Monday 14 May 2012

രക്ഷിതാക്കളറിയാന്‍ 14


''മാഷേ, ഞങ്ങളൊരിക്കലും കുഞ്ഞുങ്ങള്‍ എടുക്കുന്നിടത്ത് മെഴുകുതിരി കത്തിച്ചു വയ്ക്കാറില്ല,'' മാഷിനെ കുടുക്കിയ ഭാവത്തില്‍ സാലിക്കുട്ടി പറഞ്ഞു.
''നല്ലത്... പക്ഷേ കറണ്ടുകണക്ഷനില്ലാത്ത ഒരു വീട്ടില്‍ എപ്പോഴും അങ്ങനെ ശ്രദ്ധിക്കാനായി എന്നു വരില്ല. 

നിലത്തിരിക്കുന്ന വിളക്കിന്റെ നാളത്തില്‍ ഒരുപക്ഷേ കുട്ടി ഒന്നു തൊട്ടു എന്നു വരാം. 
അപ്പോള്‍ കുട്ടിക്കു കിട്ടുന്ന പൊള്ളലിന്റെ അനുഭവം ഒരിക്കലും മായാതെ അവന്റെ മനസില്‍ പതിയും. തീനാളത്തില്‍ തൊടുന്നത് അപകടമാണെന്നു പിന്നീടാരും അവനു പറഞ്ഞുകൊടുക്കേണ്ട.
''എന്റെ ഒരനുഭവം ഞാന്‍ വിവരിക്കാം,'' മാഷ് പറഞ്ഞു :

 ''എന്റെ മൂത്തകുട്ടി മൂന്നില്‍ പഠിക്കുന്ന വര്‍ഷം... അടുത്തുള്ള പ്രസിദ്ധമായ പള്ളിയില്‍ തിരുനാളു കൂടാന്‍ അവനും ഞാനും രാവിലെ ഇറങ്ങി. 
പള്ളിക്കു മുമ്പില്‍ ബസിറങ്ങിയ ഉടന്‍ അവന്‍ എന്നെയും വലിച്ചുകൊണ്ട് പല കടകളും സന്ദര്‍ശിച്ച് കണ്ണില്‍ കണ്ടതെല്ലാം വാങ്ങണമെന്നു ശഠിച്ചു. 
ചിലതെല്ലാം വാങ്ങി ഒരുവിധം തിരികെയെത്തി. 
അടുത്തവര്‍ഷം തിരുനാളു കൂടാന്‍ ഇറങ്ങുന്നതിനു മുമ്പേ ഞാന്‍ ഒരു വ്യവസ്ഥവച്ചു. 
തിരുനാളു കൂടാനുള്ള പണം മുന്‍കൂര്‍ ഏല്പിക്കാമെന്നും അത് അവനിഷ്ടം പോലെ ചെലവഴിക്കാമെന്നും ആ പണം തീരുമ്പോള്‍ തിരികെ പ്പോരുമെന്നും ആയിരുന്നു വ്യവസ്ഥ. അവനു വളരെ സന്തോഷമായി. 
എല്ലാം സമ്മതിച്ച് എന്നോട് 20 രൂപ വാങ്ങുകയും ചെയ്തു. 
പള്ളി മുറ്റത്ത് ബസിറങ്ങിയ ഉടന്‍ എന്നേയും വലിച്ച് ഓടിയ അവന്‍ ആദ്യം കണ്ട കടയില്‍ നിന്ന് 5 രൂപയുടെ ഒരു ചെണ്ട വാങ്ങി. 
അടുത്ത കടയില്‍ ചെന്ന് 10 രൂപയുടെ ഒരു തോക്ക് വാങ്ങി. 
താമസിയാതെ 5 രൂപയുടെ ഒരു പന്തും കൂടി വാങ്ങിയപ്പോള്‍ കൈയിലുണ്ടായിരുന്ന 20 രൂപ തീര്‍ന്നു. 
എന്നോടു വീണ്ടും പണം ചോദിച്ചു. ഞാന്‍ വ്യവസ്ഥ ഓര്‍മ്മപ്പെടുത്തി. 
ഞങ്ങള്‍ തിരികെപ്പോയി.
''അടുത്ത വര്‍ഷവും പതിവുപോലെ വ്യവസ്ഥകള്‍ക്കു വിധേയമായി ഞങ്ങളിരുവരും തിരുനാള്‍ സ്ഥലത്തെത്തി. 

ഇത്തവണ എല്ലാ കടകളിലും നടന്ന് വില അന്വേഷിച്ചതല്ലാതെ ഒരു സാധനവും അവന്‍ വാങ്ങിയില്ല. 
തിരികെ വീട്ടിലെത്തുമ്പോഴും പെരുന്നാളു കൂടാന്‍ വാങ്ങിയ പണം അവന്റെ പക്കലുണ്ടായിരുന്നു.''
മാഷ് പറഞ്ഞുനിര്‍ത്തിയതും എന്തോ ഒന്ന് മുറിയിലേക്കു വീണതും ഒരുമിച്ചായിരുന്നു. മാഷ് ഭയന്നുപോയി. 

നോക്കിയപ്പോള്‍ ഒരു സ്‌കൂള്‍ ബാഗ്. മാഷിനു കാര്യം മനസിലായി. അവരുടെ മൂത്തമകന്‍ ട്യൂഷന്‍ കഴിഞ്ഞെത്തിയതാണ്. 
മുറിയിലേക്ക് ഓടിക്കയറി ടി. വി ഓണ്‍ചെയ്യാനൊരുങ്ങിയപ്പോഴാണ് മാഷ് ഇരിക്കുന്നതു കണ്ടത്. ഒന്നു പമ്മി. 


മാഷിനെ നടുക്കിയതു മറ്റൊരു കാഴ്ചയാണ്. സണ്ണിക്കുട്ടി എഴുന്നേറ്റ് മകന്റെ ബാഗും എടുത്ത് അകത്തേക്കു പോകുന്നു.
'വെറുതെയല്ല മകന് എല്ലാവരോടും വെറുപ്പ്.' മാഷ് മനസിലോര്‍ത്തു.
'അവനവന്റെ വില അവനവന്‍ കളഞ്ഞാലെന്തു ചെയ്യും.' മാഷ് ചിന്തയിലാണ്ടു.
തന്റെയൊക്കെ ചെറുപ്പത്തില്‍ എന്തായിരുന്നു സ്ഥിതി. 

സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അപ്പന്‍ മുന്‍വശത്ത് കസേരയിലുണ്ടെങ്കില്‍ പുറകുവശത്തുകൂടിയാണ് വീടിനകത്തു കയറുന്നത്. 
വീട്ടിലെവിടെയിരുന്നാലും മാതാപിതാക്കളെ കാണുമ്പോള്‍ ഒന്നെഴുന്നേല്‍ക്കും. മാതാപിതാക്കളോടു ഭയവും ബഹുമാനവും ഉണ്ടായിരുന്നു.
മുതിര്‍ന്നവര്‍ ആരു വീട്ടില്‍ വന്നാലും എഴുന്നേറ്റുനിന്ന് ബഹുമാനിക്കണമെന്ന് അവര്‍ പഠിപ്പിച്ചിരുന്നു.
കാലം പോയ പോക്ക്. ഇന്നു മാതാപിതാക്കള്‍ കയറിവന്നാല്‍ പോലും മക്കള്‍ ഇരുന്നിടത്തുനിന്നനങ്ങില്ല. 

മുതിര്‍ന്നവര്‍ക്കൊപ്പം ഇരിക്കാതിരിക്കുക; മുതിര്‍ന്നവരെ കാണുമ്പോഴും എഴുന്നേറ്റു ബഹുമാനിക്കുക. 
പ്രായത്തില്‍ കുറഞ്ഞവരാണെങ്കിലും നമ്മുടെ വീട്ടിലേക്കു കയറി വരുമ്പോള്‍ എഴുന്നേറ്റുനിന്നു സ്വീകരിക്കുക. 
ഇതൊക്കെ എത്ര നല്ല പെരുമാറ്റരീതികളാണ്. ഇതൊക്കെ ചെയ്യുമ്പോള്‍ നാം ചെറു
താകുകയല്ല. മറിച്ച,് വലുതാകുകയാണ് ചെയ്യുന്നതെന്ന് ഇവരൊന്നും എന്തേ മനസിലാക്കാത്തത്.
''മാഷേ വെള്ളം,'' സാലിക്കുട്ടി ഒരു ഗ്ലാസ് വെള്ളവുമായി വന്ന് വിളിച്ചപ്പോഴാണ് മാഷ് ചിന്തയില്‍നിന്ന് ഞെട്ടിയുണര്‍ന്നത്.
''എന്തുപറ്റി മാഷേ ?'' സണ്ണിക്കുട്ടി ചോദിച്ചു.
വെള്ളം വാങ്ങിക്കുടിച്ച് വാച്ചില്‍ നോക്കി മാഷ് പറഞ്ഞു : ''അല്പം തിരക്കുണ്ട്. ബാക്കി പിന്നീടു സംസാരിക്കാം.'' മാഷ് ഇറങ്ങി.
ശുഭം.............. 

No comments:

Post a Comment