Saturday 31 December 2011

FIFTY FIFTY



 ഫിഫ്റ്റി ഫിഫ്റ്റി

''ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ട''
''ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ''
''ജോണി ഇരിക്ക് ഞാന്‍ പറഞ്ഞു.
ജോണി എന്റെ സഹപാഠിയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അദ്ധ്യാപകനായിരുന്നുവെന്ന് പറയാം. ഔദ്യോഗിക രേഖകളില്‍ തൊഴില്‍ കൃഷിയാണ്. കാരണം പാരലല്‍ ട്യൂട്ടോറിയല്‍ അദ്ധ്യാപകരെ ഔദ്യോഗിക അദ്ധ്യാപകരായി സര്‍ക്കാരും സമൂഹവും അംഗീകരിച്ചിട്ടില്ലല്ലോ.
ഇപ്പോള്‍ പ്രധാന ജോലി സുവിശേഷ വേലയാണ്. സുവിശേഷ വേലയെന്നാല്‍ ഭവനങ്ങള്‍  സന്ദര്‍ശിച്ചു സുവിശേഷം പ്രസംഗിക്കുക. സ്റ്റഡി ക്ലാസ്സുകള്‍ എടുക്കുക, കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കുക  ഇവയൊക്കെയാണെന്ന് പറയാം.
അദ്ധാപക ജോലിയെന്ന പോലെ ഇതും സമൂഹത്തിന് മുന്‍പില്‍ ഔദ്യോഗികമല്ല.
സര്‍ക്കാര്‍ കോളേജ്, സ്‌കൂള്‍, മാനേജ്‌മെന്റ്, എയിഡഡ്, സഹകരണ കോളേജ്, സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെ അദ്ധ്യാപകര്‍ മാത്രമേ ഔദ്യോഗിക ഗണത്തില്‍ വരൂ. അതുപോലെ സ്‌കൂള്‍, കോളേജ്, ആശുപത്രി ഇവയുടെ നടത്തിപ്പ്, പള്ളി, കുര്‍ബ്ബാന, വിവാഹം, മാമ്മോദീസ, ശവസംസ്‌കാരം, വെഞ്ചരിപ്പ് എന്നിങ്ങനെ എന്നേപ്പോലുള്ള പട്ടക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഔദ്യോഗിക സുവിശേഷ മേഖലയായി കരുതാറുള്ളു.
അങ്ങനെ ആകെക്കൂടെ ഒരു അനൗദ്യോഗിക വ്യക്തിത്വമാണ് എന്റെ മുമ്പിലിരിക്കുന്ന എന്‍യറെ സുഹൃത്ത് ജോണി.
''താന്‍ ഇവിടെ വന്നത് അറിഞ്ഞിരുന്നു. ഇവിടെവരെ വരണമെന്ന് പലപ്പോഴും വിചാരിക്കുന്നു. അത്യാവശ്യകാര്യത്തിനിറങ്ങിയതാ. അവിചാരിതമായി കുറച്ചു സമയം കിട്ടി. എന്നാല്‍ കണ്ടിട്ടുപോകാമെന്നു കരുതി.'' ജോണി പറഞ്ഞു.
''നമ്മള്‍ കണ്ടിട്ട് കുറച്ചുകാലമായില്ലേ. ഏതായാലും വന്നതിന് വളരെ നന്ദി. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ .'' ഞാന്‍ ചോദിച്ചു.
'സുഖം, സൗഖ്യം, സമാധാനം' ജോണി പറഞ്ഞു.
ജോണി ഇങ്ങനെയാണ്. ഒരു പരിഭവമോ, നിരാശയോ സങ്കടമോ ഉത്കണ്ഠയോ ഒന്നുമില്ല. ഇങ്ങനെ അപൂര്‍വ്വം ചിലരെയേ കാണാന്‍ കഴിയൂ.
എന്തുണ്ട് വിശേഷമെന്ന് ചോദിച്ചാല്‍ ''ഒന്നുമില്ല'' എന്നു ചിലര്‍. '' ഓ നമുക്കൊക്കെയെന്ത് വിശേഷം?'' ''ങാ.... അങ്ങനെ പോകുന്നു'' എന്നു വേറെ ചിലര്‍. എന്തോ....പലര്‍ക്കും ഒരു തൃപ്തിയില്ല.
എന്നാല്‍ ജോണി വളരെ തൃപ്തനാണ്. സന്തോഷവാനാണ്.
ഭാര്യക്കോ ഭര്‍ത്താവിനോ സ്ഥിരവരുമാനമുള്ള ഒരു ജോലിയില്ല. രണ്ടുപേര്‍ക്കും ഇംഗ്ലീഷ് അറിയാം. അതുകൊണ്ട് അല്ലറ ചില്ലറ ട്യൂഷനും പിന്നെ സുവിശേഷവേലയും.
എങ്കിലും അവര്‍ തൃപ്തരാണ്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഗസറ്റഡ് പദവി. രണ്ടുപേര്‍ക്കും അഞ്ചക്ക ശമ്പളം ശമ്പളത്തിനു പുറമെ കിമ്പളം. ഇതെല്ലാമുള്ള എത്രയേറെ പേര്‍ ഒന്നും തികയുന്നില്ലേ എന്ന് പരിതപിച്ച് അസംതൃപതരായി കഴിയുന്നു.
അപ്പോള്‍ സംതൃപ്തിയുടെ അടിസ്ഥാനം ലഭിക്കുന്ന വരുമാനമല്ല എന്നല്ലേ ഇതിനര്‍ത്ഥം. പിന്നെയെന്താണ് സംതൃപതിയുടെ അടിസ്ഥാനം. ഏതായാലും ജോണിയോട് സംസാരിക്കാന്‍ പറ്റിയ വിഷയം തന്നെ എന്നു ഞാന്‍ വിചാരിച്ചു.
''ഈ ചില്ലറ ട്യൂഷന്‍കൊണ്ട് കുടുംബം കഴിയില്ലെന്നെനിക്കറിയാം. ഈ സുവിശേഷ വേലക്കെങ്ങിനെയാ ശമ്പളം.'' ഞാന്‍ ചോദിച്ചു. ചോദ്യം കേട്ട് ജോണി ചിരിച്ചു. എന്നോട് പറഞ്ഞു. ''ഒരാള്‍ ഒരു വിഷയത്തെക്കുറിച്ച് ചോദിക്കുന്ന ചോദ്യം കൊണ്ട് തന്നെ ആ വിഷയത്തെക്കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാട് മനസ്സിലാക്കാം എന്ന് എവിടെയോ വായിച്ച ഓര്‍മ്മയുണ്ട്. സത്യത്തില്‍ നമ്മള്‍ രണ്ടുപേരും ഒരേ മേഖലയിലെ തൊഴിലാളികളാണ്. വേദപുസ്തകത്തില്‍ പറയുംപോലെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ തൊഴിലാളികള്‍. എന്നുവെച്ചാല്‍ കര്‍ത്താവിന്റെ തൊഴിലാളികള്‍. അപ്പോള്‍ ശമ്പളം തരേണ്ടതും കര്‍ത്താവ് തന്നെ. അതെനിക്ക് കിട്ടുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടനുമാണ്. ജോണിയുടെ ദീര്‍ഘമായ മറുപടി ശ്രദ്ധയോടെ ഞാന്‍ കേട്ടിരുന്നു. ഞാന്‍ ചോദിച്ചത് ജോണി തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ? ഇവരെ എന്തെങ്കിലുമൊക്കെ ചോദിച്ച് ഒരുമാതിരി കളിയാക്കുന്ന സ്വഭാവമാണ് പൊതുവില്‍. എന്നെയും ആ കൂടെ ഉള്‍പ്പെടുത്തിയോ എന്തോ?
ജോണി ഞാനൊക്കെ ഒറ്റത്തടിയാ താനാണെങ്കില്‍ ഭാര്യയും കുട്ടികളുമുള്ളയാള്‍. അതുകൊണ്ട് ചോദിച്ചതാ തെറ്റിദ്ധരിക്കരുത്. ''ഞങ്ങള്‍ക്ക് ആഹാരത്തിനോ വസ്ത്രത്തിനോ താമസത്തിനോ ഒരു കുറവുമില്ല. സമൂഹത്തില്‍ മാന്യത, പോക്കറ്റില്‍ കാശ്, ശക്തിയും സമ്പത്തുമുള്ള ഒരു പ്രസ്ഥാനത്തിന്റെ കണ്ണി.'' ഞാന്‍ എന്റെ നിലപാട് വിശദീകരിച്ചു.
ജോണി പറഞ്ഞു. ''എടോ, എത്രപേരുടെ എത്രയെത്ര ചോദ്യങ്ങള്‍ കളിയാക്കലുകള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ആദ്യമൊക്കെ അല്പം ബുദ്ധിമുട്ട് തോന്നിയിരുന്നു. ഇപ്പോള്‍ എല്ലാം പരിചിതമായി. തനിക്കറിയാമല്ലോ ഞാനും നാലഞ്ചുവര്‍ഷം സെമിനാരി ജീവിതം നയിച്ചവനാണ്. താനീപ്പറഞ്ഞ സൗഭാഗ്യങ്ങളൊക്കെ എനിക്കും നേടാമായിരുന്നു.
തനിക്കറിയുമോ? ഞാന്‍ സെമിനാറിയില്‍ പോയി എന്നു കേട്ടപ്പോള്‍ എന്റെ സുഹൃത്തുക്കളും നാട്ടുകാരും അത്ഭുതപ്പെട്ടുപോയി. എന്നേപ്പോലെ ഒരു തെമ്മാടിക്കുഞ്ഞിന് ഇതെങ്ങിനെ കഴിഞ്ഞു എന്നായിരുന്നു അത്ഭുതം. കള്ളുകുടിച്ച് ചീട്ടുകളിച്ച് പുകവലിച്ച് ശുദ്ധഉഴപ്പനായി നടന്നിരുന്ന എനിക്ക് നന്നാവണമെന്ന് തോന്നിയ ഏതോ നിമിഷത്തിലാണ് ആ തീരുമാനം ഞാനെടുത്തത്. നിങ്ങളൊക്കെ പറയുന്ന ദൈവവിളി!
ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ രണ്ടു ഘട്ടങ്ങളെ ഞാന്‍ വിലയിരുത്തിയിട്ടുണ്ട്. തെമ്മാടിത്തത്തിന്റെയും സല്‍സ്വഭാവത്തിന്റെയും ഘട്ടങ്ങളാണവ. ചെറുപ്പത്തില്‍ തെമ്മാടിത്തരം കാണിക്കുന്നവര്‍ പിന്നീട് സല്‍സ്വഭാവികളാവുകയും മറിച്ച് ചെറുപ്പത്തില്‍ തെമ്മാടിത്തത്തിന് അവസരം കിട്ടാത്ത സല്‍സ്വഭാവികള്‍ പിന്നീട് തെമ്മാടിത്തം കാണിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണത്.
തെമ്മാടിയായിരുന്ന ഞാന്‍ സല്‍സ്വഭാവിയാകാന്‍ സെമിനാരിയില്‍ ചേര്‍ന്നത് ശരിതന്നെ. പക്ഷേ വറചട്ടിയില്‍നിന്നും അടുപ്പിലേക്ക് എന്ന അനുഭവമാണ് അവിടെ എനിക്കുണ്ടായത്. അവിടെയുള്ളവര്‍ ഭൂരിഭാഗവും രണ്ടാമത്തെ വിഭാഗക്കാരാണ്. ഒന്നാം വിഭാഗക്കാരനായ എനിക്കത് ഉള്‍ക്കൊള്ളാനായില്ല. അങ്ങനെ സെമിനാരി വിടുവാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ അഭിപ്രയത്തിന്റെ യഥാര്‍ത്ഥ ദൈവവിളി അതായിരുന്നു.
അവിടെനിന്ന് തിരിച്ചെത്തിയ എന്നെ വഴിനടത്തിയത് ദൈവത്തിന്റെ അദൃശ്യകരങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒറ്റത്തടിയാണ് നി
 ങ്ങള്‍ വൈദികരെന്ന് താന്‍ പറഞ്ഞല്ലോ? സാമ്പത്തികവശം നോക്കുമ്പോള്‍ അതൊരുപക്ഷേ, നേട്ടമാകാം. ഒരു പ്രസ്ഥാനമെന്ന നിലയിലും നേട്ടം തന്നെ. പക്ഷേ ആദ്ധ്യാത്മികമായി ഇത് നേട്ടമാണെന്ന് ഉറച്ച് പറയാന്‍ തനിക്കാവുമോ?''
''ജോണി എന്താണര്‍ത്ഥമാക്കുന്നത്'' ഞാന്‍ ഇടക്കുകേറി ചോദിച്ചു.
''ഞാന്‍ അര്‍ത്ഥമാക്കുന്നതെന്തോ അതുതന്നെയാണ് പറയാന്‍ പോവുന്നത്. ഒന്നര്‍ത്ഥമാക്കുകയും മറ്റൊന്നു പറയുകയും ചെയ്യുന്ന സ്വഭാവം ഇപ്പോഴെനിക്കില്ല.'' ജോണി തുടര്‍ന്നു: ''ബുദ്ധിമാനായ തനിക്ക് ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോ തന്നെ മനസ്സിലായി ചര്‍ച്ച് എങ്ങോട്ടാണെന്ന്. അതല്ലേ ഒരു വേവലാതി? ഇല്ല ഞാന്‍ കൂടുതല്‍ വിഷമിപ്പിക്കുന്നില്ല. ഒരു സംശയം മാത്രം. ജീവശരീരത്തിന്റെ ജൈവശാസ്ത്രപരമായ സവിശേഷ പ്രത്യേകതകള്‍ അമര്‍ച്ച ചെയ്യുക എന്ന ത്യാഗമല്ലേ നിങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നത്?''
''അതേ.... അതുകൊണ്ടാണ് സഭ വിവാഹം അനുവദിക്കാത്തത്..... എന്താ ഇതസാദ്ധ്യമാണെന്നാണോ തന്റെ അഭിപ്രായം?'' ഞാന്‍ ചോദിച്ചു. 

''എന്നു ഞാന്‍ പറയുന്നില്ല'' ജോണി പറഞ്ഞു. ''പക്ഷേ സാദ്ധ്യമാകണമെങ്കില്‍ ചില വ്യവസ്ഥകള്‍ പാലിക്കണം എന്നു മാത്രം. മുമ്പ് താന്‍ സൂചിപ്പിച്ചല്ലോ സമൂഹത്തില്‍ മാന്യത, പോക്കറ്റില്‍ കാശ് മൃഷ്ടാനഭോജനം, സുഖജീവിതം. ഇങ്ങനെ കഴിയുന്നവര്‍ക്ക് ശരീരത്തിന്റെ ഒരാവശ്യം മാത്രം എങ്ങനെ അവഗണിക്കാനാവും. പ്രാര്‍ത്ഥനയും, ഉപവാസവും ലളിതജീവിതവും സസ്യഭോജനവും ഒക്കെയായാല്‍ ഒരു പരിധി വരെ പിടിച്ചു നില്‍ക്കാനായേക്കാം.
രണ്ടുപേര്‍ ക്ഷേത്രദര്‍ശനത്തിനുപോയി. അതിലൊരാള്‍ വഴിക്കു വെച്ച് ഒരു വേശ്യാലയത്തില്‍ കയറി. മറ്റെയാള്‍ നേരെ ക്ഷേത്രത്തിലും. വേശ്യാലയത്തില്‍ കയറിയവന്‍ അവിടെയായിരുന്ന സമയമെല്ലാം ക്ഷേത്രത്തില്‍ പോകാതിരുന്നതിലെ കുറ്റബോധത്തോടെ ഭഗവാനെ ചിന്തിച്ചു. മറ്റെയാള്‍ ക്ഷേത്രത്തിലായിരുന്ന സമയമെല്ലാം കൂട്ടുകാരന്‍ വേശ്യാലയത്തിലിരിക്കുന്നതിനെപ്പറ്റി ചിന്തിച്ചു. ഇവരിലാരാണ് ഭഗവാന് ദൈവസന്നിധിയില്‍ ശ്രേഷ്ഠന്‍ ?
വിവാഹിതനായ എനിക്ക് പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്. വീട്ടില്‍ തീ പുകയാത്ത ദിവസങ്ങള്‍ ഉമ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് മരുന്ന് വാങ്ങാന്‍ നിര്‍വ്വാഹമില്ലാത്ത അവസരങ്ങള്‍. എന്നാല്‍ അന്നെല്ലാം ദൈവപരിലാളനയുടെ മഹത്ത്വം ഞങ്ങള്‍ക്ക് അനുഭവേദ്യമായി. ഒന്നിനും മുട്ടുണ്ടായില്ല.
ഈ ദൈവാനുഭവം നിങ്ങള്‍ക്കുണ്ടാകുന്നില്ല. കാരണം നിങ്ങള്‍ ഒന്നിനാലും തീക്ഷ്ണതയനുഭവിക്കുന്നില്ല.''
''ജോണിയുടെ അഭിപ്രായങ്ങള്‍ ഞാന്‍ നിഷേധിക്കുന്നില്ല. ചര്‍ച്ച ചെയ്യപ്പെടേണ്ടതായ നിരവധി കാപട്യങ്ങളുണ്ട്. ഏതൊരു പ്രസ്ഥാനത്തിന്റെയും ആരംഭഘട്ടത്തില്‍ അതിന്റെ സ്ഥാപകര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും തത്വങ്ങളും അനുയായികള്‍ അക്ഷരംപ്രതി പാലിക്കുന്നതും അതിന്റെ പേരില്‍ രക്തം ചിന്താന്‍ പോലും തയ്യാറാവുന്നതും ചരിത്രത്തില്‍ നാം കാണുന്നുണ്ട്. പ്രസ്ഥാനം വളരുംതോറും അതിലേക്ക് കടന്ന് വരുന്നവര്‍ മുന്‍ഗാമികളുടെ കാലടികളില്‍ നിന്നും വ്യതിചലിക്കാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു.'' ഒരു ന്യായീകരണമെന്നപോലെ ഞാന്‍ പറഞ്ഞു.
''ഇപ്പോള്‍ ജോണിയുടെ സംഘത്തെ ഉദാഹരണമായി എടുക്കുക. ഇതിന്റെ ആരംഭഘട്ടത്തില്‍ നിന്നും ഇന്നത്തെ നിലയില്‍ എത്തിയപ്പോള്‍ തന്നെ എന്തൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ടാകാം. ഇനിയും ഏറെ വളര്‍ന്നുവെന്നിരിക്കട്ടെ അപ്പോള്‍ സ്ഥിതി എന്താകും. എന്ന് ചിന്തിച്ചിട്ടുണ്ടോ?
മറ്റൊന്നില്‍ നിന്നും വേറിട്ട് വന്ന ജോണിയേപ്പോലുള്ളവര്‍ മാറ്റമില്ലാതെ തുടര്‍ന്നാലും നിങ്ങളുടെ വളരുന്ന തലമുറ ഇതേ തീവ്രത നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നുണ്ടോ? കത്തോലിക്കാ സഭയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് തന്നെ കാലാന്തരത്തില്‍ നിങ്ങള്‍ക്കും സംഭവിക്കും.
സ്ഥാപനവത്കരണത്തിന്റെ ഈ ശാപം പേറാത്ത ഏത് പ്രസ്ഥാനമുണ്ട് ലോകത്തില്‍ ?''
''എന്റെ നിലപാട് തെറ്റായിരുന്നുവെന്നാണോ താന്‍ പറഞ്ഞു വരുന്നത്?'' ജോണി ചോദിച്ചു.
ഞാന്‍ പറഞ്ഞു. ''അല്ല. അങ്ങനെ പറയുന്നവരാകും ഞ
ങ്ങളുടെ കൂടെ ഭൂരിഭാഗവും. പക്ഷേ എന്റെ അഭിപ്രായം മറിച്ചാണ്. എനിക്ക് ജോണിയോടുള്ള സ്‌നേഹത്തിനു പുറമേ ഇപ്പോള്‍ ബഹുമാനവും ഉണ്ട്. കാരണം തെറ്റ് ബോദ്ധ്യപ്പെട്ടപ്പോള്‍ അതിനൊപ്പം നില്‍ക്കാതെ അതിന്റെ സുഖസൗകര്യങ്ങള്‍ വലിച്ചെറിഞ്ഞ് തനിക്ക് ശരിയെന്ന് തോന്നിയ പാതയിലേക്ക് തിരിയാന്‍ ജോണിയേപ്പോലെ വളരെ ചുരുക്കം പേര്‍ക്കേ കഴിയൂ. ആ ധീരതയെ സത്യസന്ധതയെ ഞാന്‍ വളരെ അധികം ബഹുമാനിക്കുന്നു.''
''യേശുവേ സ്‌തോത്രം'' ജോണി പറഞ്ഞു. ''എങ്കില്‍ താങ്കളെന്തുകൊണ്ട് ഈ കാപട്യത്തിന്റെ മേലങ്കി അഴിച്ചു മാറ്റുന്നില്ല? എന്തുകൊണ്ട് രക്ഷിക്കപ്പെട്ടവരുടെ ഗണത്തിലേക്ക് വരുന്നില്ല?''
''അതിനു പല കാരണങ്ങളുണ്ട്'' ഞാന്‍ പറഞ്ഞു. ''മുമ്പു സൂചിപ്പിച്ചതുപോലെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറിയതുകൊണ്ട് എന്തു പ്രയോജനം. മറ്റൊന്ന് രക്ഷ എന്നത് കുറച്ചു പേര്‍ക്കായി മാത്രം ദൈവം നല്‍കുന്ന ദാനമല്ല. വൈദികനും കന്യസ്ത്രീയും അല്‍മേനിയും അങ്ങനെ എല്ലാ വിശ്വാസികള്‍ക്കും അവരായിരിക്കുന്ന സംഘത്തില്‍ തുടര്‍ന്നുകൊണ്ടുതന്നെ രക്ഷ പ്രാപിക്കാം.
അവര്‍ അതിന് ആഗ്രഹിക്കുന്നുവെങ്കില്‍ . ശരി ഇനി നമുക്ക് ഓരോ ചായ കുടിക്കാം.......'' ഞാന്‍ പറഞ്ഞു.
ജോണി അപ്പോഴും സന്തുഷ്ടനായിരുന്നു

No comments:

Post a Comment