Friday 10 February 2012

തല്ലാം തലോടണം





അല്ലാ........ ഇതാര് മാഷോ ......?
കോളിംഗ് ബെല്ല് കേട്ട് കതകു തുറന്ന മനുവിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ തൃപ്തിയായി.
പ്രതീക്ഷിച്ചത് തന്നെ ........... മാറ്റമൊന്നും വന്നിട്ടില്ല. മൂന്നു വര്‍ഷം കൂടി അവധിക്ക് വന്നതാണ് മനു.
ഗള്‍ഫില്‍ സാമാന്യം തരക്കേടില്ലാത്ത ബിസിനസ്. പണത്തിന് പണം.
സൈഡായി സാഹിത്യവും സാംസ്‌കാരികപ്രവര്‍ത്തനങ്ങളും. അത്യാവശ്യം ജാടയ്ക്ക് ഇതിലേറെയെന്തു വേണം.?
'ഹലോ ........... മനു ഒരു മാറ്റവുമില്ലല്ലോ?'
കൈ പിടിച്ചു കുലുക്കി ഞാന്‍ പറഞ്ഞു.
''വാ മാഷേ അകത്തേക്കിരിക്കാം'' മനു തിരക്കുകൂട്ടി.
അകത്ത് കസേര വലിച്ചിട്ട് എന്നെ ഇരുത്തിയിട്ട് അടുക്കളഭാഗത്തേക്ക് നീങ്ങി.
എന്റെ ആഗമനം അകത്തുള്ളവരെ അറിയിച്ച് മനു തിരികെയെത്തി.
''പറയ് മാഷേ ......... എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.'' ഒരു കസേര വലിച്ചിട്ട് എന്റെ അടുത്തിരുന്ന് മനു ആരംഭിച്ചു.
''സുഖം തന്നെ മനു. എല്ലാവരും സുഖമായിരിക്കുന്നു.''
''ലസ് ലഗേജ് മോര്‍ കംഫര്‍ട്ട്'' എന്നതുപോലെ
''ലസ് വാണ്ട്‌സ് മോര്‍ പ്ലഷര്‍'' എന്ന സിദ്ധാന്തമാണ് എന്റേത്. ഞാന്‍ പറഞ്ഞു.
''അതു കൊള്ളാം മാഷേ. പക്ഷേ എനിക്കിഷ്ടം പഴയ ആപ്തവാക്യം തന്നെയാ.'' മനു
''അതെന്താ പഴമയോടിത്ര സ്‌നേഹം? ഞാന്‍ ചോദിച്ചു.
എന്റെ നിലപാട് വിശദീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ വാക്യമാണിതെന്ന് എനിക്ക് തോന്നുന്നു'' മനുവിന്റെ മുഖത്ത് ആശ്വാസം.
''ഓ....... വിവാഹിതനാകാത്തതിന്റെ വിശദീകരണം അല്ലേ?'' ഞാന്‍ ചോദിച്ചത് മനു കേട്ടില്ലെന്ന് തോന്നി.
''എടാ അപ്പു അതവിടെ വയ്ക്ക്'' മനു കുട്ടിയെയാണ് ശ്രദ്ധിക്കുന്നത്. മനുവിന്റെ ഇളയ പെങ്ങള്‍ സിനുവിന്റെ മോനാണ് അപ്പു.
മഹാ കുസൃതി. മുട്ടമ്മാവന്‍ വന്നതിന്റെ സന്തോഷത്തിലാണവന്‍. അങ്ങനെയാണ് മനുവിനെ അവന്‍ വിളിക്കുന്നത്.
സിനുവിന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് ഒരു ഗ്ലാസ്സ് വെള്ളവുമായി ഓടി വന്നതാണ്. പറഞ്ഞു തീര്‍ന്നില്ല ഗ്ലാസ്സ് താഴെ. ഓടി വന്നപ്പോള്‍ കസേരയില്‍ കാല്‍ തട്ടിയതാണ്. ഭാഗ്യം കുട്ടി വീണില്ല.
ഞങ്ങള്‍ ചില്ലുകള്‍ തൂത്തുവാരി. അവനൊരു കൂസലുമില്ല. അടുത്ത കുസൃതിക്കുള്ള സാദ്ധ്യത തിരയുകയാണ്. ഞങ്ങള്‍ വീണ്ടും കസേരയില്‍ ഉപവിഷ്ടരായി. അപ്പോള്‍ ടീപ്പോയുടെ ഇടയിലൂടെ ഓടിവന്ന് മുട്ടമ്മാവനോട് എന്തൊക്കെയോ അപ്പു പറഞ്ഞുതുടങ്ങി.
ഇടയ്ക്കു മനു പറഞ്ഞു. ''മോനേ നീ അപ്പുറത്തു പോയി കളിക്ക് ഞാന്‍ മാഷിനോടല്പം സംസാരിക്കട്ടെ,'' അവന്‍ പുറത്തേക്ക് ഓടി.
നല്ല അനുസരണയുള്ള കുട്ടി ഞാനോര്‍ത്തു. ''പിന്നെ...... മാഷേ ....'' മനു സംഭാഷണത്തിലേക്ക് കടന്നു.
അതാ പുറത്തേക്ക് പോയവന്‍ ഒരു കവുങ്ങിന്‍ പാളയുമായി ഓടി വരുന്നു. ''മുട്ടമ്മാവാ, എന്നെ ഇതില്‍ ഇരുത്തി ഒന്നു വലിച്ചേ .....''
മനു എഴുന്നേറ്റ് പാള വാങ്ങി പുറത്തേക്ക് ഒരേറ്. അതവന്‍ പ്രതീക്ഷിച്ചില്ല. അവന്‍ വയലന്റായി മനുവിനെ അടിക്കാനും തൊഴിക്കാനും തുടങ്ങി. ടപ്പ് ... ഒരടി..... മുട്ടിനു താഴെ. മുട്ടമ്മാവന്റെ അറ്റകൈ. അതവന്‍ ഒട്ടും പ്രതീക്ഷിച്ചില്ല, ഒറ്റക്കരച്ചിലും ഒരോട്ടവും.
കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന സിനുവിനോട് അവന്റെ പരാതി ''മുട്ടമ്മാവനടിച്ചേ .....'' അമ്മ അവനേയും എടുത്ത് അടുക്കളയിലേക്ക് പോയി.
കൊച്ചുകുട്ടികളുടെ പരാക്രമങ്ങള്‍ കണ്ട് ചിരിച്ചുകൊണ്ടിരിക്കുന്ന മുതിര്‍ന്നവരുടെ ചിത്രങ്ങള്‍ മനസ്സില്‍ നിറഞ്ഞു.
എത്രയെത്ര ആതിഥേയരാണ് അതിഥികളായെത്തുന്നവരുടെ കുട്ടികളെക്കൊണ്ട് വശം കെടുന്നത്. എത്രയോ അതിഥികള്‍ ആതിഥേയരുടെ മക്കളെക്കൊണ്ട് പൊറുതിമുട്ടുന്നു.
എന്താണിങ്ങനെ? നമ്മുടെ മാതാപിതാക്കള്‍ക്കെന്തു പറ്റി? കുട്ടികളെ തല്ലാന്‍ പാടില്ല എന്നാണോ ഇവരുടെ ധാരണ?
കുട്ടികള്‍ തെറ്റു ചെയ്താല്‍ തിരുത്താതിരിക്കുന്നതാണോ ആധുനിക മനശാസ്ത്രം? സ്വന്തം അപ്പനും അമ്മയ്ക്കും മാത്രമേ കുട്ടികളെ തിരുത്താനുള്ള ചുമതലയുള്ളൊ?
എന്തോ എനിക്കിതൊന്നും ഉള്‍ക്കൊള്ളാനാകുന്നില്ല. ഞാന്‍ അപ്പന്റെയും അമ്മയുടെയും തല്ല് ഇഷ്ടം പോലെ കൊണ്ടിട്ടുണ്ട്. അപ്പന്‍ ചൂരലിന് രണ്ടടി തരുമ്പോള്‍ അമ്മ കൈയ്യില്‍ കിട്ടിയത് കൊണ്ട് ദേഷ്യം തീരും വരേയോ അടി കൊള്ളുന്നവന്‍ കരയുന്നതുവരെയോ തല്ലും.
എനിക്ക് കരയുവാന്‍ മടിയായിരുന്നതുകൊണ്ട് അമ്മ മടുക്കുന്നതുവരെ അടി വാങ്ങണമായിരുന്നു.
എങ്കിലും ഞാന്‍ പറയുന്നു മക്കളെ ആവശ്യമെങ്കില്‍ തല്ലണം. ഒപ്പം തല്ലുന്ന കൈകൊണ്ട് പിന്നെ തലോടുകയും വേണം. എന്റെയൊക്കെ ചെറുപ്പത്തില്‍ തല്ലേ ഉള്ളു തലോടലില്ല. അത് സ്‌നേഹമില്ലാഞ്ഞല്ല അവര്‍ക്കത് പ്രകടിപ്പിക്കുവാന്‍ നേരവും അറിവുമില്ലായിരുന്നു.
എന്നാല്‍ ഇന്നോ? തല്ലില്ല തലോടല്‍ മാത്രം അധികമായാല്‍ അമൃതും വിഷമെന്നല്ലേ?
'നമുക്ക് മുറ്റത്തിരിക്കാം മാഷെ' എന്ന് പറഞ്ഞ് മനു കസേരയുമെടുത്ത് പുറത്തേക്കിറങ്ങി. പുറകേ ഞാനും.
കഴിഞ്ഞ മുന്നു വര്‍ഷക്കാലത്തെ അനുഭവങ്ങള്‍ ഓരോന്നായി മനു വിവരിച്ചുകൊണ്ടിരുന്നു.
ഞാന്‍ ശ്രദ്ധയോടെ കേട്ടിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അപ്പു ഒരു സിഗരറ്റും ചുണ്ടത്തു വെച്ച് മനുവിന്റെ മുമ്പിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
മനുവാകട്ടെ അതു കണ്ടതായി നടിച്ചില്ല. ഞങ്ങളുടെ സംസാരം തുടര്‍ന്നു.
അവനതാ വീണ്ടും വരുന്നു. ഇപ്പോള്‍ ചുണ്ടത്ത് കത്തുന്ന സിഗറ്റാണ്. അതിനും മനു പ്രതികരിക്കുന്നില്ല. അവന്‍ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങുന്നില്ലെന്ന് ബോദ്ധ്യമായപ്പോള്‍ കൂടുതല്‍ പ്രകോപനമായി ലക്ഷ്യം. അതിനവന്‍ കണ്ട മാര്‍ഗ്ഗം എന്തെന്നോ? തൊട്ടടുത്ത് മരങ്ങള്‍ക്കിടയില്‍ കടന്നിരുന്ന കരിയിലയ്ക്ക് അവന്‍ തീയിട്ടു.
അപ്പോഴേക്കും ഒന്ന് രണ്ട് കൂട്ടുകാര്‍ കൂടി എത്തി. കുറച്ചുകൂടി മുതിര്‍ന്ന കുട്ടികള്‍. അവര്‍ വെള്ളമൊഴിച്ചും തല്ലിയും തീ കെടുത്തി. വിവരം അമ്മയെ അറിയിച്ചു. അമ്മ വഴക്കു പറഞ്ഞു. മനു അപ്പോഴും വര്‍ത്തമാനത്തിലാണ്.
താമസിച്ചില്ല, ഇതാ അടുത്ത നമ്പര്‍. മുറിയ്ക്കുള്ളില്‍ നിന്ന് ഒരു ടീപ്പോയും വലിച്ചുകൊണ്ടുവരുന്നു. എടുത്താല്‍ പൊങ്ങില്ല. ഉന്തിയും വലിച്ചുമാണ് കൊണ്ടുവരുന്നത്. മുട്ടമ്മാവന്റെ അവഗണന അവന് സഹിക്കാനാവുന്നില്ല.
ഇതുകൊണ്ടും രക്ഷയില്ലെന്ന് മനസ്സിലായപ്പോള്‍ അപ്പു മനുവിന്റെ അരികത്ത് വന്ന് മുട്ടിയുരുമ്മി നിന്നു നോക്കി. അതും ഏശിയില്ല.
എനിക്ക് മടങ്ങാനുള്ള സമയമായി.
''മനു ഞാനിറങ്ങുന്നു. റിസള്‍ട്ട് നാളെ പറയണം.
ഓകെ. മാഷെ ...... മനു എന്നെ യാത്രയാക്കി.
പിറ്റെ ദിവസം പ്രഭാത സവാരിക്കു വന്ന മനു പറഞ്ഞു. ''മാഷേ ഇന്നലെ രാത്രിവരെ എന്റെ അവഗണന നീണ്ടപ്പോള്‍
അപ്പുവും അവന്റെ ജ്യേഷ്ഠനും കൂടി സിനുവിനോട് പറഞ്ഞു മുട്ടമ്മാവന് ഞങ്ങളോടൊക്കെ ദേഷ്യമാണ്. നമുക്ക് നാളെ തിരിച്ചു പോകാമെന്ന്.
മുട്ടമ്മാവന് ദേഷ്യമാണോയെന്ന് നേരിട്ട് ചോദിക്കാന്‍ സിനു പറഞ്ഞപ്പോള്‍ അവന്‍ മടിച്ചു മടിച്ച് എന്റെ അടുത്തു വന്നു. അപ്പോള്‍ ഞാന്‍ അവനെ എടുത്ത് തോളത്തിട്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. അവന്‍ പൂര്‍വ്വാധികം സന്തോഷത്തോടെ എന്റെ ഒപ്പം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി..' 

No comments:

Post a Comment