Sunday, 22 April 2012

രക്ഷിതാക്കളറിയാന്‍-12



''മാഷേ... ഒന്നു നില്ക്കണേ...''
സമയം പോയതിനാല്‍ അല്പം വേഗതയിലാണു മാഷ് നടന്നത്. 

പുറകില്‍നിന്ന് ആരോ വിളിക്കുന്നതു കേട്ട് മാഷ് വേഗത കുറച്ചു.
 തന്നെയാണു വിളിക്കുന്നതെന്നു മനസിലായപ്പോള്‍ തിരിഞ്ഞുനോക്കി. സണ്ണിക്കുട്ടിയാണ്. എന്താണോ ഇത്ര അടിയന്തരകാര്യം. 
മാഷന്മാരോട് പൊതുവേ ഒരു പുച്ഛമാണു കക്ഷിക്ക്. 
അവസരം കിട്ടുമ്പോഴൊക്കെ അവരെ ഒന്നു വാരാന്‍ നോക്കുന്നയാളാ. 
അങ്ങേരെ പറഞ്ഞിട്ടു കാര്യമില്ല. 
ചെറുപ്പത്തില്‍ സ്‌കൂളില്‍നിന്നും ഇഷ്ടംപോലെ തല്ലു വാങ്ങിയെടുക്കുമായിരുന്നു. 
അന്ന് ബാലമനസില്‍ പതിഞ്ഞ ശത്രുതയാണ് സണ്ണിക്കുട്ടിക്കു മാഷന്മാരോട് ഉള്ളത്.
''എന്താ സണ്ണിക്കുട്ടീ ആകെയൊരു വല്ലായ്മ ?'' മാഷ് ചോദിച്ചു.
'അതേ... മാഷേ എന്റെ മോന്‍ ചേനക്കല്ല് ഇംഗ്ലീഷ് മീഡിയംസ്‌കൂളിലാണു പഠിക്കുന്നത്.'' സണ്ണിക്കുട്ടി പറഞ്ഞു തുടങ്ങി.
''അതിനെന്താ, കാശൊള്ളോരു പിള്ളേരെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കും.'' മാഷ് പറഞ്ഞു.
''എന്റെയീശോയെ... കാശൊള്ളോരോ?എന്നെപ്പോലെയുള്ള കൂലിപ്പണിക്കാരു കാശൊള്ളോരാ?'' സണ്ണിക്കുട്ടിയുടെ തൊണ്ടയിടറി.
''മാഷേ, എന്റെ മോനും എന്റെ മൊതലാളീടെ മോനും ഒരേ സ്‌കൂളില്‍ ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്ന് പഠിക്കുന്നതിന്റെ ആ ഗമയുണ്ടല്ലോ. 

അതുകൊണ്ടു മാത്രമാ ഞാനവനെ അവിടെ വിടുന്നത്.'' ഷര്‍ട്ട് മുകളിലേക്ക് ഒന്നു വലിച്ചിട്ടപ്പോള്‍ സണ്ണിക്കുട്ടിക്ക് ഒരു ഗമയൊക്കെ തോന്നി.
''സണ്ണിക്കുട്ടി ഇതൊരല്പം കുഴഞ്ഞ പ്രശ്‌നമാ. വെറുതെ വഴിയില്‍നിന്ന് സംസാരിച്ചാല്‍ ശരിയാവില്ല. നമുക്കു വീട്ടിലോട്ടു കയറിയിരിക്കാം.'' മാഷ് പറഞ്ഞു.
''വളരെ സന്തോഷം മാഷേ... വീട്ടിലാണെങ്കില്‍ മാഷ് പറയുന്നത് അവളുകൂടി കേള്‍ക്കുമല്ലോ.'' സണ്ണിക്കുട്ടിക്കു സമാധാനമായി. മാഷിനേയും കൂട്ടി വീട്ടുമുറ്റത്ത് കയറിയതേ നീട്ടി വിളിച്ചു.

 ''എടീ സാലി... എടീ സാലിക്കുട്ടി.''
സാലിക്കുട്ടി ധൃതിയില്‍ ഉമ്മറത്തേക്കു വന്നു. ''എടീ ഇതാണു ഞാന്‍ പറയാറുള്ള മാഷ്'' എന്നു പറഞ്ഞ് സണ്ണിക്കുട്ടി മാഷിനിരിക്കാന്‍ ഒരു കസേര വലിച്ചിട്ടു കൊടുത്തു.
''ഇനി പറഞ്ഞോളൂ എന്താ നിങ്ങളുടെ പ്രശ്‌നം ?'' മാഷ് ചോദിച്ചു.
''ഒന്നാമത്തെ പ്രശ്‌നം അവന്‍ ഒന്നും പഠിക്കുന്നില്ലെന്നതാണ്.'' സണ്ണിക്കുട്ടി.
''രണ്ടാമത്തെ പ്രശ്‌നം അവന്‍ ഒന്നും കഴിക്കുന്നില്ലെന്നതാണ്.'' സാലിക്കുട്ടി.
''ഏറ്റവും വലിയ പ്രശ്‌നം അവന് എല്ലാവരോടും ദേഷ്യമാണെന്നതാണ്.'' സണ്ണിക്കുട്ടി പറഞ്ഞു നിര്‍ത്തി.
ഒരു ചെറുചിരിയുമായി എല്ലാം കേട്ടിരിക്കുന്ന മാഷിനെ കണ്ടപ്പോള്‍ പറഞ്ഞതെല്ലാം അബദ്ധമായിപ്പോയോ എന്നവര്‍ക്കു സംശയം.
മാഷ് വായ് തുറന്നു.
''അതേ... കുഴപ്പം നിങ്ങളുടെ കുട്ടിക്കല്ല. നിങ്ങള്‍ മാതാപിതാക്കള്‍ക്കു തന്നെയാ.''
''ശ്ശെടാ, ഇതു വാദി പ്രതിയായപോലാണല്ലോ. മാഷിതെന്തു വര്‍ത്തമാനമാ പറയുന്നത് ?'' ഒന്നും മനസിലാകാതെ സണ്ണിക്കുട്ടി ചോദിച്ചു.
''സ്രഷ്ടാവ് ഭൂമിയില്‍ ജീവജാലങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് വലുപ്പ ത്തിലും ധര്‍മത്തിലുമാണ്. 

അതു മനസിലാക്കാതെ ആനയ്‌ക്കൊപ്പം വായ പൊളിക്കണമെന്ന് അണ്ണാന്‍ വിചാരിച്ചാല്‍ നടക്കുമോ ?
''ഇവിടെ നിങ്ങടെ കാര്യം എടുക്ക്. കൂലിപ്പണിക്കാരായ നിങ്ങള്‍ക്കു കനത്ത ഫീസ് നല്‍കി കുട്ടിയെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കാന്‍ ത്രാണിയുണ്ടോ ? 

എങ്ങനെയും കഷ്ടപ്പെട്ടും പണിയെടുത്തും പഞ്ഞം കിടന്നും പഠിപ്പിക്കാമെന്നുവച്ചാല്‍ അതിന്റെ ദുരിതം കുടുംബം മുഴുവനും സഹിക്കേണ്ടിവരും.
''ആവശ്യത്തിലേറെ ആരു ചെലവു ചെയ്താലും കടബാദ്ധ്യതയുണ്ടാകും. തങ്ങളുടെ ദുരഭിമാനം സംരക്ഷിക്കാന്‍ വീണ്ടും കടമെടുക്കും. അവസാനം ആത്മഹത്യയിലൂടെ വീരചരമമടയും. ചീത്ത മുഴുവന്‍ പണം കടം കൊടുത്തവനും.''
''നാട്ടിലെ ബ്ലേഡുകാരെ മാഷ് ന്യായീകരിക്കുകയാണോ ?'' സണ്ണിക്കുട്ടി ചോദിച്ചു.

 ''തീര്‍ച്ചയായും, പണം വേണോ ? പണം എന്നു വിളിച്ചു ചോദിച്ച് നാട്ടിലൂടെ നടക്കുന്ന എത്ര ബ്ലേഡുകാരെ സണ്ണിച്ചനറിയാം ? 
പലിശയെപ്പറ്റിയും വീഴ്ചവരുത്തിയാലുണ്ടാകാവുന്ന അപകടത്തെപ്പറ്റിയും ഉറപ്പിനായി ഒപ്പിട്ടു നല്‍കുന്ന പ്രമാണങ്ങളെപ്പറ്റിയും ഒക്കെ വ്യക്തമായി പറഞ്ഞ് മനസിലാക്കിയതിനുശേഷമാണ് ഒരുഭാഗം കേസുകളിലും കൊടുക്കല്‍വാങ്ങലുകള്‍ നടക്കുന്നത്. 
കടമായി പണം വാങ്ങുന്നവന്‍ അതു തിരിച്ചടക്കുന്നതിനുള്ള മാര്‍ഗവും കണ്ടിരിക്കണം.'' മാഷ് ഒന്നു നിര്‍ത്തി.
''എന്താ മാഷിങ്ങനെ പറയുന്നത് ? ഇവിടെ പാവപ്പെട്ടവര്‍ക്കും ജീവിക്കണ്ടേ ?'' സാലിക്കുട്ടിക്കു രോഷമുയര്‍ന്നു.
തുടരും....................... 

No comments:

Post a Comment