Saturday 13 July 2013

വിധി

പക്ഷി ശ്രേഷ്‌ഠനായ ഗരുഡന്‍ യാദൃശ്ചികമായി ഒരു പഞ്ചവര്‍ണ്ണക്കിളിയെ കണ്ടുമുട്ടി. 
ആ കിളിയുടെ മനോഹാരിത ഗരുഡനെ അത്ഭുതപ്പെടുത്തി.അപ്പോഴുണ്ട്‌ സാക്ഷാല്‍ കാലന്‍ അതുവഴി ശിവസന്നിധിയിലേക്ക്‌ പോകുന്നു.
വൃക്ഷശിഖരത്തിലിരിക്കുന്ന പഞ്ചവര്‍ണ്ണക്കിളിയെ നോക്കി കാലന്റെ ആത്മഗതം."നീ ഇവിടെനിന്ന്‌ പോയില്ലേ?"
ഗരുഡന്റെ ഹൃദയം മിടിച്ചു. ഈ മനോഹര പക്ഷിക്കും മരണമുണ്ട്‌ എന്ന സത്യം ഗരുഡനെ മഥിച്ചു. 

അതിനെ രക്ഷപെടുത്താന്‍ ഗരുഡന്‍ തീരുമാനിച്ചു.പഞ്ചവര്‍ണ്ണക്കിളിയെ തന്റെ കൊക്കില്‍ സുരക്ഷിതമായി എടുത്തുകൊണ്ട്‌ ശരവേഗത്തില്‍ പറന്ന്‌ പഞ്ചവടി എന്ന വനത്തിലെത്തി. 
അവിടെ ഒരു വൃക്ഷപ്പൊത്തില്‍ കിളിയെ സുരക്ഷിതമായി ഒളിപ്പിച്ചശേഷം ഗരുഡന്‍ വീണ്ടും പറന്ന്‌ വന്ന്‌ സ്വസ്ഥാനത്ത്‌ ഇരുന്നു.
ഗരുഡന്‌ ആശ്വാസമായി.

തെല്ലുനേരം കഴിഞ്ഞപ്പോളുണ്ട്‌ കാലന്‍ ശിവസന്നിധിയില്‍ നിന്നും മടങ്ങി വരുന്നു.
വൃക്ഷശിഖരത്തിലേക്ക്‌ നോക്കിയ കാലനോട്‌ ഗരുഡന്‍ കാര്യമന്വേക്ഷിച്ചു.
കാലന്റെ മറുപടി രസാവഹമായിരുന്നു. 

"പ്രപഞ്ചരഹസ്യം എനിക്കുപോലും അജ്ഞാതമാണ്‌ സുഹൃത്തേ. ആ കിളി മരിക്കാന്‍ അകലെ പഞ്ചവടിയില്‍ ഒരു നാഗം പൊത്തിലിരിക്കുന്നു. നിമിഷങ്ങള്‍കൊണ്ട്‌ ഈ കിളി അത്രയും അകലെയുള്ള ആ വൃക്ഷത്തിന്റെ പൊത്തില്‍ എങ്ങിനെയാണ്‌ എത്തിച്ചേരുക എന്ന അത്ഭുതത്തോടെ ഞാന്‍ നോക്കിപ്പോയതാണ്‌.എന്തായാലും വിധിയില്‍ വെട്ടും തിരുത്തുമില്ല. കിളി അവിടെ എത്തിക്കാണണം. സര്‍പ്പദംശനമേറ്റ്‌ തീര്‍ച്ചയായും അത്‌ കാലപുരിയില്‍ ഇപ്പോള്‍ എത്തിയിരിക്കണം"

ഗരുഡന്‍ ലജ്ജിച്ച്‌ തലതാഴ്‌ത്തി.
സാധാരണ സന്തോഷവാനായ സോമരാജന്‍ പറഞ്ഞ കഥ എന്നെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത്‌ കണ്ട മ്‌ളാനത കണ്ട്‌ ഞാന്‍ ചോദിച്ചു.
"എന്തുപറ്റി മനസ്സിലെന്തോ വിഷമമുണ്ടല്ലോ ?"
"വിഷമം എന്ന്‌ പറയുന്നത്‌്‌ ശരിയാണോ എന്നറിയില്ല. പക്ഷേ എന്റെ മനസ്സിലെന്തോ ഉണ്ട്‌ എന്നത്‌ ശരിയാണ്‌"
ഞങ്ങള്‍ക്കരികിലേക്ക്‌ രണ്ട്‌ ഗ്‌ളാസ്സുമായി വന്ന ഭാനുമതി പറഞ്ഞു "ഇതത്ര നല്ല സ്വഭാവമൊന്നുമല്ല കേട്ടോ"
"ഏത്‌ സ്വഭാവമാ?" സോമരാജന്‍ ഭാര്യയോട്‌ ചോദിച്ചു.
എന്നോടൊപ്പം വല്ലപ്പോഴും സോമരാജന്‍ ഒരു ചെറുത്‌ കഴിക്കുന്നതിന്‌ ഭാനുമതിക്ക്‌ വിരോധമൊന്നുമില്ല. പക്ഷേ കിട്ടുന്നിടത്തുന്നെല്ലാം വലിച്ചു കേറ്റിയിട്ട്‌ ബോധമില്ലാതെ വരുന്നത്‌ ഇഷ്ടവുമല്ല. എന്നുകരുതി അയാളോ ഞാനോ മദ്യപാനികളാണെന്ന്‌ കരുതരുത്‌.
"എടീ ഭാര്യേ ശരിക്കും പറഞ്ഞാല്‍ ഇക്കാര്യത്തില്‍ പുതുതലമുറ ഞങ്ങളെയൊക്ക റോള്‍ മോഡലാക്കേണ്ടതാണ്‌. കാരണം ഞങ്ങള്‍ അഞ്ചെട്ടുപേര്‍ ചേര്‍ന്ന്‌ 50 രൂപ പിരിവിട്ട്‌ ഒരെണ്ണം വാങ്ങും. മിന്നിയാലും ഇല്ലെങ്കിലും അവിടംകൊണ്ട്‌ അവസാനിപ്പിക്കും. " സോമരാജന്‍ പറഞ്ഞു.
"അതൊക്കെ പോട്ടെ... എന്താ ഭാനുമതി സോമരാജന്‌ പതിവില്ലാത്തൊരു മ്‌ളാനത." ഞാന്‍ ചോദിച്ചു.
"ഹേ.. അങ്ങനെയൊന്നുമില്ല......ടെന്‍ഷനൊന്നും ഇല്ലാത്ത ആളാ...പിന്നെന്താ..." ഭാനുമതി അവസരത്തിനൊത്തുയര്‍ന്ന്‌ സോമരാജനെ ഒന്ന്‌ പൊക്കി.
"അതല്ല അങ്കിളേ അച്ഛന്‌ പുതിയ പരിപാടി തുടങ്ങിയതില്‍ പിന്നെ ഇടയ്‌ക്കിടക്ക്‌്‌ ഇങ്ങനെയുള്ളതാ...." അങ്ങോട്ട്‌ വന്ന മകള്‍ ശോഭയുടെ കമന്റ്‌.
"എടീ പട്ടീടെ വേഷംകെട്ടിയാല്‍ കുരയ്‌ക്കണം എന്നാ പ്രമാണം അല്ലാതെ കൊണ്ടൂപ്പറമ്പിലെയാ കോളപ്പാത്തെയാ എന്നൊന്നും പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല. അതുപോലെ തെണ്ടിയുടെ വേഷം കെട്ടിയാല്‍ തെണ്ടണം. വിധിയില്‍ വെട്ടും തിരുത്തുമില്ല." സോമരാജന്റെ വിശദീകരണം കേട്ട്‌ അമ്മയും മകളും സ്ഥലം വിട്ടു.
"എന്താ ഒരു വേദാന്തി ഭാവം" ഞാന്‍ ചോദിച്ചു.
"ആരെയും ബുദ്ധിമുട്ടിക്കാതെ, ആരോടും ഒന്നും ചോദിക്കരുതെന്നാഗ്രഹിച്ച്‌, കൂടുതലൊന്നും പ്രതീക്ഷിക്കാതെ കഴിഞ്ഞുവന്ന എന്റെ ഇപ്പോഴത്തെ അവസ്ഥ പലപ്പോഴും ഒരു തമാശായി തോന്നും. നിങ്ങള്‍ എന്നില്‍ ആരോപിക്കുന്ന ഈ ഭാവ മാറ്റങ്ങള്‍ എന്നില്‍ പണ്ടു മുതലേ ഉള്ളതാണ്‌. അല്ലെങ്കില്‍ തന്നെ ഈ കഥയിലെ കിളിയുടെ കാര്യമെടുക്ക്‌. നമ്മെ വിധിയില്‍ നിന്ന്‌ രക്ഷിക്കാന്‍ ആര്‍ക്കാവും"
"എന്നാല്‍ നമുക്കിനി സരിതയുടെ സോളാറിനെക്കുറിച്ച്‌ സംസാരിക്കാം" എന്ന്‌ പറഞ്ഞ്‌ ഞങ്ങള്‍ മിന്നലിനായി ചിയേര്‍സ്‌ പറഞ്ഞു.

No comments:

Post a Comment