Friday 26 July 2013

വിദ്യാഭ്യാസ വായ്‌്‌പ എടുത്തിരിക്കുന്നവര്‍ക്കായ്‌........



കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം ആഗോള പ്രശസ്‌തമാണ്‌. മനുഷ്യ വിഭവശേഷിയുടെ ഉയര്‍ന്ന നിലവാരമാണ്‌ നമ്മുടെ സവിശേഷത.
ഇത്‌ കൈവരിച്ചത്‌ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച മൂലമാണെന്ന്‌ എല്ലാവരും സമ്മതിക്കുന്നുണ്ട്‌.

സമ്പന്നന്റേയും സാധാരണക്കാരന്റേയും മക്കള്‍ സാമാന്യ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും നേടുന്ന സാഹചര്യമാണ്‌ ഇവിടെയുള്ളത്‌.സാധരണക്കാരന്റേയും, സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടേയും മക്കള്‍ക്ക്‌ സാങ്കേതിക വിദ്യാഭ്യാസം സാധിതമാക്കുന്നതിനു വേണ്ടിയാണ്‌ വിദ്യാഭ്യാസ വായ്‌പ്പകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌.

വിദ്യാഭ്യാസ വായ്‌പ്പയുമായി ബന്ധപ്പെട്ട്‌ നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും ഇവിടെ ഉയര്‍ന്നു വന്നിട്ടുണ്ട്‌. അനവധി അനിഷ്ട സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്‌. വായ്‌പ്പ നിരസിക്കലും, ഭീമമായ പലിശ ചുമത്തലും, കുടിശ്ശികക്കാര്‍ക്കെതിരെ നടപടികളും ബാങ്കുകള്‍ ആരംഭിച്ചപ്പോഴാണ്‌ സര്‍ക്കാര്‍ പ്രശ്‌നം ഗൗരവത്തിലെടുത്തത്‌.

തല്‍ഫലമായി, പ്രവേശനപ്പരീക്ഷകളില്‍ യോഗ്യത നേടുന്ന കുട്ടികള്‍ക്ക്‌ മാത്രമേ വിദ്യാഭ്യാസ വായ്‌പ്പക്ക്‌ അവകാശമുള്ളു എന്നും 2009 ഏപ്രില്‍ 1 മുതല്‍ പലിശ ഈടാക്കാന്‍ പാടില്ലെന്നും കോഴ്‌സ്‌ കാലാവധി കഴിഞ്ഞ്‌ 1 വര്‍ഷം അല്ലെങ്കില്‍ ജോലി ഇതിലേതാണോ ആദ്യം അതാണ്‌ തിരിച്ചടവ്‌ തുടങ്ങേണ്ട സമയമെന്നും, അതുവരെയുള്ള കാലം പലിശ പാടില്ലെന്നും കാണിച്ച്‌ സര്‍ക്കാര്‍, ബാങ്കുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി ഉത്തരവിറക്കി.

സമൂഹത്തിലെ പാവപ്പെട്ടവരുടെ മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസത്തിനായി നല്‍കുന്ന വിദ്യാഭ്യാസ വായ്‌പ്പക്ക്‌ ഈടാക്കുന്ന പലിശ 13.20 ശതമാനമാണ്‌. അതായത്‌ അടിസ്ഥാന നിരക്കായ 9.70 ശതമാനത്തോടുകൂടി 3.50 ശതമാനം കൂട്ടിയത്‌. എന്നാല്‍ ഹൗസ്‌ ലോണിന്‌ ഇത്‌ 0.25 ശതമാനവും കാര്‍ ലാണിന്‌ 0.75 ശതമാനവും ആണ്‌. നാട്ടിലെ സമ്പന്നര്‍ക്ക്‌ വെറും 4 ശതമാനം പലിശക്ക്‌ കാര്‍ഷികലോണെന്ന പേര്‌ പറഞ്ഞ്‌ വായ്‌പ്പ വാരിക്കോരി കൊടുക്കുമ്പോഴാണ്‌ പാവപ്പെട്ട കുട്ടികളില്‍ നിന്ന്‌ 13.20 ശതമാനം ഈടാക്കുന്നതെന്നോര്‍ക്കണം.
അടുത്ത കാലത്ത്‌ കാര്‍ഷിക വായ്‌പ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ അതിന്റെ ഗുണം ലഭിച്ചത്‌ ആര്‍ക്കായിരുന്നുവെന്ന്‌ നോക്കൂ. വായ്‌്‌പയെടുത്ത്‌ വര്‍ഷങ്ങളായി തിരിച്ചടയ്‌ക്കാതിരുന്നവര്‍ക്ക്‌. ഇങ്ങനെ തിരിച്ചടയ്‌ക്കാതിരിക്കാന്‍ കഴിയുന്നതാര്‍ക്കാണ്‌. ബാങ്കുകാര്‍ കണ്ണുരുട്ടിയാല്‍ പോടാ പുല്ലേ എന്ന്‌ പറയാന്‍ സാമ്പത്തികമുള്ളവര്‍ക്ക്‌. സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യത്തിലെന്നപോലെ ബാങ്കുകളും 'താടിയുള്ള അപ്പനെ' പേടിക്കുന്നവരാണ്‌.

ഒരാള്‍ 2008 ജൂലൈ അവസാനം എടുത്ത വിദ്യാഭ്യാസ വായ്‌പക്ക്‌ തിരിച്ചടവ്‌ തുടങ്ങേണ്ടത്‌ കോഴ്‌സ്‌ കാലാവധിയായ 5 വര്‍ഷവും പിന്നെ 1 വര്‍ഷവും (മോറട്ടോറിയം കാലാവധി) കഴിഞ്ഞ്‌ 2014 ജൂലൈ മുതലാണ്‌. എന്നാല്‍ 2013 ജനുവരിയിലെ അവസാന ഗഡു ലഭിക്കുന്നതിന്‌ മുന്‍പേതന്നെ, വിദ്യാഭ്യാസ വായ്‌പയുടെ തിരിച്ചടവ്‌ തുടങ്ങാത്തതെന്തേ എന്ന്‌ ചോദിച്ച്‌ ഫോണ്‍വിളി ആരംഭിച്ചു.
4.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ്‌ പലിശയില്‍ പൂര്‍ണ്ണ ഇളവ്‌ അനുവദിച്ചിട്ടുള്ളത്‌. പക്ഷേ ഇളവുണ്ടോ എന്നറിയാന്‍ ലോണ്‍ പാസ്‌ബുക്ക്‌ വാങ്ങിയ ഞാന്‍ ഞെട്ടിപ്പോയി. സര്‍ക്കാര്‍ ഉത്തരവുകളൊന്നും തങ്ങള്‍ക്ക്‌ ബാധകമല്ല എന്ന പ്രഖ്യാപനം പോലെ പലിശ എഴുതിച്ചേര്‍ത്തിരിക്കുന്നു.
എന്തേ ബാങ്കുകള്‍ ഇങ്ങനെയാകുന്നത്‌. അടക്കുന്നവര്‍ അടക്കട്ടേ എന്നോര്‍ത്താവാം. പക്ഷേ അറിവില്ലാത്ത പാവം രക്ഷിതാക്കളെ വഞ്ചിക്കുന്ന ഈ ന
യം ബാങ്കുകള്‍ക്ക്‌ ചേര്‍ന്നതല്ല.
(സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി ഗൂഗിള്‍ സേര്‍ച്ചില്‍ കിട്ടുന്നതാണ്‌)

Tuesday 23 July 2013

അനുഗ്രഹ വര്‍ഷം ...............


.
ഞാന്‍ പത്തില്‍ പഠിക്കുന്ന കാലം. 

ഇംഗ്‌ളീഷ്‌ പഠിപ്പിക്കുന്നത്‌ ബഹുമാന്യനായ പുളിക്കത്താഴെ പി.ജെ തോമസ്‌ സാര്‍.
നന്നായി പഠിപ്പിക്കും. കുട്ടികളോട്‌ ചോദ്യങ്ങള്‍ ചോദിക്കും ഉത്തരമറിയില്ലെങ്കില്‍ നല്ല കിഴുക്കും കിട്ടും. 
അന്ന്‌ ഞങ്ങളുടെ ക്‌ളാസ്സില്‍ ഏറ്റവും ഉയരം കുറഞ്ഞവര്‍ ഞാനും ഒരു കേശവന്‍ നമ്പൂതിരിയുമായിരുന്നു. 
അതുകൊണ്ട്‌ തന്നെ മുന്‍ ബഞ്ചിലായിരുന്നു ഞങ്ങളുടെ സ്ഥാനം.
എന്തുവേണ്ടി എന്നും ചോദ്യം ഞങ്ങളോട്‌. 
കിഴുക്കുമേടിച്ച്‌ മടുത്ത ഞങ്ങള്‍ രക്ഷപെടാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി ഗവേഷണം നടത്തിയപ്പോള്‍ ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. 
ചെവിക്ക്‌ പിടിക്കുമ്പോഴേ കരയാമെങ്കില്‍ രക്ഷപെടാം. ഇതൊന്നു പരീക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പതിവ്‌പോലെ സാര്‍ ഞങ്ങളോട്‌ അന്നും ചോദിച്ചു. Kill അര്‍ത്ഥമെന്ത്‌?
ഞങ്ങള്‍ രണ്ടുപേരും പതിവുപോലെ കണ്ണുമിഴിച്ച്‌ നിന്നു.
സാര്‍ ആദ്യം കേശവന്‍ നമ്പൂതിരിയുടെ ചെവിക്കു പിടിച്ചു. അയാള്‍ ഒറ്റക്കരച്ചില്‍. സാര്‍ പിടിവിട്ടു. എനിക്കാശ്വാസമായി. പണിയേറ്റു.
എന്റെ ചെവിയിലായി അടുത്ത ഊഴം. ഞാന്‍ കരയാന്‍ ആവത്‌ ശ്രമിച്ചുനോക്കി, പക്ഷേ പറ്റുന്നില്ല. സ്ഥിരമുള്ളത്‌ വാങ്ങി സീറ്റിലിരുന്നു.

ആ ഞാന്‍പോലും കഴിഞ്ഞ ദിവസം കരഞ്ഞുപോയി.
എന്തിനെന്നല്ലേ. കഴിഞ്ഞ ദിവസം എന്റെ അപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട്‌.
എന്നേക്കുറിച്ച്‌ അറിയാവുന്നവര്‍ തീര്‍ച്ചയായും ചോദിക്കും. അപ്പന്‍ മരിച്ചിട്ട്‌ 31 വര്‍ഷമായി പിന്നെ താനെങ്ങിനെ കഴിഞ്ഞ ദിവസം കേള്‍ക്കും എന്ന്‌.
ശരിക്കും പറഞ്ഞാല്‍ ഏതാണ്ട്‌ 25 വര്‍ഷം മുമ്പ്‌ തമ്മില്‍ കണ്ടതാണ്‌.
കണ്ടപ്പോഴേ ആകാംഷകൊണ്ട്‌ ചോദിച്ചു സ്വര്‍ഗ്ഗത്തിലെന്തൊക്കെയുണ്ട്‌ വാര്‍ത്തകളെന്ന്‌.
എടാ അതിന്‌ ഞങ്ങളാരും സ്വര്‍ഗ്ഗത്തിലെത്തിയിട്ടില്ല.
ങേ...അപ്പോള്‍ നിങ്ങളിപ്പം എവിടാ ?
അതൊന്നും പറഞ്ഞാല്‍ നിനക്കിപ്പം മനസ്സിലാകത്തില്ല.
നമ്മുടെ പുണ്യാളന്മാരും പുണ്യാളത്തികളുമൊക്കെയോ.............
ഞങ്ങളെല്ലാം ഒന്നിച്ചാന്നേ. തിരക്കിനിടയില്‍ വല്ലപ്പോഴുമൊക്കെ ഓരോരുത്തരെ കാണാം
ഒന്നു ചോദിച്ചോട്ടെ ...ഈ അത്ഭുതങ്ങളുടെ ഒക്കെ എടപാട്‌ എങ്ങനെയാ .
അതിവിടെ ഞങ്ങള്‍ക്കെല്ലാം നിശ്ചിത ക്വോട്ടായുണ്ട്‌.
എന്നിട്ട്‌ കുറച്ചുപേര്‌ മാത്രമല്ലേ അത്ഭുത പ്രവര്‍ത്തകരായി അറിയപ്പെടുന്നുള്ളു?
എടാ നിനക്ക്‌ മനസ്സിലാകുന്ന വിധം പറയാം. നാട്ടില്‍ എന്തുമാത്രം സിനിമാ നടന്മാരുണ്ട്‌, പക്ഷേ സൂപ്പര്‍സ്റ്റാര്‍ പദവി എത്ര പേര്‍ക്കുണ്ട്‌. ഈ പദവിയില്ലാത്തവര്‍ക്ക്‌ അഭിനയിക്കാനറിയില്ലേ?
അതുമാത്രമല്ല മനുഷ്യരുടെ സ്വഭാവമറിയാമല്ലോ നേടിയെടുക്കുന്നതെല്ലാം സ്വന്തം കഴിവുകൊണ്ടാണെന്ന അഹന്തക്ക്‌ കുറവില്ലല്ലോ.എന്നുവെച്ചാല്‍ പ്രകടമായ മാറ്റങ്ങള്‍ അത്ഭുതങ്ങളും അല്ലാത്തവയെല്ലാം സ്വന്തം കഴിവും.
അല്ലെങ്കില്‍ നിന്റെ കാര്യം തന്നെയെടുക്ക്‌ . കാര്യങ്ങളൊക്കെ ഈ നിലയില്‍ പോകുന്നത്‌ നിന്റെയൊക്കെ മിടുക്കുകൊണ്ടാണെന്നാ വിചാരം. പിന്നെങ്ങിനെ ഞങ്ങളുടെ അനുഗ്രഹ വര്‍ഷം ശ്രദ്ധിക്കപ്പെടും.
പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞടുത്തതിന്‌ അവിടെല്ലാരും എന്തു പറയുന്നു.
കത്തോലിക്കാ സഭക്ക്‌ പുറത്തും രക്ഷയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞത്‌ ചാച്ചന്‍ കേട്ടോ?
എടാ അത്‌ പുതിയ കണ്ടു പിടുത്തമൊന്നുമല്ല. മത്തായി 22 ല്‍ 2 മുതല്‍ 14 വരെ വായിക്ക്‌. അല്ലെങ്കില്‍ വേണ്ട അതില്‍ നിനക്ക്‌ തര്‍ക്കിക്കാന്‍ പാകത്തിന്‌ ചിലതുണ്ട്‌. അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ലല്ലോ.
നീയൊരു കാര്യം ചെയ്യ്‌, ലൂക്കാ 14 ല്‍ 15 മുതല്‍ 24 വരെ വായിക്ക്‌.
അതു ശരി ഇതിനിടയില്‍ കാലുമാറ്റവും നടന്നോ. ചാച്ചന്‍ ഓര്‍ക്കുന്നുണ്ടോ ഇക്കാര്യത്തില്‍ നമ്മള്‍ തമ്മില്‍ പണ്ട്‌ വലിയ തര്‍ക്കം നടന്നത്‌. അന്നെനിക്ക്‌ 16 വയസ്സ്. ഗാന്ധിജിയൊന്നും രക്ഷപെടില്ലെന്ന്‌ ചാച്ചന്‍ പറഞ്ഞത്‌ മറന്നോ.
ഞാന്‍ കെഞ്ചി ചോദിച്ചിട്ടും കാവില്‍ ഉത്സവം കൂടാന്‍ വിടാതിരുന്നത്‌ ഓര്‍ക്കുന്നുണ്ടോ?
എടാ നീ പറഞ്ഞതൊക്കെ ശരിയാ. അന്ന്‌ അച്ചന്മാര്‌ പറയുന്നതാ വേദവാക്യം. 

അവരെ കണ്ണടച്ചു വിശ്വസിച്ചു. 
 അതിന്റെയൊക്കെ പിണക്കം നിനക്കിപ്പോഴുമുണ്ടോടാ മോനെ.
ഇല്ല ചാച്ചാ ഒരിക്കലുമില്ല. ചാച്ചന്‍ എന്തു മാത്രം അനുഗ്രഹം എന്നില്‍ ചൊരിഞ്ഞിരിക്കുന്നു എന്നെനിക്കറിയാം.
ഇത്‌ പറഞ്ഞ്‌ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. ഉറക്കത്തില്‍ ഏങ്ങലടിച്ചു കരയുന്നത്‌ കേട്ട്‌ ഭാര്യ കാര്യം തിരക്കി. ഒന്നും പറഞ്ഞില്ല.
ഞാനിതെഴുതുമ്പോഴും കരഞ്ഞുപോകുന്നു.


Saturday 13 July 2013

വിധി

പക്ഷി ശ്രേഷ്‌ഠനായ ഗരുഡന്‍ യാദൃശ്ചികമായി ഒരു പഞ്ചവര്‍ണ്ണക്കിളിയെ കണ്ടുമുട്ടി. 
ആ കിളിയുടെ മനോഹാരിത ഗരുഡനെ അത്ഭുതപ്പെടുത്തി.അപ്പോഴുണ്ട്‌ സാക്ഷാല്‍ കാലന്‍ അതുവഴി ശിവസന്നിധിയിലേക്ക്‌ പോകുന്നു.
വൃക്ഷശിഖരത്തിലിരിക്കുന്ന പഞ്ചവര്‍ണ്ണക്കിളിയെ നോക്കി കാലന്റെ ആത്മഗതം."നീ ഇവിടെനിന്ന്‌ പോയില്ലേ?"
ഗരുഡന്റെ ഹൃദയം മിടിച്ചു. ഈ മനോഹര പക്ഷിക്കും മരണമുണ്ട്‌ എന്ന സത്യം ഗരുഡനെ മഥിച്ചു. 

അതിനെ രക്ഷപെടുത്താന്‍ ഗരുഡന്‍ തീരുമാനിച്ചു.പഞ്ചവര്‍ണ്ണക്കിളിയെ തന്റെ കൊക്കില്‍ സുരക്ഷിതമായി എടുത്തുകൊണ്ട്‌ ശരവേഗത്തില്‍ പറന്ന്‌ പഞ്ചവടി എന്ന വനത്തിലെത്തി. 
അവിടെ ഒരു വൃക്ഷപ്പൊത്തില്‍ കിളിയെ സുരക്ഷിതമായി ഒളിപ്പിച്ചശേഷം ഗരുഡന്‍ വീണ്ടും പറന്ന്‌ വന്ന്‌ സ്വസ്ഥാനത്ത്‌ ഇരുന്നു.
ഗരുഡന്‌ ആശ്വാസമായി.

തെല്ലുനേരം കഴിഞ്ഞപ്പോളുണ്ട്‌ കാലന്‍ ശിവസന്നിധിയില്‍ നിന്നും മടങ്ങി വരുന്നു.
വൃക്ഷശിഖരത്തിലേക്ക്‌ നോക്കിയ കാലനോട്‌ ഗരുഡന്‍ കാര്യമന്വേക്ഷിച്ചു.
കാലന്റെ മറുപടി രസാവഹമായിരുന്നു. 

"പ്രപഞ്ചരഹസ്യം എനിക്കുപോലും അജ്ഞാതമാണ്‌ സുഹൃത്തേ. ആ കിളി മരിക്കാന്‍ അകലെ പഞ്ചവടിയില്‍ ഒരു നാഗം പൊത്തിലിരിക്കുന്നു. നിമിഷങ്ങള്‍കൊണ്ട്‌ ഈ കിളി അത്രയും അകലെയുള്ള ആ വൃക്ഷത്തിന്റെ പൊത്തില്‍ എങ്ങിനെയാണ്‌ എത്തിച്ചേരുക എന്ന അത്ഭുതത്തോടെ ഞാന്‍ നോക്കിപ്പോയതാണ്‌.എന്തായാലും വിധിയില്‍ വെട്ടും തിരുത്തുമില്ല. കിളി അവിടെ എത്തിക്കാണണം. സര്‍പ്പദംശനമേറ്റ്‌ തീര്‍ച്ചയായും അത്‌ കാലപുരിയില്‍ ഇപ്പോള്‍ എത്തിയിരിക്കണം"

ഗരുഡന്‍ ലജ്ജിച്ച്‌ തലതാഴ്‌ത്തി.
സാധാരണ സന്തോഷവാനായ സോമരാജന്‍ പറഞ്ഞ കഥ എന്നെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത്‌ കണ്ട മ്‌ളാനത കണ്ട്‌ ഞാന്‍ ചോദിച്ചു.
"എന്തുപറ്റി മനസ്സിലെന്തോ വിഷമമുണ്ടല്ലോ ?"
"വിഷമം എന്ന്‌ പറയുന്നത്‌്‌ ശരിയാണോ എന്നറിയില്ല. പക്ഷേ എന്റെ മനസ്സിലെന്തോ ഉണ്ട്‌ എന്നത്‌ ശരിയാണ്‌"
ഞങ്ങള്‍ക്കരികിലേക്ക്‌ രണ്ട്‌ ഗ്‌ളാസ്സുമായി വന്ന ഭാനുമതി പറഞ്ഞു "ഇതത്ര നല്ല സ്വഭാവമൊന്നുമല്ല കേട്ടോ"
"ഏത്‌ സ്വഭാവമാ?" സോമരാജന്‍ ഭാര്യയോട്‌ ചോദിച്ചു.
എന്നോടൊപ്പം വല്ലപ്പോഴും സോമരാജന്‍ ഒരു ചെറുത്‌ കഴിക്കുന്നതിന്‌ ഭാനുമതിക്ക്‌ വിരോധമൊന്നുമില്ല. പക്ഷേ കിട്ടുന്നിടത്തുന്നെല്ലാം വലിച്ചു കേറ്റിയിട്ട്‌ ബോധമില്ലാതെ വരുന്നത്‌ ഇഷ്ടവുമല്ല. എന്നുകരുതി അയാളോ ഞാനോ മദ്യപാനികളാണെന്ന്‌ കരുതരുത്‌.
"എടീ ഭാര്യേ ശരിക്കും പറഞ്ഞാല്‍ ഇക്കാര്യത്തില്‍ പുതുതലമുറ ഞങ്ങളെയൊക്ക റോള്‍ മോഡലാക്കേണ്ടതാണ്‌. കാരണം ഞങ്ങള്‍ അഞ്ചെട്ടുപേര്‍ ചേര്‍ന്ന്‌ 50 രൂപ പിരിവിട്ട്‌ ഒരെണ്ണം വാങ്ങും. മിന്നിയാലും ഇല്ലെങ്കിലും അവിടംകൊണ്ട്‌ അവസാനിപ്പിക്കും. " സോമരാജന്‍ പറഞ്ഞു.
"അതൊക്കെ പോട്ടെ... എന്താ ഭാനുമതി സോമരാജന്‌ പതിവില്ലാത്തൊരു മ്‌ളാനത." ഞാന്‍ ചോദിച്ചു.
"ഹേ.. അങ്ങനെയൊന്നുമില്ല......ടെന്‍ഷനൊന്നും ഇല്ലാത്ത ആളാ...പിന്നെന്താ..." ഭാനുമതി അവസരത്തിനൊത്തുയര്‍ന്ന്‌ സോമരാജനെ ഒന്ന്‌ പൊക്കി.
"അതല്ല അങ്കിളേ അച്ഛന്‌ പുതിയ പരിപാടി തുടങ്ങിയതില്‍ പിന്നെ ഇടയ്‌ക്കിടക്ക്‌്‌ ഇങ്ങനെയുള്ളതാ...." അങ്ങോട്ട്‌ വന്ന മകള്‍ ശോഭയുടെ കമന്റ്‌.
"എടീ പട്ടീടെ വേഷംകെട്ടിയാല്‍ കുരയ്‌ക്കണം എന്നാ പ്രമാണം അല്ലാതെ കൊണ്ടൂപ്പറമ്പിലെയാ കോളപ്പാത്തെയാ എന്നൊന്നും പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല. അതുപോലെ തെണ്ടിയുടെ വേഷം കെട്ടിയാല്‍ തെണ്ടണം. വിധിയില്‍ വെട്ടും തിരുത്തുമില്ല." സോമരാജന്റെ വിശദീകരണം കേട്ട്‌ അമ്മയും മകളും സ്ഥലം വിട്ടു.
"എന്താ ഒരു വേദാന്തി ഭാവം" ഞാന്‍ ചോദിച്ചു.
"ആരെയും ബുദ്ധിമുട്ടിക്കാതെ, ആരോടും ഒന്നും ചോദിക്കരുതെന്നാഗ്രഹിച്ച്‌, കൂടുതലൊന്നും പ്രതീക്ഷിക്കാതെ കഴിഞ്ഞുവന്ന എന്റെ ഇപ്പോഴത്തെ അവസ്ഥ പലപ്പോഴും ഒരു തമാശായി തോന്നും. നിങ്ങള്‍ എന്നില്‍ ആരോപിക്കുന്ന ഈ ഭാവ മാറ്റങ്ങള്‍ എന്നില്‍ പണ്ടു മുതലേ ഉള്ളതാണ്‌. അല്ലെങ്കില്‍ തന്നെ ഈ കഥയിലെ കിളിയുടെ കാര്യമെടുക്ക്‌. നമ്മെ വിധിയില്‍ നിന്ന്‌ രക്ഷിക്കാന്‍ ആര്‍ക്കാവും"
"എന്നാല്‍ നമുക്കിനി സരിതയുടെ സോളാറിനെക്കുറിച്ച്‌ സംസാരിക്കാം" എന്ന്‌ പറഞ്ഞ്‌ ഞങ്ങള്‍ മിന്നലിനായി ചിയേര്‍സ്‌ പറഞ്ഞു.