Friday 10 January 2014

ഇതൊരൊറ്റപ്പെട്ട സംഭവമല്ല.

ഒരു ബുധനാഴ്‌ച അയാള്‍ വടിപ്പോളീഷ്‌ മുക്കി അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടുമിട്ട്‌ തന്റെ പുതിയ സ്വിഫ്‌റ്റ്‌ ഡിസയറില്‍ മനം കുളിര്‍പ്പിക്കുന്ന സംഗീതത്തില്‍ ലയിച്ച്‌ സാമാന്യം നല്ല വേഗതയില്‍ ഹൈവേയിലൂടെ പായുകയാണ്‌. കുറച്ചകലെ കുറെപ്പേര്‍ ഓടിക്കൂടുന്നത്‌ അയാള്‍ ശ്രദ്ധിച്ചു. അടുത്തെത്തിയപ്പോള്‍ ഒരു വാഹനാപകടം നടന്നിരിക്കുന്നു എന്നയാള്‍ക്ക്‌ മനസ്സിലായി. 
 ഒരു കല്ലാണത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട അയാളുടെ പ്രായോഗിക ബുദ്ധി ഉടനുണരുകയും ആക്‌സിലേറ്ററില്‍ കാലമര്‍ത്തുകയും ചെയ്‌തു.
ബൈക്കില്‍ നിന്നും തെറിച്ചുവീണ മൂന്നു കുട്ടികള്‍. രക്തത്തില്‍ കുളിച്ചിരുന്ന അവരുടെ മുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു. 

രണ്ടുപേര്‍ നിശ്ചലരാണ്‌. ഒരാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു വീണ്ടും വീഴുന്നു. ഓടിക്കൂടിയവര്‍ സ്‌തബ്‌ദരായി നില്‌ക്കുകയാണ്‌.
പരിസരബോധം വീണ്ടെടുത്ത ഒരാള്‍ ആ വഴി വന്ന പല വാഹനങ്ങള്‍ക്കും കൈകാണിച്ചു.
പക്ഷേ എല്ലാവരും പ്രായോഗിക ബുദ്ധിയുടെ ഉടമകള്‍. മറ്റൊരാള്‍ ഓടി ടാക്‌സി സ്റ്റാന്‍ഡിലെത്തി. 

കഷ്‌ഠം ഒരു വണ്ടിയില്‍ പോലും ഡ്രൈവറില്ല.
അപ്പോഴാണ്‌ തങ്കച്ചന്‍ വണ്ടിയുമായി എത്തുന്നത്‌. 

വിവരം അറിഞ്ഞയുടന്‍ വണ്ടി സംഭവസ്ഥലത്തെത്തി.
വണ്ടി വന്നു നിന്നപ്പോള്‍ അതുവരെ അടുത്തു നിന്നിരുന്ന പലരും പുറകോട്ട്‌ മാറി. 

 ചോരയില്‍ കുളുച്ചു കിടക്കുന്ന ഈ അപരിചിതരെ എടുത്ത്‌ വണ്ടിയില്‍ കയറ്റാന്‍ സഹായിച്ച്‌ എന്തിന്‌ രക്തക്കറ വസ്‌ത്രത്തില്‍ പറ്റിക്കണം.
എങ്ങനെയും വണ്ടിയില്‍ മൂന്നുപേരെയും കയറ്റി. 

തങ്കച്ചനു കൂട്ടായി ആരെങ്കിലും വണ്ടിയില്‍ കേറാന്‍ ഇല്ലാതിരുന്നപ്പോള്‍ അതാ സണ്ണി എത്തി. 
അതുകണ്ട്‌ അപരിചിതനായ ഒരാളും കയറി വണ്ടി മെഡിക്കല്‍ കോളേജിലേക്ക്‌ പാഞ്ഞു.
അയാള്‍ കല്ല്യാണമക്കെ കഴിഞ്ഞ്‌ കൂട്ടുകാരോടും ബന്ധുക്കളോടും കുശലങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണ്‌ ഒരു ഫോണ്‍ വന്നത്‌. 

തിരക്കില്‍ നിന്നും അല്‌പ്പം മാറിനിന്ന്‌ അയാള്‍ കോള്‍ അറ്റന്‍ഡ്‌ ചെയ്‌തു. 
മകന്‍ ബൈക്കപകടത്തില്‍ പെട്ട്‌ മെഡിക്കല്‍ കോളേജിലാണ്‌ .ഇപ്പോഴാണ്‌ ആളെ ഐഡന്റിഫൈ ചെയ്യാനായത്‌. അയാളുടെ കണ്ണില്‍ ഇരുട്ടു കയറി.
മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ്‌ മകന്റെ മരണവാര്‍ത്ത അയാളറിഞ്ഞത്‌ . 

കുറച്ചുകൂടി നേരത്തെ എത്തിച്ചിരുന്നെങ്കില്‍ രക്ഷപെട്ടേനെ എന്ന്‌ ഡോക്‌ടര്‍ പറഞ്ഞപ്പോഴാണ്‌ താന്‍ രാവിലെ വണ്ടി നിര്‍ത്താതെ പോന്നതിന്റെ ഫലം അയാളോര്‍ത്തത്‌??

സ്‌നേഹിതരേ
ഇതൊരൊറ്റപ്പെട്ട സംഭവമല്ല.
വണ്ടി നിര്‍ത്താത്തവരും ഒഴിഞ്ഞു മാറുന്നവരും മുങ്ങുന്ന ടാക്‌സിക്കാരും ഒക്കെ ഓര്‍ക്കുക അപകടത്തില്‍ പെട്ടിരിക്കുന്നത്‌ നിങ്ങളുടെ വേണ്ടപ്പെട്ടവരാകാം.
അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ പേരില്‍ നിങ്ങള്‍ ഒരു നിയമക്കുരുക്കിലും പെടില്ല. വണ്ടിയുടെ ഇന്റേണല്‍ ക്‌ളീനിങ്ങിന്‌ ഏറ്റവും കൂടിയാല്‍ 2000 രൂപയില്‍ താഴെയേ ചെലവു വരൂ. അപ്പോള്‍ നാം രക്ഷിക്കുന്നത്‌ ഒരു ജീവനാണെന്നോര്‍ക്കുക.
സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കുന്നതിലും വലിയ ത്യാഗമില്ല എന്നല്ലേ. കുറഞ്ഞപക്ഷം അതിനായി ഒരു ഷര്‍ട്ടും മുണ്ടും എങ്കിലും നമുക്കുപേക്ഷിക്കരുതോ.

No comments:

Post a Comment