Wednesday 29 February 2012

രക്ഷകര്‍ത്താക്കളറിയാന്‍............സീന്‍ 3





''മാഷ് എത്താന്‍ താമസിച്ചതുകൊണ്ടല്ലേ അച്ചുവിനെ കളിക്കാന്‍ കൂട്ടിയത്. അതുകൊണ്ടല്ലേ ഭാര്യ ചീത്ത വിളിച്ചത് ?'' റോണി പറഞ്ഞു.
''ക്ഷമിക്കണം, രാവിലെ ഇങ്ങോട്ട് ഇറങ്ങിയപ്പോഴാണ് എന്റെ ക്ലാസിലെ ഒരു കുട്ടിയുടെ അമ്മ വന്നത്,'' മാഷ് പറഞ്ഞു.
റോണി കളി അവസാനിപ്പിച്ച് അച്ചുവിന്റെ കയ്യില്‍ ബാറ്റ് കൊടുത്തു വിട്ടു. മാഷിനേയും കൂട്ടി വരാന്തയില്‍ ഇരുപ്പുറപ്പിച്ചു.
''വല്ലവനും വല്ല വയ്യാവേലിയും ഒപ്പിച്ചിട്ടുണ്ടാകും അല്ലേ ?'' റോണി സംശയിച്ചു.
''വയ്യാവേലി ഒപ്പിക്കുന്നത് ഇവിടുള്ളോര്‍തന്നെ,'' വര്‍ത്തമാനം കേട്ട് ഉമ്മറത്തെത്തിയ മഞ്ജു പറഞ്ഞു. ''മാഷ് വന്നതിനു നന്ദി... ഒന്നു കാണണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു.''
''എന്തുപറ്റി മഞ്ജു ?'' മാഷ് അമ്പരന്നില്ല. റോണിയുടെ സംസാരം കേട്ടപ്പോള്‍ത്തന്നെ സംശയം തോന്നിയിരുന്നു.
''പഠിക്കാന്‍ ചെറുക്കനു മടി; പഠിപ്പിക്കാന്‍ അപ്പനും. ഞാന്‍ പറഞ്ഞിട്ടോ അനുസരണയില്ല. മാഷെങ്കിലും ഒന്നുപദേശിക്ക്,'' മഞ്ജു തന്റെ ആവലാതി തുറന്നുപറഞ്ഞു.
''ഇതുതന്നെയാണു രാവിലെ വീട്ടിലെത്തിയ സ്ത്രീയും പറഞ്ഞത്. ഒരു മാറ്റം മാത്രം. അവരുടെ മകന്റെ കാര്യത്തില്‍ അപ്പനും അമ്മയും ടെന്‍ഷനിലാണ്. ഇവിടെ ടെന്‍ഷന്‍ അമ്മക്കുമാത്രം.'' മാഷ് വിവരിച്ചു.
''കുട്ടികളില്‍ ആവശ്യമില്ലാത്ത പിരിമുറുക്കം സൃഷ്ടിക്കുന്നത് ഇത്തരം മാതാപിതാക്കളാണ്. റിസല്‍ട്ട് വരുമ്പോള്‍ ഏതാനും മാര്‍ക്കിന്റെ കുറവോ, ആരുടെയെങ്കിലും പുറകിലായതോ, മാതാപിതാക്കളെ അഭി
മുഖീകരിക്കാനുള്ള ബുദ്ധിമുട്ടോ ഒക്കെയാണു പലരുടെയും ആത്മഹത്യകള്‍ക്കു കാരണമാകുന്നത്. ഇന്ന് 10-ാം ക്ലാസ് റിസല്‍ട്ടിനോടൊപ്പം കുട്ടികള്‍ക്കു കൗണ്‍സലിംഗും ഏര്‍പ്പെടുത്തിയിരിക്കുന്നു! യഥാര്‍ത്ഥത്തില്‍ ഇതു വേണ്ടതു മാതാപിതാക്കള്‍ക്കാണ്. അതും വര്‍ഷാരംഭത്തില്‍.''
''മാഷേ... ഇന്നിവിടുന്നു ഭക്ഷണം കഴിക്കാം. ഞാന്‍ എല്ലാം റെഡിയാക്കിയിട്ടുണ്ട്. എനിക്കും ചിലതു പറയാനുണ്ട്.'' മഞ്ജു അടുക്കളയിലേക്കു പോയി.
''മാഷേ... കഴിഞ്ഞ ടേമിലെ പരീക്ഷാദിവസങ്ങളില്‍ അപ്പനും മോനും കൂടി ഷട്ടില്‍ കളിക്കുന്നത് അച്ചുവിന്റെ ക്ലാസ്ടീച്ചര്‍ കണ്ടു. സ്‌കൂളില്‍ ചെന്നപ്പോള്‍ അവരെന്നെ കളിയാക്കി. ഇതൊക്കെ ഞാനല്ലേ കേള്‍ക്കേണ്ടത്.'' മഞ്ജു ഭക്ഷണം വിളമ്പി തന്റെ സങ്കടം പറഞ്ഞു.
''അവന് ആ ടേമില്‍ നല്ല മാര്‍ക്കുണ്ടായിരുന്നല്ലോ,'' റോണി വാദിച്ചു.
''അതവന്റെ കഴിവ,്'' മഞ്ജു.
''നിങ്ങള്‍ വെറുതേ വഴക്കിടണ്ട,'' മാഷ് ഇടപെട്ടു. ''മഞ്ജുവും ഇരിക്ക്. നമുക്കു ഭക്ഷണം കഴിഞ്ഞ് സംസാരിക്കാം.'' എല്ലാവരും ഭക്ഷണം കഴിച്ചു. മാഷ് കൈ കഴുകി കസേരയിലിരുന്ന് പറഞ്ഞുതുടങ്ങി :
''അച്ചുവിന് കഴിവുണ്ട്, അവന്‍ അദ്ധ്വാനിക്കുന്നുമുണ്ട്. പിന്നെന്തിനു നിങ്ങള്‍ ഉത്കണ്ഠപ്പെടണം ? തങ്ങളുടെ കടമ ഭംഗിയായി നിര്‍ വഹിക്കുന്നവര്‍ ഒരുകാര്യം മനസിലാക്കണം. അദ്ധ്വാനത്തിനു പ്രതിഫലം നല്‍കേണ്ടത് ഈശ്വരനാണ്. നിങ്ങള്‍ ഈശ്വരവിശ്വാസികളാണല്ലോ. ഏത് ഈശ്വരനില്‍ വിശ്വസിക്കുന്നുവോ ആ ഈശ്വരന്‍ നിങ്ങളുടെ അദ്ധ്വാനം കണ്ടിട്ടുണ്ട്. ഇനിയുള്ള ജോലി അവിടുത്തേതാണ്. ഈശ്വരനെ ജോലി പഠിപ്പിക്കാന്‍ നമ്മള്‍ ആളല്ല. അപ്പോള്‍ ടെന്‍ഷന്റെ ആവശ്യ മേയില്ല.'' മാഷ് ഒന്നു നിര്‍ത്തി.
''ആ അപ്പുവിന്റെ കാര്യം കഷ്ടമാ,'' റോണി പറഞ്ഞു.
അയല്‍വാസിയാണ്. അച്ചുവിന്റെ ക്ലാസിലാണ് പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കന്‍. പക്ഷേ, കുടുംബം പോറ്റേണ്ട ഉത്തരവാദിത്വം വിധി അവനു സമ്മാനിച്ചു. പലപ്പോഴും ക്ലാസില്‍ വരാന്‍ പറ്റുന്നില്ല. എങ്കിലും കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.
''എനിക്കറിയാം റോണി... ഇന്നലെ വരെ അവനും വലിയ ടെന്‍ഷ നിലായിരുന്നു. ഞാനിന്നലെ അവനോടു സംസാരിച്ചു. പഠിക്കാത്തവര്‍ രണ്ടു വിഭാഗമുണ്ട്. ഒന്ന് അപ്പുവിനെപ്പോലെ ജീവിതപ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും മൂലം ശരിയായി പഠിക്കാന്‍ കഴിയാത്തവര്‍. ഇവര്‍ ഒരു കാര്യം ഓര്‍ത്താല്‍ മതി. തങ്ങള്‍ അനുഭവിക്കുന്ന പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും ഈശ്വരദാനമാണ്. അതായത്, ഈശ്വരന്‍ ഏല്പിച്ച മറ്റൊരു ജോലി നിര്‍വഹിക്കുന്ന തിരക്കില്‍ പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ല. അപ്പോള്‍ തീര്‍ച്ചയായും ബാക്കിക്കാര്യങ്ങള്‍ക്കും ഈശ്വരന്‍ നീക്കുപോക്കുണ്ടാക്കിക്കൊള്ളും. അപ്പോള്‍ അവര്‍ക്കു ടെന്‍ഷന്റെ
ആവശ്യമില്ല.
''പിന്നെയുള്ളത് അലസത മൂലം പഠിക്കാതിരിക്കുന്നവരാണ്. അനുകൂലസാഹചര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും പഠിക്കാതിരുന്ന് പരീക്ഷ എഴുതുന്ന ഈ കൂട്ടര്‍ ടെന്‍ഷനടിക്കേണ്ട കാര്യമില്ല. എന്നാല്‍, അവരും ടെന്‍ഷനിലാണ്. അബദ്ധത്തിലെങ്ങാനും ജയിച്ചാലോ എന്നാവാം ഒരുപക്ഷേ അവരുടെ ഉത്കണ്ഠ.'' മാഷ് ഒന്നു നിര്‍ത്തി.
തുടരും...... 

Monday 27 February 2012

നിങ്ങള്‍ വിധിക്കരുത്




'ജോസഫ് ..........ഉണരൂ.....'
'കണ്ണുകള്‍ തുറക്കൂ ജോസഫ്......'
'എന്നെ സൂക്ഷിച്ചു നോക്കൂ....'
'നിന്റെ മുഖം കണ്ടിട്ട് എന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു......'
'ജോസഫ് ...ഇത് ഞാനാണ് യേശു....'
ജോസഫ് യേശുവിനെ സൂക്ഷിച്ചു നോക്കി.
പടത്തില്‍ കണ്ടിട്ടുള്ള രൂപമൊന്നുമല്ലല്ലോ...........

'ഇതേത് യേശു....ദളിത് ക്രിസ്തുവോ..................'
ജോസഫിന് കണ്‍ഫ്യൂഷനായി. എങ്കിലും ധൈര്യം സംഭരിച്ചു ചോദിച്ചു
'ആരാ..... യേശുവോ...'
'ജോസഫ് നീ ഭയപ്പെടേണ്ട....... '
'പാതിരായ്ക്ക് കേറി വന്നിട്ട് ധിക്കാരം പറയുന്നോ ? തെമ്മാടി. ഞാനാരാണെന്നറിയാമോ നിനക്ക്്. മെത്രാനാണ് മെത്രാന്‍. ' ജോസഫ് ദേഷ്യത്തോടെ പറഞ്ഞു.
മാനത്തൂര്‍ പള്ളി വികാരി, കുട്ടപ്പനെന്നൊരു ദളിതന്റെ മരണാനന്തര ചടങ്ങുകള്‍ നിരസിച്ചത് മുതല്‍ തുടങ്ങിയതാണ് മെത്രാന് ഒരു പേടി.
അനുസരണയില്ലാത്ത കുഞ്ഞാടുകള്‍ക്ക് കല്ല്യാണക്കുറി കൊടുക്കാതിരിക്കുക, ശവസംസ്‌കാര ചടങ്ങുകളില്‍ സഹകരിക്കാതിരിക്കുക എന്നിദ്ദ്യാതി നമ്പരുകള്‍ ഇറക്കിയാണ് സഭ വിശ്വാസികളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.
പണ്ട് V.K കുര്യന്‍ സാറിന്റെ കേസില്‍ അരമനയും മെത്രാനും ഒന്നു നാറിയതാ.
അതെങ്ങനെയാ നാണം തോന്നണമെങ്കില്‍ നട്ടെല്ലുള്ള നാട്ടുകാരുമായി ചങ്ങാത്തം വേണ്ടേ.
പെട്ടെന്ന് ഒരു ഇടി മുഴങ്ങി. ലൈറ്റുകള്‍ അണഞ്ഞു.
തന്റെ എമര്‍ജന്‍സി ലൈറ്റ് തെളിക്കാന്‍ ജോസഫ് ശ്രമിച്ചു. ലൈറ്റ് തെളിഞ്ഞു അവിടെയെങ്ങും ആരേയും കാണാനില്ല.
ജോസഫ് സമാധാനിച്ചു
വയ്യാവേലി ഒഴിഞ്ഞല്ലോ.
അദ്ദേഹം മുറിക്ക് ചുറ്റും നടന്ന് ഒരു പരിശോധന നടത്തി.
അതാ തന്റെ കിടപ്പു മുറിയിലേക്കുള്ള കതകു തുറന്നു കിടക്കുന്നു.
സെക്രട്ടറി പയ്യനെ വിളിക്കണോ അതോ പോലീസിലറിയിക്കണോ. ജോസഫ് ചിന്തിച്ചു,
വേണ്ട ഈ പാതിരായ്ക്ക് ആരേയും മിനക്കെടുത്തേണ്ട.
ലൈറ്റുകള്‍ അണച്ച് ജോസഫ് കിടന്നു.
'ജോസഫ് നീ ഉറങ്ങിയോ ?' മയക്കത്തിലേക്ക് വീണ ജോസഫ് ഞെട്ടിയുണര്‍ന്നു.
'നീ വീണ്ടും വന്നോ ?' എന്ന് ചോദിച്ചുകൊണ്ട് ദേഷ്യത്തോടെ ചാടിയെണീറ്റ് ലൈറ്റിട്ടു.
മുറിയില്‍ നിറഞ്ഞു നില്ക്കുന്ന പ്രകാശത്തില്‍ ദിവ്യതേജസോടെ നില്‍ക്കുന്നയാളെ കണ്ട് ജോസഫ് ഒന്നു ഞെട്ടി.
സ്ഥലത്തെ പ്രമാണിയും ഷാപ്പ് കോണ്‍ട്രാക്ടറുമായ മാണിച്ചന്‍.
' എന്താ മാണിച്ചാ ഈ സമയത്ത് ?' വിഹ്വലതയോടെ ജോസഫ് ചോദിച്ചു.
'മാണിച്ചന്‍ അരമനയിലേക്ക് വരുന്നത് ആരെങ്കിലും കണ്ടോ' ?
'ഇല്ലല്ലോ.........' മാണിച്ചന്‍
' എന്തെങ്കിലും അത്യാവശ്യ കാര്യമുണ്ടെങ്കില്‍ വിളിച്ചാല്‍ പോരായിരുന്നോ ?
ഇപ്പഴെന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തേ ?' ജോസഫ് അരിശത്തോടെ ചോദിച്ചു.
'ചില അത്യാവശ്യകാര്യങ്ങള്‍ സംസാരിക്കാന്‍ വന്നതാ.' മാണിച്ചന്‍
'ഷോപ്പിംഗ് കോംപഌക്‌സിനുള്ള സ്ഥലത്തിന്റെ കാര്യമല്ലേ ? അത് നമ്മള്‍ തമ്മില്‍ എഗ്രിമെന്റായതല്ലേ.അതിനൊന്നും ഒരു മാറ്റവുമില്ലെടോ. മന്ത്രിപ്പണി പോലെ അഞ്ചുവര്‍ഷപ്പണിയല്ല മെത്രാന്‍ പണിയെന്ന് ഇനിയെങ്കിലും താന്‍ മനസ്സിലാക്ക്.' ജോസഫ് വിശദീകരിച്ചു.
'അതറിയാന്‍ വന്നതല്ല'. മാണിച്ചന്‍.
'പിന്നെന്താ മദ്യവിരുദ്ധ സമരത്തിന്റെ കാര്യമാണോ . അതും വ്യക്തമായി ഞാന്‍ പറഞ്ഞതാ. KCBC യെക്കൊണ്ട് ഈ വര്‍ഷവും സമരം ചെയ്യിക്കാമെന്ന് അതുപോരെങ്കില്‍ KCYM ഉള്‍പ്പെടെയുള്ള പിള്ളാര് സെറ്റിനേയും ഇറക്കാം. തന്നെക്കൊണ്ട് ഞാന്‍ മടുത്തു. തനിക്ക് കള്ള് വിറ്റ് കിട്ടിയാല്‍ പോരെ.?
പിന്നെ ഒരു കാര്യം പറഞ്ഞേക്കാം. ഭരണങ്ങാനം പള്ളി മുറ്റത്ത് ഹോട്ടല്‍ തുടങ്ങിയെന്ന് പറഞ്ഞ് ളാലം പള്ളി മുറ്റത്ത് ബീയര്‍പാര്‍ലര്‍ വേണമെന്ന ആവശ്യം ഉടനടി നടക്കില്ല.അതിനൊരല്‍പ്പം സാവകാശം വേണം' ജോസഫ് തന്റെ നയം വ്യക്തമാക്കി.
ശക്തമായി വീശിയ കാറ്റില്‍ പെട്ടെന്ന് ലൈറ്റണഞ്ഞു.
ജോസഫ് തന്റെ കട്ടിലില്‍ നിന്ന് ചാടിയെണീറ്റു.
മാണിച്ചനോടായിപ്പറഞ്ഞു, ' പോകാന്‍ പറ്റിയ അവസരമാ ഇത് . ഇപ്പോള്‍ സ്ഥലം വിട്ടോ ആരും കാണില്ല.'
പെട്ടെന്ന് ലൈറ്റുകള്‍ പ്രകാശിച്ചു
മാണിച്ചനു നേരെ തിരിഞ്ഞ ജോസഫ് ആ കാഴ്ച്ച കണ്ട് അലറി വിളിച്ചു.
ഇതാ മാണിച്ചനിരുന്ന കസേരയില്‍ ഒരു കരിംഭൂതം പോലൊരാള്‍.
വിറക്കുന്ന സ്വരത്തോടെ ജോസഫ് ചോദിച്ചു ' നിങ്ങളാരാ?'
അയാള്‍ ഒരു ചെറു ചിരിയുമായി ജോസഫിനുനേരെ തിരിഞ്ഞു ചോദിച്ചു.
' ഓര്‍മ്മയുണ്ടോ ഈ മുഖം'
ജോസഫ് ഒരു നിമിഷം ചിന്തിച്ചു. ആദ്യം തന്നെ വിളിച്ചുണര്‍ത്തിയ ആള്‍ തന്നെ.
' ആരെന്ന നിന്റെ ചോദ്യത്തിനുള്ള മറുപടി ആദ്യമേ ഞാന്‍ തന്നിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ല. നിനക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത രൂപമായിരുന്നു അപ്പോഴെനിക്ക്. ഇപ്പോഴും അങ്ങനെ തന്നെ. എന്നാല്‍ മാണിച്ചന്റെ രൂപത്തില്‍ നിനക്കു ഞാന്‍ സ്വീകാര്യനായിരുന്നു. അതിലെനിക്ക് അത്ഭുതമില്ല. നമ്മുടെ സ്വഭാവവുമായി കൂടുതല്‍ .ചേര്‍ന്നു നില്‍ക്കുന്നവരോടാണ് നമുക്ക് കൂടുതല്‍ അടുപ്പം തോന്നുക.'
ക്ഷമിക്കണം കര്‍ത്താവേ......
'നിനക്കൊന്നുമറിയില്ല. കാരണം നീ വെറും തിരു മേനിയാണ്. ' യേശു തുടര്‍ന്നു.
'ഒരിക്കല്‍ ഞാന്‍ പറഞ്ഞതാണ് ,എങ്കിലും ഒരിക്കല്‍ കൂടി സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു എന്റെ ഏറ്റവും എളിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തത് എനിക്കുതന്നെയാണ് ചെയ്തത്.
അതുകൊണ്ട് അവര്‍ നിന്നോട് ക്ഷമിച്ചാല്‍.........
ഞാനും നിന്നോട് ക്ഷമിക്കും......'
















Sunday 26 February 2012

രക്ഷിതാക്കളറിയാന്‍......... ..സീന്‍ - 2


സീന്‍ - 2
താന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചിരുത്തിയവന്‍ പുസ്തകവും തലയ്ക്കല്‍ വച്ച് കിടന്നുറങ്ങുന്നു.
അവനെ എന്തിനു പറയണം ? കുട്ടികള്‍ ആറു മണിക്കൂറെങ്കിലും ഉറങ്ങണ്ടേ ? ശരീരത്തിനും മനസിനും ഉണര്‍വും ഉന്മേഷവും തരുന്ന മാര്‍ഗമാണ് ഉറക്കം. വേവലാതിയും ഉത്ക്കണ്ഠയും കൂടുമ്പോള്‍ ന്യായാ ന്യായങ്ങള്‍ ആരു ചിന്തിക്കുന്നു !
''അച്ചു... എടാ അച്ചൂ...'' മഞ്ജു വിട്ടുകൊടുക്കാന്‍ ഭാവമില്ല. ''പുസ്തകം തലയ്ക്കല്‍വച്ച് കിടന്നുറങ്ങിയാല്‍ നിന്റെ തലയില്‍ കേറുമോ ?'' അവനെ വീണ്ടും ഉണര്‍ത്തി കാപ്പി കൊടുത്തു. അവന്റെ ദയനീയമായ മുഖം മഞ്ജു ശ്രദ്ധിച്ചില്ല. അവര്‍ അടുക്കളയിലേക്കു പോയി.
അച്ചു കാപ്പി മേശപ്പുറത്തുവച്ചു. വീണ്ടും പുസ്തകം തുറന്നു. കണ്ണുകള്‍ താനേ അടഞ്ഞുപോകുന്നു. എഴുന്നേറ്റ് വീണ്ടും വന്നിരുന്നു. താന്‍ പിന്നിലാകുമോ എന്ന ഉത്ക്കണ്ഠ അവനുമുണ്ട്. എന്തു ചെയ്യാം മനസു സന്നദ്ധമാണ്. പക്ഷേ, ശരീരം സമ്മതിക്കുന്നില്ല. അവന്‍ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു.
വിദ്യാര്‍ത്ഥികള്‍ പരീക്ഷ അടുക്കുമ്പോള്‍ വലിയ ഉത്ക്കണ്ഠ
യിലാണ്. അവര്‍ രണ്ടു കൂട്ടരുണ്ട്. അച്ചുവിനെപ്പോലെ നന്നായി പഠി
ക്കുന്നവരും അയല്‍വീട്ടിലെ അപ്പുവിനെപ്പോലെ ഒന്നും പഠിക്കാത്ത
വരും. ഉത്ക്കണ്ഠയുടെ കാര്യത്തില്‍ രണ്ടു കൂട്ടരും പിന്നിലല്ല.
''മഞ്ജു... എടീ മഞ്ജൂ,'' റോണി ഉറക്കം ഉണര്‍ന്നയുടനെ ഭാര്യയെ വിളിച്ചു.
രാവിലെ വെള്ളപ്പാത്രം കാലിയായിരിക്കുന്നു. ബഡ് കോഫിക്ക് പകരം രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കും. ഇപ്പോള്‍ അതൊരു ശീലമായി. അന്നൊരിക്കല്‍ ചെറിയാന്‍ മാഷ് പറഞ്ഞതുമുതല്‍ തുടങ്ങിയതാണ്.
''അവള്‍ ഇവിടെയെങ്ങും ഇല്ലേ ?'' അയാള്‍ ഓര്‍ത്തു. തനിക്കു കുടിക്കാനുള്ള വെള്ളം ഇല്ലാതെ വരിക പതിവില്ലാത്തതാണല്ലോ.
പെട്ടെന്നാണു റോണി അക്കാര്യം ഓര്‍ത്തത്. വെളുപ്പിനു തന്നെ വിളിച്ചിരുന്നല്ലോ. എഴുന്നേല്‍ക്കാതിരുന്നതിന്റെ ദേഷ്യത്തിലാണ്. റോണി എഴുന്നേറ്റ് അടുക്കയില്‍ വന്ന് രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു.
''ഒന്നു നിന്നേ...''
രാവിലെ എന്തെങ്കിലും ചോദിച്ചാല്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് അറിയാം. അതുകൊണ്ട് വെള്ളം കുടിച്ചു രക്ഷപെടാനൊരുങ്ങു
മ്പോഴാണ് പിന്നില്‍നിന്ന് മഞ്ജുവിന്റെ ആജ്ഞ.
''ഒന്നുകില്‍ ഞാന്‍ അടുക്കളപ്പണി ചെയ്യാം. നിങ്ങള്‍ പിള്ളേരെ പഠിപ്പിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ അടുക്കളപ്പണി ചെയ്യണം. ഞാന്‍ പിള്ളേരെ പഠിപ്പിക്കാം. രണ്ടുംകൂടി എനിക്കാവില്ല.''
എന്തിനാണ് നല്ലൊരു അവധി ദിവസം നശിപ്പിക്കുന്നത ്? റോണി കീഴടങ്ങി. കുടുംബസമാധാനം നിലനിര്‍ത്താന്‍ മൗനമാണു ഭൂഷണമെന്നു റോണിക്കു നന്നായറിയാം.
അച്ചുവിന്റെ പഠനകാര്യത്തില്‍ റോണിക്കു ടെന്‍ഷനൊന്നുമില്ല. അവന്‍ കഴിവിനൊത്തു പഠിക്കുന്നുണ്ടെന്ന അഭിപ്രായവും റോണി പ്രകടി പ്പിക്കാറുണ്ട്. ഇതു കേള്‍ക്കുന്നത് അച്ചുവിനു വലിയ ആശ്വാസമാണ്.
റോണി രണ്ടു ബാറ്റുമായി പുറത്തിറങ്ങി. ''അച്ചൂ, ഷട്ടില്‍ കോക്കെവിടെ ?'' അയാള്‍ ചോദിച്ചു.
തന്റെ തടിയും മകന്റെ ടെന്‍ഷനും കുറയ്ക്കാന്‍ റോണിയുടെ ബുദ്ധിയിലുദിച്ച ആശയമാണിത്. മൂന്നേ മൂന്ന് ഗയിം.
മഞ്ജു കോഴിക്കു തീറ്റ കൊടുക്കാന്‍ വന്നപ്പോഴാണ് രണ്ടുപേരു ടേയും ആവേശകരമായ ഷട്ടില്‍ക്കളി കണ്ടത്. കളി പതിവുള്ളതാണെ ങ്കിലും രാവിലത്തെ ദേഷ്യത്തിനു രണ്ടെണ്ണം പറയാന്‍ തീരുമാനിച്ചു.
''നാണമില്ലല്ലോ... കിടന്നു ചാടുന്നു... ചെറുപ്പമാണെന്നാ വിചാരം. പരീക്ഷ അടുത്തിരിക്കുന്ന സമയമാ. അവനെ ഇട്ട് ചാടിച്ച് കയ്യോ കാലോ ഒടിച്ചാല്‍ നിങ്ങള്‍ പോയി പരീക്ഷ എഴുതുമോ ?''
പരീക്ഷ ആകുമ്പോള്‍ അവന് അസുഖം വരുമോ, പരിക്ക് പറ്റുമോ പരീക്ഷയെങ്ങാന്‍ എഴുതാന്‍ പറ്റാതെ വരുമോ ? ഇതെല്ലാം മഞ്ജു വിന്റെ മറ്റു ടെന്‍ഷനുകളാണ്.
ടെന്‍ഷന്‍ അനുഭവിക്കാത്ത മനുഷ്യരുണ്ടോ ? ഇല്ല. കാരണം, ടെന്‍ഷന്‍ മനുഷ്യസഹജമാണ്. എന്തെല്ലാം കാര്യങ്ങളുടെ പേരിലാണ് മനുഷ്യന്‍ ടെന്‍ഷന്‍ ആകുന്നത്. അതിനു പ്രായഭേദമൊന്നുമില്ല.
''എന്നേയും കളിക്കാന്‍ കൂട്ടണം,'' എവിടെനിന്നോ ഒരു ബാറ്റുമായി മീര ഓടിവന്നു.
''കേറിപ്പോടീ അകത്ത്... ഒരു സാനിയ മിര്‍സ വന്നിരിക്കുന്നു.'' മഞ്ജു ദേഷ്യത്തില്‍ മീരയെ വലിച്ചുകൊണ്ട് അകത്തേയ്ക്കു പോയി.
''ഹലോ മാഷേ, എന്നാലും എന്നോടിതു വേണ്ടായിരുന്നു,'' കോര്‍ട്ടിനടുത്തെത്തിയ ചെറിയാന്‍ മാഷിനോടു റോണി വിളിച്ചു പറഞ്ഞു.
''എന്താ ? എന്തുപറ്റി ?'' മാഷ് ചോദിച്ചു. 


 തുടരും.......... 



Saturday 25 February 2012

രക്ഷിതാക്കളറിയാന്‍..............


സീന്‍ : 1

''ഒന്നെഴുന്നേല്‍ക്ക് ... മണി നാലായി,''
മഞ്ജു റോണിയെ വിളിച്ചുണര്‍ത്തി.
''ഉം... എന്താ... എന്തു പറ്റി ?'' ഉറക്കച്ചടവോടെ റോണി.
''അവന് അടുത്ത മാസം പരീക്ഷയാ.''
മകന്‍ അച്ചുവിന് അടുത്ത മാസം പരീക്ഷയാണെന്നോര്‍ക്കുമ്പോള്‍ മഞ്ജുവിന് ഒരു സമാധാനവു മില്ല.
''പരീക്ഷ അവനല്ലേ... അവനെ വിളിച്ചെഴുന്നേല്പിക്ക്.''
റോണിക്ക് എങ്ങനെ ദേഷ്യം വരാതിരിക്കും. ഞായറാഴ്ച ഏഴു മണിവരെ കിടന്നുറങ്ങണമെന്നു കരുതിയതാണ്.
''നിങ്ങളു വിളിച്ചാലേ അവനുണരു... ഒന്ന് എഴുന്നേറ്റേ...''
മഞ്ജുവിനു സങ്കടം വന്നു.
''എടീ... അവനിന്നലെ പതിനൊന്നരയ്ക്കല്ലേ കിടന്നത് ? അവന്‍ ഉറങ്ങ
ട്ടെടീ കുറച്ചുനേരം...''
റോണി മകനുവേണ്ടി വാദിച്ചു.
''അങ്ങനെ ഇപ്പം ഉറങ്ങണ്ട... എനിക്കു കുറച്ച് നാണോം മാനോം ഉണ്ട്. ടോണിയുടെ മോനേക്കാള്‍ കൂടുതല്‍ മാര്‍ക്ക് അവന്‍ വാങ്ങീ
ല്ലെങ്കില്‍ അപ്പനും മോനും നോക്കിക്കോ...''
മഞ്ജു അന്ത്യശാസനം നല്‍കി തുള്ളിക്കൊണ്ട് ഒറ്റപ്പോക്ക്.
റോണി തിരിഞ്ഞു കിടന്ന് ഒന്നുകൂടി മയങ്ങി.
പരീക്ഷ അടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികളേക്കാള്‍ ഉത്ക്കണ്ഠ മാതാപിതാക്കള്‍ക്കാണ്.
ഈ ഉത്ക്കണ്ഠ വിജയത്തെക്കുറിച്ചല്ല എന്നതാണ് ഏറെ കൗതുകകരം.
താന്‍ പടുത്തുയര്‍ത്തിയ സ്വപ്നക്കൊട്ടാരം നിലംപതിക്കുമോ എന്ന ഭീതിയാണവര്‍ക്ക്.
സ്വപ്നക്കൊട്ടാരം അവന്റെ ഭാവിയെക്കുറിച്ചാണെന്നോര്‍ത്തു തെറ്റിദ്ധരിക്കരുത്. ചിലരോടു ചില കണക്കുകള്‍ തീര്‍ക്കാനുണ്ട്.
അതു കുട്ടിയുടെ റിസല്‍ട്ട് വന്നിട്ടുവേണം. അത്രതന്നെ.
''അച്ചൂ... മോനേ അച്ചൂ... നേരമെത്രയായെന്ന് അറിയാമോ ... എഴുന്നേറ്റേ ... എഴുന്നേറ്റു പഠിച്ചേ...''
മഞ്ജു മകന്റെ സമീപത്തെത്തി അവനെ കുലുക്കിവിളിച്ചു.
അവന്‍ ചാടിയെണീറ്റു കണ്ണു തിരുമ്മി ചുറ്റുപാടും ഒന്നു
നോക്കി.
ഒരു യന്ത്രത്തെപ്പോലെ ഇംഗ്ലീഷ് പുസ്തകം കയ്യിലെടുത്തു.
മഞ്ജു അടുക്കളയിലേക്കു പോയി. കട്ടന്‍ കാപ്പിയുമായി തിരിച്ചു വന്ന മഞ്ജുവിന് ആ കാഴ്ച കണ്ടു സഹിച്ചില്ല.


തുടരും... 

Wednesday 22 February 2012

മനസ്സാക്ഷിയുടെ വിധി


ഒരു കൊലപാതക കേസ്സില്‍ പ്രതി വിചാരണ ചെയ്യപ്പെടുന്നു. അയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ട.് അതുകൊണ്ട് രക്ഷപെടാന്‍ ഒരു പഴുതുമില്ല. തന്റെ കക്ഷിക്ക് ശിക്ഷ ഏതാണ്ട് ഉറപ്പാണെന്ന് മനസ്സിലാക്കിയ വക്കീല്‍ അവസാന ശ്രമമെന്ന നിലയ്ക്ക് ഒരു സൂത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു.‘’ 'ഈ കോടതിയില്‍ ഹാജരായിരിക്കുന്ന ബഹുമാന്യരേ ഇതാ നിങ്ങള്‍ക്കൊരു സര്‍പ്രൈസ്'.’’ തന്റെ വാച്ചില്‍ നോക്കിക്കൊണ്ട് വക്കീല്‍ പറഞ്ഞു.
‘’ 'ഈ കേസില്‍ കൊല്ലപ്പെട്ടെന്ന് നാം കരുതിയിരുന്ന വ്യക്തി ഒരു മിനിറ്റിനകം ഈ കോടതി മുറിയില്‍ ഹാജരാകും'’’ വക്കീല്‍ കോടതി മുറിയുടെ വാതുക്കലേയ്ക്ക് നോക്കി. ജഡ്ജിയും മറ്റെല്ലാവരും ആകാംഷയോടെ പുറത്തേയ്ക്ക് നോക്കി. ഒരു മിനിറ്റ് കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. അവസാനം വക്കീല്‍ പറഞ്ഞു ‘’ 'യഥാര്‍ത്ഥത്തില്‍ എന്റെ മുന്‍ പ്രസ്താവന കെട്ടിച്ചമച്ചതാണ്. പക്ഷേ നിങ്ങള്‍ എല്ലാവരും പ്രതീക്ഷയോടെ നോക്കിയിരുന്നു. അതുകൊണ്ട് എനിക്ക് പറയാനുള്ളത് പ്രതി മരിച്ചോ ഇല്ലയോ എന്ന് നിങ്ങള്‍ ഓരോരുത്തരും ന്യായമായി സംശയിക്കുന്നുവെന്നാണ്. ഈ സാഹചര്യത്തില്‍ എന്റെ കക്ഷിയെ കുറ്റവിമുക്തമാക്കണമെന്ന് ബഹുമാനപ്പെട്ട കോടതിയോട് അപേക്ഷിക്കുന്നു.'
ജഡ്ജിക്കും ആശയക്കുഴപ്പമായി. കുറച്ചുനേരം നിശബ്ദനായിരുന്ന ജഡ്ജി പ്രതി കുറ്റക്കാരനെന്ന് തന്നെ വിധിച്ചു.
‘’ 'പക്ഷേ എങ്ങനെ' ‘’ വക്കീല്‍ അന്വേഷിച്ചു. ‘’'അങ്ങയ്ക്ക് പോലും സംശയമുണ്ടായിരുന്നല്ലോ. ഞാന്‍ കണ്ടതാണ് അങ്ങ് പുറത്തേയ്ക്ക് നോക്കുന്നത്.'
ജഡ്ജി ചിരിച്ചുകൊണ്ട് പറഞ്ഞു. ‘’ 'ശരിയാണ് ഞങ്ങള്‍ നോക്കി, പക്ഷേ താങ്കളുടെ കക്ഷി മാത്രം നോക്കിയില്ല.' ‘

തോന്നികയും ബര്‍ളിത്തരങ്ങളും പോലുള്ള ബ്‌ളോഗുകള്‍ വ്യക്തിയധിഷ്ടിതങ്ങളാണ്.
വായിക്കു വരുന്നത് കോതയ്ക്ക് പാട്ട് എന്നപോലെ എന്തും അവര്‍ക്ക് എഴുതിവിടാം.
എന്നാല്‍ അല്‍മായശബ്ദം പോലുള്ള ബ്‌ളോഗുകള്‍ അതിലുള്‍പ്പെടുത്തുന്ന
വയെപ്പറ്റി എത്രമാത്രം ആധികാരികത പുലര്‍ത്തുന്നുവോ അത്രയും വിശ്വാസ്യത വര്‍ദ്ധിക്കാനിടയാകും. (മേല്‍ വിവരിച്ച കഥയിലെ ജഡ്ജിയുടെ നീതിബോധം കണ്ടില്ലേ)
ഇറ്റലി,റോം, ആലഞ്ചേരി,കപ്പല്‍, വെടിവെപ്പ്, ക്രിസ്ത്യന്‍ മന്ത്രിമാര്‍ ഇവയെപ്പറ്റി ആര് എവിടെ എന്തെഴുതിയാലും , 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്നമാതിരി ഇതിനകത്ത് ചേര്‍ക്കണോ ?
മാധ്യമങ്ങളെ എനിക്ക് വിശ്വാസമില്ല. സെന്‍സേഷണല്‍ ജേണലിസമാണ് ഇന്നിന്റെ പ്രത്യേകത.
ഒരുകാലത്ത്് നമുക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ വ്യക്തി കുറ്റവാളിയാണെന്ന്്് തെളിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ ഇന്ന് താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല വ്യക്തിയുടേതായി.
ഇത് പറയാന്‍ കാരണം മാധ്യമങ്ങള്‍ ഒരാള്‍ക്ക് നേരെ ഉയര്‍ത്തുന്ന ആരോപണ കോലാഹലങ്ങള്‍ 8 കോളം വാര്‍ത്തയായിരിക്കാം. ഈ ആരോപണം കഴമ്പില്ലാത്തതാണെന്ന് അറിഞ്ഞാല്‍ ആ വിവരം 2 കോളം വാര്‍ത്തയായിപ്പോലും കൊടുക്കില്ല.
ആരാന്റമ്മക്ക് പിടിക്കുന്ന പ്രാന്ത് കാണാന്‍ നല്ല ശേലാണല്ലോ

മാറ്റങ്ങള്‍

 പത്തെഴുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ്, ശബരിമലക്ക് പോകുന്ന അയ്യപ്പന്മാരെ കാണാനിടയാകുന്നത് പറഞ്ഞു കുമ്പസാരിക്കേണ്ട പാപങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ട് അയ്യപ്പന്മാരുടെ ശരണംവിളി ദൂരെനിന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ക്രിസ്ത്യാനികള്‍ ഓടിമറയുമായിരുന്നെന്ന് അമ്മച്ചി പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.

ഇന്ന് അതിനെല്ലാം മാറ്റം വന്നു.

ഞങ്ങള്‍ ആറ് ആണ്‍മക്കള്‍. അതിലൊരാള്‍ സെമിനാരിയില്‍ പോയി. ബാക്കി 5 പേര്‍. ചാച്ചനുമായി ഞങ്ങള്‍ പിള്ളേര്‍ സ്ഥിരമായി തര്‍ക്കിച്ചിരുന്ന വിഷയമാണ് കത്തോലിക്കാ സഭയ്ക്ക് പുറത്തുള്ള രക്ഷ. ഗാന്ധിജിയെ ചൂണ്ടിക്കാണിച്ചാലും കത്തോലിക്കാ സഭയ്ക്ക് പുറത്ത് രക്ഷയുണ്ടെന്ന് ചാച്ചന്‍ സമ്മതിക്കുമായിരുന്നില്ല.

ഇന്ന് അതിനെല്ലാം മാറ്റം വന്നു

വര്‍ഷങ്ങളോളം പ്രകൃതി സംരക്ഷണ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് പല സംഘടനകളുമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്ത് വര്‍ഷം വേദപാഠാദ്ധ്യാപകനായിരിക്കുകയും അള്‍ത്താര ബാലന്‍, മിഷന്‍ ലീഗ്,kcym, എന്നിങ്ങനെയുള്ള ഭക്തസംഘടനകളില്‍ അതത് പ്രായത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന എനിയ്ക്ക് ഭ്രഷ്ട് കല്‍്പ്പിക്കപ്പെട്ടത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ്. പ്രകൃതി നശീകരണം ഇനി പറഞ്ഞു കുമ്പസാരിക്കണം പോലും.

ഇന്ന് അതിനെല്ലാം മാറ്റം വന്നു.

പണ്ട് കുഞ്ഞുണ്ടായി 7 ദിവസത്തിനുള്ളില്‍ മാമോദീസാ മുക്കിയിരിക്കണം.
എപ്പോള്‍ പള്ളിയില്‍ ചെന്നാലും കൂളായി കുഞ്ഞിനെ കത്തോലിക്കനാക്കാമായിരുന്നു. എന്നാല്‍ ഇന്ന് എന്നെങ്കിലും മുക്കിയാല്‍ മതി പക്ഷേ കുര്‍ബാന നിര്‍ബന്ധമാണ്.

ഇന്ന് അങ്ങനെയെല്ലാം മാറ്റം വന്നിരിക്കുന്നു.

സര്‍ക്കാരാഫീസ് എങ്ങനെ സാമാന്യജനത്തെ അഴിമതിക്കാരാക്കുന്നുവോ
അതുപോലെ സഭ സാമാന്യ വിശ്വാസിയെ പാപികളാക്കുന്നു.

ഇന്ന് അങ്ങനെയും മാറ്റം വന്നിരിക്കുന്നു
ഇനിയും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും

അന്ത്യ വിധിനാളില്‍ വിധി പ്രഖ്യാപിക്കുന്നത് ഏത് നിയമപ്രകാരം? എന്നത്തെ നിയമപ്രകാരം?

മത്തായി 25 31-40 വായിക്കൂ.
പത്തു കല്‍പ്പനയുമില്ല, തിരുസഭയുടെ കല്‍പ്പനയുമില്ല,
ഗര്‍ഭ നിയന്ത്രണവുമില്ല, കൈത്തയ്യലുമില്ല.
കാലദേശാന്തരങ്ങള്‍ക്കെല്ലാമതീതമായ വിശപ്പ് ,ദാഹം, നഗ്നത,കാരാഗൃഹം ,ദേശം ,രോഗം ഇവ മാത്രം..
സോസ്ത്രം ..........സോസ്ത്രം...................... 

ലാഭം


ഒരു ദിവസം കിന്റര്‍ഗാര്‍ട്ടനില്‍ അഞ്ചു വയസ്സുകാരോട് ടീച്ചര്‍ ഇങ്ങനെ പറഞ്ഞു. ‘’
'ജീവിച്ചിരുന്നവരില്‍ ഏറ്റവും പ്രസിദ്ധനായ മനുഷ്യന്‍ ആരായിരുന്നുവെന്ന് പറയുന്നവര്‍ക്ക് ഞാന്‍ 2 ഡോളര്‍ തരാം'’’.
~ഒരു ഐറീഷ് ആണ്‍കുട്ടി എഴുന്നേറ്റ് കൈ ഉയര്‍ത്തി പറഞ്ഞു.’’
'മിസ്സ്, അത് സെ. പാടിക് ആയിരുന്നു'’’.
ടീച്ചര്‍ പറഞ്ഞു’’
'ക്ഷമിക്കണം മോനേ ഇത്തരം ശരിയല്ല'’’.
പിന്നെ ഒരു സ്‌കോട്ട്‌ലണ്ട് കുട്ടി കൈ ഉയര്‍ത്തി പറഞ്ഞു.
'മിസ്സ്. അത് സെ. ആന്‍ഡ്രുവാണ്.'
ടീച്ചര്‍ വീണ്ടും പറഞ്ഞു. ‘
'ക്ഷമിക്കണം കുഞ്ഞേ ഉത്തരം ശരിയല്ല'’’.
അവസാനം ഒരു യഹൂദ കുട്ടി കൈകള്‍ ഉയര്‍ത്തിപ്പറഞ്ഞു.
'മിസ്സ് അത് യേശുക്രിസ്തുവാണ്'’’.
ടീച്ചര്‍ പറഞ്ഞു. ‘’ 'വളരെ ശരിയാണ് മോനെ, ഇങ്ങടുത്തു വരൂ…..
ഞാന്‍ കുഞ്ഞിന് 2 ഡോളര്‍ തരാം'’’.
ടീച്ചര്‍ പണം കുട്ടിയുടെ കൈയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു’’ 'നിനക്കറിയുമോ നീയൊരു യൂദനാനായിട്ടും നീ യേശുവിന്റെ പേര് പറഞ്ഞതില്‍ എനിക്കത്ഭുതം തോന്നുന്നു'’
'എനിക്കറിയാം മിസ്സ്. ശരിക്കും അത് മോശമാണെന്ന്. പക്ഷേ ബിസിനസ്സ് ബിസിനസ് തന്നല്ലേ;'
കുട്ടി പ്രതിവചിച്ചു. 

Monday 20 February 2012

വിഭജനത്തിന് ഉത്തരവാദി ജിന്ന മാത്രമോ

 ചരിത്രങ്ങളുടെ പേരില്‍ (അത് ഏത് ചരിത്രവുമാകട്ടെ)വികാര വിജൃംഭിതരാകുന്നവര്‍ ഓര്‍ക്കുക ചരിത്രങ്ങളൊക്കെ അതെഴുതിയവര്‍ക്കും അല്ലെങ്കില്‍എഴുതിച്ചവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഞാന്‍ കരുതുന്നു.



'വിഭജനത്തിനുത്തരവാദി ജിന്ന' എന്ന തലക്കെട്ടില്‍ കേരളത്തിലെ ഒരു പ്രമുഖ ദിനപ്പത്രത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ശ്രീ. ആര്യാടന്‍ മുഹമ്മദ് എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം.
ബഹുമാന്യനും സര്‍വ്വോപരി രാഷ്ട്രീയ തന്ത്രജ്ഞനുമായ ലേഖകന്‍ തികച്ചും വിവാദരഹിതമായ അന്തരീഷത്തില്‍ ഇങ്ങനെയൊരു വിഷയം ചര്‍ച്ചക്കെടുത്തതിന്റെ ഉദ്ദേശ ശുദ്ധിയില്‍ ഉത്ക്കണ്ഠയുണ്ട്.
വിഭജനത്തിന് ഉത്തരവാദി ആര് എന്നത് മുമ്പ് പലപ്പോഴും മനസ്സില്‍ ഉയര്‍ന്നിട്ടുള്ള ചോദ്യമാണ്
.
സ്‌കൂള്‍ ക്‌ളാസ്സുകളിലെ ഔദ്യോഗിക ചരിത്ര പുസ്തകങ്ങളില്‍ നിന്നും മനസ്സില്‍ പതിഞ്ഞ ബിംബങ്ങള്‍ക്ക് പിന്നീടുണ്ടായ വായനയും പഠനങ്ങളും പുനപ്രതിഷ്ഠ ആവശ്യമാണെന്ന തോന്നലുണ്ടാക്കിയപ്പോഴും, ചരിത്രം , അതെഴുതിവെയ്ക്കാന്‍ ഭാഗ്യം ലഭിക്കുന്നവരുടേതായിരിക്കുമെന്നും, ചിലരെ വെള്ളപൂശാനും, മറ്റു ചിലരെ തമസ്‌ക്കരിക്കാനും ഇവര്‍ക്കൊരു മടിയുമില്ലെന്നും സമാധാനിക്കുകയായിരുന്നു.
എന്നാല്‍ ശ്രീ . ആര്യാടന്‍ മുഹമ്മദിനേപ്പോലെ വായനയും, അറിവും,വിവരവുമുള്ള ഉത്തരവാദപ്പെട്ട ഒരാള്‍ ഇങ്ങനെയെഴുതുമ്പോള്‍ പ്രതികരിക്കാതെ വയ്യ എന്നതുകൊണ്ട് മാത്രം ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.
ഇന്ത്യയിലെ പാവങ്ങളുടെ മിശിഹാ എന്ന് ശ്രീ. ജയപ്രകാശ് നാരായണ്‍ വിശേഷിപ്പിച്ച രാം മനോഹര്‍ ലോഹ്യ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതിമാനുഷരായിരുന്ന ഗാന്ധിജി, നെഹൃ, സുബാഷ് ചന്ദ്രബോസ് എന്നിവരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ലോഹ്യ ഇവരെ ഇങ്ങനെ വിലയിരുത്തി. ഗാന്ധി സ്വപ്നവും, നെഹൃ അഭിലാഷവും, സുഭാഷ് പ്രവര്‍ത്തിയുമായിരുന്നു. 
സ്വപ്നം ഇന്നും നമുക്ക് പ്രചോദനം നല്‍കുന്നു, അഭിലാഷം മുരടിച്ചു പോയി, പ്രവര്‍ത്തി മുഴുമിപ്പിക്കപ്പെടാതെ അവശേഷിക്കുന്നു.
ഔദ്യോഗിക ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ടതിനാല്‍ രാം മനോഹര്‍ ലോഹ്യ എന്ന വിപ്‌ളവകാരിയെ, സ്വാതന്ത്ര്യ സമര സേനാനിയെ സാമാന്യ ജനത്തിന് പരിചയം പോരാ. പക്ഷേ ചരിത്ര പണ്ഢിതന്മാര്‍ അറിയാതെ വരാനിടയില്ല. 

രാം മനോഹര്‍ ലോഹ്യ ഒരു സാര്‍വ്വദേശീയ വിപ്‌ളവകാരി എന്ന ഗ്രന്ഥത്തില്‍ ശ്രീ. പി.വി കുര്യന്‍ ഇന്ത്യന്‍ സ്വാതന്ത്രസമര കാലഘട്ടത്തെ വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. ദേശീയ, പ്രാദേശിക പ്രീണന രാഷ്ട്രീയത്തിന്റെ സൂത്രവാക്യങ്ങള്‍ പിറവിയെടുക്കുന്നതിന് മുമ്പ് നടത്തിയ ചരിത്ര വിശകലനമായതിനാല്‍ അത് കൂടുതല്‍ വിശ്വസനീയമാണെന്നു തോന്നുന്നു.
അത് ഇങ്ങനെയാണ്. 

ഇന്ത്യയുടെ വിഭജനത്തിന്റെ ബീജാവാപം 1937 ലെ തെരഞ്ഞെടുപ്പായിരുന്നു.
ഉത്തര്‍പ്രദേശില്‍ ഛട്ടാരി നവാബ് ലേബര്‍ പാര്‍ട്ടി എന്ന പേരില്‍ ഒരു കക്ഷി, ബ്രിട്ടീഷ് സഹായത്തോടെ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിനായി തട്ടിക്കൂട്ടി. 

ഈ കക്ഷി തെരഞ്ഞെടുപ്പില്‍ വിജയിച്ചേക്കുമെന്ന് കോണ്ടഗ്രസ് ഭയപ്പെട്ടു. വിജയത്തിനുള്ള അത്യാര്‍ത്തിയില്‍ കോണ്‍ഗ്രസ് മുസ്‌ളീം ലീഗുമായി സഖ്യചര്‍ച്ച നടത്തി. 
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ സംയുക്ത മന്ത്രിസഭ എന്നതായിരുന്നു സഖ്യ വ്യവസ്ഥ. തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടി.
 നെഹൃവിന്റെ സമ്മര്‍ദ്ദത്തില്‍ സഖ്യ കരാര്‍ കാറ്റില്‍പറത്തി കോണ്‍ഗ്രസ് ഒറ്റക്ക് മന്ത്രിസഭ രൂപീകരിച്ചു.
മുസ്‌ളീംലീഗിന് കോണ്‍ഗ്രസിലുള്ള വിശ്വാസം ഇതോടെ നഷ്ടപ്പെട്ടു. ഈ അവസരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെറുപ്പുതോന്നിയ ജിന്ന ഇന്ത്യ വിട്ട് ലണ്ടനില്‍ താമസമാക്കി. 
അവിടെ പ്രവി കൗണ്‍സിലില്‍ അഭിഭാഷകനായി കഴിഞ്ഞുകൂടി.
ആയിടെ ലണ്ടന്‍ സന്ദര്‍ശിച്ച നെഹൃവിനോട് ഒരു ബ്രട്ടീഷ് പത്രപ്രതിനിധി ജിന്നയെക്കുറിച്ച് ചോദിച്ചു. 

ജിന്നയെ ബ്രിട്ടീഷ് പത്രപ്രതിനിധികളുടെ മുന്നില്‍ നെഹൃ പരിഹസിച്ചു. ജിന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരുമല്ലെന്നും ജിന്നക്ക് ഇന്ത്യയില്‍ അനുയായികളില്ലെന്നും പറഞ്ഞു. അഹങ്കാരിയായിരുന്ന ജിന്നയെ ഇത് അരിശം കൊള്ളിച്ചു. 
നെഹൃവിനേയും കോണ്‍ഗ്രസിനേയും ഒരു പാഠം പഠിപ്പിക്കണമെന്നും താന്‍ ഇന്ത്യയില്‍ ആരാണെന്നു തെളിയിക്കുമെന്നും പറഞ്ഞുകൊണ്ട് ജിന്ന ഇന്ത്യയില്‍ തിരിച്ചെത്തി ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ വക്താവായി മാറി. 
ഇത് ഇന്ത്യന്‍ വിഭജനത്തിലെത്തിച്ചു.
മുസ്‌ളീം ലീഗിനോടുള്ള കോണ്‍ഗ്രസിന്റെ കരാര്‍ ലംഘനവും ജിന്ന അപമാനിച്ചതുമാണ് ഇതിനെല്ലാം കാരണം. 

അവ രണ്ടിനും ഉത്തരവാദി നെഹൃ ആയിരുന്നു.
ജിന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനൊപ്പം സജീവമായിരുന്ന കാലത്ത് ഏതാനും കോളേജ് വിദ്യാര്‍ത്ഥികള്‍ ജിന്നയെ സമീപിച്ച് പാക്കിസ്ഥാന്‍ രാഷ്ട്രം എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ അസാദ്ധ്യം എന്നു പറഞ്ഞ് ക്ഷോഭിച്ച് അവരെ തിരിച്ചയച്ച സംഭവം ഇതോടൊപ്പം ചേര്‍ത്ത് വിലയിരുത്തണം.
മുഹമ്മദാലി ജിന്നയെ വെള്ള പൂശുക എന്നതല്ല മറിച്ച് ഇന്ത്യാ വിഭജനത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരൊക്കെ എന്ന് തെരയലാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.
ചരിത്രത്തില്‍ ഒരു രാജ്യത്തിലേയും നേതൃത്വം തങ്ങളുടെ മാതൃരാജ്യത്തിന്റെ വിഭജനത്തിന് കൂട്ടു നിന്നിട്ടില്ല. 

എബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ വിഭജനത്തിനെതിരെ രക്തസാക്ഷിത്വം വരിച്ചു. മാവോ തായ്‌വാന്‍ ഉള്‍പ്പെടെയുള്ള ഏകീകൃത ചൈനയ്ക്കു വേണ്ടി നീണ്ട മൂന്ന് ദശകങ്ങള്‍ അമേരിക്കയോട് ശീതയുദ്ധം നടത്തി. 
അമേരിക്കന്‍ സൈനിക ശക്തിയെ പരാജയപ്പെടുത്തി ഹോചിമിന്‍ വിയറ്റ്‌നാമിനെ ഏകീകരിച്ചു. ബിസ്മാര്‍ക്കും ഗാരിബാള്‍ഡിയും ചരിത്രത്തില്‍ ശാശ്വതമായി അറിയപ്പെടുന്നത് തങ്ങളുടെ രാജ്യങ്ങളെ ഏകീകരിച്ചവര്‍ എന്ന നിലയിലാണ്. 
ചന്ദ്രഗുപ്തനും,സമുദ്രഗുപ്തനും,അക്ബറും ഇന്ത്യയെ ഏകീകരിക്കുവാനായിരുന്നു യുദ്ധം ചെയ്തത്. മനുഷ്യ ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെരാജ്യത്തെ വിഭജിക്കുന്നതിന് സമ്മതിക്കുകയും അതിന് കൂട്ടുനില്ക്കുകയും ചെയ്തത് നെഹൃവും, ജിന്നയും, പട്ടേലും മാത്രമാണ്. അവരാണ് ഇന്ത്യാ വിഭജനത്തിന്റെ കുറ്റവാളികള്‍.
കുറ്റപത്രം അവസാനിക്കുന്നില്ല. 

1942 ല്‍ ക്രിപ്‌സ് ഇന്ത്യയില്‍ വരുന്നതിന് മുമ്പ് തന്നെ ഇന്ത്യ വിഭജിക്കാനുള്ള തീരുമാനം ബ്രിട്ടനിലെ യുദ്ധകാല ക്യാബിനറ്റ് എടുത്തിരുന്നു. 
ഈ തീരുമാനം ചിയാംഗ് കൈഷക്ക് വഴി അന്ന് തന്നെ നെഹൃ അറിഞ്ഞിരുന്നു. നെഹൃ അതിനെ എതിര്‍ത്തില്ലെന്നു മാത്രമല്ല വിഭജനത്തിലേക്ക് നയിക്കുന്ന ക്രിപ്‌സ് നിര്‍ദ്ദേശങ്ങളെ അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ ഗാന്ധിജിയുടെ എതിര്‍പ്പ് മൂലം ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ടു.
വേവല്‍ പ്രഭു വിഭജനത്തെ എതിര്‍ത്തിരുന്നതിനാല്‍ നെഹൃവിന് അദ്ദേഹത്തോട് താല്പര്യമില്ലായിരുന്നു. പകരം വിഭജന പദ്ധതി നടപ്പാക്കുന്നതിന് പറ്റിയതും നെഹൃവിന് സ്വീകാര്യനുമായിരുന്ന ലൂയി മൗണ്ട്ബാറ്റനെ ഇന്ത്യാ വൈസ്രോയിയായി ആറ്റ്‌ലി ഗവര്‍മെന്റ് നിയമിച്ചു.
1947 മാര്‍ച്ച് 27 ന് മൗണ്ട്ബാറ്റണ്‍ അധികാരമേറ്റു. നെഹൃവുമായി ആദ്യ സംഭാഷണം നടത്തി. ഗാന്ധിജിയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലയ്മ ഈ ചര്‍ച്ചയില്‍ പ്രകടമായി( ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്). 

പിന്നീട് പട്ടേലുമായി മൗണ്ട്ബാറ്റണ്‍ സംഭാഷണം നടത്തി. ഇന്ത്യയില്‍ നിന്ന് ഈ മുസ്‌ളീം ശല്യം അവസാനിപ്പിക്കണം എന്ന് പട്ടേല്‍ അഭിപ്രായപ്പെട്ടു.(മിഷന്‍ വിത്ത് മൗണ്ട്ബാറ്റന്‍).
1947 ഏപ്രില്‍ 1 ന് മൗണ്ട്ബാറ്റണ്‍ ഗാന്ധിജിയുമായി സംസാരിച്ചു. 

ഇന്ത്യയെ ഭാഗം ചെയ്യരുതെന്ന് ഗാന്ധിജി അപേക്ഷിച്ചു. താന്‍ സ്വീകരിക്കുന്ന അവസാന മാര്‍ഗ്ഗമായിരിക്കും വിഭജനം എന്ന് മൗണ്ട്ബാറ്റണ്‍ ഗാന്ധിജിക്ക് ഉറപ്പു നല്‍കി.
ഈ അവസരത്തില്‍ ഗാന്ധിജി ഒരു ബദല്‍ നിര്‍ദ്ദേശം വെച്ചു. 

കുഞ്ഞിനെ കീറിമുറിക്കാതെ മുഴുവനായി മുസ്‌ളീംങ്ങള്‍ക്ക് നല്‍കുക. ജിന്നയോടും ലീഗിനോടും ഗവര്‍മെന്റ് രൂപീകരിക്കാന്‍ ആവശ്യപ്പെടുക. പാക്കിസ്ഥാനു പകരം മുഴുവന്‍ ഇന്ത്യയും ജിന്നക്കു നല്‍കുക.
കോണ്‍ഗ്രസ് പാര്‍ട്ടി ഇതംഗീകരിക്കുമോ എന്ന് മൗണ്ട്ബാറ്റണ്‍ ഗാന്ധിജിയോട് ചോദിച്ചു. 

വിഭജനം തടയാന്‍ കോണ്‍ഗ്രസ് എന്ത് വിലയും കൊടുക്കും എന്ന് ഗാന്ധിജി പറഞ്ഞു. 
കോണ്‍ഗ്രസ് ഇതംഗീകരിക്കുകയും സഹകരിക്കുകയും ചെയ്താല്‍ ഈ ആശയം പരീക്ഷിക്കുന്നതിന് ഞാന്‍ തയ്യാറാണ് എന്ന് മൗണ്ട്ബാറ്റണ്‍ മറുപടി പറഞ്ഞു.

ഇന്ത്യന്‍ വിഭജനം ഒഴിവാക്കാമായിരുന്ന അവസാനത്തെ അനന്യ നിമിഷം.

എന്നാല്‍ ഇന്ത്യയുടെ ഐക്യമെന്ന ഗാന്ധിജിയുടെ സ്വപ്നം തകര്‍ത്തെറിയാന്‍ മൗണ്ട്ബാറ്റനും നെഹൃവും തീരുമാനിച്ച് കരുക്കള്‍ നീക്കി. അത് വിജയകരമായി അവര്‍ നടപ്പാക്കി.

വിഭജനത്തിന് ഉത്തരവാദി ജിന്ന മാത്രമോ ......................... 

Sunday 19 February 2012

തവള


72 കാരനായ വൃദ്ധന് മീന്‍പിടുത്തം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം തന്റെ വള്ളത്തിലിരിക്കുമ്പോള്‍ ഇങ്ങനെ ഒരു സ്വരം കേട്ടു. ‘
'എന്നെ മുകളിലേക്ക് എടുക്ക.്'
അയാള്‍ ചുറ്റും നോക്കി ആരെയും കണ്ടില്ല. ഞാന്‍ സ്വപ്നം കണ്ടതാവും എന്നയാള്‍ വിചാരിച്ചു. വീണ്ടും ആ ശബ്ദം കേട്ടു. 'എന്നെ പൊക്കിയെടുക്ക്.'
അയാള്‍ ചുററും നോക്കി. അതാ ഒരു തവള വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു.
അയാള്‍ ചോദിച്ചു. ‘’'നീയാണോ ഇപ്പോള്‍ എന്നോട് സംസാരിച്ചത്?'
തവള പറഞ്ഞു:- 'അതേ, ഞാനാണ് അങ്ങയോട് സംസാരിക്കുന്നത്. എന്നെ പൊക്കിയെടുത്ത് ഒരുമ്മ തന്നാല്‍ താങ്കള്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര സുന്ദരിയായ ഒരു സ്ത്രീയായി ഞാന്‍ മാറും. അങ്ങയുടെ സുഹൃത്തുക്കള്‍ മുഴുവന്‍ അസൂയപ്പെടും എന്നെനിക്കുറപ്പുണ്ട്. കാരണം ഞാന്‍ അങ്ങയുടെ ‘ഭാര്യയായിരിക്കും.'

അയാള്‍ തവളയെ സൂക്ഷിച്ചുനോക്കി. അടുത്തുചെന്ന് ശ്രദ്ധാപൂര്‍വ്വം പൊക്കിയെടുത്ത് തന്റെ പോക്കറ്റിലിട്ടു.
അപ്പോള്‍ തവള ചോദിച്ചു ”'താങ്കള്‍ക്കെന്തുപറ്റി ? ഞാന്‍ പറഞ്ഞത് കേട്ടില്ലേ. എന്നെ ചുംബിക്കൂ ഞാന്‍ സുന്ദരിയായ വധുവായി മാറും.'
അയാള്‍ പോക്കറ്റില്‍ കിടന്ന തവളയോട് പറഞ്ഞു.’’
'ഇല്ല എനീക്കീ പ്രായത്തില്‍ ഒരു സംസാരിക്കുന്ന തവളയെയാണ് വേണ്ടത്.' 

Thursday 16 February 2012

ഭയം



ഒരിക്കല്‍ ഒരു രാജാവ് പരിവാര സമേതം കടല്‍ യാത്ര നടത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ഒരു യുവാവ് ആദ്യം കപ്പല്‍യാത്ര നടത്തുകയായിരുന്നതിനാല്‍ വളരെ ‘ഭയചകിതനായിരുന്നു. കപ്പല്‍ ഇളകിയാടുമ്പോള്‍ ഭയന്ന് നിലവിളിക്കുന്ന യുവാവിനെ സമാധാനിപ്പിക്കാന്‍ രാജാവ് ഉള്‍പ്പെടെ എല്ലാവരും ശ്രമിച്ചു.
പക്ഷേ അയാളുടെ ഭയം മാറിയില്ല.
രാജാവ് അനുവദിക്കുമെങ്കില്‍ യുവാവിനെ സുഖപ്പെടുത്താമെന്ന് രാജവൈദ്യന്‍ അറിയിച്ചു. ഉടന്‍ അനുമതിയായി.
ഈ യുവാവിനെ തൂക്കിയെടുത്ത് കടലിലിടാന്‍ കപ്പല്‍ ജോലിക്കോരോട് വൈദ്യന്‍ നിര്‍ദ്ദേശിച്ചു.
അവര്‍ ഉടന്‍തന്നെ അങ്ങനെ ചെയ്തു.
ആ യുവാവ് വെള്ളത്തില്‍ മുങ്ങിത്താണു. കുറെ കടല്‍ വെള്ളം അകത്താക്കി.
അവശനായ യുവാവിനെ പൊക്കിയെടുക്കാന്‍ വൈദ്യന്‍ കല്പിച്ചു. അവന്‍ ഒരു മൂലയില്‍ ശാന്തനായി ഇരിക്കുന്നത് കണ്ട് രാജാവ് വൈദ്യനോട് കാര്യങ്ങള്‍ അന്വേഷിച്ചു.
വൈദ്യന്‍ ഇങ്ങനെ പ്രതിവചിച്ചു.  'അയാള്‍ക്ക് കടലുമായി ബന്ധപ്പെട്ട ഒരനുഭവവും ഉണ്ടായിട്ടില്ലായിരുന്നു. അതുകൊണ്ട് കടല്‍ എത്ര അപടകാരിയാകാമെന്നും ബോദ്ധ്യമില്ല. നമുക്കും കടലിനുമിടയില്‍ ഒരു കപ്പല്‍ നല്‍കുന്ന സൗകര്യം എത്രയധികമാണെന്ന് ഇപ്പോള്‍ അയാള്‍ക്ക് മനസ്സിലായി.
അപ്പോള്‍ അയാള്‍ ശാന്തനായി.' 

Tuesday 14 February 2012

പരോപകാരം

 
ഫാ. ഡേവിസ് മത പ്രഭാഷണം കഴിഞ്ഞ് രാത്രി ഏറെ വൈകി വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടെ ഒരു കുടിയന്‍ ഒരു വീടിന്റെ ‘ഭിത്തിയില്‍ ചവിട്ടുന്നതു കണ്ടു.
'താങ്കള്‍ ഇവിടെയാണോ താമസിക്കുന്നത'. ഫാദര്‍ ചോദിച്ചു. 'അതേ', അയാള്‍ മറുപടി പറഞ്ഞു”.
‘’ 'മുകളിലേയ്ക്ക് പോകാന്‍ ഞാന്‍ താങ്കളെ സഹായിക്കണോ' ഫാദര്‍ അയാളോട് ചോദിച്ചു.’’
'വേണം' അയാള്‍ മെല്ലെ മുരണ്ടു.
അവര്‍ രണ്ടാം നിലയില്‍ എത്തിയപ്പോള്‍ ഫാദര്‍ ചോദിച്ചു. ‘’'ഇതാണോ താങ്കളുടെ ഫ്‌ളാറ്റ്'’’ 'അതേ' അയാള്‍ പറഞ്ഞു.
'അയാളുടെ ഭാര്യ ഇപ്പോള്‍ എന്നെ കാണാനിടയായാല്‍ അവര്‍ എന്തു വിചാരിക്കും. ഞാനാണ് അയാളെ കുടിപ്പിച്ച് ഈ പരുവത്തില്‍ ആക്കിയത് എന്ന് കരുതാന്‍ സാധ്യതയുണ്ട്. എത്രയും വേഗം വിട്ടുപോയേക്കാം'’’
ഇങ്ങനെ ചിന്തിച്ച ഫാദര്‍ അയാളെ അടുത്ത് കണ്ട ഒരു കതക് തുറന്ന് അകത്തേയ്ക്ക് തള്ളിയിട്ട് പെട്ടെന്ന് വന്ന വഴിയേ താഴേയ്ക്ക് ഇറങ്ങിപ്പോയി.
ഫാദര്‍ താഴത്തെ നിലയിലെത്തിയപ്പോള്‍ ഇതാ അവിടെ മറ്റൊരു കുടിയന്‍ കിടക്കുന്നു.
‘'താങ്കള്‍ ഇവിടെയാണോ താമസിക്കുന്നത്' ‘’ ഫാദര്‍ ചോദിച്ചു.
‘’'അതേ'’’ അയാള്‍
'മുകളിലേയ്ക്ക് പോകാന്‍ ഞാന്‍ സഹായിക്കണമോ'’’ ഫാദര്‍
‘’'വേണം'’’ അയാള്‍
ഫാദര്‍ അയാളെയും മുകളിലെത്തിച്ച് ഒന്നാമനെ ഇട്ടിരുന്ന മുറിയിലേയ്ക്ക് ഇയാളെയും പിടിച്ച് തള്ളി.
പെട്ടെന്ന് താഴെയെത്തിയപ്പോള്‍ ഫാദര്‍ അവിടെ കിടക്കുന്ന അടുത്ത കുടിയനെ കണ്ട് ആശ്ചര്യപ്പെട്ടു.
സഹായിക്കാനായി അടുത്തു വരുന്ന ഫാദറിനെ കണ്ട് അയാള്‍ നിലവിളിച്ചു.
'പോലീസ്. പോലീസ്. ദൈവത്തെയോര്‍ത്ത് എന്നെ രക്ഷിക്ക് അല്ലെങ്കില്‍ ഇയാള്‍ വെളുക്കുവോളം എന്നെ മുകളിലെത്തിച്ച് ലിഫ്റ്റിനുള്ള സ്ഥലത്തുകൂടി താഴേയ്ക്ക് തള്ളും.'’ 

Sunday 12 February 2012

എന്തിന്

 
ഒരു ബിസിനസ്സ് എക്‌സിക്യൂട്ടീവ് ഒരു ദിവസം അവധിയെടുത്തു. അയാള്‍ സമുദ്ര തീരത്തുകൂടി നടക്കുന്ന അവസരത്തില്‍ ഒരു മുക്കുവന്‍ ഒരു മരത്തിന്റെ തണലില്‍ ഇരിക്കുന്നത് കണ്ടു. അയാള്‍ കാലുകള്‍ നീട്ടി നിവര്‍ന്ന് കിടന്ന് സിഗരറ്റ് വലിക്കുകയാണ്. ആരോഗ്യവാനായ മുക്കുവന്‍ സമയം വെറുതെ പാഴാക്കുന്നത് കണ്ടിട്ട് ബിസിനസ്സുകാരന് സഹിച്ചില്ല.
അതുകൊണ്ട് അയാള്‍ ചോദിച്ചു’’'ഇങ്ങനെ വെറുതെ സമയം പാഴാക്കാതെ സമുദ്രത്തില്‍ പോയി മീന്‍പിടിക്കരുതോ?'
മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?'
‘'താങ്കള്‍ക്ക് കൂടുതല്‍ മത്സ്യം കിട്ടില്ലേ' ‘’
മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?' ‘’
'കൂടുതല്‍ പണം ഉണ്ടാക്കാം.'’
മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?'’
'സ്വന്തമായി ഒരു ബോട്ട് വാങ്ങാം.'’’
‘’ മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?' ‘’
'കൂടുതല്‍ പണം ഉണ്ടാക്കാം.'
‘’ മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?'‘’
'വളരെ വലിയയന്ത്രവല്‍കൃത ബോട്ട് വാങ്ങാം.'
‘’ മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?'‘’
'മീന്‍പിടിക്കാന്‍ ആഴക്കടലില്‍ പോകാം.'
‘’ മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?'‘’
'കൂടുതല്‍ പണം ഉണ്ടാക്കാന്‍' ‘’
‘’മുക്കുവന്‍ ചോദിച്ചു ‘’'എന്തിന്?'‘’
'വെറുതെയിരുന്ന് ജീവിതം ആസ്വദിക്കാം.'
‘’'അതു തന്നെയല്ലേ ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്, ദയവുചെയ്ത് ഒന്ന് ശല്യപ്പെടുത്താതെ പോകുമോ?'
ഞാന്‍ ഭാര്യയോട് ചോദിച്ചു
' എടീ മോളി നീ അല്മായശബ്ദം വായിക്കാറുണ്ടോ ? '
'അതിവിടെ വരുത്താന്‍ നിങ്ങള് സമ്മതിക്കത്തില്ലല്ലോ, ആ ശാലോമോ, ദീപനാളമോ ഒക്കെ വാങ്ങി വായിക്കാന്‍ എത്രകാലമായി ഞാന്‍ പറയുന്നതാ.' മോളി.
' എടീ ഇത് അങ്ങനെ വരുത്തുന്ന സാധനമല്ല. ഇത് തനിയേ ഇങ്ങ് വരുന്നതാ. Blog എന്ന് പറയും. എന്റെ Blog നീ വായിച്ചിട്ടുണ്ടോ ?' ഞാന്‍.
മോളി 'എന്തിന്'?
ഞാന്‍ ' നിന്റെ കെട്ടിയവന്‍ എന്തൊക്കെയാ എഴുതിക്കൂട്ടുന്നതെന്നറിയാന്‍'
മോളി ' എന്തിന്'?
ഞാന്‍ ' ഇതിലൊക്കെ വല്ല കഴമ്പുമുണ്ടോ എന്നറിയാന്‍'
മോളി ' എന്തിന്'?
ഞാന്‍ ' അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നിനക്കും എഴുതാന്‍ '
മോളി ' എന്തിന്'?
ഞാന്‍ ' നിന്റമ്മേക്കെട്ടിക്കാന്‍ പോടീ അവിടുന്ന്'
മോളി ' കണ്ടോ ഇതാ കുഴപ്പം. നിങ്ങള്‍ ആണുങ്ങള്‍ കണ്ണും തിരുമ്മി എഴുന്നേറ്റ് ഈ കുന്തനാണ്ടത്തിന്റെ മുമ്പില്‍ കുത്തിയിരിക്കും. 8 മണിക്ക് കൈയ്യും കഴുകി വന്നിരിക്കും. അപ്പോള്‍ കാപ്പി റെഡിയായില്ലെങ്കില്‍ കാണാം തനി സ്വഭാവം.'
'ദയവു ചെയ്ത് എന്നേ വെറുതേ വിട്ടേക്ക് '

Saturday 11 February 2012

എനിക്കിതേ അറിയൂ

 ലോണ്‍റാഗറും ഭൃത്യന്‍ ടോണ്‍ടോയും മരുഭൂമിയില്‍ തങ്ങാനായി പോയി. അവര്‍ അവിടെയെത്തി ഒരു കൂടാരം കെട്ടി. ക്ഷീണിതരായ രണ്ടു പേരും കൂടാരത്തിനുള്ളില്‍ ഗാഢനിദ്രയിലായി.
മണിക്കൂറുകള്‍ക്കുശേഷം ഉണര്‍ന്ന ടോണ്‍ടോ, ലോണ്‍റാഗറെ വിളിച്ചുണര്‍ത്തി പറഞ്ഞു. 

 ‘' സാബ് മുകളിലേയ്ക്ക് നോക്കൂ എന്താണ് കാണുന്നത് ?'
ലോണ്‍റാഗര്‍- 'ലക്ഷോപലക്ഷം നക്ഷത്രങ്ങളെ കാണുന്നു .
'അവ അങ്ങയോട് എന്തു പറയുന്നു.'  ടോണ്‍ടോ ചോദിച്ചു.
ഒരു നിമിഷം ആലോചിച്ച് ലോണ്‍ റാഗര്‍ പറഞ്ഞു.
'ജ്യോതിശാസ്ത്രപരമായി പറഞ്ഞാല്‍, ലക്ഷോപലക്ഷം ഗാലക്‌സികളും
കോടാനുകോടി ഗ്രഹങ്ങളുമുണ്ടെന്ന് അതെന്നോട് പറയുന്നു.
ജ്യോതിഷപരമായി പറഞ്ഞാല്‍, ശനി ചിങ്ങം രാശിയിലാണെന്നും,
സമയാടിസ്ഥാനത്തില്‍ പറഞ്ഞാല്‍ സമയം വെളുപ്പിന് മൂന്ന് കഴിഞ്ഞെന്നും,
തത്വശാസ്ത്രപരമായി പറഞ്ഞാല്‍, ദൈവം സര്‍വ്വശക്തനാണെന്നും,
കാലാവസ്ഥാപരമായി പറഞ്ഞാല്‍, നാളെ നല്ല സുന്ദര ദിനമായിരിക്കുമെന്നും അതെന്നോട് പറയുന്നു.'

'നീ എന്തു പറയുന്നു ടോണ്‍ടോ'’ ടോണ്‍ടോ തലകുലുക്കിയിട്ട് പറഞ്ഞു.

'സാബ് അങ്ങയുടെ ഒപ്പം ബുദ്ധിയൊന്നും എനിക്കില്ല.
എനിക്കിതേ അറിയൂ. നമ്മുടെ കൂടാരം ആരോ മോഷ്ടിച്ചിരിക്കുന്നു.'’ 

Friday 10 February 2012

തല്ലാം തലോടണം





അല്ലാ........ ഇതാര് മാഷോ ......?
കോളിംഗ് ബെല്ല് കേട്ട് കതകു തുറന്ന മനുവിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ തൃപ്തിയായി.
പ്രതീക്ഷിച്ചത് തന്നെ ........... മാറ്റമൊന്നും വന്നിട്ടില്ല. മൂന്നു വര്‍ഷം കൂടി അവധിക്ക് വന്നതാണ് മനു.
ഗള്‍ഫില്‍ സാമാന്യം തരക്കേടില്ലാത്ത ബിസിനസ്. പണത്തിന് പണം.
സൈഡായി സാഹിത്യവും സാംസ്‌കാരികപ്രവര്‍ത്തനങ്ങളും. അത്യാവശ്യം ജാടയ്ക്ക് ഇതിലേറെയെന്തു വേണം.?
'ഹലോ ........... മനു ഒരു മാറ്റവുമില്ലല്ലോ?'
കൈ പിടിച്ചു കുലുക്കി ഞാന്‍ പറഞ്ഞു.
''വാ മാഷേ അകത്തേക്കിരിക്കാം'' മനു തിരക്കുകൂട്ടി.
അകത്ത് കസേര വലിച്ചിട്ട് എന്നെ ഇരുത്തിയിട്ട് അടുക്കളഭാഗത്തേക്ക് നീങ്ങി.
എന്റെ ആഗമനം അകത്തുള്ളവരെ അറിയിച്ച് മനു തിരികെയെത്തി.
''പറയ് മാഷേ ......... എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.'' ഒരു കസേര വലിച്ചിട്ട് എന്റെ അടുത്തിരുന്ന് മനു ആരംഭിച്ചു.
''സുഖം തന്നെ മനു. എല്ലാവരും സുഖമായിരിക്കുന്നു.''
''ലസ് ലഗേജ് മോര്‍ കംഫര്‍ട്ട്'' എന്നതുപോലെ
''ലസ് വാണ്ട്‌സ് മോര്‍ പ്ലഷര്‍'' എന്ന സിദ്ധാന്തമാണ് എന്റേത്. ഞാന്‍ പറഞ്ഞു.
''അതു കൊള്ളാം മാഷേ. പക്ഷേ എനിക്കിഷ്ടം പഴയ ആപ്തവാക്യം തന്നെയാ.'' മനു
''അതെന്താ പഴമയോടിത്ര സ്‌നേഹം? ഞാന്‍ ചോദിച്ചു.
എന്റെ നിലപാട് വിശദീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ വാക്യമാണിതെന്ന് എനിക്ക് തോന്നുന്നു'' മനുവിന്റെ മുഖത്ത് ആശ്വാസം.
''ഓ....... വിവാഹിതനാകാത്തതിന്റെ വിശദീകരണം അല്ലേ?'' ഞാന്‍ ചോദിച്ചത് മനു കേട്ടില്ലെന്ന് തോന്നി.
''എടാ അപ്പു അതവിടെ വയ്ക്ക്'' മനു കുട്ടിയെയാണ് ശ്രദ്ധിക്കുന്നത്. മനുവിന്റെ ഇളയ പെങ്ങള്‍ സിനുവിന്റെ മോനാണ് അപ്പു.
മഹാ കുസൃതി. മുട്ടമ്മാവന്‍ വന്നതിന്റെ സന്തോഷത്തിലാണവന്‍. അങ്ങനെയാണ് മനുവിനെ അവന്‍ വിളിക്കുന്നത്.
സിനുവിന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് ഒരു ഗ്ലാസ്സ് വെള്ളവുമായി ഓടി വന്നതാണ്. പറഞ്ഞു തീര്‍ന്നില്ല ഗ്ലാസ്സ് താഴെ. ഓടി വന്നപ്പോള്‍ കസേരയില്‍ കാല്‍ തട്ടിയതാണ്. ഭാഗ്യം കുട്ടി വീണില്ല.
ഞങ്ങള്‍ ചില്ലുകള്‍ തൂത്തുവാരി. അവനൊരു കൂസലുമില്ല. അടുത്ത കുസൃതിക്കുള്ള സാദ്ധ്യത തിരയുകയാണ്. ഞങ്ങള്‍ വീണ്ടും കസേരയില്‍ ഉപവിഷ്ടരായി. അപ്പോള്‍ ടീപ്പോയുടെ ഇടയിലൂടെ ഓടിവന്ന് മുട്ടമ്മാവനോട് എന്തൊക്കെയോ അപ്പു പറഞ്ഞുതുടങ്ങി.
ഇടയ്ക്കു മനു പറഞ്ഞു. ''മോനേ നീ അപ്പുറത്തു പോയി കളിക്ക് ഞാന്‍ മാഷിനോടല്പം സംസാരിക്കട്ടെ,'' അവന്‍ പുറത്തേക്ക് ഓടി.
നല്ല അനുസരണയുള്ള കുട്ടി ഞാനോര്‍ത്തു. ''പിന്നെ...... മാഷേ ....'' മനു സംഭാഷണത്തിലേക്ക് കടന്നു.
അതാ പുറത്തേക്ക് പോയവന്‍ ഒരു കവുങ്ങിന്‍ പാളയുമായി ഓടി വരുന്നു. ''മുട്ടമ്മാവാ, എന്നെ ഇതില്‍ ഇരുത്തി ഒന്നു വലിച്ചേ .....''
മനു എഴുന്നേറ്റ് പാള വാങ്ങി പുറത്തേക്ക് ഒരേറ്. അതവന്‍ പ്രതീക്ഷിച്ചില്ല. അവന്‍ വയലന്റായി മനുവിനെ അടിക്കാനും തൊഴിക്കാനും തുടങ്ങി. ടപ്പ് ... ഒരടി..... മുട്ടിനു താഴെ. മുട്ടമ്മാവന്റെ അറ്റകൈ. അതവന്‍ ഒട്ടും പ്രതീക്ഷിച്ചില്ല, ഒറ്റക്കരച്ചിലും ഒരോട്ടവും.
കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന സിനുവിനോട് അവന്റെ പരാതി ''മുട്ടമ്മാവനടിച്ചേ .....'' അമ്മ അവനേയും എടുത്ത് അടുക്കളയിലേക്ക് പോയി.
കൊച്ചുകുട്ടികളുടെ പരാക്രമങ്ങള്‍ കണ്ട് ചിരിച്ചുകൊണ്ടിരിക്കുന്ന മുതിര്‍ന്നവരുടെ ചിത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞു.
എത്രയെത്ര ആതിഥേയരാണ് അതിഥികളായെത്തുന്നവരുടെ കുട്ടികളെക്കൊണ്ട് വശം കെടുന്നത്. എത്രയോ അതിഥികള്‍ ആതിഥേയരുടെ മക്കളെക്കൊണ്ട് പൊറുതിമുട്ടുന്നു.
എന്താണിങ്ങനെ? നമ്മുടെ മാതാപിതാക്കള്‍ക്കെന്തു പറ്റി? കുട്ടികളെ തല്ലാന്‍ പാടില്ല എന്നാണോ ഇവരുടെ ധാരണ?
കുട്ടികള്‍ തെറ്റു ചെയ്താല്‍ തിരുത്താതിരിക്കുന്നതാണോ ആധുനിക മനശാസ്ത്രം? സ്വന്തം അപ്പനും അമ്മയ്ക്കും മാത്രമേ കുട്ടികളെ തിരുത്താനുള്ള ചുമതലയുള്ളൊ?
എന്തോ എനിക്കിതൊന്നും ഉള്‍ക്കൊള്ളാനാകുന്നില്ല. ഞാന്‍ അപ്പന്റെയും അമ്മയുടെയും തല്ല് ഇഷ്ടം പോലെ കൊണ്ടിട്ടുണ്ട്. അപ്പന്‍ ചൂരലിന് രണ്ടടി തരുമ്പോള്‍ അമ്മ കൈയ്യില്‍ കിട്ടിയത് കൊണ്ട് ദേഷ്യം തീരും വരേയോ അടി കൊള്ളുന്നവന്‍ കരയുന്നതുവരെയോ തല്ലും.
എനിക്ക് കരയുവാന്‍ മടിയായിരുന്നതുകൊണ്ട് അമ്മ മടുക്കുന്നതുവരെ അടി വാങ്ങണമായിരുന്നു.
എങ്കിലും ഞാന്‍ പറയുന്നു മക്കളെ ആവശ്യമെങ്കില്‍ തല്ലണം. ഒപ്പം തല്ലുന്ന കൈകൊണ്ട് പിന്നെ തലോടുകയും വേണം. എന്റെയൊക്കെ ചെറുപ്പത്തില്‍ തല്ലേ ഉള്ളു തലോടലില്ല. അത് സ്‌നേഹമില്ലാഞ്ഞല്ല അവര്‍ക്കത് പ്രകടിപ്പിക്കുവാന്‍ നേരവും അറിവുമില്ലായിരുന്നു.
എന്നാല്‍ ഇന്നോ? തല്ലില്ല തലോടല്‍ മാത്രം അധികമായാല്‍ അമൃതും വിഷമെന്നല്ലേ?
'നമുക്ക് മുറ്റത്തിരിക്കാം മാഷെ' എന്ന് പറഞ്ഞ് മനു കസേരയുമെടുത്ത് പുറത്തേക്കിറങ്ങി. പുറകേ ഞാനും.
കഴിഞ്ഞ മുന്നു വര്‍ഷക്കാലത്തെ അനുഭവങ്ങള്‍ ഓരോന്നായി മനു വിവരിച്ചുകൊണ്ടിരുന്നു.
ഞാന്‍ ശ്രദ്ധയോടെ കേട്ടിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പു ഒരു സിഗരറ്റും ചുണ്ടത്തു വെച്ച് മനുവിന്റെ മുമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
മനുവാകട്ടെ അതു കണ്ടതായി നടിച്ചില്ല. ഞങ്ങളുടെ സംസാരം തുടര്‍ന്നു.
അവനതാ വീണ്ടും വരുന്നു. ഇപ്പോള്‍ ചുണ്ടത്ത് കത്തുന്ന സിഗറ്റാണ്. അതിനും മനു പ്രതികരിക്കുന്നില്ല. അവന്‍ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങുന്നില്ലെന്ന് ബോദ്ധ്യമായപ്പോള്‍ കൂടുതല്‍ പ്രകോപനമായി ലക്ഷ്യം. അതിനവന്‍ കണ്ട മാര്‍ഗ്ഗം എന്തെന്നോ? തൊട്ടടുത്ത് മരങ്ങള്‍ക്കിടയില്‍ കടന്നിരുന്ന കരിയിലയ്ക്ക് അവന്‍ തീയിട്ടു.
അപ്പോഴേക്കും ഒന്ന് രണ്ട് കൂട്ടുകാര്‍ കൂടി എത്തി. കുറച്ചുകൂടി മുതിര്‍ന്ന കുട്ടികള്‍. അവര്‍ വെള്ളമൊഴിച്ചും തല്ലിയും തീ കെടുത്തി. വിവരം അമ്മയെ അറിയിച്ചു. അമ്മ വഴക്കു പറഞ്ഞു. മനു അപ്പോഴും വര്‍ത്തമാനത്തിലാണ്.
താമസിച്ചില്ല, ഇതാ അടുത്ത നമ്പര്‍. മുറിയ്ക്കുള്ളില്‍ നിന്ന് ഒരു ടീപ്പോയും വലിച്ചുകൊണ്ടുവരുന്നു. എടുത്താല്‍ പൊങ്ങില്ല. ഉന്തിയും വലിച്ചുമാണ് കൊണ്ടുവരുന്നത്. മുട്ടമ്മാവന്റെ അവഗണന അവന് സഹിക്കാനാവുന്നില്ല.
ഇതുകൊണ്ടും രക്ഷയില്ലെന്ന് മനസ്സിലായപ്പോള്‍ അപ്പു മനുവിന്റെ അരികത്ത് വന്ന് മുട്ടിയുരുമ്മി നിന്നു നോക്കി. അതും ഏശിയില്ല.
എനിക്ക് മടങ്ങാനുള്ള സമയമായി.
''മനു ഞാനിറങ്ങുന്നു. റിസള്‍ട്ട് നാളെ പറയണം.
ഓകെ. മാഷെ ...... മനു എന്നെ യാത്രയാക്കി.
പിറ്റെ ദിവസം പ്രഭാത സവാരിക്കു വന്ന മനു പറഞ്ഞു. ''മാഷേ ഇന്നലെ രാത്രിവരെ എന്റെ അവഗണന നീണ്ടപ്പോള്‍
അപ്പുവും അവന്റെ ജ്യേഷ്ഠനും കൂടി സിനുവിനോട് പറഞ്ഞു മുട്ടമ്മാവന് ഞങ്ങളോടൊക്കെ ദേഷ്യമാണ്. നമുക്ക് നാളെ തിരിച്ചു പോകാമെന്ന്.
മുട്ടമ്മാവന് ദേഷ്യമാണോയെന്ന് നേരിട്ട് ചോദിക്കാന്‍ സിനു പറഞ്ഞപ്പോള്‍ അവന്‍ മടിച്ചു മടിച്ച് എന്റെ അടുത്തു വന്നു. അപ്പോള്‍ ഞാന്‍ അവനെ എടുത്ത് തോളത്തിട്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. അവന്‍ പൂര്‍വ്വാധികം സന്തോഷത്തോടെ എന്റെ ഒപ്പം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി..' 

Thursday 9 February 2012

പണവും പ്രായവും



ഒരച്ചനും എന്റെ സുഹൃത്ത് ജോയിയും പള്ളി മുറ്റത്തെ തണല്‍ മരത്തിനു ചുവട്ടില്‍ സംസാരിച്ചിരിക്കുന്നു(ഇന്നേതു പള്ളി മുറ്റത്താണ് ആവോ തണലുള്ളത്).
കുറച്ചു കഴിഞ്ഞപ്പോള്‍ ഇടവക പ്രമാണിയായ ചാക്കോച്ചേട്ടന്‍ ഇവര്‍ക്കരികിലേക്ക് വരുന്നത് കണ്ട് അച്ചന്‍ എഴുന്നേറ്റു(കുറച്ച് അച്ചന്മാരെ അങ്ങനെ ചെയ്യാറുള്ളു). 

എന്തോ ജോയി എഴുന്നേറ്റില്ല.
ചാക്കോച്ചേട്ടന്‍ പോയതിനുശേഷം, എഴുന്നേല്‍ക്കാതിരുന്നതിന് അച്ചന്‍ ജോയിയെ വഴക്ക് പറഞ്ഞു.

അച്ചനോട് ജോയി ഇങ്ങനെ ചോദിച്ചു.' പണത്തേയോ പ്രായത്തേയോ ബഹുമാനിക്കേണ്ടത്?'
അച്ചന്‍ പറഞ്ഞു 'പ്രായത്തെ'
' ശരി, എങ്കില്‍ എന്റെ അപ്പന്‍ ഇന്നലെ അച്ചനെ കാണാന്‍ വന്നപ്പോള്‍(അദ്ദേഹത്തിനുമുണ്ട്ചാക്കോച്ചേട്ടന്റെ പ്രായം) അച്ചന്‍ എഴുന്നേറ്റു നിന്ന് ബഹുമാനിക്കാതിരുന്നത് അങ്ങേര് ദളിതനായിരുന്നതുകൊണ്ടല്ലേ?' ജോയി ചോദിച്ചു.


പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെ നിന്ന അച്ചനോട് ജോയി വീണ്ടും പറഞ്ഞു.' അതു പോട്ടേ നിങ്ങള്‍ അച്ചന്മാര് സ്വന്തം വീട്ടില്‍ ചെല്ലുമ്പോള്‍ സ്വന്തം അപ്പന്‍ പോലും എഴുന്നേറ്റ് ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുന്നവരാ. അത് എന്തെങ്കിലുമാവട്ടെ. 


ചാക്കോച്ചേട്ടന്റെ പ്രായമുള്ള എന്റെ അപ്പനെ അദ്ദേഹത്തിന്റെ മക്കള്‍ പേര് വിളിക്കുന്നതോ ?'
അച്ചന്‍ എഴുന്നേറ്റ് ജോയിക്ക് ഒരു ഷേക്ക്ഹാന്‍ഡ് കൊടുത്തിട്ട് പറഞ്ഞു

' ജോയി പറഞ്ഞത് ശരിയാണ് ഞാന്‍ അങ്ങനെയൊരു വശം ചിന്തിച്ചിരുന്നില്ല. നന്ദി'
അവര്‍ നല്ല സുഹൃത്തുക്കളായി പിരിഞ്ഞു.

Tuesday 7 February 2012

ചെറിയ ഭേദഗതികള്‍



മൃഗരാജന്‍ വനഭരണമേറ്റെടുത്തിട്ട് കാലമേറെയായി.
നാട്ടിലെ മാറ്റങ്ങള്‍ കാടിനേയും ബാധിച്ചു.
നാട്ടിലെ രാജാക്കന്മാര്‍ കാട് വെട്ടി നാട് വളര്‍ത്തി.
തന്റെ രാജ്യത്തിന്റെ കുറയുന്ന വിസ്തൃതിയിലും, വനവാസികളുടെ വര്‍ദ്ധിച്ചു വരുന്ന പ്രശ്‌നങ്ങളിലും വന രാജാവ് ഖിന്നനായിരുന്നു.
എങ്കിലും തടുത്തു നിര്‍ത്താനാവാത്ത കാലപ്രവാഹത്തിന്റെ വെല്ലുവിളികളഭിമുഖീകരിക്കാന്‍ പല പരിഷ്‌ക്കാരങ്ങളും തന്റെ രാജ്യത്ത് അദ്ദേഹം തുടങ്ങി വെച്ചു.
തന്റെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും, പ്രജകളുടെ ക്ഷേമവും കാത്തു സൂക്ഷിക്കുന്നതില്‍ രാജാവ് പ്രതിജ്ഞാബദ്ധനായിരുന്നു.
വനവാസികളില്‍ ഭൂരിഭാഗവും തൃപ്തരായിരുന്നു.
അങ്ങനെയിരിക്കെ, കുറുക്കന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം മൃഗങ്ങള്‍ രാജഭരണത്തിനെതിരെ ഒത്തുകൂടി.
പണ്ടൊരിക്കല്‍ കുറുക്കന്‍ രാജാവാകാന്‍ നടത്തിയ വിഫല ശ്രമമൊക്കെ അവര്‍ മറന്നിരുന്നു.
ഒരു അവകാശ പത്രിക തന്നെ അവര്‍ തയ്യാറാക്കി. കുടുംബവാഴ്ചയില്‍ അധിഷ്ഠിതമായ മൃഗരാജഭരണത്തെ അവര്‍ വിമര്‍ശിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിക്ക് അധികാരം കൈമാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജാവ് നടപ്പാക്കിയ പല പരിഷ്‌ക്കാരങ്ങളും എതിര്‍ക്കപ്പെട്ടു.
ഒരു മാറ്റത്തിനായി ദാഹിച്ചിരുന്ന വനവാസികളില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ കുറുക്കനു കഴിഞ്ഞു.
തന്റെ പ്രജകളുടെ ക്ഷേമം മാത്രമായിരുന്നു വനരാജാവിന്റെ സ്വപ്നം.
കുറുക്കന്റെ പുതിയ നീക്കം തന്റെ പ്രജകളിലുണ്ടാക്കിയ മാറ്റം മനസ്സിലാക്കിയ മൃഗരാജാവ് ഭരണക്കൈമാറ്റത്തിന് തയ്യാറായി.
അങ്ങനെ മൃഗരാജാവിന്റെ സ്ഥാനത്ത് കുറുക്കന്‍ ഭരണാധികാരിയായി. അവരുടെ പുതിയ റിപ്പബഌക്കില്‍ എല്ലാ മൃഗങ്ങളും അനുസരിക്കേണ്ട 10 പ്രമാണങ്ങള്‍ എഴുതിയുണ്ടാക്കി. അത് രാജധാനിയില്‍ ഏവര്‍ക്കും കാണാനായി പ്രദര്‍ശിപ്പിച്ചു
ദിനങ്ങള്‍ ആഴ്ചകള്‍ക്കും, ആഴ്ചകള്‍ മാസങ്ങള്‍ക്കും വഴിമാറി.കുറുക്കന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് അവരുടെ അവകാശപത്രികയിലെ അവകാശങ്ങള്‍ക്കുവേമ്ടി ഒന്നും ചെയ്യാനായില്ല.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. മൃഗങ്ങള്‍ പിറുപിറുത്തു തുടങ്ങി. ഭരണത്തിന്റെ ശീതളഛായയില്‍ മയങ്ങിപ്പോയ കുറുക്കനെതിരെ മന്ത്രിസഭാ യോഗത്തില്‍ ശബ്ദമുയര്‍ന്നു.
കാളക്കൂറ്റന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കുറുക്കന്റെ രാജി ആവശ്യപ്പെട്ടു. കുറുക്കന്‍ വഴങ്ങിയില്ല. കാളക്കൂറ്റന്‍ തന്റെ അനുയായികളുമായി യോഗത്തില്‍നിന്നിറങ്ങിപ്പോയി പുതിയ ഗ്രൂപ്പുണ്ടാക്കി.
അങ്ങനെയിരിക്കെ ഒരു ദിവസം രാജാവായ കുറുക്കന്‍ കുറെ വേട്ടപ്പട്ടികളെ കൂട്ടി മറ്റു മൃഗങ്ങളെ ആക്രമിക്കുന്ന കാഴ്ച മറ്റുള്ളവര്‍ കണ്ടു. അവര്‍ അന്തംവിട്ട്്് പോയി. കാരണം അവകാശപത്രികയിലെ ഒന്നാം പ്രമാണം മൃഗങ്ങള്‍ മറ്റു മൃഗങ്ങളെ ഉപദ്രവിക്കരുതെന്നായിരുന്നു. ഇതാ രാജാവ് തന്നെ ആ നിയമം ലംഘിച്ചിരിക്കുന്നു.
അവര്‍ ഓടി രാജധാനിയിലെത്തി പ്രമാണം വീണ്ടും പരിശോധിച്ചുനോക്കി.
ചെറിയൊരു ഭേദഗതി. 'അകാരണമായി മൃഗങ്ങള്‍ മറ്റു മൃഗങ്ങളെ ഉപദ്രവിക്കരുത്'
ഒരാഴ്ച കടന്നുപോയി. ഒരു ദിവസം കൊട്ടാരത്തിനു സമീപത്തുകൂടി വന്ന, കാളക്കൂറ്റന്‍ ഗ്രൂപ്പിലെ ചിലര്‍ കൊട്ടാരത്തില്‍ നിന്നും പതിവില്ലാത്ത ബഹളം കേട്ടു. കാര്യമറിയാന്‍ കൊട്ടാരവളപ്പിലെത്തിയവര്‍ മൂക്കത്ത്് വിരല്‍ വെച്ചു. നേതാവായ കുറുക്കനും കൂട്ടുകാരും ചേര്‍ന്ന്്് മദ്യപിച്ച് അട്ടഹസിക്കുകയാണ്. ഇതാ മദ്യപാനം പാടില്ല എന്ന രണ്ടാം പ്രമാണവും അവര്‍ ലംഘിച്ചിരിക്കുന്നു.
തങ്ങളുടെ ഓര്‍മ്മയിലുള്ള രണ്ടാം പ്രമാണം 'മദ്യപാനം പാടില്ല' എന്നതു തന്നെയല്ലേ എന്നുറപ്പു വരുത്താന്‍ രാജധാനിയില്‍ പരസ്യപ്പെടുത്തിയിരിക്കുന്ന അവകാശപത്രിക ഒരിക്കല്‍കൂടി വായിച്ചു നോക്കി.
അതാ ഒരു ചെറിയ ഭേദഗതി.' അമിത മദ്യപാനം പാടില്ല,'
അവര്‍ സന്തോഷത്തോടെ മടങ്ങി.
ബിവേറജസിന്റെ മുമ്പില്‍ ക്യൂവായി അടങ്ങി നിന്നു.

അച്ചാ പ്ലീസ്.......



''അച്ചാ പ്ലീസ്'' ''പ്ലീസ് അച്ചാ''
''അച്ചാ ഒന്നു പ്രാര്‍ത്ഥിക്കാമോ''
''പ്ലീസ് അച്ചാ ഞാന്‍ അടിയേ പോകുവാ''
''അച്ചന്‍ ഉടനെയൊന്ന് പ്രാര്‍ത്ഥിക്കണേ''
ഇക്കഴിഞ്ഞ ദിവസം കേള്‍ക്കാനിടയായ ഒരു മൊബെല്‍ഫോണ്‍ സംഭാഷണത്തിലെ ഏതാനും ഭാഗമാണ് മേലുദ്ധരിക്കുന്നത്. കാമുകീകാമുകന്മാരുടെ പ്രേമസല്ലാപങ്ങളും, ഭാര്യാഭര്‍ത്താക്കന്മാരുടെ സൗന്ദര്യപ്പിണക്കങ്ങളും, കച്ചവടക്കാരുടെ ബിസ്സിനസ്സ് രഹസ്യങ്ങളും, ദല്ലാളന്മാരുടെ നാരീവര്‍ണ്ണനകളും ഇന്ന് ബസിലും ബസ്റ്റാന്റിലും, കടയിലും കവലയിലും, നടയിലും നിരത്തിലും ഒക്കെ, പഴമക്കാര്‍ പറയുന്നതുപോലെ അങ്ങടിപ്പാട്ടാണ്. സ്വന്തം കോലായിലെ കസേരയിലാണ് താനെന്ന ഭാവത്തിലാണ് ചില മൊബൈല്‍ വായാടികള്‍. കേട്ട് മടുത്തതിനാല്‍ ഇത്തരം സംഭാഷണങ്ങള്‍ ശ്രദ്ധിക്കാറേയില്ല.
പക്ഷേ ഇന്ന് കേട്ടത് ശ്രദ്ധിക്കാതിരിക്കാനായില്ല. അത്ര ദയനീയ ഭാവമായിരുന്നു അയാള്‍ക്ക്.
എന്തോ വലിയ അത്യാപത്തിന്റെ വക്കില്‍ നില്‍ക്കുന്നതുപോലെ.
പാവം.........................
ഞാന്‍ നടപ്പിന്റെ വേഗത കുറച്ചു.
അച്ചന്റെ മറുപടി എന്താണാവോ അറിയില്ല. അയാള്‍ തുടര്‍ന്നു. ''അച്ചാ ഇത്രയും ഓര്‍ത്തില്ല അച്ചന്‍ ഒന്ന് പ്രാര്‍ത്ഥിച്ചാല്‍ മതി. അച്ചാ മാര്‍ക്കറ്റ് താഴോട്ട് പോയിക്കൊണ്ടിരിക്കുകയാ''
അയാള്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് അടുത്തുള്ള അവധിവ്യാപാരശാലയുടെ അകത്തേക്ക് ഓടിക്കയറി.
അപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് വശം മനസ്സിലായത്. പിന്നെ ഞാനൊന്നും ശ്രദ്ധിച്ചില്ല. നടപ്പിന് വേഗത കൂട്ടി.
അപ്പോഴും അയാളുടെ വിലാപം ചെവിയില്‍ മുഴങ്ങന്നുണ്ടായിരുന്നു

Monday 6 February 2012

നോക്കുകൂലി


'മരണം വരുമൊരുനാള്‍
ഓര്‍ക്കുക മര്‍ത്യാ നീ.......
കൂടെപ്പോരും നിന്‍ ജീവിത ചെയ്തികളും
സല്‍കൃത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ.'


ആരാണ് ഇത്ര രാവിലെ ഫോണ്‍ വിളിക്കുന്നത്. പെട്ടെന്ന് ഫോണ്‍ എടുത്തു
'ഹലോ...'
'ഹലോ മാഷാണോ ? എന്താ രാവിലെ ഒപ്പീസ് കേള്‍ക്കുന്നത് ?'
'ഹലോ സന്തോഷേ, ഒപ്പീസൊന്നുമല്ല എന്റെ ഫോണിന്റെ റിങ്ങ്‌ടോണാ.'
'ഇതെന്താ മാഷേ പുതിയൊരു പരിഷ്‌ക്കാരം ? വേറൊന്നും കിട്ടിയില്ലേ ?'
'അതെന്താ സന്തോഷേ ഇതിനൊരു കുഴപ്പം. എന്നെ വിളിക്കുന്നവരോട് എനിക്ക് പറയാനുള്ളത് റിങ്‌ടോണാക്കിയെന്നേയുള്ളു.'
'എന്തുപറ്റി വയനാടിന് പോയോ.... ധ്യാനം വല്ലതും.'....
'ഒന്നു പോടേ.... എന്താ രാവിലെ വിളിച്ചത് ?'
'ഞങ്ങളുടെ പത്ര ഏജന്റ് ഒരു പ്രശ്‌നക്കാരനായിരിക്കുന്നു.ആ കാര്യം ഒന്നു സംസാരിക്കണം. എപ്പോഴാ ഇവിടെവരെ ഒന്നു വരുന്നത്?'
'അതുകൊള്ളാം ഈ ഏജന്റിനെന്താ പ്രശ്‌നം ? ആകെ ദാരിദ്ര്യമായതിനാല്‍ 10 രൂപ വീതം സര്‍വ്വീസ് ചാര്‍ജ്ജ് കൊടുക്കമണമെന്ന് കാണിച്ച് എല്ലായിടത്തും നോട്ടീസ് കൊടുത്തല്ലോ. ആ പ്രശ്‌നമാണോ?'
'അല്ല അതല്ല പ്രശ്നം . അത് അസംഘടിത പൊതുജനത്തിന്റെ തോളില്‍, പത്രമുതലാളിയുടെ ചെലവില്‍ കേറുന്ന പരിപാടിയല്ലേ ? ഏജന്റ്മാര്‍ കാണിക്കുന്നത് ശുദ്ധപോക്രിത്തരം തന്നെയാ.... പക്ഷേ അതിപ്പോള്‍ ഞാന്‍ കാര്യമായിട്ടെടുത്തിട്ടില്ല. വേറൊരു പോക്രിത്തരത്തിന്റെ കാര്യം പറയാനാ വിളിച്ചത്.'
'ശരി എന്നാല്‍ വൈകിട്ടിറങ്ങാം. വെയ്ക്കട്ടെ.'
ചവറുപോലെ ചാനലുകള്‍ ഉള്ള ഇക്കാലത്ത് വാര്‍ത്തകളറിയാന്‍ ഒരു പത്രത്തിന്റെ ആവശ്യമേയില്ല.പിന്നെ ചെറുപ്പം മുതല്‍ ശീലിച്ചുപോയതിനാല്‍ ഏതെങ്കിലും ഒരു പത്രത്തിന്റെ പേജുകള്‍ മറിച്ചുനോക്കാതെ ശോദന ശരിയാവില്ല എന്ന അവസ്ഥയിലാണ് മലയാളികള്‍.ഇതറിയാവുന്ന പത്ര മുതലാളിമാര്‍ അടിക്കടി പത്രത്തിന്റെ വില കൂട്ടുന്നു.
പത്രവ്യവസായം നഷ്ടമാണെന്നാണ് ഇതിനു പറയുന്ന ന്യായം. എന്തോ. എഡിഷനുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നുണ്ട്താനും.
'എന്താ ഇത്ര കാര്യമായി ചിന്തിച്ചിരിക്കുന്നത്. ഇന്ന് സ്‌കൂളിലെങ്ങും പോകുന്നില്ലേ ?' ഭാര്യയുടെ ചോദ്യം കേട്ട് മാഷ് പറഞ്ഞു.
'പത്രക്കാരുടെ കാര്യം ഓര്‍ത്തുപോയതാ. പത്ര മുതലാളിമാര്‍ക്ക് നഷ്ടം.അരിക്കാശ് പിരിയാത്തതിനാല്‍ ആത്മഹത്യയാണ് ആശ്രയമെന്ന ഏജന്റ്മാര്‍.'
'അവരും മനുഷ്യരല്ലേ ന്യായമായ വരുമാനം അവര്‍ക്കും വേണ്ടേ ?' ഭാര്യയുടെ ദീനാനുകമ്പ.
'ചെയ്യുന്ന പണിക്ക് ന്യായമായ പ്രതിഫലം കിട്ടണമെന്നു തന്നെയാണ് എന്റേയും അഭിപ്രായം. പക്ഷേ അത് കൊടുക്കേണ്ടത് ആരാണ് ?
ഏതൊരു വസ്തുവിന്റേയും ഉദ്പാദകര്‍ തന്നെയാണ് വിതരണ ചെലവും വഹിക്കുന്നത്. അതുകൂടി കണക്കാക്കിയാണ് ഉദ്പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത്. ആ വിലയില്‍ കൂടുതല്‍ വേണമെന്ന് ഇവര്‍ പറയുന്നത് ന്യായമാണോ ?'
' ഒരു പത്തുരൂപയല്ലേ കൂടുതല്‍ ചോദിച്ചത്. അതിന് ഇത്ര വലിയ വകുപ്പും ചട്ടോം പറയാനുണ്ടോ?' ഭാര്യയുടെ വിശാലമനസ്‌കത!
'ഹോ....എന്തൊരു വിശാലമനസ്‌കത......കഴിഞ്ഞ ദിവസം ഏതോ പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍ മൂന്ന് രൂപ ബാക്കി തന്നില്ലെന്ന് പറഞ്ഞ് നീ ചൂടാകുന്നത് കേട്ടല്ലോ. അയാളുടെ ഭാര്യക്ക് സിസ്സേറിയനായിരുന്നു. നല്ലൊരു തുക ആശുപത്രിയില്‍ ചെലവായി. അതുകൊണ്ട് 7 രൂപ ടിക്കറ്റിന് അയാള്‍ 10 രൂപ വീതം എല്ലാവരോടും വാങ്ങുന്നതാ. ഇതുതന്നെയല്ലേ പത്ര ഏജന്റ്മാരും ചെയ്യുന്നത്.
'കിട്ടുന്ന ശമ്പളം ഉപജീവനത്തിനു തികയുന്നില്ലെങ്കില്‍ തൊഴില്‍ദാതാവിനെതിരെ സമരം ചെയ്യാം.ജോലി ഉപേക്ഷിക്കാം. സംഘമായി പത്ര വിതരണം നിര്‍ത്തിവെച്ച്്് പ്രതിക്ഷേധിക്കാം.ഇതൊക്കെയല്ലേ അതിന്റെ ശരി?'
'ഞാന്‍ ഒരു തര്‍ക്കത്തിനില്ല. ഇതാ ഇപ്പോള്‍തന്നെ സമയം പോയി. കുളിച്ച് വാ ഞാന്‍ കാപ്പിയെടുക്കാം.',...ഭാര്യ ശരിക്കും വീട്ടമ്മയായി. തല്ക്കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
'എനിക്കു തരാനുള്ള കാശ് തന്നില്ലെങ്കില്‍ തന്നോടല്ല തന്റപ്പൂപ്പനോട് ഞാന്‍ വാങ്ങും....എന്നെ തനിക്കറിയത്തില്ല.'
വൈകിട്ട് സന്തോഷിന്റെ വീട്ടുമുറ്റത്ത് ബൈക്ക് നിര്‍ത്തിയപ്പോള്‍ ഞാന്‍ കേള്‍ക്കുന്നതിതാണ്. ഇതുപറഞ്ഞ് മുറ്റത്തേയ്ക്കിറങ്ങിയ ആളെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ട് പോയി. ഇത്ജോണല്ലേ നമ്മുടെ പത്രഏജന്റ്. ഹെല്‍മറ്റ് ഉണ്ടായിരുന്നതുകൊണ്ട് അയാള്‍ക്കെന്നെ മനസിലായില്ല. ഹെല്‍മറ്റ് എടുക്കാതെതന്നെ ഞാന്‍ അയാളോട് ചോദിച്ചു ' എന്താ എന്താണ് പ്രശ്‌നം.?
'അത്പറയേണ്ടവരോട് പറഞ്ഞിട്ടുണ്ട്' വെറുതേക്കാരന്റെ ചോദ്യം ജോണിനിഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായി.
'ജോണവിടെ നിന്നേ.... ചോദിക്കട്ടെ....' ഞാന്‍ ബൈക്ക് സ്റ്റാന്‍ഡില്‍ വെച്ച് അയാളുടെ അടുത്തേക്ക് ചെന്നു.
തന്റെ പേര്വിളിച്ച് കേട്ടപ്പോള്‍ജോണ്‍ നിന്നു. ഹോല്‍മറ്റ് എടുത്തപ്പോള്‍ ആളെ മനസ്സിലായി.
'അയ്യോ........ മാഷായിരുന്നോ......സോറി.....' ജോണ്‍ തെല്ല് ചമ്മലോടെ പറഞ്ഞു.
ജോണിന്റെ ഭാവവ്യത്യാസം കണ്ട് അത്ഭുതം തോന്നി. പുലി എലിയാകുന്നത് എത്ര പെട്ടെന്നാണ്. ഇയാളെ എനിക്ക് നേരത്തെ അറിയാം.
ഒരാര്‍ത്തി പണ്ടാരം. കാര്യസാദ്ധ്യത്തിന് ആരുടെ കാലും നക്കും. കാര്യം നടന്നില്ലെങ്കില്‍ വിധം മാറും. സ്വന്തം അപ്പനെപ്പോലും തെറി വിളിക്കാന്‍ ഒരു മടിയുമില്ല. രാഷ്ട്രീയത്തിലായിരുന്നെങ്കില്‍ നല്ല ഭാവി ഉണ്ടായിരുന്നതാ. എന്തു ചെയ്യാന്‍ പത്ര ഏജന്റ് ആയിപ്പോയി.
'എന്താ ഇത്ര ചൂടില്‍.....ആരെയാ ഭീഷണിപ്പെടുത്തുന്നേ....എന്താ സംഭവം..?' ഞാന്‍ ചോദിച്ചു.
'സന്തോഷിന്റെ അപ്പന്‍ മരിച്ചപ്പോള്‍ പത്രത്തില്‍ കൊടുത്ത പരസ്യത്തിന്റെ കാര്യം പറയാന്‍ വന്നതാ.' ജോണ്‍ പറഞ്ഞു. അപ്പോഴേക്കും സന്തോഷ് എത്തി.
'എടാ നാറി നീ വീട്ടില്‍കേറി വന്ന് ഭീഷണിപ്പെടുത്തുന്നോ...നീ എന്ത് ഉലത്തുമെന്നാ പറഞ്ഞത്.' സന്തോഷ് ജോണിന്റെ കോളറില്‍ കേറിപ്പിടിച്ചു.
'ഹാ....എന്താ സന്തോഷേ ഇത് വിട് ' ഞാന്‍ ഇടക്കുകയറി സന്തോഷിനെ പിടിച്ചുമാറ്റി.
'എന്തായിത്...... എന്താ ഇവിടെ പ്രശ്‌നം?'
'ഞാന്‍ പറയാം... 'സന്തോഷ് വിവരിച്ചു തുടങ്ങി.
' കഴിഞ്ഞയാഴ്ച അപ്പച്ചന്‍ മരിച്ചപ്പോള്‍ ഞാനിയാളെ വിളിച്ചു. പത്രത്തില്‍ വാര്‍ത്ത കൊടുക്കണമെന്നു പറഞ്ഞപ്പോള്‍ ഇയാള്‍ തിരക്കിലാണെന്നും
നേരിട്ട് കൊടുക്കുന്നതാ നല്ലതെന്നും അയാള്‍ പറഞ്ഞു.
ഈയാളാരാ മോന്‍. വാര്‍ത്തക്ക് കമ്മീഷനില്ലല്ലോ. വാര്‍ത്ത കൊടുക്കാന്‍ കോട്ടയത്തിന് ആളെവിട്ടു.വാര്‍ത്തയ്ക്കു പുറമേ ഒരു പരസ്യവും കൊടുത്തു.
പരസ്യത്തിന് 15 ശതമാനം കമ്മീഷനുണ്ടെന്നും, പാര്‍ട്ടി നേരിട്ട് കൊടുത്താല്‍10 ശതമാനമേ കുറയ്ക്കൂ 5 ശതമാനം ഏതെങ്കിലും ഏജന്റിന്റെ പേര് പറഞ്ഞാല്‍ അയാള്‍ക്ക്കൊടുക്കാമെന്നും, പോയ ആള്‍ എന്നെ വിളിച്ചു പറഞ്ഞു. നാറിയാണെങ്കിലും നാട്ടുകാരനല്ലേയെന്ന് വിചാരിച്ച് ഇയാളുടെ പേര് കൊടുത്തു.'
'ചേതമില്ലാത്ത ഉപകാരമല്ലേ സന്തോഷ് ചെയ്തത്. പിന്നെയെന്തിനാ ഇയാള്‍ ബഹളമുണ്ടാക്കുന്നത് ? ' ഞാന്‍ ചോദിച്ചു.
'മാഷേ തിരക്കുമൂലം അന്നെനിക്കെത്താന്‍ പറ്റിയില്ലെന്നത് ശരിയാ. പക്ഷേ പിറ്റേദിവസം വാര്‍ത്ത വന്ന എല്ലാ പത്രങ്ങളും ഇവിടെ കൊടുത്തതാ. പരസ്യത്തിന്റെ കമ്മീഷന്‍ ഏജന്റിന് അവകാശപ്പെട്ടതാ അതെനിക്കു കിട്ടണം.' ജോണ്‍ തന്റെ ഭാഗം വിശദീകരിച്ചു.
'എടോ ജോണേ ഇതിനാണ് നോക്കുകൂലി എന്നു പറയുന്നത്. എന്നു മുതലാടോ പത്രഏജന്റ്മാര്‍ നോക്കുകൂലി വാങ്ങാന്‍ തുടങ്ങിയത് ?'
ഞാന്‍ ചോദിച്ചു.
'ഇയ്യാള് ബഹളം വെച്ചപ്പോള്‍, ഇതിന്റെ പേരില്‍ ഒച്ചയും ബഹളവും വെച്ച് നാട്ടുകാരെ അറിയിക്കണ്ട എന്തെങ്കിലും കൊടുത്തു വിടാന്‍ അമ്മച്ചി പറഞ്ഞതുകൊ ണ്ട്നോക്കുകൂലിയായി 2000 രൂപ കൊടുത്തതാ. അതുപോരാ 15 ശതമാനം തികച്ച്് വേണമെന്ന് പറഞ്ഞാ ബഹളം.' സന്തോഷിന് സങ്കടം വന്നു.
'എന്തായാലും ഇന്നുകൊണ്ട് ഈ പ്രശ്‌നം തീര്‍ക്കണം. നാട്ടുകാരറിയണ്ട. ജോണേ വാ. ' ഞാന്‍ ജോണിനെ കൂട്ടി വീട്ടിലേക്ക് കയറി. സന്തോഷും ഒപ്പമെത്തി. ാെരു മുറിക്കുളളില്‍ കേറി വാതിലടച്ചു.
ആരുടേയോ ഉച്ചത്തിലുള്ള വര്‍ത്തമാനം കേട്ട് വിവരം തിരക്കി മുന്‍വരാന്തയിതെത്തിയ അമ്മച്ചിയുടെ കാതില്‍ ഒരു നേര്‍ത്ത ശബ്ദം.
അയ്യോ.... എനിക്കൊന്നും വേണ്ടായേ....
അയ്യോ... ഒരു പ്രശ്‌നവുമില്ലേ....
എന്നേ വെറുതേ വിടണേ........








































Thursday 2 February 2012

മാര്‍പ്പാപ്പ


ക്‌ളെമന്റ് 14 -ാമന്റെ കിരീടധാരണ ദിവസം.
നിരവധി സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരിക്കുന്നു.
വിശിഷ്ടാതിഥികളെ സ്വീകരിച്ച് കുശലാന്വേഷണം നടത്താന്‍
മാര്‍പ്പാപ്പയും തയ്യാറായി നില്ക്കുന്നു.
അതിഥികള്‍ മാര്‍പ്പാപ്പയുടെ മുമ്പില്‍ തലകുനിച്ച് ആചാരം ചെയ്ത് ബഹുമാനിച്ചപ്പോള്‍ മാര്‍പ്പാപ്പയും തലകുനിച്ച് ബഹുമാനം നല്‍കി.
ഇത് കണ്ട് ഒരു കാര്‍ഡിനല്‍ മാര്‍പ്പാപ്പയുടെ ചെവിയില്‍ മന്ത്രിച്ചു.
'അങ്ങ് മാര്‍പ്പാപ്പയാണ് അവരുടെ മുമ്പില്‍ തലകുനിച്ച് ബഹുമാനം
കാണിക്കണ്ട'.
മാര്‍പ്പാപ്പ ഇങ്ങനെ പ്രതിവചിച്ചു.'മാന്യമായി പെരുമാറുന്നത് എങ്ങനെയെന്ന് മറക്കുവാന്‍ മാത്രം കാലമായില്ലല്ലോ ഞാന്‍ മാര്‍പ്പാപ്പയായിട്ട്'.