Monday 20 February 2012

വിഭജനത്തിന് ഉത്തരവാദി ജിന്ന മാത്രമോ

 ചരിത്രങ്ങളുടെ പേരില്‍ (അത് ഏത് ചരിത്രവുമാകട്ടെ)വികാര വിജൃംഭിതരാകുന്നവര്‍ ഓര്‍ക്കുക ചരിത്രങ്ങളൊക്കെ അതെഴുതിയവര്‍ക്കും അല്ലെങ്കില്‍എഴുതിച്ചവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഞാന്‍ കരുതുന്നു.



'വിഭജനത്തിനുത്തരവാദി ജിന്ന' എന്ന തലക്കെട്ടില്‍ കേരളത്തിലെ ഒരു പ്രമുഖ ദിനപ്പത്രത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ശ്രീ. ആര്യാടന്‍ മുഹമ്മദ് എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം.
ബഹുമാന്യനും സര്‍വ്വോപരി രാഷ്ട്രീയ തന്ത്രജ്ഞനുമായ ലേഖകന്‍ തികച്ചും വിവാദരഹിതമായ അന്തരീഷത്തില്‍ ഇങ്ങനെയൊരു വിഷയം ചര്‍ച്ചക്കെടുത്തതിന്റെ ഉദ്ദേശ ശുദ്ധിയില്‍ ഉത്ക്കണ്ഠയുണ്ട്.
വിഭജനത്തിന് ഉത്തരവാദി ആര് എന്നത് മുമ്പ് പലപ്പോഴും മനസ്സില്‍ ഉയര്‍ന്നിട്ടുള്ള ചോദ്യമാണ്
.
സ്‌കൂള്‍ ക്‌ളാസ്സുകളിലെ ഔദ്യോഗിക ചരിത്ര പുസ്തകങ്ങളില്‍ നിന്നും മനസ്സില്‍ പതിഞ്ഞ ബിംബങ്ങള്‍ക്ക് പിന്നീടുണ്ടായ വായനയും പഠനങ്ങളും പുനപ്രതിഷ്ഠ ആവശ്യമാണെന്ന തോന്നലുണ്ടാക്കിയപ്പോഴും, ചരിത്രം , അതെഴുതിവെയ്ക്കാന്‍ ഭാഗ്യം ലഭിക്കുന്നവരുടേതായിരിക്കുമെന്നും, ചിലരെ വെള്ളപൂശാനും, മറ്റു ചിലരെ തമസ്‌ക്കരിക്കാനും ഇവര്‍ക്കൊരു മടിയുമില്ലെന്നും സമാധാനിക്കുകയായിരുന്നു.
എന്നാല്‍ ശ്രീ . ആര്യാടന്‍ മുഹമ്മദിനേപ്പോലെ വായനയും, അറിവും,വിവരവുമുള്ള ഉത്തരവാദപ്പെട്ട ഒരാള്‍ ഇങ്ങനെയെഴുതുമ്പോള്‍ പ്രതികരിക്കാതെ വയ്യ എന്നതുകൊണ്ട് മാത്രം ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.
ഇന്ത്യയിലെ പാവങ്ങളുടെ മിശിഹാ എന്ന് ശ്രീ. ജയപ്രകാശ് നാരായണ്‍ വിശേഷിപ്പിച്ച രാം മനോഹര്‍ ലോഹ്യ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതിമാനുഷരായിരുന്ന ഗാന്ധിജി, നെഹൃ, സുബാഷ് ചന്ദ്രബോസ് എന്നിവരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ലോഹ്യ ഇവരെ ഇങ്ങനെ വിലയിരുത്തി. ഗാന്ധി സ്വപ്നവും, നെഹൃ അഭിലാഷവും, സുഭാഷ് പ്രവര്‍ത്തിയുമായിരുന്നു. 
സ്വപ്നം ഇന്നും നമുക്ക് പ്രചോദനം നല്‍കുന്നു, അഭിലാഷം മുരടിച്ചു പോയി, പ്രവര്‍ത്തി മുഴുമിപ്പിക്കപ്പെടാതെ അവശേഷിക്കുന്നു.
ഔദ്യോഗിക ചരിത്രത്തില്‍ തമസ്‌കരിക്കപ്പെട്ടതിനാല്‍ രാം മനോഹര്‍ ലോഹ്യ എന്ന വിപ്‌ളവകാരിയെ, സ്വാതന്ത്ര്യ സമര സേനാനിയെ സാമാന്യ ജനത്തിന് പരിചയം പോരാ. പക്ഷേ ചരിത്ര പണ്ഢിതന്മാര്‍ അറിയാതെ വരാനിടയില്ല. 

രാം മനോഹര്‍ ലോഹ്യ ഒരു സാര്‍വ്വദേശീയ വിപ്‌ളവകാരി എന്ന ഗ്രന്ഥത്തില്‍ ശ്രീ. പി.വി കുര്യന്‍ ഇന്ത്യന്‍ സ്വാതന്ത്രസമര കാലഘട്ടത്തെ വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. ദേശീയ, പ്രാദേശിക പ്രീണന രാഷ്ട്രീയത്തിന്റെ സൂത്രവാക്യങ്ങള്‍ പിറവിയെടുക്കുന്നതിന് മുമ്പ് നടത്തിയ ചരിത്ര വിശകലനമായതിനാല്‍ അത് കൂടുതല്‍ വിശ്വസനീയമാണെന്നു തോന്നുന്നു.
അത് ഇങ്ങനെയാണ്. 

ഇന്ത്യയുടെ വിഭജനത്തിന്റെ ബീജാവാപം 1937 ലെ തെരഞ്ഞെടുപ്പായിരുന്നു.
ഉത്തര്‍പ്രദേശില്‍ ഛട്ടാരി നവാബ് ലേബര്‍ പാര്‍ട്ടി എന്ന പേരില്‍ ഒരു കക്ഷി, ബ്രിട്ടീഷ് സഹായത്തോടെ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിനായി തട്ടിക്കൂട്ടി. 

ഈ കക്ഷി തെരഞ്ഞെടുപ്പില്‍ വിജയിച്ചേക്കുമെന്ന് കോണ്ടഗ്രസ് ഭയപ്പെട്ടു. വിജയത്തിനുള്ള അത്യാര്‍ത്തിയില്‍ കോണ്‍ഗ്രസ് മുസ്‌ളീം ലീഗുമായി സഖ്യചര്‍ച്ച നടത്തി. 
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ സംയുക്ത മന്ത്രിസഭ എന്നതായിരുന്നു സഖ്യ വ്യവസ്ഥ. തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടി.
 നെഹൃവിന്റെ സമ്മര്‍ദ്ദത്തില്‍ സഖ്യ കരാര്‍ കാറ്റില്‍പറത്തി കോണ്‍ഗ്രസ് ഒറ്റക്ക് മന്ത്രിസഭ രൂപീകരിച്ചു.
മുസ്‌ളീംലീഗിന് കോണ്‍ഗ്രസിലുള്ള വിശ്വാസം ഇതോടെ നഷ്ടപ്പെട്ടു. ഈ അവസരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വെറുപ്പുതോന്നിയ ജിന്ന ഇന്ത്യ വിട്ട് ലണ്ടനില്‍ താമസമാക്കി. 
അവിടെ പ്രവി കൗണ്‍സിലില്‍ അഭിഭാഷകനായി കഴിഞ്ഞുകൂടി.
ആയിടെ ലണ്ടന്‍ സന്ദര്‍ശിച്ച നെഹൃവിനോട് ഒരു ബ്രട്ടീഷ് പത്രപ്രതിനിധി ജിന്നയെക്കുറിച്ച് ചോദിച്ചു. 

ജിന്നയെ ബ്രിട്ടീഷ് പത്രപ്രതിനിധികളുടെ മുന്നില്‍ നെഹൃ പരിഹസിച്ചു. ജിന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരുമല്ലെന്നും ജിന്നക്ക് ഇന്ത്യയില്‍ അനുയായികളില്ലെന്നും പറഞ്ഞു. അഹങ്കാരിയായിരുന്ന ജിന്നയെ ഇത് അരിശം കൊള്ളിച്ചു. 
നെഹൃവിനേയും കോണ്‍ഗ്രസിനേയും ഒരു പാഠം പഠിപ്പിക്കണമെന്നും താന്‍ ഇന്ത്യയില്‍ ആരാണെന്നു തെളിയിക്കുമെന്നും പറഞ്ഞുകൊണ്ട് ജിന്ന ഇന്ത്യയില്‍ തിരിച്ചെത്തി ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ വക്താവായി മാറി. 
ഇത് ഇന്ത്യന്‍ വിഭജനത്തിലെത്തിച്ചു.
മുസ്‌ളീം ലീഗിനോടുള്ള കോണ്‍ഗ്രസിന്റെ കരാര്‍ ലംഘനവും ജിന്ന അപമാനിച്ചതുമാണ് ഇതിനെല്ലാം കാരണം. 

അവ രണ്ടിനും ഉത്തരവാദി നെഹൃ ആയിരുന്നു.
ജിന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനൊപ്പം സജീവമായിരുന്ന കാലത്ത് ഏതാനും കോളേജ് വിദ്യാര്‍ത്ഥികള്‍ ജിന്നയെ സമീപിച്ച് പാക്കിസ്ഥാന്‍ രാഷ്ട്രം എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ അസാദ്ധ്യം എന്നു പറഞ്ഞ് ക്ഷോഭിച്ച് അവരെ തിരിച്ചയച്ച സംഭവം ഇതോടൊപ്പം ചേര്‍ത്ത് വിലയിരുത്തണം.
മുഹമ്മദാലി ജിന്നയെ വെള്ള പൂശുക എന്നതല്ല മറിച്ച് ഇന്ത്യാ വിഭജനത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരൊക്കെ എന്ന് തെരയലാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.
ചരിത്രത്തില്‍ ഒരു രാജ്യത്തിലേയും നേതൃത്വം തങ്ങളുടെ മാതൃരാജ്യത്തിന്റെ വിഭജനത്തിന് കൂട്ടു നിന്നിട്ടില്ല. 

എബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ വിഭജനത്തിനെതിരെ രക്തസാക്ഷിത്വം വരിച്ചു. മാവോ തായ്‌വാന്‍ ഉള്‍പ്പെടെയുള്ള ഏകീകൃത ചൈനയ്ക്കു വേണ്ടി നീണ്ട മൂന്ന് ദശകങ്ങള്‍ അമേരിക്കയോട് ശീതയുദ്ധം നടത്തി. 
അമേരിക്കന്‍ സൈനിക ശക്തിയെ പരാജയപ്പെടുത്തി ഹോചിമിന്‍ വിയറ്റ്‌നാമിനെ ഏകീകരിച്ചു. ബിസ്മാര്‍ക്കും ഗാരിബാള്‍ഡിയും ചരിത്രത്തില്‍ ശാശ്വതമായി അറിയപ്പെടുന്നത് തങ്ങളുടെ രാജ്യങ്ങളെ ഏകീകരിച്ചവര്‍ എന്ന നിലയിലാണ്. 
ചന്ദ്രഗുപ്തനും,സമുദ്രഗുപ്തനും,അക്ബറും ഇന്ത്യയെ ഏകീകരിക്കുവാനായിരുന്നു യുദ്ധം ചെയ്തത്. മനുഷ്യ ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെരാജ്യത്തെ വിഭജിക്കുന്നതിന് സമ്മതിക്കുകയും അതിന് കൂട്ടുനില്ക്കുകയും ചെയ്തത് നെഹൃവും, ജിന്നയും, പട്ടേലും മാത്രമാണ്. അവരാണ് ഇന്ത്യാ വിഭജനത്തിന്റെ കുറ്റവാളികള്‍.
കുറ്റപത്രം അവസാനിക്കുന്നില്ല. 

1942 ല്‍ ക്രിപ്‌സ് ഇന്ത്യയില്‍ വരുന്നതിന് മുമ്പ് തന്നെ ഇന്ത്യ വിഭജിക്കാനുള്ള തീരുമാനം ബ്രിട്ടനിലെ യുദ്ധകാല ക്യാബിനറ്റ് എടുത്തിരുന്നു. 
ഈ തീരുമാനം ചിയാംഗ് കൈഷക്ക് വഴി അന്ന് തന്നെ നെഹൃ അറിഞ്ഞിരുന്നു. നെഹൃ അതിനെ എതിര്‍ത്തില്ലെന്നു മാത്രമല്ല വിഭജനത്തിലേക്ക് നയിക്കുന്ന ക്രിപ്‌സ് നിര്‍ദ്ദേശങ്ങളെ അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ ഗാന്ധിജിയുടെ എതിര്‍പ്പ് മൂലം ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ടു.
വേവല്‍ പ്രഭു വിഭജനത്തെ എതിര്‍ത്തിരുന്നതിനാല്‍ നെഹൃവിന് അദ്ദേഹത്തോട് താല്പര്യമില്ലായിരുന്നു. പകരം വിഭജന പദ്ധതി നടപ്പാക്കുന്നതിന് പറ്റിയതും നെഹൃവിന് സ്വീകാര്യനുമായിരുന്ന ലൂയി മൗണ്ട്ബാറ്റനെ ഇന്ത്യാ വൈസ്രോയിയായി ആറ്റ്‌ലി ഗവര്‍മെന്റ് നിയമിച്ചു.
1947 മാര്‍ച്ച് 27 ന് മൗണ്ട്ബാറ്റണ്‍ അധികാരമേറ്റു. നെഹൃവുമായി ആദ്യ സംഭാഷണം നടത്തി. ഗാന്ധിജിയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലയ്മ ഈ ചര്‍ച്ചയില്‍ പ്രകടമായി( ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്). 

പിന്നീട് പട്ടേലുമായി മൗണ്ട്ബാറ്റണ്‍ സംഭാഷണം നടത്തി. ഇന്ത്യയില്‍ നിന്ന് ഈ മുസ്‌ളീം ശല്യം അവസാനിപ്പിക്കണം എന്ന് പട്ടേല്‍ അഭിപ്രായപ്പെട്ടു.(മിഷന്‍ വിത്ത് മൗണ്ട്ബാറ്റന്‍).
1947 ഏപ്രില്‍ 1 ന് മൗണ്ട്ബാറ്റണ്‍ ഗാന്ധിജിയുമായി സംസാരിച്ചു. 

ഇന്ത്യയെ ഭാഗം ചെയ്യരുതെന്ന് ഗാന്ധിജി അപേക്ഷിച്ചു. താന്‍ സ്വീകരിക്കുന്ന അവസാന മാര്‍ഗ്ഗമായിരിക്കും വിഭജനം എന്ന് മൗണ്ട്ബാറ്റണ്‍ ഗാന്ധിജിക്ക് ഉറപ്പു നല്‍കി.
ഈ അവസരത്തില്‍ ഗാന്ധിജി ഒരു ബദല്‍ നിര്‍ദ്ദേശം വെച്ചു. 

കുഞ്ഞിനെ കീറിമുറിക്കാതെ മുഴുവനായി മുസ്‌ളീംങ്ങള്‍ക്ക് നല്‍കുക. ജിന്നയോടും ലീഗിനോടും ഗവര്‍മെന്റ് രൂപീകരിക്കാന്‍ ആവശ്യപ്പെടുക. പാക്കിസ്ഥാനു പകരം മുഴുവന്‍ ഇന്ത്യയും ജിന്നക്കു നല്‍കുക.
കോണ്‍ഗ്രസ് പാര്‍ട്ടി ഇതംഗീകരിക്കുമോ എന്ന് മൗണ്ട്ബാറ്റണ്‍ ഗാന്ധിജിയോട് ചോദിച്ചു. 

വിഭജനം തടയാന്‍ കോണ്‍ഗ്രസ് എന്ത് വിലയും കൊടുക്കും എന്ന് ഗാന്ധിജി പറഞ്ഞു. 
കോണ്‍ഗ്രസ് ഇതംഗീകരിക്കുകയും സഹകരിക്കുകയും ചെയ്താല്‍ ഈ ആശയം പരീക്ഷിക്കുന്നതിന് ഞാന്‍ തയ്യാറാണ് എന്ന് മൗണ്ട്ബാറ്റണ്‍ മറുപടി പറഞ്ഞു.

ഇന്ത്യന്‍ വിഭജനം ഒഴിവാക്കാമായിരുന്ന അവസാനത്തെ അനന്യ നിമിഷം.

എന്നാല്‍ ഇന്ത്യയുടെ ഐക്യമെന്ന ഗാന്ധിജിയുടെ സ്വപ്നം തകര്‍ത്തെറിയാന്‍ മൗണ്ട്ബാറ്റനും നെഹൃവും തീരുമാനിച്ച് കരുക്കള്‍ നീക്കി. അത് വിജയകരമായി അവര്‍ നടപ്പാക്കി.

വിഭജനത്തിന് ഉത്തരവാദി ജിന്ന മാത്രമോ ......................... 

No comments:

Post a Comment