Saturday 31 December 2011

ആത്മസ്ഥിതി വിവരം





കെ.എം.ജെ.പയസ്,കയ്യാണിയില്‍,തിടനാട്.


ഇച്ചായാ കാപ്പികുടിക്കാറായി എടുത്തു വെയ്ക്കട്ടെ?
ഫൂ.......................... നിന്റപ്പന് കൊണ്ടുപോയി കൊടെടീ.
ശ്ശെ..... എന്താ ഇച്ചായാ ഇത്............... പിള്ളേര് കേള്‍ക്കില്ലേ?
കേക്കട്ടെടീ.............. അവരറിയട്ടെ നിന്റെ ഗുണവതിയാരം
ഇച്ചായനെന്തിനാ ഈ ചൂടാവുന്നത്, അതിനുമാത്രം എന്നതാ ഞാന്‍ ചെയ്‌തെ?
നീ ഒന്നും ചെയ്തില്ലല്ലേ, ഞാന്‍ പൂരിപ്പിച്ചുവെച്ച ഫാറം ആരാടീ തിരുത്തിയത്?
ഓ.............. അതാണോ കാര്യം, ഞാനിന്നലെ ഇച്ചായനോട് തിരുത്തണമെന്ന് പറഞ്ഞതല്ലേ?
പറ്റില്ലെന്ന് ഞാനപ്പഴേ പറഞ്ഞതല്ലേ. പിന്നെന്താ?
ഇച്ചായാ പള്ളീന്ന് തന്ന ആത്മസ്ഥിതി വിവരണക്കണക്കിനുള്ള ഫാറമല്ലേ അതിലെല്ലാ കോളവും സത്യസന്ധമായി പൂരിപ്പിക്കണ്ടേ.
'എങ്കില്‍ തന്നേ അങ്ങ് പൂരിപ്പിക്കാമായിരുന്നല്ലോ. എഴുത്തും വായനയുമൊക്കെ നിനക്കുമറിയില്ലേ'
'തലയിരിക്കുമ്പോള്‍ വാലാടരുതല്ലോ എന്നോര്‍ത്താ?
വീടും പരിസരവും വൃത്തിയാക്കാന്‍ കുറെ ദിവസങ്ങളായി ഭാര്യ പറയുന്നതാ. എന്നാല്‍ ഞായറാഴ്ചയല്ലേ എന്തെങ്കിലുമൊക്കെ ചെയ്യാം എന്ന് വിചാരിച്ച് നോക്കിയപ്പോള്‍ പണിയായുധങ്ങള്‍ ഒന്നുമില്ല. മറ്റൊരു ദിവസത്തേക്ക് പണിമാറ്റിവെയ്ക്കാമെന്നുള്ള എന്റെ ചിന്ത ഭാര്യയുടെ ഇടപെടലിലാണ് അവസാനിച്ചത്. അങ്ങിനെയാണ് അയല്‍വാസിയായ ചാക്കോച്ചന്റെ വീട്ടുമുറ്റത്ത് തൂമ്പാ വാങ്ങാന്‍ ഞാന്‍്യൂഎത്തിയത്. അപ്പോഴതാ ഇവിടെ പന്തവും കൊളുത്തിപ്പട.
ഞാന്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.
കതകുതുറന്ന് ചാക്കോച്ചന്‍ തല നീട്ടി നോക്കി . ങ്ഹാ.. സാറാണോ.. കേറിവാ. ചാക്കോച്ചന്‍ അകത്തേക്ക് ക്ഷണിച്ചു.
'കാപ്പികുടിയൊക്കെ കഴിഞ്ഞോ ചാക്കോച്ചാ? കുട്ടിയമ്മേ കാപ്പികുടിക്കാന്‍ ഒരാളുകൂടി ഉണ്ട് കേട്ടോ.' എന്നൊക്കെ തട്ടിവിട്ട് ഞാന്‍ സോഫായിലിരുന്നു.
'എന്തുപറ്റി ചാക്കോച്ചാ രാവിലെയൊരു മൂഡോഫ്?. ഞാന്‍ ചോദിച്ചു.
'സാറെ വെറുതെ എന്നെ ചീത്തവിളിച്ചിട്ട് കാപ്പികുടിക്കാതിരിക്കുവാ.' കുട്ടിയമ്മയുടെ മറുപടി കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.
വേണ്ടിവന്നാല്‍ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന മട്ടില്‍ കുട്ടിയമ്മ.
'സാറെ പള്ളിയെന്നും പട്ടക്കാരെന്നും കേട്ടാല്‍ ഇതുങ്ങള്‍ക്ക് പിന്നെ കെട്ടിയോനും പിള്ളേരുമൊക്കെ പുല്ലാ. അവരെന്ത് ഊളത്തരം പറഞ്ഞാലും കാണിച്ചാലും എതിര്‍ക്കരുത്. ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ ഒരു ഫാറം കിട്ടി. ആത്മസ്ഥിതി വിവരണക്കണക്കാണെന്നാ പറയുന്നത്. രൂപതേടെ വകയാണെന്നും കേട്ടു. എത്ര സ്ഥലമുണ്ട്, പ്രതിമാസ വരുമാനമെത്ര, കൃഷിയെന്ത്?, എന്നൊക്കെയുള്ള ചോദ്യത്തിന് ശരിയായ ഉത്തരമെഴുതിക്കൊടുക്കണമെന്ന് ഇവള്‍. ഇതന്വേഷിക്കണ്ട ആവശ്യം പള്ളിക്കില്ലെന്ന് ഞാന്‍.' ചാക്കോച്ചന്‍ ഒന്നു നിര്‍ത്തി.
'അല്ല സാറെ ഇങ്ങേരെന്തിനാ ഈ വാശി പിടിക്കുന്നത്. എന്റെ കൂടെയുള്ള ടീച്ചര്‍മാരൊക്കെ എഴുതിക്കൊടുത്തു. എഴുതിക്കൊടുത്തെന്നു കരുതി എന്തു പറ്റാനാ. അരമനയില്‍ നിന്നല്ലല്ലോ വരുമാന സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നത്. അങ്ങെഴുതി കൊടുത്തേച്ചാല്‍ അതിന്റെ പേരില്‍ നോട്ടപ്പുള്ളിയാകേണ്ടല്ലോ?.' കിട്ടിയ സമയം കൊണ്ട് കുട്ടിയമ്മ തന്റെ നയം വ്യക്തമാക്കി.
'എന്താ വിശ്വാസികളെല്ലാം വെറും പൊട്ടന്മാരാണെന്നാണോ ഇവരുടെ വിചാരം. ഇതിനോടൊക്കെ ആത്മാര്‍ത്ഥമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ വിശ്വാസിയുടെ പേഴ്‌സ് തുറന്ന് നോക്കുന്നതിന് മുന്‍പ് രൂപതയുടെയും അതിലെ വൈദികരുടെയും, അതിന്റെ കീഴിലെ സ്ഥാപനങ്ങളുടെയും കണക്ക് വിശ്വാസികളെ ബോദ്ധ്യപ്പെടുത്തണം. കഴിയുമോ ഇവര്‍ക്ക്. സാമ്പത്തിക സത്യസന്ധത പുലര്‍ത്താത്ത സഭാനേതൃത്വത്തിന് വിശ്വാസികളുടെ വരുമാനം ചോദിക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണുള്ളത്.' ചാക്കോച്ചന്‍ വികാരധീനനായി.
'ഇതേ വെറുതെ അച്ചന്മാരെക്കുറച്ച് ആവശ്യമില്ലാത്തത് പറയല്ലേ. പിള്ളേര് വളര്‍ന്നുവരുന്നുണെന്ന് ഓര്‍മ്മ വേണം.' കുട്ടിയമ്മ ചാക്കോച്ചന് മുന്നറിയിപ്പ് നല്‍കി.
'പോടീ അവിടുന്ന് ഒരാവശ്യമില്ലാത്തതും ഞാന്‍ പറയത്തില്ല. സാറിനറിയുമോ വി. അല്‍ഫോന്‍സാമ്മയുടെ നാണയം 2500 രൂപ വാങ്ങിയാണ് ബുക്ക് ചെയ്യുന്നത്. ഇതേ നാണയം ഡിസംബര്‍ 31 വരെ ഇന്റര്‍നെറ്റിലൂടെ നേരിട്ട് ബുക്ക് ചെയ്യാന്‍ 2000 രൂപ മതി. ഇതിനോടകം ഏതാണ്ട് 3500 പേര്‍ ഭരണങ്ങാനത്ത് ബുക്ക് ചെയ്തു'. കുട്ടിയമ്മയുടെ നേരെ നോക്കി 'കണക്കറിയാമെങ്കില്‍ കൂട്ടെടി പൊട്ടി 3500ഃ500 അത്രയും തുക ഇട ലാഭം.
'ഇതൊക്കെ ശരിയാണോ ചാക്കോച്ചാ.' ഞാന്‍ ചോദിച്ചു.
'സാറിന് സംശയമുണ്ടെങ്കില്‍ ഹിന്ദു ദിനപത്രത്തിലും മറ്റും ഞആകയുടെ പരസ്യം വന്നിരുന്നത് നോക്ക്. അല്ലെങ്കില്‍ വേണ്ട വെബ്‌സൈറ്റ് നോക്ക്'. ചാക്കോച്ചന്റെ മുഖം ചുവന്നു. 'കൊടുക്കുന്നവര്‍ക്ക് കുഴപ്പമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ ഇച്ചായാ. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്ക്.'
കുട്ടിയമ്മ ഉപദേശിച്ചു.
'അതേടി വിവരദോഷി നീ തന്നെ ഇതു പറയണം. നിന്റെ കൂട്ടത്തിലൊരുത്തന്‍ ഇംഗ്‌ളീഷ് മീഡിയത്തില്‍ പഠിപ്പിക്കുന്നില്ലേ? അവനെത്രയാടി ശമ്പളം? എത്രയാടീ ഒപ്പിട്ട് കൊടുക്കുന്നത്? എത്രയാടീ കൈയില്‍ കിട്ടുന്നത്? ആരാടീ ഈ സ്ഥാപനം നടത്തുന്നത് ? കുറഞ്ഞത് ഇതെങ്കിലും പിതൃരഹിതമാണെന്ന് നിനക്കൊന്ന് പറയാമോ?'.ചാക്കോച്ചന്‍ നിന്ന് കിതച്ചു.
'ചാക്കോച്ചാ ഇങ്ങനെ വികാരം കൊള്ളാതെ നമ്മുടെ തടിയാ കേടാകുന്നെ' ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
'കുട്ടിയമ്മേ കാപ്പി വിളമ്പ് ഞാനും കൂടാം' ഞാന്‍ പറഞ്ഞു. കുട്ടിയമ്മ പോയി.
'ചാക്കോച്ചാ നമുക്ക് അഭിപ്രായ വ്യത്യാസങ്ങളുള്ള ഒത്തിരികാര്യങ്ങള്‍ സര്‍ക്കാരിലും സഭയിലുമൊക്കെ നടക്കുന്നുണ്ട്. അവയെചൊല്ലി വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലടിച്ചിട്ട് എന്താ കാര്യം. നമ്മുടെ കുടുംബസമാധാനവും കൂടി നഷ്ടമാകും അത്രതന്നെ.' ഞാന്‍ ചാക്കോച്ചനെ ആശ്വസിപ്പിക്കാന്‍ നോക്കി.
'സാറെ വീട്ടിലല്ലാതെ വേറെയെവിടെ എനിക്ക് പൊട്ടിത്തെറിക്കാന്‍ കഴിയും. പള്ളിയോഗത്തില്‍ വികാരിയുടെയും പിണിയാളുകളുടെയും അഭിപ്രായത്തെ എതിര്‍ത്താല്‍ കുര്‍ബ്ബാന പ്രസംഗത്തില്‍ വികാരി അപ്പനപ്പൂപ്പന്മാരുടെ കുടുംബച്രിത്രം വിവരിക്കും. അവിടെ മറുപടി പറയാന്‍ നമുക്കവസരമില്ലല്ലോ.' ചാക്കോച്ചന്‍ തന്റെ നിസ്സഹായാവസ്ഥ തുറന്നുപറഞ്ഞു.
് പല പള്ളികളും പടുകൂറ്റന്‍ പാരീഷ് ഹാളുകള്‍ പടുത്തുയര്‍ത്തി വിവാഹധൂര്‍ത്തിന് ഇടവക ജനങ്ങളെ ദൈവനാമത്തില്‍ പ്രേരിപ്പിക്കുകയല്ലേ. ഇതൊന്നും എനിക്ക് മനസ്സിലാകുന്നില്ല.' ചാക്കോച്ചന്‍ തുടര്‍ന്നു.
കുട്ടിയമ്മ കാപ്പിയും പലഹാരങ്ങളും മേശപ്പുറത്ത് നിരത്തി. ഞാന്‍ പറഞ്ഞു. 'ചാക്കോച്ചന്‍ ഇനി കാപ്പികുടിക്ക് ഞാന്‍ വന്നത് ആ തൂമ്പാ ഒന്നു വാങ്ങാനാണ്.'
'തൂമ്പയൊക്കെ തരാം. ഒരു ചായയെങ്കിലും കുടിക്ക്'. ചാക്കോച്ചന്‍ നിര്‍ബന്ധിച്ച് എന്നെയുമിരുത്തി.
ചാക്കോച്ചാ കാപ്പി കുടിക്കുന്നതിനിടയില്‍ ഈ കഥ കൂടി കേട്ടോളൂ.
'ഒരിടത്ത് രണ്ട് സുഹൃത്തുക്കള്‍ ജീവിച്ചിരുന്നു. ഒരാള്‍ ബുദ്ധിമാനും മറ്റവന്‍ ശുദ്ധനും. അവര്‍ക്ക് രണ്ടുപേര്‍ക്കുമായി ഉണ്ടായിരുന്നത് ഒരു പശുവും ഒരു മാവും ഒരു കമ്പിളിയും മാത്രം.
ബുദ്ധിമാനായ ഒന്നാമന്‍ ശുദ്ധനായ രണ്ടാമനോട് സ്വത്തുക്കള്‍ രണ്ടുപേര്‍ക്കുമായി വീതം വെയ്ക്കാമെന്ന് പറഞ്ഞു. രണ്ടാമന് ഒരെതിര്‍പ്പുമില്ലായിരുന്നു. ഒന്നാമന്‍ വീതം വെച്ചു.പശുവിന്റെ ഏറ്റവും ഭംഗിയുള്ള മുന്‍വശവും, മാവിന്റെ വിലപിടിപ്പുള്ള തടിയും കമ്പിളി ദിവസം 12 മണിക്കൂര്‍ ഉപയോഗിക്കാനുള്ള അവകാശവും രണ്ടാമന് കിട്ടിയപ്പോള്‍ പശുവിന്റെ പുറകും മാവിന്റെ ചില്ലകളും കമ്പിളിയുടെ 12 മണിക്കൂര്‍ ഉപയോഗവും ഒന്നാമന് കിട്ടി. സുഹൃത്തിന്റെ വിശാലമനസ്‌കത രണ്ടാമനെ സന്തോഷിപ്പിച്ചു.
അടുത്ത ദിവസം പതിവുപോലെ പശുവിനെ കറന്നു പക്ഷേ പാല് മുഴുവന്‍ ഒന്നാമന്‍ കുടിച്ചു. എന്താ ഇങ്ങനെ എന്നു ചോദിച്ച രണ്ടാമനു കിട്ടിയ മറുപടി അകിട് അവന്റെ വീതത്തിലാണെന്നായിരുന്നു. മാമ്പഴക്കാലമായപ്പോള്‍ ഒരെണ്ണമില്ലാതെ എല്ലാ മാമ്പഴവും ഒന്നാമന്‍ കഴിച്ചു. കാരണം ചില്ലകള്‍ അവന്റെ വീതത്തിലായിരുന്നല്ലോ. രാത്രി തണുപ്പ് തുടങ്ങിയപ്പോള്‍ കമ്പിളി ഒന്നാമന്‍ ഉപയോഗിച്ചു രണ്ടാമന്റെ 12 മണിക്കൂര്‍, പകല്‍ സമയം കൊണ്ട് കഴിഞ്ഞിരുന്നു. തന്റെ സുഹൃത്തിന്റെ പെരുമാറ്റത്തില്‍ നിരാശനായ രണ്ടാമന്‍ ദൂരയാത്ര പുറപ്പെട്ടു. വഴിക്ക് കണ്ട സന്ന്യാസിയോട് ദുഃഖങ്ങള്‍ പറഞ്ഞു. സന്ന്യാസി പരിഹാരവും നിര്‍ദ്ദേശിച്ചു. അയാള്‍ മടങ്ങിയെത്തി.
അടുത്ത ദിവസം ഒന്നാമന്‍ തന്റെ വീതത്തിലെ പാല് കറന്നു തുടങ്ങിയതോടെ രണ്ടാമന്‍ ഒരു പുല്‍ക്കൊടിയുമായി പശുവിനെ സമീപിച്ചു. തന്റെ വീതത്തിലുള്ള ചെവിയിലും മൂക്കിലും പുല്‍ക്കൊടിയിട്ട് തിരിച്ചു. പശു നാലുകാലും പറിച്ച് തൊഴിച്ചതിനാല്‍ കറന്ന മുഴുവന്‍ പാലും മറിഞ്ഞ് പോയി. ഒന്നാമന്‍ കോപിച്ചു. നീയെന്ത് പോക്രിത്തരമാ കാണിക്കുന്നത്? രണ്ടാമന്‍ പറഞ്ഞു എന്റെ വീതത്തിലെ ചെവിയും മൂക്കും ഒന്നു വൃത്തിയാക്കിയതാണ്. നീ നിന്റെ വീതത്തിലെ കാര്യം നോക്കിയാല്‍ മതി.
മാമ്പഴക്കാലമായി ഒന്നാമന്‍ മാമ്പഴം പറിക്കാന്‍ മരത്തില്‍ കയറി. രണ്ടാമന്‍ കോടാലിയുമായി വന്ന് തന്റെ വീതമായ തടി വെട്ടാനാരംഭിച്ചു. നീയെന്ത് വൃത്തികേടാണ് കാണിക്കുന്നത്?. ഒന്നാമന്‍ കോപിച്ചു. തടി എന്റെ വീതമാണെന്ന് രണ്ടാമന്‍ പ്രതിവചിച്ചു. രാത്രിയായപ്പോള്‍ കമ്പിളി ഒന്നാമന് കൊടുത്തു. പക്ഷേ നന്നായി നനഞ്ഞിരുന്നു. ഇതെന്ത് പണിയാ നീ കാണിച്ചത്. ഒന്നാമന്‍ ചോദിച്ചു. എന്റെ ഉപയോഗം കഴിഞ്ഞ് കഴുകിത്തരാമെന്ന് കരുതി. രണ്ടാമന്‍ പറഞ്ഞു.
കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയ ഒന്നാമന്‍ തന്റെ സ്വാര്‍ത്ഥതയോര്‍ത്ത് മാപ്പു പറഞ്ഞു.പിന്നീടവര്‍
സഹകരിച്ച് സ്‌നേഹത്തോടെ ജീവിച്ചു.
കഥ നിര്‍ത്തി ഞാന്‍ എഴുന്നേറ്റു.
'സാറേ എന്നേപ്പോലുള്ള വിശ്വാസികളാണ് കഥയിലെ രണ്ടാമന്‍.'ചാക്കോച്ചന്റെ വ്യാഖ്യാനം ഞാന്‍ കേട്ടതായി ഭാവിച്ചില്ല.
എന്തായാലും രംഗം ശാന്തമായി.
തൂമ്പയും വാങ്ങി ഞാനിറങ്ങി

1 comment:

  1. സഹിക്കാന്‍ മേലാത്ത സ്വാര്‍ത്ഥതയും അതിന്റെ അരങ്ങുതകര്‍ത്തുള്ള നാടകങ്ങളും സഭ നിരന്തരം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭൂരിഭാഗം വിശ്വാസികള്‍, പയസ് കയ്യാണിയില്‍ എഴുതിയ നര്‍മ്മകഥയിലെ ശുദ്ധനെപ്പോലെ, ഒന്നും മനസ്സിലാക്കില്ല. എന്നാല്‍ അല്പമൊക്കെ മൂള ബാക്കിയുള്ളവര്‍ പ്രതികരിക്കാതെ അടങ്ങില്ല. അറിയാവുന്ന നല്ല ഭാഷ തന്നെ അവര്‍ എടുത്തുപയോഗിക്കും. അത് കേള്‍ക്കുന്ന ആചാര്യന്മാര്‍ വിളിച്ചു പറയും, ഇത്രയൊന്നും കടുത്ത വാക്കുകള്‍ ഉപയോഗിക്കാതെയും, സൌഹൃദഭാവത്തിലും ആയിക്കൂടേ പ്രതികരണം എന്നൊക്കെ. എന്നാല്‍ അവര്‍ ഒന്നു മനസ്സിലാക്കണം. എത്ര നല്ല ഭാഷയില്‍ പറഞ്ഞാലും അത് കേള്‍ക്കാന്‍ ക്ഷമയോ സഹിഷ്ണുതയോ ഇല്ലാത്തവരാണ് ഇന്ന് സഭയെ അതിന്റെ തലയില്‍ കയറിയിരുന്നു ഭരിക്കുന്നത്‌ എന്ന് ഇത്രയും നാളത്തെ അനുഭവം കൊണ്ട് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്‍മായശബ്ദത്തില്‍ പ്രതികരിച്ചെഴുതുന്നവരെല്ലാം, അവരുടെ വാക്കുകള്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കുമെന്നോ അല്പമെങ്കിലും ആത്മശോധന നടത്തുമെന്നോ ഉള്ള ശുഭാപ്തി വിശ്വാസംകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്. മറിച്ച്, ഉള്ളിലുള്ള ദു:ഖവും നിരാശയും അല്പമൊന്ന് പുറത്തുകളയാന്‍ വേണ്ടി മാത്രമാണ്. ഒന്നും നന്നാകുകയില്ലെന്നു ആര്‍ക്കാണ് അറിയില്ലാത്തത്? അല്ലെങ്കില്‍ ഫ്രെഞ്ച് വിപ്ലവം പോലൊന്നിനു നമ്മള്‍ തുടക്കമിടണം. അതുവരെ ഇങ്ങനെ തലയിലെ ചൂട് അല്പം കുറയ്ക്കാം എന്ന് മാത്രം.
    ഇന്നലെ അതിരമ്പുഴ പള്ളിക്ക് ചുറ്റും ഒന്ന് നടന്നു കണ്ടു. എന്തെല്ലാം മരാമത്ത് പണികളാണ് അവിടെ ഇതിനകം നടത്തിയിട്ടുള്ളത്, ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്! ഒരു കലയും തൊട്ടുതേച്ചിട്ടില്ലാത്ത വിധത്തില്‍ പതിന്നാലു കുരിശിന്റെ വഴികള്‍ ഉണ്ടാക്കിവച്ചിരിക്കുന്നത് കണ്ടാല്‍ ഭക്തിയെക്കാളേറെ അറപ്പും വിരക്തിയുമാണ് ഉള്ളില്‍ ജനിക്കുക. വിവരംകെട്ട അന്ധവിശ്വാസികള്‍ ആതുരസേവനത്തിനു കൊണ്ടുപോയി ഇടുന്ന കാശെല്ലാം പകരം ഇങ്ങനെ ധൂര്‍ത്തടിക്കുന്ന പള്ളികളാണ് കേരളത്തിലെവിടെയും ഇന്ന് കാണാനുള്ളത്. ഇതൊക്കെ മനുഷ്യര്‍ക്ക്‌ ഗുണം ചെയ്യാനോ, അച്ചന്മാരുടെ അഹന്തയെ വീര്‍പ്പിക്കാനോ എന്നത് ഉത്തരം ആവശ്യമില്ലാത്ത ചോദ്യമാണ്.

    ഇവര്‍ മനുഷ്യരുടെ ആത്മീയ രജിസ്റ്റര്‍ ഉണ്ടാക്കുന്നു! എന്തുകൊണ്ട് അച്ചന്മാരുടെ ആത്മീയ രജിസ്റ്റരും ഉണ്ടാക്കണമെന്നും അത് ഏവര്‍ക്കും കാണാനായി നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കണമെന്നും തിരിച്ചും ഒരു കണ്ടീഷന്‍ വച്ചുകൂടാ?

    ReplyDelete