Monday 25 January 2016

രക്ഷകന്‍

കേരളത്തിലെ റബ്ബര്‍ കര്‍ഷകനെ രോമാഞ്ച കഞ്ചുകമണിയിക്കുന്ന വാര്‍ത്തകളാണ് ഏതാനും ദിവസങ്ങളായി പത്രത്താളുകളില്‍ നിറഞ്ഞു നില്ക്കുന്നത്.
വിലയിടിവുകൊണ്ട് നടുവൊടിഞ്ഞ റബ്ബര്‍ കര്‍ഷകര്‍ക്ക് ഇതാ ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു.
കോട്ടയം തിരുനക്കര മൈതാനത്ത് ഗാന്ധി പ്രതിമക്ക് കീഴെയാണ് ജനനം.
രക്ഷകനെ കാണാന്‍ വിവിധ നാടുകളില്‍ നിന്ന് രാജാക്കന്മാര്‍ അല്ല പിതാക്കന്മാര്‍ എത്തി.
സ്വര്‍ണ്ണമോ, മീറയോ, കുന്തിരിക്കമോ ഒന്നും കാഴ്ചയായി കൊണ്ടുവന്നില്ലെങ്കിലും ആ സന്ദര്‍ശനത്തില്‍ തന്നെ രക്ഷകന്‍ സംപ്രീതനായി.
ഹോറോദോസും സംഘവും കാലമനുസരിച്ച് കോലം മാറി.
എങ്ങനേയും രക്ഷകന്റെ കള്ളക്കളി പൊളിച്ചടുക്കാന്‍ അവര്‍ തീരുമാനിച്ചു.
അതിനവര്‍ ആക്ഷേപങ്ങള്‍ രക്ഷകനെതിരെ ഉന്നയിച്ചു.
1   റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുമാനം എടുക്കേണ്ടത് ഡല്‍ഹിയിലുള്ള പീലാത്തോസ് അല്ല മോഡിയാണെന്നിരിക്കെ ഈ നാടകം എന്തിന് കോട്ടയത്ത്.
(ഡല്‍ഹിയില്‍ ഈ നാടകം കാണാന്‍ പിതാക്കന്മാര്‍ പോയിട്ട് ഒരു പട്ടിപോലും കാണില്ലെന്നറിയാനുള്ള പുത്തിയൊക്ക ഇതിന്റെ സംവിധായകനുണ്ട് കൂവേ.)
 2  റബ്ബറിന്റെ കാര്യത്തില്‍ എടുക്കാന്‍ പോകുന്ന തീരുമാനം മുന്‍കൂട്ടി അറിഞ്ഞ് നടത്തുന്ന പ്രഹസന നാടകമാണിത്.
(പാവം കേരളാ MP യുടെ നിരാഹാരത്തിന്റെ നാലാം ദിനം അങ്ങേരുടെ ആരോഗ്യത്തില്‍ കുണ്ഠിതനായ മോഡി മാര്‍ച്ച് 31 വരെ ഇറക്കുമതി നിരോധിച്ചില്ലേ ? അതുമാത്രമോ ഇക്കാലമത്രയും അധികാരത്തിലിരുന്ന അപ്പന്‍ ചെറുവിരലനക്കാത്തിടത്തല്ലേ മകനിത് സാധിച്ചത്)
 3   കേരളത്തിലേയ്ക്ക് റബ്ബര്‍ ഇറക്കുമതി നടത്ത്ുന്ന പ്രധാന കമ്പനി രക്ഷകന്റെ കുടുംബത്തിന്റെ വകയാണ്.
(തൊമ്മന്‍ വേറെ തൊപ്പിപ്പാള വേറെ. ഇവിടെ ഏത് രാഷ്ട്രീയക്കാരനാ ബിനാമി ഇടപാടില്ലാത്തത്)
 4    നാമമാത്ര ഭൂരിപക്ഷവുമായി അധികാരത്തിലേറിയ UDF ഗവര്‍മെന്റില്‍ സുപ്രധാന സ്വാധീനം ഉണ്ടായിരുന്നപ്പോള്‍ എന്തേ കര്‍ഷകരെ ഓര്‍ത്തില്ല.
(അതിപ്പോള്‍ തമിഴ്‌നാട്ടുകാരേപ്പോലെ സമ്മര്‍ദ്ദ രാഷ്ടീയം നമ്മുടെ ശൈലിയല്ലല്ലോ. )
ദേ പോയി...........രക്ഷകന്‍ ഉപവാസവും നിര്‍ത്തി സ്ഥലം വിട്ടു.
ഇനിയെന്നാ പറയാനാ......

No comments:

Post a Comment