Friday 4 May 2012

രക്ഷിതാക്കളറിയാന്‍ 13



'സാലിക്കുട്ടി ദേഷ്യപ്പെടേണ്ട ഇവിടെ പാവപ്പെട്ടവര്‍ക്കും 

പണക്കാര്‍ക്കും ഒക്കെ ജീവിക്കാം. ഒരു തടസവുമില്ല. 
പക്ഷേ, പാവപ്പെട്ടവന്‍ പണക്കാരനേപ്പോലെ ജീവിക്കണം എന്നുവച്ചാല്‍ നടപ്പില്ലെന്നാണു ഞാന്‍ പറഞ്ഞത്. 
വല്ലവന്റേം വയലില്‍ പുല്ലു കണ്ട് പശുവിനെ വളര്‍ ത്തരുതെന്നു മാത്രം.'' മാഷ് വിവരിച്ചു.
''പാവപ്പെട്ടവന്‍ എന്നും പാവപ്പെട്ടവനായിരിക്കട്ടെ എന്നാണോ ?'' 

സാലിക്കുട്ടി വിടാന്‍ ഭാവമില്ല.


''ഒരിക്കലുമല്ല, പാവപ്പെട്ടവന്‍ തന്റെ അദ്ധ്വാനത്തിലൂടെ അന്നന്നത്തെ അപ്പം കണ്ടെത്തുകയും നാളേക്കു വേണ്ടി ചെറിയ സമ്പാദ്യം മാറ്റിവയ്ക്കുകയും അതിനുവേണ്ടി അനാവശ്യചെലവുകള്‍ ഒഴിവാക്കുകയും വേണം. ഇങ്ങനെ ചിട്ടയോടെയുള്ള സാമ്പത്തിക ആസൂത്രണം അവരുടെ സാമ്പത്തികനില ഉയര്‍ത്തുകയും ജീവിതം സന്തോഷകരമാക്കുകയും ചെയ്യും.'' മാഷ് പറഞ്ഞു.


''ശരിയാ മാഷേ. ഞാനിവളോട് എന്നും പറയുന്നതാ ഇല്ലാത്ത വലിപ്പമൊന്നും കാണിക്കാന്‍ നോക്കണ്ടാന്ന്. പറഞ്ഞാല്‍ മനസിലാകണ്ടേ ?''
 സണ്ണിക്കുട്ടി തന്റെ നിസഹായത വെളിപ്പെടുത്തി. മാഷ് ഉള്ളതിനാല്‍ വലിയ സ്‌ഫോടനം ഉണ്ടാവില്ല എന്ന ഉറപ്പിലാണു പറഞ്ഞത്.
''അതേ... എന്റെ ആങ്ങളമാരുടെയും അനുജത്തിമാരുടെയും പിള്ളേരു നടക്കുന്നപോലെ എന്റെ മക്കളേം ഞാന്‍ നടത്തും. എന്റെ കുടുംബക്കാര് അല്പം അഭിമാനമുള്ളോരാ...'' 

സാലിക്കുട്ടി വയലന്റായി.
''സാലിക്കുട്ടി പറയുന്നതിലും കാര്യമുണ്ട്.'' മാഷ് അടവൊന്നു മാറ്റി. 

വലിഞ്ഞുമുറുകി വന്ന സാലിക്കുട്ടിയുടെ മുഖം ഒന്നയഞ്ഞു. തന്റെ ഭാഗം വിജയിച്ചതുപോലെ അവള്‍ ഭര്‍ത്താവിനെ നോക്കി. 
മാഷ് തുടര്‍ന്നു: ''സ്രഷ്ടാവ് ചിലര്‍ക്ക് സമ്പത്തും സൗന്ദര്യവും കലാപരമായ കഴിവും അധികാരവും എല്ലാം നല്‍കും. മറ്റു ചിലര്‍ക്കു പണം മാത്രം. വേറൊരു കൂട്ടര്‍ക്കു സൗന്ദര്യം. ഇനിയൊരു കൂട്ടര്‍ക്കു കലാസാഹിത്യാ ഭിരുചി. ഒരു കൂട്ടര്‍ക്ക് അധികാരം മാത്രം.''


''ബൈബിളിലെ താലന്തുകളുടെ ഉപമപോലെ, അല്ലേ മാഷേ.'' സണ്ണിക്കുട്ടി ഇടയ്ക്കു കയറിപ്പറഞ്ഞു.
''അതേ... അതില്‍ ഒരു താലന്തു കിട്ടിയവനേപ്പോലെ അസംതൃപ്തനാണു നിങ്ങളെങ്കില്‍ 

നിങ്ങള്‍ക്കു പരാതി ഒഴിഞ്ഞ സമയമുണ്ടാവില്ല. 
മറിച്ച,് നിങ്ങള്‍ക്കു കിട്ടിയിരിക്കുന്നതില്‍ നിങ്ങള്‍ സംതൃപ് തരും സന്തോഷവാന്മാരുമാണെങ്കില്‍ മറ്റുള്ളവരെകണ്ട് നിങ്ങള്‍ ബേജാറാവില്ല. 
ഈ മനോഭാവത്തില്‍ വേണം കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാന്‍. നീയെന്താണോ അതിലഭിമാനം കൊള്ളുകയും അതിനു കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുക. 
ഇതു മനസിലാക്കാത്ത മാതാപിതാക്കളെയാണു സൗന്ദര്യക്കുറവിന്റെ പേരില്‍ മക്കള്‍ തള്ളി
പ്പറയുന്നത്. സൗകര്യക്കുറവിന്റെ പേരില്‍ വീട്ടില്‍ ഒറ്റപ്പെടുത്തുന്നത്. വരുമാനമില്ലാത്തതിന്റെ പേരില്‍ വഴിയാധാരമാക്കുന്നത്.
''നിങ്ങളുടെ ഒന്നാമത്തെ പ്രശ്‌നം തന്നെയെടുക്കാം. നിങ്ങളുടെ കുട്ടി പഠിക്കുന്നില്ല എന്നതല്ലേ ? അവനെ ഒന്നു വിളിച്ചേ...'' മാഷ് പറഞ്ഞു.
''അവനിവിടില്ല മാഷേ... ട്യൂഷനു പോയതാ.'' സാലിക്കുട്ടി അഭിമാനത്തോടെ പറഞ്ഞു.
''ശരി. അവനെത്ര വിഷയങ്ങള്‍ക്കു തോറ്റെന്നു നിങ്ങള്‍ക്കറിയാമല്ലോ?''
''അവന് എല്ലാ വിഷയങ്ങള്‍ക്കും സെക്കന്റ് ക്ലാസ് മാര്‍ക്കുണ്ട്.'' സണ്ണിക്കുട്ടി പറഞ്ഞു.
''സണ്ണിയും സാലിയും പഠനത്തില്‍ വളരെ മിടുക്കരായിരുന്നുവോ ?'' മാഷ് ചോദിച്ചു.
''ഞാന്‍ എട്ടില്‍ രണ്ടുവട്ടം തോറ്റപ്പം നിര്‍ത്തി. അവള് ഏഴാം ക്ലാസുകാരിയാ.'' സണ്ണിക്കുട്ടിയാണിതു പറഞ്ഞത്.


''വിത്തുഗുണം പത്തുഗുണമെന്നു കേട്ടിട്ടില്ലേ. മക്കളുടെ കാര്യവും ഏതാണ്ടങ്ങനെ തന്നെയാ. അപ്പോള്‍ നിങ്ങളുടെ കുട്ടി അവനു കഴിയുന്ന വണ്ണം പഠിക്കുന്നുണ്ടെന്നു വേണം കരുതാന്‍. അവനെ അഭിനന്ദിക്കാനും നിങ്ങള്‍ മറക്കരുത്. 
അവന്‍ ക്ലാസില്‍ ഒന്നാമതെത്തണം എന്നു നിങ്ങള്‍ ആഗ്രഹിച്ചാല്‍ ഫലം നിരാശ മാത്രമാകും. നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ മറ്റൊരു പരീക്ഷണവും നടത്താം. കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തില്‍നിന്നും മാറ്റി മലയാളം മീഡിയത്തിലേക്കാക്കുക.''
''കുട്ടി ഭക്ഷണം കഴിക്കുന്നില്ല എന്നതിനെപ്പറ്റി നിങ്ങള്‍ ആകുലരാകേണ്ട. വിശന്നു കഴിയുമ്പോള്‍ തനിയെ എടുത്ത് കഴിച്ചുകൊള്ളും. 

അതുവരെ കാത്തിരിക്കാനുള്ള ക്ഷമ നിങ്ങള്‍ക്കുണ്ടാകണം. ഒരു കാര്യം ഓര്‍ത്താല്‍ മതി. 
ഒന്നോ രണ്ടോ നേരം ഭക്ഷണം കഴിക്കാത്തതിന്റെ പേരില്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല.
''കുറെ കാര്യങ്ങള്‍ കുട്ടികള്‍ക്കു വിട്ടുകൊടുത്തുകൂടേ ? അവരുടെ തീരുമാനങ്ങള്‍ വലിയ അപകടകരമല്ലെങ്കില്‍ അംഗീകരിച്ചുകൂടേ ? 

കുട്ടികളെ വളര്‍ത്താന്‍ ചെറുപ്പക്കാരായ മാതാപിതാക്കള്‍ പരിശീലിക്കണം.
''കറണ്ട് കട്ടുള്ള നമ്മുടെ നാട്ടില്‍ പലപ്പോഴും വെളിച്ചത്തിനു മെഴുകുതിരി കത്തിക്കേണ്ടിവരും. നിങ്ങളുടെ കുസൃതിക്കുടുക്ക മെഴുകു തിരി നാളത്തില്‍ തൊടാന്‍ ശ്രമിച്ചാല്‍ 

നിങ്ങള്‍ എന്തു ചെയ്യും ?''
തുടരും........... 

No comments:

Post a Comment