Tuesday 10 January 2012

ബലേ ഭേഷ്




ഈ എഴുതുന്നതൊക്കെ സാഹിത്യത്തിന്റെ ഏതുശാഖയില്‍ വരുമെന്നെനിക്കറിയില്ല. കാരണം ഞാനൊരു സാഹിത്യകാരനോ ഭാഷാപണ്ഡിതനോ അല്ല. അക്ഷരങ്ങള്‍ കൂട്ടി വായിക്കാനും, എഴുതാനും മാത്രമറിയാവുന്ന ഒരു മലയാളി. കേരളമെന്ന് കേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളയ്ക്കത്തക്ക വികാരമൊന്നുമില്ലാത്ത മലയാളി. മലയാളിയുടെ മുഖമുദ്രയായ അഹങ്കാരവും, തിണ്ണമിടുക്കും, വലിയ വിവരവുമുണ്ടെന്ന ഭാവവുമൊക്കെ എനിക്കുമുണ്ട്.
എനിക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷ സംസാരിക്കാനറിയില്ലാത്തതുകൊണ്ട് മലയാളം സംസാരിക്കുന്നുവെന്നേയുള്ളു. ഞാന്‍ പണ്ടേ മണ്ടനാണ്. എന്നാലും സാംസ്‌കാരിക കേരളമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്നുമൊക്കെ വിളിച്ച് നമ്മളെ കളിയാക്കുന്നത് മനസ്സിലാക്കാനുള്ള വിവരമൊക്കെയുണ്ട്.
കുരച്ചാല്‍ പടി തുറക്കില്ലെന്നറിയുന്നൊരു പട്ടിയാണ് ഞാന്‍. 'പിന്നെന്തിനു കുരയ്ക്കുന്നു?' നിങ്ങള്‍ ചോദിക്കും. പക്ഷേ അതെങ്ങിനെ........ പട്ടിയുടെ വേഷം കെട്ടിയാല്‍ കുരയ്ക്കണമെന്നല്ലേ പ്രമാണം. അല്ലെങ്കില്‍തന്നെ കുരക്കുന്ന പട്ടിക്ക് കള്ളനോടോ വീട്ടില്‍ വരുന്നവരോടോ വ്യക്തിപരമായ വൈരാഗ്യം വല്ലതുമുണ്ടോ? ഒന്നുമില്ല. ജനാധിപത്യവും ഇതുപോലെയാണ്. ഭരണപക്ഷം പ്രതിപക്ഷത്തെ നോക്കിയും പ്രതിപക്ഷം ഭരണപക്ഷത്തെ നോക്കിയും കുരയ്ക്കുന്നു.
നമ്മുടെ രാജ്യത്ത് ജനാധിപത്യമാണെന്നാണ് സ്‌കൂള്‍ ക്ലാസ്സില്‍വെച്ച് വര്‍ക്കിസാര്‍ പറഞ്ഞു തന്നിട്ടുള്ളത്. അന്ന് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാകുന്ന പ്രായമല്ലല്ലോ. ഇന്ന് കുട്ടികളങ്ങനെയല്ല.
പ്രസ്സ് എങ്ങിനെയാണ് ജനാധിപത്യത്തിന്റെ നാലാമത്തെ സ്തംഭമാകുന്നതെന്ന് ഞങ്ങളെ പറഞ്ഞ് മനസ്സിലാക്കാന്‍ സാര്‍ ഒത്തിരി ശ്രമിച്ചു. പക്ഷേ അന്നെനിക്കൊന്നും മനസ്സിലായില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം എന്റെ ഇളയകുട്ടി പത്രം വായിച്ചിട്ട് എന്നോടൊരു ചോദ്യം ''പപ്പാ എന്താ ഈ തന്ത്രി മോഡല്‍ ആക്രമണം.' പത്രം വായിച്ചപ്പോള്‍ കണ്ടത് ലോക്കല്‍ പേജിലെ ഒരു വാര്‍ത്തയാണ്. ഞങ്ങളുടെ അടുത്ത സ്ഥലത്ത് നടന്ന സംഭവം. രണ്ടാഴ്ച മുമ്പ് ചോദിച്ച ചോദ്യത്തിന് മറുപടി ഇതുവരെ പറഞ്ഞിട്ടില്ല. ചോദ്യം ഇതാണ് ''പപ്പാ ആ സ്ത്രീയെ മന്ത്രി എന്തു ചെയ്‌തെന്നാ പറയുന്നത്''?
ഭീകരാക്രമണങ്ങള്‍ നടക്കുമ്പോള്‍ ചില പത്രങ്ങള്‍ നല്‍കുന്ന ഇലസ്‌ട്രേഷന്‍ പോലെ ഓരോന്ന് ഇത്തരം സംഭവങ്ങള്‍ക്കും നല്‍കാന്‍ എന്തിനാണ് പത്രക്കാരേ നിങ്ങള്‍ മടിച്ച് നില്‍ക്കുന്നത്?
എന്നേപ്പോലുള്ള അപ്പന്മാരെ നോക്കി പിള്ളേരെക്കൊണ്ട് ''ഈ പപ്പായ്ക്ക് ഒന്നുമറിയില്ല'' എന്നു പറയിക്കാനോ.
കുറ്റപ്പെടുത്തുകയാണെന്ന് കരുതരുത് കേട്ടോ. നിങ്ങള്‍ ഈ മേഖലയില്‍ ഇനിയും കൂടുതല്‍ സംഭാവനകള്‍ രാജ്യത്തിനും വളര്‍ന്നുവരുന്ന തലമുറയ്ക്കും ചെയ്യാനാകും. ഞാന്‍ ദിവസവും 3രൂ. 50 സ പത്രത്തിന് മുടക്കുന്നത് വിവരങ്ങളറിയുന്നതിനല്ല. കാരണം വിവരങ്ങളൊന്നും ഇല്ലല്ലോ. പിന്നെ കുറഞ്ഞ ചെലവില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസവുമാകാമല്ലോഎന്ന് വിചാരിച്ചാണ്. അതുകൊണ്ട് കഴിയുമെങ്കില്‍ പീഢനവാര്‍ത്തകള്‍ എട്ടുകോളവും പതിനാറു കോളവും ഒക്കെ കൊടുക്കുമ്പോള്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ ഇലസ്‌ട്രേഷനുകളും കഴിയുമെങ്കില്‍ നല്ല ഫോട്ടോകളും-ഇരയായവരുടേതാകണമില്ല-ഇടാന്‍ ശ്രമിക്കണം.
ദോഷം പറയരുതല്ലോ, നമ്മുടെ ഭരണകര്‍ത്താക്കളുടെ ബുദ്ധി വൈഭവത്തില്‍ എനിക്കഭിമാനമുണ്ട്. മദ്യനിരോധനം, പുകവലി നിരോധനം, വേശ്യാവൃത്തി നിരോധനം, കഞ്ചാവ് നിരോധനം, എന്നു വേണ്ട ഈ ഭൂമി മലയാളത്തില്‍ നിരോധനമില്ലാത്ത ഒന്ന് 'നിരോധ്' മാത്രമാണെന്ന് തോന്നിപ്പോകും. ഇതില്‍ ഭരണകര്‍ത്താക്കളുടെ ബുദ്ധിയുടെ പ്രസക്തി മനസ്സിലായില്ലെന്നോ? കഷ്ടം!
ചെറുപ്പത്തില്‍ എന്റെ അപ്പന്‍ കാണാതെ പാത്തും പതുങ്ങിയും ഞാന്‍ പുക വലിച്ചിരുന്നു. അന്നത്തെ വലിയില്‍ നിന്ന് എനിക്ക് കിട്ടിയിരുന്നതിന്റെ പകുതി സംതൃപ്തിപോലും ഇന്ന് പുകവലിക്കുമ്പോള്‍ കിട്ടുന്നില്ല. അതുപോലെ അന്ന് വീട്ടിലറിയാതെ പനയ്ക്കപ്പാലം ഷാപ്പില്‍ കയറി ഒരുകുപ്പി കള്ളുകുടിക്കുമ്പോള്‍ കിട്ടിയിരുന്ന സുഖം ഇന്ന് ഒരു 'ഫുള്‍' അകത്താക്കിയാലും കിട്ടുന്നില്ല. എന്തുകൊണ്ട്?
നിരോധനം ഉള്ളത് ചെയ്യുമ്പോള്‍ ഒരാള്‍ക്ക് കിട്ടുന്ന സംതൃപതിയുടെ തോത് വര്‍ദ്ധിച്ചിരിക്കും. ഇപ്പോള്‍ മനസ്സിലാകുന്നുണ്ടോ നിരോധനങ്ങളുടെ പ്രസക്തി. ജനങ്ങള്‍ക്ക് അധികസുഖം ലഭ്യമാകുന്നതോടൊപ്പം ഇതിനൊരു സാമ്പത്തിക ശാസ്ത്രവുമില്ലേ? ഉണ്ടെന്നാണ് മണ്ടനായ എനിക്കുപോലും തോന്നുന്നത്. ഈ സാമ്പത്തികശാസ്ത്രം ഞാന്‍ പഠിച്ചത് പാഠപുസ്തകത്തില്‍ നിന്നല്ല. നാട്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നാണ്. സംഭവം വിവരിക്കാം. മുഹമ്മദ്, വയസ്സ് 60 സ്വന്തമായി മുറുക്കാന്‍ കടയുണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും ബീഡി വലിക്കണമെന്ന് നിര്‍ബന്ധമാണ് മുഹമ്മദിന്. സ്വന്തം കടയിലിരുന്നേ വലിക്കൂ. ഒരു ദിവസം 11 മണി യോടെ രണ്ടുപോലീസുകാര്‍ അയാളുടെ കടയിലെത്തുന്നു. പല പോലീസേമ്മാന്മാരും അവിടെനിന്ന് സിഗരറ്റ് വാങ്ങി ഒതുങ്ങി നിന്ന് വലിക്കാറുണ്ട്. ഇവരും അങ്ങനെ വന്നതാണെന്നേ കരുതിയുള്ളു. പക്ഷേ അവര്‍ വന്നപാടേ പേര് ചോദിച്ച് കുറിച്ചെടുത്തു. അപ്പോഴും അയാളുടെ ചുണ്ടില്‍ ഒരു ബീഡി എരിഞ്ഞിരുന്നു.
ദിവസങ്ങള്‍ക്കുശേഷം മുഹമ്മദിന്റെ തടയില്‍ ഒരു സമന്‍സ് എത്തി. കോടതിയില്‍ ഹാജരാകണം. പുകവലിച്ചതിനുള്ള കേസാണെന്ന് മനസ്സിലായി.
നിശ്ചിതസമയം കോടതിയില്‍ ഹാജരായ മുഹമ്മദിന്റെ കേസ് വിളിച്ചു. കുറ്റപത്രം വായിച്ചു. അന്നേദിവസം രാവിലെ 11 മണിസമയത്ത് കുടിച്ച് മദോന്മത്തനായി ആ കവലയില്‍ ആഭാസനൃത്തമാടി എന്നായിരുന്നു. കുറ്റപത്രത്തിന്റെ ചുരുക്കം. അത് കേട്ട് മുഹമ്മദിന്റെ കണ്ണ് തള്ളി. ഇക്കാലത്തിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം മദ്യപിച്ചിട്ടില്ല. മജിസ്‌ട്രേറ്റ് ചോദിച്ചു. ''നിങ്ങള്‍ കുറ്റം ചെയ്തതാണോ''? ''അതേ'' മുഹമ്മദ് മറുപടി നല്‍കി. ശിക്ഷ 400 രൂപ. പിഴയൊടുക്കി പാവം തിരികെ പോന്നു.
അന്ന് വൈകിട്ട് കടയില്‍ വെച്ച് ഞാന്‍ കാണുമ്പോഴും ചുണ്ടില്‍ ഒരു ബീഡി പുകഞ്ഞിരുന്നു. ''നിങ്ങള്‍ എന്തിന് ചെയ്യാത്ത കുറ്റം സമ്മതിച്ചു?'' ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു '' എന്റെ മോനേ ഞാനതു സമ്മതിച്ചുകൊണ്ട് 400 രൂപയില്‍ കേസ് തീര്‍ന്നു. ഇല്ലെങ്കില്‍ ഞാന്‍ റിമാന്റില്‍, പിന്നെ എനിക്കു വേണ്ടി കേസ് വാദിക്കാന്‍ ഒരു വക്കീല്‍, നീണ്ട കേസവധികള്‍, അന്വേഷണത്തിന് വരുന്ന ഏമാന്മാര്‍. ആകെ പൊല്ലാപ്പാകും.''
അങ്ങനെയാണ് ആ സാമ്പത്തികശാസ്ത്രം എനിക്ക് മനസ്സിലായത്. ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഭരണകര്‍ത്താക്കളെയാണ് ഓരോ വിവരദോഷികള്‍ കുറ്റം പറയുന്നത്. ഭരണകക്ഷിയായിരിക്കുമ്പോള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ തന്നെ അവര്‍ പ്രതി്പക്ഷത്തായിരിക്കുമ്പോള്‍ സമരകാരണമാകും അതുപോലെ പ്രതിപക്ഷത്തിരുന്ന് എന്തിനെതിരെ സമരം ചെയ്‌തോ അവയ്‌ക്കൊക്കെ വേണ്ടിത്തന്നേ ഭരണപക്ഷത്താകുമ്പോള്‍ നിയമനിര്‍മ്മാണം നടത്തും. എങ്കിലും ഞാനവരെ കുറ്റം പറയുന്നില്ല. കാരണം അവര് പൊതുവെ പൊങ്ങുന്ന വെള്ളത്തിന് മുകളില്‍ നില്ക്കുന്നവരാണ്.
എന്നാല്‍ തന്ത്രിമാരുടെയും പിതാക്കന്മാരുടെയും കാര്യമങ്ങനെയല്ലല്ലോ.... എനിക്കവരോട് പണ്ട് മുതലേ ഭയങ്കര സഹതാപമാണ്. മനുഷ്യന്റെ ആത്മാവിനെ രക്ഷിക്കാന്‍ അവരെന്ത് പാടാപെടുന്നത്. ഒറ്റയൊരുത്തനുമില്ല രക്ഷപെടണമെന്ന വിചാരം. എന്നുകരുതി അവരെയൊക്കെ ഉപേക്ഷിക്കാന്‍ പറ്റുമോ. നിന്നെയൊക്കെ രക്ഷപെടുത്തിയിട്ടേയുള്ളു എന്നവര്‍ക്കും വാശി.
ഞങ്ങളുടെ നാട്ടിലൊരു സാറുണ്ട്. സ്‌കൂള്‍ മാഷാണ്. ഭയങ്കര കര്‍ശനക്കാരന്‍. മക്കളോടുപോലും ഒരു വിട്ടുവീഴ്ചയുമുല്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം തല്ല്. വിരോധം കൊണ്ടൊന്നുമല്ല. മക്കള്‍ നന്നാകാനാണ്. പണ്ടൊക്കെ തല്ല് മാത്രമേയുള്ളു. തലോടലില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ മക്കള്‍ക്കും വാശി. എന്നാല്‍ അപ്പനൊന്ന് നന്നാക്ക് എന്നായി. കൊഴയും കുറ്റിയും പറിഞ്ഞ് മക്കള്‍ നടന്നു തുടങ്ങി. ആരാണുത്തരവാദി? അധികമായാല്‍ അമൃതം വിഷം. എന്ന് കേട്ടിട്ടുള്ള ചൊല്ലിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാക്കിത്തന്നത് ഈ മാഷാണ്.
ഇതുപോലെ ഒരനുഭവമാണ് ചാക്കോസാര്‍ എന്നോട് പറഞ്ഞത്. ഞങ്ങളുടെ പട്ടണത്തില്‍ ഒരു ട്യൂട്ടോറിയല്‍ നടത്തുകയാണ് അദ്ദേഹം. ചെറുപ്രായത്തില്‍ തുടങ്ങിയതാണ്. ആദ്യമൊക്കെ കുട്ടികളോട് എന്തൊരു സ്ട്രിക്ട് ആയിരുന്നെന്നോ. എങ്ങനേയും പഠിപ്പിച്ച് എല്ലാവരേയും ജയിപ്പിക്കണമെന്ന ഒരു ചിന്ത മാത്രം. ചോദ്യം, ഇംപോസിഷന്‍, രക്ഷകര്‍ത്താവിനെ വിളിപ്പിക്കല്‍, പ്രോഗ്രസ് റിപ്പോര്‍ട്ട്, ഇറക്കിവിടല്‍ എന്നുവേണ്ട ആകെ ബഹളമയം. ഫലമോ? ആവറേജിന് മുകളിലുള്ള കുട്ടികള്‍ പോലും ഉഴപ്പിത്തുടങ്ങി. ''എന്നാല്‍ താനൊന്ന് പഠിപ്പീര്'' എന്ന ഭാവമായി.
അദ്ദേഹത്തിന് കാര്യത്തിന്റെ ഗൗരവം പെട്ടെന്ന് മനസ്സിലായതിനാല്‍ നയം മാറ്റി. ശാന്തനായി കുട്ടികളോട് സ്‌നേഹപൂര്‍വ്വം പെരുമാറി. സ്ഥാപനത്തിന്റെ റിസള്‍ട്ട് മോശമാകാതിരിക്കാനായെങ്കിലും ഒന്ന് പഠിച്ച് സഹായിക്ക് എന്ന നിലപാടെടുത്തു. ഫലം അത്ഭുതകരമായിരുന്നുവെന്നദ്ദേഹം പറഞ്ഞു. ആദ്യകാലത്തേക്കാള്‍ വളരെ മെച്ചപ്പെട്ട റിസള്‍ട്ട് എല്ലാവര്‍ക്കും സന്തോഷം.
അതുകൊണ്ട് എന്റെ മണ്ടന്‍ ബുദ്ധിയില്‍ തോന്നിയ ഒരു പൊട്ടവിദ്യ പറയുമ്പോള്‍ ആരും പിണങ്ങരുതേ. കുറേക്കാലമായില്ലേ നിങ്ങളീ ആത്മാക്കളെ രക്ഷിക്കാന്‍ കൈകാലിട്ടടിക്കുന്നു. മനുഷ്യന്റെ സൈ്വര്യവും സമാധാനവും നശിപ്പിക്കുന്നു. ഇനി കുറച്ചൊന്നടങ്ങിയിരുന്നേ എന്തു സംഭവിക്കുമെന്നറിയാമല്ലോ.
കേട്ടിട്ടില്ലേ ഒരു പൂവന്‍കോഴിയുടെ ഉടമയായിരുന്ന അമ്മൂമ്മയുടെ കഥ. തന്റെ കോഴി കൂവുന്നതുകൊണ്ടാണ് നേരം പുലരുന്നതെന്ന് ധരിച്ച അമ്മൂമ്മ, അയല്‍വാസിയുമായി പിണങ്ങിയപ്പോള്‍ നേരം പുലരാതിരിക്കാന്‍ കോഴിയുമായി നാടുവിട്ട കഥ.
എന്റെ മണ്ടന്‍ ബുദ്ധിയേ.....''എന്റെ രാജ്യം ഐഹികമല്ല'' എന്നു പറഞ്ഞ യേശുവിന്റെ ശിഷ്യന്മാര്‍ സമ്പാദിച്ചു വെച്ചിരിക്കുന്ന ഐഹികസ്വത്തെല്ലാം എവിടെ ഉപേക്ഷിച്ചുപോകും.
ഇതൊക്കെ വായിച്ച് ഞാനൊരു ദോഷൈകദൃക്കാണെന്ന് മാത്രം പറയല്ലേ. അത്തരക്കാരനായിരുന്നെങ്കില്‍ സി.പി.എം. മന്ത്രിമാര്‍ മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ലക്ഷങ്ങള് ചെലവിട്ടതിനെപ്പറ്റി ഞാന്‍ ദോഷം പറയുമായിരുന്നില്ലേ.
ഒരു മണ്ടനാണെന്ന് കരുതി അത്തരം മണ്ടത്തരമൊന്നും ഞാന്‍ കാണിക്കില്ല. കാലം മാറുമ്പോള്‍ കോലവും മാറണ്ടേ. ഈ നാട്ടില്‍ സോഷ്യലിസം കൊണ്ടുവരാന്‍ എത്ര കാലമായി പട്ടിണിയും പരിവട്ടവുമായി പണിയെടുക്കുന്നവരാണിവര്‍. ഇനിയെയങ്കിലും യാഥാര്‍ത്ഥ്യ ബോധം ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഇപ്പോള്‍ കുറ്റം പറയുന്ന അസൂയക്കാര്‍ തന്നെ ഇവരെ മണ്ടന്മാരെന്ന് വിളിക്കില്ലേ?
അതു മാത്രമോ വെറും അഞ്ചു വര്‍ഷമേ ഈ സൗകര്യങ്ങളൊക്കെ ഇവര്‍ക്കു കിട്ടു എന്ന യാഥാര്‍ത്ഥ്യം എന്തേ ഈ അസൂയക്കാര്‍ മറക്കുന്നു. നമ്മുടെ ബിഷപ്പുമാരെപ്പോലെ ആജീവനാന്തം കൊട്ടാരത്തില്‍ കഴിയാന്‍ പറ്റുമോ?

ഇതാണ് കാര്യങ്ങളെ പോസിറ്റീവ് ആയി കാണണമെന്ന് പറയുന്നത്

No comments:

Post a Comment