Tuesday 23 July 2013

അനുഗ്രഹ വര്‍ഷം ...............


.
ഞാന്‍ പത്തില്‍ പഠിക്കുന്ന കാലം. 

ഇംഗ്‌ളീഷ്‌ പഠിപ്പിക്കുന്നത്‌ ബഹുമാന്യനായ പുളിക്കത്താഴെ പി.ജെ തോമസ്‌ സാര്‍.
നന്നായി പഠിപ്പിക്കും. കുട്ടികളോട്‌ ചോദ്യങ്ങള്‍ ചോദിക്കും ഉത്തരമറിയില്ലെങ്കില്‍ നല്ല കിഴുക്കും കിട്ടും. 
അന്ന്‌ ഞങ്ങളുടെ ക്‌ളാസ്സില്‍ ഏറ്റവും ഉയരം കുറഞ്ഞവര്‍ ഞാനും ഒരു കേശവന്‍ നമ്പൂതിരിയുമായിരുന്നു. 
അതുകൊണ്ട്‌ തന്നെ മുന്‍ ബഞ്ചിലായിരുന്നു ഞങ്ങളുടെ സ്ഥാനം.
എന്തുവേണ്ടി എന്നും ചോദ്യം ഞങ്ങളോട്‌. 
കിഴുക്കുമേടിച്ച്‌ മടുത്ത ഞങ്ങള്‍ രക്ഷപെടാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി ഗവേഷണം നടത്തിയപ്പോള്‍ ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. 
ചെവിക്ക്‌ പിടിക്കുമ്പോഴേ കരയാമെങ്കില്‍ രക്ഷപെടാം. ഇതൊന്നു പരീക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പതിവ്‌പോലെ സാര്‍ ഞങ്ങളോട്‌ അന്നും ചോദിച്ചു. Kill അര്‍ത്ഥമെന്ത്‌?
ഞങ്ങള്‍ രണ്ടുപേരും പതിവുപോലെ കണ്ണുമിഴിച്ച്‌ നിന്നു.
സാര്‍ ആദ്യം കേശവന്‍ നമ്പൂതിരിയുടെ ചെവിക്കു പിടിച്ചു. അയാള്‍ ഒറ്റക്കരച്ചില്‍. സാര്‍ പിടിവിട്ടു. എനിക്കാശ്വാസമായി. പണിയേറ്റു.
എന്റെ ചെവിയിലായി അടുത്ത ഊഴം. ഞാന്‍ കരയാന്‍ ആവത്‌ ശ്രമിച്ചുനോക്കി, പക്ഷേ പറ്റുന്നില്ല. സ്ഥിരമുള്ളത്‌ വാങ്ങി സീറ്റിലിരുന്നു.

ആ ഞാന്‍പോലും കഴിഞ്ഞ ദിവസം കരഞ്ഞുപോയി.
എന്തിനെന്നല്ലേ. കഴിഞ്ഞ ദിവസം എന്റെ അപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട്‌.
എന്നേക്കുറിച്ച്‌ അറിയാവുന്നവര്‍ തീര്‍ച്ചയായും ചോദിക്കും. അപ്പന്‍ മരിച്ചിട്ട്‌ 31 വര്‍ഷമായി പിന്നെ താനെങ്ങിനെ കഴിഞ്ഞ ദിവസം കേള്‍ക്കും എന്ന്‌.
ശരിക്കും പറഞ്ഞാല്‍ ഏതാണ്ട്‌ 25 വര്‍ഷം മുമ്പ്‌ തമ്മില്‍ കണ്ടതാണ്‌.
കണ്ടപ്പോഴേ ആകാംഷകൊണ്ട്‌ ചോദിച്ചു സ്വര്‍ഗ്ഗത്തിലെന്തൊക്കെയുണ്ട്‌ വാര്‍ത്തകളെന്ന്‌.
എടാ അതിന്‌ ഞങ്ങളാരും സ്വര്‍ഗ്ഗത്തിലെത്തിയിട്ടില്ല.
ങേ...അപ്പോള്‍ നിങ്ങളിപ്പം എവിടാ ?
അതൊന്നും പറഞ്ഞാല്‍ നിനക്കിപ്പം മനസ്സിലാകത്തില്ല.
നമ്മുടെ പുണ്യാളന്മാരും പുണ്യാളത്തികളുമൊക്കെയോ.............
ഞങ്ങളെല്ലാം ഒന്നിച്ചാന്നേ. തിരക്കിനിടയില്‍ വല്ലപ്പോഴുമൊക്കെ ഓരോരുത്തരെ കാണാം
ഒന്നു ചോദിച്ചോട്ടെ ...ഈ അത്ഭുതങ്ങളുടെ ഒക്കെ എടപാട്‌ എങ്ങനെയാ .
അതിവിടെ ഞങ്ങള്‍ക്കെല്ലാം നിശ്ചിത ക്വോട്ടായുണ്ട്‌.
എന്നിട്ട്‌ കുറച്ചുപേര്‌ മാത്രമല്ലേ അത്ഭുത പ്രവര്‍ത്തകരായി അറിയപ്പെടുന്നുള്ളു?
എടാ നിനക്ക്‌ മനസ്സിലാകുന്ന വിധം പറയാം. നാട്ടില്‍ എന്തുമാത്രം സിനിമാ നടന്മാരുണ്ട്‌, പക്ഷേ സൂപ്പര്‍സ്റ്റാര്‍ പദവി എത്ര പേര്‍ക്കുണ്ട്‌. ഈ പദവിയില്ലാത്തവര്‍ക്ക്‌ അഭിനയിക്കാനറിയില്ലേ?
അതുമാത്രമല്ല മനുഷ്യരുടെ സ്വഭാവമറിയാമല്ലോ നേടിയെടുക്കുന്നതെല്ലാം സ്വന്തം കഴിവുകൊണ്ടാണെന്ന അഹന്തക്ക്‌ കുറവില്ലല്ലോ.എന്നുവെച്ചാല്‍ പ്രകടമായ മാറ്റങ്ങള്‍ അത്ഭുതങ്ങളും അല്ലാത്തവയെല്ലാം സ്വന്തം കഴിവും.
അല്ലെങ്കില്‍ നിന്റെ കാര്യം തന്നെയെടുക്ക്‌ . കാര്യങ്ങളൊക്കെ ഈ നിലയില്‍ പോകുന്നത്‌ നിന്റെയൊക്കെ മിടുക്കുകൊണ്ടാണെന്നാ വിചാരം. പിന്നെങ്ങിനെ ഞങ്ങളുടെ അനുഗ്രഹ വര്‍ഷം ശ്രദ്ധിക്കപ്പെടും.
പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞടുത്തതിന്‌ അവിടെല്ലാരും എന്തു പറയുന്നു.
കത്തോലിക്കാ സഭക്ക്‌ പുറത്തും രക്ഷയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞത്‌ ചാച്ചന്‍ കേട്ടോ?
എടാ അത്‌ പുതിയ കണ്ടു പിടുത്തമൊന്നുമല്ല. മത്തായി 22 ല്‍ 2 മുതല്‍ 14 വരെ വായിക്ക്‌. അല്ലെങ്കില്‍ വേണ്ട അതില്‍ നിനക്ക്‌ തര്‍ക്കിക്കാന്‍ പാകത്തിന്‌ ചിലതുണ്ട്‌. അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ലല്ലോ.
നീയൊരു കാര്യം ചെയ്യ്‌, ലൂക്കാ 14 ല്‍ 15 മുതല്‍ 24 വരെ വായിക്ക്‌.
അതു ശരി ഇതിനിടയില്‍ കാലുമാറ്റവും നടന്നോ. ചാച്ചന്‍ ഓര്‍ക്കുന്നുണ്ടോ ഇക്കാര്യത്തില്‍ നമ്മള്‍ തമ്മില്‍ പണ്ട്‌ വലിയ തര്‍ക്കം നടന്നത്‌. അന്നെനിക്ക്‌ 16 വയസ്സ്. ഗാന്ധിജിയൊന്നും രക്ഷപെടില്ലെന്ന്‌ ചാച്ചന്‍ പറഞ്ഞത്‌ മറന്നോ.
ഞാന്‍ കെഞ്ചി ചോദിച്ചിട്ടും കാവില്‍ ഉത്സവം കൂടാന്‍ വിടാതിരുന്നത്‌ ഓര്‍ക്കുന്നുണ്ടോ?
എടാ നീ പറഞ്ഞതൊക്കെ ശരിയാ. അന്ന്‌ അച്ചന്മാര്‌ പറയുന്നതാ വേദവാക്യം. 

അവരെ കണ്ണടച്ചു വിശ്വസിച്ചു. 
 അതിന്റെയൊക്കെ പിണക്കം നിനക്കിപ്പോഴുമുണ്ടോടാ മോനെ.
ഇല്ല ചാച്ചാ ഒരിക്കലുമില്ല. ചാച്ചന്‍ എന്തു മാത്രം അനുഗ്രഹം എന്നില്‍ ചൊരിഞ്ഞിരിക്കുന്നു എന്നെനിക്കറിയാം.
ഇത്‌ പറഞ്ഞ്‌ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. ഉറക്കത്തില്‍ ഏങ്ങലടിച്ചു കരയുന്നത്‌ കേട്ട്‌ ഭാര്യ കാര്യം തിരക്കി. ഒന്നും പറഞ്ഞില്ല.
ഞാനിതെഴുതുമ്പോഴും കരഞ്ഞുപോകുന്നു.


No comments:

Post a Comment