Saturday 4 July 2015

വരം

ഞാന്‍ നാലാം ക്‌ളാസ്സില്‍ കൊണ്ടൂര്‍ ഗവ. എല്‍.പി.എസ്സില്‍
(പ്‌ളാശനാന്‍ ഗവ. എല്‍.പി.എസ്സിന്റെ പേര് അന്നങ്ങിനെയായിരുന്നു) പഠിക്കുന്ന കാലം,
എന്റെ അപ്പന്‍ കയ്യാണിയില്‍ മത്തായി സാറായിരുന്നു ഹെഡ്മാസ്റ്റര്‍.
വീട് അടുത്തായിരുന്നതിനാല്‍ ഉച്ചയൂണ് വീട്ടിലായിരുന്നു.
ഒരു ദിവസം ഞാന്‍ ഊണ് കഴിഞ്ഞ് മടങ്ങി വരുമ്പോള്‍
എന്റെ ക്‌ളാസ്സിലെ മൂന്നു ചേട്ടന്മാര്‍ എന്റെ വരവും കാത്ത്
വഴിയരികിലുള്ള ചേറ്റുകുളംകാരുടെ വീടിനു മുമ്പില്‍ നില്ക്കുന്നു.
പയ്യനായ എന്നെയും കൂട്ടി അവര്‍ ആ വീട്ടിലെ ചാമ്പയില്‍ കേറി ചാമ്പങ്ങ പറിച്ചു.
 മടങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ ആ കാഴ്ച കണ്ടത്.
മത്തായി സാര്‍ അതാ ഊണ് കഴിഞ്ഞ് മടങ്ങി വരുന്നു.
ഞങ്ങള്‍ ഒരു തെങ്ങുംകുറ്റിക്ക് മറഞ്ഞിരുന്നു.
അദ്ദേഹം കടന്നു പോയി. ഞങ്ങള്‍ക്ക് സമാധാനമായി .
ഉച്ച കഴിഞ്ഞ് ക്‌ളാസ്സ് ആരംഭിച്ചയുടനെ ഞങ്ങള്‍ നാലുപേരേയും ഓഫീസിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്തു.
മറ്റു മൂന്നുപേര്‍ക്കും കിട്ടിയതിനേക്കാള്‍ രണ്ടടി കൂടുതല്‍ എനിക്കു കിട്ടി.
അങ്ങനെ എത്ര അടികള്‍ മേടിച്ചാണ് അക്കാലത്ത് കുട്ടികള്‍ പഠിച്ചിരുന്നത്.
അവരുടെ മക്കളുടെ കാലമാണിന്ന്.
ഇന്നത്തെ സ്ഥിതിയെന്താ.
കുട്ടിയെ തൊട്ടുനോവിക്കാനോ എന്തിനേറെ ഒന്നു വഴക്കുപറയാന്‍ പോലുമോ  അദ്ധ്യാപകര്‍ക്ക ് അനുവാദമില്ല,
അവര്‍ എന്തു പോക്രിത്തരം കാണിച്ചാലും അദ്ധ്യാപകര്‍ ശിക്ഷിക്കാന്‍ പാടില്ല. വഴക്ക് പറഞ്ഞാല്‍ മാനസിക പീഢനത്തിനും,
ഒരു നുള്ളെങ്കിലും കൊടുത്താല്‍ ശാരീരിക പീഢനത്തിനും അദ്ധ്യാപകനെതിരെ കേസ്സുകൊടുക്കാവുന്ന നിയമ പരിരക്ഷയാണ് കുട്ടികള്‍ക്ക്.
ഈ നിയമമൊക്കെ കൊണ്ടുവന്നവന്‍ ആരാണോ ആവോ.
സായിപ്പിന്റെ നാട്ടിലെ നിയമം കണ്ടാവാം ഇതൊക്കെ ഇവിടെയും കൊണ്ടുവന്നത്.
അവരുടെ നാട്ടിലെ നല്ല നിയമങ്ങള്‍ പലതും ഇവിടൊട്ട് ഇല്ലതാനും.
ഇപ്പോള്‍ ഇതൊക്കെ പറയാനെന്താ കാര്യമെന്നല്ലേ....
നമ്മില്‍ പലരേയും വല്ലാതെ വേദനിപ്പിക്കുന്ന ഒരു സംഭവം ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിലുണ്ടായി .
എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയെ, അവന്റെ കുസൃതികൊണ്ട് മടുത്ത് ക്‌ളാസ്സ്ടീച്ചര്‍ ഒന്നു നുള്ളി.
അവനൊരു പ്രശ്‌നവുമില്ലായിരുന്നു പരാതിയുമില്ലായിരുന്നു.
പക്ഷേ അന്ന് വീട്ടിലെത്തിയപ്പോള്‍ അവന്റെ വെളുത്ത കുഞ്ഞിക്കൈയില്‍ ഒരുചുമപ്പ് പാട് കണ്ട പിതാവ് കാര്യമന്വേക്ഷിച്ചു.
അമ്പമ്പോ പിന്നെയായിരുന്നു പൊടിപൂരം.
തന്റെ മകനെ നുള്ളിയ ടീച്ചറിനെ ഒരു പാഠം പഠിപ്പിച്ചേ ഇനി പച്ചവെള്ളം കഴിക്കൂ.
(ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ പുറം നോക്കി ചവിട്ടിയാലും പരാതിയില്ല കേട്ടോ)
അടുത്ത ദിവസം സ്‌കൂളിലെത്തിയ രക്ഷാകര്‍ത്താവ് ടീച്ചറിനെതിരേ പരാതി കൊടുത്തു.
മേലാപ്പീസില്‍ നിന്നും അന്വേക്ഷണ ഉത്തരവെത്തി.
അന്വേക്ഷണ ഉദ്യോഗസ്ഥര്‍ ടീച്ചറോട് കോംപ്രമൈസ്ിലെത്തിയില്ലെങ്കില്‍ കോടതി വരാന്ത നിരങ്ങേണ്ടി വരുമെന്ന് മു്ന്നറിയിപ്പ് കൊടുത്തപ്പോള്‍ ടീച്ചര്‍ വഴങ്ങി.
രക്ഷിതാവിനെ കണ്ടു. അയാള്‍ അമ്പിനും വില്ലിനും അടുക്കില്ല.
ടീച്ചറിനെ കോണാന്‍ ഉടുപ്പിച്ചേ അടങ്ങൂ.
അവസാനം പലരുടേയും സമ്മര്‍ദ്ദത്തിനു വഴങ്ങി അയാള്‍ മുന്നോട്ട് വെച്ച വ്യവസ്ഥയിതാണ്.
കുട്ടിയോട് ടീച്ചര്‍ ക്ഷമ പറയണം.
ഒരയ്യോപാവം ടീച്ചര്‍.
അവസാനം അത.... ആ മഹാപാതകം സംഭവിച്ചു.
ടീച്ചര്‍ തന്റെ വിദ്യാര്‍ത്ഥിയോട് ക്ഷമ പറഞ്ഞ് കണ്ണീരോടെ ഓഫീസ് വിട്ടു.
അങ്ങനെ ഒരപ്പന്‍ വരം ഇരന്നു വാങ്ങി.



















No comments:

Post a Comment