Thursday 16 July 2015

കാലം മാറി മോനേ ദിനേശാ.....

സാഹിത്യ വിമര്‍ശം ദ്വൈമാസികയില്‍ ശ്രീ. ജോണി ജെ പ്‌ളാത്തോട്ടം ഒരുക്കിയിരിക്കുന്ന കവര്‍ സ്‌റ്റോറി  കേരള ജനതയെ
ഹിപ്‌നോട്ടിക് സജഷന്റെ പിടിയില്‍ നിര്‍ത്തിയ രണ്ട ്
മഹാരഥന്മാരുടെ കഥയാണെന്നെനിക്കു തോന്നുന്നു.
രാഷ്ട്രീയ  നഭസ്സില്‍ മുടിചൂടാമന്നനായിരുന്ന EMS ഉം
മലയാള സാഹിത്യത്തിലെ കരുത്തനായ മുകുന്ദനും.

ഒന്നു രാഷ്ട്രീയത്തിലെ വിഗ്രഹമെങ്കില്‍ മറ്റൊന്ന് സാഹിത്യത്തിലെ വിഗ്രഹം.
രണ്ടു വിഗ്രഹങ്ങള്‍ കൂട്ടി മുട്ടിയെന്നും എന്നാല്‍ തീയോ പുകയോ കാണാനായില്ലെന്നും കവര്‍ കഥാകാരന്‍ പരിതപിക്കുന്നു.

പാര്‍ട്ടിയേയും പാര്‍ട്ടിയുടെ പിതൃവിഗ്രഹമായ EMS നേയും 101 വെട്ടു വെട്ടിയിട്ടും CPM മുകുന്ദനെ വെറുതെ വിട്ടത് എന്തുകൊണ്ട് ?

വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999 ല്‍ M മുകുന്ദന്‍ എഴുതിയ കേശവന്റെ വിലാപങ്ങള്‍ എന്ന നോവലിലാണത്രേ EMS നോട് അദ്ദേഹം ഈ കടുംകൈ ചെയ്തത്.
എന്നിട്ടും CPM മുകുന്ദനെതിരെ ഒരക്ഷരം ഉരിയാടാതിരുന്നതിന് കാരണമെന്തെന്ന് ആനുകാലിക കൊലപാതക രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങള്‍ മുന്‍നിര്‍ത്തി ലേഖനം വിവരിക്കുന്നു.

ഒരുപക്ഷേ ഇവരാരും ഈ കൃതി വായിച്ചിട്ടുണ്ടാവില്ലെന്നും (വായിക്കാത്തതിനു കാരണം നോവലിന്റെ പേര് കേശവന്റെ വിലാപങ്ങള്‍ എന്നായതുകൊണ്ടാണെന്നും പാര്‍ട്ടിക്ക് ഇപ്പോള്‍ ആരുടേയും വിലാപങ്ങളോട് താല്പ്പര്യമില്ലെന്നും) അഥവാ ആരെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കൊന്നും മനസിലായിട്ടുണ്ടാവില്ലെന്നും ആണ് ആരോപണങ്ങള്‍.

'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനേപ്പോലെ നിന്‍മുഖം' എന്ന കുഞ്ചന്‍നമ്പ്യാര്‍ ശൈലിയാണ് മുകുന്ദന്‍ നോവല്‍ രചനയില്‍ സ്വീകരിച്ചതെന്നാണ് വിവക്ഷ.
ഒരിക്കല്‍ വായിച്ചു മറന്ന പ്രസ്തുത നോവല്‍ ഒരിക്കല്‍ കൂടി വായിക്കാന്‍ ഈ ലേഖനം എന്നെ പ്രേരിപ്പിക്കുന്നു.

ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്നുതന്നെയിരിക്കട്ടെ ഈ വൈകിയ വേളയില്‍ അദ്ദേഹം ഈ ഉദ്യമത്തിന് തുനിഞ്ഞതിന്റെ പിന്നിലെ ചേതോവികാരമെന്താണ് ?

ഇദ്ദേഹം വി.എസ്സ് പക്ഷമോ പിണറായി പക്ഷമോ ?

പൊതു സമൂഹത്തെക്കറിച്ച് മുകുന്ദന്‍ തന്റെ നോവലില്‍ 1999ല്‍ വിവരിച്ചു എന്ന് ലേഖകന്‍ അവകാശപ്പെടുന്നതൊന്നുമല്ല പിന്നീടുണ്ടായത്.
പിന്നീടങ്ങോട്ട് രോഗാതുരമായത് നേതൃത്വമായിരുന്നില്ലേ.

വിവേകം നശിച്ച ഭക്തിക്കൂട്ടമായി പാര്‍ട്ടി സമൂഹത്തെ വിലയിരുത്തിയതും തെറ്റി. ഗൗരിയമ്മയുടേയും എം.വി രാഘവന്റേയും ഗതിയല്ലല്ലോ വി.എസ്സിന്.

പശുവും ചത്ത് മോരിന്റെ പുളിയും പോയി എന്ന് പഴമക്കാര്‍ പറയുന്നപോലെയു്ള്ള പ്രാധാന്യമേ ഇപ്പോള്‍ ഈ വിഷയത്തിനുള്ളു.

EMS നെപ്പറ്റിയോ, EK നയനാരെപ്പറ്റിയോ, AKG യേപ്പറ്റിയോ ആരെങ്കിലും എന്തെങ്കിലും എഴുതിയാല്‍ കാളപെറ്റെന്നു കേള്‍ക്കുമ്പോഴേ കയറെടുക്കുന്ന സ്വഭാവം പാര്‍ട്ടിക്കാര്‍ക്കില്ല.

കാലം മാറി മോനേ ദിനേശാ......



2 comments:

  1. ലേഖനത്തിൽ എഴുതിയതിനപ്പുറം ഒരു വാക്കു പോലും എഴുതേണ്ട എന്നു കരുതിയിരിക്കുമ്പോഴാണ് എന്റെ സ്നേഹിതൻ പയസിന്റെ പ്രതികരണം വരുന്നത്. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ ഒരു വഴിമാറ്റം കണ്ടതുകൊണ്ടാണ് ഇതെഴുതുന്നത്.
    'കേശവന്റെ വിലാപങ്ങളു'ടെ പ്രസക്തി കൂടുകയാണ്.
    ശരിയുത്തരമൊഴികെ ലോകത്തുളള എല്ലാ ഉത്തരങ്ങളും പറയുന്ന കുട്ടിയെപ്പോലെയാണ് നമ്മുടെ മിക്ക അങ്ങ്ഗീകൃത നിരൂപകരും അവരെ പിൻപറ്റുന്ന വായനക്കാരും.യാഥാർത്ഥ വായനാസമൂഹം ഈ നോവൽ വായിച്ചു വിലയിരുത്തുംമുൻപേ ബന്ധപ്പെട്ടവർ ഇതിനെ അനുനയിപ്പിച്ചു കുടത്തിലടച്ചു കളഞ്ഞു.
    കേരളത്തിലെ മാര്ക്സിസ്റ്റ്പാർട്ടിക്ക് ഈ നോവലിന്റെ നേർവായന എന്നും ഒരു പേടിസ്വപ്നമായിരിക്കും! ഞാൻ ലേഖനമെഴുതിയില്ലെങ്കിൽ മറ്റാരെങ്കിലുംക്ക് എഴുതും. ആരും എഴുതിയില്ലെങ്കിലും ഈ ഭൂതം കുടം ഭേദിച്ചു പുറത്തുവരും.
    ' കേശവന്റെ വിലാപങ്ങൾ' നോവലിന്റെ അവതാരദൌത്യം മലയാളികൾ തിരിച്ചറിയും!

    ReplyDelete