റോണി എഴുന്നേറ്റ് മാഷിനെയും കൂട്ടി ഊണുമുറിയിലെത്തി.
മീരയും, അച്ചുവും കൈ കഴുകി വന്നിരുന്നപ്പോള്‍ മാഷ് പറഞ്ഞു :
''എല്ലാവരും ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകഴുകും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ കൈ നനയ്ക്കും. നിങ്ങളും ഇപ്പോള്‍ ചെയ്തതതാണ്. മോരുപോലെ പുളിയുള്ള കറികള്‍ ഉപയോഗിക്കുമ്പോള്‍ കൈയിലെ അഴുക്ക് ഇളകി ഭക്ഷണത്തോടൊപ്പം ഉള്ളില്‍ ചെല്ലും. ഇതിനെന്താണു പരിഹാരമെന്നറിയാമോ ? നന്നായി സോപ്പ് ഉപയോഗിച്ച് കൈകൂട്ടി തിരുമ്മി കഴുകണം.'' മാഷ് പറഞ്ഞു.
അവര്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകി. കൈയില്‍നിന്ന് ഇളകിയ
അഴുക്ക് കണ്ടവര്‍ അത്ഭുതപ്പെട്ടു.
ഭക്ഷണസാധനങ്ങളുമായി എത്തിയ മഞ്ജു ഇതു കണ്ട് പറഞ്ഞു പോയി: ''ഈശ്വരാ...ഇതാരു ശ്രദ്ധിക്കുന്നു.''
''മാഷേ മറ്റു പരീക്ഷണങ്ങള്‍ എന്തൊക്കെയാ ?'' മീര ഓര്‍മിപ്പിച്ചു.
അത്രയും സമയം വാചാലനായിരുന്ന മാഷ് ഭക്ഷണം കഴിച്ചു തുടങ്ങിയതില്‍ പിന്നെ മിണ്ടിയിട്ടില്ല. വളരെ ശ്രദ്ധയോടെ ആസ്വദിച്ച് കഴിക്കുകയാണ്.
മീരയുടെ ചോദ്യം കേട്ടാണ് തല ഉയര്‍ത്തിയത്.
മീരയെ നോക്കി ഒന്നു ചിരിച്ച് വീണ്ടും ഭക്ഷണത്തില്‍ ശ്രദ്ധിച്ചു തുടങ്ങിയ
മാഷിനെ അവര്‍ അത്ഭുതത്തോടെ നോക്കി.
മാഷ് ഊണ് കഴിഞ്ഞ് എഴുന്നേറ്റു. മറ്റുള്ളവര്‍ വളരെ നേരത്തെതന്നെ ജോലി പൂര്‍ത്തിയാക്കിയതാണ്.
''ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കണം. അതിനാണ് നമുക്കു പല്ലുകള്‍ തന്നിരിക്കുന്നത്. പല്ലുകള്‍ ശരിയായുപയോഗിച്ചാല്‍ ദഹനേന്ദ്രിയത്തിന്റെ ജോലി ഒത്തിരി കുറയ്ക്കാം.'' മാഷ് പറഞ്ഞു.
കസേരയില്‍ ചാരിയിരുന്നുകൊണ്ട് മാഷ് തുടര്‍ന്നു :
''ഒരു ദിവസം പത്താം ക്ലാസിലെ കുട്ടികളോട് ഞാന്‍ ചോദിച്ചു, രാവിലെ കടുംകാപ്പി കുടിക്കാത്തവര്‍ ആരൊക്കെയുണ്ടെന്ന്.
ആരുമില്ലായിരുന്നു. അന്ന് ഞാനവര്‍ക്ക് ഒരു മന്ത്രം ഉപദേശിച്ചുകൊടുത്തു.
നിങ്ങള്‍ക്കും പരീക്ഷിച്ചുനോക്കാം. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. ആദ്യദിവസങ്ങളില്‍ വളരെ ബുദ്ധിമുട്ടാണ്.
രാവിലെ ഇങ്ങനെ കുടിക്കുന്ന വെള്ളത്തിന് ഔഷധഗുണമാണ്.
ഇത് ആദ്യം കേട്ടപ്പോള്‍ അവര്‍ക്കു വിശ്വാസം വന്നില്ല.
കാരണം നമ്മുടെ നാട്ടില്‍ ചികിത്സ എന്നതു വളരെ പണം മുടക്കി ചെയ്യുന്ന ഒന്നാണ്.
ധാരാളം മരുന്നുകളും കഴിക്കണം. പണച്ചെലവില്ലാത്ത, മരുന്നില്ലാത്ത ചികിത്സ
ഒന്നു പരീക്ഷിക്കാന്‍പോലും പലരും തയാറല്ല. രോഗികളുടെ ഈ മനോഭാവം ആവശ്യമില്ലാത്ത മരുന്നുകള്‍ കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്കു പ്രേരണയാകുന്നു.
ഇതു പറഞ്ഞത് ഒരു ഡോക്ടര്‍ തന്നെയാണ്. ആവശ്യമില്ലാത്ത മരുന്നുകള്‍ കൊടുക്കുന്നത് തെറ്റല്ലേ ? എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ആ ഡോക്ടര്‍ പറഞ്ഞു:
''സുഹൃത്തേ, എന്റെ അടുത്ത് തലവേദനയുമായി വരുന്ന ഒരു രോഗിക്ക് വയറിളകാനുള്ള ഒരു ഗുളിക കൊടുത്താല്‍ മാറുന്ന പ്രശ്‌നമേയുള്ളൂ എന്ന് എനിക്കു മനസിലായെന്നിരിക്കട്ടെ.
ഈ വിവരം രോഗിയോടു പറഞ്ഞ് ഗുളികയും കൊടുത്തുവിട്ടാല്‍
ആ രോഗി അതു കഴിക്കില്ലെന്നു മാത്രമല്ല, ഗുളിക ഓടയിലെറിഞ്ഞ് 'ഇങ്ങേര് എവിടുത്തേ ഡാക്കിട്ടറാ, എന്റെ സുഖക്കേട് അങ്ങേര്‍ക്കു പിടി കിട്ടിയില്ല' എന്നു പറഞ്ഞ്
അടുത്ത ഡോക്ടറെ പോയി കാണാം. അങ്ങേര് 'കൊയല്' വച്ച് പരിശോധന നടത്തി ഞാന്‍ കൊടുത്ത ഗുളികയും കുറച്ച് വിറ്റാമിന്‍ ഗുളികയും ഒരു ടോണിക്കും കുറിക്കും.
അതു കഴിക്കുമ്പോള്‍ രോഗിക്കു തൃപ്തിയാകും, അദ്ദേഹം നല്ല ഡോക്ടറുമാകും.''
''ഞാന്‍ നാളെ മുതല്‍ കടുംകാപ്പിക്കു പകരം വെള്ളം കുടിക്കാന്‍ തീരുമാനിച്ചു.'' റോണി പ്രഖ്യാപിച്ചു.
''മോളേ ഒരു ഗ്ലാസ് വെള്ളം കൊണ്ടു വരുമോ ?'' മാഷ് ചോദിച്ചു.
''ഇതാ മാഷേ വെള്ളം.'' മീര മാഷിനു വെള്ളം നിറഞ്ഞ ഗ്ലാസ് നീട്ടി.
മാഷ് ഗ്ലാസ് വാങ്ങിക്കൊണ്ട് ചോദിച്ചു. ''ഇതെന്താ നിന്റെ കൈമുട്ട് നനഞ്ഞിരിക്കുന്നത് ?''
''അതു ധൃതിയില്‍ ഗ്ലാസ് മുക്കി വെള്ളമെടുത്തപ്പോള്‍ പറ്റിയതാ.'' മീര ചമ്മലോടെ പറഞ്ഞു. അവളുടെ ചമ്മലു കണ്ട് അച്ചു ചിരിച്ചു.
''പോ... കളിയാക്കണ്ട. എന്നും ക്രിക്കറ്റ് കളികഴിഞ്ഞ് വന്ന് മുങ്ങിക്കുളിക്കുന്നതു ഞാനും കാണുന്നതാ.'' അവള്‍ക്കു ദേഷ്യം വന്നു.
''കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ,്'' മാഷ് പറഞ്ഞുതുടങ്ങി:
''എന്റെ കുട്ടികള്‍ക്കു സ്ഥിരം പനിയും ഛര്‍ദ്ദിയും. ശര്‍മ്മ ഡോക്ടറുടെ ഹോമിയോ മരുന്നാണു ഞാന്‍ കുട്ടികള്‍ക്കു കൊടുക്കാറുള്ളത്. ഒരു ദിവസം ഡോക്ടര്‍ ചോദിച്ചു, വെള്ളം സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന്. പ്രത്യേക പാത്രത്തില്‍ മൂടിവച്ചിരിക്കുകയാണെന്നു ഞാന്‍ പറഞ്ഞു. ഡോക്ടര്‍ ചിരിച്ചുകൊണ്ടു ചോദിച്ചു : ''കുടിക്കാനായി വെള്ളം എടുക്കുന്നതോ?'' ''ഗ്ലാസ് മുക്കിയെടുക്കും.'' ഞാന്‍ മറുപടി പറഞ്ഞു.
''ഇനി മുതല്‍ ഒരു ചിരട്ടത്തവി ഉപയോഗിച്ച് വെള്ളം ഗ്ലാസിലേക്കു പകര്‍ന്ന് ഉപയോഗിക്കൂ.'' ഇങ്ങനെ പറഞ്ഞ് ഡോക്ടര്‍ മരുന്നു തന്നു.
വീട്ടിലെത്തിയ ഞാന്‍ ശ്രദ്ധയോടെ നിരീക്ഷിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. കുട്ടികള്‍ കളി കഴിഞ്ഞും മുതിര്‍ന്നവര്‍ പണികഴിഞ്ഞും വെള്ളം കുടിക്കാനെടുക്കുമ്പോള്‍
അവരുടെ കയ്യിലെ അഴുക്ക് ജലത്തില്‍ കലരുന്നു.
തുടരും...............
No comments:
Post a Comment