Saturday 25 January 2014

കൗടില്യ കുടില തന്ത്രങ്ങള്‍

ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ ശ്രീ.കെജരിവാള്‍ 
ഡല്‍ഹിയുടെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ 
ജനങ്ങളെ സംഘടിപ്പിച്ച്‌ നടത്തിയ സമരം അങ്ങേയറ്റം അപലപനീയവും 
നിരുത്തരവാദപരവും ആയിപ്പോയി എന്ന്‌ കോണ്‍ഗ്രസ്‌, ബി.ജെ.പി നേതാക്കളും, 
അദ്ദേഹത്തിന്റെ നടപടി മാതൃകാപരവും വിപ്‌ളവകരവും ആണെന്ന്‌ ന്യൂജനറേഷനും അഭിപ്രായപ്പെട്ടിരിക്കുകയാണ്‌.
ഇവിടെ ഒരു കഥ പങ്കുവെയ്‌ക്കാന്‍ ആഗ്രഹമുണ്ട്‌.
ഒരിക്കല്‍ ഒരു ഉറുമ്പിന്‍ കൂട്ടത്തെ ചവിട്ടി മെതിച്ചു കടന്നുപോയ മനുഷ്യനോടുള്ള 

ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തിക്കൊണ്ട്‌  
അവരുടെ നേതാവ്‌ അയാളുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ പുറപ്പെട്ടു.
നേരം ഏറെയായിട്ടും നേതാവ്‌ തിരികെ എത്താതിരുന്നപ്പോള്‍ അടുത്ത നേതാവ്‌ പുറപ്പെട്ടു. 
പിന്നെ അടുത്തയാള്‍. പോകുന്നവരാരും മടങ്ങിയെത്തുന്നില്ല. 
ഇതെന്തു പറ്റി എന്നറിയാന്‍ ഒരനുയായി 
പമ്മി പമ്മി ആ മനുഷ്യന്റെ അടുത്തെത്തിയപ്പോള്‍ കണ്ട കാഴ്‌ച അമ്പരപ്പിക്കുന്നതായിരുന്നു. 
മുമ്പേ പോയ നേതാക്കള്‍ക്കാര്‍ക്കും അയാളുടെ കണ്ണിനരുകില്‍ എത്താനായില്ല. 
കാരണം അയാള്‍ മധുര പലഹാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കോണ്‍ഗ്രസ്‌ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ 
 എത്രയെത്ര മധുരോദാത്തമായ ഉന്മത്തദായകമായ സമ്മാനങ്ങളാണ്‌ 
ആംആദ്‌മി പ്രവര്‍ത്തകര്‍ക്കായി തയ്യാറാക്കി വെച്ചിരിക്കുന്നത്‌.
അരാജക വാദികളെന്ന്‌ ആക്ഷേപിക്കപ്പെട്ട്‌ ധര്‍ണ്ണയും സത്യാഗ്രഹവുമായി നടന്നിരുന്ന AAP പാര്‍ട്ടിക്ക്‌ 

 ഡല്‍ഹിയില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞത്‌ എന്തുകൊണ്ടാണ്‌ ?
ഇന്ന്‌ ഭാരതത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതുകൊണ്ട്‌. 
 അത്‌ ജനങ്ങളെ സ്വാധീനിച്ചതുകൊണ്ട്‌.
കോണ്‍ഗ്രസ്‌ പിന്തുണച്ചതെന്തുകൊണ്ടാണ്‌?
വീണ്ടുമൊരു തെരഞ്ഞെടുപ്പു വ്‌ന്നാല്‍ AAP മൂന്നില്‍ രണ്ട്‌. 

ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്ന ശങ്കകൊണ്ട്‌.
അതുമാത്രമല്ല
ഇന്ത്യയിലെ വിപ്‌ളവ പാര്‍ട്ടി നേതാക്കളെപ്പോലും വീഴിച്ചെടുത്ത 

കൗടില്യ കുടില തന്ത്രങ്ങള്‍ ഇവരുടെ നേര്‍ക്കും പ്രയോഗിക്കാമെന്ന വിശ്വാസം കൊണ്ട്‌.
എന്തായാലും നമുക്കറിയാത്ത ചില നഗ്ന സത്യങ്ങള്‍ മറനീക്കി പുറത്തു വരാന്‍ ഈ സമരം ഹേതുവായി.
1 ഡല്‍ഹി മുഖ്യന്‍ കേന്ദ്രത്തിന്റെ പാവയാണ്‌
2 കേന്ദ്ര 
മന്ത്രിമാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക്‌(വ്യഭിചാര ശാലകള്‍ പോലും) 
  കാവല്‍ നില്‌ക്കുക എന്നതാണ്‌ സംസ്ഥാന ഭരണകൂടത്തിന്റെ ജോലി.
3 ഇന്ത്യയിലെ രാഷ്ട്രീയ അധോലോക ബന്ധത്തിന്റെ തീവ്രത.
   

   ഇന്ത്യന്‍ പ്രസിഡന്റ്‌ റിപ്പബ്‌ളിക്‌ ദിന സന്ദേശത്തില്‍ ആപ്‌ പാര്‍ട്ടിയെ 
   പരോക്ഷമായി വിമര്‍ശിക്കാന്‍ തുനിഞ്ഞപ്പോഴും 
   രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക്‌ തീറെഴുതിയ, 
   ബഹുരാഷ്ട്ര കുത്തകകള്‍ക്ക്‌ അടിയറവെച്ച കേന്ദ്ര ഗവര്‍മെന്റ്‌ നയങ്ങള്‍ക്കെതിരേ 
   പ്രതികരിക്കാന്‍ എന്തേ തയ്യാറായില്ല.




Monday 20 January 2014

വെടക്കാക്കി തനിക്കാക്കുന്നവര്‍



മലയാളത്തിലെ പ്രസിദ്ധമായ ഈ പ്രയോഗത്തിന്റെ 

ആനുകാലിക പ്രയോക്താക്കള്‍ ആരാണെന്ന്‌ ചോദിച്ചാല്‍ 
 നിങ്ങള്‍ എന്തു മറുപടി പറഞ്ഞാലും എനിക്കൊരു മറുപടിയുണ്ട്‌.
അത്‌ ആം ആദ്‌മി പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്ന ആ പുംഗവന്‍ തന്നെ.
അയാള്‍ക്ക്‌ പിന്നില്‍ കളിക്കുന്നവര്‍ ആരൊക്കെയാണെന്നും 

അവരുടെ ലക്ഷ്യമെന്താണെന്നും സാമാന്യ ബോധമുള്ളവര്‍ക്ക്‌ മനസ്സിലാകും.
ഈ സംഭവം ചൂണ്ടിക്കാട്ടി ചിലരൊക്കെ പ്രവചനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. 

AAP തകരാന്‍ തുടങ്ങിക്കഴിഞ്ഞു, സമരം പോലെ എളുപ്പമല്ല ഭരണം, 
കെജരിവാളും ചെറുപ്പത്തില്‍ കിടക്കയില്‍ മൂത്രമൊഴിച്ചിട്ടുണ്ട്‌ അപ്പോള്‍ ഇവര്‍ തമ്മിലെന്തു വ്യത്യാസം. 
 ഇങ്ങനെ പോകുന്നു വ്യാഖ്യാനങ്ങള്‍.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ അല്‌പ്പം പഴയ തലമുറയ്‌ക്കറിയാവുന്ന, 

ഭാവനാ സമ്പന്നനായ ഏതോ ഒരാള്‍ പാടിയ കവിതാ ശകലം ഓര്‍്‌ത്തുപോകുന്നു.
"ഇതു കണ്ടിട്ടാടണ്ട കണ്ണന്‍ ചേമ്പേ........."
കേരളത്തിലെ ഗ്രാമങ്ങളില്‍ പാര്‍ട്ടിയിലേക്ക്‌ ചേര്‍ന്നുകൊണ്ടിരിക്കുന്നവര്‍ 

കാലാകാലങ്ങളായി അസംതൃപ്‌തി മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ തന്നെയാണ്‌. 
നിലവിലുള്ള കക്ഷിരാഷ്ട്രീയ ഗുണ്ടാ മാഫിയാ സംവിധാനത്തോട്‌ ഒളിഞ്ഞും തെളിഞ്ഞും 
പ്രതിക്ഷേധിച്ചിട്ടുള്ളവരും ഈ കൂട്ടത്തിലുണ്ട്‌.
"പട്ടിണിയായ മനുഷ്യാ നീ
പുസ്‌തകം കൈയിലെടുത്തോളു
പുത്തനൊരായുധമാണു നിനക്കത്‌
പുസ്‌തകം കൈയിലെടുത്തോളൂ"
അറിവാണ്‌ ശക്തി. കഴുതയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പൊതുജനത്തിന്റെ ശേഷിയെന്തെന്ന്‌ 

അവനു തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധം അവനുണ്ടാകണം.
AAP യുടെ നേതാക്കള്‍ ഈയൊരവബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ 

ഇവിടെയും ഡല്‍ഹി ആവര്‍ത്തിക്കുന്ന കാലം ഏറെ ദൂരെയല്ല.
ഞങ്ങളുടെ സുഹൃത്ത്‌ കൃഷ്‌ണന്‍കുട്ടി സാറിന്റെ അനുഭവം ഒന്നു കേള്‍ക്കൂ.
തിടനാട്‌ സ്ഥിതിചെയ്യുന്ന കൊണ്ടൂര്‍ വില്ലേജാഫീസില്‍ 

കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്‌ അപേക്ഷ നല്‍കി മടങ്ങി . ഒരു കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്‌ അനുവദിച്ചിട്ടുള്ള നിശ്ചിത ദിവസങ്ങള്‍ക്ക്‌ ശേഷം ഓഫീസിലെത്തിയപ്പോള്‍ ഉച്ചവരെ വെയ്‌റ്റ്‌ ചെയ്യാന്‍ വില്ലേജാഫീസര്‍ പറഞ്ഞു.
ഉച്ചയായപ്പോള്‍ വില്ലേജാഫീസറെ അന്വേക്ഷിച്ച സാറിനോട്‌ സ്‌റ്റാഫ്‌ പറഞ്ഞത്‌ അദ്ദേഹം മറ്റേതോ സൈറ്റ്‌ നോക്കാന്‍ പോയിരിക്കുകയാണ്‌ ഇന്നത്തേക്ക്‌ ഇനി പ്രതീക്ഷിക്കേണ്ട എന്നാണ്‌.
ഇത്‌ കേട്ട കൃഷ്‌ണന്‍കുട്ടിസാര്‍ ഓഫീസിലുണ്ടായിരുന്ന ബഞ്ചില്‍ ഇരുന്നു. 

5 മണിയായി. ജീവനക്കാര്‍ ഓഫീസ്‌ അടക്കാനുള്ള ഒരുക്കമെന്ന നിലയില്‍ സാറിനോട്‌ പുറത്തിറങ്ങി നില്‌ക്കാന്‍ ആവശ്യപ്പെട്ടു. 
വില്ലേജാഫീസര്‍ വന്ന്‌ തന്റെ സര്‍ട്ടിഫിക്കറ്റ്‌ തരാതെ പുറത്തിറങ്ങുന്ന പ്രസ്‌നമില്ലെന്ന്‌ പറഞ്ഞ സാറിനെ 
വിരട്ടി നോക്കാന്‍ അവരൊന്ന്‌ ശ്രമിച്ചുനോക്കി. 
പോലീസിനെയോ വേണമെങ്കില്‍ തഹസ്സീല്‍ദാരെയോ വിളിച്ചുകൊള്ളാന്‍ സാര്‍ പറഞ്ഞപ്പോള്‍ വിരട്ട്‌ ചെലവാകില്ലെന്ന്‌ മനസ്സിലാക്കിയ ജീവനക്കാരന്‍ ധൃതിയില്‍ ആരെയോ ഫോണ്‍ ചെയ്‌തു.
മിനിറ്റുകള്‍ക്കകം വില്ലേജാഫീസര്‍ സ്ഥലത്തെത്തി സാറിന്‌ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തു.
ഇതാണ്‌ നിശബ്ദ വിപ്‌ളവം.
ഇതിന്‌ അറിവെന്ന ആയുധമാണ്‌ വേണ്ടത്‌.
നമ്മള്‍ യജമാനരാണെന്ന ബോധ്യമാണുണ്ടാവേണ്ടത്‌.























Friday 10 January 2014

ഇതൊരൊറ്റപ്പെട്ട സംഭവമല്ല.

ഒരു ബുധനാഴ്‌ച അയാള്‍ വടിപ്പോളീഷ്‌ മുക്കി അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടുമിട്ട്‌ തന്റെ പുതിയ സ്വിഫ്‌റ്റ്‌ ഡിസയറില്‍ മനം കുളിര്‍പ്പിക്കുന്ന സംഗീതത്തില്‍ ലയിച്ച്‌ സാമാന്യം നല്ല വേഗതയില്‍ ഹൈവേയിലൂടെ പായുകയാണ്‌. കുറച്ചകലെ കുറെപ്പേര്‍ ഓടിക്കൂടുന്നത്‌ അയാള്‍ ശ്രദ്ധിച്ചു. അടുത്തെത്തിയപ്പോള്‍ ഒരു വാഹനാപകടം നടന്നിരിക്കുന്നു എന്നയാള്‍ക്ക്‌ മനസ്സിലായി. 
 ഒരു കല്ലാണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട അയാളുടെ പ്രായോഗിക ബുദ്ധി ഉടനുണരുകയും ആക്‌സിലേറ്ററില്‍ കാലമര്‍ത്തുകയും ചെയ്‌തു.
ബൈക്കില്‍ നിന്നും തെറിച്ചുവീണ മൂന്നു കുട്ടികള്‍. രക്തത്തില്‍ കുളിച്ചിരുന്ന അവരുടെ മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു. 

രണ്ടുപേര്‍ നിശ്ചലരാണ്‌. ഒരാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു വീണ്ടും വീഴുന്നു. ഓടിക്കൂടിയവര്‍ സ്‌തബ്‌ദരായി നില്‌ക്കുകയാണ്‌.
പരിസരബോധം വീണ്ടെടുത്ത ഒരാള്‍ ആ വഴി വന്ന പല വാഹനങ്ങള്‍ക്കും കൈകാണിച്ചു.
പക്ഷേ എല്ലാവരും പ്രായോഗിക ബുദ്ധിയുടെ ഉടമകള്‍. മറ്റൊരാള്‍ ഓടി ടാക്‌സി സ്റ്റാന്‍ഡിലെത്തി. 

കഷ്‌ഠം ഒരു വണ്ടിയില്‍ പോലും ഡ്രൈവറില്ല.
അപ്പോഴാണ്‌ തങ്കച്ചന്‍ വണ്ടിയുമായി എത്തുന്നത്‌. 

വിവരം അറിഞ്ഞയുടന്‍ വണ്ടി സംഭവസ്ഥലത്തെത്തി.
വണ്ടി വന്നു നിന്നപ്പോള്‍ അതുവരെ അടുത്തു നിന്നിരുന്ന പലരും പുറകോട്ട്‌ മാറി. 

 ചോരയില്‍ കുളുച്ചു കിടക്കുന്ന ഈ അപരിചിതരെ എടുത്ത്‌ വണ്ടിയില്‍ കയറ്റാന്‍ സഹായിച്ച്‌ എന്തിന്‌ രക്തക്കറ വസ്‌ത്രത്തില്‍ പറ്റിക്കണം.
എങ്ങനെയും വണ്ടിയില്‍ മൂന്നുപേരെയും കയറ്റി. 

തങ്കച്ചനു കൂട്ടായി ആരെങ്കിലും വണ്ടിയില്‍ കേറാന്‍ ഇല്ലാതിരുന്നപ്പോള്‍ അതാ സണ്ണി എത്തി. 
അതുകണ്ട്‌ അപരിചിതനായ ഒരാളും കയറി വണ്ടി മെഡിക്കല്‍ കോളേജിലേക്ക്‌ പാഞ്ഞു.
അയാള്‍ കല്ല്യാണമക്കെ കഴിഞ്ഞ്‌ കൂട്ടുകാരോടും ബന്ധുക്കളോടും കുശലങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണ്‌ ഒരു ഫോണ്‍ വന്നത്‌. 

തിരക്കില്‍ നിന്നും അല്‌പ്പം മാറിനിന്ന്‌ അയാള്‍ കോള്‍ അറ്റന്‍ഡ്‌ ചെയ്‌തു. 
മകന്‍ ബൈക്കപകടത്തില്‍ പെട്ട്‌ മെഡിക്കല്‍ കോളേജിലാണ്‌ .ഇപ്പോഴാണ്‌ ആളെ ഐഡന്റിഫൈ ചെയ്യാനായത്‌. അയാളുടെ കണ്ണില്‍ ഇരുട്ടു കയറി.
മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ്‌ മകന്റെ മരണവാര്‍ത്ത അയാളറിഞ്ഞത്‌ . 

കുറച്ചുകൂടി നേരത്തെ എത്തിച്ചിരുന്നെങ്കില്‍ രക്ഷപെട്ടേനെ എന്ന്‌ ഡോക്‌ടര്‍ പറഞ്ഞപ്പോഴാണ്‌ താന്‍ രാവിലെ വണ്ടി നിര്‍ത്താതെ പോന്നതിന്റെ ഫലം അയാളോര്‍ത്തത്‌??

സ്‌നേഹിതരേ
ഇതൊരൊറ്റപ്പെട്ട സംഭവമല്ല.
വണ്ടി നിര്‍ത്താത്തവരും ഒഴിഞ്ഞു മാറുന്നവരും മുങ്ങുന്ന ടാക്‌സിക്കാരും ഒക്കെ ഓര്‍ക്കുക അപകടത്തില്‍ പെട്ടിരിക്കുന്നത്‌ നിങ്ങളുടെ വേണ്ടപ്പെട്ടവരാകാം.
അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ പേരില്‍ നിങ്ങള്‍ ഒരു നിയമക്കുരുക്കിലും പെടില്ല. വണ്ടിയുടെ ഇന്റേണല്‍ ക്‌ളീനിങ്ങിന്‌ ഏറ്റവും കൂടിയാല്‍ 2000 രൂപയില്‍ താഴെയേ ചെലവു വരൂ. അപ്പോള്‍ നാം രക്ഷിക്കുന്നത്‌ ഒരു ജീവനാണെന്നോര്‍ക്കുക.
സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കുന്നതിലും വലിയ ത്യാഗമില്ല എന്നല്ലേ. കുറഞ്ഞപക്ഷം അതിനായി ഒരു ഷര്‍ട്ടും മുണ്ടും എങ്കിലും നമുക്കുപേക്ഷിക്കരുതോ.