ തീര്‍ന്നു. 
എന്നോടു വീണ്ടും പണം ചോദിച്ചു. ഞാന്‍ വ്യവസ്ഥ ഓര്‍മ്മപ്പെടുത്തി. 
ഞങ്ങള്‍ തിരികെപ്പോയി.
''അടുത്ത വര്‍ഷവും പതിവുപോലെ വ്യവസ്ഥകള്‍ക്കു വിധേയമായി ഞങ്ങളിരുവരും തിരുനാള്‍ സ്ഥലത്തെത്തി. 

ഇത്തവണ എല്ലാ കടകളിലും നടന്ന് വില അന്വേഷിച്ചതല്ലാതെ ഒരു സാധനവും അവന്‍ വാങ്ങിയില്ല. 
തിരികെ വീട്ടിലെത്തുമ്പോഴും പെരുന്നാളു കൂടാന്‍ വാങ്ങിയ പണം അവന്റെ പക്കലുണ്ടായിരുന്നു.''
മാഷ് പറഞ്ഞുനിര്‍ത്തിയതും എന്തോ ഒന്ന് മുറിയിലേക്കു വീണതും ഒരുമിച്ചായിരുന്നു. മാഷ് ഭയന്നുപോയി. 

നോക്കിയപ്പോള്‍ ഒരു സ്‌കൂള്‍ ബാഗ്. മാഷിനു കാര്യം മനസിലായി. അവരുടെ മൂത്തമകന്‍ ട്യൂഷന്‍ കഴിഞ്ഞെത്തിയതാണ്. 
മുറിയിലേക്ക് ഓടിക്കയറി ടി. വി ഓണ്‍ചെയ്യാനൊരുങ്ങിയപ്പോഴാണ് മാഷ് ഇരിക്കുന്നതു കണ്ടത്. ഒന്നു പമ്മി. 


മാഷിനെ നടുക്കിയതു മറ്റൊരു കാഴ്ചയാണ്. സണ്ണിക്കുട്ടി എഴുന്നേറ്റ് മകന്റെ ബാഗും എടുത്ത് അകത്തേക്കു പോകുന്നു.
'വെറുതെയല്ല മകന് എല്ലാവരോടും വെറുപ്പ്.' മാഷ് മനസിലോര്‍ത്തു.
'അവനവന്റെ വില അവനവന്‍ കളഞ്ഞാലെന്തു ചെയ്യും.' മാഷ് ചിന്തയിലാണ്ടു.
തന്റെയൊക്കെ ചെറുപ്പത്തില്‍ എന്തായിരുന്നു സ്ഥിതി. 

സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അപ്പന്‍ മുന്‍വശത്ത് കസേരയിലുണ്ടെങ്കില്‍ പുറകുവശത്തുകൂടിയാണ് വീടിനകത്തു കയറുന്നത്. 
വീട്ടിലെവിടെയിരുന്നാലും മാതാപിതാക്കളെ കാണുമ്പോള്‍ ഒന്നെഴുന്നേല്‍ക്കും. മാതാപിതാക്കളോടു ഭയവും ബഹുമാനവും ഉണ്ടായിരുന്നു.
മുതിര്‍ന്നവര്‍ ആരു വീട്ടില്‍ വന്നാലും എഴുന്നേറ്റുനിന്ന് ബഹുമാനിക്കണമെന്ന് അവര്‍ പഠിപ്പിച്ചിരുന്നു.
കാലം പോയ പോക്ക്. ഇന്നു മാതാപിതാക്കള്‍ കയറിവന്നാല്‍ പോലും മക്കള്‍ ഇരുന്നിടത്തുനിന്നനങ്ങില്ല. 

മുതിര്‍ന്നവര്‍ക്കൊപ്പം ഇരിക്കാതിരിക്കുക; മുതിര്‍ന്നവരെ കാണുമ്പോഴും എഴുന്നേറ്റു ബഹുമാനിക്കുക. 
പ്രായത്തില്‍ കുറഞ്ഞവരാണെങ്കിലും നമ്മുടെ വീട്ടിലേക്കു കയറി വരുമ്പോള്‍ എഴുന്നേറ്റുനിന്നു സ്വീകരിക്കുക. 
ഇതൊക്കെ എത്ര നല്ല പെരുമാറ്റരീതികളാണ്. ഇതൊക്കെ ചെയ്യുമ്പോള്‍ നാം ചെറു
താകുകയല്ല. മറിച്ച,് വലുതാകുകയാണ് ചെയ്യുന്നതെന്ന് ഇവരൊന്നും എന്തേ മനസിലാക്കാത്തത്.
''മാഷേ വെള്ളം,'' സാലിക്കുട്ടി ഒരു ഗ്ലാസ് വെള്ളവുമായി വന്ന് വിളിച്ചപ്പോഴാണ് മാഷ് ചിന്തയില്‍നിന്ന് ഞെട്ടിയുണര്‍ന്നത്.
''എന്തുപറ്റി മാഷേ ?'' സണ്ണിക്കുട്ടി ചോദിച്ചു.
വെള്ളം വാങ്ങിക്കുടിച്ച് വാച്ചില്‍ നോക്കി മാഷ് പറഞ്ഞു : ''അല്പം തിരക്കുണ്ട്. ബാക്കി പിന്നീടു സംസാരിക്കാം.'' മാഷ് ഇറങ്ങി.
ശുഭം.............. 

Monday 7 May 2012

വെഞ്ചിരിപ്പ്



ഈ പള്ളിയില്‍ വാഹനങ്ങള്‍ വെഞ്ചിരിക്കുന്നതിന് നിരവധിപ്പേര്‍ വരാറുണ്ട്. എന്തോ.. വിശ്വാസികള്‍ക്ക് പെരുത്ത വിശ്വാസമാണ്. നാട്ടില്‍ വേറെ എത്ര പള്ളികളുണ്ട്. പക്ഷേ ഇവിടുത്തെ വികാരിയച്ചന്റെ ശക്തിയിലുള്ള വിശ്വാസമാകാം.

ഒരു ദിവസം സന്ധ്യക്ക് ഒരു പുത്തന്‍ കാറുമായി ചിലരെത്തി. കാറ് വെഞ്ചിരിക്കുന്നതിന് രാത്രിയോ പകലോ എന്തിനു നോക്കണം. വികാരിയച്ചനും എതിര്‍പ്പില്ല.കപ്യാരേയും കൂട്ടി പ്രാര്‍ത്ഥന പുസ്തകവും അനുബന്ധ സാമഗ്രികളുമായി അച്ചനെത്തി. പ്രാര്‍ത്ഥന പുസ്തകം തുറന്ന് പ്രാര്‍ത്ഥന ആരംഭിക്കാന്‍ തുടങ്ങിയപ്പോളാണ് ശക്തമായി കാററു വീശിയത്. ഉടന്‍ കറണ്ടും പോയി. നമ്മുടെ നാട്ടിലങ്ങനെയാണല്ലോ. ഒരു കാറ്റ് വീശിയാല്‍ മതി അപ്പോള്‍ കറണ്ട് പോകും.

കപ്യാരുടെ സമയോചിതമായ ഇടപെടല്‍ മൂലം മെഴുകുതിരി വെളിച്ചത്തില്‍ വെഞ്ചിരിപ്പ് പൂര്‍ത്തിയാക്കി. എല്ലാവരും പിരിഞ്ഞു.

ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞുകാണും, കാറ് വെഞ്ചിരിക്കാന്‍ വന്നവരില്‍ ഒരാള്‍ പള്ളിമേടയില്‍ ഓടിയെത്തി. അയാളുടെ പരവേശം കണ്ട് അച്ചന്‍ കാര്യം തിരക്കി. അപ്പോഴാണറിഞ്ഞത് വെഞ്ചിരിച്ചുകൊണ്ടു പോയ കാര്‍ തോട്ടില്‍ വീണെന്ന്. അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്ന് പറഞ്ഞ് അച്ചന്‍ തന്റെ മുറിയില്‍ ചെന്ന് പ്രര്‍ത്ഥനപുസ്തകം എടുത്തുനോക്കി. അച്ചന്റെ മുഖത്തെ ജാള്യത കണ്ട് ചോദ്യഭാവത്തില്‍ നിന്ന അയാളോട് അച്ചന്‍ പറഞ്ഞു 'ഒരബദ്ധം പറ്റി. കാറ്റ് വീശി കറണ്ടും പോയ നേരത്ത് പ്രര്‍ത്ഥന പുസ്തകത്തിന്റെ പേജ് മറിഞ്ഞ് പോയി. കാറിന്റെ വെഞ്ചിരിപ്പ് പ്രാര്‍ത്ഥനക്ക് പകരം ചൊല്ലിയത് ബോട്ടിന്റെ വെഞ്ചിരിപ്പ് പ്രാര്‍ത്ഥനയായിരുന്നു.' 

Friday 4 May 2012

രക്ഷിതാക്കളറിയാന്‍ 13



'സാലിക്കുട്ടി ദേഷ്യപ്പെടേണ്ട ഇവിടെ പാവപ്പെട്ടവര്‍ക്കും 

പണക്കാര്‍ക്കും ഒക്കെ ജീവിക്കാം. ഒരു തടസവുമില്ല. 
പക്ഷേ, പാവപ്പെട്ടവന്‍ പണക്കാരനേപ്പോലെ ജീവിക്കണം എന്നുവച്ചാല്‍ നടപ്പില്ലെന്നാണു ഞാന്‍ പറഞ്ഞത്. 
വല്ലവന്റേം വയലില്‍ പുല്ലു കണ്ട് പശുവിനെ വളര്‍ ത്തരുതെന്നു മാത്രം.'' മാഷ് വിവരിച്ചു.
''പാവപ്പെട്ടവന്‍ എന്നും പാവപ്പെട്ടവനായിരിക്കട്ടെ എന്നാണോ ?'' 

സാലിക്കുട്ടി വിടാന്‍ ഭാവമില്ല.


''ഒരിക്കലുമല്ല, പാവപ്പെട്ടവന്‍ തന്റെ അദ്ധ്വാനത്തിലൂടെ അന്നന്നത്തെ അപ്പം കണ്ടെത്തുകയും നാളേക്കു വേണ്ടി ചെറിയ സമ്പാദ്യം മാറ്റിവയ്ക്കുകയും അതിനുവേണ്ടി അനാവശ്യചെലവുകള്‍ ഒഴിവാക്കുകയും വേണം. ഇങ്ങനെ ചിട്ടയോടെയുള്ള സാമ്പത്തിക ആസൂത്രണം അവരുടെ സാമ്പത്തികനില ഉയര്‍ത്തുകയും ജീവിതം സന്തോഷകരമാക്കുകയും ചെയ്യും.'' മാഷ് പറഞ്ഞു.


''ശരിയാ മാഷേ. ഞാനിവളോട് എന്നും പറയുന്നതാ ഇല്ലാത്ത വലിപ്പമൊന്നും കാണിക്കാന്‍ നോക്കണ്ടാന്ന്. പറഞ്ഞാല്‍ മനസിലാകണ്ടേ ?''
 സണ്ണിക്കുട്ടി തന്റെ നിസഹായത വെളിപ്പെടുത്തി. മാഷ് ഉള്ളതിനാല്‍ വലിയ സ്‌ഫോടനം ഉണ്ടാവില്ല എന്ന ഉറപ്പിലാണു പറഞ്ഞത്.
''അതേ... എന്റെ ആങ്ങളമാരുടെയും അനുജത്തിമാരുടെയും പിള്ളേരു നടക്കുന്നപോലെ എന്റെ മക്കളേം ഞാന്‍ നടത്തും. എന്റെ കുടുംബക്കാര് അല്പം അഭിമാനമുള്ളോരാ...'' 

സാലിക്കുട്ടി വയലന്റായി.
''സാലിക്കുട്ടി പറയുന്നതിലും കാര്യമുണ്ട്.'' മാഷ് അടവൊന്നു മാറ്റി. 

വലിഞ്ഞുമുറുകി വന്ന സാലിക്കുട്ടിയുടെ മുഖം ഒന്നയഞ്ഞു. തന്റെ ഭാഗം വിജയിച്ചതുപോലെ അവള്‍ ഭര്‍ത്താവിനെ നോക്കി. 
മാഷ് തുടര്‍ന്നു: ''സ്രഷ്ടാവ് ചിലര്‍ക്ക് സമ്പത്തും സൗന്ദര്യവും കലാപരമായ കഴിവും അധികാരവും എല്ലാം നല്‍കും. മറ്റു ചിലര്‍ക്കു പണം മാത്രം. വേറൊരു കൂട്ടര്‍ക്കു സൗന്ദര്യം. ഇനിയൊരു കൂട്ടര്‍ക്കു കലാസാഹിത്യാ ഭിരുചി. ഒരു കൂട്ടര്‍ക്ക് അധികാരം മാത്രം.''


''ബൈബിളിലെ താലന്തുകളുടെ ഉപമപോലെ, അല്ലേ മാഷേ.'' സണ്ണിക്കുട്ടി ഇടയ്ക്കു കയറിപ്പറഞ്ഞു.
''അതേ... അതില്‍ ഒരു താലന്തു കിട്ടിയവനേപ്പോലെ അസംതൃപ്തനാണു നിങ്ങളെങ്കില്‍ 

നിങ്ങള്‍ക്കു പരാതി ഒഴിഞ്ഞ സമയമുണ്ടാവില്ല. 
മറിച്ച,് നിങ്ങള്‍ക്കു കിട്ടിയിരിക്കുന്നതില്‍ നിങ്ങള്‍ സംതൃപ് തരും സന്തോഷവാന്മാരുമാണെങ്കില്‍ മറ്റുള്ളവരെകണ്ട് നിങ്ങള്‍ ബേജാറാവില്ല. 
ഈ മനോഭാവത്തില്‍ വേണം കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍. നീയെന്താണോ അതിലഭിമാനം കൊള്ളുകയും അതിനു കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുക. 
ഇതു മനസിലാക്കാത്ത മാതാപിതാക്കളെയാണു സൗന്ദര്യക്കുറവിന്റെ പേരില്‍ മക്കള്‍ തള്ളി
പ്പറയുന്നത്. സൗകര്യക്കുറവിന്റെ പേരില്‍ വീട്ടില്‍ ഒറ്റപ്പെടുത്തുന്നത്. വരുമാനമില്ലാത്തതിന്റെ പേരില്‍ വഴിയാധാരമാക്കുന്നത്.
''നിങ്ങളുടെ ഒന്നാമത്തെ പ്രശ്‌നം തന്നെയെടുക്കാം. നിങ്ങളുടെ കുട്ടി പഠിക്കുന്നില്ല എന്നതല്ലേ ? അവനെ ഒന്നു വിളിച്ചേ...'' മാഷ് പറഞ്ഞു.
''അവനിവിടില്ല മാഷേ... ട്യൂഷനു പോയതാ.'' സാലിക്കുട്ടി അഭിമാനത്തോടെ പറഞ്ഞു.
''ശരി. അവനെത്ര വിഷയങ്ങള്‍ക്കു തോറ്റെന്നു നിങ്ങള്‍ക്കറിയാമല്ലോ?''
''അവന് എല്ലാ വിഷയങ്ങള്‍ക്കും സെക്കന്റ് ക്ലാസ് മാര്‍ക്കുണ്ട്.'' സണ്ണിക്കുട്ടി പറഞ്ഞു.
''സണ്ണിയും സാലിയും പഠനത്തില്‍ വളരെ മിടുക്കരായിരുന്നുവോ ?'' മാഷ് ചോദിച്ചു.
''ഞാന്‍ എട്ടില്‍ രണ്ടുവട്ടം തോറ്റപ്പം നിര്‍ത്തി. അവള് ഏഴാം ക്ലാസുകാരിയാ.'' സണ്ണിക്കുട്ടിയാണിതു പറഞ്ഞത്.


''വിത്തുഗുണം പത്തുഗുണമെന്നു കേട്ടിട്ടില്ലേ. മക്കളുടെ കാര്യവും ഏതാണ്ടങ്ങനെ തന്നെയാ. അപ്പോള്‍ നിങ്ങളുടെ കുട്ടി അവനു കഴിയുന്ന വണ്ണം പഠിക്കുന്നുണ്ടെന്നു വേണം കരുതാന്‍. അവനെ അഭിനന്ദിക്കാനും നിങ്ങള്‍ മറക്കരുത്. 
അവന്‍ ക്ലാസില്‍ ഒന്നാമതെത്തണം എന്നു നിങ്ങള്‍ ആഗ്രഹിച്ചാല്‍ ഫലം നിരാശ മാത്രമാകും. നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ മറ്റൊരു പരീക്ഷണവും നടത്താം. കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തില്‍നിന്നും മാറ്റി മലയാളം മീഡിയത്തിലേക്കാക്കുക.''
''കുട്ടി ഭക്ഷണം കഴിക്കുന്നില്ല എന്നതിനെപ്പറ്റി നിങ്ങള്‍ ആകുലരാകേണ്ട. വിശന്നു കഴിയുമ്പോള്‍ തനിയെ എടുത്ത് കഴിച്ചുകൊള്ളും. 

അതുവരെ കാത്തിരിക്കാനുള്ള ക്ഷമ നിങ്ങള്‍ക്കുണ്ടാകണം. ഒരു കാര്യം ഓര്‍ത്താല്‍ മതി. 
ഒന്നോ രണ്ടോ നേരം ഭക്ഷണം കഴിക്കാത്തതിന്റെ പേരില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല.
''കുറെ കാര്യങ്ങള്‍ കുട്ടികള്‍ക്കു വിട്ടുകൊടുത്തുകൂടേ ? അവരുടെ തീരുമാനങ്ങള്‍ വലിയ അപകടകരമല്ലെങ്കില്‍ അംഗീകരിച്ചുകൂടേ ? 

കുട്ടികളെ വളര്‍ത്താന്‍ ചെറുപ്പക്കാരായ മാതാപിതാക്കള്‍ പരിശീലിക്കണം.
''കറണ്ട് കട്ടുള്ള നമ്മുടെ നാട്ടില്‍ പലപ്പോഴും വെളിച്ചത്തിനു മെഴുകുതിരി കത്തിക്കേണ്ടിവരും. നിങ്ങളുടെ കുസൃതിക്കുടുക്ക മെഴുകു തിരി നാളത്തില്‍ തൊടാന്‍ ശ്രമിച്ചാല്‍ 

നിങ്ങള്‍ എന്തു ചെയ്യും ?''
തുടരും...........