Wednesday 13 July 2016

വെടക്ക് നിയമo

ഇന്ന് പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ഇതാണ്.
'കുട്ടികള്‍ മദ്യത്തിന് അടിമപ്പെടുന്നത് അമ്മമാര്‍ ശ്രദ്ധിക്കുന്നില്ല.' ഋഷിരാജ് സിംഗ്.
മറ്റൊരു വാര്‍ത്ത 'കുട്ടികളെ ശാരീരികമായോ മാനസികമായോ ശിക്ഷിക്കുന്ന അദ്ധ്യാപകര്‍ ജയില്‍ ശിക്ഷ അനുഭവിക്കും'
ഞാനിത് എഴുതുന്ന സമയത്ത് Sell me the answer എന്ന പ്രോഗ്രാമില്‍ ഒരു കുട്ടി പറയുന്നു 'മാതാപിതാക്കളുടെ വഴക്ക് പറച്ചില്‍ ഒഴിവാക്കാന്‍ സ്റ്റേറ്റ്‌സില്‍ പോകാനാഗ്രഹിക്കുന്നു'.
30 വര്‍ഷത്തിലേറെ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിയ വ്യക്തിയെന്ന നിലയില്‍ ഞാന്‍ പറയുന്നതിതാണ്. ഒറ്റയ്‌ക്കൊറ്റയ്ക്ക് നോക്കിയാല്‍ മര്യാദക്കാരായ കുട്ടികള്‍ പോലും സംഘം ചേരുമ്പോള്‍  വളരെ വ്യത്യസ്തരായ സ്വഭാവക്കാരായി മാറുന്നു. അമ്മമാര്‍ക്ക് എന്തിന് അപ്പന്മാര്‍ക്ക് പോലും ഈ വ്യത്യാസം മനസ്സിലാക്കാന്‍ കഴിയാറില്ല. ഇത് മനസ്സിലാകുന്ന അദ്ധ്യാപകര്‍ ഇവ്‌രെ വിളിച്ച് വഴക്ക് പറയാമെന്ന് വെച്ചാലോ രണ്ട് തല്ല് കൊടുക്കാമെന്ന് വെച്ചാലോ അത് പീഢനമാകും. അപ്പോള്‍ എന്താ സംഭവിക്കുക പോകുന്ന വഴി പോകട്ടേ എന്നവര്‍ കരുതും. കുട്ടികളെ തെറ്റു കണ്ടാല്‍ ശിക്ഷിക്കാന്‍ പാടില്ലെന്ന് ഏത് മണ്ടന്‍ കൊണാപ്പനാ നിയമം കൊണ്ടുവന്നത്. എവനൊക്കെ ശി്ക്ഷ വാങ്ങാതെ വളന്നവനാണോ. പടിഞ്ഞാറന്‍ സംസ്‌കാരത്തിന് പുറകേ പായുമ്പോള്‍ പലതും പിടിവിട്ട് പോകുമെന്നോര്‍ക്കുന്നത് നന്ന്.
മുമ്പ് എഴുതിയതെങ്കിലും ആ സംഭവം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല. അടുത്തുള്ള ഒരു സ്‌കൂളില്‍ രണ്ടാംക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ കുസൃതി കണ്ട് മടുത്ത് ടീച്ചര്‍ കയ്യിലൊന്ന് നുള്ളി. വീട്ടില്‍ എത്തിയ കുട്ടിയുടെ കയ്യില്‍ പാട് കണ്ട് കാരണവന്മാര്‍ പരാതിയുമായി സ്‌കൂളിലെത്തിയെന്ന് മാത്രമല്ല മുകളിലേക്ക് പരാതിയും അയച്ചു. എന്തിനേറെ ആ രക്ഷിതാക്കള്‍ ആ ടീച്ചറിനെക്കൊണ്ട് ആ കുട്ടിയോട് മാപ്പ് പറയിച്ചു.
ഇതുപോലുള്ള വെടക്ക് നിയമങ്ങള്‍ക്ക് കുടപിടിച്ചിട്ട് വിദ്യാര്‍ത്ഥികള്‍ വഴിതെറ്റുന്നു എന്ന് വിലപിച്ചിട്ടെന്തു കാര്യം.

No comments:

Post a Comment